പഠിച്ചിട്ടു വിമർശിക്കൂ / 1

ബുഖാരി 2592 , 2594 എന്നീ നമ്പറുകളിൽ കൊടുത്തിട്ടുള്ള ഒരു സംഭവം എടുത്തുകാണിച്ച് , നബി സ്വ അടിമ മോചനത്തെ നിരുത്സാഹപ്പെടുത്തുന്നു എന്നാരോപിച്ചുകൊണ്ട്‌ ചില ഇരുട്ടന്മാർ രംഗത്തുവന്നിരിക്കുന്നു . ഹദീസുകൾ ശരിയായ രീതിയിൽ പഠിക്കാതെ, ഏതൊക്കെയോ ഇസ്‌ലാം വിരോധികൾ വിസർജ്ജിച്ച വിരോധ പ്രസ്താവനകൾ തൊണ്ടതൊടാതെ വിശ്വസിക്കുന്ന യുക്തിവാദികളുടെ ‘അടിമാവസ്ഥ’ തുറന്നുകാട്ടുന്ന സംഭവങ്ങളുടെ കൂട്ടത്തിൽ ഇതിനെയും കാണാവുന്നതാണ്.

ഹദീസുകളിൽ വന്നിട്ടുള്ള സംഭവം ഇതാണ്. പത്നി മൈമൂനയുടെ അധീനതയിലുണ്ടായിരുന്ന ഒരു ദാസിയെ അവർ മോചിപ്പിച്ചു. നബി സ്വ യോട് സമ്മതം അന്വേഷിച്ചിരുന്നില്ല. നബി സ്വ മൈമൂനയ്ക്ക് നിശ്ചയിച്ചിരുന്ന ദിവസമെത്തിയപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ , ഞാൻ എൻ്റെ ദാസിയെ മോചിപ്പിച്ചുട്ടോ. “നീ അങ്ങനെ ചെയ്തുകഴിഞ്ഞോ” എന്ന് നബി സ്വ തിരക്കി. അതെയെന്ന് അവർ പ്രതികരിച്ചു. നബി സ്വ പറഞ്ഞു: “നീയാ ദാസിയെ നിന്റെ മാതൃ സഹോദരങ്ങൾക്ക് നല്കുകയായിരുന്നെങ്കിൽ അതായിരുന്നു നിനയ്ക്ക് കൂടുതൽ പ്രതിഫലാർഹം”.

– حَدَّثَنَا ‌يَحْيَى بْنُ بُكَيْرٍ، عَنِ ‌اللَّيْثِ، عَنْ ‌يَزِيدَ، عَنْ ‌بُكَيْرٍ، عَنْ ‌كُرَيْبٍ مَوْلَى ابْنِ عَبَّاسٍ : أَنَّ ‌مَيْمُونَةَ بِنْتَ الْحَارِثِ رَضِيَ اللهُ عَنْهَا أَخْبَرَتْهُ: «أَنَّهَا أَعْتَقَتْ وَلِيدَةً، وَلَمْ تَسْتَأْذِنِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا كَانَ يَوْمُهَا الَّذِي يَدُورُ عَلَيْهَا فِيهِ قَالَتْ: أَشَعَرْتَ يَا رَسُولَ اللهِ، أَنِّي أَعْتَقْتُ وَلِيدَتِي؟ قَالَ: أَوَفَعَلْتِ، قَالَتْ: نَعَمْ، قَالَ: أَمَا إِنَّكِ لَوْ أَعْطَيْتِهَا أَخْوَالَكِ كَانَ أَعْظَمَ لِأَجْرِكِ» وَقَالَ بَكْرُ بْنُ مُضَرَ، عَنْ عَمْرٍو، عَنْ بُكَيْرٍ، عَنْ كُرَيْبٍ: إِنَّ مَيْمُونَةَ أَعْتَقَتْ.

ഈ സംഭവത്തിൽ മൈമൂന റ ദാസിയെ വിമോചിപ്പിച്ചത് നബി സ്വ നിരുത്സാഹപ്പെടുത്തിയോ?!

ഈ ഹദീസിലെ ചില പോയിന്റുകൾ പറയാം.

