വിവാഹബന്ധം നിഷിദ്ധമാക്കുന്ന നാല് ‘ബന്ധങ്ങളുണ്ട് ഇസ്‌ലാമിക ഗണനയിൽ. രക്തബന്ധം, വിവാഹബന്ധം, മുലപ്പാൽകുടി ബന്ധം, ‘ഉമ്മഹാത്തുൽ മുഅമിനീൻ’ ബന്ധം. വിവാഹബന്ധം നിഷിദ്ധമാകുന്ന രക്തബന്ധുക്കളുടെയും വിവാഹബന്ധുക്കളുടെയും, മുലപ്പാൽ കുടിച്ച വകയിൽ ബന്ധമുള്ളവരുടെയും വൃത്തം ഖുർആനിലും നബിവചനങ്ങളിലും അവയിൽ നിന്നും സ്വാംശീകരിച്ച കർമ്മ ശാസ്ത്രത്തിലും സവിസ്തരം വിവരിക്കുന്നുണ്ട്. അന്ത്യപ്രവാചകൻ (സ്വ) യുടെ പത്നി പദത്തിലുണ്ടായിരുന്നവരെയാണ് ഉമ്മഹാത്തുൽ മുഅമിനീൻ = വിശ്വാസികളുടെ മാതാവ് എന്ന് വിളിക്കുന്നത്. അവരുടെ കാലം കഴിഞ്ഞു. അതിനാൽ, അങ്ങനെയൊരു വിലക്ക് ഇപ്പോൾ നിലനിൽക്കുന്നില്ല. ആത്‌മീയ ശൈഖുമാരുടെ പത്നിമാരായിരുന്ന സ്ത്രീകളെയോ, അഹ്ലുൽബൈത്തിൽ പെട്ട സ്ത്രീകളെയോ വിവാഹം ചെയ്യുന്നതിന് വിലക്കില്ല. അവരാരും ഉമ്മഹാത്തുൽ മുഅമിനീൻ അല്ല.

വിശുദ്ധ ഖുർആൻ അല്ബഖറ 233 ലെ പരാമർശ പ്രകാരം, മുലപ്പാൽ ഊട്ടുന്നതിന്റെ പരമാവധി പ്രായപരിധി രണ്ടു വയസ്സുവരെയാണ്. “ഉമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് രണ്ടുവർഷം മുലപ്പാലൂട്ടണം: മുലപ്പാൽപാനകാലം പൂർണ്ണമാക്കാൻ ഉദ്ദേശിക്കുന്നവർക്ക്”. മുലപ്പാലൂട്ടിയ സ്ത്രീകളെ കുഞ്ഞിന്റെ അമ്മയായി ഖുർആൻ ബഹുമാനിക്കുന്നു; അവരുമായും അവരുടെ സഹോദരിമാരുമായും വിവാഹബന്ധം നിഷിദ്ധമായി പ്രഖ്യാപിച്ചുകൊണ്ട്, ആ മാതൃത്വ പരികല്പന കൂടുതൽ പവിത്രമാക്കി നിലനിർത്തിയിരിക്കുന്നു (നിസാ 23 ).

ഭാര്യയുടെ മാതാപിതാക്കൾക്ക് പരികൽപിച്ച ബഹുമാനവും പവിത്രതയും പോലെയാണിതും. വിവാഹബന്ധം ഒഴിഞ്ഞാലും ഇവർ ബഹുമാന്യരായ മാതാപിതാക്കളായി തന്നെ തുടരുന്നു. സമാനമായ ഒരു പരികല്പനയാണ്, നിബന്ധനകളോടെ മുലപ്പാലൂട്ടിയ സ്ത്രീകൾക്കും അവരുടെ സഹോദരങ്ങൾക്കും മക്കൾക്കും കല്പിക്കുന്നത്. മുലപ്പാലൂട്ടുന്ന മാതാവല്ലാത്ത സ്ത്രീകൾക്ക് ഈ വക ബഹുമാനം കല്പിക്കുന്ന സമ്പ്രദായം നേരത്തെ അറേബിയയിൽ ഉണ്ടായിരുന്നില്ല. വിശുദ്ധ ഖുർആനിൽ അവരെ അമ്മയായി പരിഗണിച്ചുള്ള പരാമർശം വരുന്നതിനു മുമ്പേ, നബി സ്വ യുടെ ഭാഗത്തു നിന്നുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഖുർആൻ വാക്യത്തിൽ കാണാത്ത നിയമ നിർമ്മാണം, അല്ലാഹുവിന്റെ അനുമതിയോടെ പ്രവാചകൻ അവസരോചിതം ചെയ്യാറുണ്ടായിരുന്നു എന്ന സംഗതിയിലേക്കുള്ള ഉദാഹരണം കൂടിയാണ് മുലപ്പാൽകുടി ബന്ധ നിയമം. ഈ ബന്ധം സ്ഥാപിതമാകാൻ ആവശ്യമായ നിബന്ധനകൾ വിവരിക്കുന്നതും പ്രവാചകൻ തന്നെയാണ്; ഖുർആനിൽ ലഭ്യമല്ല.

