=================
സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?/03
==========================
സ്വഹീഹുൽ ബുഖാരി ധൃതിപിടിച്ച രചനയായിരുന്നില്ല. വളരെ സാവകാശത്തിൽ, പതിനാറു വർഷങ്ങളെടുത്ത്, നന്നായി ആലോചിച്ച് എഴുതി പൂർത്തിയാക്കിയതാണ് ഇമാം ബുഖാരി റഹി.
നിരവധി നാടുകളിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ,ശേഖരിച്ച ആറുലക്ഷം ഹദീസ് വഴികളിൽ നിന്നും, തന്റെ അനിതരസാധാരണമായ മുസ്നദ് സമാഹാരത്തിലേക്ക് യോജിച്ചതെന്നു മനസ്സിലാക്കിയ ലക്ഷണമൊത്ത ഒന്നാംതരം സ്വഹീഹ് ഹദീസുകൾ അടയാളപ്പെടുത്തിവെക്കുകയും, പുണ്യ മദീനയിൽ വരുമ്പോൾ മാത്രം, പരിശുദ്ധ റൗളാ ശരീഫിൽ നബി സ്വല്ലല്ലാഹു അല്ലൈഹി വസല്ലമയുടെ ചാരത്ത്, മസ്ജിദുന്നബവിയിൽ, ശുഭപര്യവസാനം തേടുന്ന രണ്ടു റക്അത്ത് (ഇസ്തിഖാറത്ത്) നിസ്കരിച്ച ശേഷമായിരുന്നു ഓരോ ഹദീസും അതാതിടങ്ങളിൽ എഴുതിച്ചേർക്കുന്നത്. ഇതേ ഹദീസുകൾ ഗ്രന്ഥത്തിൽ ആവർത്തിക്കേണ്ടതുണ്ടെങ്കിൽ, സ്ഥാനം മാറ്റേണ്ടതുണ്ടെങ്കിൽ അതും മക്കത്തുവെച്ചും ബസ്വറയിൽ വെച്ചും ബുഖാറയിൽ വെച്ചും ചെയ്തിട്ടുണ്ട്. മക്കയിലെ മസ്ജിദുൽ ഹറാമിൽ വെച്ചായിരുന്നു, ഗ്രന്ഥ സംവിധാനം ആദ്യം ആസൂത്രണം ചെയ്യുന്നത്.
സ്വഹീഹുൽ ബുഖാരിയുടെ രചനയ്ക്കിടയിലും അദ്ദേഹം യാത്രയിലും ശേഖരണത്തിലും മറ്റു ഗ്രന്ഥങ്ങളുടെ രചനയിലുമായിരുന്നു. തന്റെ മനസിലും എഴുത്തിലുമായി ആറുലക്ഷം ‘ഹദീസ് വഴികൾ’ അദ്ദേഹം സമാഹരിച്ചിട്ടുണ്ടായിരുന്നു.
ഹദീസ് വഴികൾ എന്നാൽ ഹദീസ് എന്നല്ല അർഥം. ഹദീസിനു രണ്ടു ഘടകങ്ങൾ ഉണ്ട്. ടെക്സ്റ്റും അതിന്റെ വാഹകരും. പ്രവാചകൻ സ്വല്ലല്ലാഹു അലൈഹി വസല്ലമയിൽ നിന്നും ആരംഭിച്ച് സമാഹർത്താവിൽ അവസാനിക്കുന്ന ടെക്സിന്റെ യാത്ര വിവിധ ആളുകളിലൂടെ സാധ്യമാണ്. പ്രവാചകനിൽ നിന്നും കേൾക്കുന്ന / കാണുന്ന സ്വഹാബികൾ പലരുമുണ്ടാകും. അവരോരോരുത്തരിൽ നിന്നും അതുപകർത്തിയ ആളുകളും പലരായിരിക്കും. ഇങ്ങനെ സമാഹർത്താവിലേക്കെത്തുമ്പോഴേക്ക് ഒന്നുമുതൽ അനേകം വഴികൾ ഒറ്റ ടെക്സ്റ്റിനുതന്നെ ഉണ്ടാകാം. ഉദാഹരണത്തിന്, സ്വഹീഹുൽ ബുഖാരിയിലെ ആദ്യത്തെ ഹദീസ്, ഉദ്ദേശ്യ ശുദ്ധിയെക്കുറിച്ചുള്ളത്, വിവിധ സമാഹർത്താക്കൾക്കെത്തിയിരിക്കുന്ന വഴികൾ എഴുന്നൂറിലേറെയാണ്. ടെക്സ്റ്റ് ഒന്ന്; വഴികൾ എഴുന്നൂറ്. എല്ലാ ഹദീസുകൾക്കും ഇത്ര വഴികൾ ഉണ്ടാകണമെന്നില്ല. ഇവയിലെല്ലാം വിശ്വസനീയരായ കണ്ണികളിലൂടെ ലഭിച്ചത് ആകണമെന്നുമില്ല.
