വൈദ്യരുടെ ആദ്യ വരികൾ തന്നെ നോക്കൂ..
ബദ്ർ പടപ്പാട്ട് ബിസ്മില്ലാഹ് കൊണ്ട് ആരംഭിച്ച വൈദ്യർ, ബിസ്മിയുടെ മഹത്വം അറിയിക്കാൻ ഇങ്ങനെ കുറിക്കുന്നു:
“”മഹ്‌ളഫ്ഫുദ +മധു+ പയ+സുര നദികളിൻ
മഅ്നത്തലകൾ ഫീ ബിസ്മില്ലാഹ്” (1)
അർഥം:
“മഹ്‌ളായ ഫുദ, മധു, പയ ,സുര നദികളുടെ മഅനയുടെ തലകൾ/പ്രാരംഭം ബിസ്മില്ലാഹിയിൽ ആകുന്നു”
“കലർപ്പറ്റ ജലം, തേൻ, പാൽ, കള്ള് എന്നിവ ഒഴുകുന്ന നദികളുടെ ആശയ പ്രവാഹം ബിസ്മില്ലാഹിയിൽ നിന്നത്രേ ആരംഭിക്കുന്നത്”. (2)
(1)വൈദ്യർ സ്മാരകം പുറത്തിറക്കിയ, കെ അബൂബക്കർ കൈവെച്ച ‘വൈദ്യർ സമ്പൂർണ്ണ കൃതികൾ’, കൊടക്കല്ല് ബി കെ അലി മൗലവി പുനരാഖ്യാനം ചെയ്ത ബദ്ർ എന്നീ കൃതികളാണ് മുഖ്യ അവലംബം. ‘ഫുദ’യെന്നാണ് മൂല കൃതിയിൽ കാണുന്നതെങ്കിലും ‘സമ്പൂർണ്ണകൃതിക’ളുടെ ഒന്നാം പതിപ്പിൽ ‘ഫദ’ എന്നും രണ്ടാം പതിപ്പിൽ ‘പദ’ എന്നുമാണ് ലിപ്യന്തരണം. അലി മൗലവിയുടെ വ്യാഖ്യാനത്തിൽ ഈ രണ്ടാം പതിപ്പിന്റെ കോപ്പി പേസ്റ്റ് തന്നെ. എന്നാൽ പദപരിചയഭാഗത്ത് അബൂബക്കർ മാഷ് ഒന്നാം പതിപ്പിൽ ‘ഫുദു’ എന്നും രണ്ടാം പതിപ്പിൽ ‘പുദു’ എന്നും രേഖപ്പെടുത്തുന്നു. അലി മൗലവിക്കിത് ‘പുദ്’ എന്നത്രെ. ലിപ്യന്തരണത്തിൽ ‘നദികളിൽ’ എന്ന് കാണുന്നത് ശരിയല്ല; ‘നദികളിൻ’ എന്നത്രെ മൂലകൃതിയിലുള്ളത്; നദികളുടെ എന്ന് സാരം.
(2) ‘മാപ്പിളപ്പാട്ട്’ ഗവേഷകനായ അബൂബകർ മാഷ് നൽകുന്ന അർത്ഥവും അലവി മൗലവി നൽകുന്ന അർത്ഥവും സാരമായി വ്യത്യാസമുണ്ട്. മാഷ് ‘ഫുദ’ യെ ‘ഫുദു’വായി കല്പിച്ച്, അത് ‘പുതു’ വിന്റെ അറബിമലയാള ശൈലിയായി ഗണിച്ച്, ‘പുദുമദു’ = പുതിയ തേൻ എന്നങ്ങ് അർത്ഥം കാച്ചി. അപ്പോൾ ബിസ്മില്ലാഹിയിൽ നിന്നും ഒഴുകാൻ ആരംഭിച്ച പുഴകൾ മൂന്നായി ചുരുങ്ങി. മാഷ് വ്യാഖ്യാനിച്ചു: ‘തേനാറിന്റെയും പാലാറിന്റെയും കല്ലാറിന്റെയും അർത്ഥമാകുന്ന അലകളുൾക്കൊള്ളുന്ന വചനമാണ് ബിസ്മില്ലാഹ്”. ശുദ്ധ ജലപ്പുഴ ‘ വരണ്ടുപോയി!