രണ്ടുവയസ്സ് തികയാത്ത കുഞ്ഞുങ്ങളെ , തുടരെത്തുടരെ മിനിമം അഞ്ചു തവണ മുല വലിപ്പിക്കുകയോ പിഴിഞ്ഞെടുത്ത പാൽ വയറ്റിലെത്തിക്കുകയോ ചെയ്യണം. തുടരെ അഞ്ചുദിവസങ്ങളിലായി നൽകിയാലും മതി. പത്തുതവണയാണ് പൂർണ്ണരൂപം. ആദ്യഘട്ടത്തിൽ പത്തുതവണ നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതുസംബന്ധമായി ഖുർആനിൽ തന്നെ പരാമർശം ഉണ്ടായിരുന്നു; താമസിയാതെ മിനിമം അഞ്ചാക്കി ഭേദഗതി വാക്യം ഇറങ്ങി. നബിയുടെ വിയോഗത്തോടടുത്ത റമദാനിലെ അവസാന ഘട്ട ഖുർആൻ ക്രമീകരണത്തോടനുബന്ധിച്ച്, ആ വാക്യങ്ങളും പാരായണത്തിൽ നിന്നും നീക്കം ചെയ്യുകയും, നിയമം നിലനിർത്തുകയും ചെയ്യുകയാണുണ്ടായത്. മഹതി ആഇശ (റളി) ഇതുസംബന്ധമായ മതിയായ വിവരണം നൽകുന്നുണ്ട്. മിനിമം അഞ്ചുതവണയെങ്കിലും ഇപ്രകാരം മുലപ്പാൽ കുടിക്കുകവഴി ബന്ധം സ്ഥാപിതമായ ‘അന്യബന്ധു’ വിനെ മാത്രമേ മഹതി ആഇശ (റളി ) ഹിജാബ് പാലിക്കാത്ത സന്ദർഭങ്ങളിൽ തന്റെ സമീപത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. ഖലീഫ ഉമർ ബ്നുൽ ഖത്വാബ് റ ന്റെ പൗത്രനും, പ്രസിദ്ധനായ ഇബ്നു ഉമർ റ ന്റെ പുത്രനും, മദീനയിലെ പ്രമുഖ പണ്ഡിതനുമായ സാലിം ബ്നു അബ്ദില്ലാഹ് റഹി തന്റെ അനുഭവം വിവരിക്കുന്നത് ഇമാം മാലിക് റഹി മുവത്വയിൽ രേഖപ്പെടുത്തുന്നു(ഇമാം ശാഫിഈ റഹി അൽ ഉമ്മിൽ പകർത്തുന്നു): മുലകുടി പ്രായത്തിലുള്ള സാലിമിനെ സഹോദരി ഉമ്മു കുൽസൂമിന്റെ അടുത്തേക്ക് കൊടുത്തയക്കുന്നു. തുടരെ മൂന്നു ദിവസം മുലപ്പാൽ നൽകി. പിന്നെ സാലിമിന് അസുഖമായി. നിബന്ധന പൂർത്തിയാകാത്തതിനാൽ, സാലിമിനെ ആഇശ അന്യനായി കണ്ടാണ് പെരുമാറിയിരുന്നത്. ഇമാം ശാഫിഈ റഹി കൂട്ടിച്ചേർക്കുന്നു: ‘പത്തുതവണ നൽകാനായിരുന്നു ആഇശ (റളി) കല്പിച്ചത്; കാരണം, അതാണ് കൂടിയ തവണ. പക്ഷേ, മൂന്നു തവണയല്ലേ കുടിച്ചുള്ളൂ; അഞ്ചുപോലും ആയില്ലല്ലോ, അതാണ് സാലിമിന് മഹതി പ്രവേശനം തടഞ്ഞിരുന്നത്’.

(താഴെ പരാമർശിക്കുന്ന അബൂഹുദൈഫ റളി ന്റെ വിമോചിത അടിമയായിരുന്ന സാലിം അല്ല ഈ സാലിം. ആ സാലിമിന്റെ വ്യക്തിത്വ മാഹാത്മ്യം സുപരിചിതമായിരുന്ന മദീനക്കാർ തങ്ങളുടെ കുട്ടികൾക്ക് സാലിം എന്ന് പേരിടാൻ താല്പര്യം കാണിച്ചു. അങ്ങനെ ശുഭ പ്രതീക്ഷയിൽ -തയമ്മുൻ- പേരിടപ്പെട്ട സാലിമുകളിൽ ഒരാളാണ് ഇപ്പറഞ്ഞ സാലിം. പേർഷ്യൻ സമര മുന്നേറ്റ സമയത്ത് യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളിലൊരുത്തിയെ ഖലീഫ ഉമർ തന്റെ പുത്രൻ അബ്ദുല്ലയെ ഏൽപ്പിച്ചിരുന്നു. അതിൽ ജനിച്ച കുഞ്ഞാണ്, പിന്നീട് പുകൾപെറ്റ പണ്ഡിതനായിത്തീർന്ന സാലിം)

ദത്തുപുത്ര സമ്പ്രദായം നിരോധിച്ചപ്പോൾ

വളർത്തുപുത്രന്മാരെ സ്വപുത്രന്മാരെപ്പോലെ കണക്കാക്കിയിരുന്ന തെറ്റായ ഒരു രീതി അറേബിയയിൽ നടപ്പുണ്ടായിരുന്നു. പത്നി ഖദീജ സമ്മാനിച്ച സൈദ് ബ്നു ഹാരിസ എന്ന പരിചാരകനെ നബി (സ്വ) വളർത്തുപുത്രനായി സംരക്ഷിച്ചുപോന്നു. ആളുകൾ സൈദിനെ ‘സൈദ് ബ്നു മുഹമ്മദ്’ എന്ന് വിളിക്കാൻ തുടങ്ങി. വളർത്തുപുത്രനെ എല്ലാ അർത്ഥത്തിലും സ്വന്തം പുത്രനായി ഗണിക്കണമെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ വളർന്നു. നിയന്ത്രണങ്ങളില്ലാതെ ഇടപഴകാനും വീടിനകത്ത് സഞ്ചരിക്കാനും നൽകിയ സ്വാന്തന്ത്ര്യം, നിരവധി ധാർമ്മിക പ്രശ്നങ്ങൾക്ക് കാരണമായിത്തീർന്നു. ഈ പശ്ചാത്തലത്തിൽ, വളർത്തുപുത്രന്മാരെ അവരുടെ സ്വന്തം പിതാവിലേക്കു ചേർത്തു വിളിക്കാൻ ആഹ്വാനം ചെയ്യുന്ന സൂക്തങ്ങളിറങ്ങി. കേവല വിളികൊണ്ടുമാത്രം ഭാര്യമാർ ഉമ്മമാരാകാത്തപോലെ, കേവല വിളികൊണ്ടുമാത്രം  വളർത്തുപുത്രന്മാർ സ്വന്തം മക്കളാകില്ലെന്ന് ഉണർത്തുകയായിരുന്നു ഖുർആൻ. ഇതിനെത്തുടർന്ന്, മുസ്ലിം വീട്ടകങ്ങളിൽ ചില നിയന്ത്രണങ്ങൾ അനിവാര്യമായിവന്നു. മക്കളെന്ന/സഹോരനെന്ന നിലയിലുള്ള പരസ്പര ഇടപഴകലിൽ നിയന്ത്രണം നടപ്പിലാക്കാൻ മുസ്ലിം കുടുംബങ്ങൾ പ്രേരിതരായി.

ആദ്യകാല സ്വഹാബിയും ഹബ്ശ- മദീന ഹിജ്‌റകളിൽ പങ്കെടുത്ത മുഹാജിറും ബദ്ർ അടക്കമുള്ള എല്ലാ പ്രസിദ്ധ സമരങ്ങളിലും പങ്കെടുത്ത പോരാളിയുമായ പ്രമുഖ സ്വഹാബിയാണ് അബൂ ഹുദൈഫ (ബ്നു ഉത്ബത് ബ്നു റബീഅ റളി ). അദ്ദേഹത്തിനൊരു വളർത്തുപുത്രനുണ്ടായിരുന്നു, സാലിം ബ്നു മഅഖൽ എന്നാണു പേര്. പേർഷ്യക്കാരനാണ്. അബൂ ഹുദൈഫയുടെ ആദ്യ ഭാര്യ സൽമാ / സുബൈത്ത അൽഅൻസ്വാരിയ്യയുടെ ഉടമസ്ഥതയിലായിരുന്ന സാലിമിനെ രക്ഷാധികാരം ഏൽക്കാത്ത വിധം അടിമമോചനം ചെയ്തതായിരുന്നു. അപ്പോൾ സാലിമിന്റെ രക്ഷാധികാരം അബൂ ഹുദൈഫ ഏറ്റെടുത്തു. പിന്നീട് ‘അബൂ ഹുദൈഫയുടെ വിമോചിത അടിമയായ സാലിം’ എന്നറിയപ്പെട്ടു. ഇസ്‌ലാമിക പ്രവർത്തകനും ഖുർആൻ പാരായണ വിദഗ്ധനും ബദ്ർ പോരാളിയുമായിരുന്നു സാലിം. സാലിമിനെ അബൂഹുദൈഫ വളർത്തുപുത്രനായാണ് കണക്കാക്കിയിരുന്നത്. തന്റെ സഹോദര പുത്രിയും ആദ്യകാല മുഹാജിറയും, ഖുറൈശി വിധവകളിൽ ഉത്തമയുമായ ഫാഥ്വിമ ബിൻത് അൽവലീദ് (ബ്നു ഉത്ബത് ബ്നു റബീഅ റളി )യെ സാലിമിന് വിവാഹം ചെയ്തു കൊടുത്തു. ഈയ്യിടയ്ക്കാണ് വളർത്തുപുത്ര സമ്പ്രദായത്തിലെ അപചയങ്ങൾക്ക് നിയന്ത്രണം നിർദ്ദേശിക്കുന്ന സൂക്തങ്ങൾ അവതരിച്ചത്. വളർത്തുപുത്രന്മാർ ഉണ്ടായിരുന്ന എല്ലാവരും അവരെ സ്വന്തം പിതാക്കൾക്ക് തിരിച്ചേല്പിച്ചു. പിതാവിനെ അറിയാത്തവരെ സംരക്ഷിത സ്വതന്ത്രദാസന്മാരായി ഗണിച്ചു.

ഈ പശ്ചാത്തലത്തിലാണ് ബനൂ ആമിർ ഗോത്രജ സഹ്‌ല ബിൻത് സുഹൈൽ (റളി) പ്രവാചക സന്നിധിയിൽ വരുന്നത്. അബൂ ഹുദൈഫയുടെ രണ്ടാമത്തെ പത്നിയും ഭർത്താവിന്റെ കൂടെ ഹബ്ശ ഹിജ്‌റയിൽ പങ്കെടുത്ത മുഹാജിറയുമാണ് സഹ്‌ല. ഭർത്താവിന്റെ ആദ്യഭാര്യയുടെ അടിമയും പിന്നീട് ഭർത്താവിന്റെ വളർത്തു പുത്രനുമായിത്തീർന്ന വ്യക്തിയാണ് സാലിം. സാലിം വീട്ടിൽ പുത്ര സാതന്ത്ര്യത്തിൽ ഇടപഴകുന്നതിൽ ഭർത്താവിനും തനിക്കുമുള്ള പ്രയാസം അറിയിക്കാനായിരുന്നു സഹ്‌ല വന്നിരിക്കുന്നത്. അടിമയായിരുന്ന കാലത്ത് യജമാനന്റെ അടുത്തുവന്നിരുന്ന സാലിം, മോചിതനായിട്ടും അതേ പതിവ് തുടർന്നു. അടിമ, ലൈംഗിക കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങാത്ത ബാലൻ, പടുവൃദ്ധൻ, ഷണ്ഡൻ, സ്ത്രൈണത കൂടിയ നപുംസകം തുടങ്ങിയവർക്ക് ഇതിനുള്ള അനുവാദം ഉണ്ടല്ലോ. സാലിം വലുതായിരിക്കുന്നു, താടിരോമങ്ങൾ പുറത്തുകാണാം; വിമോചിതനാണ്, വിവാഹിതനുമാണ്. ബാല്യകാല വളർച്ചാ കാലത്ത് മാതാവെന്ന പരിഗണനയിൽ സാലിമിന് ഇടപഴകി ശീലമില്ലാത്തവളും സുന്ദരിയുമായ സഹ്‌ലയെ സാലിം നോക്കുന്നതും, സഹ്‌ല വീട്ടിനകത്തെ വസ്ത്രത്തിലായിരിക്കുമ്പോൾ, നിഷ്കളങ്കനായിരുന്നെങ്കിലും, സാലിം അവിടെ കടന്നുവരുന്നതും അബൂ ഹുദൈഫയ്ക്ക് മനസ്സിൽ പ്രയാസമുണ്ടാക്കിയിരുന്നു. സ്വാഭാവികമായും ഭർത്താവിനുണ്ടാകാവുന്ന ഒരസ്വസ്ഥത. അബൂ ഹുദൈഫയുടെ മുഖത്തെ നീരസം സഹ്‌ല പലപ്രാവശ്യമായി കാണുന്നു.

