സഹോദരിയെ വേൾക്കാൻ ഫത്ഹുൽ മുഈൻ അനുവദിക്കുന്നുണ്ടോ ?!

എമുക്കളുടെ ക്ലബ് ഹൌസ് റൂമുകളിൽ “ഉസ്താദ്” ആയി വേഷമിടുന്ന ഉവൈസ് പള്ളിശ്ശേരി (‘ഓട്ടോ ഡിഡക്ട്’) എന്നൊരു ഫുലാൻ പറഞ്ഞുനടക്കുന്ന ഒരാരോപണമാണ്, വലതുകൈ ഉടമപ്പെടുത്തുന്ന മഹ്‌റമുമായി ലൈംഗിക ബന്ധം നടത്തുന്നത് ഫത്ഹുൽ മുഈൻ എന്ന കർമ്മ ശാസ്ത്ര ഗ്രന്ഥം അനുവദിച്ചിരിക്കുന്നു. അത്രയ്ക്കും അമാനവികമായ ധാര്മികതയാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്, ഖുർആനിൽ ആരെയെല്ലാം വിവാഹം ചെയ്യാൻ പാടില്ലെന്ന് പറയുന്നുവെങ്കിലും ആരെയെല്ലാം അടിമയാക്കാൻ പാടില്ലെന്ന് പറയുന്നില്ല, അതിനാൽ, സഹോദരിയെ അടിമയാക്കുന്നതിന് തടസ്സമില്ല, അങ്ങനെ അടിമയാക്കപ്പെട്ട സഹോദരിയെ പരിണയിക്കുന്നത് തെറ്റുമല്ല…എന്നൊക്കെ. പരസ്പര സമ്മതമുണ്ടെങ്കിൽ അമ്മയുമായും പെങ്ങളുമായും ലൈംഗിക ബന്ധം നടത്താവുന്നതാണ് എന്ന യുക്തിവാദമതത്തിലെ മസാല യുടെ ധാർമ്മികത ചോദ്യം ചെയ്യുന്ന മുസ്ലിംകളെ പ്രതിരോധിക്കാനാണ് ടിയാൻ ഇങ്ങനെയൊരു വ്യാജ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. സത്യത്തിൽ ഫത്ഹുൽ മുഈനോ മറ്റു ഇസ്‌ലാമിക കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളോ ഇസ്‌ലാമിക പ്രമാണങ്ങളായ ഖുർആനോ ഹദീസോ ഏതെങ്കിലും ഘട്ടത്തിൽ സഹോദരിയെ പരിണയിക്കുവാൻ അനുവദിക്കുകയോ അത് തെറ്റല്ലെന്ന് പഠിപ്പിക്കുകയോ ചെയ്യുന്നുണ്ടോ? പരിശോധിക്കാം.

ഫത്ഹുൽ മുഈനിലെ ഹദ്ദ് സംബന്ധമായ വിവരണം നൽകുന്ന അധ്യായത്തിൽ ഇങ്ങനെ വായിക്കാം:

ولا يحد بإيلاج في قبل ‌مملوكة حرمت عليه بنحو محرمية أو شركة لغيره فيها أو توثن أو تمجس. ولا بإيلاج في أمة فرع ولو مستولدة لشبهة الملك فيما عدا الأخيرة وشبهة الإعفاف فيها.

ലൈംഗിക ബന്ധം നിഷിദ്ധമാക്കപ്പെട്ടവരുടെ ഗണത്തിൽ പെട്ട ഒരടിമ സ്ത്രീയുടെ യോനിയിൽ ലിംഗം പ്രവേശിപ്പിച്ച കാരണത്താൽ ഹദ്ദ് നടപ്പാക്കുന്നതല്ല എന്ന പരാമർശമാണ് ആരോപകർ തെറ്റായി വ്യാഖ്യാനിക്കുന്നത്. കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളുടെ ഭാഷയും ശൈലിയും മനസ്സിലാക്കാതെയാണ് വിമർശനം.