ഇമാം ബുഖാരിയുടെ പക്കൽ ആറുലക്ഷം വഴികളിൽ ലഭിച്ച ഹദീസുകൾ ഉണ്ടായിരുന്നു. ഇതിൽ മൊത്തം ഹദീസുകൾ എത്രയെന്ന് അദ്ദേഹം വ്യക്തമാക്കിയതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഒരുലക്ഷം വഴികളിലൂടെ ലഭിച്ച കുറെ സ്വഹീഹായ ഹദീസുകളും രണ്ടുലക്ഷം വഴികളിൽ ലഭിച്ചിട്ടുള്ള കുറെ സ്വഹീഹ് അല്ലാത്ത ഹദീസുകളും താൻ സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇവയിൽ നിന്നും ഏറ്റവും മികച്ച 2602 മുസ്നദ് ഹദീസുകൾ, 97 അധ്യായങ്ങളിൽ 7397 സന്ദർഭങ്ങളിൽ രേഖപ്പെടുത്തിയിരിക്കുകയാണ് സ്വഹീഹ് ബുഖാരിയിൽ. ആവർത്തനം മിയ്ക്കപ്പോഴും ടെക്സ്റ്റിൽ മാത്രമാണ് കാണുക; വാഹകരുടെ വഴികൾ വ്യത്യസ്തമായിരിക്കും. വിവിധ സന്ദർഭങ്ങളിൽ ഒരേ ടെക്സ്റ്റിന്റെ വ്യത്യസ്ത വാഹകവഴികൾ രേഖപ്പെടുത്തിയതിൽ ഇമാം ബുഖാരിയ്ക്ക് ബോധപൂർവ്വമായ ലക്ഷ്യമുണ്ട്. ഹദീസ് വിദഗ്ധർക്കതിൽ കുറെ കാര്യങ്ങളുണ്ടെങ്കിലും, സാധാരണ വായനക്കാർക്ക് ടെക്സ്റ്റ് മാത്രമേ വേണ്ടൂ.
താൻ ശേഖരിച്ച ആറുലക്ഷം ‘ഹദീസു’കളിൽ 2602 ഒഴികെയുള്ളതെല്ലാം ഹദീസുകളല്ലെന്നും, അത്രയധികം വ്യാജനിർമ്മിതി ഹദീസ് രംഗത്തുണ്ടായിട്ടുണ്ടെന്നും ചിലർ ചൂണ്ടിക്കാണിക്കാറുണ്ട്. അതിശയോക്തി ഒഴിവാക്കിയാൽ, വ്യാജനിർമ്മിതി ഉണ്ടായിട്ടുണ്ടെന്ന കാര്യം സത്യമാണ്. ഇസ്ലാമിക ശക്തിയെ ദുർബ്ബലമാക്കാൻ അകത്തുകയറിയും പുറത്തിരുന്നും ചിലരതു ചെയ്തിട്ടുണ്ട്. ഹദീസ് പ്രസ്ഥാനത്തിന്റെ അടിയന്തിര ആവശ്യമുണ്ടാക്കിയതും, ഹദീസ് ശാസ്ത്രം ഭദ്രമായ അടിസ്ഥാന നിയമങ്ങൾ രൂപപ്പെടുത്തിയതും ഈ പ്രതിസന്ധി ഘട്ടത്തിലായിരുന്നല്ലോ. എന്നാൽ, ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഉൾപ്പെടുത്താതിരുന്ന ഹദീസുകളെല്ലാം വ്യാജമായിരുന്നു എന്ന ആരോപണം ശരിയല്ല. “സമാഹാരത്തിൽ സ്വഹീഹ് ഹദീസുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ” എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ അർഥം വ്യക്തമാണ്. ലഭിച്ചിട്ടുള്ള എല്ലാ ഹദീസുകളും സമാഹരിക്കുകയെന്ന ലക്‌ഷ്യം തന്റെ ഗ്രന്ഥത്തിനില്ല. “സമാഹാരത്തിൽ ഉൾപ്പെടുത്തിയവയെക്കാൾ കൂടുതൽ സ്വഹീഹായ ഹദീസുകൾ തന്റെ പക്കലുണ്ടെന്നും ദൈർഘ്യം ഭയന്നാണ് സ്വഹീഹിൽ അവയെല്ലാം ഉൾപ്പെടുത്താതിരുന്നതെ”ന്നും ഇമാം ബുഖാരി വ്യക്തമാക്കിയിട്ടുണ്ട്. ഒരാശയം പഠിപ്പിക്കുന്ന ഹദീസുകൾ വ്യത്യസ്ത വഴികളിൽ ലഭിച്ചതെല്ലാം എഴുതിയിരുന്നെങ്കിൽ സ്വഹീഹുൽ ബുഖാരി വല്ലാതെ കനമുള്ള ഗ്രന്ഥമാകുമായിരുന്നു. ഗ്രന്ഥകർത്താവ് അങ്ങനെയൊരു ഗ്രന്ഥമല്ല ഉദ്ദേശിച്ചത്(ഖത്വീബ്/താരീഖ് ബാഗ്ദാദ്; നവവി/ തഹ്ദീബ്; അസ്ഖലാനി/ തഹ്ദീബ്, ഫത്ഹുൽ ബാരി). ഒരാളുടെ അറിവുകളും സമ്പാദ്യങ്ങളും എല്ലാം ഒരു ഗ്രന്ഥത്തിൽ ഉൾപ്പെടുത്തണമെന്നില്ലല്ലോ. അറിവുകളെല്ലാം എഴുതിവെക്കാൻ ആർക്കാണ് സാധിച്ചിട്ടുണ്ടാവുക?