അവർ തിരുനബിയുടെ മുന്നിൽ ആവലാതി ബോധിപ്പിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾ സാലിമിനെ മകനായാണ് ഗണിക്കുന്നത്. ഞാൻ വീട്ടുജോലികളിൽ ആയിരിക്കുമ്പോൾ ശരീരം പൂർണ്ണമായി മറയ്ക്കാത്ത സന്ദർഭങ്ങളിലും അവൻ പതിവുപോലെ അവിടെ കടന്നുവരുന്നു. ഞങ്ങൾക്ക് വേറെവേറെ താമസിക്കാൻ ഒന്നിലേറെ വീടുകളില്ല. സാലിമിന്റെ കാര്യത്തിൽ അവിടുന്ന് എന്താണൊരു പോംവഴി നിർദ്ദേശിക്കുക?’ സാലിമിനെ പറഞ്ഞുവിടാൻ അവർക്കു താത്പര്യമില്ലെന്ന് മനസ്സിലാക്കിയ നബി (സ്വ) സഹ്‌ലയോട് പറഞ്ഞു: നീ അവനെ അഞ്ചു തവണ മുലപ്പാലൂട്ടുക; അതവനെ മഹ്റമാക്കി തീർക്കുമല്ലോ’. സഹ്‌ല ആശ്ചര്യപ്പെട്ടു: ‘ സാലിം വലിയ പുരുഷനല്ലേ റസൂലേ?’. അതുകേട്ടു ചിരിച്ചുകൊണ്ട് നബി (സ്വ) തുടർന്നു: ‘എനിക്കറിയാമല്ലോ സാലിം വലിയ ആൾ ആണെന്ന്’. സഹ്‌ല നിർദ്ദേശം പാലിച്ചു. അങ്ങനെ സാലിമിനെ സഹോദരനായി ഗണിച്ചു ജീവിതം മുന്നോട്ടുപോയി. (മുവത്വ, ഉമ്മ്, മുസ്ലിം)

വലിയവർക്ക് മുലപ്പാലൂട്ടാമോ?

പ്രസ്തുത സംഭവത്തെ ചൊല്ലി, മുസ്ലിം നിയമജ്ഞന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ രൂപപ്പെട്ടു. പ്രവാചക പത്നിയും പ്രമുഖ നിയമജ്ഞയുമായ മഹതി ആഇശയുടെ നിലപാടാണ് ഒന്നാമത്തേത്. പരസ്പര ഇടപഴകൽ അനിവാര്യമായ വലിയവരായ ‘അന്യർ’ തമ്മിൽ മുലപ്പാൽകുടി ബന്ധം സ്ഥാപിച്ചുകൊണ്ട്, ഇടപഴകൽ പ്രതിസന്ധി പരിഹരിക്കാവുന്നതാണ്; അബൂഹുദൈഫയുടെ കുടുംബവും സാലിമും നേരിട്ട പ്രതിസന്ധി നബി (സ്വ) പരിഹരിച്ചപോലെ. ഇതായിരുന്നു മഹതിയുടെ വീക്ഷണം.

ഒരു ഫത്‌വ നൽകുക മാത്രമായിരുന്നില്ല, സ്വജീവിതത്തിൽ ആ നടപടി പലപ്പോഴും സ്വീകരിക്കുകയും ചെയ്തു. പണ്ഡിതയായ മഹതിയുടെ ശിക്ഷണത്തിൽ വളരാൻ അടുത്ത ബന്ധുക്കളുടെ മക്കളെ അവിടെ പറഞ്ഞുവിടുന്ന പതിവുണ്ടായിരുന്നു. കുട്ടികൾ വലുതാകുമ്പോൾ സ്വാഭാവികമായും അടുത്തിടപഴകാൻ പ്രയാസമാകുമല്ലോ. ഇത് പരിഹരിക്കാൻ, മഹതി മേൽനടപടി സ്വീകരിച്ചുപോന്നു. പ്രസവിച്ചിട്ടില്ലാത്ത മഹതി, സ്വസഹോദരിയും സ്വഹാബി പ്രമുഖയുമായ ഉമ്മു കുൽസൂമിന്റെയും അവരുടെ പുത്രിമാരുടെയും അടുത്തേക്ക് ഇത്തരം ആൺകുട്ടികളെയും പെൺകുട്ടികളെയും പറഞ്ഞയക്കും, അവർ ഇവർക്ക് മുലപ്പാൽ നൽകും. (أبو داوود في النكاح2061 (വിദ്യാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും സഹോദരന്മാരായിത്തീരുകയും അവർക്ക് ആ അർത്ഥത്തിൽ ഇടപഴകി പഠനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയും ചെയ്തു. ഇങ്ങനെ ബന്ധം സ്ഥാപിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ മറയ്ക്കപ്പുറം കൂടുകയായിരുന്നു. മുകളിൽ അനുസ്മരിച്ച സാലിം ബ്നു അബ്ദുല്ല അങ്ങനെ പഠിച്ചു വളർന്ന വിദ്യാർത്ഥിയായിരുന്നു.

ഇവിടെ സ്മരണീയമായ കാര്യം, മഹതി ആഇശയുടെ മാത്രം വീക്ഷണമായിരുന്നില്ല ഇത് എന്നതാണ്. ആഇശയും സഹോദരി അസ്മായും ഇസ്ലാമിലെ പ്രഥമ മെമ്പറും പ്രഥമ ഖലീഫയുമായ അബൂബക്കർ സിദ്ധീഖ് റ ന്റെ പുത്രിമാരാണ്. നബി ജീവിതവുമായി വളരെ അടുപ്പമുള്ളവരാണവർ. ആദ്യകാല വനിതാഅംഗങ്ങളിൽ പെടുന്നു അസ്മാ. അവരുടെ ഭർത്താവ് സ്വഹാബി പ്രമുഖനായ സുബൈർ ബ്നുൽ അവ്വാം (റളി) ആകുന്നു. ഹിജ്‌റ സമയത്ത് ഗർഭസ്ഥനായിരുന്ന, മദീനയിലെത്തിയ ശേഷം ഖുബായിൽ പ്രസവിച്ച അവരുടെ പുത്രൻ അബ്ദുല്ലാഹി ബ്നു സുബൈർ (റളി) വളരെ പ്രസിദ്ധനായ സ്വഹാബിയാണ്. അബ്ദുല്ല വധിക്കപ്പെട്ട ശേഷം, ഹിജ്‌റ 71 ലാണ് അസ്മായുടെ വിയോഗം. അസ്മായുടെ പുത്രിമാരും തികഞ്ഞ പണ്ഡിതകളാണ്. അവരുടെ ഭർത്താക്കന്മാർ സ്വഹാബികളുടെ പുത്രന്മാരാണ്. വലിയവർക്ക് മുലപ്പാൽ നൽകി ബന്ധം സ്ഥാപിക്കണമെന്ന നിലപാട് ഇവർക്കാർക്കുമില്ലായിരുന്നെങ്കിൽ അവർ മഹതി ആഇശയുടെ നിലപാടിനെ സപ്പോർട്ട് ചെയ്യുമായിരുന്നില്ല. ആഇശ മുലപ്പാൽ കുടി ബന്ധം സ്ഥാപിക്കാൻ നിർദ്ദേശിച്ചയച്ച ബാല ബാലികമാരുടെ കുടുംബവും ആഇശയുടെ നടപടിയെ പിന്തുണച്ചുവല്ലോ. സഹ്‌ല ബിൻത് സുഹൈൽ (റളി) നബി സന്നിധിയിൽ വരുമ്പോൾ, സഹ്‌ലയുടെ കുടുംബത്തിലെ പ്രതിസന്ധിക്ക് നബി പരിഹാരം നിർദ്ദേശിക്കുമ്പോൾ, അതിനു സാക്ഷിയായിരുന്നത് മഹതി ആഇശയാണ്. അവർ തന്നെയാണ് ആ സംഭവം മറ്റുള്ളവർക്ക് എത്തിക്കുന്നതും. നബിയുടെ നിർദ്ദേശത്തിന്റെ പൊരുളും വികാരവും മറ്റാരേക്കാളും മനസ്സിലാവുക സാക്ഷിയായ ആഇശായ്‌ക്ക് തന്നെയാണ്. ആഇശയുടെ കുടുംബത്തിന് അക്കാര്യം ബോധ്യപ്പെടുകയും ചെയ്തുവെന്ന വസ്തുത അത്ര ചെറിയ കാര്യമല്ല.

