കഥാകഥനം എന്നതിനപ്പുറം ചില പണികൾ വൈദ്യരുടെ ബദ്ർ നിർവ്വഹിക്കുന്നുണ്ട്. ബദറിൻറെ ആറാം ഇശലിൽ ബദ്‌രീങ്ങളുടെ മഹത്വം വിവരിക്കാൻ ഉദ്ധരിക്കുന്ന പോരിശകൾ സമുദായത്തെ വഴികേടിലേക്ക് നയിക്കുന്നവയാണ്. പ്രയാസങ്ങൾ നീക്കാൻ ബദ്രീങ്ങളെ വിളിക്കുവാനും ബദ്രീങ്ങളുടെ ഹഖ് കൊണ്ട് പ്രാർത്ഥിക്കാനും അവരുടെ നാമം ഉരുവിടാനും ഉറുക്കെഴുതി കെട്ടാനുമെല്ലാം പ്രോത്സാഹിപ്പിക്കുകയാണ് ബദ്‌റിലെ ആറാം ഭാഗത്ത്.
ഉധൃത ആചാരങ്ങളെല്ലാം ഹിജ്‌റ എട്ടാം നൂറ്റാണ്ടിനു ശേഷം നിർമ്മിക്കപ്പെട്ടതാണ്. ആധികാരിക ‘സലഫ് + ഖലഫ് പണ്ഡിതന്മാരാരും ഇത്തരമൊരു കുറുക്കുവഴി/കറക്കുവഴി കണ്ടെത്തിയിരുന്നില്ല. അക്ഷരകൂടോത്ര വിദ്യ (ഇൽമുൽ ഹുറൂഫ്) റാഫിദികൾ/ബാഥിനികൾ സമുദായത്തെ പരിചയപ്പെടുത്തിയതിനെത്തുടർന്നാണ് നാമങ്ങളുടെ ഖസാഇസ് പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. അല്ലാഹുവിന്റെയോ പ്രവാചകരുടെയോ ബദ്രീങ്ങളുടെയോ നാമങ്ങളുടെ അബ്ജദീ മൂല്യം ഗണിച്ച്, നിശ്ചിത എണ്ണം ചൊല്ലുക, ആ മൂല്യം പ്രത്യേക കോളങ്ങളിൽ എഴുതിയിടുക, മറ്റു ചേരുവകളുമായി കൂട്ടി സേവിക്കുക തുടങ്ങിയ വിദ്യകൾ ‘ഔലിയാക്കളുടെ അകം പൊരുൾ വിജ്ഞാനത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഇതിനെ തുടർന്നാണ് അസ്മാഉൽ ബദ്ർ ഉറുക്കുകൾ രൂപപ്പെടുന്നത്. അവരുടെ നാമങ്ങൾ എഴുതിത്തൂക്കുന്നതിന്റെ പോരിശകളും പ്രചരിപ്പിക്കപ്പെട്ടു.
മലയാളക്കരയിൽ ബദ്രീങ്ങളെ ഈ ആവശ്യത്തിന് ദുരുപയോഗം ചെയ്യുന്ന വഴികേട്‌ വ്യാപിപ്പിക്കുന്നതിൽ വൈദ്യരുടെ ബദ്‌റിനും അത് പാടിപ്പറയുന്ന സദസ്സുകൾക്കും വലിയ പങ്കുണ്ട്. ആദ്യ മഖ്ദൂമുമാരുടെ അധ്യാപനത്തിലോ നടപടികളിലോ ഈ വക പരിപാടികൾ ഇല്ലായിരുന്നു. ഒന്നാം മഖ്ദൂമിലേക്ക് പ്രചരിപ്പിക്കപ്പെടുന്ന മൻഖൂസ് മൗലിദിന്റെ രചനയുടെ പശ്ചാത്തലമായി പ്രചരിപ്പിക്കുന്ന കഥ, പൊന്നാനിയിൽ പകർച്ചവ്യാധി ഉണ്ടായപ്പോൾ അതുതടയാൻ എഴുതിയതായിരുന്നു എന്നത്രെ. ഇക്കഥ അനുസരിച്ച്, അക്കാലത്തുപോലും കേരള മുസ്‌ലിംകൾ ദുരിത നാശിനിയായി നബികീർത്തനം നടത്തുന്നിടത്തേ എത്തിയിട്ടുള്ളൂവെന്നാണ്. എൻ്റെ അറിവിൽ മൻഖൂസ് മൗലിദ് കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിപ്പുറം ആരോ എഴുതിയുണ്ടാക്കിയതായിരിക്കാമെന്നാണ്; മഖ്ദൂം അവ്വൽ ആകാൻ യാതൊരു സാധ്യതയുമില്ല.