മുഅല്ലഖാത്തും മുതാബിആത്തും മറ്റും
സ്വഹീഹുൽ ബുഖാരിയിൽ സ്വഹീഹായ മുസ്നദുകൾ മാത്രമല്ല. മുഅല്ലഖാത്ത്/ തഅലീഖാത്ത് എന്നും മുത്താബിആത്ത് എന്നും പേരുള്ള രണ്ടിനങ്ങൾ കൂടിയുണ്ട്. സ്വഹീഹുൽ ബുഖാരിയിലെ ഓരോ അധ്യായത്തിലും വന്നിട്ടുള്ള ഇത്തരം ആമുഖ – അനുബന്ധ കൂട്ടിച്ചേർക്കലുകളുടെ കൃത്യമായ എണ്ണം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി റഹി തന്റെ ബുഖാരി വ്യാഖ്യാനമായ ‘ഫത്ഹുൽ ബാരിയുടെ ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, മൊത്തം മുഅല്ലഖാത്ത് 1341. മുത്താബിആത്ത് 380. മുസ്നദുകളും നബിയിലേക്ക് ചേരുന്ന മുഅല്ലഖാത്തുകളും, മുത്താബിആത്തുകളും ഇവയുടെയെല്ലാം ആവർത്തനങ്ങളും ചേർത്താൽ സ്വഹീഹുൽ ബുഖാരിയിൽ 9082 എൻട്രീസ് ഉണ്ടെന്നു കാണാം. എന്നാൽ ഈ എണ്ണത്തിൽ സ്വഹാബികളിൽ ചെന്നവസാനിക്കുന്ന പ്രസ്താവനകളും(മൗഖൂഫാത്ത്) താബിഉകളെ കുറിച്ചുള്ള കണ്ണിയറ്റ കുറിപ്പുകളും ഉൾപ്പെടില്ല.
ഗ്രന്ഥകർത്താവിന് ആരിൽ നിന്നും ലഭിച്ചതാണെന്നു വ്യക്തമാക്കാതിരിക്കുകയാണ് മുഅല്ലഖാത്തുകളുടെ പൊതുസ്വഭാവം. പ്രസ്താവനയുടെ ഉടമയിലേക്കുള്ള ശ്രുംഖലയുടെ ആദ്യത്തെ ഒന്നോ അതിലേറെയോ കണ്ണികൾ ഒഴിഞ്ഞുകിടക്കുന്നുണ്ടായിരിക്കും. “നബി സ്വ പറഞ്ഞു; ഇബ്നു അബ്ബാസ് പ്രസ്താവിച്ചു; അബൂ ഹുറൈറ അഭിപ്രായപ്പെട്ടു’ എന്നെല്ലാം ‘വാഹകരെ’ പരാമർശിക്കാത്ത പ്രസ്താവനകൾ. ഇവ പലവിധത്തിൽ സ്വഹീഹുൽ ബുഖാരിയിൽ വന്നിട്ടുണ്ട്. നബിയിലേക്ക് ചേർക്കുന്നവയും സ്വഹാബികളിലേക്കോ താബിഉകളിലേക്കോ ചേർക്കുന്നവയും.
ഇത്തരം പ്രസ്താവനകൾ ആരോപിക്കുമ്പോൾ ഉപയോഗിക്കുന്ന പദങ്ങൾ വ്യത്യസ്തമാണ്. ‘ഖാല’ = പറഞ്ഞു, റവാ= നിവേദനം ചെയ്തു, ദകറ= അനുസ്മരിച്ചു തുടങ്ങിയ ഉറപ്പിനെ ധ്വനിപ്പിക്കുന്ന പദങ്ങൾ ഉപയോഗികൊണ്ടുള്ളത്; ഇവ കണ്ണിമുറിയാതെ നബിയിലേക്കെത്തുന്നവയും അതിലെ റാവികൾ/വാഹകർ പരസ്പരം കണ്ടുമുട്ടിയവരും ആണെന്നാണ് നിരൂപക പക്ഷം. എന്നാൽ, യുദ്കറു= അനുസ്മരിക്കപ്പെടുന്നു, യുർവാ = നിവേദനം ചെയ്യപ്പെടുന്നു തുടങ്ങിയ ‘സുഖമില്ലാത്ത’ പദങ്ങൾ ഉപയോഗിച്ച് പ്രസ്താവിക്കുന്നവ കൂടുതൽ വിശകലനം അർഹിക്കുന്നു. അവയിൽ പലതും സ്വഹീഹ് തന്നെയാണെങ്കിലും ബുഖാരിയുടെ നിബന്ധന പൂർത്തിയായവ ആകില്ല. പലതും ദുർബ്ബലമാണ്. സ്വഹാബികളിലേക്കും താബിഉകളിലേക്കും ആരോപിക്കുന്ന പ്രസ്താവനകളുടെ മുഅല്ലഖാത്തുകൾ വേറെയും ഉണ്ട്. ഇവ ധാരാളം സ്ഥലങ്ങളിൽ കാണാം.
