ചോദ്യം 1 :

ഇസ്ലാമിലെ ലൈംഗികാനുവാദങ്ങൾ, വിലക്കുകൾ ചുരുക്കിപ്പറയാമോ?

പറയാം.

വിവാഹം ചെയ്ത ഇണകളെയും ‘വലതുകൈ ഉടമപ്പെടുത്തിയ’ ദാസികളെയും മാത്രമേ ഭോഗിക്കാൻ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഇവരുടെ പോലും ഗുദം ഭോഗിക്കുന്നത് ഇസ്‌ലാം കർശനമായി നിരോധിച്ചിരിക്കുന്നു. അതുപോലെ, ഇവരുടെ ആർത്തവ, പ്രസവാനന്തര നാളുകളിൽ ഭോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. സ്വയം ഭോഗം, അന്യരെ ഉപയോഗപ്പെടുത്തിയുള്ള മൈഥുനം, മൃഗഭോഗം, ശവഭോഗം, പരസ്ത്രീ/പരപുരുഷ ഭോഗം, സമയ ബന്ധിത കരാർ ഭോഗം (മുത്അ), സ്വവർഗ്ഗഭോഗം, കൂട്ടഭോഗം എന്നിവയെല്ലാം നിഷിദ്ധമാകുന്നു. ഇവയിൽ ചിലത് മറ്റു ചിലതിനേക്കാൾ ഗൗരവമേറിയ നിഷിദ്ധങ്ങളാണ്. ഇസ്ലാം സുരക്ഷിതമായിരിക്കണ മെന്നാഗ്രഹിക്കുന്ന വിവിധ കാര്യങ്ങൾ പരിഗണിച്ച് ഇവയുടെ ശിക്ഷകൾക്കും വ്യത്യാസമുണ്ട്. ഇവയോടുള്ള ഖുർആൻ ഹദീസുകളുടെ ഗൗരവ സമീപനവും മൗനവും ശിക്ഷയുടെ ഗൗരവലാഘവങ്ങളെ ബാധിക്കുന്നു.

വിശുദ്ധ ഖുർആനിലെ സൂറ 23 സൂക്തം 5 -7 ലൈംഗിക ഭോഗത്തിനുള്ള അനുവാദം വ്യക്തമാക്കുന്നു: “തങ്ങളുടെ ഗുഹ്യ അവയവങ്ങളെ ദോഷമുക്തമായി കാത്തുസൂക്ഷിക്കുന്നവരുമത്രെ അവർ(വിജയികളായ സത്യവിശ്വാസികൾ). തങ്ങളുടെ ഇണകളുമായോ, വലതുകരം അധീനപ്പെടുത്തിയവരുമായോ ഉള്ള ലൈംഗിക ബന്ധത്തിനൊഴികെ. ഇവരെ ഭോഗിക്കുന്നത് ആക്ഷേപാർഹമല്ല. എന്നാൽ അതിനപ്പുറം ലൈംഗിക സുഖം തേടുന്നവർ, അവർ തന്നെയാണ് അതിക്രമകാരികൾ”. وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ*إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ*فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ﴾[المؤمنون: 5-7]

സൂക്തത്തിൽ നൽകിയിട്ടുള്ള അനുവാദത്തിൽ, ഇണകളുടെയും ദാസികളുടെയും ഗുദം ഉൾപ്പെടില്ലെന്ന്‌, പ്രഥമ ഖുർആൻ അധ്യാപകനും വ്യാഖ്യാതാവുമായ മുഹമ്മദ് നബി വ്യക്തമാക്കിയിരിക്കുന്നു. ആർത്തവ സമയത്ത്, അവരെ പ്രയാസപ്പെടുത്തലായതിനാൽ, ലിംഗഭോഗം ഒഴിവാക്കണമെന്ന് വിശുദ്ധ ഖുർആൻ അൽബഖറ 222 ഉദ്‌ബോധനം ചെയ്തു; സഹശയനമോ മറ്റു ശരീര ഭാഗങ്ങളിലെ ആസ്വാദനമോ ഒഴിവാക്കേണ്ടതില്ലെന്ന് തിരുനബി വ്യക്തമാക്കി; ലിംഗാസ്വാദനത്തിലേക്ക് വഴുതിപ്പോകാതിരിക്കാൻ തുടമുതൽ പൊക്കിൾ വരെ ആസ്വാദനം ഒഴിവാക്കാൻ കർമ്മ ശാസ്ത്ര പണ്ഡിതർ കരുതൽ വിലക്ക് പ്രഖ്യാപിച്ചു.

വ്യഭിചാരത്തെ നിഷിദ്ധമായി പ്രഖ്യാപിക്കുന്നതും അതിനുള്ള ഭൗതിക ശിക്ഷാ നടപടികൾ വിവരിക്കുന്നതുമായ നിരവധി സൂക്തങ്ങൾ ഖുർആനിലും, അവയുടെ വിശദ വിവരങ്ങളും നടപടിക്രമങ്ങളും ഹദീസുകളിലും വന്നിട്ടുണ്ട്. വംശശുദ്ധിയും കുടുംബഭദ്രതയും കാത്തുസൂക്ഷിക്കുകയാണ് വ്യഭിചാര നിരോധനത്തിലൂടെ. പുരുഷന്മാർ തമ്മിലുള്ള ഭോഗത്തെ നിരോധിക്കുകയും, മാനവ ചരിത്രത്തിൽ ഈ സംസ്കാരശൂന്യത ഇദംപ്രഥമമായി പരസ്യമായി കാണിച്ച സദൂം പ്രദേശത്തുകാരുടെ ദുരന്തസമാപനചരിത്രം വിവരിക്കുകയും ചെയ്യുന്ന നിരവധി സൂക്തങ്ങൾ വിശുദ്ധ ഖുറാനിൽ കാണാം. സംസ്കാര ശൂന്യത, വൃത്തിഹീനത, ലക്‌ഷ്യം തെറ്റിയുള്ള ദുരുപയോഗവും ദുർവിനിയോഗവും തുടങ്ങിയ മാനങ്ങളാണ് ഇവിടെ പരിഗണിക്കപ്പെട്ടിട്ടുള്ളത്.

ചോദ്യം 2 :
മൃഗഭോഗത്തിനുള്ള ശിക്ഷയെന്താണ് ഇസ്‌ലാമിൽ?

സാധാരണ നിലവാരമുള്ള മനുഷ്യൻ മൃഗഭോഗത്തിൽ ആസക്തരാകില്ലെന്നാണ് മുസ്ലിം പണ്ഡിതന്മാർ വിലയിരുത്തിയത്. ഹനഫീ കർമ്മ ശാസ്ത്ര ധാരയുടെ ആധികാരിക വക്താവ് ഇമാം സർഖസി (483 ) ‘അൽ മബ്‌സൂത്തി’ൽ രേഖപ്പെടുത്തുന്നു:
وَلَا يَمِيلُ طَبْعُ الْعُقَلَاءِ إلَى إتْيَانِ الْبَهِيمَةِ، فَإِنَّهَا لَيْسَتْ بِمُشْتَهَاةٍ فِي حَقِّ بَنِي آدَمَ وَقَضَاءُ الشَّهْوَةِ يَكُون مِنْ غَلَبَةِ الشَّبَقِ أَوْ فَرْطِ السَّفَهِ
= സാധാരണ ബുദ്ധിയുള്ള ഒരാളുടെ പ്രകൃതം മൃഗഭോഗത്തിലേക്ക് അഭിനിവേശം കാണിക്കില്ല. കാരണം, മൃഗഭോഗം മനുഷ്യമക്കൾക്ക് ലൈംഗിക താല്പര്യം ഉണ്ടാക്കില്ല. മൃഗത്തെ കാമശമനത്തിന് ഉപയോഗിക്കുക കാമഭ്രാന്ത് തലക്കടിക്കുമ്പോഴോ കടുത്ത ബുദ്ധിശൂന്യത ഉള്ളവരോ ആയിരിക്കും”.

മൃഗഭോഗം നിഷിദ്ധമാണെന്നു മുസ്ലിം സമുദായത്തിലെ എല്ലാ ചിന്താധാരകളും ഏകസ്വരത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു. (أَجْمَعَتِ الْأُمَّةُ عَلَى حُرْمَةِ إِتْيَانِ الْبَهَائِمِ തഫ്സീർ റാസി, തഫ്സീർ ഖത്തീബ് ശിർബീനി). അനുവാദത്തെ അതിക്രമിക്കുന്ന അസാന്മാർഗ്ഗികതയിൽ പെട്ട കാര്യമാണ് മൃഗഭോഗമെന്ന്, 23 / 7 വ്യാഖ്യാനിച്ചുകൊണ്ട് അല്ലാമാ സആലബി രേഖപ്പെടുത്തുന്നു: { هُمُ ٱلْعَادُونَ } يقتضي تحريمَ الزِّنا والاستمناءِ ومواقعةِ البهائم، وكُلُّ ذلك داخل في قوله: { وَرَآءَ ذَٰلِكَ } . കേരളമുസ്ലിം ചരിത്രത്തിലെ പ്രഥമ പരിഷ്കർത്താവും ശാഫിഈ വക്താവുമായ പൊന്നാനി സൈനുദ്ധീൻ മഖ്ദൂം ഒന്നാമൻ, ‘ശുഅബുൽ ഈമാൻ’ എന്ന കൃതിയിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: وإتيان البهيمة حرام فالأصح أن عقوبته التعزير = മൃഗഭോഗം നിഷിദ്ധം. അതിനുള്ള ശിക്ഷ തഅസീർ ആണെന്ന അഭിപ്രായമാണ് കൂടുതൽ ശരി”.