ബദ്രീങ്ങളെ അവലംബിച്ചാലുള്ള പോരിശകൾ വിവരിക്കുന്ന വൈദ്യർ അതിനുള്ള റഫറൻസ് ആയി നൽകുന്നത് രണ്ടുപേരെയാണ്. 1. ഇബ്നു ബുർഹാൻ/ സീറത്തുൽ ഹലബി, 2. ശൈഖ് അബ്ദുല്ലത്വീഫ് /രിസാല.
“ഉറച്ച വിശ്വാസത്തോടെ ആരെങ്കിലും ബദ്ർ യോദ്ധാക്കളെക്കൊണ്ട് അവരുടെ മഹത്വത്തെ മുൻ നിറുത്തി അല്ലാഹുവോട് ഇടതേടിയാൽ ഏത് സന്ദര്ഭത്തിലാണെങ്കിലും ഉത്തരം ലഭിക്കുമെന്ന്” ഇബ്നു ബുർഹാൻ സീറത്തുൽ ഹലബിയിൽ ഉര ചെയ്തിരിക്കുന്നുവെന്നാണ് വൈദ്യർ പാടുന്നത്. ചരിത്രകാരൻ എന്നതിനേക്കാൾ സൂഫിയായിരുന്നു ഹിജ്‌റ പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച നൂറുദ്ധീൻ അലി ബ്നു ബുർഹാൻ അൽഹലബി. അദ്ദേഹത്തിൻ്റെ നബി ചരിത്ര കൃതിയായ إنسان العيون في سيرة الأمين المأمون യാണ് സീറത്തുൽ ഹലബി എന്നറിയപ്പെടുന്നത്. മുഹമ്മദ് സ്വാലിഹി(മ. ഹി 942) യുടെ ‘സുബുലുൽ ഹുദാ’യെ ഉപജീവിച്ചുള്ള രചന.
ഈ ഗ്രന്ഥത്തിൽ വൈദ്യർ പറഞ്ഞപ്രകാരത്തിൽ യാതൊന്നും കാണുന്നില്ല. വൈദ്യർ പറഞ്ഞ ‘ഹഖ് പ്രാർത്ഥന’യുടെ വർത്താനം അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാൽ ഇങ്ങനെ കാണുന്നു: «وذكر الإمام الدواني أنه سمع من مشايخ الحديث أن الدعاء عند ذكرهم يعني ‌أصحاب ‌بدر مستجاب، وقد جرب ذلك» ഇമാം ദവ്വാനി ഹദീസ് ഗുരുക്കളിൽ നിന്നും കേൾക്കാനിടയായതായി അനുസ്മരിച്ചു: ‘ബദ്രീങ്ങളെ അനുസ്മരിക്കുന്നിടത്ത് പ്രാര്ഥനയ്ക്കുത്തരം ലഭിക്കുന്നതാണ്; അക്കാര്യം അനുഭവസിദ്ധമാണ്”. ഹി. 918 ൽ മരണപ്പെട്ട ശാഫിഈ പണ്ഡിതനും കലാമിയും ഫൽസഫിയും സൂഫിയുമാണ് പേർഷ്യക്കാരനായ ദവ്വാനി. അദ്ദേഹത്തിൻ്റെ ശറഹു അഖാഇദിൽ അളുദിയ്യയിലാണ് മേൽ വരികൾ രേഖപ്പെടുത്തിയിരിക്കുന്നത്. സജ്ജനങ്ങളിൽ ഉന്നതരായ ബദ്രീങ്ങളെ സ്മരിക്കുന്നത് പുണ്യകർമ്മമാണെന്ന് മാത്രമേ ഈ പ്രസ്താവനയിൽ നിന്നും മനസ്സിലാക്കാൻ കഴിയൂ. അതിലൊട്ടും പുതുമയുമില്ല; ദീനിൽ സ്ഥിരപ്പെട്ട കാര്യമാണ്.
