ഒന്ന്

പാരമ്പര്യം , ഗുരുസ്വാധീനം

ഇമാം ബുഖാരി യുടെ പേര് മുഹമ്മദ് ബിൻ ഇസ്മാഈൽ ബിൻ മുഗീറ എന്നാകുന്നു. സ്ഥലം പഴയ സോവിയറ്റ് യൂണിയനിലെ (ഇപ്പോ ഉസ്ബെക്കിസ്ഥാനിലെ) സമര്ഖന്ദിനടുത്ത ബുഖാറ. ജനനം ഹിജ്‌റ 194 ശഅബാൻ 13 വെള്ളിയാഴ്ച. പിതാമഹൻ മുഗീറ മജൂസി മതക്കാരനായിരുന്നു (ജൂത മതം അല്ല). അറബികളിലെ ഖഹ്ത്വാനി വംശജരായിരുന്നു ബുഖാരിയുടെ കുടുംബമെന്ന ചരിത്രമാണ് പ്രബലം. ബുഖാറയിലെത്തിയ കുടുംബം അന്നാട്ടിലെ മജൂസി മതത്തിൽ ലയിക്കുകയായിരുന്നു. ബുഖാറയുടെ ഗവർണറായിരുന്ന അൽയമാനുൽ ജുഅഫി( اليمان بن أخنس بن خنيس الجعفي)യുടെ മുമ്പാകെ മുഗീറ ഇസ്ലാം സ്വീകരിച്ചു. അന്നുമുതൽ ഇസ്‌ലാമികമായി ജീവിക്കുന്ന കുടുംബമായിരുന്നു ഇമാം ബുഖാരിയുടേത്.

പിതാവ് ഇസ്മാഈൽ പണ്ഡിതനും സൂക്ഷ്മജീവിതം നയിച്ച വ്യക്തിയുമായിരുന്നു. ഹി 179 ൽ ഹജ്ജ് ചെയ്ത ഇസ്മാഈൽ, മദീനയിലെ വിശ്വഗുരുവും പ്രസിദ്ധ ഹദീസ് സമാഹാരമായ മുവത്വയുടെ കർത്താവുമായ ഇമാം മാലിക് ബ്നു അനസുമായി കണ്ടുമുട്ടുകയും ഹദീസ് കേൾക്കുകയും ചെയ്തു. മദീനയിലെ പ്രമുഖ ഗുരു ഹമ്മാദ് ബ്നു സൈദിൽ നിന്നും ഹദീസ് കേട്ടു. പ്രസിദ്ധ ആധ്യാത്മിക ഗുരുവും ഹദീസ് പണ്ഡിതനുമായ അബ്‌ദുല്ലാഹിബ്നുൽ മുബാറകുമായി സഹവസിച്ചു (സൂഫിസത്തിൻ്റെ ആദ്യ കാലം). അബൂ മുആവിയത്ത് ബ്നു സ്വാലിഹ് തുടങ്ങിയ പലഗുരുക്കന്മാരിൽ നിന്നും ഹദീസ് നിവേദനം ചെയ്ത ഇസ്മാഈലുൽ ബുഖാരി, നാലാം തട്ടിൽ നിൽക്കുന്ന (ത്വബഖ റാബിഅ) വിശ്വസ്തനായ ഹദീസ് നിവേദകൻ(സികത്ത്) ആണെന്ന് ഇബ്നു ഹിബ്ബാൻ രേഖപ്പെടുത്തുന്നു. ഇറാഖി ഹദീസ് പണ്ഡിതന്മാർ ഇദ്ദേഹത്തിൽ നിന്നും ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. (സിഖാത്/ ഇബ്നു ഹിബ്ബാൻ, താരിഖ്/ ഇമാം ബുഖാരി). ഇസ്മാഈൽ മരണപ്പെടുമ്പോൾ ഇമാം ബുഖാരി കൈക്കുഞ്ഞായിരുന്നു.