 

ഖുർആനിൽ ഇത് സംബന്ധമായ പരാമർശങ്ങൾ കാണുന്നില്ലെങ്കിലും ഹദീസുകളിൽ വന്നിട്ടുള്ള ഗൗരവതരമായ വിലക്കുകളാണ് മൃഗഭോഗ നിരോധനത്തിന് നിദാനം. “മൃഗത്തെ ഭോഗിക്കുന്നവൻ ശപിക്കപ്പെട്ടവനാകുന്നു” ملعون من وقع على بهيمة (ഇബ്നു അബ്ബാസ്/ അഹ്മദ്), “നാല് കൂട്ടർ, അല്ലാഹുവിന്റെ കോപത്തിൽ പുലരുന്നു; അവന്റെ കോപത്തിൽ അസ്തമിക്കുന്നു: സ്ത്രീ പ്രകൃതം നടിക്കുന്ന പുരുഷൻമാർ, പുരുഷ പ്രകൃതം നടിക്കുന്ന സ്ത്രീകൾ, മൃഗഭോഗികൾ, പുരുഷന്മാരെ ഭോഗിക്കുന്ന പുരുഷന്മാർ എന്നിവരാകുന്നു അവർ” أربعة يصبحون في غضب الله ويمسون في سخط الله قلت : من هم يا رسول الله ؟ قال : المتشبهون من الرجال بالنساء والمتشبهات من النساء بالرجال والذي يأتي البهيمة والذي يأتي الرجال (ത്വബ്റാനി) തുടങ്ങിയ ഹദീസുകളാകുന്നു മുഖ്യം. ഹദീസ് കൃതികളിലും ധർമ്മ ശിക്ഷണ കൃതികളിലും ‘മൃഗത്തെ പരിണയിക്കുന്നവൻ’ എന്ന അധ്യായത്തിൽ ഇതെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മൃഗ ഭോഗികൾക്കുള്ള ശിക്ഷ ഖുർആനിൽ വ്യക്തമാക്കുന്നില്ല. നബിയുടെ കാലത്ത് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ മൃഗഭോഗിക്കുള്ള ശിക്ഷ ഖണ്ഡിതമല്ല. (പരിധിയും കൃത്യമായ നിർവ്വചനവുമുള്ള ശാരീരിക ശിക്ഷയാണ് ഹദ്ദ്. അത് കൂട്ടാനോ കുറക്കാനോ പാടില്ല.)  നബി ശിഷ്യന്മാരിൽ നിന്നും ലഭിച്ചിട്ടുള്ള അഭിപ്രായങ്ങൾ വ്യത്യസ്തമായതിനാൽ, മൃഗഭോഗിക്കുള്ള ശിക്ഷയിൽ കർമ്മ ശാസ്ത്രം ഭിന്ന വീക്ഷണത്തിലാണ്.

പ്രമാണങ്ങളെ വിശകലനം ചെയ്തുകൊണ്ടിരിക്കെ, ഇമാം ശാഫിഈ പലസമയങ്ങളിലായി മൂന്നു നിലപാടുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. മൃഗഭോഗിക്ക് വ്യഭിചാരിയുടെ ശിക്ഷ നൽകണം എന്നതായിരുന്നു ഒരു നിലപാട് . അതായത്, വിവാഹിതനായ മൃഗഭോഗിയെ എറിഞ്ഞുകൊല്ലുകയും അവിവാഹിതനാണെങ്കിൽ നൂറടി നൽകി നാടുകടത്തുകയും വേണം. വ്യഭിചാരത്തോടു സമീകരിച്ചായിരുന്നു ഈ നിലപാട്. താബിഈ പ്രമുഖൻ ഹസൻ അൽ ബസ്വരിയുടെ നിലപാട് ഇതായിരുന്നു.  മറ്റൊരിക്കൽ കൂടുതൽ രൂക്ഷമായ നിലപാടായിരുന്നു ഇമാം ശാഫിഈ എടുത്തത്: വിവാഹിതനായാലും അല്ലെങ്കിലും മൃഗഭോഗിയെ വധിക്കണം. ‘മൃഗത്തെ ഭോഗിച്ചവനെ വധിച്ചുകളയുക’ എന്ന നബിവചനം ഇബ്നു അബ്ബാസ് ഉദ്ധരിച്ചത് കണ്ടപ്പോഴായിരുന്നു ഈ നിലപാടിലെത്തിയത്. എന്നാൽ, പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരയിൽ ശങ്ക ജനിക്കുകയും, മറ്റു കർമ്മ ശാസ്ത്ര ധാരകളുടെ വക്താക്കളുടെ വീക്ഷണങ്ങൾ വിശകലനം ചെയ്യുകയും ചെയ്തപ്പോൾ, ഖണ്ഡിതമായ ശിക്ഷ പ്രഖ്യാപിക്കാതെ ‘തഅസീർ’ നടപ്പിലാക്കേണ്ട അസാന്മാർഗ്ഗികതയായി മൃഗഭോഗത്തെ പ്രഖ്യാപിക്കുകയായിരുന്നു.

വ്യത്യസ്ത കർമ്മ ശാസ്ത്ര ധാരകളുടെ വക്താക്കളായ ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം സൗരി, ഇമാം അഹ്മദ് തുടങ്ങിയവർ ഇതേ അഭിപ്രായമാണ്‌ പ്രകടിപ്പിച്ചത്. സാധാരണ മനുഷ്യ വികാരം പ്രേരിപ്പിക്കുന്ന തിന്മകളെ സമൂലം ഇല്ലാതാക്കുവാനാണ് ശരീഅത്ത് ഹദ്ദ് ശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാൽ, മൃഗഭോഗം സാധാരണ മനുഷ്യരുടെ ശാരീരിക തൃഷ്ണ അല്ലെന്നതുകൊണ്ടാണ് അതിനു കൃത്യമായ ഹദ്ദ് ഇല്ലാതിരുന്നത് എന്നും ഇമാമുകൾ വ്യക്തമാക്കുന്നു. (ഇമാം റാസി / തഫ്സീർ ).

أَجْمَعَتِ الْأُمَّةُ عَلَى حُرْمَةِ إِتْيَانِ الْبَهَائِمِ. وَلِلشَّافِعِيِّ رَحِمَهُ اللَّه فِي عُقُوبَتِهِ أَقْوَالٌ: أَحَدُهَا يَجِبُ بِهِ حَدُّ الزِّنَا فَيُرْجَمُ الْمُحْصَنُ وَيُجْلَدُ غَيْرُ الْمُحْصَنِ وَيُغَرَّبُ وَالثَّانِي: أَنَّهُ يُقْتَلُ مُحْصَنًا كَانَ أَوْ غَيْرَ مُحْصَنٍ. لِمَا
رُوِيَ عَنِ ابْنِ عَبَّاسٍ رَضِيَ اللَّه عَنْهُمَا قَالَ قَالَ رَسُولُ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ: «مَنْ أَتَى بَهِيمَةً فَاقْتُلُوهُ وَاقْتُلُوهَا مَعَهُ» فَقِيلَ لِابْنِ عَبَّاسٍ: مَا شَأْنُ الْبَهِيمَةِ؟ فَقَالَ: مَا أَرَاهُ قَالَ ذَلِكَ إِلَّا أَنَّهُ كَرِهَ أَنْ يُؤْكَلَ لَحْمُهَا، وَقَدْ عُمِلَ بِهَا ذَلِكَ الْعَمَلُ. وَالْقَوْلُ الثَّالِثُ: وَهُوَ الْأَصَحُّ وَهُوَ قَوْلُ أَبِي حَنِيفَةَ وَمَالِكٍ وَالثَّوْرِيِّ وَأَحْمَدَ رَحِمَهُمُ اللَّه: أَنَّ عليه التعزير لِأَنَّ الْحَدَّ شُرِعَ لِلزَّجْرِ عَمَّا تَمِيلُ النَّفْسُ إِلَيْهِ، وَهَذَا الْفِعْلُ لَا تَمِيلُ النَّفْسُ إِلَيْهِ، وَضَعَّفُوا حَدِيثَ ابْنِ عَبَّاسٍ
رَضِيَ اللَّه عَنْهُمَا لِضَعْفِ إِسْنَادِهِ وَإِنْ ثَبَتَ فَهُوَ مُعَارَضٌ بِمَا رُوِيَ أَنَّهُ عَلَيْهِ السَّلَامُ نَهَى عَنْ ذَبْحِ الْحَيَوَانِ إِلَّا لِأَكْلِهِ.

ചുരുക്കത്തിൽ, മുഹമ്മദ് നബിയുടെ കാലത്തും സ്വഹാബികളുടെ കാലത്തും മൃഗഭോഗ സംഭവം ഉണ്ടാവുകയോ അതിനുള്ള ശിക്ഷ നടപ്പാക്കുകയോ ചെയ്ത കാര്യം റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ, ശിക്ഷയുടെ കാര്യത്തിൽ ഭിന്ന വീക്ഷണം നിലനിൽക്കുന്നു. വധ ശിക്ഷ വേണമെന്ന് ഒരു വിഭാഗം. എന്ത് ശിക്ഷ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്ന് മറ്റൊരു വിഭാഗം.