വൈദ്യരുടെ അടുത്ത അവലംബം ശൈഖ് അബ്ദുല്ലത്വീഫ് എന്നവരുടെ രിസാലയാണ്. ഇതിൽ നിന്നാണ് കൂടുതൽ പോരിശകൾ. ‘ഉന്നതരായ ബദ്രീങ്ങളുടെ മഹത്വ നാമങ്ങളുടെ ശ്രേഷ്ഠതയാൽ ദൈവിക സാമീപ്യം ലഭിച്ച മഹാത്മാക്കൾ ആയിട്ടുണ്ടെ’ന്നും, ‘രോഗികളുടെ തലയിൽ കൈവെച്ചുകൊണ്ട് ബദ്രീങ്ങളുടെ നാമങ്ങൾ ചൊല്ലി രോഗശമനത്തിനായി പ്രാർത്ഥിച്ചാൽ തൽക്ഷണം രോഗം ക്ഷമിക്കും, ‘സങ്കടങ്ങളും നാശങ്ങളും സംഭവിക്കുമ്പോൾ അവരുടെ പേരെഴുതിക്കെട്ടുകയോ ഓതുകയോ ചെയ്താൽ പ്രാർത്ഥന ഉടനടി സ്വീകരിക്കും. അബൂ അബ്ദുല്ലപറയുന്നു: പിതാവ് ഇമാം ജഅഫർ എന്നെ ശക്തിയായി ഉപദേശിച്ചു, നബിയുടെ അനുചരന്മാരെ സ്നേഹിക്കാൻ, അവരുടെ മഹത്വം സദാ ഉൾക്കൊള്ളാൻ, ദൃഢ വിശ്വാസത്തോടെയും സ്നേഹത്തോടെയും അവരെ അവരെ ഇടയാളന്മാരാക്കി പ്രാർത്ഥിക്കാൻ. മുഷിപ്പ്, ആധികൾ, ഞെരുക്കം, വൻനാശം തുടങ്ങിയവ സ്വത്തിലോ ശരീരത്തിലോ ജോലിയിലോ വന്നുപെട്ടാൽ ബദ്രീങ്ങളുടെ നാമത്താൽ അതിനൊക്കെയും ശമനം ലഭിക്കുമെന്നും പിതാവ് ഉണർത്തി. ഏതൊരാളും ആത്മാർത്ഥ ഹൃദയത്തോടെ ബദ്രീങ്ങളെ വിളിച്ചാൽ ഉടനെ അവർ സന്നിഹിതരാകുന്നതാണ്. ആസന്ന മരണാവസ്ഥയ്ക്ക് മുമ്പുള്ള ഏത് പ്രതിസന്ധി സമയത്തും അവരെ വിളിക്കാം. മരണവേളയിൽ വിളിച്ചാൽ ഉണർവും ഉന്മേഷവും പ്രയാസ ലഘൂകരണവും ലഭിക്കും. എല്ലാ ദിവസവും ബദ്രീങ്ങളുടെ പേരിൽ ഒരു ഫാതിഹ കൊറിയർ അയച്ചാൽ അവൻ്റെ പാപങ്ങൾ അല്ലാഹു പൊറുക്കുമെന്നും ഭക്ഷണത്തിലും തൊഴിലിലും വിശാലത ഉണ്ടാകുന്നതാണെന്നും പിതാവ് എന്നെ ഉദ്‌ബോധിപ്പിച്ചു. ഇതാണ് ചുരുക്കത്തിൽ പോരിശകൾ.
