ഹിജാബ് വിവിധ തരമുണ്ട്..
1. വസ്ത്രത്തിലെ ഹിജാബ്. സ്ത്രീകൾ അന്യരുമായി വീട്ടിനകത്തോ പുറത്തോ ഇടപഴകുമ്പോൾ പാലിക്കേണ്ട വസ്ത്രരീതി. സൂറ നൂർ 31 , 60, അഹ്സാബ് 59 എന്നീ സൂക്തങ്ങളിൽ ഇതുപഠിപ്പിക്കുന്നു. എല്ലാ സത്യ വിശ്വാസിനികൾക്കും ഈ നിയമം ബാധകമാണ്. മഹതി ആഇശ റ യുമായി ബന്ധപ്പെട്ട ആരോപണ സംഭവം ഉണ്ടാകുന്നത് ഈ ഹിജാബ് നടപ്പിൽ വന്ന ശേഷമാണ് (ബുഖാരി 2661, 2879)
2. ആശയ വിനിമയ- സമ്പർക്ക സമയത്തെ ഹിജാബ്. നബി സ്വ- സൈനബ് ബിൻത് ജഹ്ശ് റ വിവാഹസദ്യയെത്തുടർന്നാണ് ഈ നിയമം അവതരിക്കുന്നത്. അഹ്സാബ് 53 ൽ സന്ദർഭവും നിയമവും വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചക പത്നിമാരോട് വല്ലതും ചോദിക്കുമ്പോൾ മറയ്ക്ക് പിറകിൽ നിന്നും ചോദിക്കുക എന്നാണ് കല്പന. ചോദിക്കാനെത്തുന്ന പുരുഷന്മാരെയാണ് ഖുർആൻ സംബോധന ചെയ്യുന്നത്/ അച്ചടക്കം പഠിപ്പിക്കുന്നത്. പ്രവാചകനെ തേടി ‘ധർമ്മനിഷ്‌ഠരും അധർമ്മകാരികളും വീടുകളിൽ വരുന്നതിനാൽ അവിടെയൊരു ‘ഹിജാബ്’ നടപ്പിലാക്കണം എന്ന ആഗ്രഹം ഉമർ റ കൊണ്ടുനടന്നിരുന്നു. ആയിടയ്ക്കാണ് മുകളിലെ സംഭവം ഉണ്ടാകുന്നത്. ബുഖാരി 402, 4483,4790, +4792, 4793, 4794, 6238,7421)
വസ്ത്ര ഹിജാബ് ഉണ്ടായിരിക്കേ, ഈ നിയമം സമുദായത്തിന് പൊതുവായി ബാധകമാണോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്.
3. വീടെന്ന ഹിജാബ്. വീട്ടിൽ അടങ്ങി ജീവിക്കുക എന്ന അഹ്സാബ് 33 ലെ കല്പന നേർക്കുനേർ പ്രവാചക പത്നിമാരോടാണ്. അവർ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങാറുണ്ടായിരുന്നു. രാത്രി നിസ്കാരം കഴിഞ്ഞ് ആളുകൾ ഒതുങ്ങുന്ന സമയത്താണ് അവർ ‘വെളിയിൽ’ ‘മറയ്ക്കിരിക്കാൻ’ പോകാറുണ്ടായിരുന്നത്. ഉമർ റ ജീവിക്കുന്ന ‘കുന്നിൻ പ്രദേശത്തിനടുത്തായിരുന്നു അവരുടെ വെളിമ്പ്രദേശം. തൻ്റെ മകൾ ഹഫ്‌സ അടക്കമുള്ള പത്നിമാർ വെളിമ്പ്രദേശത്തേക്ക് പോകുന്ന രംഗം ഇടയ്ക്കിടെ ഉമർ റ കാണാറുണ്ടായിരുന്നു. വിശുദ്ധരായ പ്രവാചക പത്നിമാരെ പുറത്തുവിടരുത് എന്നായിരുന്നു ഉമർ റ ന്റെ ധാർമ്മിക ചിന്ത. അക്കാര്യം നബിയുമായി പങ്കുവെച്ചിരുന്നു. നബി സ്വ നടപടിയൊന്നും എടുത്തില്ല. അറുപത്തഞ്ചിലേറെ പ്രായമുള്ള പ്രവാചക പത്നി സൗദ വെളിമ്പ്രദേശത്തേക്ക് ഇറങ്ങിയ സന്ദർഭത്തിൽ ഒരിക്കൽ ഉമർ റ അവരെ കണ്ടുമുട്ടുകയും, നീളമേറിയ+ തടിച്ച വൃദ്ധയായ അവരുടെ ശരീര ഭാഷയിൽ നിന്നും ആളെ തിരിച്ചറിയുകയും ചെയ്തു. ഉമർ റ, ‘സൗദാ, നിന്നെ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു’ എന്ന് വിളിച്ചുപറഞ്ഞു. അവരെ പുറത്തുവിടുന്നത് അവസാനിപ്പിക്കുന്ന നിയമം വരണമെന്ന താല്പര്യമായിരുന്നു ഉമറിന്. അങ്ങനെ ആ നിയമം വന്നു. നബി പത്നിമാരോട് വീട്ടിൽ അടങ്ങിയിരിക്കാൻ ആജ്ഞാപിക്കുന്ന സൂക്തം (അഹ്സാബ് 33) അവതരിച്ചു.
