നബി സ്വ  ‘അൽമസ്ജിദുൽ ഹറാമിൽ നിന്നും ‘അൽ മസ്ജിദുൽ അഖ്‌സ്വായിലേക്ക് രാപ്രയാണം’ ചെയ്ത സംഭവം വിശുദ്ധ ഖുർആനിൽ രേഖപ്പെടുത്തിയതാണ്. ഏതാണീ ‘അൽ മസ്ജിദുൽ അഖ്സ്വാ’? അന്നവിടെ പ്രസ്തുത മസ്ജിദ് പ്രവർത്തിക്കുന്നുണ്ടോ? പവിത്രമായ മൂന്നു മസ്ജിദുകൾ പരിചയപ്പെടുത്തുന്ന സമയത്ത് ആ മസ്ജിദിന്റെ സ്ഥിതി എന്തായിരുന്നു? ആരാണ് ഈ മസ്ജിദ് ആദ്യമായി നിർമ്മിച്ചത്? ഇന്നവിടെ കാണുന്ന ഏതു കെട്ടിടമാണ് ‘അൽ മസ്ജിദുൽ അഖ്സ്വാ’?

ഒന്ന്:

വിശുദ്ധ ഖുർആനിലെ ‘അൽ മസ്ജിദുൽ ഹറാം’

വിഷയത്തിലേക്കിറങ്ങും മുമ്പ്, വിശുദ്ധ ഖുർആനിൽ പതിനഞ്ചു തവണ ആവർത്തിച്ചിട്ടുള്ള അൽ മസ്ജിദുൽ ഹറാമിനെ കുറിച്ച് ഒരേതാണ്ട് ധാരണയിലെത്താം. കഅബാലയത്തെ വലയം ചെയ്തിട്ടുള്ള മസ്ജിദാണ് പ്രഥമാർത്ഥത്തിൽ ‘അൽ മസ്ജിദുൽ ഹറാം’. ഈ മസ്ജിദിനകത്താണ് മനുഷ്യർക്ക് വേണ്ടി അസ്ഥിവാരമിട്ട ആദ്യ ഭവനം. ഈ ഭവനം ‘അൽ ബൈത്തുൽ ഹറാം’, ‘അൽ ബൈത്തുൽ മുഹറം’ എന്നെല്ലാം ഖുർആനിൽ പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ ഭവനത്തെ മാത്രം ഉദ്ദേശിച്ചും ഖുർആനിൽ ‘അൽ മസ്ജിദുൽ ഹറാം’ പ്രയോഗിച്ചിട്ടുണ്ട്. പ്രസ്തുത മസ്ജിദിനു പുറത്തേക്കും വിശാലമായ ”ഹറമൻ ആമിനൻ” എന്ന് പേരിട്ടിട്ടുള്ള ഹറം ശരീഫ്  എന്ന അർത്ഥ വിശാലതയിലും ‘അൽ മസ്ജിദുൽ ഹറാം’ ഖുർആനിലുണ്ട്. ഖിബ്‌ലയെ കുറിച്ചുള്ള സൂക്തത്തിൽ വന്നിട്ടുള്ള ‘അൽ മസ്ജിദുൽ ഹറാം’ ഈ മൂന്നു അർത്ഥങ്ങളിലും എടുക്കണം. മസ്ജിദിനകത്തുള്ളവർ ‘അൽ മസ്ജിദുൽ ഹറാമിലേക്ക് മുഖം തിരിക്കുക’ എന്ന് പറഞ്ഞാൽ കഅബയിലേക്ക് തിരിയുക എന്നർത്ഥം. മസ്ജിദിനു പുറത്ത് ഹറമിൽ ഉള്ളവരുടെ ഖിബ്‌ലയാണ് മസ്ജിദ്. വൃത്തം വലുതായി. ഹറമിന് പുറത്തുള്ളവരും അതിനു ചുറ്റുമായി ഭൂമിയിൽ പാർക്കുന്നവരും ഹറമിലേക്ക് തിരിയണം. വൃത്തം വീണ്ടും വലുതായി.

ഹറം ഉൾക്കൊള്ളുന്ന മക്ക എന്ന പ്രദേശത്തെയാകെ ഉദ്ദേശിച്ചും ‘അൽ മസ്ജിദുൽ ഹറാം’ എന്ന് ഖുർആൻ പ്രയോഗിച്ചുകാണുന്നു. അൽ ബഖറ 217 ൽ , ‘അൽ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്നവരെ തടയുന്നത് അല്ലാഹുവിങ്കൽ ഗൗരവമുള്ള അപരാധമാണ് എന്ന് പറയുന്നത് മസ്ജിദിനെ മാത്രമല്ല, ഹറമും മക്കപ്രദേശവും അതിൽ ഉദ്ദേശിക്കപ്പെടുന്നു. സൂറ ഫത്ഹിലെ ഇരുപത്തഞ്ചാം സൂക്തവും സൂറ ഹജ്ജിലെ ഇരുപത്തഞ്ചാം സൂക്തവും ഇതേ ആശയമാണ്നൽകുന്നത്. അൽ ബഖറ 196 ലെ, ‘ഹാളിരിൽ മസ്ജിദിൽ ഹറാം’ (=മസ്ജിദുൽ ഹറാമിൽ സന്നിഹിതരായവർ) അർത്ഥമാക്കുന്നത്, ഹറം പരിധിയിൽ മാത്രമുള്ളവരെയല്ലെന്നും മക്ക പ്രദേശത്തുകാരെ മൊത്തമാണെന്നും ചില പ്രമുഖ വ്യാഖ്യാതാക്കൾ നിരീക്ഷിക്കുന്നു. നബിയുടെ ഇസ്രാഇനെ കുറിച്ച് പറയുമ്പോൾ വന്നിട്ടുള്ള ‘അൽ മസ്ജിദുൽ ഹറാം’ മക്കയെന്ന വിശാല അർത്ഥത്തിലാണെന്നും പ്രമുഖ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചുരുക്കത്തിൽ, ഖുർആനിലെ ‘അൽ മസ്ജിദുൽ ഹറാം’ കഅബയെ വലയം ചെയ്യുന്ന മസ്ജിദ് മാത്രമല്ല. മസ്ജിദിനകത്തെ കഅബയും മസ്ജിദിനു പുറത്തേക്ക് വിശാലമായ ഹറമും, ഹറമിനെ ഉൾക്കൊള്ളുന്ന വിശാല മക്കയും ആ പേരുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.