അലവി മൗലവി ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്: “സ്വർഗ്ഗത്തിൽ ഒഴുകിക്കൊണ്ടിരിക്കുന്ന കലർപ്പില്ലാത്ത നൽ തണ്ണീര്, തേന്, പാല്, കള്ള് എന്നിവയാലുള്ള നദികളുടെ സാരവത്തായ ഉറവിടമാകുന്നു ബിസ്മില്ലാഹ്”.
സ്വർഗ്ഗത്തിലെ നാല് നദികളെ കുറിച്ച് ഖുർആൻ പറയുന്നുണ്ട്, സൂറ മുഹമ്മദ് പതിനഞ്ചാം സൂക്തത്തിൽ.
{مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ}
“ഭക്ത ജനങ്ങൾക്ക് വാഗ്ദത്തം
ചെയ്യപ്പെട്ടിട്ടുള്ള സ്വർഗ്ഗത്തിന്റെ ഉപമ. അതിലുണ്ട് ഉപ്പിക്കാത്ത ജലപ്പുഴയും രുചിപ്പകർച്ചയില്ലാത്ത ക്ഷീരപ്പുഴയും പാനം ചെയ്യുന്നവർക്ക് അനുഭൂതി പകരുന്ന മദ്യപ്പുഴയും കലർപ്പില്ലാത്ത മധുവിൻ പുഴയും..”.
സ്വർഗ്ഗത്തിലെ നാല് പുഴകൾ കവി പറഞ്ഞത് ശരിയാണ്; ഖുർആനിൽ വിവരിച്ചതുമാണ്. എന്നാൽ അവയുടെ ഉറവിടം ‘ബിസ്മില്ലാഹ്’ ആണെന്ന് എവിടെന്ന് ലഭിച്ചു?
ഇവിടെ അലവി മൗലവി അടിക്കുറിപ്പ് നല്കുന്നതിങ്ങനെ വായിക്കാം:
“പ്രവാചകൻ മുഹമ്മദ് മുസ്ത്വഫാ സ്വ യുടെ ആകാശാരോഹണ വേളയിൽ സ്വർഗ്ഗലോകം വെളിവായിക്കാണുകയും അവിടെ ഒഴുകിക്കൊണ്ടിരിക്കുന്ന നൽതണ്ണീര്, പാല്, തേൻ, കള്ള് എന്നിവയാലുള്ള നാല് അരുവികളെക്കുറിച്ച് പ്രവാചകരോടൊപ്പം ഉണ്ടായിരുന്ന മലക്ക് ജിബ്‌രീൽ അ നോട് ചോദിച്ചു. അവ ഒഴുകിയെത്തുന്നത് ഹൗളുൽ കൗസറിലേക്കാകുന്നു. തുടക്കം എവിടെനിന്നാണെന്ന് അറിയില്ല, മലക്ക് മറുപടി പറഞ്ഞു. ഈ നദികളുടെ ബഹിർഗമന സ്ഥാന ദർശനത്തിനായി പ്രവാചകൻ സ്വ ദൈവത്തോട് പ്രാർത്ഥിച്ചു. ഐഹിക ലോകത്തേക്കാളും ഉപരി വിശാലതയിൽ ധവള മുത്തിനാലുള്ള ഒരു ഗോപുരം ദൃശ്യമായി. പച്ചമാണിക്യം കൊണ്ടുള്ള ഒരു കവാടവും. ആ കതകിന് തനിത്തങ്കത്തിനാലുള്ള പൂട്ടും കാണുകയുണ്ടായി. ആ ഗോപുരത്തറക്കടിയിൽ നിന്നാണ് പാലും തേനും കള്ളും ശുദ്ധജലവുമായ ദ്രാവകങ്ങൾ ഉറവയെടുക്കുന്നത്. പ്രവാചകൻ സ്വ അതിന്നകത്തേക്ക് പ്രവേശിക്കാനാഗ്രഹിച്ചടുത്തു. പക്ഷേ, അത് പൂട്ടിയിരുന്നു. പ്രവാചകരേ, കവാടം തുറക്കാനുള്ള താക്കോൽ അങ്ങയുടെ കൈവശം തന്നെയുണ്ട്. ബിസ്മില്ലാഹി ർറഹ്മാനി ർ റഹീം എന്നതാണ് താക്കോൽ എന്ന് മലക്ക് പറഞ്ഞു. പ്രവാചകൻ സ്വ പൂട്ട് പിടിച്ചു. ബിസ്മില്ലാഹ് ഒടുവരെ ചൊല്ലി വലിച്ചു. വാതിൽ തുറന്ന ശേഷം അതിനകത്തേക്ക് പ്രവേശിച്ചു. നോക്കിയപ്പോൾ അതിനകത്ത് നാല് തൂണുകളിന്മേലാണ് ഖുബ്ബ നിലക്കൊള്ളുന്നത്. ഓരോ തൂണുകളിലും ബിസ്മില്ലാഹ് പൂർണ്ണമായും ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഒന്നിലെഴുതിയ ബിസ്മിയിലെ ‘മീമി’ൽ നിന്ന് ശുദ്ധജലവും രണ്ടാമത്തെ തൂണിലെ ബിസ്മില്ലാഹിയിലെ ‘ഹാ’ഇൽ നിന്ന് പാലും, കള്ള് മൂന്നാമത്തെ തൂണിലെ ബിസ്മില്ലാഹിർറഹ്മാനിയിലെ മീമിൽ നിന്നും നാലാമത്തെ തൂണിൽ കൊത്തിവെച്ചിട്ടുള്ള ‘…റഹീം’ എന്നവസാനിക്കുന്ന മീമിൽ നിന്ന് തേനും ഉറവയായി ഒഴുകിക്കൊണ്ടിരിക്കുന്നത് പ്രവാചകൻ സ്വ കണ്ടു. അത്ഭുത പരവശനായി നിൽക്കുന്ന പ്രവാചകൻ ഒരശരീരി കേട്ടു. പ്രവാചകരേ, തങ്ങളുടെ സമുദായത്തിൽ ആത്മാർത്ഥതയോടെ ‘ബിസ്മി..റഹീം’ ചൊല്ലുന്നവർ ആരോ അവർക്കെല്ലാം ഇതിൽനിന്ന് തങ്ങൾക്ക് കുടിപ്പിക്കാം'(ഹൗളുൽ കൗസർ). അതിനുള്ള ഭാഗ്യം അവർക്ക് ഞാൻ നൽകുന്നതാണ്. (ജമൽ, സ്വാവി, റാസി, റംലി മുതലായവരുടെ തഫ്സീർ)
മുകളിൽ പറഞ്ഞ ആശയമാണ് വൈദ്യർ കാവ്യത്തിൽ സൂചിപ്പിച്ചിരിക്കുന്നത് എന്നത്രെ അലി മൗലവി പറയുന്നത്. ഈയ്യിടെ മഅദിനിൽ നടന്ന ബദ്ർ പാടിപ്പറയൽ പരിപാടിയിൽ യുവ സഖാഫി ‘പാടിപ്പറഞ്ഞതും ഇതാണ്.
അലി മൗലവി റെഫെറെൻസ് ആയി നൽകിയ നാല് തഫ്സീറുകളിൽ എഴുതിവെച്ചിട്ടുള്ള പ്രസ്തുത ‘ഹദീസ്’ (?!!), മതപണ്ഡിതനല്ലാത്ത വൈദ്യർ എങ്ങനെ മനസ്സിലാക്കി എന്നകാര്യം ചോദ്യവിഷയമല്ല. വൈദ്യർക്ക് കഥയും കാര്യവും പറഞ്ഞുകൊടുക്കുന്ന പലരുമുണ്ടായിരുന്നു. വൈദ്യർ അത് മനോഹരമായി പദ്യമാക്കി എന്നത് അദ്ദേഹത്തിൻ്റെ മിടുക്ക്.
