ദൈവവും ഫിലോസഫിയും
=========================

ദൈവാസ്തിത്വം, ഏകത്വം സ്ഥാപിക്കാൻ പ്രവാചകന്മാർ, വേദങ്ങൾ, ആദ്യകാല ഇമാമുകൾ ഫിലോസഫിയെ ആശ്രയിച്ചിരുന്നോ?

ദുന്നൂനിൽ മിസ്‌രി റഹി യോട് ചോദിച്ചു: ”താങ്കളുടെ റബ്ബിനെ താങ്കൾ എങ്ങനെ അറിഞ്ഞു?”: അദ്ദേഹം പറഞ്ഞു:
عرفت ربي بربي ولولا ربي ما عرفت ربي
“ഞാനെന്റെ റബ്ബിനെ അറിഞ്ഞത് റബ്ബിലൂടെത്തന്നെയാണ്. റബ്ബില്ലായിരുന്നെങ്കിൽ ഞാൻ റബ്ബിനെ അറിയില്ലായിരുന്നു”.

മഹാ ഗുരു ഇബ്നു അത്വാഇല്ലാഹി സ്സികന്ദരി റഹി യുടെ പ്രസിദ്ധ വചനം വായിക്കാം:
إلهي ! كيف يستدل عليك بما هو في وجوده مفتقر إليك ؟ أيكون لغيرك من الظهور ما ليس لك , حتى يكون هو المظهر لك ؟ متى غبت حتى تحتاج إلى دليل يدل عليك ؟ ومتى بعدت حتى تكون الأثار هي الموصلة إليك ؟

“ദൈവമേ, നിന്നെ ആശ്രയിച്ച് നിലകൊള്ളുന്ന അസ്തിത്വങ്ങൾ, നിന്റെ അസ്തിത്വത്തിന് എങ്ങനെ തെളിവായി എടുക്കും? നിനയ്ക്കില്ലാത്ത ഒരു പ്രത്യക്ഷത നീയല്ലാത്തവർക്കുണ്ടാകുമോ, ആ പ്രത്യക്ഷത നിന്നെ പ്രത്യക്ഷപ്പെടുത്തുന്നതായിത്തീരത്തക്കവണ്ണം? നിന്നെ കാണിച്ചുതരുന്ന ഒരു തെളിവിന്റെ ആവശ്യം ഉണ്ടാകത്തക്കവണ്ണം നീ എന്നാണ് മറഞ്ഞത്, എത്തിച്ചുതരുന്ന അടയാളങ്ങൾ വേണ്ടിവരുന്നവിധം നീ എന്നാണ് അകന്നത്?!”

ടോർച്ച് ആവശ്യമാകുന്നത് തിരയുന്ന വസ്തുവിൽ വെളിച്ചം ഇല്ലാതാകുമ്പോഴാണ്; സ്വയം തിളങ്ങുന്ന മുത്ത് എവിടെക്കിടക്കുന്നു എന്ന് തിരയാൻ ഇരുട്ടത്ത് ഒരു ചൂട്ടിന്റെ ആവശ്യമുണ്ടോ? എന്നാണ് സിക്കന്ദരി ചോദിക്കുന്നത്.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ റഹി യുടെ ചോദ്യവും ഇതേ ശൈലിയിലായിരുന്നു :
كيف تطلب الدليل على من هو دليل على كل شيئ
“സർവ്വകാര്യങ്ങൾക്കും തെളിവായവനെ തെളിയിക്കാൻ തെളിവ് തെരയുകയോ?!”

തെളിവ് ആവശ്യമാണെങ്കിൽ
===========================

എന്നാൽ, തെളിവ് തിരയുന്ന അല്പബുദ്ധികൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്; ചിലർ ഫിലോസഫിയിലേ ഇതിനുള്ള ഉത്തരമുള്ളൂ എന്ന് മനസ്സിലുറപ്പിച്ചവരായിരുന്നു. വേദങ്ങളും പ്രവാചകന്മാരും ദൈവാസ്തിത്വത്തിന് തെളിവ് ചോദിച്ച അതാതുകാലത്തെ അല്പബുദ്ധികൾക്ക് വഴികാണിച്ചത് ഫിലോസഫിയെ കൂട്ടുപിടിച്ചായിരുന്നില്ല. ഇമാം ശാഫിഈ റഹി യുടെ നിലപാട് പരിശോധിക്കാം.