وَقَدْ اخْتَلَفَ أَهْلُ الْعِلْمِ فِيمَنْ وَقَعَ عَلَى بَهِيمَةٍ، فَأَخْرَجَ الْبَيْهَقِيُّ عَنْ جَابِرِ بْنِ زَيْدٍ أَنَّهُ قَالَ: مَنْ أَتَى الْبَهِيمَةَ أُقِيمَ عَلَيْهِ الْحَدُّ. وَأَخْرَجَ أَيْضًا عَنْ الْحَسَنِ بْنِ عَلِيٍّ – رَضِيَ اللَّهُ عَنْهُمَا – أَنَّهُ قَالَ: إنْ كَانَ مُحْصَنًا رُجِمَ وَرُوِيَ أَيْضًا عَنْ الْحَسَنِ الْبَصْرِيِّ أَنَّهُ قَالَ: هُوَ بِمَنْزِلَةِ الزَّانِي، قَالَ الْحَاكِمُ: أَرَى أَنْ يُجْلَدَ وَلَا يُبْلَغَ بِهِ الْحَدُّ، وَهُوَ مُجْمَعٌ عَلَى تَحْرِيمِ إتْيَانِ الْبَهِيمَةِ، كَمَا حَكَى ذَلِكَ صَاحِبُ الْبَحْرِ. (نيل الاوطار )

ഇസ്‌ലാമിക ദൃഷ്ടിയിൽ തെറ്റായതും കൃത്യമായ ശിക്ഷ പ്രഖ്യാപിക്കാത്തതുമായ കാര്യങ്ങൾ തടയാൻ ‘ഉത്തരവാദപ്പെട്ട’ വർക്ക് നൽകുന്ന ശിക്ഷാ അനുവാദമാണ് തഅസീർ. ഇതിന്റെ പരമാവധി നിലവിൽ നിയമമായിട്ടുള്ള വധം, അടി, നാടുകടത്തൽ തുടങ്ങിയ ഹദ്ദ് പരിധിയാണ്. പ്രസ്തുത അസാന്മാർഗ്ഗികത/ അധാർമികത അവസാനിപ്പിക്കാൻ കേവല താക്കീത് മതിയെങ്കിൽ അതാണ് ചുരുങ്ങിയ രൂപം. ഹദ്ദ് പരിധിയിൽ വരുന്ന ശിക്ഷ നടപ്പിലാക്കാൻ സ്ഥലത്തെ ഖലീഫ/അമീറിന് മാത്രമേ അധികാരമുള്ളൂ. ലളിത ശിക്ഷകൾ രക്ഷാധികാരിക്കും ഗുരുനാഥനും ചെയ്യാവുന്നതാണ്. ചുരുക്കത്തിൽ, ഇസ്‌ലാമിക ധാർമ്മിക കാഴ്ചപ്പാടിൽ, തഅസീർ അർഹിക്കുന്ന അസാന്മാർഗ്ഗികതയാണ് മൃഗഭോഗം.

നാല് സാക്ഷികൾ കൊണ്ട് സംഭവം സ്ഥിരീകരിക്കപ്പെടണം അല്ലെങ്കിൽ സ്വയം കുറ്റസമ്മതം നടത്തണം എന്നത് ഹദ്ദും തഅസീ റും നടപ്പിലാക്കാൻ നിബന്ധനയുണ്ടെന്നു ശാഫിഈ കർമ്മ ശാസ്ത്രകാരനായ അല്ലാമാ ഇബ്നു ഹജർ അൽഹൈതമി രേഖപ്പെടുത്തുന്നു. (وَيُشْتَرَطُ لِلزِّنَا) وَاللِّوَاطِ وَإِتْيَانِ الْبَهِيمَةِ وَوَطْءِ الْمَيِّتَةِ (أَرْبَعَةُ رِجَالٍ) بِالنِّسْبَةِ لِلْحَدِّ أَوْ التَّعْزِيرِ لِقَوْلِهِ تَعَالَى {ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ} [النور: 4]

ചോദ്യം 3 :
ശവഭോഗത്തെ ഇസ്‌ലാം എങ്ങനെ കാണുന്നു?

ഒരു നിലക്കും അനുവദിക്കുന്നില്ല. ഇസ്‌ലാമിലെ ഭോഗാനുവാദങ്ങളെ കുറിച്ച് മുകളിൽ കുറിച്ചത് മനസ്സിലാക്കിയല്ലോ. നിർലജ്ജത മാനസികാവസ്ഥയായി മാറുന്നവർക്കേ ശവശരീരത്തിൽ ലൈംഗിക ആസ്വാദനം സാധിക്കൂവെന്നാണ് അഞ്ചാം നൂറ്റാണ്ടിലെ ഹനഫീ കർമ്മ ശാസ്ത്ര പണ്ഡിതൻ അഹ്മദുൽ ഖദൂരി (ഹി. 428 ) തന്റെ ‘അത്തജ്രീദ്’ എന്ന കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
وكذلك الميتة ليست بمحل وطء، وإنما يفعل فيه الإيلاج على طريقة المجانة = അതുപോലെ ശവശരീരവും ഭോഗത്തിനുള്ള ഇടമല്ല; ശവശരീരത്തിൽ ലിംഗപ്രവേശം  ലജ്‌ജാശൂന്യന്മാരേ ചെയ്യൂ”.

ഹമ്പലി പ്രമുഖനായ ഖാദി അബൂ യഅലാ അൽ ബാഗ്ദാദി( 380 – 458 ) പറഞ്ഞു: وَطْءُ الْمَيِّتَةِ مُحَرَّمٌ = ശവത്തെ ഭോഗിക്കൽ നിഷിദ്ധമാകുന്നു. മറ്റൊരു ഹമ്പലി പ്രമുഖൻ ഇബ്നു ഖുദാമ അഭിപ്രായപ്പെട്ടു: ولأنها لا يشتهى مثلها وتعافه النفس فلا حاجة إلى شرع الزجر عنها، والحد إنما وجب زجراً = മൃതശരീരത്തെ ഭോഗിക്കാൻ ആഗ്രഹിക്കുന്ന പതിവില്ല; മനുഷ്യർ അതിനോട് വൈമുഖ്യം കാണിക്കുകയാണ് പ്രകൃത്യാ. അതിനാൽ അതിനെതിരെ ശക്തമായ വിലക്ക് ഇസ്‌ലാമിക നിയമത്തിൽ വന്നിട്ടില്ല. പരിധിവെക്കപ്പെട്ട ശരീരശിക്ഷ തെറ്റുകൾ തടയാനുള്ളതാണല്ലോ”.

അനുവാദങ്ങൾക്കപ്പുറത്തെത്തിയ നിരോധിത കാര്യമാണെങ്കിലും ശവഭോഗത്തിനുള്ള ശിക്ഷയെക്കുറിച്ച് ഖുർആൻ ഹദീസിൽ പ്രത്യേകം പരാമർശങ്ങളില്ല. അക്കാലത്ത് അങ്ങനെയൊരു സംഭവം മനുഷ്യർക്കിടയിൽ കാണപ്പെട്ടിരുന്നില്ല എന്നാണതിനർത്ഥം. മനുഷ്യരിൽ നടമാടിയിരുന്ന അസാന്മാർഗ്ഗികതകളെയാണ് ഇസ്‌ലാം അഡ്രസ് ചെയ്തത്. ചിലതിനു ഖണ്ഡിതമായ ശിക്ഷ പ്രഖ്യാപിച്ചു. അവയിലടങ്ങിയ പൊതു തത്വങ്ങളുടെ അടിസ്ഥാനത്തിൽ, അസാന്മാർഗ്ഗികതകളുടെ പുതിയ അവതാരങ്ങളെ നേരിടുവാൻ ജ്ഞാന -അധികാര നേതൃത്വങ്ങൾക്ക് അനുവാദം നൽകിയിരിക്കുകയാണ്. തദടിസ്ഥാനത്തിൽ, ശവഭോഗത്തിനുള്ള ശിക്ഷ തീരുമാനിക്കേണ്ടത്, അതാതുകാലത്തെ പരിഗണനകൾക്കും ധാർമ്മിക സാംസ്കാരിക മാനങ്ങൾക്കും വിധേയമായാണ്. ‘ശാരീരികശിക്ഷ’ (ഹദ്ദ്) പ്രഖ്യാപിക്കാത്ത അസാന്മാർഗിക കൃത്യങ്ങൾക്ക് നൽകേണ്ട ശിക്ഷയെക്കുറിച്ച് പ്രമുഖ ഖുർആൻ വ്യാഖ്യാതാവും ശാഫിഈ കർമ്മ ധാരയുടെ വക്താവുമായ അല്ലാമാ ഖത്വീബ് ശർബീനി രേഖപ്പെടുത്തുന്നു: “എന്നാൽ, സ്ത്രീകൾ തമ്മിലുള്ള ഭോഗം, ശവ ഭോഗം, സ്വയം ഭോഗം എന്നിവയ്ക്ക് (വ്യഭിചാരം, സഡോമി എന്നിവയുടെ ശിക്ഷപോലെ) പ്രഖ്യാപിത ശിക്ഷകളൊന്നും മതനിയമാക്കപ്പെട്ടിട്ടില്ല. അവയ്ക്ക് ‘തഅസീർ’ മാത്രമേ നിയമത്തിലുള്ളൂ”. وأما السحاق من النساء وإتيان المرأة الميتة والاستمناء باليد فلا يشرع فيه شيء من ذلك إلا التعزير (سراج المنير ظ الخطيب الشربيني .

ഇസ്‌ലാമിക ധാർമ്മിക കാഴ്ചപ്പാടിൽ, തഅസീർ അർഹിക്കുന്ന അസാന്മാർഗ്ഗികതയാണ് ശവഭോഗം. അത് അവസാനിപ്പിക്കാൻ താക്കീത് മുതൽ ശാരീരിക ശിക്ഷ വരെ ആകാം.

ചോദ്യം 4
മുഹമ്മദ് നബി ഒരു സ്ത്രീയുടെ ശവശരീരം
ഭോഗിച്ചുവെന്ന പ്രചാരണം ഉണ്ടല്ലോ?

ശുദ്ധ അസംബന്ധം. ഏതോ മാനസിക രോഗികളുടെ തെറ്റിദ്ധരിപ്പിക്കൽ മാത്രം. മുഹമ്മദ് നബിയുടെ ജീവിത വിശുദ്ധിയെ കുറിച്ച് അറിയുന്ന ഒരാളും ആരോപിക്കാത്ത നീച ആരോപണം. പ്രമാണങ്ങളിലെ പരാമർശങ്ങൾ ഹീനമായ താല്പര്യങ്ങൾക്ക് വളച്ചൊടിച്ചുകൊണ്ടുള്ള തരംതാണ പ്രോപഗണ്ട.

