ആദം സന്തതികൾ പരസ്പരം പ്രഖ്യാപിക്കാനായി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ച വാക്യമാണ് ‘അസ്സലാമു അലൈകും’. ‘അല്ലാഹിങ്കൽ നിന്നുള്ള രക്ഷയും സമാധാനവും താങ്കൾക്കുണ്ടാകട്ടെ’ എന്നൊരർത്ഥം പൊതുവെ പറയാറുണ്ടെങ്കിലും അതല്ല ആ പ്രഖ്യാപനത്തിന്റെ താല്പര്യം. അല്ലാഹുവിലേക്ക് ചേർക്കാൻ അതിൽ ‘അല്ലാഹു’ ഇല്ലല്ലോ. സ്നേഹപ്രകടനത്തിന്റെ പ്രഖ്യാപനം ആണെന്ന് ഹദീസുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്നേഹം ഉള്ളവർ താൻ സ്നേഹിക്കേണ്ട മനുഷ്യരോടെല്ലാം ഈ പ്രഖ്യാപനം നടത്തുന്നു.
എന്താണീ വചനത്തിലെ പ്രഖ്യാപനം?
ഇസ്‌ലാം പേരിൽത്തന്നെ ‘സമാധാനസ്ഥാപനം’ എന്ന അതിന്റെ അടിസ്ഥാന ലക്‌ഷ്യം പ്രഖ്യാപിക്കുന്നു. സലാം, സിൽമു എന്നാൽ സമാധാനം. ഈമാൻ, ഇസ്‌ലാഹ്, ഇഹ്‌സാൻ തുടങ്ങിയ പദങ്ങളും ഇസ്ലാമിന് പകരമായി ഖുർആനിൽ ഉപയോഗിച്ചിരിക്കുന്നു. ഇതിനു വിപരീതമായി ഫസാദ് /ഇഫ്‌സാദ് , ളുൽമ്‌ എന്നീ പ്രയോഗങ്ങളും കാണാം.
ത്രിതല സമാധാനവൽക്കരണമാണ് ഇസ്ലാം.
ഒന്ന്. ദൈവവും ദാസനും തമ്മിലുള്ള ബന്ധത്തിലെ സമാധാനം. ദൈവത്തിന്റെ അവകാശങ്ങൾക്ക് ഭംഗംവരുത്താതെ തെളിഞ്ഞ ബന്ധം നിലനിർത്തുമ്പോൾ ഇക്കാര്യത്തിൽ ഇസ്‌ലാം/ഇസ്‌ലാഹ് ആയി. ദൈവിക അവകാശങ്ങൾക്ക് വിഘാതം വരുത്തുമ്പോഴാണ് ഈ മേഖലയിൽ ഫസാദ് /ഇഫ്‌സാദ് /ളുൽമ്‌ സംജാതമാകുന്നത്.
രണ്ട്.
ദാസൻ സ്വന്തത്തോടുള്ള ബന്ധത്തിലെ സമാധാനം. ആത്മ ദ്രോഹി ഈ അർത്ഥത്തിൽ സമാധാന ലംഘകനാകുന്നു.
മൂന്ന്‌.
ദാസന്മാർ തമ്മിലുള്ള ബന്ധത്തിലെ സമാധാനം. ഇവിടെയും സഹോദരന്റെ അവകാശങ്ങളിൽ വീഴ്ച വരുത്തുമ്പോൾ ളുൽമ്‌ സംഭവിക്കുന്നു. പരസ്പര അവകാശങ്ങൾ ഉറപ്പുവരുത്തുമ്പോൾ അവിടെ സലാം ഉണ്ടാകുന്നു. ഇതിനുള്ള ശ്രമമാണ് ഇക്കാര്യത്തിലെ ഇസ്‌ലാം.