റെഫെറൻസ് : നുസ്ഹതുൽ അഅയുൻ / ഇബ്നുൽ ജൗസി, ഖാമൂസൽ ഖുർആൻ / ദാമിഗാനി, വിവിധ മൂല തഫ്സീർ ഗ്രന്ഥങ്ങൾ.

രണ്ട്:

അൽ മസ്ജിദുൽ അഖ്സ്വാ’ അർത്ഥമാക്കുന്നത്

ഖുർആനിലെ ‘അൽമസ്ജിദുൽ അഖ്സ്വാ’ കൊണ്ട് ഉദ്ദേശിക്കുന്നത് മസ്ജിദ് തന്നെയാകാം; മസ്ജിദ് ഉണ്ടായിരുന്ന ‘ഹറം’ ആകാം; ഹറമിനെ ഉൾക്കൊള്ളുന്ന ‘അൽ അർളുൽ മുഖദ്ദസ:’ ആകാം. മക്കയിൽ നിന്നും ജറുസലേമിലേക്കുള്ള യാത്ര എന്ന അർത്ഥമാകാം ‘മിനൽ മസ്ജിദിൽ ഹറാമി ഇലൽ മസ്ജിദിൽ അഖ്സ്വാ’ ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കിൽ ജറുസലേമിനെ വലയം ചെയ്യുന്ന സിറിയൻ പ്രദേശങ്ങൾ ആയിരിക്കണം അനുഗ്രഹിക്കപ്പെട്ട ചുറ്റുപ്രദേശങ്ങൾ(ബാറക്നാ ഹൌലഹു’). ഒരു മസ്ജിദ് തന്നെ ആയിരിക്കാനുള്ള സാധ്യതയുണ്ടോ? ചരിത്രം ഖനനം ചെയ്തുനോക്കാം.

മൂന്ന്:

അൽ മസ്ജിദുൽ അഖ്സ്വായുടെ ചരിത്രം

ഭൂമിയിലെ ആദ്യത്തെ ആരാധനാ ഗേഹം ബക്കയില്‍ പണികഴിപ്പിച്ച കാര്യം ഖുര്‍ആനില്‍ പറയുന്നുണ്ട്. വാസ്തുവിദ്യാ+ Archeological ഗവേഷകര്‍ക്ക് പരിശോധിക്കാവുന്ന സംഗതിയാണിത്. അതിനുശേഷം പണിതതാണ് അൽ മസ്ജിദുൽ അഖ്സ്വാ എന്ന കാര്യത്തിൽ സംശയമില്ല. വിശുദ്ധ കഅബാലയവും മസ്ജിദുല്‍ അഖ്സ്വായും  അവയുടെ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. പുനര്‍നിര്‍മ്മാണ യത്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബുദ്ധിയുള്ള, മതശാസന നല്‍കാന്‍ മാത്രം ബൌദ്ധികവളര്‍ച്ച ആയിട്ടുള്ള ഭൂമിയിലെ ആദ്യത്തെ മനുഷ്യന്‍ ആദം നബി യാണ്. സ്വാഭാവികമായും ആദം തന്നെ യായിരിക്കണം ആദ്യ മസ്ജിദ് പണിതത്. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം, ഇബ്രാഹീം നബി കഅബ പുതുക്കി പണിതു.

ആദം തുടങ്ങിവെച്ച നിര്‍മ്മാണ പ്രക്രിയയെക്കുറിച്ച്  “ആദ്യമായി സ്ഥാപിക്കപ്പെട്ട” (വുളിഅ– ആല് ഇമ്രാന്‍/96)) എന്നും, ഇബ്രാഹീം നബി നിര്‍വ്വഹിച്ച നവീകരണ പ്രവര്‍ത്തനത്തെ ക്കുറിച്ച് “പടുത്തുയര്‍ത്തിയ സന്ദര്‍ഭം” (യര്‍ഫഉ– ബഖറ/127)) എന്നുമാണ് ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളതെന്ന കാര്യം ശ്രദ്ധേയമാണ്. ‘വുളിഅ’ ഫൌണ്ടേഷന്‍ പ്രവര്‍ത്തനത്തിലേക്കും , ‘യര്‍ഫഉ’ തുടര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്കും കൃത്യമായി വെളിച്ചം തരുന്നു.  കുഞ്ഞായിരിക്കുന്ന ഇസ്മാഈലുമായി ഇബ്രാഹീം മക്കയില്‍ വരുന്നതിനു മുമ്പേ, ഇറാഖിൽ ജീവിക്കുന്ന ഇബ്റാഹീമിന് മക്കയിലെ ‘പരിശുദ്ധ ഭവന’ ത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് ഇബ്രാഹീം/37 ലെ ‘ബൈതുകല്‍ മുഹര്‍റം’ സൂചിപ്പിക്കുന്നു. ഇസ്മാഈലിനു മുപ്പത് വയസ്സുള്ളപ്പോഴായിരുന്നു വിശുദ്ധ ഗേഹത്തിന്‍റെ പണിതുയര്‍ത്തല്‍. ഇക്കാര്യം സ്വഹീഹായ ഹദീസുകളില്‍ വിശദമായി വന്നിട്ടുണ്ട്. ഒരു പക്ഷേ, ഉയർത്തപ്പെട്ട ഭവനത്തിനു തൂണുകളും ചുമരുകളും തകർന്നു പോയ അവസ്ഥയിൽ കേടുപാടുകൾ സംഭവിച്ചപ്പോൾ, ഭവനത്തിന്റെ അടിത്തറയിൽ നിന്നും കെട്ടി ഉയർത്തുന്ന പരിഷ്കരണമായിരിക്കാം ഇബ്‌റാഹീമും ഇസ്മാഈലും ചേർന്ന് നിർവ്വഹിച്ചത്. കഅബയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നവീകരണപ്രക്രിയ എന്ന നിലയ്ക്ക് അത് ഖുർആൻ പ്രത്യേകം പരാമർശിച്ചു.