നീതിയും സത്യസന്ധതയും ഇല്ലാത്ത ഇസ്‌ലാം വിരോധികൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്തുത സംഭവത്തിന്റെ യാഥാർഥ്യം ഇങ്ങനെയാണ് :

ബാല്യത്തിൽ ഉമ്മ മരണപ്പെട്ട മുഹമ്മദ് നബിയുടെ വളർത്തുമ്മയാണ് ഫാത്തിമ ബിൻത് അസദ്. സ്വന്തം അമ്മയേക്കാൾ ഏറെക്കാലം നബിയെ പരിചരിച്ച നബിയുടെ സ്നേഹവതിയായ മാതാവ്. നബിയുടെ വത്സല പിതൃവ്യൻ അബൂ ത്വാലിബിന്റെ ഭാര്യ. നബിയുടെ വളർത്തുമകനും സന്തത സഹചാരിയും പിന്നീട് മരുമകനുമായ അലിയുടെ ഉമ്മ. നബിയുടെ ധീര അനുയായികളായിരുന്ന ജഅഫറിന്റെയും അഖീലിന്റെയും ജുമാന (1 )യുടെയും ഉമ്മ. ഭർത്താവ് ഇസ്ലാമിലേക്ക് വരാൻ മടിച്ചപ്പോഴും, നബിയുടെ അനുയായി ആയി പ്രവർത്തിച്ച ധീര വനിത.  60 /12 ൽ, ബഹുദൈവത്വം കൊണ്ടുനടക്കില്ലെന്നും മോഷ്ടിക്കില്ലെന്നും വ്യഭിചരിക്കില്ലെന്നും മക്കളെ വധിക്കില്ലെന്നും മറ്റും,
നബിയുമായി ഉടമ്പടി ചെയ്യുന്ന സ്ത്രീകളെ പരാമർശിച്ചു ദൈവവചനം അവതരിച്ചപ്പോൾ, എല്ലാവരേക്കാളും മുന്നേ ഓടിയെത്തി നബിയുമായി ഉടമ്പടി ചെയ്ത ആശയ വാദി.  ഭർത്താവിന്റെ വിയോഗത്തിന് ശേഷം മക്കളോടൊപ്പം ഇസ്‌ലാമിനെയും നബിയെയും പ്രതിരോധിക്കാൻ മുന്നണിയിൽ നിരന്ന ആദർശശാലിനി. ഒരു ഹാശിമിക്ക് പിറന്ന ചരിത്രത്തിലെ ആദ്യത്തെ ഹാശിമി വനിതയെന്ന കുടുംബ അന്തസ്സിന്റെ ഉടമയും, ഒരു ഖലീഫയുടെ മാതാവായ ആദ്യത്തെ ഹാശിമി വനിതയെന്ന വ്യക്തിഗത നേട്ടത്തിന്റെ ഉടമയുമായ മഹതിയെകുറിച്ച് പ്രമുഖ ചരിത്രകാരൻമാരായ ഇബ്നു സഅദ് ‘ത്വബഖാത്തുൽ കുബ്റാ’യിലും, ഇബ്നുൽ അസീർ ‘ഉസുദുൽ ഗ്വാബ’ യിലും (7168 ), ഇബ്നു അബ്ദിൽ ബർറ് ‘അൽ ഇസ്തീആബി’ലും, ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി ‘അൽ ഇസ്വാബ’യിലും പരിചയപ്പെടുത്തുന്നു. പ്രമുഖരായ മൂന്നു മുഹദ്ദിസുകൾ മഹതിയുടെ കടന്നുവന്ന ധാരാളം ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

തന്റെ മകൻ അലിയെ വീട്ടിലാക്കി നബി മദീനയിലേക്ക് പലായനം ചെയ്തപ്പോൾ, മറ്റു വിശ്വാസികളോടൊപ്പം മദീനയിലേക്ക് ഹിജ്‌റ ചെയ്ത മുഹാജിറയാണ് ഫാത്തിമ ബിൻത് അസദ്.
. അലി വൈകാതെ മദീനയിലെത്തി. ജഅഫർ മറ്റു വിശ്വാസികളോടൊപ്പം ആഫ്രിക്കയിലെ എത്യോപ്പ്യയിലേക്ക് ഹിജ്‌റ പോയതാണ്. മദീനയിൽ കുറച്ചുകാലം ജീവിച്ച മഹതിയുടെ വിയോഗം മദീനയിൽ തന്നെയായിരുന്നുവെന്ന് ഇബ്നുൽ അസീർ, ഇബ്നു അബ്ദിൽ ബർറ്, ഇബ്നു അസാകിർ (താരീഖ് ദിമിശ്ഖ് ), ദഹബി (താരീഖുൽ ഇസ്ലാം) മുതലായ എല്ലാ ജീവചരിത്രകാരന്മാരും രേഖപ്പെടുത്തുന്നു.

ഹിജ്‌റ രണ്ടാം വർഷം ബദ്ർ പോരാട്ടത്തിന് ശേഷം, മകൻ അലി നബിയുടെ പുത്രി ഫാഥ്വിമയെ വിവാഹം ചെയ്ത ശേഷക്കാലവും മഹതി ജീവിച്ചിരുന്നിട്ടുണ്ട്. ഫാഥ്വിമയുടെ വീട്ടുജോലിഭാരങ്ങൾ സംബന്ധമായി അലി ഉമ്മയോട് സങ്കടപ്പെടുന്ന രംഗം ചരിത്രത്തിൽ രേഖപ്പെട്ടിട്ടുണ്ട്. അലിയുടെയും ഫാഥ്വിമയുടെയും കൂടെ അവരുടെ വീട്ടിൽ മഹതിയും ഉണ്ടായിരുന്നുവെന്നാണ് വിവിധ പരാമർശങ്ങൾ വ്യക്തമാക്കുന്നത്. ഹിജ്‌റ മൂന്നാം വർഷം ശവ്വാലിൽ നടന്ന ഉഹ്ദ് പോരാട്ടത്തിലായിരുന്നുവല്ലോ, നബിയുടെ പിതൃവ്യൻ ഹംസ വധിക്കപ്പെട്ടത്. ഹംസയുടെ മകൾ ഫാഥ്വിമ യെ രക്ഷാധികാരം നബിയിലെത്തി. നബി അവളെ സലമത്ത് ബ്നു അബീ സലമത്തിന് പിന്നീട് വിവാഹം ചെയ്തു കൊടുത്തു. നബി സ്വ യ്ക്ക് ഈയ്യിടെ കുറച്ചു കസവുപട്ടുതുണി സമ്മാനമായി ലഭിച്ചിരുന്നു. അത് ‘ഫാഥ്വിമമാർക്ക് മുഖമക്കനയാക്കി നൽകു’വാൻ നബി നിർദ്ദേശിച്ചു. അതുപ്രകാരം, നബിയുടെ പുത്രി ഫാഥ്വിമ, ചർച്ച ചെയ്യപ്പെടുന്ന അലിയുടെ ഉമ്മ ഫാഥ്വിമ, ഹംസയുടെ മകൾ ഫാഥ്വിമ, അലിയുടെ സഹോദരൻ അഖീലിന്റെ പത്നി ഫാഥ്വിമ എന്നിവർക്ക് മക്കനയുണ്ടാക്കി നൽകി. ഇക്കാര്യം പ്രമുഖ ഹദീസ് സമാഹാരമായ ഇബ്നു മാജയിൽ (ഹദീസ് നമ്പർ 3596 ) രേഖപ്പെടുത്തിയതിനു പുറമെ, ഹാഫിള് അസ്ഖലാനിയെ പോലുള്ള ചരിത്രകാരന്മാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഹിജ്‌റ മൂന്നാം വർഷാവസാനം വരെയെങ്കിലും ഫാഥ്വിമ ബിൻത് അസദ് മദീനയിൽ ജീവിച്ചിരുന്നിട്ടുണ്ടെന്ന്‌ ഈ സംഭവം തെളിയിക്കുന്നു. പ്രവാചകൻ മഹതിയുടെ ഭവനം സന്ദർശിക്കാറുണ്ടായിരുന്നുവെന്നും അവിടെ ‘ഉച്ചയുറക്കം’ (ഖൈലൂലത്ത് ) നടത്താറുണ്ടായിരുന്നുവെന്നും ഇബ്നു സഅദ് രേഖപ്പെടുത്തുന്നു. وَكَانَ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – يزورها ويقيل في بيتها.

നബിയ്ക്ക് പ്രിയപ്പെട്ട മാതാവായിരുന്നു ഫാഥ്വിമ ബിൻത് അസദ്. അബൂ ത്വാലിബിന് ശേഷം മഹതിയെക്കാൾ തന്നോട് രക്തബന്ധപരിഗണന കാണിച്ച മറ്റാരെയും ഞാൻ കണ്ടിട്ടില്ല’ (لم نلق بعد أبي طالب أبرّ بي منها )എന്ന് നബി സ്വ പറയുകയുണ്ടായി. മഹതി മരണപ്പെട്ടപ്പോൾ, വീട്ടിലെത്തി, മഹതിയുടെ തലയുടെ ഭാഗത്തിരുന്ന് ഇങ്ങനെ അനുശോചിച്ചു: “എന്റെ പ്രിയ മാതാവേ, അങ്ങയെ അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പെറ്റുമ്മയുടെ വിയോഗാനന്തരം അങ്ങായിരുന്നു എന്റെ ഉമ്മ. വിശപ്പ് സഹിച്ചും ഉള്ളതെടുത്ത് അങ്ങ് എന്റെ വയറു നിറയെ തീറ്റി. ഉടുക്കാൻ ആവശ്യമുണ്ടായിട്ടും കിട്ടുന്ന വസ്ത്രങ്ങൾ അങ്ങെന്നെ അണിയിച്ചു. സ്വന്തം ഇഷ്ടങ്ങൾ വെടിഞ്ഞും അങ്ങെന്നെ രുചിയുള്ളത് ഭക്ഷിപ്പിച്ചു. അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവും മാത്രമായിരുന്നു, ഇതുകൊണ്ടെല്ലാം അങ്ങ് ലക്‌ഷ്യം വെച്ചത്”.رَحِمَكِ اللَّهُ يَا أُمِّي، كُنْتِ أُمِّي بَعْدَ أُمِّي، تَجُوعِينَ وَتُشْبِعِينِي، وَتَعْرَيْنَ وَتَكْسِينِي، وَتَمْنَعِينَ نَفْسَكِ طَيِّبًا وَتُطْعِمِينِي، تُرِيدِينَ بِذَلِكَ وَجْهَ اللَّهِ وَالدَّارَ الْآخِرَةَ “. പിന്നെ, മഹതിയെ മൂന്നുവട്ടം ദേഹമാസകലം വെള്ളമൊഴിച്ചു കുളിപ്പിക്കാൻ നിർദ്ദേശിച്ചു. കർപ്പൂരം ഒഴിച്ചിട്ടുള്ള വെള്ളം മൃത ശരീരത്തിൽ ഒഴിക്കാൻ സമയമായപ്പോൾ, നബി തന്നെ അതുവാങ്ങി, മഹതിയുടെ ശരീരത്തിൽ ഒഴിച്ചു. കുളിപ്പിച്ച് കഴിഞ്ഞപ്പോൾ, നബി അണിഞ്ഞിരുന്ന നീളക്കുപ്പായം (ഖമീസ്) അഴിച്ചു മഹതിയെ ഉടുപ്പിച്ചു. അതിനുമുകളിൽ രോമത്തിന്റെ കറുത്ത തുണികൊണ്ട് പൊതിഞ്ഞു.

