സമാധാന ദൂതൻ മുഹമ്മദ് നബി സ്വ -1
കോൺസ്റ്റന്റിൻ വിർജിൽ ഘോർഗിയു

(റൊമാനിയൻ ഡിപ്ലോമാറ്റും നോവലിസ്റ്റുമായിരുന്നു, 1992 ൽ മരണപ്പെട്ട ഘോർഗിയു. മുഹമ്മദ് നബി യെക്കുറിച്ചു പഠിക്കണമെന്ന ആഗ്രഹത്തിൽ സുഊദി സന്ദർശിച്ച അദ്ദേഹം അറബി ഭാഷ വശപ്പെടുത്തുകയും പ്രവാചകനെ കുറിച്ച് കൂടുതൽ പഠിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹം എഴുതിയ നബിചരിതമാണ് ” La vie de Mahomet”..)

മുസ്‌ലിംകൾക്കെതിരെ ഒരു മഹായുദ്ധത്തിന് മക്കക്കാർ സജ്ജമായിക്കൊണ്ടിരിക്കേ, മദീനയിലെ ബഹുദൈവാരാധകരായ ഏതാനും കവികൾ മുസ്‌ലിംകൾക്കെതിരെ ആക്ഷേപ കവിതകൾ ആലപിക്കാൻ ആരംഭിച്ചു. ഈ അന്വേഷണാത്മക രചനയുടെ ആമുഖത്തിൽ നാം കുറിച്ചിട്ടുണ്ട്, അറേബ്യൻ ഉപദ്വീപിൽ സാഹിത്യത്തിന്, വിശിഷ്യാ കവിതയ്ക്ക് വലിയ പ്രാധാന്യമായിരുന്നുവെന്ന കാര്യത്തെ സംബന്ധിച്ച് . രാഷ്ട്രീയ വേദികളിലും ഗോത്രീയ ആക്ഷേപരംഗങ്ങളിലും ഖഡ്ഗപ്രയോഗത്തെക്കാൾ, കുന്തപ്രയോഗത്തെക്കാൾ ആഴമേറിയ മുറിവുകൾ ഉണ്ടാക്കാൻ കഴിവുറ്റതായിരുന്നു അവരുടെ കവിതകൾ. മദീനയിലെ കവികളിൽ പെട്ട കഅബ് ബ്നുൽ അശ്‌റഫ് മുസ്ലിംകൾക്കെതിരെ ആക്ഷേപ കവിത പാടിനടന്നു. പിന്നീടയാൾ മക്കയിലേക്ക് കടന്നു. അവിടെ ഏതാനും മാസക്കാലം പാർത്തു. മുഹമ്മദ് നബിക്കെതിരെ, മദീനയിലെ മുസ്ലിംകൾക്കെതിരെ മക്കക്കാരുടെ കുടിപ്പകയ്ക്ക് എണ്ണയൊഴിക്കുകയായിരുന്നു അത്രയും കാലം. പിന്നീട് മദീനയിലേക്ക് തിരിച്ചുവന്നു. മദീനയിലെ ജനനിബിഢ വേദികളിലെല്ലാം ആ കവിതകൾ സവിശേഷ ഈണത്തിൽ പാടി നടക്കാൻ തുടങ്ങി. (1)

