നബി സ്വ തന്റെ പടയങ്കി പണയം വെച്ച് ധാന്യം വാങ്ങിയ സംഭവം സ്വഹീഹുൽ ബുഖാരി അടക്കമുള്ള പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. പണയം സ്വീകരിച്ച് ധാന്യം നൽകിയ ജൂദ സഹോദരന്റെ പേരും അഡ്രസും വ്യക്തമാകുന്നതോടെ പ്രവാചക വിരോധികൾ എറിയുന്ന ഏതെല്ലാം നുണബോംബുകൾ നിർവീര്യമാകും എന്നാലോചിക്കാം.
നുണബോംബുകൾ
1. ഇസ്ലാമിക രാജ്യത്തിനകത്ത് അന്യമതക്കാർക്ക് ജീവിക്കാൻ സ്വാതന്ത്ര്യം ഇല്ല .
2. ജൂതന്മാരെ മുഴുവൻ മദീനയിൽ നിന്നും ആട്ടിയോടിച്ചു. ജൂദ വിരോധിയാണ് മുഹമ്മദ്.
3. പ്രവാചകൻ യുദ്ധ മുതലുകൾ കൊണ്ടാണ് സുഭിക്ഷമായി സുഖജീവിതം നയിച്ചിരുന്നത്.
വിരോധികൾ ചങ്കുപൊട്ടി അലറുന്ന ഈ വക വ്യർത്ഥമായ ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും മദീനയിലെ ആ ജൂദ സഹോദരനും, അയാളുമായി നടന്ന പണയമിടപാടും ‘പാട്ടുപാടി’ മറുപടി പറയുകയാണ്:
1 . ഇസ്ലാമിക രാജ്യത്ത് അന്യമതസ്ഥർക്ക് ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്.
മദീന മുതൽക്കുള്ള ഇസ്‌ലാമിക രാജ്യങ്ങളുടെ ചരിത്രമതാണ് തെളിയിക്കുന്നത്.
രാജ്യത്തിനകത്ത് രാജ്യദ്രോഹം/ വഞ്ചന കാണിച്ച മൂന്ന് ജൂദ ഗോത്രങ്ങളുമായായിരുന്നു സംഘർഷം. അവരെ പുറത്താക്കുകയോ ശിക്ഷിക്കുകയോ ചെയ്തു. അവർ ശാം തുടങ്ങിയ അയൽ പ്രദേശങ്ങളിൽ ജീവിച്ചു. ആ പ്രദേശങ്ങൾ പത്ത് പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ ഇസ്ലാമിക രാജ്യമായി മാറിയപ്പോൾ, മദീനയിൽ നിന്നും പോയ ജൂദന്മാരുടെ പിന്തലമുറ അവിടെ ഇസ്‌ലാമിന്റെ സുരക്ഷയിൽ സസന്തോഷം ജീവിച്ചു. അവർ ഇസ്ലാമിക പ്രസ്ഥാനത്തിൽ ഒരു രക്ഷകനെ കണ്ടു.
2 . മദീനയിലെ അവശേഷിക്കുന്ന പതിനഞ്ചോളം ജൂദ ഗോത്രങ്ങൾക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പ്രവാചകൻ പണയമിടപാട് നടത്തിയ അബുശ്ശഹ്മു് മദീന നഗരത്തിനടുത്തായിരുന്നു താമസം. ഔസ് ഗോത്രത്തിൽ പെട്ട ബനൂളഫർ ഉപഗോത്രക്കാരനാണ്.
3 . തന്റെ വിയോഗ കാലത്തുപോലും, കുടുംബത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾക്ക് പടയങ്കി പണയം വെക്കേണ്ട സാമ്പത്തിക സ്ഥിതിയിലായിരുന്നു രാഷ്ട്രത്തലവനായ മുഹമ്മദ് നബി.
ശരിയാണ്, മദീനയിൽ രാഷ്ട്ര നിർമ്മാണം ത്വരിതഗതിയിൽ മുന്നേറുന്ന പശ്ചാത്തലത്തിൽ, മുഹമ്മദ് നബിക്ക് മറ്റു തൊഴിലുകൾ ഇല്ലായിരുന്നു. യഥാർത്ഥത്തിൽ, വേണമെങ്കിൽ ഖദീജയുമായുള്ള വിവാഹാനന്തരം തൊഴിൽ ഇല്ലാതായിട്ടുണ്ട് എന്ന് പറയാവുന്നതാണ് . ധനികയും സ്നേഹനിധിയുമായ ഖദീജ പ്രിയതമനെ കൂടുതൽ പണിയെടുക്കാൻ പറഞ്ഞയച്ചിരുന്നില്ല. അപൂർവ്വമായിട്ടല്ലാതെ. നുബുവ്വത്തിനു ശേഷം മുതൽ നബിക്ക് കൈതൊഴിൽ തീരെ ഇല്ലായിരുന്നു. മദീനയിലെത്തി യുദ്ധമുതൽ ലഭിച്ചുതുടങ്ങിയതുമുതൽ അല്ല തൊഴിൽ ഒഴിവാക്കിയത്. യുദ്ധമുതലുകളോ കച്ചവടമോ തൊഴിലോ ഇല്ലാതെ പതിമൂന്നു വർഷക്കാലം മക്കയിലെങ്ങനെയാണോ പ്രവാചകൻ സ്വജീവിതം മുന്നോട്ടുകൊണ്ടുപോയത്, അതേ രീതിതന്നെയായിരുന്നു മരണം വരെയും.
