ലണ്ടന്നഗരത്തിലെ ബാത്ത് സ്ട്രീറ്റിനു അപ്പേര് ലഭിച്ചത്, അവിടെ തുര്ക്കികളായ ബിസിനസുകാര് ഒരു പ്രൈവറ്റ് പബ്ലിക് ബാത്ത്റൂം തുടങ്ങിയതിനു ശേഷമാണ്, 1679 ല്. യൂറോപ്പ് കുളിക്കാന് പഠിച്ചുവരുന്ന കാലമായിരുന്നു അത്.
കുരിശുയുദ്ധത്തിനായി മുസ്‌ലിം രാജ്യങ്ങളില് പ്രവേശിച്ചപ്പോള്, വൃത്തിയും വെടിപ്പുമുള്ള ജീവിതം എന്താണെന്നും അതിന് ഗ്രാമങ്ങളും നഗരങ്ങളും എങ്ങനെ സംവിധാനം ചെയ്യാമെന്നും ക്രിസ്ത്യന് രാഷ്ട്രനേതാക്കള് ആവശ്യത്തിന് മനസിലാക്കിയിട്ടുണ്ടായിരുന്നു. ജെറുസലേമില് നിന്നും സിറിയയില് നിന്നുമത്രേ അവരാ അത്ഭുതപ്പെടുത്തുന്ന കാഴ്ച കണ്ടത്. എന്നിട്ടും വംശ-ദേശ-വര്ണ്ണ-മത ഈഗോകള് കാരണം അത് മാതൃകയാക്കാന് ക്രിസ്ത്യന്ഭരണാധികാരികള് തയ്യാറായിരുന്നില്ല. ആകൃഷ്ടരായ ചിലരുടെ താല്പര്യത്തെ ചര്ച്ചുകള് നിരോധന ഉത്തരവുകള് നല്കി അടിച്ചമര്ത്തുകയായിരുന്നു. അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന മഹാമാരികളില് അനേകലക്ഷം ജീവന് നഷ്ടമായതിനെത്തുടര്ന്നാണ് വൃത്തിയും വെടിപ്പുമുള്ള ജീവിതരീതിയെക്കുറിച്ച് യൂറോപ്പ് ആലോചിക്കുന്നത്.
പിന്നെ, കോളനിവല്ക്കരണ നാളുകളില് മുസ്‌ലിംരാജ്യങ്ങളിലെ ഗ്രാമനഗരങ്ങള് കൂടുതല് അടുത്തറിയാന് തുടങ്ങിയ ശേഷം ജീവിതരീതികളില് വലിയ മാറ്റം കണ്ടുതുടങ്ങി. തുര്ക്കി കുളിപ്പുരകള് അവരെ ആകര്ഷിച്ചു. ‘കിഴക്കന്’ കുളിപ്പുര സംവിധാനങ്ങളും ശീലങ്ങളും ലെവന്റൈന് പൂക്കളും ഒരു ഫേഷന് ആയി മാറി. ഇംഗ്ലണ്ടില് ലണ്ടനിലും മാഞ്ചസ്റ്ററിലും ലീഡിലും ശരിക്കും ഇതൊരു ക്രൈസ് ആയിട്ടുണ്ടായിരുന്നു. അങ്ങനെ തുര്ക്കി വ്യാപാരികളോട് ഒരു ‘ബാഗിനോ’ (അവരുടെ കുളിപ്പുരയ്ക്ക് പറയുന്നത്) നിര്മ്മിക്കാന് നാട്ടുകാര് നിര്ബന്ധിക്കുകയായിരുന്നു.