സമുദായത്തിൽ ചിലരെങ്കിലും മഹതി ആഇശയുടെ നിലപാട് അനുകരിച്ചിരുന്നു എന്നും കാണാം, മറ്റുള്ളവർ അതിനെ എതിർത്തിരുന്നെങ്കിലും. വലിയവർക്ക് മുലപ്പാലൂട്ടി ബന്ധം സ്ഥാപിക്കാനാകുമോ എന്ന ചോദ്യവുമായി അബ്ദുല്ലാഹിബ്നു ഉമർ റ ന്റെ അടുക്കൽ ഒരാളെത്തി. അയാളോട് ഇബ്നു ഉമർ പിതാവുമായി ബന്ധപ്പെട്ട ഒരനുഭവം പങ്കുവെച്ചു. ഖലീഫ ഉമർ റ ന്റെ അടുക്കൽ വന്ന് ഒരാൾ പരാതിപ്പെട്ടു: തന്റെ കീഴിലുണ്ടായിരുന്നതും ലൈംഗിക ബന്ധം നടത്താറുള്ളതുമായ ഒരു ദാസിയെ, തന്റെ ഭാര്യ നിബന്ധനകൾ പൂർത്തീകരിക്കും വിധം മുലപ്പാലൂട്ടി. പിന്നീട്, താൻ ആ ദാസിയെ പ്രാപിക്കാൻ ശ്രമിച്ചപ്പോൾ, ഭാര്യ പറഞ്ഞു: ‘തൊടരുത്, ഞാനവൾക്ക് മുലപ്പാലൂട്ടിയിരിക്കുന്നു’. ഉമർ റ അതംഗീകരിച്ചില്ല. മുലകുടി ബന്ധം കുഞ്ഞുങ്ങളുമായേ സ്ഥാപിക്കാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇമാം ശാഫിഈ (റഹി) ഉമ്മിൽ ഉദ്ധരിക്കുന്നതും ഇമാം മാലിക് മുവത്വയിൽ രേഖപ്പെടുത്തിയതുമായ ഈ സംഭവം, ഇവ്വിഷയകമായ ആയിശാ മദ്ഹബിന്റെ സ്വാധീനം സമുദായത്തിൽ ഉണ്ടായിരുന്നുവെന്ന് കാണിക്കുന്നു. ഭരണാധികാരികൾക്ക് ഈ നിലപാട് ഇല്ലാത്തതിനാൽ, അത്തരം രീതി ക്രമേണ അസ്തമിച്ചു പോയതായിരിക്കാനാണ് സാധ്യത. സ്വഹാബി പ്രമുഖനായ അബൂ മൂസൽ അശ്അരി (റളി) ന്റെ നിലപാട് മഹതി ആഇശയുടേത്‌ തന്നെയായിരുന്നു എന്ന് കാണിക്കുന്ന, മുവത്വയിലെ ഒരു നിവേദനം ഇമാം ശാഫിഈ (റഹി) ഉമ്മിൽ ഉദ്ധരിക്കുന്നുണ്ട്. ഇദ്ദേഹം ഈ അഭിപ്രായത്തിൽ നിന്നും മടങ്ങിയെന്ന പ്രസ്താവനയോടെ ഇമാം ഖുർതുബി തഫ്സീറിൽ ഉദ്ധരിക്കുന്ന സംഭവം മതിയായ തെളിവല്ലെന്ന് മനസ്സിലാകുന്നു.