നബിയിലേക്ക് ചേർത്തുപറയുന്ന 160 മുഅല്ലഖാത്ത്/ തഅലീഖാത്ത്കളുണ്ട്. ഇവയിൽ അമ്പതോളം പരാമർശങ്ങൾ സനദ് സഹിതം ബുഖാരിയിൽ മറ്റിടങ്ങളിൽ ഉദ്ധരിച്ചവയാണ്. അതായത്, ഒരിടത്ത് സനദ് പറഞ്ഞില്ലെങ്കിലും വേറെഭാഗത്ത് സനദ് വ്യക്തമാക്കിയവയാണ് അമ്പതോളം മുഅല്ലഖാത്തുകൾ. ഉദാഹരണം പറയാം: കിതാബുൽ ഈമാൻ നാല്പത്തിയൊന്നാം പ്രവേശികയിലെ ആമുഖക്കുറിപ്പിൽ ഇങ്ങനെ വായിക്കാം: “നബി സ്വാ പറഞ്ഞു: “എന്നാൽ ജിഹാദും നിയ്യത്തും അവശേഷിക്കുന്നു”. ഇവിടെ സനദില്ലാതെ നബിയിലേക്ക് ആരോപിച്ചു പ്രസ്താവന കൊടുത്തിരിക്കുന്നു. ഇവിടെ ഇതിനെ മുഅല്ലഖ് എന്നുവിളിക്കും. പക്ഷേ, ഹദീസ് നമ്പർ 1834, 2783 , 2842 , 3077 , 3189 എന്നിവിടങ്ങളിൽ കൃത്യമായ സനദ് സഹിതം ഈ പരാമർശം മുസ്നദ് ആണെന്ന് തെളിയിച്ചിരിക്കുന്നു. നബിയെ കുറിച്ചുള്ള മറ്റു മുഅല്ലഖാത്തുകൾ ഓരോന്നും നബിയിലേക്ക് എങ്ങനെ കണ്ണിചേരുന്നു എന്ന് വിവരിക്കുന്ന പഠനം ഹാഫിള് അസ്ഖലാനി നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫത്ഹുൽ ബാരി ആമുഖം കൂടാതെ തഗ്‌ലീഖുത്തഅലീഖ് എന്ന കൃതിയിൽ ഇക്കാര്യം ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. സ്വഹീഹുൽ ബുഖാരിയിൽ മുസ്നദാണെന്നു തെളിയിക്കാത്ത മുഅല്ലഖാത്തുകൾ സ്വഹീഹായി ഗണിക്കണമെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും വീക്ഷണം. എന്നാൽ ഇത്തരം മുഅല്ലഖാത്തുകൾക്ക് മുസ്നദുകളുടെ നിലവാരം ഇല്ല. അപ്പോൾ 2602 +160 = 2762 സ്വഹീഹായ ഹദീസുകൾ ബുഖാരിയിൽ ഉണ്ടെന്നു പറയാം.
ഹദീസുകൾക്ക് ശേഷം അവയ്ക്ക് പിന്തുണയായോ തെളിവായോ ഉൾപ്പെടുത്തിയിട്ടുള്ള നിവേദനങ്ങളാണ് ‘മുത്താബിആത്ത്’. ഒരു ഹദീസ് കണ്ടാൽ/കേട്ടാൽ ഹദീസ് വിദഗ്ധൻ അതിനെ നിരൂപിച്ചുകൊണ്ട് ചിന്തിക്കുന്ന/പരിശോധിക്കുന്ന രീതിയുണ്ട്. ഉദാഹരണം വെച്ച് പറയാം. അബൂ ഹുറൈറ – ഇബ്നു സീരീൻ – അയ്യൂബ് – ഹമ്മാദ് എന്ന നിവേദക പരമ്പരയിലൂടെ നബിയെക്കുറിച്ചുള്ള ഒരു പരാമർശം ലഭിച്ചുവെന്നിരിക്കട്ടെ. ഹദീസ് പരിശോധകൻ ഉടനെ ചോദിക്കും: അയ്യൂബിൽ നിന്നും ഹമ്മാദ് അല്ലാത്ത വേറെ ആരെങ്കിലും ഇത് ഉദ്ധരിക്കുന്നുണ്ടോ? ഹമ്മാദിന് അയ്യൂബിൽ നിന്നല്ലാതെ ഇക്കാര്യം ലഭിച്ചിട്ടുണ്ടോ? ഈ ചോദ്യം പ്രസ്തുത പരമ്പരയിലെ ഓരോ കണ്ണികളെ കുറിച്ചും ചോദിക്കും. ഇതിനെയാണ് ഹദീസ് ശാസ്ത്രത്തിൽ ‘ഇഅതിബാർ’ എന്ന് പറയുക. ഉന്നത ജ്ഞാനികളെ ലക്‌ഷ്യം വെച്ചെഴുതിയ ഗ്രന്ഥമായതിനാൽ, ഇമാം ബുഖാരി അവരുടെ ഇഅത്തിബാറാത്തുകളെ പരിഗണിച്ചുകൊണ്ടാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. അതിനാൽ, ചോദ്യം വരാൻ സാധ്യത കൂടുതലുള്ള ഹദീസ് ഉദ്ധരിച്ചാൽ, അതിനോട് ചേർന്ന്, ചോദ്യത്തിനുള്ള മറുപടി നൽകുന്നപോലെ കൊടുത്തിരിക്കുന്ന ഭാഗമാണ് മുതാബിഅത്ത്. അതിൽ അയ്യൂബിൽ നിന്നും ഹമ്മാദ് മാത്രമല്ല, മാലിക്കും (താബഅഹൂ മാലിക്) ഇതുദ്ധരിച്ചിട്ടുണ്ടെന്ന് സ്ഥിരപ്പെടുത്തും. സനദിന്റെ ആദ്യത്തെ കണ്ണിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്ന മുതാബിഅത്തിനെ മുതാബിഅത്തുത്താമ്മ: (പെർഫെക്റ്റ് ) എന്ന് വിളിക്കും. പിൻഗാമികളെ ചൊല്ലിയാണല്ലോ വിശ്വാസ്യതയുടെ പ്രശ്നം പൊങ്ങിവരുന്നത്. അല്ലെങ്കിൽ, ഇബ്നു സീരീനിൽ നിന്നും അയ്യൂബ് അല്ലാത്തവരും റിപ്പോർട്ട് ചെയ്ത സംഗതി വെളിപ്പെടുത്തും. അതുമല്ലെങ്കിൽ, അബൂഹുറൈറ യിൽ നിന്നും ഇബ്നു സീരീൻ അല്ലാത്തവരും റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നോ, പ്രസ്തുത ടെക്സ്റ്റ് അബൂഹുറൈറയെ കൂടാതെ മറ്റു സ്വഹാബികൾ ഉദ്ധരിച്ചിട്ടുണ്ടെന്നോ സാക്ഷ്യപ്പെടുത്തും. ഇങ്ങനെയുള്ള പരാമർശങ്ങൾ സ്വഹീഹുൽ ബുഖാരിയിൽ 380 സ്ഥലങ്ങളിൽ ഉണ്ടെന്ന് അസ്ഖലാനി രേഖപ്പെടുത്തുന്നു. ഏതെല്ലാം അധ്യായങ്ങളിൽ എത്രയെണ്ണം ഉണ്ടെന്ന കൃത്യമായ വിവരണം അദ്ദേഹം നൽകുന്നുണ്ട്.
സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് നമ്പർ 682 നോക്കുക. ‘ജ്ഞാനം കൊണ്ടോ മറ്റോ മഹത്വമുള്ളവരാണ് ഇമാമത്തിന് കൂടുതൽ അർഹർ’ എന്ന പാഠം പഠിപ്പിക്കാൻ, വിയോഗനാളിൽ നബി സ്വാ ‘അബൂബക്കറിനോട് നിസ്കരിക്കാൻ പറ’ എന്ന് നിർദ്ദേശിച്ച ഹദീസ് കൊടുത്തിരിക്കുന്നു. ഇതിന്റെ നിവേദക പരമ്പര ഇങ്ങനെ : യഹ്‌യ ബ്നു സുലൈമാൻ , ഇബ്നു വഹബ്, യൂനുസ്, ഇബ്നു ശിഹാബ്, ഹംസത് ബ്നു അബ്ദില്ലാഹ്. ഹദീസിന്റെ അനുബന്ധമായി ഇങ്ങനെ വായിക്കാം: تَابَعَهُ الزُّبَيْدِيُّ وَابْنُ أَخِي الزُّهْرِيِّ وَإِسْحَاقُ بْنُ يَحْيَى الْكَلْبِيُّ عَنِ الزُّهْرِيِّ‏.‏ وَقَالَ عُقَيْلٌ وَمَعْمَرٌ عَنِ الزُّهْرِيِّ عَنْ حَمْزَةَ عَنِ النَّبِيِّ صلى
الله عليه وسلم‏.‏
“സുബൈദി പിന്തുടർന്നിരിക്കുന്നു”😊 യൂനുസിനെ). അതായത് ഇബ്നു ശിഹാബിൽ നിന്നും യൂനുസ് മാത്രമല്ല, സുബൈദിയും ഈ ഹദീസ് നിവേദനം ചെയ്യുന്നുണ്ട്. (ആ നിവേദക പരമ്പര ത്വബ്റാനിയുടെ മുസ്നദുശ്ശാമിയ്യീനിൽ ഉണ്ട്). “ഇബ്നു അഖിസ്സുഹ്രിയും”= യൂനുസിനെ സുഹ്‌രിയുടെ സഹോദര പുത്രനും തുടരുന്നു= ഇബ്നു ശിഹാബിൽ നിന്നും ഇബ്നു അഖിസ്സുഹ്രിയും നിവേദനം ചെയ്തിട്ടുണ്ട്. “ഇസ്‌ഹാഖ്‌ ബ്നു യഹ്‌യ അൽ കൽബിയും”.
ഇത്രയും മുതാബിഅത്ത്. തുടർന്ന് കാണുന്ന വാചകം (وَقَالَ عُقَيْلٌ وَمَعْمَرٌ عَنِ الزُّهْرِيِّ عَنْ حَمْزَةَ عَنِ النَّبِيِّ صلى الله عليه وسلم) ‘മുഖാവല’ എന്ന പേരുള്ള അനുബന്ധമാണ്. ‘ഖാല’ എന്ന സാങ്കേതിക പദം ഉപയോഗിച്ചുള്ള അനുബന്ധം. നിവേദിത ടെക്സ്റ്റിന്റെ മറ്റൊരു വഴി കാണിക്കുകയാണ് ലക്‌ഷ്യം. ആദ്യത്തേതിന്റെ ബലമുണ്ടാകില്ല. സുഹ്‌രി ഹംസയെ ഉദ്ധരിക്കുകയെന്നാൽ നിവേദനം മുർസലാണ്. ഇങ്ങനെയും ഒന്നുണ്ടെന്ന ഓർമ്മപ്പെടുത്തൽ മാത്രം. മുഖാവലത്തിനു മറ്റൊരുദാഹരണം ഹദീസ് നമ്പർ 7382 .