കാര്യം അക്കമിട്ട് പറയാം :

ഒന്ന് :

ലൈംഗിക വേഴ്ച അനുവദിക്കുന്ന രണ്ടു വഴികളേ ഇസ്‌ലാമിലുള്ളൂ. വിവാഹവും വലതുകൈ ഉടമപ്പെടുത്തലും. സൂറ മുഅമിനൂൻ ആദ്യ വചനങ്ങളിൽ അക്കാര്യം വ്യക്തമാക്കുന്നു:
وَٱلَّذِینَ هُمۡ لِفُرُوجِهِمۡ حَـٰفِظُونَ. إِلَّا عَلَىٰۤ أَزۡوَ ٰ⁠جِهِمۡ أَوۡ مَا مَلَكَتۡ أَیۡمَـٰنُهُمۡ فَإِنَّهُمۡ غَیۡرُ مَلُومِینَ . فَمَنِ ٱبۡتَغَىٰ وَرَاۤءَ ذَ ٰ⁠لِكَ فَأُو۟لَـٰۤىِٕكَ هُمُ ٱلۡعَادُونَ
പ്രസ്തുത രണ്ടു വഴികൾക്കപ്പുറം മാർഗ്ഗം കണ്ടെത്തുന്നവർ അക്രമകാരികളാണ്.

രണ്ട് :

നികാഹ്, മിൽകുൽ യമീൻ എന്നീ വഴികളിലൂടെ എല്ലാ സ്ത്രീകളെയും പരിണയിക്കാൻ അനുവദിക്കില്ല. ചില സ്ത്രീകൾ ലൈംഗിക ബന്ധം “നിഷിദ്ധമാക്കപ്പെട്ട” വരാണ്. നികാഹിലൂടെ ആയാലും മിൽകുൽ യമീനിലൂടെ ആയാലും. എല്ലാ അർത്ഥത്തിലുമുള്ള വേ ഴ്ചയാണ് ഇവിടെ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നത്. സൂറ നിസാ 23 ൽ, ആ സ്ത്രീകൾ ആരെല്ലാമാണെന്ന് വിവരിക്കുന്നുണ്ട്.
حُرِّمَتۡ عَلَیۡكُمۡ أُمَّهَـٰتُكُمۡ وَبَنَاتُكُمۡ وَأَخَوَ ٰ⁠تُكُمۡ وَعَمَّـٰتُكُمۡ وَخَـٰلَـٰتُكُمۡ وَبَنَاتُ ٱلۡأَخِ وَبَنَاتُ ٱلۡأُخۡتِ وَأُمَّهَـٰتُكُمُ ٱلَّـٰتِیۤ أَرۡضَعۡنَكُمۡ وَأَخَوَ ٰ⁠تُكُم مِّنَ ٱلرَّضَـٰعَةِ وَأُمَّهَـٰتُ نِسَاۤىِٕكُمۡ وَرَبَـٰۤىِٕبُكُمُ ٱلَّـٰتِی فِی حُجُورِكُم مِّن نِّسَاۤىِٕكُمُ ٱلَّـٰتِی دَخَلۡتُم بِهِنَّ فَإِن لَّمۡ تَكُونُوا۟ دَخَلۡتُم بِهِنَّ فَلَا جُنَاحَ عَلَیۡكُمۡ وَحَلَـٰۤىِٕلُ أَبۡنَاۤىِٕكُمُ ٱلَّذِینَ مِنۡ أَصۡلَـٰبِكُمۡ وَأَن تَجۡمَعُوا۟ بَیۡنَ ٱلۡأُخۡتَیۡنِ إِلَّا مَا قَدۡ سَلَفَۗ إِنَّ ٱللَّهَ كَانَ غَفُورࣰا رَّحِیمࣰا
“മാതാവ്, സഹോദരി, മാതൃ സഹോദരി, പിതൃ സഹോദരി, സഹോദര പുത്രി, സഹോദരീ പുത്രി, പാലൂട്ടിയ മാതാവ്, പാലൂട്ടൽ ബന്ധത്തിലെ സഹോദരി, ഭാര്യാ മാതാവ്, ഭാര്യയുടെ വളർത്തു മക്കൾ എന്നീ തസ്തികകളിലുള്ള സ്ത്രീകൾ വിശ്വാസികൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.”

