മുഹമ്മദ് നബിയിലെ സാധാരണ മനുഷ്യനെ പയ്യെപ്പയ്യെ അസാധാരണ വ്യക്തിത്വമാക്കിയ അല്ലാഹുവിനു സ്തുതി..
പ്രകൃതത്തിൽ മുഹമ്മദ് ഒരു മനുഷ്യനാണ്. അദ്ദേഹത്തെ അന്ത്യപ്രവാചകനായി അല്ലാഹു തെരഞ്ഞെടുത്തു. ഈ തെരഞ്ഞെടുപ്പ് അല്ലാഹുവിന്റെ മുൻനിശ്ചയമാണ്. നാല്പത് വയസ്സായ സമയത്തെടുത്ത തീരുമാനമല്ല. അതിനാൽ, അന്ത്യപ്രവാചകത്വം ഏറ്റെടുക്കാനുള്ള പശ്ചാത്തല യോഗ്യതകൾ അല്ലാഹു തയ്യാറാക്കിയതായി കാണാം. ഉന്നത കുലത്തിലെ ജനനം, അനാഥബാല്യം മുതലുള്ള ജീവിത പ്രതിസന്ധികൾ, സമൂഹത്തിലെ വൈകൃതങ്ങൾ ബാധിക്കാത്ത വിശുദ്ധ ജീവിതം, സത്യസന്ധതയും വിശ്വസ്തതയും ആർജ്ജിച്ച വ്യക്തിത്വം. മുപ്പത്തഞ്ചാം വയസ്സിൽ തുടങ്ങിയ ധ്യാനതാല്പര്യം. വർഷത്തിൽ ഒരുമാസം ധ്യാനത്തിനായി ഈ വർഷങ്ങളിൽ നീക്കിവെച്ചു. ഏകാന്തനായി ദൈവധ്യാനത്തിൽ രാത്രികൾ കഴിച്ചുകൂട്ടി. നാല്പതാം വയസ്സിലെ റബീഉൽ അവ്വൽ മുതൽ ജിബ്‌രീൽ സ്വപ്നത്തിൽ വന്നുതുടങ്ങി. കാണിച്ചുകൊടുക്കുന്ന കാഴ്ചകൾ പ്രഭാത സൂര്യനെപ്പോലെ സത്യമായി പുലരുന്ന നാല് മാസങ്ങൾ.. നുബുവ്വത്തിലേക്കുള്ള പാകപ്പെടുത്തലുകളായിരുന്നു ഇവ.
രണ്ടുമഹാ ഭാരങ്ങളായിരുന്നു മുഹമ്മദിൽ അല്ലാഹു ഇറക്കിവെച്ചത്.
ഒന്ന്
നുബുവ്വത്ത്: ജ്ഞാനഭാരം.
അഭൗമവും അദൃശ്യവുമായ ജ്ഞാനങ്ങൾ വഹിക്കാൻ അവിടുത്തെ ധിഷണയ്ക്ക് സാധിക്കണം. ദാർശനികമായ ജ്ഞാനങ്ങൾ ആർജ്ജിക്കുന്ന ചരിത്രത്തിലെ മഹാ വ്യക്തിത്വങ്ങളുടെ ജീവിതാവസ്ഥ മനസിലാക്കിയവർക്കറിയാം, ആർജ്ജിത ജ്ഞാനത്തിന്റെ ഭാരത്തെക്കുറിച്ച്. ദിവ്യജ്ഞാനം തീർത്തും വ്യത്യസ്തമാണ്. നുബുവ്വത്തിന്റെ, ദിവ്യജ്ഞാനത്തിന്റെ അപാരമായ ഭാരത്തെക്കുറിച്ച് ഖുർആനിൽ തന്നെ പറഞ്ഞത് ”ഭാരമേറിയ വാക്കുകൾ” എന്നാകുന്നു. ദിവ്യജ്ഞാന ബോധനം ഉണ്ടാകുമ്പോൾ മുഹമ്മദ് നബിയുടെ നെറ്റിത്തടത്തിൽ വിയർപ്പൊഴുകുന്നതും, ഒട്ടകപ്പുറത്തായിരിക്കുമ്പോൾ ഒട്ടകം മുട്ടുകുത്തി ഇരുന്നുപോകുന്നതുമായ രംഗങ്ങൾക്ക് ദൃക്‌സാക്ഷികളായവർ അക്കാര്യം പങ്കുവെച്ചിട്ടുണ്ട്.