ആദം നബി തന്നെയായിരുന്നു അൽ മസ്ജിദുൽ അഖ്സ്വാ യും പണിതിട്ടുണ്ടാവുക.  മക്കയിലെ നിര്‍മ്മാണം കഴിഞ്ഞ്, ബൈതുല്‍ മുഖദ്ദസിലെത്തി ആദം നബി തന്നെ അഖ്സ്വായും പണികഴിപ്പിക്കുകയോ അടിത്തറ പണിയുകയോ  ചെയ്തുവെന്നാണ് മനസിലാകുന്നത്. തന്‍റെ അനന്തരാവകാശി ശീസിന്‍റെ നേതൃത്വത്തില്‍ ആയിരിക്കണം ഈ നിര്‍മ്മാണം. ചരിത്ര രചയിതാക്കള്‍ തരുന്ന സൂചനകള്‍ അങ്ങനെയാണ്. പ്രമുഖ ചരിത്രകാരനായ അസ്രഖി, ഇബ്നു ഹിശാം, ഇബ്നുല്‍ അസീര്‍, മുഹമ്മദ്‌ സ്വാലിഹീ, പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഖുര്‍തുബി, ഹദീസ് പരിശോധകരായ ഇമാം ഇബ്നുല്‍ ജൗസി, ഇമാം നവവി, ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനി, അല്ലാമ സുയൂത്വി തുടങ്ങിയ പ്രമുഖജ്ഞാനികള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു.

മക്കയിലെ അൽ ബൈത്തുൽ മുഹറം’ സ്ഥാപിച്ച് നാല്പതു വർഷങ്ങൾക്കു ശേഷമായിരുന്നു ഖുദ്‌സിലെ ‘ബൈത്തുൽ മുഖദ്ദസ്’ സ്ഥാപിച്ചതെന്നാണ് ഹദീസിൽ നിന്നും മനസ്സിലാകുന്നത്. സ്വഹീഹുമുസ്ലിമിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രസിദ്ധമായ ഹദീസിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പ്രവാചക ശിഷ്യൻ അബൂ ദർർ റ അനുസ്മരിക്കുന്നു: ‘ഭൂമിയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട മസ്ജിദ് ഏതാണെന്നു ഞാൻ റസൂലിനോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: ‘അൽ മസ്ജിദുൽ ഹറാം’. ‘പിന്നീട് ഏതാ?’, ഞാൻ വീണ്ടും ചോദിച്ചു. ‘അൽ മസ്ജിദുൽ അഖ്സ്വാ’, നബി ഉത്തരം നൽകി. ‘ഇവ തമ്മിൽ എത്രകാലത്തെ വ്യത്യാസമുണ്ട്?’ എന്നായി എന്റെ ചോദ്യം. ‘നാല്പത് വർഷം’ എന്ന് റസൂൽ മറുപടി നൽകുകയും ചെയ്തു(മുസ്ലിം). ഒരാള്‍ തന്നെയാണ് രണ്ട് മസ്ജിദുകളും പണിതതെന്ന ചരിത്രത്തിലേക്കാണ് പ്രസ്തുത ഹദീസ് സൂചിപ്പിക്കുന്നത്. കേവല നാല്‍പത് വര്‍ഷത്തെ വ്യത്യാസത്തില്‍. ഘടനാപരമായി രണ്ട് മസ്ജിദുകളും ഒരേ തരത്തിലാണ്(വലുപ്പത്തില്‍ അഖ്സ്വാ അനേകമിരട്ടിയുണ്ട്) എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.  അഖ്സ്വായുടെ ഓറിയന്‍റെഷന്‍ (കിടപ്പ്) പരിശോധിച്ചാല്‍ അതിന്‍റെ ദിശ മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് ആണെന്നു കാണാം.