സ്കോട്ട്ലന്റിലും എഡിന്ബര്ഗിലും മുസ്‌ലിം മാതൃകയില് ജോണ് ബര്നെറ്റ് ഡിസൈന് ചെയ്ത ബാത്തുകള് 1882 ലാണ് നിര്മ്മിക്കപ്പെടുന്നത്. ഡ്രംശീഗ് ബാത്ത് എന്ന പേരിലാണ് അത് അറിയപ്പെട്ടത്. മുസ്‌ലിം രാജ്യങ്ങളില് കൊട്ടാര സമാനമായ പ്രൌഡിയോടെ യും സൌകര്യങ്ങളോടെയും നിര്മ്മിച്ചിരുന്ന കുളിപ്പുരകള്, അതേ രൂപത്തിലും ഭാവത്തിലും, ഡോമും സ്റ്റോണ് സ്ട്രക്ചറും, ആര്ച്ചുകളും ഫ്രയ്മുകളും എല്ലാം അതുപോലെ, പാശ്ചാത്യന് നാടുകളില് നിര്മ്മിക്കപ്പെട്ടു എന്നുവരുമ്പോള് മുസ്‌ലിംകുളിപ്പുരയില് എത്രമാതം അവര് ആകൃഷ്ടരായിക്കാണുമെന്ന് വ്യക്തം. കുളിപ്പുരയുടെ മുന്ഭാഗം നോക്കിയാല് മൂറിഷ് ആര്ക്കേഡ് തന്നെ; ജ്യാമിതീയ മാതൃകയിലുള്ള ഇരുമ്പ് ഗ്രില്ലുകള് പോലും അങ്ങനെത്തന്നെ.
റോമന് കാലത്ത് സമാനമായ പ്രൌഡിയും സൗകര്യവുമുള്ള കുളിപ്പുരകള് റോമിലും മറ്റും ഉണ്ടായിരുന്നു. ടെപിഡാറിയം(കുറഞ്ഞചൂടില് ആവിപരക്കുന്ന മുറി), കല്ഡാറിയം (നല്ല ചൂടില് ആവിയുള്ള മുറി), ഫ്രിജിഡാറിയം (തണുത്ത വെള്ളം നിറച്ച കുളമുള്ള ഏരിയ), അപോഡിറ്റെറിയം(വസ്ത്രം മാറ്റാനുള്ള സ്ഥലം), റീഡിംഗ് റൂം, സ്പോര്ട്സ് ഏരിയ മുതലായ സംവിധാനങ്ങള് ചേര്ന്നതായിരുന്നു ഇത്തരം കുളിപ്പുരകള്. ഇവയത്രയും പ്രഭുക്കന്മാരുടെയും രാഷ്ട്രീയ പ്രമുഖന്മാരുടെയും ചികില്സാവശ്യാര്ത്ഥം നിര്മ്മിച്ചവ ആയിരുന്നു; പൊതുജനങ്ങള്ക്ക് അപ്പോഴും കുളിശീലം ഇല്ലായിരുന്നു. വലിയ കെട്ടിടങ്ങളില് വിശാല സൗകര്യങ്ങളോടെ ആയിരുന്നു അവ. റോം തകര്ന്നതോടെ എല്ലാം തകര്ന്നു. പിന്നെ ഇവ ഉയര്ന്നുവന്നത് മുസ്ലിം രാജ്യങ്ങളിലായിരുന്നു. അവിടെ കുളിപ്പുര എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. സര്ക്കാര് വകയില് ഉണ്ടാക്കപ്പെട്ടവയാണ് ഏറെയും. ചില നാടുകളില് ഫീ ഇടാക്കിക്കൊണ്ട് പ്രൈവറ്റ് സംവിധാനവും ഉണ്ടായിരുന്നു.
മുസ്‌ലിം സംസ്കാരത്തില് കുളി വളരെ സുപ്രധാന ആരാധനകളില് പെട്ടതാണ്. ചില പ്രത്യേക ആരാധനകള്ക്ക് കുളിച്ചുശുദ്ധിയാകല് അതിന്റെ അനുപേക്ഷണീയനിബന്ധനയാണ്; അല്ലാതെത്തന്നെയും കുളിച്ചു ശുദ്ധമായിരിക്കുന്നത് ആരാധനയാണ്. അതിനാല്ത്തന്നെ, വീടുകളിലും മസ്ജിദുകളോട് ചേര്ന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കുളിപ്പുരകള് സ്വാഭാവികമായും നിര്മ്മിക്കപ്പെട്ടു. കേവല കുളിപ്പുരകള് മുതല് റോമന് കുളിപ്പുരകളെക്കാള് വൈവിധ്യവും സൌകര്യവും വിശാലതയുമുള്ള ബഡാകുളിപ്പുരകള് വരെ മുസ്‌ലിം നഗരങ്ങളില് വ്യാപകമാവുകയും അത് ജനജീവിതത്തില് ഒഴിച്ചുകൂടാനാകാത്ത സംസ്കാരമായി വികസിക്കുകയും ചെയ്തു. BBC യുടെ An Islamic History Of Europe എന്ന പരിപാടിയില് റിപ്പോര്ട്ടര് Rageh Omer വ്യക്തമാക്കി: ‘thousands of hammams in a city of quarter of million’ .