എന്നാൽ, മറ്റു നബി പത്നിമാരാരും ആഇശയുടെ ഈ നിലപാടിനെ അംഗീകരിച്ചിരുന്നില്ല. വലിയവരുമായുള്ള മുലപ്പാൽ കുടി ബന്ധം പ്രമാണ ബദ്ധമല്ലെന്നും സാലിമിന്റെ കാര്യത്തിൽ തിരുനബി സവിശേഷമായ നടപടി സ്വീകരിക്കുകയായിരുന്നു എന്നും അവർ പറയുന്നു. വിശുദ്ധ ഖുർആനിൽ മുലപ്പാലൂട്ടൽ കാലം രണ്ടുവയസ്സുവരെയാണെന്ന പ്രസ്താവനയുടെ ബലത്തിൽ(അൽ ബഖറ 233 , ലുഖ്മാൻ 14 ), പ്രമുഖ വക്താക്കളെല്ലാം ഇവരുടെ നിലപാടിനെയാണ് പിന്തുണച്ചത്. മുകളിൽ ഉദ്ധരിച്ച ഖലീഫ ഉമറിന്റെ നിലപാട് സമുദായത്തിന്റെ മുഖ്യധാരാ നിലപാടായി തീർന്നിരിക്കുക സ്വാഭാവികം. ‘സാലിമിന്റെ കേസ് സവിശേഷമായിരുന്നു എന്നത്രെ, കണ്ടുമുട്ടിയ അനേകം ജ്ഞാനികളിൽ നിന്നും ഞാൻ മനസ്സിലാക്കിയിരിക്കുന്നത് ‘ (ഉമ്മ് ) എന്ന് ഇമാം ശാഫിഈ റഹി (മ. ഹി 204 ) രേഖപ്പെടുത്തുമ്പോൾ, അത്തരമൊരെ തുടർച്ചയായിരുന്നിരിക്കണം, സമുദായത്തിൽ വ്യാപകമായിത്തീർന്നത് എന്ന് മനസ്സിലാക്കാം. എന്നാൽ, ആഇശയുടെ വിദ്യാർത്ഥിയും താബിഈ പണ്ഡിതനായ അത്വാഉ ബ്നു അബീ റബാഹ് റഹി(ജീവിതകാലം ഹി. 27-117 ), പ്രമുഖ താബിഈ പണ്ഡിതനും ഈജിപ്തുകാരനും സ്വന്തമായ ഒരു മദ്ഹബിന്റെ വക്താവുമായിരുന്ന ശൈഖുൽ ഇസ്ലാം ഹാഫിള് ലൈസ് ബ്നു സഅദ് റഹി (ജീവിതകാലം ഹി. 74-175), ഹിജ്‌റ മൂന്നാം നൂറ്റാണ്ടിൽ ബാഗ്ദാദ് കേന്ദ്രീകരിച്ച് വ്യാപിച്ച ളാഹിരിയ്യ മദ്ഹബ് വക്താവ് പ്രസിദ്ധ പണ്ഡിതൻ ദാവൂദ് ളാഹിരി(ജീ. ഹി 201 – 270 ), പ്രസ്തുത മദ്ഹബിന്റെ ആധികാരിക വക്താവായി പിന്നീട് പ്രവർത്തിച്ച പ്രസിദ്ധനായ ഇബ്നു ഹസ്മ് അൽ അന്ദുലുസി (ജീ. ഹി. 384 -456 ) തുടങ്ങിയവർ മഹതി ആഇശയുടെ നിലപാട് പിന്തുണച്ചവരായിരുന്നു.

വിശുദ്ധ ഖുർആനിൽ രണ്ടുവയസ്സ് വരെ നിർദ്ദേശിക്കുന്നത്, കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആണെന്നും, ‘അന്യരും വലിയവരുമായ’ അടുത്ത ആളുകളുമായി സമ്പർക്കം ഒഴിവാക്കാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ, സാലിം പ്രശ്‍നത്തിലെന്നപോലെ പരിഹാര നടപടി സ്വീകരിക്കാൻ അത് തടസ്സമല്ലെന്നും വീക്ഷിക്കുന്ന നിരവധി ജ്ഞാനികൾ കഴിഞ്ഞുപോയി. അതായത്, സാലിം പ്രശ്നം സാലിമിന് മാത്രമായിട്ടുള്ളതല്ലെന്നും സമാനമായ കുടുംബ പ്രതിസന്ധി അനുഭവിക്കുന്നവർക്കെല്ലാം അത് സ്വീകരിക്കാമെന്നുമാണ് അവർ പറയുന്നത്. സാലിം പ്രശ്നം ഭേദഗതി ചെയ്യപ്പെട്ടിട്ടില്ല; സാലിമിന് ഖാസ് ആയിട്ടുള്ളതുമല്ല; എന്നാൽ, അത് എല്ലാ ജനങ്ങൾക്കും അനുവദിക്കുന്നതല്ല; സമാനമായ പ്രതിസന്ധി ഉള്ളവർക്ക് മാത്രം നിർദ്ദേശിക്കപ്പെട്ടതാകുന്നു എന്നത്രെ അവർ പറയുന്നത്. ഒരു വ്യക്തിക്ക് നിർദ്ദേശിച്ച പരിഹാരമല്ല; ഒരു പ്രശ്നത്തിനുള്ള പരിഹാരമാണ് എന്ന് ചുരുക്കം. വിശുദ്ധ ഖുർആനെയും സാലിം പ്രശ്ന ഹദീസുകളെയും മഹതി ആഇശയുടെ നിലപാടിനെയും ഏകീകരിക്കുന്ന ഒരു നിലപാടുതറയാണിത്. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം, മുഹമ്മദ് ബ്നു ഇസ്മാഈൽ അസ്സ്വന്ആനി (1099 – 1182 ), ശൗകാനി, സിദ്ധീഖ് ഹസൻ ഖാൻ തുടങ്ങിയവർ പ്രശ്‌നത്തിൽ ഇങ്ങനെയൊരു സമവായം രൂപപ്പെടുത്താൻ ശ്രമിച്ചവരാണ് (സാദുൽ മആദ് / ഇബ്നുൽ ഖയ്യിം, സുബുലുസ്സലാം /സ്വന്ആനി, നൈലുൽ ഔത്വാർ/ ശൗകാനി )

മുലപ്പാലൂട്ടുന്ന രൂപം

സാധാരണയിൽ കുഞ്ഞുങ്ങളെ മുലയൂട്ടുന്നപോലെ, നേർക്കുനേർ സ്‌തനം വായിൽവെച്ചുകൊടുത്തു കുടിപ്പിക്കുകയാണോ വലിയവരുടെ കാര്യത്തിലും എന്ന് കൗതുകപ്പെടുന്നവരുണ്ടാകാം. കുഞ്ഞുങ്ങൾക്കുപോലും, സ്തന്യം വായിലെത്തിക്കാൻ വിവിധ വഴികൾ സ്വീകരിക്കാമെന്നാണ് ബഹുഭൂരിപക്ഷം ജ്ഞാനികൾ പറയുന്നത്. പാത്രത്തിലേക്കെടുത്ത് കുഞ്ഞിന് നൽകാവുന്നതാണ്. ഇതേ രീതി വലിയവരുടെ കാര്യത്തിൽ എന്തുകൊണ്ടും അനിവാര്യമാണല്ലോ. സാലിമിന് സ്‌തനം വായിൽ വെച്ചുകൊടുക്കാൻ നബി നിർദ്ദേശിച്ചിട്ടില്ല. വീട്ടു വസ്ത്രത്തിൽ തന്നെ സാലിം കാണുന്നതിലെപ്രയാസം അറിയിക്കാൻ വന്ന സഹ്‌ലയോട് തന്റെ മുല അവന്റെ വായിൽ വെച്ചുകൊടുക്കാൻ നിർദ്ദേശിക്കുമോ?! സാലിം വലിയ ആളല്ലേ?!’ എന്ന് സഹ്‌ല പ്രതികരിച്ചത്, വലിയവർ തമ്മിലും ഇത്തരമൊരു ബന്ധം സാധ്യമാണോ എന്ന ആശങ്കയിലാകണം. ‘സാലിം വലിയ ആളാണെന്നു തനിക്കറിയാം ; സ്‌തനം കുടിപ്പിക്കുവാനല്ലടോ ഞാൻ പറഞ്ഞത്’ എന്ന ധ്വനിയിലാണ് നബി ചിരിച്ചു പ്രതികരിച്ചത്. സംഗതി മനസിലാക്കിയ സഹ്‌ല ചെയ്തതും അതുതന്നെ.