രണ്ട്‌
രിസാലത്ത് : ദൗത്യഭാരം.
സമൂഹത്തിനാവശ്യമായ ദൈവിക സന്ദേശങ്ങൾ പ്രബോധനം ചെയ്യാനും ആ മാർഗ്ഗത്തിൽ സ്വാഭാവികമായും ഉണ്ടാകുന്ന തീക്ഷ്ണമായ മാനസിക ശാരീരിക സാമ്പത്തിക പ്രതിസന്ധികൾ കടന്നുപോകാനും സാധിക്കണം. രിസാലത്തുത്തരവാദിത്തം നിർവഹിക്കുമ്പോൾ സംഭവിക്കാവുന്ന പ്രതികരണങ്ങളെക്കുറിച്ച്, പൂർവ്വ പ്രവാചകന്മാരുടെ ചരിതമറിയുന്ന വറഖത്ത്ബ്നു നൗഫൽ മുഹമ്മദ് നബിയ്ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. “താങ്കളെ നാട്ടുകാർ പുറത്താക്കുന്ന കാലത്ത് ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നാശിക്കുന്നു”. അപ്പോൾ നബി അത്ഭുതത്തോടെ ചോദിച്ചു: ”അവരെന്നെ പുറത്താക്കുമോ?!”. വറഖ കൂട്ടിച്ചേർത്തു: ”അതെ. താങ്കളെപ്പോലെ ദിവ്യ സന്ദേശവുമായി വന്നവരോടെല്ലാം ജനം ശത്രുത കാണിച്ചിട്ടുണ്ട്. അന്നാളിൽ ഞാൻ ഉണ്ടാകുമെങ്കിൽ താങ്കളെ ഞാൻ ശക്തമായി പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ്”.
സമാജത്തിൽ സത്യസന്ധനും പൊതുസമ്മതനുമായ മുഹമ്മദിന് നാല്പതാം വയസിൽ നുബുവ്വത്ത് ലഭിക്കുകയും ദിവ്യജ്ഞാനത്തിന്റെ ആദ്യപാഠങ്ങൾ അവതരിക്കുകയും ചെയ്തു. വല്ലാത്തൊരു പുത്തൻ അനുഭവമായിരുന്നു അത്. ജിബ്രീലിനെ നേരിൽകണ്ടതും ദിവ്യജ്ഞാനത്തിന്റെ അപാരമായ ഭാരവും അദ്ദേഹത്തെ തളർത്തിക്കളഞ്ഞു. അത് ശരീരത്തെയും ബാധിച്ചു. പനിപിടിച്ച പോലെ ഉള്ളിലെ താപനില വർദ്ധിക്കുകയും ശരീരം തണുത്തുവിറക്കുകയും ചെയ്തു. പത്നിയുടെ സാന്ത്വനവാക്കുകകളും സ്നേഹ പരിചരണങ്ങളും അദ്ദേഹത്തിന് സമാശ്വാസം നൽകിയെങ്കിലും, നാട്ടിൽ നിന്നും താൻ ബഹിഷ്കൃതനാകുമെന്ന വറഖയുടെ മുന്നറിയിപ്പ് കൂടി ലഭിച്ചപ്പോൾ അദ്ദേഹം കൂടുതൽ അസ്വസ്ഥനായി. ഇതിനിടയിൽ, കാര്യം മനസിലാകുന്ന ഒരേയൊരു ജ്ഞാനി വറഖ നിര്യാതനാവുകയും ചെയ്തു. സാഹചര്യം അദ്ദേഹത്തിൽ കൂടുതൽ അസ്വസ്ഥതയുണ്ടാക്കുക സ്വാഭാവികം. ഇതിനെല്ലാം പുറമെ, തനിക്ക് ലഭിച്ച ദിവ്യജ്ഞാനത്തിനൊരു തുടർച്ച ഇല്ലാതിരുന്നത് അദ്ദേഹത്തെ പൂർവ്വാധികം തളർത്തി. വലിയ ദുഃഖഭാരം ഉണ്ടായി. തനിക്കുണ്ടായ അനുഭവം യാഥാർത്ഥം തന്നെയായിരുന്നോ, അതല്ല, പൈശാചിക തോന്നലുകൾ ആയിരുന്നോ?! വറഖത്ത് തിരിച്ചറിഞ്ഞ സംഗതികൾ സത്യംതന്നെയാണോ?! അങ്ങനെയെങ്കിൽ, ആ മാലാഖ എവിടെപ്പോയി? പിന്നീട് വന്നില്ലല്ലോ? താൻ കള്ളം പറഞ്ഞതായിരുന്നുവെന്ന് ആളുകൾ വിലയിരുത്തുമോ? അദ്ദേഹം സ്വാഭാവികമായും ഇങ്ങനെ ചിന്തിക്കാവുന്ന സാഹചര്യമായിരുന്നു. സമൂഹത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരവും, സത്യസന്ധൻ+വിശ്വസ്തൻ+ വിശുദ്ധൻ തുടങ്ങിയ സൽകീർത്തികളും നഷ്ടപ്പെടുമല്ലോ എന്ന പ്രതിസന്ധി ഏതൊരു മനുഷ്യനെയാണ് തളർത്താതിരിക്കുക?!