ശേഷം, ഉസാമത്ത് ബ്നു സൈദ്, അബൂ അയ്യൂബിൽ അൻസ്വാരി, ഉമർ ബ്നുൽ ഖത്വാബ്, ഒരു കറുത്ത സേവകൻ എന്നിവരെ വിളിച്ചു ഖബർ കുഴിക്കാൻ ആവശ്യപ്പെട്ടു. അവർ കുഴിക്കാൻ തുടങ്ങി. കുഴിയായപ്പോൾ, നബി തന്നെ കുഴിയിലിറങ്ങി, തന്റെ കൈകൾ കൊണ്ട് കുഴിയുടെ ഒരുവശത്തുനിന്നും (2) മണ്ണ് മാന്തിയെടുക്കാൻ തുടങ്ങി. ആവശ്യത്തിന് മണ്ണെടുത്ത ശേഷം, നബി അതിൽ ചെരിഞ്ഞു കിടന്നു (മയ്യിത്ത് വെക്കാറുള്ള പോലെ). എന്നിട്ടിങ്ങനെ പ്രാർത്ഥിച്ചു: “ജീവിച്ചിരിക്കുന്നവനും മരിക്കാത്തവനുമായ അല്ലാഹുവേ, എന്റെ പ്രിയമാതാവ് ഫാഥ്വിമ ബിൻത് അസദിന് നീ പൊറുത്തുകൊടുക്കണേ, അവർക്ക് (ഖബറിലെ ചോദ്യസമയത്ത് )സത്യപ്രമാണം നൽകി അനുഗ്രഹിക്കണേ. നിന്റെ ഈ പ്രവാചകന്റെയും എനിക്കുമുമ്പുള്ള പ്രവാചകന്മാരുടെയും മഹത്വത്തെ പരിഗണിച്ച് അവരുടെ ഖബർ നീ വിശാലമാക്കണേ, നിശ്ചയം നീ മഹാ കാരുണ്യവാനല്ലോ’. اللَّهُ الَّذِي يُحْيِي وَيُمِيتُ، وَهُوَ حَيٌّ لَا يَمُوتُ، اغْفِرْ لِأُمِّي فَاطِمَةَ بِنْتِ أَسَدٍ، وَلَقِّنْهَا حُجَّتَهَا، وَوَسِّعْ عَلَيْهَا مُدْخَلَهَا بِحَقِّ نَبِيِّكَ وَالْأَنْبِيَاءِ الَّذِينَ مِنْ قَبْلِي ; فَإِنَّكَ أَرْحَمُ الرَّاحِمِينَ ” ശേഷം, നാല് തക്ബീറുകൾ ചൊല്ലി മയ്യിത്ത് നിസ്കരിച്ചു. നബിയും അബൂബക്കർ സ്വിദ്ധീഖും നബിയുടെ മൂത്ത പിതൃവ്യൻ അബ്ബാസും ചേർന്ന് മഹതിയെ ലഹ്‌ദിലേക്ക് ചെരിച്ചുകടത്തിവെച്ചു.

ഹദീസ് സമഹർത്താക്കളായ ത്വബ്റാനി തന്റെ കബീറിലും ഔസത്തിലും ഈ സംഭവം ഇതുപോലെ ഉദ്ധരിച്ചിരിക്കുന്നു(3 ). പതിവില്ലാത്ത ഒരു പ്രവൃത്തി നബിയിൽ നിന്നും കാണാനിടയായ അനുയായികൾ, മഹതിയെ അടക്കം ചെയ്ത ശേഷം നബിയോട് അന്വേഷിച്ചു: “അല്ലാഹുവിന്റെ ദൂതരേ, മറ്റാരുടെയും ഖബറടക്ക സമയത്ത് ചെയ്യാത്ത ചില കാര്യങ്ങൾ അങ്ങ് ഇവിടെ ചെയ്തല്ലോ?!”. പ്രത്യേക സ്‌നേഹാദരവുകൾ കാത്തുസൂക്ഷിക്കുന്ന വ്യക്തികളുടെ ഖബറിൽ നബി സ്വാ ഇറങ്ങിനിന്നു അനുഗ്രഹിക്കുന്ന രംഗം പല സന്ദർഭങ്ങളിലും ഉണ്ടായിട്ടുണ്ട്. പത്നി ആഇശയുടെ മാതാവും സന്തതസഹചാരി അബൂബക്കറിന്റെ പത്നിയുമായ ഉമ്മു റൂമാന്റെ ഖബറിൽ പ്രവാചകൻ ഇറങ്ങി നിന്നത് ഉദാഹരണം. എന്നാൽ അവിടെ കിടന്നു പ്രാർത്ഥിക്കുന്നത് അവർ ആദ്യമായി കാണുകയാണ്.  നബി പ്രതിവചിച്ചു: “എന്റെ ഖമീസ് ഞാൻ അവർക്ക് അണിഞ്ഞുകൊടുത്തത്, അവർക്ക് സ്വർഗ്ഗത്തിലെ പുടവകൾ അണിയക്കപ്പെടുവാനായിട്ടാകുന്നു. അവർ കിടക്കുന്ന ഖബ്‌റിൽ ഞാൻ കയറിക്കിടന്നത് അവർക്ക് ഖബറിന്റെ ഇടുക്കം ലഘൂകരിക്കപ്പെടാൻ വേണ്ടിയാകുന്നു. കാരണം, അബൂ ത്വാലിബ് മരണപ്പെട്ട ശേഷം ഏറ്റവും മെച്ചപ്പെട്ട രീതിയിൽ എന്നെ സംരക്ഷിച്ച സ്ത്രീയാണവർ”(ത്വബ്റാനി)
أَلْبَسْتُهَا قَمِيصِي ; لِتَلْبَسَ مِنْ ثِيَابِ الْجَنَّةِ، وَاضْطَّجَعْتُ مَعَهَا فِي قَبْرِهَا ; خُفِّفَ عَنْهَا مِنْ ضَغْطَةِ الْقَبْرِ؛ إِنَّهَا كَانَتْ مِنْ أَحْسَنِ خَلْقِ اللَّهِ إِلَيَّ صَنِيعًا بَعْدَ أَبِي طَالِبٍ. അനേകം ചരിത്രകാരന്മാരും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. തന്റെ വളർത്തുമ്മയായ അമ്മായിയോട് നബി സ്വാ കാണിച്ച മാതൃകാപരമായ സ്നേഹകടപ്പാടുകൾ എത്ര മഹോന്നതമായിരുന്നു എന്ന് ഈ സംഭവം കാണിക്കുന്നു.

എന്നാൽ, ഇസ്‌ലാമിനെയും നബിയെയും എങ്ങനെയെങ്കിലും അവഹേളിക്കാൻ ആഗ്രഹിക്കുന്ന മലിനമനസ്കർ ഈ സംഭവത്തെ ശവഭോഗത്തിലേക്ക് തിരിച്ചുവിട്ടത് കാണുമ്പോൾ, വിരോധം മനുഷ്യരെ എത്ര അധമരാക്കിത്തീർക്കുന്നു എന്ന് മനസ്സിലാകും. ഒരു സംഭവം ഹദീസുകളിൽ രണ്ടുവിധത്തിൽ ഉദ്ധരിക്കാറുണ്ട്. സാമാന്യം വിശദമായും, വളരെ ചുരുക്കിയും. രണ്ടും രണ്ടു സന്ദർഭങ്ങളിൽ പ്രസക്തവുമാണ്. എന്നാൽ, ചുരുക്ക വിവരണത്തിൽ പറയുന്ന കാര്യങ്ങളെ തെറ്റിദ്ധരിപ്പിച്ചു, യഥാർത്ഥ വശം മറച്ചുവെക്കുകയായിരുന്നു ആരോപകർ. ഈ സംഭവത്തെ നരാധമർ അവതരിപ്പിച്ച രീതി ഇങ്ങനെയായിരുന്നു: മദീനയിൽ ഒരു സ്ത്രീ മരണപ്പെടുന്നു. അവരുടെ കുഴിമാടത്തിൽ പ്രവാചകൻ ഇറങ്ങുന്നു. തന്റെ വസ്ത്രം അഴിച്ചു ആ ശവത്തോടൊപ്പം കിടക്കുന്നു?! നോക്കൂ, ആ സ്ത്രീ നബിയുടെ അമ്മായിയും മാതാവുമാണെന്ന കാര്യം മറച്ചുവെച്ചു. മയ്യിത്തിനെ പുടവ അണിയിക്കുന്ന സമയത്ത് അവിടെവെച്ചാണ് തന്റെ ഖമീസ് അഴിച്ചു അതിൽ ഉമ്മയെ പൊതിഞ്ഞതെന്ന കാര്യം ഒളിച്ചുവെച്ചു. മദീനയിൽ തന്റെ അനുയായികൾ ചേർന്ന് ഖബർ കുഴിക്കുന്നതിനിടയിൽ, അവർക്ക് മുന്നിൽ വെച്ചായിരുന്നു നബി, മയ്യിത്ത് കിടത്തേണ്ട മടയിൽ ചെരിഞ്ഞുകിടന്നതെന്നും അതിനു ശേഷമായിരുന്നു മയ്യിത്ത് മറ്റുള്ളവരുടെ സഹായത്തോടെ അതേസ്ഥാനത്തേക്ക് കടത്തിവെക്കുന്നതെന്നുമുള്ള സംഗതി പുറത്തുപറഞ്ഞില്ല. മയ്യിത്ത് കിടത്തുന്ന ഇത്തരം ഖബറിലെ മടയിൽ രണ്ടാമതൊരാൾക്ക് കിടക്കാൻ കഴിയില്ലെന്ന നാട്ടനുഭവം പൂഴ്ത്തിവെച്ചു. എന്തിനാണിതെല്ലാം?! മുഹമ്മദ് ശവത്തെ ഭോഗിച്ചുവെന്നു വരുത്താൻ!! അസൂയയും വിദ്വേഷവും മനുഷ്യരെ കൊണ്ടെത്തിക്കുന്ന അനാവസ്ഥ എത്ര ഭീകരമാണ്!!