ഫുസ്ത്വാത്വില് നിര്മ്മിക്കപ്പെട്ട ‘ഹമ്മാമു അമ്ര്’ (ഇബ്നു ദിഖ്മാഖ്), ബസ്വറയിലെ മൂന്ന് കുളിപ്പുരകള് (ബലാദുരി/ അല്ഫുത്തൂഹ്) എന്നിവയാണ് ഏറ്റവും പഴക്കമുള്ളവ. ബാഗ്ദാദിന്റെ ചരിത്രകാരന് ഹിലാലുസ്സ്വാബിയുടെ കണക്കെടുപ്പ് പ്രകാരം ബാഗ്ദാദ് നഗരം മുസ്‌ലിംകള് ഏറ്റെടുത്ത ശേഷം ഒരു ലക്ഷത്തി ഇരുപത്തിനായിരത്തിലേറെ കുളിപ്പുരകള് അവിടെ പണികഴിപ്പിച്ചിട്ടുണ്ടെന്നാണ്. അതില് ഹിജ്ര മൂന്നും നാലും നൂറ്റാണ്ടുകളില് മാത്രം നാട്ടുകാര്ക്ക് വേണ്ടിയുള്ള അറുപതിനായിരവും വിദേശികള്ക്കായുള്ള പതിനഞ്ചായിരവും ഹമ്മാമുകള് ഉണ്ടായിരുന്നു. ഖലീഫ മഅ്മൂന് ഭരിക്കുന്ന കാലത്ത് (218) ബാഗ്ദാദില് ആയിരത്തിഅറുപത്തഞ്ച് കുളിപ്പുരകള് ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെടുന്നു. ഖുര്ത്വുബയില് നാലാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്(അബ്ദുറഹ്മാന് മൂന്നാമന് ഭരിക്കുന്ന സമയം) മുന്നൂറു ഹമ്മാമുകള് ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്, മന്സ്വൂര് ബിന് ആമിര് ഭരണ കാലത്ത് അവ അറുന്നൂറായി വര്ദ്ധിച്ചു.
ആറാം നൂറ്റാണ്ടില് ഇബ്നു അസാകിര് ഡമസ്കസ് നഗരത്തിന്റെ ചരിത്രം എഴുതുമ്പോള്, അവിടെ തദ്ദേശീയര്ക്കുള്ള അമ്പത്തിയേഴ് കുളിപ്പുരകള് പ്രവര്ത്തിക്കുന്നുണ്ട്. മുപ്പത് വര്ഷത്തിനു ശേഷം, അതേ നഗരത്തിന്റെ ചരിത്രം ഇബ്നു ശദ്ദാദ്‌ രേഖപ്പെടുത്തുമ്പോള്, സ്വദേശി 85+ വിദേശി 31 = 116 കുളിപ്പുരകള് അവിടെ പ്രവര്ത്തിക്കുന്നുണ്ടായിരുന്നു. അതായത് മുപ്പത് വര്ഷത്തിനുള്ളില് സ്വദേശികള്ക്കുള്ള കുളിപ്പുര 28 എണ്ണം വര്ധിച്ചു. (വിദേശിയുടെ എണ്ണം ഇബ്നു അസാകിര് പരാമര്ശിക്കാത്തതിനാല് താരതമ്യപഠനം സാധ്യമല്ല). അതേകാലത്ത്, ഹലപ്പോയില് സ്വദേശി 80 + വിദേശി 94 + എക്സ്ട്രാ 21 = 195 കുളിപ്പുരകള് പ്രവര്ത്തിക്കുന്നുണ്ടെന്ന് ഇബ്നു ശദ്ദാദ്‌ രേഖപ്പെടുത്തി. ആഫ്രിക്കയിലെ പ്രധാന മുസ്‌ലിം പ്രദേശമായ ഫാസ് നഗരത്തിന്റെ പത്താം നൂറ്റാണ്ടിലെ ചരിത്രം നോക്കിയാല്, അന്നവിടെ നൂറ് കുളിപ്പുരകള് പ്രവര്ത്തിക്കുന്നുണ്ട്; 1942 ല് അവയില് മുപ്പതെണ്ണം അവശേഷിക്കുന്നതായി ലിയോ അഫ്രീഖി രേഖപ്പെടുത്തുന്നു.
