നോമ്പ് മുറിയുന്ന കാരണങ്ങൾ വിവരിക്കവേ, ഫത്ഹുൽ മുഈനിൽ കടന്നുവരുന്ന ‘പ്രശ്നവിശകലനം’ കാമർത്തിയോടെ വായിച്ചു വിരോധബുദ്ധിയോടെ ചിലർ ദുർവ്യാഖ്യാനിക്കുന്നതായി കേൾക്കാനിടയായി. അഗമ്യഗമനത്തിനുള്ള ഇസ്‌ലാമിലെ അനുവാദമായും പ്രോത്സാഹനമായും, വ്രതകാലത്തുപോലും ‘ഉമ്മപെങ്ങ’ന്മാരുമായി ക്വോണ്ടം സെക്സ് ചെയ്യാമെന്നതിനുള്ള തെളിവായും ഫത്ഹുൽ മുഈനിലെ പരാമർശങ്ങളെ അവർ തെറ്റിദ്ധരിപ്പിക്കുന്നു.
നോമ്പ് മുറിയുന്ന കാര്യങ്ങൾ ഫത്ഹുൽ മുഈൻ വിശദമായി രേഖപ്പെടുത്തുന്നുണ്ട്. സ്വേഷ്ടം + നോമ്പു മുറിയുമെന്ന അറിവോടെ+ മനഃപൂർവ്വം (=ബലാൽക്കാരമായോ അറിവില്ലാതെയോ മറന്നുകൊണ്ടോ സ്വബോധമില്ലാതെയോ അല്ലാതെ) ചില കാര്യങ്ങൾ ചെയ്താൽ നോമ്പ് മുറിയും. അന്നപാനം ചെയ്യുക, സംഗം ചെയ്യുക, ശുക്ല സ്രാവം വരുത്തുക, ഉണ്ടാക്കി ഛർദ്ധിക്കുക എന്നീ കാര്യങ്ങളാണവ. അഥവാ, ഇവയൊന്നും സംഭവിക്കാതെ വ്രതമനസ്സോടെ ആദ്യപ്രഭാതം മുതൽ അസ്തമയം വരെ ശരീരത്തെ പിടിച്ചുനിർത്തലാണ് വ്രതം. ആരുമായുള്ള സംഗമായാലും നോമ്പ് മുറിയും. സ്വന്തമായോ ഭാര്യ മുഖാന്തിരമോ ശുക്ല സ്രാവം വരുത്തിയാലും നോമ്പ് മുറിയും. എന്നാൽ….? ഇനിയാണ് വിവാദമായ ‘മസാല മസ്അല’.
വ്രതക്കാരൻ ഏതെങ്കിലും സ്ത്രീയെ(1) തൊലിയിൽ സ്പർശിക്കാതെ ചുംബിക്കുകയോ ആശ്ലേഷിക്കുകയോ ചെയ്തുവെന്ന് കരുതുക. ചുംബനാശ്ലേഷണങ്ങൾ കാമ വികാരത്തോടെത്തന്നെ ആവർത്തിക്കുകയും
വളരെ നേർത്ത മറയോടെയും ആണെന്നും കരുതുക. അതുനിമിത്തം അയാൾക്ക് ശുക്ലസ്രാവം സംഭവിച്ചുവെന്നും കരുതുക. വ്രതം നിയമപരമായി അസാധുവാകില്ല. ശരീരം സ്പർശിച്ചില്ല എന്നതാണ് കാരണം. ശരീര സ്പർശം ഇല്ലാതെ ശുക്ല സ്രാവം സംഭവിച്ചാൽ നോമ്പ് മുറിയാത്ത വേറെയും സന്ദർഭങ്ങളുണ്ട്; സ്വപ്ന സ്ഖലനം, വിചാരസ്ഖലനം. വികാരം ഉദ്ദീപിപ്പിക്കുന്ന ദൃശ്യങ്ങൾ നോക്കുക നിമിത്തം സ്ഖലിക്കൽ, അത്തരം കാര്യങ്ങൾ ഭാവനയിൽ കാണുക നിമിത്തം സ്ഖലിക്കൽ എന്നിവ പോലെ. തൊലിസ്പർശം ഇല്ലാതെ, ഒരു സ്ത്രീയുടെ മുടിയിൽ സ്പർശിച്ച കാരണം ഒരുത്തന് സ്ഖലിച്ചുവെന്ന് സങ്കല്പിക്കുക. അയാളുടെ നോമ്പും മുറിയില്ല. അപ്രകാരം തന്നെ, വിവാഹബന്ധം നിഷിദ്ധമായ ഏതെങ്കിലും സ്ത്രീയെ സ്പർശിച്ചതുനിമിത്തം ഒരു വ്രതക്കാരന് സ്ഖലനം ഉണ്ടായാലും നോമ്പ് മുറിയില്ല. ഇപ്പറഞ്ഞ രണ്ടു സാഹചര്യങ്ങളിലും വുദു മുറിയില്ല എന്നതാണ് ന്യായം. ഇതാണ് ശാഫിഈ കർമ്മശാസത്രം മധ്യമ നിലയിൽ നീട്ടിപ്പറയുന്ന ഫത്ഹുൽ മുഈനിലെ വരികളുടെ സാരം.