1. സ്ത്രീക്ക് സ്വന്തമായി സമ്പത്ത് അധീനമാക്കാമെന്നും ഭർത്താവിന്റെ അനുമതികൂടാതെ അതിൽ ക്രയവിക്രയം സാധ്യമാണെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. കുടുംബ ജീവിതത്തിൽ, പരസ്പര കൂടിയാലോചന വേണമെന്നും, ഏറ്റവും ഉത്തമമായ വഴികൾ കണ്ടെത്താൻ അത് സഹായകമാണെന്നും ഹദീസ് ഉണർത്തുന്നു. പത്നിയുടെ പരലോക വിജയം കൂടുതൽ ഉജ്ജ്വലമാകണമെന്ന ചിന്ത ഭർത്താവിലുണ്ടായിരിക്കണമെന്ന സംഗതിയും ഈ ഹദീസ് വെളിപ്പെടുത്തുന്നുണ്ട്.

2. നബി സ്വ തൻ്റെ എല്ലാ പത്നിമാരുമായും ഒരു സമയം ശയിക്കുക അല്ലായിരുന്നു പതിവ്. ഓരോരുത്തർക്കും പ്രത്യേക ദിനങ്ങൾ നിശ്ചയിച്ചിരുന്നു. , “എല്ലാ ദിവസവും ഒറ്റ മണിക്കൂറിൽ നബി സ്വ തൻ്റെ എല്ലാ (ഒമ്പത്/പതിനൊന്നു) പത്നിമാരുമായും കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു” എന്ന പരാമർശം സ്വഹീഹുൽ ബുഖാരി 268, 5068 എന്നീ ഹദീസുകളിൽ) വികല വ്യാഖ്യാനം നടത്തി, ഒറ്റ കറക്കത്തിൽ നബി സ്വ എല്ലാ പത്നിമാരുമായും സംഗ ശയനം നടത്താറുണ്ടായിരുന്നു എന്ന് പ്രചരിപ്പിക്കുന്നവർക്ക്, ഇവിടെ ചർച്ച ചെയ്യുന്ന മൈമൂന റ യുടെ ഹദീസ് മറുപടി നൽകുന്നു. ബുഖാരിയിലെ തന്നെ 2593, 2688 , 5216 തുടങ്ങിയ ഹദീസുകൾ, പത്നിമാരുമായുള്ള നബിയുടെ സംഗശയന പതിവ് എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. മദീനയിൽ ഉള്ളപ്പോൾ, എല്ലാ പത്നിമാരെയും ചുറ്റി സഞ്ചരിക്കാറുള്ളതും, അതവരെ ശാരീരിക സ്പർശനം ഉദ്ദേശിക്കാതെയാണെന്നും ഹസ്രത്ത് ആഇശ റ അനുസ്മരിക്കുന്നത് അബൂ ദാവൂദ് 2135 ൽ വ്യക്തമായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ആരോപണത്തിന് കൊണ്ടുവരുന്ന ഹദീസ് മറ്റൊരു ആരോപണത്തിനുള്ള മറുപടിയാണെന്ന കാര്യം പോലും ഇരുട്ടന്മാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല?!