സംഭവം വളച്ചൊടിക്കാൻ ദുഷ്ടമനസ്കർ നിവേദനത്തിൽ വന്ന وَاضْطَّجَعْتُ مَعَهَا فِي قَبْرِهَا എന്ന പദത്തിന്, സംഭവത്തിന്റെ സന്ദർഭവും സാഹചര്യവും മറച്ചുവെച്ചുകൊണ്ട്, തെറ്റായി അർഥം കല്പിക്കുകയായിരുന്നു. ‘ഇള്തജഅ’ =’ഭോഗിച്ചു

‘ എന്ന അർത്ഥത്തിൽ അവർ ചാടിപ്പിടിക്കുകയായിരുന്നു. അടുത്തകാലത്തിറങ്ങിയ ഇംഗ്ലീഷ് അറബി ഡിക്ഷനറികളിൽ കാണുന്നുവെന്നല്ലാതെ, ലിസാനുൽ അറബ് / ഇബ്നു മൻളൂർ തുടങ്ങിയ അറബി ക്ലാസ്സിക് നിഘണ്ടുകളിൽ പ്രസ്തുത പദം ഭോഗിച്ചു എന്ന അർത്ഥത്തിൽ ഒരിടത്തും പരിചയപ്പെടുത്തുന്നില്ല എന്നതാണ് സത്യം. സംഭവത്തെ ക്കുറിച്ച് വന്നിട്ടുള്ള നിവേദനങ്ങളിൽ ഏറ്റവും ബലമുള്ള നിവേദക പരമ്പരയിൽ ഉപയോഗിച്ചിട്ടുള്ള പദപ്രയോഗങ്ങൾ പരിശോധിച്ചാൽ, കാര്യം കൂടുതൽ വ്യക്തമാകും. അബ്ദുബർറ് ഇബ്നു അബ്ബാസിൽ നിന്നും ഉദ്ധരിക്കുന്ന നിവേദനത്തിൽ واضطجعت معها ليهون عليها ‘അവർക്ക് ഖബർ ശിക്ഷയിൽ ഇളവുലഭിക്കട്ടെ എന്ന് കരുതിയാണ് അവരുടെ സ്ഥലത്ത് ഞാൻ കിടന്നത്’ എന്നാണുള്ളത്. ഹദീസ് കോശമായ കൻസുൽ ഉമ്മാലിൽ واضطجعت في قبرها ليخفف الله عنها بذلك എന്ന വ്യക്തമായ പരാമർശം വായിക്കാം: ‘അവർക്കുള്ള ഖബറിൽ ഞാൻ കിടന്നത് അതുനിമിത്തം അല്ലാഹു അവർക്ക് ലഘൂകരിക്കട്ടെ എന്ന നിലക്കാണ്”.

عن ابن عباس قال: ( لما ماتت فاطمة أم علي بن أبي طالب ألبسها رسول الله صلى الله عليه وسلم قميصه واضطجع معها في قبرها فقالوا: ما رأيناك صنعت ما صنعت بهذه فقال: إنه لم يكن أحد بعد أبي طالب أبر بي منها إنما ألبستها قميصي لتكسى من حلل الجنة واضطجعت معها ليهون عليها) ( الاستيعاب في معرفة الأصحاب لابن عبد البر )

عن ابن عباس قال: ( لما ماتت أم علي بن أبي طالب فاطمة بنت أسد بن هاشم وكانت ممن كفل النبي صلى الله عليه وسلم وربته بعد موت عبد المطلب، كفنها النبي صلى الله عليه وسلم في قميصه، وصلى عليها واستغفر لها وجزاها الخير بما وليته منه، واضطجع معها في قبرها حين وضعت فقيل له: صنعت يا رسول الله بها صنعا لم تصنع بأحد! قال: إنما كفنتها في قميصي ليدخلها الله الرحمة ويغفر لها، واضطجعت في قبرها ليخفف الله عنها بذلك) ( كنز العمال )

പദപ്രയോഗത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, താന്തോന്നികൾക്ക് ശവഭോഗത്തെ അനുക്കൂലമാക്കിയെടുക്കാനും സംസ്കാരസമ്പന്നർക്ക് മുന്നിൽ പ്രവാചകനെ അവഹേളിക്കാനും നടത്തുന്ന വൃഥാസാഹസം പക്ഷേ, നിഷ്പക്ഷപഠിതാക്കൾക്ക് നബിയിലെ മാതൃസ്നേഹിയായമനുഷ്യനെ മനസ്സിലാക്കാൻ കൂടുതൽ അവരമുണ്ടാക്കി എന്നതാണ് ഗുണഫലം.

FOOTNOTES:

(1 ) ഹിജ്‌റ ഏഴാം വർഷം മുഹറമിലെ ഖൈബർ പോരാട്ട ശേഷം, മഹതിയുടെ മകൾ ജുമാനയ്ക്ക് നബി സ്വാ മുപ്പത് വസ്ഖ് (ഏതാണ്ട് നൂറ്റി അമ്പത് കിലോ ഭാരം വരുന്ന ഒട്ടകച്ചുമടാണ്‌ വസ്ഖ് ( 30 * 150 = 4500 kg ) വസ്തുക്കൾ സമ്മാനമായി കൊടുത്തയച്ച സംഭവം ചരിത്രത്തിലുണ്ട് (അർറൗളത്തുൽ ഫൈഹാ/ യാസീനിൽ ഉമരി/മ. ഹി. 1232 )
(2 )രണ്ടുതരം ഖബ്ർ ഉണ്ട്. നേരെ താഴേക്ക് കുഴിക്കുന്ന സാധാരണ രൂപം. താഴേക്ക് കുഴിച്ച ശേഷം, ഒരാളെ ചെരിച്ച് കിടത്താവുന്നവിധം ഖിബ്‌ലയുടെ ഭാഗത്തുനിന്നും മണ്ണെടുക്കുന്ന രണ്ടാം രൂപം. മുകളിൽ നിന്നും നോക്കിയാൽ മയ്യിത്ത് ഒറ്റനോട്ടത്തിൽ കാണില്ല. മുകൾ ഭാഗം അടയ്ക്കുമ്പോൾ മയ്യിത്തിനു മേൽ മണ്ണോ മറ്റോ വീഴാതെ സംരക്ഷിക്കുകയാണ് ഒരു ലക്‌ഷ്യം. ഉറച്ച മണ്ണുള്ളിടത്താണ് ഇത് പ്രായോഗികമാവുക. ലഹ്ദ് എന്നാണിതിന് പേര്.
(3 ) ഹദീസ് നിവേദകരിൽ റൗഹ്ബ്നു സ്വലാഹ് എന്ന വ്യക്തി ദുർബ്ബലനാണെന്ന അഭിപ്രായം നൂറുദ്ധീൻ അൽഹൈസമി (ഹി 807 ) പ്രകടിപ്പിക്കുന്നുവെങ്കിലും, ആദ്യകാല നിരൂപകനായ ഇബ്നു ഹിബ്ബാൻ, ഹാകിം എന്നിവർ അദ്ദേഹം വിശ്വസ്തനാണെന്ന് സമ്മതിച്ചകാര്യം ശ്രദ്ധേയമാണ്. ഒരു മതവിധി പറയാനുള്ള ബലം ഇല്ലെന്നു വന്നാലും, ഒരു സംഭവം സ്ഥിരീകരിക്കാൻ ഈ നിവേദനം ധാരാളം മതി.

ചോദ്യം 5

ഭോഗിക്കപ്പെട്ട ശവത്തെ ചൊല്ലിയുള്ള ചർച്ചകൾ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു. ഇത് ശവഭോഗത്തിനുള്ള അനുവാദമല്ലേ?

അതെങ്ങനെ അനുവാദമാകും?! ശവഭോഗം നിഷിദ്ധമാണെന്ന് കർമശാസ്ത്രം പഠിപ്പിക്കുന്നു. അതിനുള്ള ശിക്ഷ സന്ദർഭോചിതം വിധിക്കാൻ കോടതിയെ ചുമതലപ്പെടുത്തുന്നു. വധശിക്ഷ വരെ ആകാമെന്ന് ഇമാമുകൾ പറയുന്നു. എന്നിരിക്കേ, കർമ്മശാസ്ത്ര കൃതികളിൽ നിന്നും ശവഭോഗത്തിനു അനുവാദം കണ്ടുപിടിക്കുവാൻ സാധിക്കുന്നതെങ്ങനെ?!