അബ്ദുല്ലാഹി ബ്നു ഉമർ റ യുടെ പ്രസ്താവനയിൽ ഇങ്ങനെ കാണാം: ‘البيت المقدس بنته الأنبياء وعمرته وما فيه موضع شبر إلا وقد سجد عليه نبي أو قام عليه ملك = പ്രവാചകന്മാർ പണിതുപരിപാലിച്ചുകൊണ്ടിരുന്ന ഗേഹമാണ് ബൈത്തുൽ മുഖദ്ദസ്. ഏതെങ്കിലും നബി സുജൂദ് ചെയ്യാത്തതോ, മലക്ക് നിൽക്കാത്തതോ ആയ ഒരു ചാൺ സ്ഥലം പോലും അവിടെയില്ല”.(ഉദ്ധരണം: മുജീറുദ്ധീൻ അൽ അലീമി / അൽ ഉൻസുൽ ജലീൽ ബി താരീഖിൽ ഖുദ്സി വൽ ഖലീൽ. ഉമർ റ ന്റെ സന്താനപരമ്പരയിൽ ഖുദ്‌സിൽ ജനിച്ച പണ്ഡിതനാണ് അലീമി. പിതാവ് ഖുദ്‌സിലെ ഖാസിയായിരുന്നു. അല്ലാമാ സുയൂഥി ‘ഇത്ഹാഫുൽ അഖ്സ്വാ’ യിൽ ഇത് പകർത്തുന്നുണ്ട്. ). ആദം നബിക്കുശേഷം നിയുക്തരായ നബിമാർ, മക്കയിലെ അൽ ബൈത്തുൽ മുഹറമും ജറുസലേമിലെ അൽബൈതുൽ മുഖദ്ദസും പരിപാലിക്കുകയും കേടുപാടുകൾ പരിഹരിച്ച് നവീകരിക്കുകയും ചെയ്തുകൊണ്ടേയിരുന്നു എന്നാണ് ഇബ്നു ഉമർ റ വിന്റെ പ്രസ്താവനയിൽ നിന്നും മനസ്സിലാക്കാവുന്നത്. ഇതിനിടയിൽ, ഖുദ്സ് പ്രദേശം ദക്ഷിണ ശാമിൽ ജീവിച്ചിരുന്ന യബൂസികൾ (ജബൂസ്യ ജനം )പിടിച്ചു. കനാന്റെ (കൻആനികൾ) പിന്മുറക്കാരെന്നാണ് അവരെ വിശേഷിപ്പുക്കുന്നത്. അവർ ഖുദ്‌സിലെ മസ്ജിദ് തകർത്ത് ഹൈക്കൽ (ക്ഷേത്രം )പണിതു. മസ്ജിദ് നിലകൊണ്ടിരുന്ന പ്രദേശത്ത് ഒരു പട്ടണം പണിതു, അതിനു ശാലേം (സലാം/ശാന്തി) എന്ന് പേരുവെച്ചു. ഓഫെൽ മലയിലായിരുന്നു അവരുടെ കോട്ട. സമുദ്ര നിരപ്പിൽ നിന്നും 1400 – 1500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, നാല് വശത്തും മലനിരകളുള്ളതിനാൽ സുരക്ഷിതമായ നഗരം, കാലക്രമത്തിൽ ഓറുശാലം (ശാന്തിഗിരി ) ആയും ജെറുസലേം ആയും രൂപാന്തരപ്പെട്ടു.

പിന്നീട്, ഇബ്‌റാഹീം നബിയുടെ സമകാലികരും നക്ഷത്ര ആരാധകരുമായ സ്വാബികൾ നഗരം ആക്രമിച്ചു. ജബൂസ്യ ജനം ഓഫെൽ മലമ്പ്രദേശത്ത് ചുരുങ്ങി. ജബൂസ്യരുടെ ക്ഷേത്രം, സൗന്ദര്യദേവനായ സുഹ്‌റ നക്ഷത്രക്ഷേത്രമാക്കി പരിവർത്തിപ്പിച്ചു. താമസിയാതെ, ക്ഷേത്രം തകർക്കപ്പെടുകയും തൽസ്ഥാനത്ത് ഇബ്‌റാഹീം നബി മസ്ജിദ് പുതുക്കിപ്പണിയുകയും ചെയ്തു. സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുള്ള മുകളിലുദ്ധരിച്ച ഹദീസ്, ഇബ്‌റാഹീം നബിയുടെ മക്കയിലെയും ഖുദ്‌സിലെയും നവീകരണത്തെ കുറിച്ചാകാമെന്നും ചില ചരിത്ര പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. മക്കയിലെ നവീകരണാനന്തരം ജെറുസലേമിലെത്തിയ ഇബ്‌റാഹീം നബി, നാൽപത് വർഷങ്ങൾക്കു ശേഷമായിരിക്കണം അൽ ബൈത്തുൽ മുഖദ്ദസ് നവീകരണത്തിൽ ഏർപ്പെട്ടത്. എന്നാൽ, ഹദീസിലെ,”ഭൂമിയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട മസ്ജിദ്” എന്ന പ്രയോഗം ആദം നബിയുടെ ബന്ധപ്പെടുത്തുന്നതായിരിക്കും കൂടുതൽ ഭദ്രം.

ഇതിനു ശേഷം ദാവൂദ് നബിയുടെ കാലത്ത് പ്രളയം ഉണ്ടായതും ജനങ്ങള്‍ മസ്ജിദില്‍ താമസിച്ചതും ചരിത്രത്തില്‍ വന്നിട്ടുണ്ട്. പ്രളയാനന്തരം ബൈത്തുൽ മുഖദ്ദസ് നവീകരിക്കാനുള്ള പ്ലാൻ തയ്യാറാക്കിയിരുന്നെങ്കിലും അദ്ദേഹം മരണപ്പെട്ടു. പിന്നീട് സുലൈമാൻ നബി ആ പദ്ധതി പൂർത്തീകരിച്ചു. ഇസ്ലാമിക ലോകത്തെ ആധികാരിക ചരിത്രകാരന്മാരും വാസ്തുവിദ്യാഗവേഷകരും വ്യക്തമാക്കുന്നത്, സുലൈമാന്‍ നബിക്ക് മുമ്പേ അഖ്സ്വാ പള്ളി ഉണ്ടെന്നു തന്നെയാണ്. പിന്നീട്, യോശ പ്രവാചകൻ ജറുസലേമിൽ ജേതാവായി കടന്നുവന്നപ്പോൾ, അദ്ദേഹം ബൈത്തുൽ മുഖദ്ദസ് സ്ഥിതി ചെയ്യുന്ന പാറയ്ക്കു മുകളിൽ വലിയൊരു ഖുബ്ബ പണിതു. അവരുടെ ഖിബ്‌ല ബൈത്തുൽ മുഖദ്ദസ് ആയിരുന്നതിനാൽ, പരിസര പ്രദേശങ്ങളിൽ ഉള്ളവർക്ക് നിസ്കാരദിശ തിരിച്ചറിയാൻ കൂടിയായിരുന്നു അത്. പിന്നീടുവന്ന നബിമാരെല്ലാം ഈ ഖിബ്‌ലയിലേക്കാണ് തിരിഞ്ഞു നിസ്കരിച്ചു .