ഹി.1162 ൽ മരണപ്പെട്ടിട്ടില്ലാത്ത അല്ലാമാ അബ്ദുല്ലത്വീഫ് അൽ ബഖാഈ അൽ ഹിംസ്വി അൽ മിസ്‌രിയാണ് വൈദ്യർ ഉദ്ദേശിക്കുന്ന ‘കരുത്തർ അബ്ദുല്ലത്വീഫ് ശൈഖ്’. ബദ്രീങ്ങളുടെ പോരിശകളും പേരുകളും അവരുടെ ജീവചരിത്രവും ഉൾപ്പെടുത്തി ഇദ്ദേഹം എഴുതിയ ഒരു രിസാലയുണ്ട്. ഉസ്മാനിയ്യ ഖിലാഫത്തിലെ അന്നത്തെ പ്രധാനമന്ത്രി അബൂബക്കർ പാഷയുടെ നിർദ്ദേശപ്രകാരമാണ് ബഖാഈ ബദ്രീങ്ങളെ കുറിച്ചുള്ള രിസാല തയ്യാറാക്കുന്നത്. കൂട്ടത്തിൽ, ബദ്രീങ്ങളുടെ കുറച്ച് പോരിശകൾ താൻ ഉൾപ്പെടുത്തിയെന്ന് ഗ്രന്ഥകാരൻ ആമുഖത്തിൽ പറയുന്നു. അതിൻ്റെ ആമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈദ്യർ ഉദ്ധരിച്ചിരിക്കുന്നത്.
പോരിശക്കഥകളുടെ പൊതുസ്വഭാവം പോലെ, ബഖാഈയും പ്രസ്താവനകളുടെ സ്രോതസ്സോ സനദോ വ്യക്തമാക്കുന്നില്ല. അതുകൊണ്ടുതന്നെ സ്വീകാര്യവുമല്ല. സുപ്രസിദ്ധ സകലകലാ വല്ലഭനും മുഫസ്സിറും മുഹദ്ദിസും (സ്വഹീഹുൽ ബുഖാരിയുടെ ചില ഭാഗങ്ങൾക്ക് വ്യാഖ്യാനം എഴുതിയിട്ടുണ്ട്) ശാഫിഈ വക്താവുമായ ത്വാഹാ ബ്നു മിഹന്നാ അൽജബ്‌റീനി (മ. ഹി.1178/ 1188- കൂടുതൽ വിവരങ്ങൾക്ക് മുഹമ്മദ് ഖലീൽ മുറാദി യുടെ سلك الدرر في أعيان القرن الثاني عشر റെഫർ ചെയ്യാം) പ്രോക്ത രിസാലയ്ക്ക് ഗംഭീരമായ ടിപ്പണി തയ്യാറാക്കിയിട്ടുണ്ട്. മൂല ഗ്രന്ഥത്തേക്കാൾ ഗംഭീരം ടിപ്പണിയാണെന്ന് പരിശോധിക്കുന്നവർക്കറിയാം. പോരിശകൾ പറയുമ്പോൾ ആര്,എവിടെ പറഞ്ഞുവെന്ന് വ്യക്തമാക്കാതെ പോയതിനോട് ജബ്‌റീനി അസംതൃപ്തി പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്. ‘സ്രോതസ്സോ സനദോ വ്യക്തമാക്കാതെ പ്രസ്താവനകൾ പറഞ്ഞുപോകുന്നത് ഹദീസ് പണ്ഡിതരുടെ രീതിയേ അല്ല’, അല്ലാമാ ജബ്‌റീനി ധർമ്മരോഷം പ്രകടിപ്പിച്ചു.
ഇങ്ങനെ മേൽവിലാസമില്ലാത്ത പോരിശക്കഥകളാണ് വൈദ്യർ പകർത്തിയിരിക്കുന്നത്. അത് വൈദ്യരുടെ കുറ്റമല്ല; മത പാണ്ഡിത്യമില്ലാത്ത അദ്ദേഹത്തിന് ‘അസംസ്കൃത വസ്തുക്കൾ’ നൽകിയവരാണ് പ്രതികൾ.