കർമ്മ ശാസ്ത്രത്തിൽ, അനുവാദമുള്ള കാര്യങ്ങൾ മാത്രമല്ല ചർച്ചചെയ്യുക; നിഷിദ്ധങ്ങൾ ചെയ്തുപോയാൽ തുടർന്നുള്ള നടപടികൾ കൂടി ചർച്ചചെയ്യുന്നുണ്ട്. മനുഷ്യ ചരിത്രം മുന്നോട്ടുപോകുന്തോറും അവർക്കിടയിൽ കാണപ്പെടുന്ന എല്ലാ സംഗതികളും കർമശാസ്ത്രം അതിന്റെ നിയമക്കണ്ണുകളോടെ നോക്കിക്കാണും. സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളും വിഷയീഭവിക്കും. നേരത്തെ വിധി പറയപ്പെട്ട കാര്യങ്ങളോട് താരതമ്യം ചെയ്‌തും അടിസ്ഥാന പരിഗണനകൾ താലോലിച്ചും പുതിയ സംഭവവികാസങ്ങളെ വിധിക്കും. ശവഭോഗം പ്രവാചക കാലത്തും അവിടുത്തെ ശിഷ്യന്മാരുടെ കാലത്തും കോടതിയിൽ എത്താത്തതിനാൽ തന്നെ, അതുസംബന്ധമായ നിലപാട് കാലാന്തരത്തിൽ രൂപം കൊണ്ടതാണ്. വിവിധ നിയമ നിർദ്ധാരണ രീതിശാസ്ത്രം (മദ്ഹബ് ) അനുസരിച്ച് എത്തുന്ന നിഗമനങ്ങളിൽ സ്വാഭാവികമായും ഭിന്നതകൾ ഉണ്ടാകും. അതൊന്നും അടിസ്ഥാന തത്വങ്ങൾക്ക് എതിരാകില്ല. ഉദാ. ശവഭോഗം, മൃഗരതി തുടങ്ങിയ ‘ലൈംഗിക അതിക്രമങ്ങൾ’ നിഷിദ്ധമാണെന്നു എല്ലാവരും പ്രഖ്യാപിക്കുന്നു. അനുബന്ധ നിയമങ്ങൾ ഒരുപക്ഷെ ഭിന്നമായിരിക്കാമെങ്കിലും. മൃഗരതിക്കാരന് നിർണിത ഹദ്ദ് ഉണ്ടെന്നും സാഹചര്യത്തിനനുസരിച്ചുള്ള ശിക്ഷണ വഴി യേ ഉള്ളൂവെന്നും അവർക്കിടയിൽ ഭിന്നസ്വരങ്ങളുണ്ട്.

വിമർശന വിധേയമായ കർമ്മ ശാസ്ത്ര പരാമർശങ്ങൾ പരിശോധിക്കാം.

ഈജിപ്തിലെ പ്രമുഖ ശാഫിഈ പണ്ഡിതനും കൊച്ചു ശാഫിഈ എന്ന അപരനാമത്തിൽ അറിയപ്പെട്ട മഹാജ്ഞാനിയുമായ ശംസുദ്ധീൻ അർറംലി (919 /1513 – 1004 /1596 ) യുടെ നിഹായത്തുൽ മുഹ്താജ് ഇങ്ങനെ പറയുന്നു: وَلَا يُعَادُ غُسْلُ الْمَيِّتِ إذَا أُولِجَ فِيهِ أَوْ اسْتُولِجَ ذَكَرُهُ لِسُقُوطِ تَكْلِيفِهِ كَالْبَهِيمَةِ، وَإِنَّمَا وَجَبَ غُسْلُهُ بِالْمَوْتِ تَنْظِيفًا وَإِكْرَامًا لَهُ، وَلَا يَجِبُ بِوَطْءِ الْمَيِّتَةِ حَدٌّ كَمَا سَيَأْتِي وَلَا مَهْرٌ، = മയ്യിത്തിന്റെ ഗുഹ്യ ഭാഗത്ത് ലിംഗം പ്രവേശിപ്പിക്കുകയോ, മയ്യിത്തിന്റെ ലിംഗമെടുത്ത് യോനിയിൽ പ്രവേശിപ്പിക്കുകയോ ചെയ്താൽ, ആ മയ്യിത്തിനെ വീണ്ടും കുളിപ്പിക്കേണ്ടതില്ല. മരണപ്പെടുന്നതോടെ വ്യക്തിയുടെ മേലുള്ള മതശാസന ഒഴിവാകുന്നു എന്നതാണ് കാരണം. മതശാസനയുടെ കാര്യത്തിൽ മൃഗങ്ങൾക്കു സമമാണ് മയ്യിത്ത്. (അപ്പോൾ ഒരു സംശയം: അങ്ങനെയെങ്കിൽ മയ്യിത്തിനെ കുളിപ്പിക്കണം എന്ന് പറയുന്നതോ? അതിനുള്ള മറുപടിയിതാണ്: ) മരണപ്പെട്ടാൽ കുളി നിർബന്ധമാകുന്നത് വൃത്തിയാക്കുക+ മയ്യിത്തിനെ ആദരിക്കുക എന്ന നിലക്ക് മാത്രമാണ്(അശുദ്ധി നീക്കാനുള്ള കുളിയല്ല). മയ്യിത്തിനെ ഭോഗിച്ച വ്യക്തിക്ക് നിർണിതമായ ശരീരശിക്ഷ നിർബന്ധമില്ല. ആ വിഷയം വഴിയേ വരുന്നുണ്ട്. മയ്യിത്തിന്റെ ബന്ധുവിന് മഹ്ർ നൽകേണ്ട ബാധ്യതയുമില്ല”. ശാഫിഈ ഗ്രന്ഥങ്ങളിലെല്ലാം ഈ ആശയം രേഖപ്പെടുത്തിയിട്ടുണ്ട്.

ഭോഗിക്കപ്പെട്ട ശവത്തെ എടുത്ത് വീണ്ടും കുളിപ്പിക്കാൻ മതം നിർദ്ദേശിക്കുന്നില്ല. അതിന്റെ ആവശ്യം ഇല്ലെന്നതാണ് കാര്യം. ജീവിച്ചിരിക്കുന്നവർ ഭോഗാനന്തരം കുളിച്ചു ശുദ്ധിയാകുവാൻ കല്പിക്കുന്നത്, ആരാധനാ കാര്യങ്ങളിൽ ഏർപ്പെടാനുള്ള അവസരം അവശേഷിക്കുന്നത് കൊണ്ടാണ്. മരണപ്പെട്ടവരെ കുളിപ്പിക്കാൻ ഇസ്‌ലാം കല്പിച്ചത്, മരണത്തോടെ മനുഷ്യശരീരം അശുദ്ധമായി എന്ന സങ്കല്പത്തിലല്ല. ബഹുമാനപൂർവ്വം വൃത്തിയോടെ അന്ത്യയാത്ര നടത്തുക എന്ന നിലക്കാണ്. ഇസ്‌ലാമിലെ ശുദ്ധിയും വൃത്തിയും തമ്മിലുള്ള അന്തരം ആദ്യം മനസ്സിലാക്കണം. അതുകൊണ്ടുതന്നെ, ജീവിച്ചിരിക്കുന്നവർ കുളിച്ചു ശുദ്ധിയാകുന്ന പോലെ, ഭോഗിക്കപ്പെട്ട മൃതശരീരം കുളിക്കേണ്ടതില്ല എന്ന കാര്യമാണ് കർമ്മ ശാസ്ത്രം പറയുന്നത്. അതേസമയം, ഭോഗിച്ചവൻ കുളിച്ചു ശുദ്ധിയാകണം. അതിനർത്ഥം, ശവത്തെ ഭോഗിക്കാൻ അനുവാദം നല്കിയെന്നല്ല. അങ്ങനെയൊരു രോഗാതുര മാനസികാവസ്ഥ ഒരാളിൽ ഉണ്ടായാൽ, സാഹചര്യം മനസ്സിലാക്കി കോടതി അയാളെ താക്കീതുചെയ്തു ജീവിക്കാൻ വിട്ടാൽ, ആരാധനാ കർമ്മങ്ങളിൽ ഏർപ്പെടേണ്ട വ്യക്തി ആയതിനാൽ അയാൾ ശുദ്ധിവരുത്തണം എന്ന് കർമശാസ്ത്രം പറയും. ഇനി വധശിക്ഷ വിധിച്ചാലും അശുദ്ധിയോടെ അയാളുടെ അന്ത്യം സംഭവിക്കരുത്.

പ്രമുഖ ഹമ്പലി വക്താവ് ഇബ്നു ഖുദാമയുടെ ‘അൽ കാഫി’ യിലെ വരികളാണ് മറ്റൊന്ന്. അദ്ദേഹം രേഖപ്പെടുത്തുന്നു: “ولو غيب الحشفة في دبر إمرأة أو دبر رجل أو فرج بهيمة أو دبرها وجب الغسل سواء كان المولج فيه حيا أو ميتا، صغيرا او كبيرا”= പുരുഷന്റെ ലിംഗമകുടം സ്ത്രീയുടെയോ പുരുഷന്റെയോ ഗുദത്തിൽ, അല്ലെങ്കിൽ മൃഗത്തിന്റെ യോനിയിലോ ഗുദത്തിലോ പ്രവേശിച്ചു മറഞ്ഞാൽ, അയാൾ കുളിച്ചു ശുദ്ധി വരുത്തേണ്ടത് നിർബന്ധമാണ്. പ്രവേശിപ്പിക്കപ്പെട്ടത് ജീവനുള്ളതോ മൃതശരീരമോ കുട്ടിയോ വലിയവരോ ആയാലും ശരി”.