മദീനയിലെത്തിയ ശേഷം, അനുയായികളുടെ പൂർണ്ണ സംരക്ഷണത്തിലായിരുന്നു അവിടത്തെ നിത്യജീവിതം. വളരെ പരിമിതവും അത്യാവശ്യത്തിനുള്ളതും മാത്രമായിരുന്നു നബി സ്വന്തം ആവശ്യത്തിനെടുത്തിട്ടുള്ളൂ. ലഭിക്കുന്ന സമ്മാനങ്ങൾ മറ്റു ആവശ്യക്കാർക്ക് ദാനം ചെയ്യുകയായിരുന്നു പതിവ്. പതിനേഴാം മാസം ആദ്യത്തിലാണ് യുദ്ധമുതൽ എന്ന നിലയ്ക്കുള്ള ഓഹരി നബിക്ക് ആദ്യമായി ലഭിക്കുന്നത്. നഖ്‌ലയിൽ വെച്ച് ഖുറൈശീ കച്ചവടക്കാരിൽ നിന്നും പിടികൂടിയ സാധനങ്ങളും ഒട്ടകങ്ങളുമായിരുന്നു അത്. രണ്ടു ബന്ധികൾക്ക് ചുമത്തിയ ആയിരത്തി അറുന്നൂറു ദിർഹം വീതം പിഴയും അതിലേക്ക് ചേർക്കാം. അവയിൽ അഞ്ചിലൊന്ന് നബിക്കു നൽകണം എന്ന തീരുമാനം ആദ്യമായി അറിയിക്കുന്നത്, പ്രസ്തുത മുതൽ കൊണ്ടുവന്ന അബ്ദുല്ലാഹി ബ്നു ജഹ്ശ് എന്ന സ്വഹാബിയാണ്. പിന്നീടാണ് ആ തീരുമാനത്തെ ശരിവെക്കുന്നതും ‘റസൂൽ’ എന്ന പദവിക്കുള്ള ഓഹരി നിർണ്ണയിച്ചുകൊണ്ടുള്ളതുമായ ഖുർആൻ സൂക്തം അവതരിക്കുന്നത്.
റസൂൽ അന്ന് ഒരു വ്യക്തിയല്ല. ഒരു രാഷ്ട്ര നിർമ്മാതാവാണ്. മുഹമ്മദ് എന്ന വ്യക്തിക്കായിരുന്നില്ല ഓഹരി. രാഷ്ട്രത്തിന്റെ പൊതു ആവശ്യത്തിലേക്കായിരുന്നു അവ ഉപയോഗിച്ചിരുന്നത്. ബദ്‌റിൽ ലഭിച്ച മോചനദ്രവ്യ ഫണ്ട് രാഷ്ട്രത്തിന്റെ ആയുധബലം വർദ്ധിപ്പിക്കാൻ നീക്കിവെച്ചു. യുദ്ധം ആരംഭിച്ച സ്ഥിതിക്ക്, മുസ്ലിം പക്ഷത്തു നിന്നും പിടിക്കപ്പെടുന്നവരെ മോചിപ്പിക്കാനുള്ള കരുതൽ ഫണ്ടായും യുദ്ധമുതലുകൾ നീക്കിവെച്ചു. അങ്ങനെ രാഷ്ട്രത്തിനു ലഭിക്കുന്ന ഫണ്ട് അതിനുമാത്രമായി ഉപയോഗിച്ചുപോന്നു.
മുഹമ്മദ് എന്ന വ്യക്തി ആകെ എട്ടു പടകളിൽ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. അതിന്റെ ഓഹരി നബിക്ക് ലഭിക്കും. അങ്ങനെ ലഭിച്ചത് പത്തു വർഷത്തിനിടെ വളരെ പരിമിതമായിരുന്നു. അതായിരുന്നു, അവിടത്തെ വീട്ടടുപ്പുകളിൽ നിത്യേന പുക ഉയരാതിരുന്നത്. ഈത്തപ്പഴവും വെള്ളവും മുഖ്യ ഭക്ഷണമായി പരിമിതപ്പെട്ടത്. വീട് കുടിലായി നിലനിന്നത് . ഒരാൾ കൈ ഉയർത്തിയാൽ സ്പർശിക്കാവുന്ന ഉയരമേ അതിനുണ്ടായിരുന്നുള്ളൂ. വീട്ടുപകരണങ്ങൾ തീർത്തും പരിമിതമായിരുന്നു. സുഭിക്ഷതയുടെയും ആനന്ദത്തിന്റെയും തോത് വല്ലാതെ കുറഞ്ഞപ്പോഴായിരുന്നല്ലോ, വിവിധ ജീവിത പശ്ചാത്തലങ്ങളിൽ നിന്നും വന്ന പത്നിമാർ അസ്വാരസ്യം പ്രകടിപ്പിച്ചത്. ഇവിടെ ഇത്രയൊക്കെ ലഭിക്കുകയുള്ളൂ എന്ന് തുറന്നുപറയുകയും സഹിക്കാനാവാത്തവർക്ക് വിട്ടുപോകണമെന്ന് അറിയിച്ചതും അതിലവർ സംതൃപ്തി അടഞ്ഞതുമെല്ലാം. മുഹമ്മദ് കൊള്ളക്കാരനായിരുന്നു എന്ന് ആക്ഷേപിക്കുന്നവരുടെ തലയ്ക്കകം പൊള്ളയാണെന്നും പറയുന്നതെല്ലാം പൊള്ളാണെന്നും മനസ്സിലാക്കാൻ ഇതിലേറെ എന്തുവേണം?
അബുശ്ശഹ്മു് !
താങ്കൾക്ക് സല്യൂട്ട്.
അങ്ങനെയൊരു ഇടപാട് നടത്തിയില്ലായിരുന്നെങ്കിൽ, ഇവർക്ക് എന്തെല്ലാം പറയാമായിരുന്നു?!
Leave a Reply