പക്ഷേ, അത്യാവശ്യത്തിന് പുറത്തുപോകാമെന്ന അനുവാദം നബി സ്വ നൽകിയിരുന്നു( ബുഖാരി 147). ‘വെളിയിൽ’ ‘മറയ്ക്കിരിക്കാൻ’ പോകേണ്ടത് അത്യാവശ്യമാണല്ലോ. അവർ പോക്കുതുടർന്നു.
‘വീട്ടിൽ കഴിയുക എന്ന ഹിജാബ് കല്പനയ്ക്ക് ശേഷം, ഉമർ റ ഒരിക്കൽ കൂടി സൗദ അങ്ങോട്ടുപോകുന്നത് കണ്ടു. “സൗദാ, അല്ലാഹുവാണ നിന്നെ ഞാൻ തിരിച്ചറിയുന്നു; ചിന്തിക്കുക: നിങ്ങളൊക്കെ എങ്ങനെയാണ് പുറത്തിറങ്ങുക?!” എന്ന് ഉപദേശിക്കുകയും ചെയ്തു. അപ്പോൾ ആഇശ റ യുടെ വീട്ടിലായിരുന്നു നബിയുടെ അടുത്തേക്ക് സൗദ തിരിച്ചുപോന്നു. ഉമർ റ ന്റെ സംസാരത്തെക്കുറിച്ച് പറഞ്ഞു. നബി സ്വ പ്രതികരിച്ചു: ‘അത്യാവശ്യങ്ങൾക്ക് പുറത്തുപോകുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു’ (ബുഖാരി 4795)..
വീട്ടിൽ അടങ്ങിക്കഴിയുക എന്ന കല്പന എല്ലാ സത്യവിശ്വാസിനികൾക്കും ബാധകമാണോ എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട്.
വസ്ത്രമറയിൽ എവിടെയെല്ലാം മറയ്ക്കണം?
=========
“അവർ തങ്ങളുടെ ഖിമാർ മാറിടങ്ങളിലേക്ക് താഴ്ത്തിയിടട്ടെ” (നൂർ 31) എന്ന പരമാർശം പരിശോധിക്കാം. ഇവിടെ ഖിമാർ (ശിരോവസ്ത്രം) എന്ന പേരിൽ അന്നവിടെ അറിയപ്പെട്ടിരുന്ന വസ്ത്രം ഇനിമുതൽ എങ്ങനെ ഉപയോഗിക്കണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. അവർ ഖിമാർ എന്ന് വിളിച്ചിരുന്ന വസ്ത്രം, തല മറയ്ക്കുന്നതും എന്നാൽ തലയിൽ നിന്നും പുറകിലേക്ക് തൂക്കിയിടുന്നതും ആയിരുന്നു. മുഖം, ചെവികൾ, കഴുത്ത്, മാറിടം തുടങ്ങിയ ഭാഗങ്ങൾ മറയ്ക്കുന്ന വസ്ത്രം ഉപയോഗിച്ചിരുന്നില്ല. (സമഖ്ശരി\കശ്‌ശാഫ് , അബൂ ഹയ്യാൻ \അൽ ബഹ്‌റുൽ മുഹീത്ത്, റാഗിബ് അസ്ഫഹാനി\ അൽ മുഫ്രദാത്). തഖമ്മറത്ത്/ ഇഖ്തമറത്ത് തുടങ്ങിയ ക്രിയാപദങ്ങളുടെ അർഥം സ്ത്രീകൾ തല മറയ്ക്കുകയെന്നാണെന്ന് ഇബ്നു സയ്യിദിഹിൽ മുർസി (മ.ഹി.458)യുടെ കാലം മുതൽക്കുള്ള ഭാഷാ രചയിതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നവിടെ സ്വതന്ത്ര സ്ത്രീകളും അടിമ സ്ത്രീകളും ഇപ്രകാരമായിരുന്നു വസ്ത്രമണിഞ്ഞിരുന്നത്. അവരുടെ സൗന്ദര്യം ആസ്വദിച്ച് , തെമ്മാടികൾ അടിമ സ്ത്രീകളെയും ചിലപ്പോൾ അടിമ സ്ത്രീകളാണെന്ന് ‘കരുതി’ സ്വതന്ത്ര സ്ത്രീകളെയും കടന്നുപിടിക്കുമായിരുന്നു. ഏത് വിഭാഗത്തിൽ പെട്ടതായാലും ‘വിശ്വാസിനികൾ ആണേൽ ശിരോവസ്ത്രം മാറിടത്തിലേക്ക് താഴ്ത്തിയിടണം’ എന്ന കല്പന നൽകുകയായിരുന്നു (സ്വതന്ത്ര സ്ത്രീകൾക്ക് മാത്രമായ നിയമമാണെന്ന് പറയാൻ മതിയായ വ്യക്തമായ തെളിവില്ലാത്തതിനാൽ അടിമ സ്ത്രീകളും ഈ കല്പനയിൽ ഉൾപ്പെടുമെന്ന് അബൂ ഹയ്യാൻ + അനേകം ജ്ഞാനികൾ).