തൊലികൾ തമ്മിൽ സ്പർശിക്കാതെ, ബോധപൂർവ്വം+ വികാരപൂർവ്വം ഭാര്യയോ അല്ലാത്തവരോ ആയ ഒരന്യ സ്ത്രീയെ ചുംബനം/ ആശ്ലേഷം ചെയ്തകാരണം സ്ഖലിച്ചാൽ നോമ്പ് മുറിയില്ല; മഹ്‌റമിന്റെ തൊലി സ്പർശിക്കുക നിമിത്തം സ്ഖലിച്ചാലും നോമ്പ് മുറിയില്ല എന്ന് ചുരുക്കം. അതായത്, ശാഫിഈ പണ്ഡിതന്മാരിൽ പ്രമുഖരുടെ വീക്ഷണത്തിൽ ശുക്ലസ്ഖലനം നോമ്പ് മുറിക്കണമെങ്കിൽ രണ്ട് കണ്ടീഷനുകൾ ഉണ്ട്. ഒന്ന്: സ്ത്രീ പുരുഷന്മാരുടെ തൊലി തമ്മിൽ ചേരണം. രണ്ട്: തൊലി സ്പർശിക്കുന്നുവെങ്കിൽ വുദു മുറിയുന്ന സ്പർശം ഉണ്ടാകണം.
പ്രഥമ വായനയിൽ, ആധ്യാത്മിക പ്രാധാന്യമുള്ള വ്രതമെന്ന മഹാകർമ്മത്തിന്റെ ആത്മാവ് പരിഗണിക്കാത്ത നിയമങ്ങളായാണ് ഇത് തോന്നിപ്പിക്കുക. ആ അർത്ഥത്തിൽ പലരെയും ഇത് അലോസരപ്പെടുത്തിയേക്കാം. എന്നാൽ, ഇസ്‌ലാമിക കർമ്മ ശാസ്ത്രം ആരാധനകളുടെ പേരിൽ മനുഷ്യന്റെ സെക്സ് താല്പര്യങ്ങളെ പരിഗണിക്കുന്നില്ല എന്ന് വിമർശിക്കുന്നവർ, ഇവിടെയെത്തുമ്പോൾ, കർമ്മശാസ്ത്രത്തിലെ ഉദാര സെക്സ് നിയമങ്ങളെന്ന് ആക്ഷേപിക്കുന്നു. മുകളിൽ പറഞ്ഞ സെക്സ് സന്ദർഭങ്ങൾ വ്രതത്തെ ബാധിക്കുമോ ഇല്ലയോ എന്നകാര്യത്തിൽ കർമ്മ ശാസ്ത്ര ജ്ഞാനികൾക്കിടയിൽ ഭിന്ന വീക്ഷണങ്ങളുണ്ട്. അത് വഴിയേ പറയാം. എന്നാൽ, വ്രതസമയത്ത് ഇത്തരം സെക്സ് അനുഭൂതികൾക്ക് മുകളിൽ പറഞ്ഞ വഴികൾ സ്വീകരിക്കാൻ പാടുണ്ടോ എന്ന കാര്യത്തിൽ കർമശാസ്ത്രം എന്തുപറയുന്നു എന്നതാണ് ഇവിടെ അടിയന്തിരമായി വിശകലനം ചെയ്യേണ്ടത്.
ചോദ്യം ഒന്ന്: വ്രതക്കാരൻ ഏതെങ്കിലും സ്ത്രീയെ വികാരത്തോടെ, നേരിയ മറ ‘മറയാക്കി’ ചുംബിക്കുകയോ ആശ്ലേഷിക്കുകയോ ചെയ്യാമോ?