കലാമീ ഫിലോസഫറായിരുന്ന ബിശ്ർ അൽമിർരീസിയുമായി ഇമാമുനശ്ശാഫിഈ റഹി നടത്തിയ പ്രസിദ്ധമായ ഒരു ലഘു സംവാദമുണ്ട്. ദൈവാസ്തിത്വം, ഏകത്വം തെളിയിക്കാൻ ഫിലോസഫിയുടെയോ കലാം ചർച്ചകളുടെയോ ആവശ്യമില്ലെന്നും അത് ബിദ്അത്താണെന്നും വിശ്വസിച്ചിരുന്ന ഇമാം ശാഫിഈയെ, തൻ്റെ ഫിലോസഫികൽ മിടുക്കുകൊണ്ട് നിഷ്പ്രഭമാക്കാമെന്നായിരുന്നു ബിശ്ർ വ്യാമോഹിച്ചത്. ഹാറൂൻ റശീദ് ചക്രവർത്തിയുടെ മുമ്പാകെ, ഇമാമിന്റെ നിലപാടിനെ ഇടിച്ചുതാഴ്ത്താനുള്ള അവസരമായാണ് ബിശ്ർ ഇമാമുമായി സംവദിക്കുന്നത്. (അബൂ നുഐം/ ഹിൽയ, ബൈഹഖി/ മനാഖിബ്, റാസി/ മനാഖിബ്)

ബിശ്ർ ചോദിച്ചു: ‘താങ്കൾ പറയൂ, അല്ലാഹു ഏകനാണെന്നതിന് എന്താണ് ദലീൽ?”
ഇമാം ശാഫിഈ പ്രതികരിച്ചു: “ബിശ്റേ, താങ്കൾക്ക് (لسان الخواص ) ‘അഹ്ലുസ്സുന്നത്തി വൽ അസർ’ എന്തുപറയുന്നു എന്നതിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല. അതിനാൽ, ആ ഭാഷയിൽ താങ്കളോട് സംസാരിക്കുന്നില്ല. താങ്കളുടെ നിലവാരമനുസരിച്ചുള്ള ഒരു മറുപടി പറയുകയല്ലാതെ എനിക്ക് മറ്റു വഴിയില്ല”. എന്ന് പറഞ്ഞുകൊണ്ട് ഇമാം ഏകദൈവാസ്തിത്വത്തിനുള്ള രണ്ട് തെളിവുകളിലേക്ക് കടന്നു:

الدليل عليه به ومنه وإليه واختلاف الأصوات من المصوت إذا كان المحرك واحدا واختلاف الصور دليل على أنه واحد , وعدم الضد في الكل على الدوام دليل على أنه واحد , وأربع نيران مختلفات في جسد واحد متفقات الدوام على تركيبه في استقامة الشكل دليل على أن الله تعالى واحد وأربع طبائع مختلفات في الخافقين أضداد غير أشكال مؤلفات على صلاح الأحوال دليل على أن الله واحد .. ,

“അവന്നുള്ള തെളിവ് അവൻ തന്നെയാണ്; അവനിൽ നിന്നുള്ളതാണ്; അവനിലേക്കുള്ളതാണ് ; ഓരോ മനുഷ്യനിലേയും ശബ്ദോപകരണങ്ങൾ സമാനമാണെങ്കിൽ പോലും ഓരോരുത്തരുടേയും ശബ്ദം വിഭിന്നമായിരിക്കുന്നതും വിഭിന്ന രൂപങ്ങൾ ഉണ്ടായതും അവൻ ഏകനാണെന്നതിന് തെളിവാകുന്നു (സൂചന : സൂറ റൂം 22). മനുഷ്യന്റെ ജന്മവും പ്രവർത്തനവും എന്നും മാറ്റങ്ങളില്ലാതെ തുടരുന്നുവെങ്കിലും മനുഷ്യന്റെ പൊതു സ്വഭാവത്തിലൊരിക്കലും വിപരീതാവസ്ഥ കാണുന്നില്ലെന്നതും അവൻ ഒരുവനാണെന്നതിന് തെളിവാണ്. ഒരു ശരീരത്തിൽ തന്നെ നാല് വിരുദ്ധ അഗ്നിഗുണങ്ങൾ (കാമ, ക്രോധ, ദഹന, പ്രത്യുല്പാദന) ഒത്തൊരുമയോടെ പ്രവർത്തിക്കുന്നുവെന്നത് അവൻ ഏകനാണെന്നതിന് തെളിവാകുന്നു; (ഭൂമി, ജലം, വായു, അഗ്നി എന്നീ )നാലു വിഭിന്ന പ്രകൃതമുള്ള വസ്തുക്കളാൽ രൂപപ്പെട്ട മനുഷ്യശരീരത്തിൽ അവയെല്ലാം സംഘട്ടനങ്ങളില്ലാതെ ശാരീരിക പ്രവർത്തനത്തിൽ സഹകരിച്ചു നിലകൊള്ളുന്നത് അല്ലാഹു ഏകനാണെന്നതിനുള്ള തെളിവാകുന്നു.”.. ശേഷം സൂറ അൽബഖറയിലെ സൂക്തം 163 ഇമാം ഓതിക്കൊടുക്കുന്നു. “നിശ്ചയം, ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്…. ചിന്തിക്കുന്ന ജനങ്ങൾക്കിവയിൽ ഏകദൈവത്തിലേക്കുള്ള വഴികാട്ടിയുണ്ട്”