3. കാഫിർ/ മുശ്രിക്ക് = സത്യനിഷേധി/ ബഹുദൈവ വിശ്വാസി ആണെങ്കിൽ പോലും, അവരുമായുള്ള രക്തബന്ധം കാത്തു സൂക്ഷിക്കുവാൻ പ്രോത്സാഹിപ്പിക്കുകയാണ് തിരുദൂതർ സ്വ. ‘അവിശ്വാസികളെ കൊല്ലൂ’, ‘അവിശ്വാസികളെ മിത്രമാക്കരുത്’ തുടങ്ങിയ ആഹ്വാനങ്ങൾ നൽകിയ മാനവ വിരുദ്ധനാണ് പ്രവാചകൻ എന്നാരോപിക്കുന്നവർ ഈ ഹദീസിൽ സ്വയം മറുപടി കണ്ടെത്തുകയാണ്. അത്തരം അർഥം മാറ്റിയുള്ള ആരോപണത്തിന് അർത്ഥമില്ലെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. മൈമൂനയുടെ മാതൃ സഹോദരങ്ങൾ സത്യവിശ്വാസികൾ ആയിരുന്നില്ല. അവരുമായി സ്നേഹബന്ധം നിലനിർത്താനുള്ള വഴിയാണ് നബി സ്വ പറഞ്ഞുകൊടുക്കുന്നത്. ഹദീസിലടങ്ങിയ ഈ പാഠം വ്യക്തമാക്കാനാണ്, ഇമാം മുസ്‌ലിം ഈ ഹദീസിന്‌ ഇങ്ങനെ തലവാചകം നൽകിയത് : باب فَضْلِ النَّفَقَةِ وَالصَّدَقَةِ عَلَى الْأَقْرَبِينَ وَالزَّوْجِ وَالْأَوْلَادِ وَالْوَالِدَيْنِ وَلَوْ كَانُوا مُشْرِكِينَ = “അടുത്ത ബന്ധുക്കൾ, ഭർത്താവ്, മാതാപിതാക്കൾ തുടങ്ങിയവർക്ക് , അവർ ബഹുദൈവ വിശ്വാസികൾ ആണെങ്കിൽപോലും, ദാനധർമ്മം ചെയ്യുന്നതും ചെലവഴിക്കുന്നതും പുണ്യകരം”. (സ്വഹീഹ് മുസ്‌ലിം 999).

4. കൂടുതൽ പ്രതിഫലം ലഭിക്കുന്ന വഴിയാണ് നബി സ്വ നിർദ്ദേശിക്കുക. ദാസിയെ മോചിപ്പിച്ച പ്രവൃത്തിയെ നബി സ്വ നിരുത്സാഹപ്പെടുത്തുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യുന്നില്ല; ആ പ്രവൃത്തിയേക്കാൾ പുണ്യകരമായ മറ്റൊരു മാർഗ്ഗം ഉണ്ടായിരുന്നു എന്നുണർത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. “അതിനേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കുമായിരുന്നു” എന്ന പ്രസ്താവന, ചെയ്ത പ്രവൃത്തി പ്രതിഫലം ലഭിക്കുന്നതല്ലന്നോ തെറ്റാണെന്നോ ചെയ്യരുതാത്തതാണെന്നോ അല്ല പഠിപ്പിക്കുന്നത്. ഇപ്പോൾ ചെയ്തകാര്യത്തിന് പ്രതിഫലം ഉണ്ടെന്ന് തന്നെയാണ്. പ്രസ്തുത സംഭവം നിവേദനം ചെയ്ത മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിൽ (അഹ്മദ് 26817 ,  അബൂദാവൂദ് 1690, ത്വബ്റാനി 1066 ) നബി സ്വ യുടെ പ്രതികരണം ഇങ്ങനെയാണ്: “നിനയ്ക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ; നീ ദാസിയെ മാതൃ സഹോദരന്മാർക്ക് നൽകിയിരുന്നെങ്കിൽ ഇതിലേറെ പ്രതിഫലം ലഭിക്കുമായിരുന്നു”. കേവലം അടിമ മോചനം എന്ന പുണ്യത്തിൽ അവസാനിക്കുമായിരുന്ന ഒരു കർമ്മത്തെക്കുറിച്ച് , ഒരുപാട് പുണ്യങ്ങൾ നേടാനുള്ള വഴിയുണ്ടായിരുന്നല്ലോ എന്ന് കാണിച്ചുകൊടുത്തുകൊണ്ട്, എപ്പോഴും പുണ്യങ്ങളേറിയ വഴി തെരഞ്ഞെടുക്കാനുള്ള വഴികാട്ടലാണ് നബി സ്വ നിർവ്വഹിച്ചത്.