ഹദീസുകൾ(ഹദ്ദസനാ ഉപയോഗിച്ചുള്ളത്) തന്നെ സാക്ഷിയായി ഉദ്ധരിക്കുന്ന മുത്താബിആത്ത് ഉണ്ട്. നിസ്കാരസമയം (മൂന്ന്), മഴതേടുന്ന നിസ്കാരം (ഒന്ന്), വസ്ത്രം (16 ), അദബ്(12 ), തൗഹീദ് (അഞ്ച് ) എന്നീ അദ്ധ്യായങ്ങളിലായി 37 ഹദീസുകൾ ഇങ്ങനെ ‘ശവാഹിദ്‌’ ആയി ഉദ്ധരിക്കുന്നു സ്വഹീഹുൽ ബുഖാരിയിൽ. ഹദീസ് 632 ന്റെ ഒടുവിൽ ചേർത്തിട്ടുള്ള وَقَالَ بَكْرٌ حَدَّثَنَا مُحَمَّدُ بْنُ بَكْرٍ الْبُرْسَانِيُّ أَخْبَرَنَا عُثْمَانُ بْنُ أَبِي رَوَّادٍ نَحْوَهُ‏.‏ പ്രസ്തുത ഹദീസിനെ സ്ഥിരീകരിക്കുന്ന ഹദീസ് ആകുന്നു.
ബലാഗാത്തുകൾ, മുറാസലാത്തുകൾ തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ വേറെയുമുണ്ട് . ഇവ വിശദമായി മനസിലാക്കപ്പെടേണ്ടതുണ്ട്. സനദ് വ്യക്തമാക്കാതെ ‘നമുക്ക് എത്തിയിരിക്കുന്നു’ (ബലഗനാ) എന്ന പദം ഉപയോഗിച്ചുപറയുന്ന കാര്യങ്ങളാണ് ബലാഗാത്ത്. സ്വഹാബികൾ അങ്ങനെപറഞ്ഞാൽ സ്വീകാര്യമാണ്. കാരണം, അവർ പ്രവാചകനെക്കുറിച്ചു കളവു പറയുന്നവരല്ല. പിന്ഗാമികളുടെ ഇത്തരം പ്രസ്താവനകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ്. മുവത്വയിൽ ഇമാം മാലികിന്റെ ബലാഗാത്ത് ധാരാളമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബലഗനാ ഉപയോഗിക്കാതെ നബിയിലേക്ക് ആരോപിക്കുന്ന ശ്രുംഖലയിൽ സ്വഹാബി ഇല്ലാത്ത പ്രസ്താവനകളാണ് മറാസീൽ. സുഹ്‌രിയുടെ മറാസീൽ, ഇബ്നു അബീഹാത്തിമിന്റെ മറാസീൽ, അബൂദാവൂദിന്റെ മറാസിൽ തുടങ്ങിയവ പ്രസിദ്ധമാണ്.
‘ബലാഗാത്തുസ്സുഹ്‌രി’ എന്നറിയപ്പെടുന്ന പ്രസ്താവനകൾ ഇവയിലൊരിനമാണ്. ഇമാം മുഹമ്മദ് ബ്നു മുസ്ലിം ബ്നു ശിഹാബ് അസ്സുഹ്‌രി റഹി (മ. ഹി. 124 ) യ്ക്ക് അറിവായ സംഗതികൾ സനദ് വ്യക്തമാക്കാതെ പറഞ്ഞവ. പ്രമുഖനായ ഹദീസ് പണ്ഡിതൻ ആകുന്നു സുഹ്‌രി. വിശ്വസ്തനാണ്. അദ്ദേഹത്തിന്റെ നിവേദനങ്ങൾ സ്വീകാര്യമാണ്. എന്നാൽ ‘തനിക്കറിവായിരിക്കുന്നു’ എന്ന നിലയ്ക്ക് സനദില്ലാതെ രേഖപ്പെടുത്തിയ കാര്യങ്ങൾ എല്ലാം സ്വീകാര്യമല്ല. അവയിൽ പലതും കൃത്യമല്ല. ചിലത് തികച്ചും ദുർബ്ബലം ആണ്. ബുഖാരിയിൽ ‘ബലാഗാത്തുസ്സുഹ്‌രി’ പലയിടങ്ങളിൽ വന്നിട്ടുണ്ട്. 2370, 2539, 2540, 4182, 6982 തുടങ്ങിയ ഹദീസുകൾ ഉദാഹരണം. ചിലതെല്ലാം സ്വീകാര്യവും മറ്റു നിവേദനങ്ങളുമായി വിയോജിക്കാത്തതുമാണ്. എന്നാൽ ചിലതങ്ങനെയല്ല. ഉദാഹരണം 6982 ൽ കാണുന്ന പരാമർശം.