പവിത്രമായ അൽബൈതുൽ മുഖദ്ദസ് പിന്നെയും പലവട്ടം നശിപ്പിക്കപ്പെടുകയും പുനർനിമ്മിക്കപ്പെടുകയും ചെയ്തതായി ചരിത്രത്തിൽ കാണാം. സുലൈമാൻ നബി പണികഴിപ്പിക്കുമ്പോൾ ആരാധനാലയത്തിന്റെ അന്തർഭാഗം അതി വിശുദ്ധ സ്ഥലം, വിശുദ്ധ സ്ഥലം, പൂമുഖം എന്നിങ്ങനെ മൂന്നായി വിഭജിച്ചുവെന്നാണ് ചരിത്രം. സുലൈമാന് ശേഷം, തന്റെ അനന്തരാവകാശികളുടെ കാലത്ത് ആരാധനാലയം അവിശുദ്ധമാക്കുന്ന സംഭവങ്ങൾ പലതുമുണ്ടായി. മൂന്നു ശതാബ്ദങ്ങളിൽ പലപ്പോഴായി ഉണ്ടായ ഇത്തരം സംഭവങ്ങളിൽ ഭവനത്തിനു സാരമായ കേടുപാടുകൾ സംഭവിക്കുകയും, ജനങ്ങളിൽ നിന്നും പിരിവെടുത്ത് വിശുദ്ധ ഭവനം കേടുപാടുകൾ തീർക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തതായി ബൈബിൾ 2 രാജാക്കന്മാർ 22 : 4 വ്യക്തമാക്കുന്നു.

ക്രി. മു . 567 ൽ വിശുദ്ധ ഭവനം ഭീകരമായ ആക്രമണത്തിനിരയായി; ഭവനം കൊള്ളയടിച്ച് നിശ്ശേഷം നശിപ്പിച്ചു. ബാബിലോണിയൻ രാജാവായ നെബൂഖദ്‌നസർ (ബുഖ്തനസ്സർ) ആയിരുന്നു ഈ ക്രൂര ആക്രമണത്തിന് നേതൃത്വം നൽകിയത്. കൽദായ രാജവംശം സ്ഥാപിച്ച നബോപലാസരുടെ മകനാണ് താരം. ബാബിലോണിയൻ പ്രതാപത്തിന്റെ പരകോടിയായിരുന്നു ആ കാലം. വിശുദ്ധ ഭവനം തീവെച്ചു നശിപ്പിച്ച നെബൂഖദ്‌നസർ അവിടെ കാണിച്ച മഹാക്രൂരതകളുടെ ചരിത്രം 2 രാജാക്കന്മാർ ഇരുപത്തഞ്ചാം അധ്യായത്തിൽ  വിവരിക്കുന്നത് നെടുവീർപ്പോടെയല്ലാതെ വായിക്കാനാവില്ല ഇരുപത്തഞ്ച് ശതകങ്ങൾ കഴിഞ്ഞ ഈ കാലത്തും(വേദ ശബ്ദ രത്‌നാകരം/ ഡി ബാബുപോൾ).

ജറുസലേമിലെ മനുഷ്യരെ മുഴുവൻ കൊന്നൊടുക്കിയ നരനായാട്ടിന് ശേഷം, അമ്പതു വർഷം കഴിഞ്ഞ്, ഒരുപറ്റം പ്രവാസികൾ തിരിച്ചെത്തി വീണ്ടും ആരാധനാ മന്ദിരം പണിതു. ദാവീദിന്റെ പിന്മുറക്കാരനായ ഷിയാൽ തിയേലിന്റെ പുത്രനും പ്രവാസാനന്തര നാളുകളിൽ യൂദാ പ്രവിശ്യയിൽ ഗവർണറുമായിരുന്ന സെരുബ്ബാബേൽ(زربابل ) ആയിരുന്നു നവീകരണയജ്ഞത്തിനു നേതൃത്വം. ക്രി മു 537 ൽ പണി തുടങ്ങിയെങ്കിലും എതിർപ്പുകൾ നിമിത്തം ഇരുപതിലേറെ വർഷങ്ങൾ കഴിഞ്ഞാണ് പൂർത്തിയായത്.  പിന്നീട്, ഏതാണ്ട് അഞ്ഞൂറ് വർഷം ഇതേ നിലത്തുടർന്നു.