ഇതിലും വിമർശിക്കപ്പെടാൻ പ്രത്യേകിച്ചൊന്നുമില്ല. ശവഭോഗമോ മൃഗഭോഗമോ ബാലഭോഗമോ അനുവദിക്കുന്ന പ്രസ്താവനയല്ല ഇത്. അവയെല്ലാം നിഷിദ്ധമെന്നു ഇതേ ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു. അതോടൊപ്പം, അങ്ങനെ ഒരാൾ ചെയ്താൽ, അയാൾ കുളിച്ചു ശുദ്ധി ആർജ്ജിക്കണം എന്നാണു കർമശാസ്ത്രം പഠിപ്പിക്കുന്നത്. തെറ്റിനെ തെറ്റായി കാണുന്നതോടൊപ്പം, വ്യക്തിയെ സകലവിധത്തിലും വ്യക്തിയായി കണ്ട്, അയാളുടെ ആത്മീയ വിജയത്തിനുള്ള മതനിർദ്ദേശങ്ങൾ പഠിപ്പിക്കുകയാണ് കർമശാസ്ത്രം. തെറ്റുസംഭവിക്കുന്ന മനുഷ്യനെ പിന്നെ മനുഷ്യനായും വ്യക്തിയായും ഒട്ടും കാണാത്ത അമാനവിക നിലപാടല്ല കർമശാസ്ത്രം പുലർത്തുന്നത്.

കർമ്മ ശാസ്ത്രത്തിന്റെ ഭാഷയും വികാരവും പരിഗണനകളും മനസ്സിലാകാത്തതുകൊണ്ടായിരിക്കണം, വിമർശനത്തിന് വിധേയമായ മറ്റൊരു പരാമർശം ഇതാണ്; പ്രമുഖ ഹമ്പലി പണ്ഡിതനും ഡമാസ്കസിലെ മുഫ്തിയുമായിരുന്ന മുസ്ത്വഫാ സുയൂഥി റുഹൈബാനി(1747 – 1827 ) യുടെ ‘മത്വാലിബു ഉലിന്നുഹാ’ യിലെ വരികൾ :

(وَيَجِبُ)

مَهْرٌ (بِوَطْءِ مَيِّتَةٍ) كَالْحَيَّةِ (وَيَتَّجِهُ) مَحَلُّ وُجُوبِ الْمَهْرِ فِي وَطْءِ مَيِّتَةٍ إذَا كَانَتْ (غَيْرَ زَوْجَتِهِ) أَمَّا زَوْجَتُهُ؛ فَلَا شَيْءَ عَلَيْهِ فِي وَطْئِهَا حَيَّةً وَمَيِّتَةً؛ لِأَنَّ مُقْتَضَى تَصْرِيحِ الْأَصْحَابِ بِأَنَّ لَهُ تَغْسِيلُهَا؛ لِأَنَّ بَعْضَ عُلَقِ النِّكَاحِ بَاقٍ، وَأَنَّهَا لَيْسَتْ كَالْأَجْنَبِيَّةِ مِنْ كُلِّ الْوُجُوهِ، وَأَنَّهُ لَا يَجِبُ بِوَطْئِهَا مَيِّتَةً مَعَ مَا يَجِبُ بِوَطْءِ غَيْرِهَا.
قَالَ الْقَاضِي فِي جَوَابِ مَسْأَلَةٍ: وَوَطْءُ الْمَيِّتَةِ مُحَرَّمٌ وَلَا حَدَّ وَلَا مَهْرَ انْتَهَى

= മൃതശരീരത്തെ ഭോഗിച്ചാൽ മഹ്ർ നൽകണം; ജീവനുള്ള സമയത്ത് ഭോഗിച്ചാലെന്നപോലെ. തന്റെ ഇണയുടെ മൃതശരീരം അല്ലെങ്കിലാണിത് ബാധകമാവുക. ജീവിച്ചിരിക്കുമ്പോഴും മരണപ്പെട്ട ശേഷവും ഇണയെ ഭോഗിച്ചാൽ പ്രത്യേക ‘നഷ്ടപരിഹാരം’ നൽകേണ്ട ബാധ്യത ഭർത്താവിനില്ല. ഹമ്പലി വക്താക്കൾ ഇതുസംബന്ധമായി പുറപ്പെടുവിച്ച പ്രസ്താവനപ്രകാരം, ഭാര്യയുടെ മൃതശരീരത്തെ ഭോഗിച്ചവൻ അവളെ കുളിപ്പിക്കാൻ ബാധ്യസ്ഥനാണ്. മരണപ്പെടുന്നതോടെ വിവാഹബന്ധം പൂർണ്ണമായും അവസാനിക്കുന്നില്ല എന്നതാണ് കാരണം. മരണപ്പെട്ട ഭാര്യ എല്ലാ അർത്ഥത്തിലും അന്യസ്ത്രീ ആകില്ലല്ലോ. അതിനാൽ, അന്യസ്ത്രീയുടെ മൃതശരീരം ഭോഗിച്ചാൽ ഉണ്ടാകുന്ന ബാധ്യത സ്വന്തം ഇണയുടെ മൃതശരീരം ഭോഗിച്ചവന് വരുന്നില്ല. ഒരു പ്രശ്നത്തിനുള്ള മറുപടിയിൽ ഖാദി (അബൂ യഅലാ അൽ ബാഗ്ദാദി 380 – 458 ) പറഞ്ഞു: ശവത്തെ ഭോഗിക്കൽ നിഷിദ്ധമാകുന്നു; അതിനു ഹദ്ദില്ല; മഹ്റും ഇല്ല”.

ശാഫിഈ കർമ്മ ധാരയുമായി ഹമ്പലികൾ വ്യത്യാസപ്പെടുന്ന ഒരിടമാണിത്. ഒരാൾ സ്ത്രീ മൃതശരീരത്തെ ഭോഗിച്ചാൽ അവരുടെ രക്ഷാധികാരിക്ക് മഹ്ർ നൽകണമോ വേണ്ടയോ? മൃതശരീരത്തിന്റെ രക്ഷിതാക്കൾ ‘നഷ്ടപരിഹാരം’ ആവശ്യപ്പെട്ടാൽ നൽകണോ വേണ്ടേ? ശാഫിഈകൾ പറയും: ‘നഷ്ടപരിഹാരം ഇല്ല’. ഒന്നാമത്തെ ഉദ്ധരണിയിൽ നാമത് വായിച്ചു. ശാഫിഈകളുടെ ഭാഷയിൽ മഹ്ർ എന്നാൽ مَا وَجَبَ بِنِكَاحٍ أَوْ وَطْءٍ أَوْ تَفْوِيتِ بُضْعٍ قَهْرًا ആകുന്നു. അർഥം: ശരിയായ നികാഹ് ചെയ്താലോ, ബലാൽക്കാരമായോ ആളുമാറിയോ സംഗം ചെയ്താലോ, വിവാഹാനന്തരം നികാഹ് നിയമസാധുതയില്ലാത്തതാണെന്നു തെളിഞ്ഞാലോ സ്ത്രീക്ക് അവകാശപ്പെട്ടതാണ് മഹ്ർ. ഈ നിർവ്വചന പ്രകാരം, ഒരന്യ സ്ത്രീയുടെ മൃതശരീരം ഭോഗിച്ചാൽ, അതിൽ സമ്മതമോ വിസമ്മതമോ ഇല്ലെന്നതിനാൽ, അവൾ (= അവളുടെ രാക്ഷാധികാരി) മഹ്ർ അർഹിക്കുന്നില്ല. എന്നാൽ, ഹമ്പലികളുടെ വീക്ഷണത്തിൽ, അന്യസ്ത്രീയുടെ മൃതശരീരം ഭോഗിക്കുന്നത് ബലാൽക്കാരമായി എടുത്ത് നിയമനടപടി സ്വീകരിക്കണം. ഈ വീക്ഷണമാണ് കൂടുതൽ മാനവികമെന്നു തോന്നുന്നു. ഭാര്യയുടെ മൃതശരീരത്തിലുള്ള ഭർത്താവിൻറെ അവകാശത്തെക്കുറിച്ചും കർമ്മ ശാസ്ത്ര ധാരകൾ ഭിന്ന വീക്ഷണം പുലർത്തുന്നു. മരണത്തോടെ ഭാര്യയുടെ ശരീരത്തിൽ ലൈംഗിക ആസ്വാദനം അനുഭവിക്കാനുള്ള അവകാശം ഭർത്താവിനില്ലാതാകുന്നു എന്നാണു ശാഫിഈ പക്ഷം. എന്നാൽ, മരിക്കുന്നതോടെ ഭാര്യ ഭാര്യ അല്ലാതാകുന്നില്ല എന്ന പക്ഷമാണ് ഹമ്പലികൾക്ക്. ഇതൊരുവേള ന്യായമാണെങ്കിൽ പോലും, മൃത ശരീരത്തിന് കല്പിക്കേണ്ട ആദരവ് ഹനിച്ചതിനുള്ള തഅസീറിന് ഭർത്താവ് അർഹനാണ്.

ചുരുക്കത്തിൽ, ശവഭോഗത്തെ ഒരേസ്വരത്തിൽ നിഷിദ്ധമായിക്കാണുന്ന കർമ്മ ശാസ്ത്ര ധാരകൾ, അതിനെത്തുടർന്നുള്ള പ്രശ്നങ്ങൾ വ്യവഹരിക്കുമ്പോൾ വിവിധ വീക്ഷണകോണുകളിൽ കേന്ദ്രീകരിക്കുന്നു. ഒരുകാലത്ത് മനുഷ്യരിൽ നിന്നും പ്രതീക്ഷിക്കാത്ത കൃത്യമായിരുന്നു ശവഭോഗം. അതിനാൽ, കൃത്യമായ നിയമനിർമ്മാണം ഉണ്ടായില്ല. കാലാന്തരത്തിൽ, മനുഷ്യർ സംസ്കാരശൂന്യരായി ത്തീരുകയും ശവഭോഗം വ്യാപകമാവുകയും ചെയ്യുമ്പോൾ, ഇസ്‌ലാമിക കർമശാസ്ത്രം സമയോചിതം വിവേകപ്പെടുന്നു. എക്കാലത്തെയും അധർമ്മങ്ങളെ സന്ദർഭോചിതം നിയന്ത്രിക്കാൻ കോടതിയുടെ പക്കലുള്ള അധികാരമാണ് തഅസീർ.

Leave a Reply