ശൈഖ് അബ്‌ദുല്ലത്വീഫിനെ പകർത്തുമ്പോൾ വൈദ്യർക്ക് ഒരു അബദ്ധം സംഭവിച്ചിട്ടുണ്ട്. അബ്ദുല്ലയുടെ പുത്രൻ ജഅഫർ എന്ന അജ്ഞാത വ്യക്തിത്വമാണ് പിതാവിൻ്റെ ഉപദേശം ഉദ്ധരിക്കുന്നത്. വൈദ്യർ ഇമാം ജഅഫർ പുത്രൻ അബ്ദുല്ലയെ ഉപദേശിച്ചു എന്നാക്കി. പിതാവും പുത്രനും പരസ്പരം മാറിയത് മാത്രമല്ല, ‘ഇമാം ചേർത്ത് ജഅഫർ എന്ന് പറയുകവഴി, ജാഫറുസ്വാദിഖ് റ യിലേക്ക് ചേർക്കാനുള്ള വഴി സൗകര്യപ്പെടുത്തുകയായിരുന്നു. മലയാള വ്യാഖ്യാതാക്കൾ അങ്ങനെ കരുതിയ മട്ടിലാണ് എഴുത്ത്. അതേസമയം, ടിപ്പണി തയ്യാറാക്കിയ അൽ ജബ്‌റീനി, ‘ആളെ വ്യക്തമാക്കുകയോ സ്രോതസ്സ് വെളിപ്പെടുത്തുകയോ ചെയ്യാത്ത കാര്യം പ്രത്യേകം എടുത്തു പറയുന്നുണ്ട്.
ദവ്വാനിയും ദാറാനിയും ബദ്ർ മൗലിദ് പതിപ്പുകളും..
സമസ്തക്കാര്ക്കിടയിൽ വ്യാപകമായി ഉപയോഗിക്കുന്ന ബദ്ർ മൗലിദ് രചിട്ടുള്ളത് പൊന്നാനി വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ല്യാർ ആണ്. അദ്ദേഹത്തിൻ്റെ ബദ്ർ മൗലിദിൽ ഏറെക്കുറെയും ബഖാഈയുടെയും ജബ്‌റീനിയുടെയും ഹലബിയുടെയും ഉദ്ധരണികൾ തന്നെയാണ്. മേൽവിലാസമില്ലാത്തവ. ഹലബി ഉദ്ധരിക്കുന്ന ദവ്വാനി പക്ഷേ, ബദ്ർ മൗലിദിൽ ദാറാനിയാണ്. അങ്ങനെയൊരാളെ കണ്ടുപിടിക്കാൻ കഴിയാതെ മൗലൂദ് കമ്പനി ഏറെക്കാലം കുഴങ്ങി. ഹി. 1050 ൽ ജനിക്കുകയും 1094 ൽ മരണപ്പെടുകയും ചെയ്ത സാഹിദും ശാഫിഈ ഫഖീഹുമായ ശൈഖ് അഹ്മദ് ബ്നു മുഹമ്മദ് എന്ന പണ്ഡിതനാണ് ദാറാനി എന്ന പേരിലറിയപ്പെട്ട പിൽക്കാലക്കാരൻ(ഖുലാസത്തുൽ അസർ’ കാണുക). ഹലബി മരണപ്പെട്ട ശേഷം ജീവിച്ച ഇദ്ദേഹത്തെ ഹലബി ഉദ്ധരിച്ചുവെന്ന് പറയാൻ കഴിയില്ലല്ലോ.