ദിവ്യ ജ്ഞാനം ലഭിച്ച മലമുകളിൽ പലവട്ടം അദ്ദേഹം ചെന്നുനോക്കിയിരിക്കാം. ഒരു തടർച്ച ഉണ്ടായിരുന്നെങ്കിൽ, പല ആശങ്കൾക്കും ഒരു തീർപ്പിലെത്താമെന്നു കരുതിയിരിക്കാം. അദ്ദേഹത്തിന്റെ അസ്വസ്ഥതകൾ ബന്ധുജനം കാണുന്നുണ്ടായിരിക്കാം. മുഹമ്മദ് മലമുകളിൽ കയറിപ്പോകുന്നതും അല്പം കഴിഞ്ഞു തിരിച്ചിറങ്ങുന്നതും അവർ പലവിധം വ്യാഖ്യാനിച്ചിരിക്കാം. മുഹമ്മദ് ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നുവെന്നും മലക്ക് തടഞ്ഞതാണെന്നും അവർ പൊടിപ്പും തൊങ്ങലും വെച്ചിരിക്കാം. വിശിഷ്യാ എതിരാളികൾ. അവർ നബിക്ക് ഭ്രാന്താണെന്ന് അന്നേ ആരോപിച്ചിരുന്നല്ലോ. നുബുവ്വത്തിന്റെ ആദ്യഘട്ടത്തിലെ ഈ രംഗം ഒരു കഥയായി ചിലരെങ്കിലും അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുത്തിരിക്കാം. മുഹമ്മദ് നബി നേരിൽ പറഞ്ഞുതരേണ്ട അനുഭവകഥ, അദ്ദേഹത്തിൽ നിന്നോ ശിഷ്യന്മാരിൽ നിന്നോ പ്രചരിക്കാതെ ഏതോ കഥാകൃത്തുക്കൾ മാത്രം പ്രചരിപ്പിച്ചത് അതുകൊണ്ടായിരിക്കാം. (ഇത്തരമൊരു കഥ പ്രചരിച്ചിരുന്ന കാര്യം സുഹ്‌രി പറയുന്നതായി ബുഖാരിയിൽ ക്വോട്ട് ചെയ്യുന്നുണ്ട്. ബുഖാരി 6581 )
ഏതായാലും, വഹ്‌യിന്റെ തുടർച്ചകൾ ഉണ്ടായി. തനിക്ക് ഭ്രാന്താണ്/ വിഷാദരോഗമാണ് എന്നെല്ലാം ആരോപിച്ച ആളുകൾക്ക് ഓതിക്കൊടുക്കാൻ മുഹമ്മദ് നബിയ്ക്ക് അല്ലാഹുവിന്റെ അറിയിപ്പുകൾ നിരന്തരം വന്നു. താങ്കൾക്ക് മാത്രമല്ല, മുൻകഴിഞ്ഞ നബിമാർക്കെല്ലാം വിഷാദവും ഭ്രാന്തുമായിരുന്നു(ഹിജ്ർ 6 , ദാരിയാത് 52 ,,,). “താങ്കളുടെ നാഥന്റെ അനുഗ്രഹത്താൽ, താങ്കൾ ഒരർത്ഥത്തിലും ഭ്രാന്തനല്ല” (ഖലം 2 , തക്‌വീർ 22 ) എന്ന് മുഹമ്മദ് നബിയെ ആശ്വസിപ്പിച്ചും, “നിങ്ങളുടെ കൂട്ടുകാരൻ യാതൊരു വിധേനയും മാനസികരോഗിയല്ല” എന്ന് സമാജത്തോടും അല്ലാഹു പ്രഖ്യാപിച്ചു. “യാസീൻ! ദിവ്യജ്ഞാനം നിറഞ്ഞ ഖുർആനാണ് സത്യം , നിശ്ചയം താങ്കൾ ദൈവദൂത് ലഭിച്ചവരുടെ ഗണത്തിൽ ഉൾപ്പെട്ട വ്യക്തി തന്നെയാകുന്നു”. മുഹമ്മദിന് ദിവ്യജ്ഞാന