മറുത്തൊന്നും പറയാനില്ലാതിരുന്ന ബിശ്ർ വീണ്ടും ചോദിച്ചു: മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാകുന്നുവെന്നതിനുള്ള തെളിവെന്ത്? ” ഇമാം മറുപടി പറഞ്ഞു: അവതീർണമായ ഖുർആൻ തന്നെ; അദ്ദേഹത്തെ അറിയുന്ന സമകാലിക ജനതയുടെ സമവായവും. അവരിൽ നിന്നും പ്രകടമായ അസാധാരണ സംഭവങ്ങളും…. ”

അല്ലാഹുവിന്റെ കലാം, അവൻ്റെ സൃഷ്ടിപ്പിലെ സാധാരണ അത്ഭുതങ്ങൾ, അസാധാരണ സംഭവങ്ങൾ എന്നീ തെളിവുകളിലൂടെയാണ് ഇമാം ശാഫി സമകാലികമായ കലാമീ ഫിലോസഫറോട് സംസാരിക്കുന്നത്. അല്ലാഹുവിനെ അല്ലാഹുവിൽ നിന്നുതന്നെ മനസിലാക്കുക എന്നതാണ് പ്രഥമം. അവൻ്റെ സൃഷ്ടികളിലേക്ക് നോക്കലാണ് രണ്ടാമത്തെ വഴി. ഖുർആനിൽ ഇവ രണ്ടും അവനെ അടയാളപ്പെടുത്തുന്ന, അവനിലേക്ക് നയിക്കുന്ന ‘ആയാത്ത്’ ആണ്. അവൻ ആയത്തായി സമർപ്പിച്ചിട്ടുള്ളതെന്തോ അവതന്നെയാണ് അവനിലേക്കുള്ള ആയത്തുകൾ/ ദൃഷ്ടാന്തങ്ങൾ. ഒന്നാമത്തേത്- ഖുർആൻ- വിദ്വാന്മാരെ സംതൃപ്തിപ്പെടുത്താൻ എമ്പാടും മതിയായതാണ്; രണ്ടാമത്തേത്- പ്രപഞ്ചം- സാർവ്വലൗകികമാണ്; സാർവ്വമാനുഷികവും. സ്വശരീരത്തിൽ നിന്നും ഏകദൈവത്തിലേക്ക് എത്താൻ കഴിയുന്ന സന്മാർഗ്ഗ ദർശന പ്രബോധനം സകല വ്യക്തികളിലും സാധ്യവും പ്രായോഗികവുമാണ്; സൃഷ്ടി പ്രപഞ്ചത്തിലെ ചേതന നിറഞ്ഞതും ചേതനയില്ലാത്തതും ദൃശ്യ പരിധിയിലുള്ളതും അതിനപ്പുറമുള്ളതുമെല്ലാം കൂടുതൽ അറിവിലേക്കായി അവൻ്റെ പരിശോധനയിൽ കടന്നുവരാവുന്നതുമാണ്. സൃഷ്ടികളിൽ ആദ്യപരിശോധന സ്വന്തം ശരീരത്തിലേക്ക് തന്നെയാണ് വേണ്ടതെന്ന് ഉണർത്തിക്കൊണ്ടാണ് പ്രഥമ സൂക്തം അവതരിക്കുന്നത്: “സൃഷ്ടിച്ച നാഥന്റെ നാമത്തിൽ; അലഖിൽ നിന്നും മനുഷ്യനെ പടച്ചവന്റെ…”