ക്രി മു. 19 ൽ, ഹേരോദ് (Herod هيردوس) വിശുദ്ധ ഭവനം പുതുക്കാനുള്ള പണി ആരംഭിച്ചു.ബിസി 70 മുതൽ AD 70 വരെ വിശുദ്ധ നാട് ഭരിച്ച ഇദൂമിയൻ രാജവംശമാണ് ഹേരോദ്. സുലൈമാൻ നബി പണിത ഭവനത്തിന്റെ അളവിലായിരുന്നെങ്കിലും, പതിനായിരം തൊഴിലാളികളെയും പുരോഹിതർക്ക് മാത്രം പ്രവേശിക്കാവുന്ന സ്ഥലം നിർമ്മിക്കാൻ ആശാരിപ്പണി പഠിപ്പിച്ച ആയിരം പുരോഹിതന്മാരെയും നിയോഗിച്ചു പണികഴിപ്പിച്ച ഭവനത്തിനു, പ്രൗഢി കുറവായിരുന്നുവത്രെ. പത്തുവർഷം കൊണ്ട് ഒരുവിധം പണി കഴിപ്പിച്ചെങ്കിലും, AD 64 ലാണ് ഉദ്ദേശിച്ച വിധം പണി പൂർത്തിയാകുന്നത്. ഈ അവസ്ഥയിലുള്ള ഭവനമാണ്, ബനൂ ഇസ്രാഈലിലേക്ക് അയക്കപ്പെട്ട അവസാനത്തെ പ്രവാചകൻ ഈസാ ബ്നു മറിയം കാണുന്നത്. തന്റെ ദൗത്യം നിഷേധിച്ച ബനൂ ഇസ്രാഈല്യരുടെ അന്തസ്സും പ്രതാപവും ബൈത്തുൽ മുഖദ്ദസിന്മേലുള്ള അധികാരവും നഷ്ടപ്പെടുമെന്ന ഈസായുടെ മുന്നറിയിപ്പ് പുലർന്നതായിരിക്കണം, AD എഴുപതിൽ പ്രസ്തുത ഭവനം വീണ്ടും പാടേ നശിപ്പിക്കപ്പെട്ടു.

ഇത്തവണ ജൂദ റിബലുകളുടേതായിരുന്നു ആക്രമണം. ആദ്യ ജൂദ റോമൻ യുദ്ധത്തിന്റെ ഭാഗമായിരുന്നു ഈ ആക്രമണം. റോമൻ ആധ്യപത്യത്തിലായിരുന്ന ജറുസലേമിൽ പരാക്രമം കാണിച്ച ജൂദ സേന വിശുദ്ധ ഭവനത്തിന് തീകൊടുത്തു നശിപ്പിക്കുകയായിരുന്നു. റോമൻ പക്ഷത്തുള്ള ജൂദ പണ്ഡിതൻ Titus Flavius Josephus നൽകുന്ന നേരനുഭവ കുറിപ്പുകളിൽ നിന്നും ഈ ജൂദഭീകരതയുടെ ചിത്രം വിശദമായി മനസ്സിലാക്കാം.

വിശുദ്ധ ഖുർആൻ ഇസ്രാ നാലു മുതൽ ഏഴുവരെ സൂക്തങ്ങളിൽ പറയുന്ന, ബനൂ ഇസ്രാഈല്യരുടെയും മസ്ജിദിന്റെയും ഒന്നാം ഘട്ട നാശവും രണ്ടാം ഘട്ടനാശവും മുകളിലെ സംഭവങ്ങളിൽ ഏതാണെന്നു നിർണ്ണയിക്കുവാൻ മുഫസ്സിറുകൾക്ക് കൃത്യമായ ന്യായങ്ങളൊന്നുമില്ല. എന്നാൽ ബുഖ്തനസറിന്റെ നേതൃത്വത്തിൽ അരങ്ങേറിയ Siege of Jerusalem (587 BC) ആദ്യ ഘട്ടമായും, ജൂദ റിബലുകളുടെ ആക്രമണം Siege of Jerusalem (70 CE) രണ്ടാം ഘട്ടമായും വിവരിക്കുന്നതായിരിക്കും ചരിത്രത്തോട് ഏറെക്കുറെ നീതിപുലർത്തുക.

കാലക്രമത്തിൽ , മുഴുവൻ നബിമാരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുസ്ലിംകളുടെ കരങ്ങളിലേക്ക് , ബൈത്തുൽ മുഖദ്ദസിന്റെയും അതുനിലകൊള്ളുന്ന പ്രദേശത്തിന്റെയും അധികാരവും നടത്തിപ്പും കടന്നുവന്നത് സ്വാഭാവികം മാത്രം. പ്രവാചക പാരമ്പര്യത്തിന്റെ യഥാർത്ഥ തുടർച്ചക്കാരെന്ന നിലയ്ക്ക് അതവരുടെ കൈകളിൽ തന്നെ സുഭദ്രമായിരിക്കണം.