നബിയ്ക്ക് വഹ്‌യ്‌ ആരംഭിച്ച ആദ്യഘട്ടത്തിലെ രംഗങ്ങൾ വിവരിക്കവേ, “കുറച്ചുദിവസത്തേക്ക് വഹ്‌യ്‌ നിലച്ചു; അദ്ദേഹത്തിന് വിഷമമായി” എന്ന പരാമർശത്തിന് ശേഷം, സുഹ്‌രിയ്ക്ക് ലഭിച്ച ഒരു കഥ അവിടെ കൂട്ടിച്ചേർക്കുന്നു. ഇത് കൂട്ടിച്ചേർക്കൽ ആണെന്നകാര്യം വായനക്കാർ പലരും മനസിലാക്കുന്നില്ല; ഹദീസ് ആണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. വഹ്‌യ് അനുഭവം പറയുന്ന മറ്റു മുഹദ്ദിസുകളുടെ നിവേദനങ്ങളിലെല്ലാം “കുറച്ചുദിവസത്തേക്ക് വഹ്‌യ്‌ നിലച്ചു; അദ്ദേഹത്തിന് വിഷമമായി” എന്നിടത്തവസാനിക്കുന്നു. സ്വഹീഹുൽ ബുഖാരിയിൽ തന്നെ ഈ ഹദീസ് വിവിധ അധ്യായങ്ങളിൽ വന്നിട്ടുണ്ട്; (ഹദീസ് നമ്പർ 3 ,4 , 3238 , 4922 – 4926 , 4954 , 6214 ). അവിടങ്ങളിലൊന്നും ഇക്കഥയില്ല. ഒടുവിൽ ‘സ്വപ്ന വ്യാഖ്യാനം’ എന്ന അധ്യായത്തിലാണ് ഈ കഥ അനുബന്ധമായി വരുന്നത്. ഇക്കാര്യം തുറന്നുകാണിച്ച ശേഷം, അസ്ഖലാനി രേഖപ്പെടുത്തിയത് ഇങ്ങനെ: ومعنى الكلام أن في جملة ما وصل إلينا من خبر رسول الله في هذه القصة وهو من بلاغات الزهري وليس موصولا. “ഈ കഥ ബലാഗാത്തുസ്സുഹ്‌രിയിൽ പെട്ടതാകുന്നു. അത് കണ്ണിചേർന്ന വാർത്തയല്ല”(ഫത്ഹുൽ ബാരി).
മുസ്നദുകളുടെ ഭാഗമാണോ എന്ന് തോന്നിപ്പോകുന്ന ബലാഗാത്തുകൾ വരെ കാണാം.
നമ്പറിടുമ്പോൾ ഇത്തരം അധികപ്പറ്റുകൾ മുസ്നദുകളായി തെറ്റിദ്ധരിക്കപ്പെടാൻ ഇടയാകുന്നു. ഉദാ. നബി പുത്രി ഫാത്തിമ (റളി) ഒന്നാം ഖലീഫ അബൂബക്കർ (റളി) യുമായി പിണക്കത്തിലായിരുന്നു; ഫാഥ്വിമ മരണപ്പെടുന്നതുവരെ അവരുടെ ഭർത്താവ് അലി (റളി ) ഖലീഫയെ ബൈഅത്ത് ചെയ്തില്ല എന്ന പരാമർശങ്ങൾ. ഇത് പ്രസ്തുത ‘ഹദീസിലെ’ പ്രഥമ പുരുഷൻ ആഇശ (റളി ) യുടെ വാക്കുകൾ ആണെന്ന് ധരിക്കാനിടയുണ്ട്. എന്നാൽ, നിവേദകനായ സുഹ്‌രിയുടെ വാക്കുകളാണിത്; ആഇശയുടേതല്ലെന്ന് മുഹദ്ദിസുകളുടെ ഇമാം അബൂബക്കർ അൽ ബൈഹഖി വ്യക്തമാക്കിയിട്ടുണ്ട്. സുഹ്‌രിയുടെ ആ വിവരണം ചരിത്രവിരുദ്ധമാണെന്ന് തെളിഞ്ഞതാണ്.
സുഹ്‌രിയുടെ ബലാഗാത്തുകളിൽ കാണുന്ന ഇത്തരം വസ്തുതാവിരുദ്ധത കാരണമാണ്, സുഹ്‌രിയുടെ ‘മാറാസീലും ബലാഗാത്തുകളും ദുർബ്ബലമാണെന്നു പരിശോധകരായ നിരവധി പൂർവ്വകാല പണ്ഡിതർ വ്യക്തമാക്കിയത്. ഇമാം ശാഫിഈ റഹി പറഞ്ഞു: ”സുഹ്‌രിയുടെ മറാസീലുകൾ നമുക്ക് ഒന്നുമല്ല”. مرسل الزهري شر من مرسل غيره സുഹ്റിയുടെ മറാസീലുകൾ മറ്റുള്ളവരുടെ മറാസീലുകളേക്കാൾ അപകടകരമാണെന്ന് യഹ്‌യബ്നു സഈദ് ഖത്വാൻ റഹി(ഹി.198) പ്രഖ്യാപിച്ചു. സ്വഹീഹുൽ ബുഖാരി പഠിക്കുന്നവരും അവലംബിക്കുന്നവരും ഇക്കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കേണ്ടതായിട്ടുണ്ട്.