ഗസ്സയിലേക്കുള്ള യാത്രാ മദ്ധ്യേ, ഇമാം ശാഫിഈയോട് പതിനേഴ് ‘എമുക്കൾ’ (സിന്ദീഖ്) അടങ്ങുന്ന ഒരു സംഘം ചോദിച്ചു: “സ്രഷ്ടാവുണ്ടെന്നതിനുള്ള തെളിവെന്താണ്?” ഇമാം ചോദിച്ചു: “തൃപ്തികരമായ തെളിവ് തന്നാൽ നിങ്ങൾ വിശ്വസിക്കുമോ?’. അവർ ‘അതെ’ പറഞ്ഞു. ഇമാം പറഞ്ഞു: “ബെറി ഇലയുടെ രുചിയും നിറവും മണവും ഒന്നാണ്. ആ ഇല ഭക്ഷിക്കുന്ന പട്ടുനൂൽ പുഴു വിസർജ്ജിക്കുന്നത് സിൽക്ക് നാര്; അതേയില ഭക്ഷിക്കുന്ന തേനീച്ച വിസർജ്ജിക്കുന്നത് തേൻ; ആ ഇല ഭക്ഷിക്കുന്നത് ആട് പുറന്തള്ളുന്നത് ആട്ടിൻ കാട്ടം. മൂവരും കഴിച്ചത് ഒരേ വസ്തു. ബെറി ലീഫ് കഴിച്ചാൽ ഉണ്ടാകുക …….ആണെന്ന പൊതുനിയമം നിങ്ങൾക്ക് പറയാൻ ഉണ്ടെങ്കിൽ അതായിരുന്നു പുഴുവും തേനീച്ചയും ആടും തരേണ്ടിയിരുന്നത്. കാരണം വസ്തു ഒന്നാണ്; ഫലവും ഒന്നാകണം; വിഭിന്നവും പരസ്പര പൊരുത്തമില്ലാത്തതുമായ ഫലം ഉണ്ടാകാൻ പാടില്ല.നോക്കൂ, എങ്ങനെയാണ് അവസ്ഥകൾ വ്യത്യസ്തമായത്? സർവ്വജ്ഞനും സർവ്വശക്തനുമായ ഒരു സ്രഷ്ടാവാണ് അവസ്ഥകൾ വ്യത്യസ്‍തമാകുന്നതും പലേടത്തും പലതായി ഫലിപ്പിക്കുന്നതുമെന്നാണ് ഞാനതിൽ നിന്നും മനസിലാക്കുന്നത്.” ചോദ്യകർത്താക്കൾ വാക്കുപാലിച്ചു, ദൈവ ബോധ്യത്തിലേക്ക് അവർ തിരിച്ചുവന്നു. (അവർ ജബ്ബാർ ടീച്ചർ ആയിരുന്നില്ല, വാക്ക് ലംഘിക്കാൻ). (ഖസ്‌വീനി\ മുഫീദുൽ ഉലൂം 25 )

ഇമാം ശാഫിഈ റഹി പറയുന്നു: “ഞാനൊരു കോട്ട കണ്ടു; എവിടെയും വിടവുകളില്ല. പുറം ഒറ്റനോട്ടത്തിൽ വെള്ളിപോലെ; അകമോ സ്വർണ്ണം പോലെയും. അതിൻ്റെ ചുറ്റുമതിൽ മിനുസമാർന്നതും സുഭദ്രവുമാണ്; ആർക്കും അകത്ത് കടക്കാൻ കഴിയില്ല. എൻ്റെ നിരീക്ഷണം തുടർന്നു; അപ്പോഴതാ, ആ ചുറ്റുമതിൽ തകർത്ത് കൊട്ടാരത്തിനുള്ളിൽ നിന്നും കേൾവിയും കാഴ്ചയും ശബ്ദവുമുള്ള ഒരു ജീവി പുറത്തുവരുന്നു. പ്രകൃതിക്ക് സ്വന്തമായി അങ്ങനെ ഒരു ജീവിയെ അകത്തു വളർത്താനും, പിന്നീടതിനെ പുറത്തുകൊണ്ടുവരാനും കഴിയുക അസാധ്യമെന്ന് ഞാൻ തിരിച്ചറിഞ്ഞു; എങ്കിൽ, സർവ്വജ്ഞനും തന്ത്രജ്ഞനുമായ ഒരു സ്രഷ്ടാവിന്റെ വേലയാണതെന്ന് എനിക്ക് ബോധ്യമായി. മുട്ടയാണ് കോട്ട; കോഴിക്കുഞ്ഞാണ് ജീവി. (ഖസ്‌വീനി\ മുഫീദുൽ ഉലൂം 25 ; സമാനമായ പ്രസ്താവന ഇമാം അഹ്മദിനെക്കുറിച്ച് അല്ലാമാ ബുലൈഹി ‘അഖീദത്തുൽ മുസ്‌ലിമീൻ’ ൽ ഉദ്ധരിക്കുന്നു).

ഇമാം ശാഫിഈയുടെ പ്രസിദ്ധമായ ഈരടികളിൽ ഇങ്ങനെ കാണാം:

فيا عجبا كيف يعص الإله
أم كيف يجحده الجاهل
ولله في كل تحريكة
وتسكينة أبدا شاهد
وفي كل شيئ له أية
تدل على أنه واحد

അത്ഭുതം! ദൈവത്തെ ധിക്കരിക്കന്നവൻ
അജ്ഞനാണവൻ ദൈവത്തെ തള്ളുവോൻ
ഏകദൈവത്തിൻ സാക്ഷിയാണോരോ
ചലനനിശ്ചലനങ്ങളീ പ്രപഞ്ചത്തിലഖിലവും
സർവ്വത്രവസ്തുക്കൾ ചൊല്ലുന്നു അവനേകൻ
എല്ലാം അവനുള്ള അസ്തിത്വ ദൃഷ്ടാന്തം.

 

 

 

Leave a Reply