എന്നാൽ, നബി സ്വ യുടെ പേരിൽ ഒരു സംഭവം ചേർത്തുപറയുമ്പോൾ, ഖുർആൻ സൂക്തത്തെ വ്യാഖ്യാനിക്കുമ്പോൾ കഥ ആധികാരികമാകണം എന്ന നിർബന്ധം പണ്ഡിതന്മാർക്ക് വേണമല്ലോ. കഥാകൃത്തുക്കൾക്ക് ഇതിലൊന്നും വലിയ ഗൗരവമുണ്ടാകണമെന്നില്ല. കള്ള ഹദീസുകൾ ഒന്നൊന്നായി നീട്ടിപ്പാടുന്ന വലിയ വലിയ വഅളന്മാർ കൊട്ടിഘോഷിക്കപ്പെട്ട നാടാണിത്. അങ്ങനെയുള്ള വഅളുകളിൽ നിന്നും ദീൻ വിഴുങ്ങിയ സാധാരണക്കാർക്ക് നബിയെക്കുറിച്ച് കേൾക്കുന്നതെന്തും ഹദീസും തന്നിമിത്തം വിലപ്പെട്ട അറിവും ഇളകാത്ത വിശ്വാസവുമാണ്.
ബിസ്മികഥ പറയുന്ന അലി മൗലവി കഥ ലഭിച്ച ഹദീസ് ഗ്രന്ഥങ്ങളൊന്നും പരാമർശിക്കുന്നില്ല. കാണിച്ച നാല് തഫ്സീറുകളിൽ ഒന്ന് റംലി. റംലി എന്നറിയപ്പെടുന്ന രണ്ടുപേരുണ്ട്. ശംസുദ്ധീൻ റംലി, ശിഹാബുദ്ധീൻ റംലി. ഇരുവർക്കും തഫ്‌സീർ കൃതികൾ ഉള്ളതായി അറിവില്ല. മറ്റേതെങ്കിലും റംലിക്ക് തഫ്സീർ ഉള്ളതായി അറിവില്ല. അത് മാറ്റിവെക്കാം. അടുത്തത് റാസി. ഇമാം ഫഖ്‌റുദ്ധീൻ റാസിയുടേതെന്ന് കരുതാം. റാസിയിൽ ഇങ്ങനെയൊരു സംഭവം രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. ജമൽ, സ്വാവി എന്നിവ തഫ്‌സീർ ജലാലൈൻ വ്യാഖ്യാനങ്ങളാണ്. അവയിലും ഇങ്ങനെയൊരു സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ല. എന്നാൽ, സംഭവം ഇസ്മാഈലുൽ ഹിഖിയുടെ റൂഹുൽ ബയാൻ എന്ന സൂഫീ ഉഡായിപ്പ് തഫ്സീറിലുണ്ട് (3 ). ഹദീസ് ഗ്രന്ഥങ്ങളിലും തഫ്സീർ ഗ്രന്ഥങ്ങളിലും കാണാത്ത മിഅറാജ് അനുഭവം/ ബിസ്മി വ്യാഖ്യാനം റൂഹുൽ ബയാൻ കാരന് എവിടെന്നു ലഭിച്ചു?! ഇത്തരം ഖബറുകളും കെങ്കേമമായ വ്യാഖ്യാനങ്ങളും സൂഫി കൃതികളുടെ സവിശേഷതയാണ്.