=ഒരന്യ സ്ത്രീയെ ഏതവസരത്തിലും വികാരത്തോടെ സ്പർശിക്കാനോ ആശ്ലേഷിക്കാനോ പാടില്ല. വികാരമില്ലാതെയും സ്പർശിക്കാൻ പാടില്ലെന്നാണ് ഫത്ഹുൽ മുഈൻ ‘വിവാഹം’ അധ്യായത്തിൽ പഠിപ്പിക്കുന്നത്. വ്രതമുള്ളപ്പോൾ തീരെയും പാടില്ല; വികാരമിളകുമെന്ന ഭയമുള്ളയാൾ വ്രതസമയത്ത് സ്വഭാര്യയെപോലും ചുംബിക്കുന്നതും ആശ്ലേഷിക്കുന്നതും ഹറാമാകുന്നു. (ഫത്ഹുൽ മുഈനിനു മുമ്പേ പഠിക്കുന്ന പത്ത് കിതാബിലെ കിതാബു സൗമ് കാണുക). വ്രതക്കാരൻ എല്ലാവിധ ദൃശ്യ ശ്രാവ്യ രസനാ സ്പർശന സുഖങ്ങളെയും ത്യജിക്കാൻ ഫത്ഹുൽ മുഈൻ തന്നെ ഇതേ അധ്യായത്തിൽ പ്രോത്സാഹിപ്പിക്കുന്നു.
ചോദ്യം രണ്ട്: മഹ്‌റമിൽ ഉമ്മയും പെങ്ങളും പുത്രിയും ഉൾപ്പെടുമല്ലോ. അവരെ വികാരത്തോടെ സ്പർശിക്കാമോ?
ഒരിക്കലും പാടില്ല. മുകളിൽ പറഞ്ഞതിനേക്കാൾ കടുത്ത തെറ്റാണ്. ഇസ്‌ലാമിക സമൂഹത്തിലെ എല്ലാ കർമ്മ ശാസ്ത്ര ധാരകളും ഇക്കാര്യത്തിൽ ഏക സ്വരമാണ്.
ചോദ്യം മൂന്ന്: വികാരം ജനിപ്പിക്കുന്ന ദൃശ്യങ്ങൾ നോക്കി ആസ്വദിക്കാനോ, ഭാവനയിൽ കണ്ട് വികാരപ്പെടാനോ പാടുണ്ടോ?
ഇല്ല; നിഷിദ്ധമാണ്. അത്തരം നോട്ടം കണ്ണിന്റെ വ്യഭിചാരവും ഭാവന മനസ്സിന്റെ വ്യഭിചാരവുമാണ്.
ചോദ്യം നാല് : എന്തുകൊണ്ടാണ് നിഷിദ്ധമായ ഇത്തരം കാര്യങ്ങൾ ചെയ്തിട്ടും നോമ്പ് മുറിയില്ലെന്ന് പഠിപ്പിക്കുന്നത്?
കർമ്മ ശാസ്ത്രം സമൂഹത്തിലെ എല്ലാത്തരം മനുഷ്യരെയും പരിഗണിച്ചുകൊണ്ട് മിനിമം ഇസ്‌ലാം വരെ ചർച്ചചെയ്യും. അതോടൊപ്പം ആരാധനയുടെ അടിസ്ഥാനതാല്പര്യം കാത്തുസൂക്ഷിക്കാനാവശ്യമായ പ്രോത്സാഹനങ്ങളും ഉൾപ്പെടുത്തും. ആരാധനയെ ആധ്യാത്മികമായി സമീപിക്കാനുള്ള പ്രവാചകാധ്യാപനങ്ങൾ ധർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളാണ് മികച്ച രൂപത്തിൽ വിശകലനം ചെയ്യുക. ഫത്ഹുൽ മുഈൻ കർത്താവ് ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന് ഇത്തരത്തിലുള്ള ഒരു ധർമ്മ ശാസ്ത്ര ഗ്രന്ഥവുമുണ്ട്; പേര്: ഇർഷാദുൽ ഇബാദ്= ദാസന്മാർക്കുള്ള ധാർമ്മികോപദേശങ്ങൾ. അതിൽ നോമ്പിന്റെ തൊലിപ്പുറം കാര്യമായി ചർച്ചയില്ല; ആത്മാവ് സ്പർശിക്കും. ഫത്ഹുൽ മുഈനിൽ നോമ്പിന്റെ ശരീരമാണ് മുഖ്യ പ്രതിപാദ്യം.
ചോദ്യം അഞ്ച്: ഫത്ഹുൽ മുഈനിൽ പറയുന്നതെല്ലാം ഇസ്‌ലാമിക നിയമങ്ങൾ തന്നെയല്ലേ?
കർമ്മ ശാസ്ത്രവിശകലനത്തിൽ കടന്നുവരുന്നവയെല്ലാം ഇസ്‌ലാമിലെ ഖണ്ഢിത അധ്യാപനങ്ങൾ ആകണമെന്നില്ല. പല കാര്യങ്ങളിലും വീക്ഷണ വൈവിധ്യങ്ങൾ കാണാം. വികാരപൂർവ്വം സ്പർശിച്ച് സ്ഖലനം സംഭവിച്ചാൽ നോമ്പ് മുറിയുമെന്ന നിലപാടാണ് ഭൂരിഭാഗം ജ്ഞാനികൾക്കുമുള്ളത്. എന്നാൽ, ഇമാം ശാഫിഈ മുറിയില്ലെന്ന് അഭിപ്രായപ്പെട്ടു. ഫത്ഹുൽ മുഈൻ ഈ നിലപാട് പകർത്തുന്നു.