  • ബനൂ ഹാശിം കുടുംബത്തിലെ വിമോചിത ദാസനും പ്രസിദ്ധ ചരിത്രകാരനായ ഇബ്നു സഅദ് (ജീ.. ഹി 168 – 230 ). അക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. «أخبرنا محمد بن عمر حدثنا محمد بن عبد الله بن أخي الزهري عن أبيه قال: كانت ‏سهلة تحلب في مسعط أو إناءٍ قدر رضعة، فيشربه سالمٌ في كل يومٍ حتى مضت خمسة أيام. فكان بعد ذلك يدخل عليها وهي حاسِرٌ رأسها، رُخصة من رسول ‏اللّه (ص) لسهلة بنت سهيل (ഒരു മിസ്അത്തിലോ- വായിലേക്ക് പാലോ ഔഷധമോ ഒഴിച്ചുകൊടുക്കുവാനുപയോഗിക്കുന്ന പാത്രം- ചെറിയ പാത്രത്തിലോ ഒരു പിഴിച്ചിലിൽ ലഭിക്കുന്ന പാൽ എടുക്കുകയും സാലിം അത് കുടിക്കുകയുമായിരുന്നു ചെയ്തിരുന്നത്. അങ്ങനെ അഞ്ചുദിവസം തുടർച്ചയായി ചെയ്തു. അതിനുശേഷം സാലിം വീട്ടിനകത്ത് പ്രവേശിച്ചിരുന്നു; സഹ്‌ല തല തുറന്നിട്ട അവസ്ഥയിലും- ത്വബഖാത്ത് 8 / 271 ).
  • വലിയ ആളുടെ വായിൽ സ്‌തനം വെച്ചുകൊടുത്തു കുടിപ്പിക്കുകയാണ്‌ എന്ന് തെറ്റിദ്ധരിച്ച ചിലർ സഹ്‌ല -സാലിം പ്രശ്‌നം അനുസ്മരിക്കുന്ന ഹദീസുകളെ ആക്രമിക്കാൻ ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ തന്നെ രംഗത്തുവന്നിരുന്നു. പ്രമുഖ ഖുർആൻ – ഹദീസ് – ഭാഷാ പണ്ഡിതനായിരുന്ന ഇബ്നു ഖുതൈബ അദ്ദൈനൂരി റഹി ( ജീ . ഹി 213 – 276 ) തന്റെ ‘തഅവീലു മുഖ്തലഫിൽ ഹദീസി’ൽ ഈ വിമർശനത്തിന് വിശദമായി മറുപടി നൽകുന്നുണ്ട്. അദ്ദേഹം കുറിക്കുന്നു: ”അബൂ ഹുദൈഫയുടെ നീരസം നീക്കാൻ നബി (സ്വ) ഉദ്ദേശിച്ചു. സാലിം കടന്നുവരുമ്പോൾ മനസ്സ് സമാധാനമടയാനുള്ള വഴി നിർദ്ദേശിച്ചു. അവിടുന്ന് സഹ്‌ലയോടു പറഞ്ഞു: ‘നീ അവനെ മുലപ്പാലൂട്ടുക’. കുട്ടികൾക്ക് ചെയ്യാറുള്ള പോലെ, നിന്റെ സ്‌തനം അവന്റെ വായിൽ വെച്ചുകൊടുക്കൂ എന്ന് നബി ഉദ്ദേശിച്ചിട്ടില്ല. ‘നീ സ്തന്യം അല്പം പിഴിഞ്ഞെടുത്ത് അവനു കുടിക്കാൻ കൊടുക്കൂ’ എന്നേ കരുതിയിട്ടുള്ളൂ. അതല്ലാത്ത ഒരു രൂപം സാധ്യതയില്ലല്ലോ. കാരണം, സാലിമിന് സഹ്‌ലയുടെ സ്തനത്തിലേക്ക് നോക്കൽ അനുവദനീയമല്ല. ലൈംഗിക മോഹം ഉണ്ടാക്കുന്ന ആ പ്രവൃത്തി എങ്ങനെ അനുവദിക്കാൻ?!”
  • ‘വലിയവരുടെ മുലപ്പാൽ കുടി ബന്ധം സ്ഥാപിക്കൽ’ രീതി, സമുദായത്തിൽ കുറഞ്ഞ തോതിലെങ്കിലും നിലനിന്നുപോന്നിരുന്നു എന്നുവേണം കരുതാൻ. താബിഈ പ്രമുഖനായ അത്വാഉ ബ്നു അബീ റബാഹ് റഹി യുടെ അടുക്കൽ ഒരാൾ ഫത്‌വ തേടിയെത്തിയ രംഗം പ്രസിദ്ധ ഹദീസ് സമാഹർത്താവ് അബ്ദുറസാഖ് സ്വന്ആനി (126–211 ) തന്റെ മുസ്വന്നഫിൽ ചേർക്കുന്നുണ്ട്. അതിങ്ങനെ: عن ابن جريج قال: سمعت عطاء يُسأل، قال له رجل: «سقتني امرأة من لبنها بعدما كنت رجلاً كبيراً، أأنكحها؟». قال: «لا». قلت: «وذلك رأيك؟». قال: «نعم. كانت عائشة تأمر بذلك بنات أخيها».
    “ഞാൻ വലിയ ആളായ ശേഷം ഒരു സ്ത്രീ എനിക്കവളുടെ സ്തന്യം കുടിപ്പിച്ചു. അവളെ എനിക്ക് വേൾക്കാമോ? അത്വാഉ പറഞ്ഞു : ‘ഇല്ല’. ‘അതാണോ താങ്കളുടെ കാഴ്ചപ്പാട്?’. ‘അതേ. അങ്ങനെ ചെയ്യാൻ മഹതി ആഇശ തന്റെ സഹോദരീ പുത്രിമാരോട് കല്പിച്ചിരുന്നു”. ഇവിടെ സ്ത്രീ മുലപ്പാൽ കുടിപ്പിക്കുന്നു എന്നാണല്ലോ പ്രയോഗിച്ചിരിക്കുന്നത്. ഇതേരീതിയായിരുന്നു ആഇശയും നിർദ്ദേശിച്ചിരുന്നതെന്നും അതിന്റെ പ്രചോദനം സാലിം – സഹ്‌ല സംഭവമാണെന്നും വ്യക്തമാണ്.
  • വലിയവരെ മുലപ്പാലൂട്ടുന്ന രീതി ഇങ്ങനെയായിരുന്നുവെന്ന്തന്നെയാണ് പിൻഗാമികളായ ജ്ഞാനികളും മനസ്സിലാക്കിയിരുന്നത്. പ്രസിദ്ധ ചരിത്രകാരനും ഹദീസ് നിരൂപകനുമായ ഹാഫിള് ഇബ്നു അബ്ദിൽ ബർർ റഹി (368 – 463 ) തന്റെ ‘തംഹീദി’ൽ അത്വാഉ ബ്നു അബീ റബാഹ് റഹി യുടെ അടുത്തെത്തിയ ചോദ്യം അനുസ്മരിച്ചശേഷം രേഖപ്പെടുത്തുന്നു: هكذا إرضاع الكبير كما ذكر، يحلب له اللبن ويسقاه ، وأما أن تلقمه المرأة ثديها كما تصنع بالطفل فلا، لأن ذلك لا يحل عند جماعة العلماء، وقد أجمع فقهاء الأمصار على التحريم بما يشربه الغلام الرضيع من( لبن ) المرأة وإن لم يمصه من ثديها وإنما اختلفوا في السعوط به وفي الحقنة والوجور” (മുകളിൽ സൂചിപ്പിച്ച രീതിയിലാണ് വലിയവരെ മുലപ്പാലൂട്ടൽ. പാൽ കറന്നെടുക്കുന്നു, അതയാളെ കുടിപ്പിക്കുന്നു. കുഞ്ഞുങ്ങൾക്ക് ചെയ്യാറുള്ളപോലെ സ്‌തനം വായിൽ വെച്ചുകൊടുക്കലല്ല. കാരണം അത് ഉലമാസംഘം അനുവദിക്കുന്നില്ല…)
  • പ്രസിദ്ധ ഹദീസ് വിശാരദൻ ഖാളി ഇയാള് (476 – 544 ) രേഖപ്പെടുത്തുന്നു: ولعل سهلة حلبت لبنها فشربه من غير أن يمس ثديها ، ولا التقت بشرتاهما ، إذ لا يجوز رؤية الثدي ، ولا مسه ببعض الأعضاء (സഹ്‌ല സ്തന്യം പിഴിഞ്ഞെടുക്കുകയും സാലിമിനെ കുടിപ്പിക്കുകയും ചെയ്തിരിക്കാനാണ് സാധ്യത. അവളുടെ സ്‌തനം സ്പർശിക്കാൻ ഇടയാക്കാതെയും അവരുടെ ശരീരം തമ്മിൽ സ്പര്ശിക്കാതെയും തന്നെ. കാരണം, സ്‌തനം നോക്കാനും സ്പര്ശിക്കാനും അനുവാദമില്ലല്ലോ”). ഈ പ്രസ്താവനയെ ഇമാം നവവി ശരിവെക്കുന്നു. സഹ്‌ല സാലിമിനെ പാലൂട്ടിയത്, മുകളിൽ വിവരിച്ചപോലെയാണെന്ന കാര്യം പിന്നീട് ഹാഫിള് അസ്ഖലാനിയും ആവർത്തിക്കുന്നു.
  • ثم أخرج عن الواقدي، عن محمد بن عبد اللَّه ابن أخي الزهري، عن أبيه، قال: كانت ‌تحلب في مسعط أو إناء قدر رضعة فيشربه سالم في كل يوم حتى مضت خمسة أيام، فكان بعد يدخل عليها وهي حاسر، رخصة من رسول اللَّه صلّى اللَّه عليه وسلّم لسهلة