അതായത്, തല മറയ്ക്കുകയെന്നത് നേരത്തെ അറബി സ്ത്രീകളുടെ രീതിയായിരുന്നു. അതിലാണ് ഖുർആൻ പരിഷ്ക്കരണം കൊണ്ടുവരുന്നത്. തല മാത്രം മറച്ചാൽ പോരാ, പുറകിലേക്ക് താഴ്ത്തിയിടുന്നതോടൊപ്പം മുന്നിലേക്ക്/ മാറിലേക്കുകൂടി താഴ്ത്തിയിടണം എന്നത്രെ ഖുർആൻ ഭാഷ്യം. അഹ്സാബ് 59 ലെ, “അവർ ജിൽബാബ് തങ്ങൾക്ക് മുകളിൽ താഴ്ത്തിയിടട്ടെ” എന്ന് പറഞ്ഞതും സമാന കല്പനയാണ്. ശരീരം മുഴുവൻ നീണ്ടുകിടക്കുന്ന വസ്ത്രമാണ് ജിൽബാബ്.
ഇവിടെ ഒരു ‘ആശയവായനാതർക്കം’ ഉണ്ട്. തലയിലണിയുന്ന ഖിമാർ മാറിടത്തിലേക്ക് താഴ്ത്തിയിടേണ്ടത് മുഖത്തിലൂടെയാണോ മുഖം ഒഴിവാക്കിയാണോ? മുഖം ഒഴിവാക്കാനും ഉൾപ്പെടുത്താനും പരാമർശമില്ല. പുറകിലേക്ക് തൂക്കിയിട്ടപോലെ മുന്നിലേക്കും തൂക്കിയിടുക എന്ന സന്ദർഭത്തെ വായിക്കുമ്പോൾ മുഖം മറയ്ക്കണം എന്നാണ് വരിക. അങ്ങനെ വായിച്ചവരായിരുന്നു മുൻകാല ജ്ഞാനികളിൽ മഹാ ഭൂരിപക്ഷം. അതുതന്നെയായിരുന്നു മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണാ ചരിത്രവും. അനിവാര്യമായ അറിവുകൾ ആർജ്ജിക്കുന്ന സമയത്തും, ആളെ തിരിച്ചറിയേണ്ട സന്ദര്ഭങ്ങളിലും ചികിത്സാ ആവശ്യങ്ങൾക്കും മുഖം തുറക്കാമെന്നാണ് അവരുടെ പക്ഷം. എന്നാൽ, മുഖം ഉൾപ്പെടുത്തുന്ന കാര്യം പരാമർശിക്കാത്തതിനാൽ, മുഖം മറയ്‌ക്കേണ്ടതില്ല എന്ന് വായിച്ച ന്യൂനപക്ഷവുമുണ്ട്. മുഖം പരാമര്ശിക്കാത്തതിനാൽ, എന്നാൽ സൂചന അടങ്ങിയിട്ടുള്ളതിനാലും സാംസ്കാരിക താവഴി അങ്ങനെയായതിനാലും മുഖം മറയ്ക്കുന്നത് ഐച്ഛിക പുണ്യമായി കരുതാമെന്നും മുഖം മറയ്ക്കുന്നത് നിർബന്ധം ഇല്ലെന്നും വിലയിരുത്തുന്ന മധ്യസ്ഥസംഘവും ഉണ്ട്.
Leave a Reply