ഇമാം ബുഖാരിയുടെ മാതാവ് ഭക്തയും വിജ്ഞാനപ്രേമിയുമായിരുന്നു. ഇമാം ലാൽകാഈ ശറഹുസ്സുന്നയിൽ കറാമത്ത് ബഹുമതിയുള്ള സ്ത്രീകളുടെ ഗണത്തിലാണ് ഈ സ്ത്രീയെ പരിചയപ്പെടുത്തുന്നത്. ചെറുപ്പത്തിൽ കാഴ്ചശേഷിയില്ലായിരുന്ന ഇമാം ബുഖാരിയ്ക്ക് മാതാവിന്റെ പ്രാർത്ഥനാ ഫലമായിട്ടായിരുന്നു കാഴ്ച ലഭിച്ചതെന്നാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. (+ ഖത്വീബുൽ ബാഗ്ദാദി, സുബ്കി/ ത്വബഖാത്ത്) ഇബ്നു കസീർ/ അൽ ബിദായയിൽ രേഖപ്പെടുത്തുന്നത്, മഹതി ഇബ്‌റാഹീം നബിയെ സ്വപ്നം കാണുകയും ‘നിന്റെ ഇടതടവില്ലാത്ത കരച്ചിലും നിരന്തരമായ പ്രാർത്ഥനയും നിമിത്തം അല്ലാഹു കുഞ്ഞിന് കാഴ്ച നൽകിയിരിക്കുന്നു’ എന്ന് സുവിശേഷിക്കുകയും ചെയ്തുവെന്നാണ്. ഉമ്മയുടെ കൂടെ ചെറുപ്പത്തിൽ ഇമാം ബുഖാരിയും സഹോദരൻ അഹ്മദും ഹജ്ജിന് പങ്കെടുത്തു. മക്കയിലെ ബാല പാഠശാലയിൽ നിന്നും ഇമാം ബുഖാരി പഠനം ആരംഭിച്ചു. കുറച്ചുകാലം മക്കയിൽ താമസിച്ചു പഠിച്ചു. ഭർത്താവ് ബാക്കിവെച്ച ഹദീസ് സമാഹാരങ്ങളും ബന്ധങ്ങളും ഉപയോഗപ്പെടുത്തുന്ന മകനായി മുഹമ്മദിനെ (ഇമാം ബുഖാരിയെ) വളർത്തിയെടുക്കാൻ, ആ മാതാവ് ഭർത്താവിന്റെ അനന്തര സ്വത്തുക്കൾ മുഴുവൻ വിനിയോഗിച്ചു. മദ്റസ പഠനകാലത്തുതന്നെ ഓർമ്മശക്തിയിൽ അസാധാരണ മികവുകാണിച്ച ഇമാം ബുഖാരിയെ, ഹദീസ് മേഖലയിലേക്ക് തിരിച്ചുവിട്ടത്, മാതാവായിരുന്നു. ബാലനായ ബുഖാരിയ്‌ക്കും ഹദീസ് പഠനത്തിലും മനപാഠമാക്കുന്നതിലും വലിയ താൽപര്യമായിരുന്നു. (ഗഞ്ചാർ എഴുതിയ ബുഖാറയുടെ ചരിത്രം കാണുക)

ഗുരു സ്വാധീനം

ഇസ്‌ലാമിക രാജ്യങ്ങളിൽ ചുറ്റി സഞ്ചരിച്ചു ഹദീസുകൾ സമാഹരിച്ച ഇമാം ബുഖാരി 1080 ഹദീസ് പണ്ഡിതന്മാരെ ഉദ്ധരിക്കുന്നുണ്ട്. അവരെ അഞ്ചു തട്ടുകളാക്കാം. താബിഈകളും താബിഈ പ്രമുഖരിൽ നിന്ന് നിവേദനം ചെയ്തവരുമാണ് ഒന്നാം ഗണത്തിൽ വരുന്നത്. താബിഈകളാണെങ്കിലും പ്രമുഖ താബി ഈ കളെ കണ്ടുമുട്ടാ ത്തവരാണ് രണ്ടാം തട്ടിൽ. താബി ഈ കളെ ആരെയും കണ്ടുമുട്ടാത്തവരും എന്നാൽ അവരുടെ ഉന്നത പദവിയിലുള്ള പിൻഗാമികളെ കണ്ടുമുട്ടിയ വരാണ് മൂന്നാമത്. തൻ്റെ സഹതീർഥരായ പണ്ഡിതന്മാർ നാലാം തട്ടിൽ എണ്ണപ്പെടുന്നു. മറ്റു ഗുരുനാഥന്മാരിൽ നിന്നും ഹദീസ് പഠിച്ചവരും തൻ്റെ ശിഷ്യന്മാരുമായ ഹദീസ് പണ്ഡിതന്മാർ അഞ്ചാം തട്ടിൽ പരിഗണിക്കുന്നു.