സമകാലിക പ്രാധാന്യം

സാമൂഹിക/കുടുംബ ജീവിത രീതിയിൽ വന്ന സാരമായ മാറ്റം കാരണം, പരസ്പരം അടുത്തിടപഴകാൻ നിയമപരമായി അനുവാദമില്ലാത്ത ‘കുടുംബ ബന്ധുക്കൾ’ തമ്മിൽ നിയമം ലംഘിച്ചു ഇടപഴകുന്ന സാഹചര്യം വ്യാപകമായിത്തീർന്നിരിക്കുന്നു. മതബോധമുള്ള കുടുംബങ്ങളിൽ പോലും ഇത് നടക്കുന്നു. സഹോദര /സഹോദരിമാരുടെ മക്കൾ തമ്മിൽ ‘സഹോരതുല്യം’ ജീവിക്കുന്നത് ഉദാഹരണം. പല കാരണങ്ങളാൽ അകറ്റിനിർത്താൻ കഴിയാത്ത കുടുംബ ബന്ധുക്കൾ/ കുടുംബത്തിലെ അംഗത്തെപോലെ കരുതുന്ന വ്യക്തികൾ മറ്റൊരുദാഹരണം. ഇത്തരമൊരു പ്രശ്നം മുന്നിൽകണ്ടുകൊണ്ട്, സഹോദര മക്കൾ തമ്മിൽ അവർ ചെറുപ്പമായിരിക്കുമ്പോൾ തന്നെ മുലപ്പാലുകുടി ബന്ധം സ്ഥാപിക്കുക നേരത്തെ പല കുടുംബങ്ങളിലും നാടുകളിലും ഉണ്ടായിരുന്നു(ഉദാ. ഈ കുറിപ്പുകാരന്റെ കുടുംബത്തിൽ). എന്നാൽ , ഇപ്പോഴത് ശ്രദ്ധിക്കുന്നില്ല. അതിനാൽ നിരവധി ഹറാമുകൾ ചെയ്യാൻ സാഹചര്യമുണ്ടാകുന്നു. അതിനാൽ, ഇവിടെ മഹതി ആഇശാബീവിയുടെ മദ്ഹബ് ഉൾക്കൊണ്ട് പരിഹാരം കാണാവുന്നതേയുള്ളൂ എന്ന് ഉണർത്താനാണ് ഈ കുറിപ്പ്.

 

SWALIH NIZAMI PUTHUPONNANI

08/08/2021

Leave a Reply