അപ്രകാരം തന്നെ, വിവാഹ/വേഴ്ച ബന്ധത്തിലൂടെയും നിഷിദ്ധമാക്കപ്പെട്ട സ്ത്രീകളുണ്ട്. ഇങ്ങനെ മൂന്നു വിധത്തിൽ(രക്തബന്ധം/ വേഴ്ച/ പാലൂട്ടൽ) നിഷിദ്ധമാക്കപ്പെട്ടവരെ വിവാഹം വഴിയോ മിൽകുൽ യമീൻ വഴിയോ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കാൻ പാടില്ല; ഹറാമാണ്. ഇവരിൽ ഏതെങ്കിലും സ്ത്രീയെ ഒരാൾക്ക് വിവാഹം നടത്താൻ സാധിക്കില്ല. അത് നിയമപരമായി സാധുവല്ല.

മൂന്ന്:

സഹോദരിയെപോലുള്ള രക്തബന്ധുക്കളെ വലതുകൈ ഉടമപ്പെടുത്തുന്ന ഘട്ടം അപൂർവ്വമായെങ്കിലും സംഭവ്യമാണ്. അവിശ്വാസികളുടെ കൂട്ടത്തിൽ ജീവിക്കുന്ന സഹോദരി, അവരുമായുള്ള യുദ്ധത്തിൽ ബന്ദിയാക്കപ്പെടാനും തൻ്റെ ഓഹരി/സംരക്ഷണത്തിൽ വരാനും ഇടയുണ്ട്. രക്ത ബന്ധുവിനെ വലതു കൈ ഉടമപ്പെടുത്തുന്ന സാഹചര്യമുണ്ടായാൽ ഉടനെ മോചിപ്പിക്കേണ്ടതാണ്, അടിമയായി വെച്ചിരിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. അന്യരെപ്പോലും മോചിപ്പിക്കുന്നത് പുണ്യകരമാക്കിയ ഇസ്‌ലാം, രക്ത ബന്ധുവിനെ അടിമയായി വെച്ചിരിക്കുന്നത് കണ്ടുനിൽക്കില്ല. അബൂദാവൂദ് (952 ) ഉദ്ദരിച്ച ഒരു നബിവചനം കാണുക:
– حَدَّثَنَا ‌أَبُو دَاوُدَ ، قَالَ: حَدَّثَنَا ‌حَمَّادُ بْنُ سَلَمَةَ ، عَنْ ‌قَتَادَةَ ، عَنِ ‌الْحَسَنِ ، عَنْ ‌سَمُرَةَ ، قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «‌مَنْ ‌مَلَكَ ‌ذَا ‌رَحِمٍ ‌مَحْرَمٍ ‌فَهُوَ ‌حُرٌّ»
= രക്തബന്ധുവിനെ ഉടമപ്പെടുത്തിയാൽ ആ ബന്ധു സ്വതന്ത്രനാകുന്നു” .

ഇക്കാര്യം മഹതി ആഇശ റ യും നിവേദനം ചെയ്തിട്ടുണ്ട്

(«‌‌باب ‌عتق ذوي الأرحام
محمد عن أبي يوسف عن عطاء بن عجلان عن عبد الله بن أبي مليكة عن عائشة عن رسول الله – صلى الله عليه وسلم – أنه قال: “‌من ‌ملك ذا رحم ‌محرم فهو حر”»
«الأصل للشيباني ط قطر» (5/ 67))

പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവും ഹദീസ് സമാഹർത്താവുമായ അബ്ദുറസാഖ് അസ്സൻആനിയുടെ മുസ്വന്നഫിൽ “രക്തബന്ധുവിനെ ഉടമപ്പെടുത്തുന്നവൻ” എന്നൊരു അധ്യായത്തിന് കീഴിൽ തദ്വിഷയകമായ സ്വഹാബികളുടെയും താബിഉകളുടെയും പ്രസ്താവനകൾ ഉദ്ധരിക്കുന്നുണ്ട് (18070 മുതൽ 18086 വരെ). രക്തബന്ധുവിനെ ഉടമപ്പെടുത്തുന്ന സന്ദർഭത്തിൽ അവരെ സ്വാതന്ത്രക്കുകയായിരുന്നു അവരുടെ നടപടിയെന്ന് പ്രസ്തുത നിവേദനങ്ങൾ വ്യക്തമാക്കുന്നു.