5. ഒരാൾ സ്വന്തമായി അടിമ മോചനം ചെയ്താൽ, അതിനുള്ള പ്രതിഫലം മാത്രമേ ലഭിക്കുകയുള്ളൂ. അതിലും കൂടുതൽ പുണ്യം ലഭിക്കാനുള്ള സാഹചര്യം നിലനിൽക്കുന്ന സന്ദർഭമാണ് ഹദീസിൽ അനുസ്മരിക്കുന്നത്. ആ സാഹചര്യം പലതാകാം. അതേക്കുറിച്ച് വ്യാഖ്യാതാക്കളും ഹദീസ് നിവേദകരും ചില നിഗമനങ്ങളിൽ എത്തിയിട്ടുണ്ട്. മൈമൂനയുടെ മാതൃ സഹോദരങ്ങൾ വളരെ ദരിദ്രർ ആയിരിരിക്കാമെന്നും അവരെ സഹായിക്കുക എന്ന പുണ്യമാണ് ആ സാഹചര്യത്തിൽ കൂടുതൽ അഭികാമ്യമെന്നും ആ യിരിക്കാം നബി സ്വ ഉദ്ദേശിച്ചിരിക്കുക എന്ന് ചിലർ അഭിപ്രായപ്പെടുന്നു. തൻ്റെ ഏറ്റവും അടുത്ത ബന്ധുവിന് ദാനം ചെയ്യുകവഴി, ദാന ധർമ്മത്തിന്റേയും, കുടുംബ ബന്ധം ചേർക്കുന്നതിന്റെയും പ്രതിഫലം ലഭിക്കുന്നു  എന്നായിരിക്കാം നബി സ്വ ഉദ്ദേശിച്ചത് എന്ന് പറഞ്ഞവരും ഉണ്ട്. ഏതായാലും അടിമ മോചനം പുണ്യകരമാണോ എന്നല്ല; ആ സാഹചര്യത്തിൽ അതിനേക്കാൾ പുണ്യകരമായ കാര്യം ഉണ്ടായിരുന്നോ എന്നതാണ് ചർച്ചാ വിഷയം.

അടിമമോചനമോ ദാനമോ ഉത്തമം ?

فَلَا ٱقۡتَحَمَ ٱلۡعَقَبَةَ ۝١١ وَمَاۤ أَدۡرَىٰكَ مَا ٱلۡعَقَبَةُ ۝١٢ فَكُّ رَقَبَةٍ ۝١٣ أَوۡ إِطۡعَـٰمࣱ فِی یَوۡمࣲ ذِی مَسۡغَبَةࣲ ۝١٤ یَتِیمࣰا ذَا مَقۡرَبَةٍ ۝١٥ أَوۡ مِسۡكِینࣰا ذَا مَتۡرَبَةࣲ ۝١٦

സൂക്തത്തിലെ അടിമ മോചനം, വിശക്കുന്നവനേ ഊട്ടൽ എന്ന ക്രമം ശ്രദ്ധേയമാണ്. അടിമ മോചനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗംഭീരമായ നബി വചനങ്ങൾ എമ്പാടുമുണ്ട്. ഉദാ..
أنَّ رجلاً قال لرسول الله صلعم : دلَّني على عمل يدخلني الجنَّة؟ فقال: ((تعتق النَّسمة وتفكُّ الرَّقبة))، قال: أوليسا سواء؟ قال: ((لا، إعتاقها أن تنفرد بعتقها، وفكَّها: أن تعينَ في تخليصها من قودٍ أو غرم)) رواه أحمدُ وابن حبَّان والحاكم .

ഇവയുടെ അടിസ്ഥാനത്തിൽ, ഇമാം അബൂ ഹനീഫ, അല്ലാമാ ഈജി, ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമൻ തുടങ്ങിയ ജ്ഞാനികൾ പറഞ്ഞു: “അടിമ മോചനമത്രെ ഐച്ഛിക കർമ്മങ്ങളിൽ ഏറ്റവും ഉത്തമം”. والعتق أفضل الأعمال وسبب العتق من النار \ الشيخ المخدوم ) .

وعن الشَّعبي في رجل عنده فضلُ نفقة أيضعه في ذي قرابةٍ أو يعتق رقبة؟ قال: الرَّقبة أفضلُ؛ لأن النَّبي صلعم قال: ((من فكَّ رقبة، فكَّ الله بكلٍّ عضو منها عضواً منه من النَّار)).