ഒന്നാം തലത്തിലുള്ള, ദൈവ- ദാസ ബന്ധത്തിലെ സമാധാനം ഇസ്‌ലാം വളരെ മുഖ്യമായിക്കാണുന്നു. തൗഹീദ് (ഏകദൈവത്വ വിശ്വാസം), അനുസരണ തുടങ്ങിയ മാർഗ്ഗങ്ങൾ സമാധാനസ്ഥാപന(ഇസ്‌ലാഹ് ) വഴിയും, ശിർക്ക് (ബഹുദൈവത്വം), കുഫ്ർ (ദൈവ നിഷേധം), ഇസ്യാൻ(ധിക്കാരം) എന്നിവ സമാധാന ലംഘനവും (ളുൽമ്‌, ഇഫ്‌സാദ് ) ആയും കാണുന്നു. ഇത് ചെയ്യുന്നവരെ പ്രബോധന പ്രേരണാ മാർഗ്ഗങ്ങളുപയോഗിച്ച് തിരുത്താൻ ശ്രമിക്കുന്നു. ഇവിടെ ബലപ്രയോഗത്തിന്റെ, അധികാര സ്ഥാപനത്തിന്റെ യാതൊരു നടപടിയും ഇസ്‌ലാമിനില്ല. ‘ലാ ഇക്‌റാഹ ഫിദ്ദീൻ’ (അല്ബഖറ 256 ), “ഉദ്ദേശിക്കുന്നവർ വിശ്വസിക്കട്ടെ; ഉദ്ദേശിക്കുന്നവർ നിഷേധിക്കട്ടെ”(അൽ കഹ്ഫ് 29 ).
രണ്ടാം തലത്തിലുള്ള, ആത്മദ്രോഹ നടപടികൾ പലപ്പോഴും ഉദ്ബോധനങ്ങൾകൊണ്ട് തടയാൻ ശ്രമിക്കുന്നുവെങ്കിലും, മുസ്ലിം സമാജത്തോടൊപ്പം ജീവിക്കുന്നവരാണെങ്കിൽ, ആവശ്യമെങ്കിൽ ശക്തി ഉപയോഗിച്ചും തടയാൻ ഇസ്‌ലാമിന് പദ്ധതികളുണ്ട്.
എന്നാൽ, ദാസന്മാർ പരസ്പരമുള്ള സമാധാന ലംഘന ഘട്ടങ്ങളിൽ ഇസ്‌ലാം ശക്തി / വാൾ എടുക്കാൻ അനുവദിക്കുന്നു. സ്വന്തത്തിനു നേരെ വരുന്ന അക്രമങ്ങൾ തടുക്കാൻ വ്യക്തിക്ക് അനുവാദമുണ്ട്; നാട്ടിന് നേരെ വരുന്ന അക്രമങ്ങൾ തടുക്കാൻ നാട്ടുകാർക്ക് അവകാശമുണ്ട്. ശത്രു തന്റെ മുന്നിൽ / നാട്ടിൽ എത്തിയ ശേഷം പ്രതിരോധിക്കുകയോ, തന്നെ/തന്റെ നാടിനെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന ശത്രുവിന്റെ അടുത്തേക്ക് അങ്ങോട്ടു ചെന്ന് പ്രതിരോധി ക്കുകയോ ആകാം. കൊണ്ടറിയുന്ന ഘട്ടങ്ങളും കണ്ടറിയുന്ന ഘട്ടങ്ങളും ഉണ്ടാകാം. അവരണ്ടും അനുവദിക്കുന്നു.
അക്രമം തടയുകയെന്ന ഓരോ മുസ്ലിമിന്റെയും വ്യക്തിഗത ബാധ്യതയിൽ പെട്ടതാണ്, സഹോദരന് നേരെയുള്ള , ദുർബ്ബലനു നേരെയുള്ള അക്രമം തടയുക എന്നത്. ശേഷിയുടെയും സാധ്യതയുടെയും അടിസ്ഥാനത്തിലാണ് ഈ ഉത്തരവാദിത്തം നിർവ്വഹിക്കുക.