കൈറോവില് ആദ്യമായി ഹമ്മാം നിര്മ്മിച്ചത് അല്അസീസ്‌ ബില്ലാഹി നിസാര് ആയിരുന്നു. പാഷാ മുബാറക് എഴുതിയ പ്രകാരം, 1170 കുളിപ്പുരകള് ഇവിടെ ഉണ്ടായിരുന്നതായി മനസ്സിലാക്കാം. എന്നാല്, 1938 ല് കൈറോ സന്ദര്ശിച്ച ചലബിതുര്ക്കിയുടെ യാത്രാവിവരണ(സിയാഹ:നാമ:)പ്രകാരം അന്ന് കൈറോവില് അമ്പത്തഞ്ച് ഹമ്മാമുകള് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇസ്തംബൂള് നഗരത്തെക്കുറിച്ച് ഔലിയാ ചലബി എഴുതിയതനുസരിച്ച്, പതിനേഴാം നൂറ്റാണ്ടില്, സ്വദേശി 61+ വിദേശി 51+ എക്സ്ട്രാ 38 = 150 കുളിപ്പുരകള് സജീവമായിരുന്നു.
ഇസ്ലാമിക രാജ്യങ്ങളെക്കുറിച്ച് എഴുതപ്പെട്ട ചരിത്രഗ്രന്ഥങ്ങളിലെല്ലാം അവിടത്തെ നഗരാല്ഭുതങ്ങളില് കുളിപ്പുരകളും സ്ഥാനം പിടിച്ചതായി കാണാവുന്നതാണ്. പുരുഷന്മാര്ക്കും സ്ത്രീകള്ക്കും പ്രത്യേകം കുളിപ്പുരകള് ഉണ്ടായിരുന്നു. അതില്ലാത്തിടത്ത് ഉച്ചയ്ക്ക് മുമ്പ് സ്ത്രീകള്ക്കും വൈകിട്ടും രാത്രിയും പുരുഷന്മാര്ക്കും മാറ്റിവെക്കുന്ന രീതിയും ഉണ്ടായിട്ടുണ്ട്. ആര്ഭാടപൂര്വ്വം നിര്മ്മിച്ച കുളിപ്പുരകളും ചിലേടങ്ങളില് കാണാമായിരുന്നു. മികച്ച സൗകര്യങ്ങള് മാത്രമല്ല, മനോഹരമായ കെട്ടിടസംവിധാനങ്ങളും അതിന്റെ സവിശേഷതയായിരുന്നു. ഈജിപ്തിലെ അടിമ വംശ ഭരണകാലത്തും, തുര്ക്കിയിലെ ഉസ്മാനിയ്യ ഭരണ കാലത്തും ഉണ്ടാക്കിയ കുളിപ്പുരകളില് ചിലത് അലംകൃതമായ കുളങ്ങളും മനോഹരമായ കൃതിമവെള്ളചാട്ടങ്ങളും ഉള്ളവയായിരുന്നു.
കൂടുതല് ദിവസം കുളിക്കാത്തവന് കൂടുതല് പുണ്യവാന് എന്ന് ക്രിസ്ത്യന് യൂറോപ്പ് വിശ്വസിച്ചിരുന്ന കാലത്താണ് മുസ്‌ലിം നാടുകളില് ഇതെല്ലാം നടക്കുന്നത്. യൂറോപ്യന് സംസ്കാരത്തിന്റെ വൃത്തിസങ്കല്പത്തെക്കുറിച്ച് John William Draper തന്റെ പ്രഖ്യാത കൃതി HISTORY OF THE CONFLICT BETWEEN RELIGION AND SCIENCE ല് രേഖപ്പെടുത്തിയതിങ്ങനെ:
Personal cleanliness was utterly unknown; great officers of state, even dignitaries so high as the Archbishop of Canterbury, swarmed with vermin; such, it is related, was the condition of Thomas a Becket, the antagonist of an English king. To conceal personal impurity, perfumes were necessarily and profusely used. The citizen clothed himself in leather, a garment which, with its ever-accumulating impurity, might last for many years.