മക്കയിലെ പ്രബോധന ഘട്ടത്തിൽ തഹജ്ജുദ് , ളുഹാ തുടങ്ങിയ ഐച്ഛിക നിസ്കാരങ്ങൾ മുഹമ്മദ് നബി പതിവാക്കിയിരുന്നു. അന്ന് മക്കയിലെ കഅബയിലേക്കായിരുന്നു തിരിഞ്ഞു നിസ്കരിച്ചിരുന്നത്. പത്തുവർഷത്തോളം അങ്ങനെ മുന്നോട്ടുപോയി. ഹിജ്‌റയുടെ ഏതാണ്ട് ഒരു വർഷം മുമ്പാണ് രാപ്രയാണം ഉണ്ടാകുന്നത്. ബൈത്തുൽ മുഖദ്ദസ് അഥവാ ‘അൽ മസ്ജിദുൽ അഖ്സ്വാ’ യുമായുള്ള ബന്ധം ആരംഭിക്കുന്നത് അത് മുതൽക്കാണ്. അഞ്ചു നേരത്തെ നിസ്കാരം കല്പിക്കപ്പെട്ടിരുന്നെങ്കിലും, മദീനയിലേക്ക് പലായനം ചെയ്ത ശേഷമാണ് നിർബന്ധ പഞ്ചനേര നിസ്കാരം ജനങ്ങൾക്കിടയിൽ നടപ്പിലാക്കിയത്. തുടർന്ന്, അല്ലാഹുവിന്റെ കല്പന പ്രകാരം, ഏതാനും മാസങ്ങൾ ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞായിരുന്നു നബിയും അനുയായികളും നിസ്കരിച്ചത്. മദീനയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്ന ജൂദ സമൂഹവും അവരുടെ പ്രാർത്ഥനകൾ അങ്ങോട്ട് തിരിഞ്ഞായിരുന്നു നിർവ്വഹിച്ചിരുന്നത്. ഇബ്രാഹീമീ പൈതൃകത്തിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിച്ച നബിയോട് പഴയതുപോലെ ‘അൽ മസ്ജിദുൽ ഹറാമി’ലേക്ക് തിരിഞ്ഞുകൊള്ളാൻ അല്ലാഹുവിങ്കൽ നിന്നും കല്പന വന്നു. മദീനയിലെ പ്രവാചക മസ്ജിദും ഹറമും പണി പൂർത്തിയ ആ ഘട്ടമായിരുന്നു അത്. ഒരു സ്വതന്ത്ര കേന്ദ്രം സ്ഥാപിക്കുക എന്ന നിലയ്ക്ക് മദീനയിലേക്ക് തിരിയാൻ കല്പിക്കുകയായിരുന്നില്ല നബി. പൈതൃകമാണ് ശരി എന്ന നിലപാടായിരുന്നു പ്രവാചകന്. എന്നാൽ, ആദം നബി മുതൽ ഒട്ടേറെ നബിമാരുടെ ചരിത്രം പറയുന്ന, യഅഖൂബ് നബി മുതൽ ഈസാ നബി വരെയുള്ളവരുടെ ഖിബ്‌ല ആയിരുന്ന ‘അൽ ബൈത്തുൽ മുഖദ്ദസ്’ പ്രത്യേകം പുണ്യമുള്ള മൂന്നു മസ്ജിദുകളിൽ(മക്ക, മദീന, ഖുദ്സ്) ഒന്നായി പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ പൂർവ്വ പിതാക്കളുമായെല്ലാം ബന്ധം നിലനിർത്തുന്ന(കുല പിതാവുമായി പ്രത്യേക ബന്ധവും കുല പിതാ മഹാനുമായി അടുത്ത ബന്ധവും) ഒരു സമഗ്ര ഇബ്റാഹീമീ സരണിയുടെ വക്താവായി മുഹമ്മദ് നബി സ്വ നിലകൊണ്ടു.

അൽ മസ്ജിദുൽ അഖ്സ്വാ എന്ന് ഖുർആനിലൂടെ പേരുവെക്കപ്പെട്ട ബൈത്തുൽ മുഖദ്ദസ് ആദം നബി മുതൽ ഈസാ നബി വരെയുള്ളവരുടെ പരിപാലനത്തിലൂടെ കടന്നുപോയ പുണ്യ ഗേഹമാണ്; ഇടക്കാലത്ത് പ്രധാന നവീകരണം നടത്തിയ രണ്ടുപേരാണ് ഇബ്‌റാഹീം നബിയും സുലൈമാൻ നബിയും. ഇബ്‌റാഹീം നബിയോ സുലൈമാൻ നബിയോ അല്ല, അൽ ബൈത്തുൽ മുഖദ്ദസ് ആദ്യമായി പണിയുന്നത്. ഭൂഗർഭ ഗവേഷകർക്ക് ശലോമോന്റെ ദേവാലയത്തോട് ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായിട്ടില്ല. ഹെരോദിന്റെ കാലത്തെ പുനർനിർമ്മാണത്തിൽ അതിനു മുമ്പുണ്ടായിരുന്നതിന്റെ അവശിഷ്ടങ്ങളെല്ലാം തച്ചുടയ്ക്കപ്പെട്ടതിനാലാവാം ഇങ്ങനെ സംഭവിച്ചത്. ഹെരോദ് പണിത ഭവനത്തിന്റെ തകർക്കപ്പെട്ട അവശിഷ്ടങ്ങളാണ് നബിയുടെ രാപ്രയാണ സമയത്ത് അവിടെയുണ്ടായിരുന്നത്.

നാല്

രാപ്രയാണസമയത്ത് അവിടെ മസ്ജിദ് ഉണ്ടായിരുന്നോ?

നബിയുടെ രാപ്രയാണ സമയത്ത്, ഖുദ്‌സിൽ ‘അൽ മസ്ജിദുൽ അഖ്സ്വാ’ എന്നോ ‘ഖുബ്ബത്തുസ്സ്വഖ്റ:’ എന്നോ ഇന്ന് പേരുള്ള ഒരു കെട്ടിടവും ഉണ്ടായിരുന്നില്ല. മുസ്ലിം പോരാളികൾ ജെറുസലേം നഗരം പിടിച്ചടക്കിയ ശേഷം, അന്നത്തെ ജെറുസലേം നഗരത്തിലെ പാട്രിയാക്കും പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെയും കത്തോലിക്കാ സഭയുടെയും വക്താവും ബൈബിൾ പണ്ഡിതനും ദർശനികനുമായ Sophronius മുസ്ലിംകളുടെ ഖലീഫയ്ക്കല്ലാതെ നഗരത്തിന്റെ അധികാരം കൈമാറുകയില്ലെന്ന് നിർബന്ധം പിടിച്ചപ്പോൾ, ഖലീഫ ഉമർ റ ജെറുസലേം സന്ദർശിച്ചു. സകല ആദരവുകളോടെയും പാട്രിയാക്കിൽ നിന്നും നഗരം ഏറ്റെടുത്തു; നഗര കവാടങ്ങളുടെയും ചില പൈതൃക സ്ഥാനങ്ങളുടെയും താക്കോലുകൾ കൈപറ്റി. അവിടെ ഉണ്ടായിരുന്ന എല്ലാ മത ചിഹ്നങ്ങളും കേന്ദ്രങ്ങളും അതേപടി നിലനിർത്തുകയും അവിടെ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. അവരുമായി ഖലീഫ ഉടമ്പടി ചെയ്തു; ‘ഉമരീ ഉടമ്പടി’ എന്ന പേരിൽ അത് ചരിത്രത്തിൽ പ്രസിദ്ധമായി. സൈന്യം ഇരച്ചു കയറുന്നതിനു മുന്നേ, കീഴടങ്ങാൻ സന്നദ്ധരാകുന്ന നാട്ടിൽ എടുക്കാവുന്ന നടപടികൾക്ക് ഖലീഫ മാതൃകയായി.