ബദ്ർ മൗലിദിന്റെ ആദ്യകാലം മുതൽക്കുള്ള എല്ലാ പതിപ്പുകളിലും ‘ശൈഖ് ദാറാനി റഹി’ പറഞ്ഞു എന്നായിരുന്നു. ഹി. 1329 / എഡി 1911 ൽ തലശേരിയിൽ അടിച്ച പതിപ്പ് മുതൽ അങ്ങനെയാണ്. ഒരുപക്ഷേ, അബ്ദുൽ അസീസ് മുസ്‌ലിയാർക്ക് എഴുത്തുപിഴ സംഭവിച്ചതായിരിക്കാം. പക്ഷേ, കക്ഷി ദവ്വാനി ആണെന്ന് മനസിലായവർ പോലും തിരുത്താൻ തയ്യാറായില്ല. എന്നെങ്കിലും ഒരുനാൾ ദാറാനിയെ കണ്ടുമുട്ടുമെന്ന വിശ്വാസത്തിൽ. അബദ്ധം സംഭവിച്ചതാണെന്ന് മനസ്സിലായാൽ പോലും തിരുത്താൻ ഭയക്കുന്ന ‘പൂർവ്വികപൂജ’.
എന്നാൽ, മൗലിദുകൾ ‘കുറ്റമറ്റ രീതിയിൽ’ സമസ്ത നേരിട്ടിറക്കാൻ തുടങ്ങിയപ്പോൾ ശൈഖ് ദാറാനി മുഹമ്മദ് അസ്‌വദ് റഹി എന്ന് തിരുത്തി. ഇദ്ദേഹം ആരാണ്, എവിടെ പറഞ്ഞു എന്നറിയില്ല. പാറന്നൂർ പീപ്പി മുഹ്‌യിദ്ധീൻ കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള പതിപ്പിലാണ് ഈ എഡിറ്റിംഗ് കാണുന്നത്. (ശേഷം എന്തുണ്ടായാവോ!).
അതിലേറെ ശ്രദ്ധേയമായ പരിഷ്കരണങ്ങൾ രണ്ടെണ്ണം പറയാം:
ഒന്ന്: ആദ്യകാല പതിപ്പുകളുടെ മുഖപേജിൽ കൂടുതൽ പോരിശകൾ ഉണ്ടായിരുന്നു.”ഹാദിഹീ മനാഖിബു ശുഹദാഇൽ ബദ്റിയ്യീൻ ‘ എന്ന തലവാചകത്തിന്റെ മുകളിലും താഴെയുമായി ഇങ്ങനെ വായിക്കാം: “ഇതിനെ വല്ലവരും ഓതിയെങ്കിൽ ഏഴ് വർഷത്തെ ദോഷത്തിനെ പൊറുക്കുന്നതും വല്ല എടങ്ങേറ് മുസ്വീബത്ത് കടവും മറ്റും എത്തിയാൽ അവരുടെ പേരിനെ ഓതി തീരുന്നതിനു മുമ്പുതന്നെ ശിഫാ ആകുന്നതും കടം വീടുന്നതും , കൂടാതെ ഇതിനെ കുടിയിൽ വെച്ചാൽ എല്ലാ ശർറിനെ തൊട്ടും ഇതിന്റെ ബറകത്ത് കൊണ്ട് കാക്കപ്പെടുമെന്ന് ഏറിയ ഖോജാക്കന്മാർ പറഞ്ഞിരിക്കുന്നു”. ഇതൊന്നും പുതിയ പതിപ്പുകളിൽ കാണില്ല.
രണ്ട്: ഏഴു ഹദീസുകളും ഏഴ് പദ്യങ്ങളും അടങ്ങിയ പഴയ ബദ്ർ മൗലിദിൽ നിന്നും, ‘വ ദകറ ബഅളുഹും’ എന്ന് തുടങ്ങുന്ന മൂന്നാമത്തെ ‘ഹദീസും’ അതിനെത്തുടർന്നുവരുന്ന ‘യാമൻ ബിഹീ..’ എന്ന പദ്യവും കാണാതായിരിക്കുന്നു?! (ഏട് മറിച്ചിട്ടു ഓതിത്തീർത്തു എന്ന പരാതി ഒഴിവാക്കാം; തിരക്കുപിടിച്ച പരിപാടികൾക്കിടയിൽ പെട്ടെന്ന് അവസാനിപ്പിക്കാം. അടുത്ത പതിപ്പിൽ പരിഷ്കരണം തുടരും..?)
Leave a Reply