പീഡിതന്റെ, മർദ്ദിതന്റെ പക്ഷത്തുനിന്നും ഇസ്‌ലാം വാളെടുത്തിട്ടുണ്ട്. “ജനങ്ങളോട് ളുൽമ്‌ ചെയ്യുന്നവരും ഭൂമിയിൽ അന്യായമായി അക്രമം പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതിരെയാണ് നിശ്ചയമായും ശക്തിയുടെ വഴി സ്വീകരിക്കുക; അവർക്ക് വേദനാജനകമായ അനുഭവം അർഹിക്കുന്നു”(ശൂറാ 42 )
‘അക്രമിക്കപ്പെടുക’ എന്ന അവസ്ഥയാണ്, മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ‘നാട്ടിൽ കുഴപ്പം ഉണ്ടാക്കുക’ എന്ന കുറ്റമാണ്, ഇസ്‌ലാം ആവശ്യമെങ്കിൽ വാളെടുത്തു പരിഷ്കരിക്കുന്നത്. ഇത് ഇസ്‌ലാമിന്റെ സമാധാന രംഗത്തെ പരിഷ്കരണ യത്നമാണ്. ‘ഇസ്‌ലാം’ പേരിൽ തന്നെ ഈ ദൗത്യം പ്രഖ്യാപിച്ചിരിക്കുന്നു.
അപ്പോൾ
അസ്സലാമു അലൈകും?
പറയാം.
സമാധാന സ്ഥാപനത്തിന്റെ സാമൂഹ്യതലമാണ് സലാം പ്രഖ്യാപനത്തിലൂടെ നിർവ്വഹിക്കുന്നത്. ഒരാൾ മറ്റൊരാൾക്ക് സലാം പറയുന്നതിന്റെയും മടക്കുന്നതിന്റെയും അർഥം, സമാധാന ലംഘനം ഉണ്ടാക്കുന്ന ഒരു കാര്യവും താൻ ചെയ്യില്ല/ തന്നിൽ നിന്നും ഭയക്കേണ്ടതില്ല (ഈമാൻ = നിർഭയത്വ ചുറ്റുപാട് സൃഷ്ടിക്കൽ) എന്ന പരസ്പരമുള്ള ഉറപ്പുനല്കലാണ്. ‘സഹോദരാ, താങ്കളുടെ ജീവനോ അഭിമാനത്തിനോ സ്വത്തിനോ യാതൊരു ഭീഷണിയും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല, താങ്കൾക്ക് സമാധാനിക്കാം’ എന്നത്രെ ഓരോ സലാമും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയിൽ നിന്നും അല്പനേരത്തേക്കു വിടവാങ്ങി തക്ബീർ ചൊല്ലി നിസ്കാരത്തിലേക്ക് പ്രവേശിച്ച വ്യക്തി ഒടുവിൽ നിസ്കാരം മതിയാക്കി, ഭൂമിയുടെ രണ്ടർധങ്ങളിലേക്ക് തിരിഞ്ഞു ‘നിങ്ങൾക്ക് സലാം’ എന്ന് പറഞ്ഞു ഭൂമിയിലേക്ക് ഇറങ്ങിവരുന്നത് എത്ര ചേതോഹരമാണ്.
പ്രവാചകൻ സ്വ പഠിപ്പിച്ചു: “ആരുടെ നാക്കിൽ നിന്നും കൈകളിൽ നിന്നും ജനങ്ങൾ സമാധാനം അനുഭവിക്കുന്നുവോ അവനാണ് മുസ്ലിം” (നസാഈ 4995 )
അപ്പോൾ,
എല്ലാവർക്കും ‘അസ്സലാമു അലൈകും’; പിന്നെ അല്ലാഹുവിങ്കൽ നിന്നും അനുഗ്രഹങ്ങളും’
Leave a Reply