ഇസ്‌ലാമിനെ കടന്നാക്രമിച്ചു കവിത രചിച്ചിരുന്ന കവയത്രിയായിരുന്നു അസ്മാ ബിൻത് മർവാൻ, മദീനയിലെ സൗന്ദര്യ റാണി. മുഹമ്മദ് നബിയെയും ജിബ്രീലിനെയും മുസ്‌ലിംകളെയും അവൾ കവിതയിലൂടെ കനത്ത ഭാഷയിൽ ആക്ഷേപിച്ചു. അവളെക്കൊണ്ട് മുസ്‌ലിംകൾ വല്ലാതെ പ്രയാസത്തിലായി. മുഹമ്മദ് നബിക്കും അവളുടെ കവിത വല്ലാതെ വേദനയുണ്ടാക്കി. പക്ഷേ, അദ്ദേഹം സഹനശക്തനും ക്ഷമാലുവുമായിരുന്നു. ഖുർആൻ ഈ അവസരത്തിൽ ജനങ്ങളോട് സഹനവും ക്ഷമയും ഉപദേശിച്ചുകൊണ്ട് അവതരിച്ചുകൊണ്ടേയിരുന്നു. എന്നാൽ മുസ്ലിംകൾക്ക് അവരുടെ പ്രവാചകനെപ്പോലെ ക്ഷമിക്കാൻ സാധിച്ചിരുന്നില്ല. വിശിഷ്യാ, നബിയെയും ദീനിനെയും ആക്ഷേപിക്കുന്നതും കർണ്ണങ്ങൾ കുത്തിത്തുളക്കുന്നതുമായ കവിതകൾ. അവർക്ക് സാധാരണ ആക്ഷേപവാക്കുകൾ ഒരുവേള സഹിക്കാൻ സാധിക്കുമായിരുന്നു; എന്നാൽ ആക്ഷേപ കവിതകൾ താങ്ങാൻ അവർക്ക് കെല്പുണ്ടായില്ല. ഒരു രാത്രിയിൽ, അന്ധനായ ഒരു മുസ്‌ലിം അസ്മായുടെ വീട്ടിലെത്തി. കരുതിവെച്ച കഠാര അവളുടെ നെഞ്ചിൽ കുത്തിയിറക്കി അവളെ വധിച്ചു. പിറ്റേന്ന് പ്രഭാതത്തിൽ വർത്തയറിഞ്ഞ ജനങ്ങൾ അത്ഭുതപ്പെട്ടു: ആക്ഷേപ കവയത്രികൊല്ലപ്പെട്ടിരിക്കുന്നു ; ഒരന്ധനാണ് ഘാതകൻ?! അയാൾ എങ്ങനെ അവളുടെ വീട്ടിലെത്തിയെന്നും അവളെ കൊന്നതെങ്ങനെയായിരിക്കാമെന്നും അവർ ചിന്തിച്ചു. വൈകാതെ അവർക്ക് കാര്യം വ്യക്തമായി : ഘാതകനായ അന്ധൻ കവയത്രിയുടെ അടുത്ത ബന്ധുവാണ്; വര്ഷങ്ങളായിട്ട് അവിടെ സ്ഥിരമായി സന്ദർശിക്കുന്ന വ്യക്തിയാണ്; ആ വീട്ടിലെ ഓരോ സ്ഥലവും അയാൾക്കറിയാം; അവളുടെ ശയനമുറി ഏതെന്നും അയാൾക്കറിയാം. വാർത്ത മദീനയിൽ പടർന്നു; മുഹമ്മദ് നബി സ്വ യും വാർത്തയറിഞ്ഞു. അപ്പോൾ അദ്ദേഹം മസ്ജിദിലായിരുന്നു. ഘാതകനെ വിളിച്ചുവരുത്തി, ചോദ്യം ചെയ്തു.

“നീയാണോ ആ സ്ത്രീയെ വധിച്ചത്?”
“അതെ, ദൈവദൂതരേ. ഇന്നലെ വൈകിട്ട് ഞാനവളെ കൊന്നു. എനിക്കതിൽ യാതൊരു കുറ്റബോധവുമില്ല”ز

പ്രതിയ്ക്ക് യാതൊരുവിധ സങ്കോചവുമില്ലെങ്കിലും നബി സ്വ യ്ക്ക് സംഭവം വല്ലാതെ ആഘാതമേല്പിച്ചു; ഒരു ജീവൻ കൊല്ലപ്പെട്ടുവെന്ന സംഗതി അദ്ദേഹത്തെ പ്രയാസപ്പെടുത്തി. പക്ഷേ, ആ സ്ത്രീയുടെ ഘാതകനെ പകരം വധശിക്ഷ നടപ്പാക്കാൻ അന്നദ്ദേഹത്തിന് കഴിയുമായിരുന്നില്ല. കാരണം, ആ നാളിൽ, മദീനയിലെ ഓരോ ഗോത്രത്തിനും അവരവരുടെ ‘ഭരണഘടന’ യായിരുന്നു. അവർ പ്രവർത്തിച്ചിരുന്നത് ഗോത്രനിയമങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു. ഘാതകനും വധിക്കപ്പെട്ടവനും ഒരേ ഗോത്രാംഗങ്ങൾ ആകുമ്പോൾ, മറ്റൊരാൾക്കും അതിലിടപെടാൻ കഴിയുമായിരുന്നില്ല. (2)

ഇതിനുശേഷം, കഅബ് ബ്നുൽ അശ്‌റഫും കൊല്ലപ്പെട്ടു. ഒരു മുസ്‌ലിം തന്നെയായിരുന്നു ഘാതകൻ (3). ഇരുവരും ഒരേ ഗോത്രത്തിലെ അംഗങ്ങൾ. അതിനാൽ, നബിക്ക് പ്രതിക്രിയ ശിക്ഷ നടപ്പിലാക്കാൻ കഴിഞ്ഞില്ല. മദീനയിൽ അബൂ അഫക് എന്നുപേരുള്ള മറ്റൊരു കവിയും ആക്ഷേപ രംഗത്തുണ്ടായിരുന്നു. നബിയെയും മുസ്‌ലിംകളെയും അയാൾ കടുത്ത ഭാഷയിൽ ഭർത്സിച്ചു. അയാളെയും ഒരു മുസ്‌ലിം വിശ്വാസി കൊലപ്പെടുത്തി. അങ്ങനെ ഒന്നിന് പിറകെ മറ്റൊന്നായി മൂന്ന് ആക്ഷേപ കവികൾ മദീനയിൽ കൊല്ലപ്പെട്ടു. നബി സ്വ ആർക്കെതിരെയും ശിക്ഷാ നടപടി എടുക്കുകയുണ്ടായില്ല.