ബോധനം ശീലമായി. ഭാരമേറിയതാണെങ്കിലും അവ ഉണ്ടാകുമ്പോഴെല്ലാം താങ്ങാനുള്ള പ്രാപ്തിയും കരുത്തും ക്രമത്തിൽ ആർജ്ജിച്ചു. തനിക്ക് നബിത്വം ലഭിച്ച വിവരം ആദ്യമാദ്യം അടുത്ത ബന്ധുക്കളോടും പിന്നീട് നാട്ടുകാരോടും ശേഷം ലോകജനതയോടും വിളിച്ചുപറയാൻ അദ്ദേഹത്തിന് ഘട്ടംഘട്ടമായി നിർദ്ദേശം ലഭിച്ചു.
രിസാലത്തിന്റെ ഭാരമായിരുന്നു പിന്നീടവിടുന്ന് ഇപ്രകാരം ക്രമത്തിൽ സഹിക്കാൻ പഠിച്ചത്. അടുത്ത ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതികരണം അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഉറക്കമില്ലാതെ അദ്ദേഹം പ്രബോധന ദൗത്യം നിർവ്വഹിച്ചു, പാതിരാത്രിയിലെ സുദീർഘ നിസ്കാരവും പകലിലെ വിശ്രമമില്ലാത്ത പ്രബോധനവും. സത്യം മനസ്സിലായിട്ടും പുറംതിരിഞ്ഞുനിൽക്കുന്ന ജനതയുടെ ദുരവസ്ഥ, തനിക്കും സഹയാത്രികർക്കുമെതിരെ നടത്തുന്ന ശാരീരിക മാനസിക ആക്രമണം അദ്ദേഹത്തെ വല്ലാതെ പിടിച്ചുലക്കി. ഖദീജയ്ക്കു ഭർത്താവിനെയും മക്കൾക്ക് പിതാവിനെയും നഷ്ടപ്പെടുമാറ് സജീവമായിരുന്നു പ്രബോധന ത്യാഗങ്ങൾ. ഏല്പിച്ച ദൗത്യം ഏറ്റവും മികച്ചരീതിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഒരുവേള സ്വയം ഇല്ലാതാക്കുന്ന മനോനൊമ്പരങ്ങൾ ചുമന്ന്, തന്നെ മറന്നുള്ള സജീവപ്രബോധനം ശീലമാക്കിയ നബിയെ അല്ലാഹു ഇടയ്ക്കിടെ നിയന്ത്രിക്കുന്നുണ്ടായിരുന്നു ( കഹ്ഫ് 6 , നഹ്‌ൽ 127 ,,,). നബി ക്രമത്തിൽ അതും പഠിച്ചു.
ജ്ഞാനിയുടെയും പ്രബോധകന്റെയും ഇരട്ട ഭാരം ഏല്പിക്കപ്പെടുകയും, അവ ഭംഗിയായി നിർവ്വഹിക്കാൻ അല്ലാഹുവിന്റെ സഹായവും ശിക്ഷണവും തന്നെ പ്രതീക്ഷിക്കുകയും ചെയ്ത മുഹമ്മദ് നബിക്ക് – സ്വല്ലല്ലാഹു അലൈഹി വസല്ലം- അല്ലാഹുവിങ്കൽ നിന്നും നിരന്തരം ശിക്ഷണ നിർദേശങ്ങൾ ലഭിച്ചു. മുഹമ്മദ് എന്ന മനുഷ്യനെ, നിസ്തുലനായ ഒരേയൊരു വ്യക്തിയാക്കി അല്ലാഹു വളർത്തിയെടുത്ത രംഗങ്ങൾ, ഘട്ടങ്ങൾ വിശുദ്ധ ഖുറാനിൽ എമ്പാടുമുണ്ട്.
Leave a Reply