നാല്:

ഒരടിമ സ്ത്രീയുമായി വേഴ്ച നടന്നാൽ അതോടെ അവളുടെ ഉമ്മയും മകളും സഹോദരിയും “നിഷിദ്ധമാക്കപ്പെട്ട” സ്ത്രീകളുടെ ഗണത്തിൽ ഉൾപ്പെടുന്നു. (لِأَنَّ الْوَطْءَ ‌بِمِلْكِ ‌الْيَمِينِ نَازِلٌ مَنْزِلَةَ عَقْدِ النِّكَاحِ = മിൽകുൽ യമീൻ പ്രകാരം വേഴ്ച നടത്തുന്നത് നികാഹിലൂടെ വേഴ്ച നടത്തുന്ന അതേ സ്ഥാനത്താണ് പരിഗണിക്കുക” എന്ന തത്വം കർമ്മശാസ്ത്രത്തിൽ പ്രസിദ്ധമാണ്)

അഞ്ച്:

ഇങ്ങനെ വലതുകരം ഉടമപ്പെടുത്തുന്ന സഹോദരിയെപ്പോലെയുള്ള “നിഷിദ്ധമാക്കപ്പെട്ട”വരുമായി ‘ഉടമാധികാരം’ അടിസ്ഥാനമാക്കി ലൈംഗിക വേഴ്ച പാടില്ല; കാരണം, അവൾ അപ്പോഴും “നിഷിദ്ധമാക്കപ്പെട്ട” സഹോദരിയാണ്. ആ വേഴ്ച വ്യഭിചാരമാണ്; വൻ പാപമാണ്; മഹാ കുറ്റമാണ്.

അതൊരു അത്യപൂർവ്വ കേസ് ആയതിനാൽ, അതിനുള്ള ഹദ്ദിനെക്കുറിച്ച് ഖുർആനിലും ഹദീസിലും നേർക്കുനേർ പരാമർശമില്ല. അതിനാൽ, ഈ തെറ്റിന് എന്തുശിക്ഷ നൽകണമെന്ന കാര്യം ജ്ഞാനികൾ ചർച്ച ചെയ്തു, പ്രമാണങ്ങളുടെ പൊതുവായ താത്പര്യമനുസരിച്ച് അവർ പര്യാലോചിച്ചു. ചില പണ്ഡിതന്മാർ ഹദ്ദ് വിധിച്ചു. ചിലർ തഅസീറും. ഹദ്ദില്ല എന്ന വീക്ഷണമാണ് ഫത്ഹുൽ മുഈൻ അവതരിപ്പിക്കുന്നത്. അതായത്, തഅസീറിലൂടെ ആവശ്യമായ നടപടി സ്വീകരിക്കണം. ഹദ്ദില്ല എന്ന് കാണുമ്പോഴേക്കും തെറ്റല്ല എന്ന് ധരിച്ചുവശായിരിക്കുകയാണ് ആരോപകർ. “ഹദ്ദില്ല” എന്ന് എടുത്തുപറയുമ്പോൾ രണ്ടു സൂചനകളാണ് അതിലൂടെ നൽകുന്നത്. ഒന്ന്: അങ്ങനെ അഭിപ്രായമുള്ള ജ്ഞാനികളുണ്ട്. രണ്ട്: തഅസീറ് എന്ന ശിക്ഷാ രീതിയിലാണ് അതുൾപ്പെടുക എന്നാണ് ഗ്രന്ഥകാരൻ്റെ പക്ഷം.