വൃത്തിയ്ക്ക് തീരെ പരിഗണന കല്പിക്കാത്ത പടിഞ്ഞാറന് സംസ്കാരത്തെ ക്കുറിച്ച് Hans Sinzzer ടെ Rats, Lice and History ല് കുറിക്കുന്നു:
Bath were therapeutic procedures not to be recklessly prescribed after October. The first bath tub did not reach America –we believe- until about 1840. And public bath houses lacking sanitary laundry arrangements were as likely to spread disease as to arrest it.
കുളിച്ചു പോരുക എന്നതിലേറെ സൗഹൃദസംഗമവേദിയായിരുന്നു ഹമ്മാം; സ്ത്രീകള്ക്കും പുരുഷന്മാര്ക്കും. അയല്വാസികള്, ബന്ധുക്കള്, തൊഴിലാളികള് തുടങ്ങിയവര് തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കുവാനും തമാശകള് കൈമാറാനും വിഷമങ്ങള് പങ്കുവെക്കാനും വഴിയൊരുക്കിയ കുളിപ്പുരകള് മനശാസ്ത്രപരമായ തെറാപ്പികേന്ദ്രം കൂടിയായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടു. ആണ് കുട്ടികള്ക്ക് ബോഡി ഫിറ്റ്നസ് ഉള്ള പെണ്കുട്ടികളെ കണ്ടെത്താന് ഉമ്മമാര് കുളിപ്പുര ഉപയോഗപ്പെടുത്തി. പുറത്തുനിന്നും കാണുന്നതിനേക്കാള് ക്ലോസര് ലുക്ക്‌ ഇവിടെ സാധ്യമാണല്ലോ.
പുതുനാരിയെ ഒരുക്കാന് സുഹൃത്തുക്കള് ഒന്നിച്ച് ഹമ്മാമിലേക്ക് കൊണ്ടുവരുന്ന പതിവ് ചില നാടുകളില് ഉണ്ടായിരുന്നു. രാത്രി മണവാളനും കമ്പനിയും വരും. വിശാലമായ കാത്തിരിപ്പ് സ്ഥലം, വിശ്രമ കേന്ദ്രം, വ്യായാമ കേന്ദ്രം, മസ്സാജ് സെന്റര് തുടങ്ങിയവയെല്ലാം ചേര്ന്ന് ആധുനിക കാലത്തെ ഹെല്ത്ത്‌ ആന്ഡ്‌ ഫിറ്റ്നസ് കേന്ദ്രങ്ങളുടെയും റിട്രീറ്റ് സെന്ററുകളുടെയും ഒന്നിച്ചുള്ള സേവനമാണ് ഒരു കുളിപ്പുര നിര്വ്വഹിച്ചിരുന്നത്; അനാശാസ്യങ്ങള് മാത്രം ഇവിടെ ഇല്ലായിരുന്നു. നഗ്ന സ്നാനവും സ്ത്രീ പുരുഷ സങ്കലനവും ‘പ്രകൃതിവിരുദ്ധകുളി’യും നിരോധിക്കപ്പെട്ടിരുന്നു. സദാചാരപ്രശ്നങ്ങള് ഇല്ലാതിരിക്കാന് വേണ്ട കര്ശന നിയന്ത്രണങ്ങളോടെയായിരുന്നു കുളിപ്പുരയുടെ നിര്മ്മാണവും നടത്തിപ്പും.
സാമൂഹ്യസമ്പര്ക്കവും വസ്ത്ര-നഗ്നതാ വിഷയങ്ങളും മതനിയമങ്ങളുടെ പരിധിയില് വരുന്നതിനാല് കുളിപ്പുരകള് കര്മ്മ ശാസ്ത്രത്തില് ഒരു ചര്ച്ചയായി വികസിച്ചു; ഭരണകൂടത്തിന്റെയും ജ്ഞാനികളുടെയും ശ്രദ്ധ ഉണര്ന്നിരിക്കേണ്ട ധാര്മ്മിക-സദാചാര പ്രശ്നങ്ങള് ഉണ്ടാവുമെന്നതിനാല് ഹിസ്ബയുടെ മുഖ്യ ഉത്തരവാദിത്തങ്ങളില് ഒന്നായി കുളിപ്പുരനിരീക്ഷണം. ഹമ്മാമുമായി ബന്ധപ്പെട്ട പത്തിലേറെ തൊഴിലുകളും അവരുടെ ഉത്തരവാദിത്തങ്ങളും അവരുടെ തൊഴില് പ്രശ്നങ്ങളും അവിടത്തെ വൃത്തി, ജലലഭ്യത, സേവനസംതൃപ്തി തുടങ്ങിയ കാര്യങ്ങളും ഹിസ്ബ കൈകാര്യം ചെയ്തു. കുളിപ്പുരയില് പാലിക്കേണ്ട ധാര്മ്മിക- നൈതിക മര്യാദകളെക്കുറിച്ച് കാലാകാലങ്ങളില് മതനേതൃത്വം പ്രത്യേകഗ്രന്ഥങ്ങള് എഴുതിക്കൊണ്ടിരുന്നു.