ചോദ്യം ആറ് : ഇൻസെസ്റ്റ് ഏതെങ്കിലും കർമ്മ ശാസ്ത്ര പണ്ഡിതർ അനുവദിക്കുന്നുണ്ടോ?
ഒരിക്കലുമില്ല; ഇസ്‌ലാമിക പണ്ഡിതന്മാർക്കിടയിൽ ഏകസ്വരമാണിക്കാര്യത്തിൽ. ഇൻസെസ്റ്റ് കഠിന നിഷിദ്ധമാകുന്നു. വ്യഭിചാരം പൊതുവെ പാപമാണ്; എന്നാൽ, പല വ്യഭിചാരവും നിഷിദ്ധ തീവ്രതയിൽ വ്യത്യാസമുണ്ട്. അയൽവാസിനിയെ വ്യഭിചരിക്കുന്നതിന് തീവ്രത കൂടും. ഇസ്‌ലാമിക സൈനിക വൃത്തി ചെയ്യുന്നവരുടെ പത്നിമാരുമായി വ്യഭിചരിക്കുന്നത് പിന്നെയും തീവ്രത വർദ്ധിക്കും. മഹ്‌റമിനെ ആകുമ്പോൾ വീണ്ടും കടുപ്പമേറി. അതുതന്നെ രക്തബന്ധുവാകുമ്പോൾ പിന്നെയും ശക്തിപ്പെട്ടു; മകളും സഹോദരിയും ഉമ്മയുമായാൽ ഭൗതിക- പരലോക ശിക്ഷ പരമാവധിയിലെത്തുന്നു. ഫത്ഹുൽ മുഈൻ കർത്താവിന്റെ ഗുരുനാഥൻ ഇതുസംബന്ധമായി എഴുതിയത് وأعظم الزنا على الإطلاق الزنا بالمحارم.] الزواجر عن اقتراف الكبائر 2/301. എന്നത്രെ. “മഹറാമുമായുള്ള അഗമ്യ ഗമനമത്രെ ഏറ്റവും കനത്ത വ്യഭിചാരം”. പിതാവിൻ്റെ ഭാര്യയുമായി ശയിച്ചവന് പ്രവാചകൻ വധശിക്ഷ നടപ്പിലാക്കിയ ഒന്നുരണ്ടു സംഭവങ്ങൾ സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്.
 ‌أَمَّا ‌النَّظَرُ ‌بِشَهْوَةٍ فَحَرَامٌ قَطْعًا لِكُلِّ مَنْظُورٍ إلَيْهِ مِنْ مَحْرَمٍ وَغَيْرِهِ غَيْرَ زَوْجَتِهِ وَأَمَتِهِ കാമത്തോടെ മഹ്‌റമിനെയോ അല്ലാത്തവരെയോ നോക്കുന്നത് ഹറാമാകുന്നു എന്നത്രെ ഫത്ഹുൽ മുഈൻറെ റെഫെറൻസായ മുഗ്നിയിൽ രേഖപ്പെടുത്തുന്നത്. നോക്കി വികാരമിളക്കുന്നത് സ്ത്രീയെത്തന്നെ ആകണമെന്നില്ലെന്നും ജന്തുക്കൾ പോലും ആകണമെന്നില്ലെന്നും അജൈവ വസ്തുക്കളെ നോക്കി വികാരമിളക്കുന്നതുപോലും നിഷിദ്ധമാണെന്നും അഭിപ്രായമുള്ളവരാണ് ശാഫിഈ പണ്ഡിതർ. (ബുജൈരിമി കുറിച്ചു : قَالَ ع ش عُمُومُهُ يَشْمَلُ الْجَمَادَاتِ فَيَحْرُمُ النَّظَرُ إلَيْهَا بِشَهْوَة). ഇതര മദ്ഹബ് പണ്ഡിതരെല്ലാം സമാനമായ നിലപാടുള്ളവരാണ്.
(1) വല്ല സ്ത്രീയെ എന്നിടത്ത് ‘ഭാര്യയെ’ എന്ന് പരിഭാഷപ്പെടുത്തിയത് പരിഭാഷകന്റെ പിഴവ്. അഖിലേന്ത്യാ ഖാസി കാന്തപുരം അബൂബക്കർ മുസ്ല്യാർ ആമുഖ പഠനമെഴുതിയതും പൂങ്കാവനം ബുക്സ് പ്രസിദ്ധം ചെയ്തതുമായ ഫത്ഹുൽ മുഈൻ പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് ഒരു സംഘം യുവ എഴുത്തുകാരാണ്.
Leave a Reply