മരണത്തിന്റെ ഭീകരാവസ്ഥ വിവരിക്കുന്ന ധാരാളം വിശുദ്ധ ഖുർആൻ വാക്യങ്ങളുണ്ട്.
﴿وَجَاۤءَتۡ سَكۡرَةُ ٱلۡمَوۡتِ بِٱلۡحَقِّۖ ذَ ٰلِكَ مَا كُنتَ مِنۡهُ تَحِیدُ﴾ [ق ١٩]
സത്യമായിട്ടും, മരണ വേദന ഇതാ വന്നെത്തിയിരിക്കുന്നു; നീ തെന്നിമാറാൻ ഇത്രകാലം ശ്രമിച്ചുകൊണ്ടിരുന്ന അതേ മരണത്തിന്റെ..”
ഇവിടെ സകറ എന്ന പദത്തിന് ലഹരി എന്നർത്ഥം കല്പിച്ചാലോ! “നീ ഓടി ഒളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന മരണത്തിന്റെ ലഹരി ഇതാ വന്നെത്തിയിരിക്കുന്നു” എന്നുവരും. മരണം ഒരു ലഹരിയാണെന്നറിയാതെ മരിക്കാൻ ഭയന്നവരെ ഉദ്ബോധിപ്പിക്കുകയാണെന്ന് തോന്നും ഈ അർത്ഥ പ്രകാരം.
﴿ وَلَوۡ تَرَىٰۤ إِذِ ٱلظَّـٰلِمُونَ فِی غَمَرَ ٰتِ ٱلۡمَوۡتِ [الأنعام ٩٣]
അക്രമികൾ മരണത്തിന്റെ ഭീകരാവസ്ഥയിലായിരിക്കുന്ന സന്ദർഭത്തെ താങ്കൾ കണ്ടിരുന്നെങ്കിൽ!!”
മരണത്തിൽ വേദനയൊട്ടുമില്ലെന്ന് വന്നാൽ, ഈ സൂക്തത്തിലെ ഉദ്ബോധനവും അർത്ഥശൂന്യമാകും. സൂറ വാഖിഅ യിലും ഖിയാമയിലും വിശദമായി പറയുന്ന ‘മരണത്തിന്റെ ഭീകര നിമിഷങ്ങൾ’ വേറെയും കാണാം.
വിശുദ്ധ ഖുർആനിൽ മരണത്തെ കാണിച്ചു ഭീഷണിപ്പെടുത്തുന്നത്, മനുഷ്യൻ അതോടെ ഭൗതിക ലോകത്തുനിന്നും ഇല്ലാതാകുമെന്ന വശത്തെ മാത്രം എടുത്തുകാണിച്ചല്ല; മരണ സമയത്തെ ഭീതികരമായ അനുഭവങ്ങളെ കൂടി ഓർമ്മപ്പെടുത്തിയാണ്. മരണത്തിന്റെ ലഹരിയെക്കുറിച്ചജ്ഞരായവരെ ഒരു പുതിയ മരണനയം പഠിപ്പിക്കുകയായിരുന്നില്ല പ്രസ്തുത ഭീഷണികളിൽ.
“നിശ്ചയം, മരണത്തിനു ചില ഭീകര വേദനകളുണ്ട്” (1) എന്ന നബിവചനം ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. അവിടുത്തെ അവസാന മിനിറ്റുകളിലായിരുന്നു ഈ പ്രസ്താവന. മരണത്തിന് ചില ലഹരികളുണ്ട് എന്നത്രെ ഈ പ്രസ്താവനയുടെ താല്പര്യം; അതിനാൽ നബിക്ക് മരണ നോവുണ്ടായിട്ടില്ല എന്നും.
പ്രവാചകൻ സ്വ മരണത്തെ മനസ്സമാധാനത്തോടെയാണ് സമീപിച്ചതും തെരഞ്ഞെടുത്തതും. എന്നാൽ, എന്നാൽ ജീവനുള്ള ശരീരത്തിന് സാധാരണ നിയമങ്ങളുണ്ട്; അത് പ്രവാചകന്റെ ശരീരത്തിലും പ്രവർത്തിച്ചു. മരണത്തിന്റെ തീക്ഷ്ണ വേദന നബി സ്വ അനുഭവിച്ചു. വ്യാഖ്യാനക്കസർത്തുകൾക്ക് ഈ സംഭവത്തിൽ പ്രസക്തിയില്ല. നബി സ്വ “വഹ്‌യ് ലഭിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ്”; നബിയുടെ ശരീരം പ്രവർത്തിക്കുന്നത് സാധാരണ ശരീരം പോലെത്തന്നെയാണ്.