ചൂടും തണുപ്പുമുള്ള വെള്ളം ഉപയോഗിച്ചുള്ള കുളിയുടെ, ആവികൊള്ളുന്നതിന്റെ, വിശ്രമത്തിന്റെ, വൃത്തിയില് സൂക്ഷിക്കുന്നതിന്റെ ആരോഗ്യവശങ്ങള് ചര്ച്ച ചെയ്യാന് വൈദ്യകൃതികളിലെല്ലാം കുളിപ്പുര സുപ്രധാനമായ ചര്ച്ചാ വിഷയമായി. എഡി 1621 ല് മരണപ്പെട്ട, പ്രമുഖ ഹദീസ് പണ്ഡിതന് ഇമാം മുനാവി, ഹമ്മാമിന്റെ കര്മ്മ ശാസ്ത്രവും വൈദ്യശാസ്ത്രവും വിശകലനം ചെയ്യുന്ന സാമാന്യം ബൃഹത്തായ ഗ്രന്ഥം എഴുതുകയുണ്ടായി- അന്നുസ്ഹത്തുസ്സഹിയ്യ ഫീ അഹ്കാമില് ഹമ്മാമി അശ്ശറഇയ്യ വത്ത്വിബ്ബിയ്യ:. സാധാരണക്കാരനോ സുപ്രധാനവ്യക്തിയോ ആകട്ടെ, നാഗരികനും സംസ്കാരസമ്പന്നനുമായ ഓരോ വ്യക്തിയും ഹമ്മാമില് പോകുമല്ലോ’, എന്ന ആമുഖത്തോടെയാണ് മുനാവി തന്റെ കൃതി ആരംഭിക്കുന്നത്. കുളിപ്പുര വിഷയത്തില് എഴുതപ്പെട്ട ചില കൃതികള് പരിചയപ്പെടാം.
– മുഹമ്മദുല് ഹുസൈനി(765)/ അല് ഇല്മാം ബി ആദാബി ദുഖൂലില് ഹമ്മാം(753)
– ഇബ്നുല് ഇമാദ് അശ്ശാഫിഈ(808)/ അല്ഖൗലുത്താം…
– ത്വബീബ് ബദറുദ്ദീന് അല്ഖ്വൂസ്വൂനി (931)/ മഖാല: ഫില് ഹമ്മാം
– ദാവൂദ് അല് അന്താഖി (1008)/ തുഹ്ഫത്തുല് ബകരിയ്യ:..
– ഇബ്നുല് അഫീഫ് / റശ്ഫുല് മദാം
– ഇബ്നു ഉബൈദ: / കിതാബുല് ഹമ്മാം
– അബൂ ഇസ്ഹാഖുല് ഹരീര് / കിതാബുല് ഹമ്മാം
– അബൂ നിളാലില് കൂഫി / കിതാബുല് ഹമ്മാം
– സംആനി/ ദുഖൂലുല് ഹമ്മാം
– അല്ഖയൂറഖി/ രിസാലത്തുന് ഫില് ഹമ്മാം
– ഇബ്നു ത്വൂലൂന്/ റഫ്ഉല്ലിസാം അന് അഹ്കാമില് ഹമ്മാം,
– ഇബ്നു ത്വൂലൂന്/ ഗ്വായത്തുല് ഇഹ്തിറാം ഫീമാ വറദ ഫില് ഹമ്മാം
– ഇബ്നുല് മുലഖ്ഖിന്/ ഉഖൂദുല് കിമാം ഫീ മുതഅല്ലഖ്വാത്തില് ഹമ്മാം
– ഇമാം അബ്ദുറഊഫ് അല്മുനാവി/ അന്നുസ്ഹത്തുസ്സഹിയ്യ
Leave a Reply