സ്വഹീഹുൽ ബുഖാരിയിൽ കടന്നുവരുന്ന മറ്റൊരിനമാണ് ഇദ്രാജാത്തുകൾ. നിവേദിത ടെക്സ്റ്റുകളിലോ, നിവേദക പരമ്പരയിലോ അവയിലില്ലാത്തവ കൂട്ടിച്ചേർക്കുന്ന ഭാഗമാണ് ഇദ്രാജാത്തുകൾ. ആദ്യകാലങ്ങളിൽ നടന്ന ഈ ഇനം കൂട്ടിച്ചേർക്കലുകൾ പരിശോധിക്കുന്ന പ്രശസ്ത ഗ്രന്ഥമാണ് ഖതീബുൽ ബാഗ്ദാദിയുടെ ‘അൽ ഫസ്‌ലു ലിൽ വസ്ല്’. ഇതിന്റെ സംഗ്രഹമാണ് അസ്ഖലാനിയുടെ തഖ്‌രീബുൽ മന്ഹജ്. ഇതിനെ ചുരുക്കിയും വികസിപ്പിച്ചും ഇമാം സുയൂഥ്വി രചിച്ച കൃതിയാണ് ‘അൽ മദ്‌റജ് ഇലൽ മുദ്രജ്’. ഹദീസ് ടെക്സ്റ്റുകളിലും പരമ്പരകളിലും സംഭവിച്ച അധികപ്പറ്റുകൾ/തിരുകലുകൾ മനസ്സിലാക്കാൻ ഈ ഗ്രന്ഥങ്ങൾ സഹായിക്കും.
സുഹ്‌രിയുടെ ഇദ്രാജാത്തുകൾ സ്വഹീഹുൽ ബുഖാരിയിൽ പലയിടങ്ങളിമുണ്ട്. മൂന്നാം നമ്പർ ഹദീസിന്റെ തുടക്കത്തിൽ കാണുന്ന ‘വഹുവ ത്തഅബ്ബുദ്’ എന്ന ഭാഗം ‘അഡീഷൻ’ ആണ്. തൊട്ടുമുന്നിലെ ‘ഫയതഹന്നസു ഫീഹി’ (അതിലദ്ദേഹം ആരാധനാ നിമഗ്നനായി) എന്ന പ്രയോഗത്തിന്റെ താല്പര്യം വ്യക്തമാക്കുന്ന ഈ അഡീഷൻ നിർദ്ദോഷകരമാണ്. ഹദീസ് നമ്പർ 18 ൽ , ഉബാദത്ത് ബ്നു സ് സ്വാ മിത്തിന്റെ പേര് പറഞ്ഞയുടനെ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ട്, ”വ കാന ശഹിദ ബദ്റൻ വഹുവ അഹദുന്നുഖബാഇ ലൈലതൽ അഖബ:”= അദ്ദേഹം ബദ്‌റിൽ പങ്കെടുത്തിട്ടുണ്ട്; അഖബ യിലെ നിശാ ഉടമ്പടിയിൽ ഉണ്ടായിരുന്ന വ്യക്തിയാകുന്നു” എന്ന ഭാഗവും, സന്ദർഭോചിതം കൂട്ടിച്ചേർത്ത പരാമർശമാണ്. നാല്പതോളം സ്ഥലങ്ങളിൽ ഇത്തരം ഇദ്രാജാത്തുകൾ സ്വഹീഹുൽ ബുഖാരിയിൽ കാണാവുന്നതാണ്.
ഗ്രന്ഥകാരന്റെ നിലപാടുകൾ/നിരീക്ഷണങ്ങൾ വെളിപ്പെടുത്തുന്ന തലവാചകങ്ങളും കമന്റുകളും ഇവയ്ക്ക് പുറമെയാണ്. പലപ്പോഴും സനദൊഴിവാക്കിയ ഹദീസ് വാക്യങ്ങളോ, പ്രമുഖരുടെ പ്രസ്താവങ്ങളോ ആയിരിക്കും തലവാചകം. തലവാചകം മാത്രമുള്ള അധ്യായങ്ങളുണ്ട്. ചുവടെ ഒറ്റ ഹദീസും ഉണ്ടാകില്ല. വിഷയ സംബന്ധമായി ലക്ഷണമൊത്തത് കിട്ടിയില്ല എന്ന് സൂചന. ചിലപ്പോൾ ഖുർആൻ സൂക്തം മാത്രമേ കാണൂ. ചിലയിടങ്ങളിൽ തലവാചകം ഇല്ലാതെ ഹദീസ് പൂർണ്ണരൂപത്തിൽ തലവാചകമായി നൽകിയതും കാണാം.
ഹദീസിന്റെ ഭാഗമായല്ലാതെ കൊടുത്തിട്ടുള്ള നിരവധി ഖുർആൻ സൂക്തങ്ങളും സ്വഹീഹുൽ ബുഖാരിയിലുണ്ട്. അത്തരം ഖുർആൻ സൂക്തങ്ങളുടെ തഫ്സീർ നിർവ്വഹിക്കുക കൂടിയാണ് സന്ദർഭം ഉപയോഗപ്പെടുത്തിക്കൊണ്ട്. അതായത്, സ്വഹീഹുൽ ബുഖാരി ഹദീസ് സമാഹരണം മാത്രമല്ല; മികവൊത്ത ഖുർആൻ വ്യാഖ്യാനം കൂടിയാകുന്നു; വിശിഷ്യാ, വിശ്വാസകാര്യങ്ങളും വിധിവിലക്കുകളും പറയുന്ന ആയത്തുകളുടെ.
SWALIH NIZAMI PUTHUPONNANI
28/07/2021
===========
സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?
01/ഇമാം ബുഖാരി: ഹദീസ് പാരമ്പര്യവും ഗുരു സ്വാധീനവും
02/ഇമാം ബുഖാരി വായിച്ച ഹദീസ് കൃതികൾ..
പ്രവാചകന്റെ കാലം മുതൽ ഇമാം ബുഖാരിയുടെ കാലം വരെ എഴുതപ്പെട്ട ഹദീസ് ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നു..
Leave a Reply