(3) «روح البيان» (1/ 9):
«وفي الخبر ان النبي عليه السلام قال (ليلة اسرى بي الى السماء عرض على جميع الجنان فرأيت فيها اربعة أنهارا نهرا من ماء ونهرا من لبن ونهرا من خمر ونهرا من ‌عسل فقلت يا ‌جبريل من اين تجىء هذه الأنهار والى اين تذهب قال تذهب الى حوض الكوثر ولا أدرى من اين تجئ فادع الله تعالى ليعلمك او يريك فدعا ربه فجاء ملك فسلم على النبي عليه السلام ثم قال يا محمد غمض عينيك قال فغمضت عينى ثم قال افتح عينيك ففتحت فاذا انا عند شجرة ورأيت قبة من درة بيضاء ولها باب من ذهب احمر وقفل لو أن جميع ما في الدنيا من الجن والانس وضعوا على تلك القبة لكانوا مثل طائر جالس على جبل, فرأيت هذه الأنهار الاربعة تخرج من تحت هذه القبة فلما أردت ان ارجع قال لى ذلك الملك لم لا تدخل القبة قلت كيف ادخل وعلى بابها قفل لا مفتاح له عندى قال مفتاحه ‌بسم ‌الله الرّحمن الرّحيم فلما دنوت من القفل وقلت ‌بسم ‌الله الرّحمن الرّحيم انفتح القفل فدخلت في القبة فرأيت هذه الأنهار تجرى من اربعة اركان القبة ورأيت مكتوبا على اربعة اركان القبة ‌بسم ‌الله الرّحمن الرّحيم ورأيت نهر الماء يخرج من ميم ‌بسم ‌الله ورأيت نهر اللبن يخرج من هاء الله ونهر الخمر يخرج من ميم الرحمن ونهر العسل من ميم الرحيم فعلمت ان اصل هذه الأنهار الاربعة من البسملة فقال الله عز وجل يا محمد من ذكرنى بهذه الأسماء من أمتك بقلب خالص من رياء وقال ‌بسم ‌الله الرّحمن الرّحيم سقيته من هذه الأنهار)»
മിഅറാജ് സംഭവവുമായി ബന്ധപ്പെടുത്തി നിരവധി ‘കൊണ്ടോട്ടി’ ഹദീസുകൾ നിരൂപക ജ്ഞാനികൾ പിടികൂടിയിട്ടുണ്ട്. എന്നാൽ അക്കൂട്ടത്തിൽ പോലും പെടാതെ, തുർക്കി വഴി ഇറക്കുമതി ചെയ്യപ്പെട്ടതായിരിക്കണം ബിസ്മില്ലാപുഴകളുടെ കഥ.
അതുകൊണ്ടാണ് നേരത്തെ ഉണർത്തിയത്, “പാടിപ്പറയൽ” സുന്നീ സംസ്കാരമല്ല. ഉള്ളത് ഉള്ളതുപോലെ പറയുന്ന രീതിയല്ല കഥാകൃത്തു(ഖസ്സ്വാസ്)ക്കളുടേത്. അത്തരമൊരു സമ്പ്രദായം തുടങ്ങിയത് റാഫിദികളാണ്. കളവിൽ പടുത്തുയർത്തപ്പെട്ട റാഫിദികളെ കണ്ണടച്ച് പകർത്തിയാൽ, അഹ്ലുസ്സുന്നയുടെ കാറ്റ് പോകും.
ഇത്തരം വിവേചനമൊന്നും കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായിട്ട് കേരള മുസ്ലിംകൾക്ക് പരമ്പരാഗത സുന്നീ പണ്ഡിതന്മാരിൽ നിന്നും ലഭിച്ചിട്ടില്ല. ആധികാരിക പ്രമാണങ്ങൾ ചോദിച്ചാൽ, ചോദിച്ചവനെ വഹാബിയാക്കുന്ന കേരള മുസ്ലിംകളുടെ ജാഹിലിയ്യാ വർഷങ്ങൾ ഇനിയും ഹയാത്താക്കാൻ തന്നെയാണ് ദുർവാശിമൂത്ത ആധുനിക പണ്ഡിതമ്മന്യന്മാരും തിരക്കിട്ട് സ്ഥാപനങ്ങളും സംഘങ്ങളും പടുത്തുയർത്തുന്നത്. ‘മുത്തുനബി’എന്നാവർത്തിച്ചു സ്നേഹിച്ചുപറഞ്ഞാൽ അവിടുത്തെക്കുറിച്ച് എന്തും തട്ടിവിടാമെന്ന ലാഘവ ബുദ്ധി പഴയ കൂഫയിലെന്ന പോലെ കേരളത്തിൽ വളർച്ച പ്രാപിക്കുകയാണ്. “അവന്റെ സങ്കേതം നരകമാണ്’ എന്ന ബോധം ഒട്ടുമില്ലാത്ത പണ്ടാരങ്ങൾ.
Leave a Reply