6 . ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ, “മാതൃ ബന്ധുക്കൾക്ക് നല്കിയിരുന്നെകിൽ കൂടുതൽ പുണ്യകരം ആയേനെ” എന്ന പ്രസ്താവനയുടെ താല്പര്യം കൂടുതൽ വ്യക്തമാണ്. “നീ മോചിപ്പിക്കുകയായിരുന്നില്ല വേണ്ടത്; അവരെക്കൊണ്ട് മോചിപ്പിക്കണമായിരുന്നു” എന്ന അധ്യാപനമാകണം പത്നിയെ നബി സ്വ പഠിപ്പിക്കുന്നത്.മാതൃബന്ധുവിന്‌ നല്കാമായിരുന്നില്ലേ” എന്ന ചോദ്യത്തിൽ, അവരുടെ കൈകളാൽ മോചിപ്പിക്കാൻ വിട്ടുകൊടുക്കരുതായിരുന്നോ’ എന്നാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. ദാസി മോചിപ്പിക്കപ്പെടണം. അത് സ്വന്തമങ്ങ് ചെയ്യുന്നതിലും ഭേദമാണ്, അവിശ്വാസികളായ മാതൃ സഹോദരങ്ങളെ സന്തോഷിപ്പിച്ചുകൊണ്ട് അവരുടെ കൈക്ക് മോചിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാക്കുക എന്നത്. അങ്ങനെ ചെയ്താൽ ഒരുപാട് പുണ്യങ്ങൾ ആയി. കുടുംബ ബന്ധം ചേർക്കൽ, അവരെ ബഹുമാനിക്കൽ/പരിഗണിക്കൽ, ദാസിയെ മോചിപ്പിക്കൽ, മാതാവിൻ്റെ ബന്ധുവാകുമ്പോൾ പിതാവിൻ്റെ ബന്ധു എന്നതിനേക്കാൾ കൂടുതൽ കടപ്പാട് ഉള്ളത് പാലിക്കൽ തുടങ്ങിയ പലകാര്യങ്ങളും. അങ്ങനെ വരുന്നതിനാൽ, സ്വയം മോചിപ്പിക്കുന്നതിനേക്കാൾ ഒരുപാട് പുണ്യങ്ങൾ ലഭിക്കുന്നു. ഫലത്തിൽ അടിമ മോചിതനാകുന്നു.

ഒരടിമ മോചിതനാകാനുള്ള യാതൊരവസരവും നബി സ്വ തടഞ്ഞതായി കാണാൻ സാധ്യമല്ല. അടിമ അടിമയായി നിലനിൽക്കാനുള്ള വഴികളായിരുന്നില്ല നബി സ്വ പഠിപ്പിച്ചത്; അവരെ ഏതെല്ലാം സുസാധ്യമായ മാർഗ്ഗങ്ങളിലൂടെ മോചിപ്പിക്കാമെന്നായിരുന്നു അവിടുന്ന് ആലോചിച്ചിരുന്നത്. മറ്റൊരാളെക്കൊണ്ട് നന്മ ചെയ്യിപ്പിക്കാനുള്ള വഴികൾ തുറക്കുക, ചില പുണ്യങ്ങൾ മറ്റുള്ളവർ ചെയ്ത് അവരെ നന്മ മനസ്സുള്ളവരായി മാറ്റുക, മറ്റുള്ളവർക്ക് പുണ്യം ചെയ്യാനുള്ള അവസരം വിട്ടുകൊടുത്തുകൊണ്ട്, “അപരനും രക്ഷപ്പെടട്ടെ” എന്ന് ചിന്തിക്കുന്ന മനസ്സ് സൃഷ്ടിക്കുക എന്നിത്യാദി നടപടികളും നബി സ്വ യുടെ അധ്യാപനത്തിൽ കാണാവുന്നതാണ്.

ചുരുക്കത്തിൽ, പഠിക്കാതെ ഇസ്‌ലാമിനെ വിമർശിക്കാൻ തുനിയുന്നവർ സ്വയം ഞരമ്പ് മുറിക്കുന്ന ചുറ്റുപാടാണ് ഉണ്ടായിരിക്കുന്നത്.

Leave a Reply