ന്യൂനപക്ഷമായ മുസ്ലിംകൾക്കെതിരെയുള്ള ആക്ഷേപങ്ങൾ മദീനയിൽ തുടർന്നു. അവയത്രയും ജൂതന്മാർക്കിടയിൽ നിന്നായിരുന്നു. ജൂത നേതൃത്വവുമായി മുഹമ്മദ് നബി സ്വ ബന്ധപ്പെട്ടു. മുസ്ലിംകൾക്കെതിരിലുള്ള ആക്ഷേപങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. അവരോടദ്ദേഹം പറഞ്ഞു: “നിശ്ചയമായും നിങ്ങൾ, ‘മദീനയുടെ നിയമാവലി’ പ്രകാരം, മുസ്ലിംകളുമായി സൗഹൃദത്തിൽ വസിക്കേണ്ടവരാണ്; നമ്മുടെ എതിരാളികളുമായി യോജിക്കാൻ പാടില്ലാത്തവരാണ്”. ഒരിക്കൽ നബി സ്വ , നിർമ്മാണ കലാ വിദഗ്ദ്ധരായ ജൂത ഗോത്രക്കാരുടെ നേതാവിനെ അവരുടെ വീട്ടിൽ പോയി കണ്ടു; പരസ്പര സൗഹാർദ്ദം ഉറപ്പുവരുത്താനുള്ള സംസാരം നടന്നു. മദീനയിലെ ജൂതന്മാർ മുഖ്യമായി മൂന്നുവിഭാഗമാണെന്ന് നാം മുന്നേ പറഞ്ഞിട്ടുണ്ട്. ഓരോ വിഭാഗത്തിനും അവരുടെ നിപുണ തൊഴിൽ മേഖലയുണ്ടായിരുന്നു. കർഷകർ, നിർമ്മാണ വിദഗ്ധർ, തുകൽപണി വിദഗ്ധർ. നിർമ്മാണ വിദഗ്‌ദരുടെ ഗോത്രം, മക്കാ മുശ്രിക്കുകളുടെ വലിയൊരു സൈനിക ശക്തിയെ മദീനയിലേക്ക് വരുത്തി മുസ്‌ലിംകളെ വളയാനുള്ള കാര്യങ്ങൾ നീക്കുന്ന വേളയിലായിരുന്നു നബിയുടെ സന്ദർശനം. ഗോത്രമുഖ്യൻ ഖുറൈശികളുമായി മുസ്ലിംകൾക്കെതിരെ രഹസ്യ ഉടമ്പടി ചെയ്ത ഉടനെയായിരുന്നു, അതറിഞ്ഞ നബിയുടെ നീക്കം. അവർ നബിയെ പ്രാധാന്യത്തോടെ പരിഗണിച്ചില്ല. തണുപ്പൻ പ്രതികരണമായിരുന്നു അവരുടേത്. ഈ വിഷയം ഇവിടെ കൂടുതൽ വിവരിക്കുന്നില്ല. മദീനയിലെത്തിയ നബിയുമായി അവർ നടത്തിയ കരാർ ലംഘിക്കുന്നതായിരുന്നു അവരുടെ നീക്കങ്ങൾ എന്ന് മനസ്സിലാക്കാൻ ഇത്രയും സൂചനകൾ മതിയാകും. …”

 

1) മദീനയിലെ മുസ്‌ലിം പെണ്ണുങ്ങളെ വൃത്തികെട്ട ഭാഷയിൽ വർണ്ണിക്കുക ഇയാളുടെ ഹോബ്ബിയായിരുന്നു.
2) ഹിജ്‌റ എട്ടാം വർഷത്തിലായിരുന്നു, അൽബഖറ 178, 179, മാഇദ 45, ഇസ്രാ 45 എന്നീ സൂക്തങ്ങൾ ആഹ്വനം ചെയ്ത പ്രകാരം, പ്രതിക്രിയാവധം ഇസ്‌ലാമിക രാഷ്ട്ര നിയമമാക്കപ്പെടുന്നത്. ബനൂ സുലൈം ഗോത്രജനായ ഒരാളെ വധിച്ചതിന്, ഹുദൈൽ ഗോത്രജനിൽ വധശിക്ഷ നടപ്പാക്കിയായിരുന്നു ഇത് നടപ്പിൽ വന്നത്.
(3) മുലപ്പാൽ കുടി ബന്ധത്തിൽ കഅബിന്റെ സഹോദരനായിരുന്നു ഘാതകൻ അബൂ നാഇല.
Leave a Reply