ഹദീസ് പാണ്ഡിത്യത്തിന്റെ പാരമ്പര്യമുള്ള ഇമാം ബുഖാരിയുടെ ഹദീസ് ഗുരുക്കളിൽ പ്രധാനിയായിരുന്നു അബൂ ജഅഫർ അൽമുസ്നദി (റഹി). മുകളിൽ പരാമർശിച്ച ബുഖാറ ഗവർണർ അൽയമാനുൽ ജുഅഫിയുടെ പൗത്രനും , നബി സ്വാ യിലേക്ക് കണ്ണിചേരുന്ന ഹദീസുകളിൽ (മുസ്നദ് )പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും മറ്റുള്ളതെല്ലാം അവഗണിക്കുകയും മുസ്നദിൽ പ്രാവീണ്യം നേടുകയും നിമിത്തം ‘അൽ മുസ്നദി ‘ എന്ന വാഴ്ത്തുനാമത്തിൽ അറിയപ്പെകയും ചെയ്ത പ്രസിദ്ധ ഹദീസ് ഗുരുവാണ് അബൂ ജഅഫർ. അൽ മുസ്നദിയുമായുള്ള ശിഷ്യബന്ധം ഇമാം ബുഖാരിയിലെ മുസ്നദ് പ്രേമത്തെ സജീവമാക്കിയെന്നു വ്യക്തം. കൂടാതെ, തന്റെ മറ്റൊരു പ്രധാന ഗുരുവും ‘ഹദീസിലും ഫിഖ്ഹിലും അമീറുൽ മുഅമിനീൻ’ എന്ന് വാഴ്ത്തപ്പെട്ട മഹാ പണ്ഡിതനുമായ ഇമാം ഇബ്നു റാഹവൈഹി ഇമാം ബുഖാരിയുടെ ഹദീസ് നയത്തെയും രചനയെയും കാര്യമായി സ്വാധീനിച്ചു. (ഇസ്ഹാഖ് ബ്നു ഇബ്‌റാഹീം അൽ ഹൻളലി അത്തമീമി റഹി നൈസാബൂരിലെ മർവസിൽ പാർത്ത അറബി കുടുംബത്തിൽ പിറന്നു. ഇറാഖിലും ഹിജാസിലും ശാമിലും യമനിലും സഞ്ചരിച്ചു ഹദീസുകൾ സമാഹരിച്ചു). ഇമാം ബുഖാരിയടക്കമുള്ള ശിഷ്യ സദസ്സിനോട് അദ്ദേഹം ഒരിക്കൽ പറഞ്ഞു: ‘റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഹീഹായ സുന്നത്തുകൾ സംഗ്രഹിച്ചു ഒരു ഗ്രന്ഥത്തിൽ നിങ്ങൾക്ക് സമാഹരിച്ചുകൂടെ?!’ ഇമാം ബുഖാരിയുടെ വിശ്വപ്രസിദ്ധ ഹദീസ് സമാഹാരത്തിന്റെ നാമം الجامع المسند الصحيح المختصر من أُمور رسول الله صلى الله عليه وسلّم وسننه وأيامه‬ (അല്ലാഹുവിന്റെ ദൂതരുടെ നിർദ്ദേശങ്ങളും ചര്യകളും നാളുകളും സംബന്ധമായതും വിശ്വസനീയമായ നിലയിൽ നബിയിലേക്ക് കണ്ണിചേർന്നതുമായ ഹദീസുകളുടെ സംക്ഷിപ്തസമാഹാരം) എന്നായതും പാരമ്പര്യ – ഗുരു സ്വാധീനം കൊണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം.

Leave a Reply