അഞ്ചാം നൂറ്റാണ്ടിലെ ശാഫിഈ വക്താവും, അത്തൻബീഹ് എന്ന ആധികാരിക ശാഫിഈ കൃതിയുടെ കർത്താവുമായ അബൂ ഇസ്‌ഹാഖ്‌ ശീറാസി റഹി രേഖപ്പെടുത്തുന്നു : ومن وطئ أخته بملك اليمين ففيه قولان : أحدها يحد والثاني يعزر والثاني الأصح = ഉടമാവകാശമുണ്ടെന്ന ന്യായത്തിൽ സഹോദരിയെ സംഗം ചെയ്യുന്ന വ്യക്തിയെ ഹദ്ദ് അടിക്കേണ്ടതാണ്; അഥവാ തഅസീർ നടപടി സ്വീകരിക്കേണ്ടതാണ് എന്നീ രണ്ട് വീക്ഷണങ്ങളുണ്ട് ജ്ഞാനികൾക്കിടയിൽ. രണ്ടാമത്തെ അഭിപ്രായമാണ് കൂടുതൽ ശരി”.

ആറ് :

ലൈംഗിക വേഴ്ച നിഷിദ്ധമാക്കപ്പെട്ട സ്ത്രീകളുമായി വേഴ്ച നടത്തുന്നത് വ്യഭിചാരമാണ്. അത് കടുത്ത പാപമാണ്. അതിന് പരലോകത്തു കനത്തശിക്ഷയുണ്ട്. ഇസ്‌ലാമിക നിയമം നടപ്പിലാക്കപ്പെടുന്ന രാജ്യത്ത് മറ്റു ശിക്ഷകളും ഉണ്ടാകും. ഭൂമിയിൽ നടപ്പിലാക്കുന്ന ശിക്ഷയിൽ ഒരിനമാണ് ഹദ്ദ്. നിർണിത ശിക്ഷയാണ് ഹദ്ദ്. അതിൽ കൂട്ടുവാനോ കുറക്കുവാനോ ന്യായാധിപന് അനുവാദമില്ല. എല്ലാ ഇനം വ്യഭിചാരത്തിനും ഹദ്ദില്ല. മറ്റൊരു ശിക്ഷ തഅസീർ എന്നറിയപ്പെടുന്നു. നിർണ്ണിതമല്ലാത്ത ശിക്ഷയാണിത്. പ്രശ്നത്തിന്റെയും പ്രതിയുടെയും സ്വഭാവവും സാഹചര്യവുമനുസരിച്ച് ഏറിയും കുറഞ്ഞും ശിക്ഷ വിധിക്കാൻ ന്യായാധിപന് അനുവാദമുള്ള ശിക്ഷയാണ് തഅസീർ. ചില മഹാ പാപങ്ങൾക്ക് ഹദ്ദ് / തഅസീർ എന്നീ രണ്ടിനം ശാരീരിക ശിക്ഷയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അവ വൻ പാപങ്ങൾ തന്നെയാണ്. ഹദ്ദ് / തഅസീർ നടപ്പിലാക്കപ്പെടുന്ന പാപങ്ങൾക്കുള്ള പരലോക ശിക്ഷ സ്വാഭാവികമായും ലളിതമാകും. ഹദ്ദ് / തഅസീർ ഇല്ലാത്ത പാപങ്ങൾക്കുള്ള പരലോക ശിക്ഷ വർദ്ധിക്കും.

ചുരുക്കത്തിൽ, ലൈംഗിക വേഴ്ച നിഷിദ്ധമാക്കപ്പെട്ട സ്ത്രീയാണ് സഹോദരി. ഇതാണ് ഇസ്‌ലാമിക പാഠം. ഉടമാവകാശമെന്ന ന്യായം പറഞ്ഞു സഹോദരിയെ വേൾക്കുന്നവനെ അർഹമായ നിലയിൽ ശിക്ഷിക്കണം; ആ കൃത്യം മഹാപാപമാണ്. ഇക്കാര്യമാണ് ഫത്ഹുൽ മുഈൻ പഠിപ്പിക്കുന്നത്.

 

Leave a Reply