എഡി 632 ജൂലൈ എട്ടിന് തിങ്കളാഴ്ച പൂർവ്വാഹ്നത്തിൽ നബി സ്വ യുടെ വിയോഗം സംഭവിക്കുന്നതിന് മൂന്നാലു മണിക്കൂറുകൾക്ക് മുമ്പ്, സുബ്ഹ് നിസ്കരിക്കാനെത്തിയ വിശ്വാസികളെ രോഗശയ്യയിലായിരുന്ന നബി സ്വ മറനീക്കി നോക്കുന്ന രംഗം ഹദീസുകളിൽ വന്നിട്ടുണ്ട്; “അക്ഷരം പതിയാത്ത വെള്ളപ്പേപ്പർ പോലെ തേജസ്സുള്ള മുഖവുമായി പുഞ്ചിരിയോടെ നബി സ്വ പ്രത്യക്ഷപ്പെട്ട ആ അനർഘ നിമിഷത്തിൽ വിശ്വാസികൾക്കുണ്ടായ ആഹ്ളാദത്തിൽ അടിച്ചുപോകുമോ എന്നവർ ഭയപ്പെട്ടു. (2)
അല്പം കഴിഞ്ഞു കരളിന്റെ കഷ്ണം’ ഫാത്തിമയെ വിളിപ്പിക്കുന്നു. മകളെ സ്വീകരിച്ചിരുത്തുന്നു; സ്വകാര്യങ്ങൾ പറയുന്നു; മരണ നോവ് തന്നെ കീറിമുറിക്കുന്ന ആ ഘട്ടത്തിലും അതുല്യമായ മാനസിക/ വിശ്വാസ കരുത്തിൽ നബി സ്വ മകളുമായി സംസാരിക്കുന്നു. നോവിന്റെ ആപാരത തിരിച്ചറിഞ്ഞ പിതാവിനെ അറിയുന്ന മകൾ സങ്കടപ്പെടുന്നു. “ഉപ്പയുടെ ഇപ്പോഴത്തെ ശാരീരിക വിഷമം നോക്കണ്ട, ഈ പരീക്ഷണ+ തീക്ഷ്ണ ഘട്ടം കൂടി കടന്നുപോയാൽ ഉപ്പാക്ക് ഇനി നോവില്ല മകളേ’ എന്ന് ആശ്വസിപ്പിക്കുന്നു.
‘മകളേ മരണം ഒരു ലഹരിയാണെന്ന് ഇത്രകാലത്തെ അധ്യാപനത്തിൽ നിന്നും നീ മനസ്സിലാക്കിയില്ലേ, ഞാൻ മരണത്തിന്റെ ലഹരിയിലാണ് മകളേ, ഇതുകഴിഞ്ഞാൽ എനിക്ക് ഇനി ലഹരിയൊന്നുമില്ല പൊന്നേ, അതിനാൽ, നീ കരയരുത് കരളേ” എന്നല്ല നബി സ്വ പുത്രിയെ ആശ്വസിപ്പിച്ചത്. അങ്ങനെയായിരുന്നെങ്കിൽ, അതിലെ കോമഡി ഒന്നോർത്തുനോക്കൂ..
മകൾ പോയപ്പോൾ, പ്രിയ പത്നിമാരെ വിളിപ്പിക്കുന്നു; അവരുടെ അന്ത്യദർശനം കഴിഞ്ഞപ്പോൾ, പ്രിയപത്നി ആഇശയുടെ മടിയിലും മാറിലുമായി തിരുദൂതർ ‘അത്യുന്നതനെ നോക്കി’ ശരീരത്തിലെ മരണ സകറാത്തുകളെ തോല്പിച്ചുകൊണ്ടിരിക്കുന്നു; മഹതി വെള്ളമെടുത്തു നെറ്റി തടവുന്നു. വീട്ടിന്റെ മച്ചിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്ന നബി ‘അല്ലാഹു മാത്രം ആരാധ്യൻ; ഉന്നത ചങ്ങാതിയിലേക്ക് ഞാൻ പോകുന്നു’ എന്ന് മൊഴിഞ്ഞു വിടപറയുന്നു..
നബി സ്വ ക്ക് മരണനോവുകൾ ഉണ്ടായിട്ടില്ലെന്നും ഉണ്ടെന്ന് കരുതിയ ഫാത്തിമയും ആഇശയും അടങ്ങുന്ന ജ്ഞാനികൾ ‘വഹാബി’ കളാണെന്നും ചില പൊയ്‌വെടികൾ കണ്ടു; ‘മുഴു ലഹരി’ യിൽ ഖുർആൻ വ്യാഖ്യാനിക്കാനിറങ്ങിയ ഒരു സംഘി മൗലവിയെ കേൾക്കുകയും ചെയ്തു. ഖുർആൻ വചനങ്ങളെയും ദശക്കണക്കിനു ഹദീസുകളെയും അനേകം ജ്ഞാന മാതൃകകളെയും തള്ളാനുള്ള ചിലരുടെ ധാർഷ്ട്യം അപാരം തന്നെ. ശാരീരിക പ്രയാസത്തിൻ്റെ സാധാരണാവസ്ഥയെ ആത്മീയതയുടെ ഔന്നത്യം കൊണ്ട് മറികടക്കുന്ന കരുത്തനായ മുഹമ്മദ് നബിയെ അവർക്ക് പ്രമാണങ്ങളിൽ നിന്നും മനസ്സിലായില്ല. പണ്ടൊരു സൂഫി നൽകിയ ‘ആനന്ദത്തിന്റെ നോവുകൾ’ =سكرات الطرب എന്ന ദുർബ്ബല വ്യാഖ്യാനത്തിലാണ് അവർ നബിയെ ചുരുക്കിക്കെട്ടുന്നത്. സൂര്യപ്രഭപോലെ സുവ്യക്തമായ ഖുർആനിക പരാമർശങ്ങളും ഹദീസിലെ പ്രയോഗങ്ങളും അവർ കണ്ടില്ലെന്നു നടിക്കുന്നു…
(1) «إن للموت لسكرات»
(2) كَأَنَّ وَجْهَهُ وَرَقَةُ محصف، ثم تبسم يضحك، فهممنا أن نفتن مِنَ الْفَرَحِ بِرُؤْيَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