ഔദ്യാഗിക ഏറ്റെടുക്കൽ ചടങ്ങുകൾക്ക് ശേഷം, പാട്ര്യാർക്കുമായി അവർ ഹറമിൽ പണിത ‘ഖിയാമ കനീസ’ സന്ദർശിച്ചു. സന്ദർശനത്തിനിടയ്ക്ക് നിസ്കാര സമയം ആയപ്പോൾ, കനീസയ്ക്കകത്ത് നിസ്കരിക്കാൻ സൗകര്യപ്പെടുത്താമെന്ന് Sophronius സന്നദ്ധത കാണിച്ചെങ്കിലും, പിന്നീട് ഒരാവകാശ തർക്കത്തിന് ഹേതുവാകുമെന്ന ആശങ്ക അറിയിച്ചു. ഖലീഫയുടെ ദീർഘദൃഷ്ടിയോടെയുള്ള നിലപാട് ക്രിസ്ത്യൻ നേതാക്കളിൽ മതിപ്പുളവാക്കി. കനീസയിൽ നിന്നും പുറത്തിറങ്ങിയ ഖലീഫ, ക്രിസ്ത്യൻ പാട്രിയാക്കും സംഘത്തെയും കൂട്ടി, ഖുദ്സ് ഹറം ചുറ്റി സഞ്ചരിച്ചു. അവിടെ അവശേഷിക്കുന്ന പൈതൃക ശേഷിപ്പുകൾ ഓരോന്നും തിരഞ്ഞു; വിശിഷ്യാ നബിയുടെ രാപ്രയാണ സംഭവത്തിന് സാക്ഷിയായ സ്ഥാനങ്ങൾ.  രാപ്രയാണ രാത്രിയിലെ അനുഭവങ്ങൾ നബി പങ്കുവെച്ച ഓർമ്മകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ തിരച്ചിൽ.  പല ഭാഗത്തും കുഴിപ്പിച്ചു നോക്കുകയും, അവശിഷ്ടങ്ങൾ സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്തു. മണൽകൂനകൾ പലതും തട്ടിനിരത്തി. റോമിന്റെ അവഗണന നിമിത്തം പല പൈതൃക പുണ്യ സ്ഥാനങ്ങളും കച്ചറകളും മറ്റും കുന്നുകൂടികിടക്കുകയായിരുന്നു. ജൂദ സമുദായത്തിൽ നിന്നും ഇസ്‌ലാമിലേക്ക് മാറിയ സഹോദരങ്ങളുമായി ഖലീഫ ചർച്ച ചെയ്തു, അവിടത്തെ സ്ഥാനങ്ങൾ തിരിച്ചറിയാൻ. പ്രമുഖ ജൂദ പണ്ഡിതനായിരുന്ന കഅബുൽ അഹ്ബാർ അക്കൂട്ടത്തിലുണ്ടായിരുന്നു. “ആ പൈതൃക പാറക്കല്ല് എവിടെയാണെന്ന് താങ്കൾക്ക് അറിയുമോ?’, ഖലീഫ അദ്ദേഹത്തോട് ചോദിച്ചു. “നരക താഴ്വര(വാദീ ജഹന്നം) യോട് ചേർന്ന് കാണുന്ന മതിലിൽ നിന്നും ഏതാനും വാര അകലെ. ബൈത്തുൽ മുഖദ്ദസിന്റെ കിഴക്കേ അതിർത്തിച്ചുമർ അവിടെയാണ്. അവിടെ കുഴിച്ചു നോക്കൂ; താങ്കൾക്ക് അത് കണ്ടെത്താം”, കഅബുൽ അഹ്ബാർ നിർദ്ദേശിച്ചു. ഇന്ന് കാണുന്ന ചുറ്റുമതിലിന്റെ കിഴക്കേ അതിർത്തിയുടെ പുറത്താണ് ഈ നരകതാഴ്വര.

നബി സ്വ യുടെ വിവരണ പ്രകാരം, മുഴുവൻ പ്രവാചകന്മാരുടെയും ആത്മാക്കൾക്ക് നേതൃത്വം നൽകി അവിടുത്തെ തിരു മുഖം നിലത്തുവെച്ച് നിസ്കരിച്ച ‘ബൈത്തുൽ മുഖദ്ദസ്’ നിലകൊള്ളുന്ന പാറക്കല്ല് കണ്ടെത്താമെന്ന പ്രതീക്ഷയിൽ തിരച്ചിൽ ആവേശപൂർവ്വം മുന്നോട്ടുപോയി. ഖലീഫയ്ക്കൊപ്പം ഉല്ഖനന പ്രവർത്തനങ്ങളിൽ പങ്കെടുത്ത പാട്രിയാർക്കും മറ്റു നേതാക്കളും സ്ഥലവാസികളും ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങൾ, കണ്ടെടുക്കുന്ന വസ്തുക്കൾ നോക്കി ഖലീഫ പറയും, ‘ഇതൊന്നുമല്ല, നബി സ്വ എനിക്ക് മസ്ജിദിന്റെ സ്വഭാവവും അത് പണിതിട്ടുള്ള പാറയുടെ ഘടനയും കൃത്യമായി വിവരിച്ചു തന്നിട്ടുണ്ട്”.

ദീർഘ നേരത്തെ ഉദ്ഖനനത്തിനൊടുവിൽ, അവർ ‘അൽബൈത്തുൽ മുഖദ്ദസിന്റെ/ അൽ മസ്ജിദുൽ അഖ്സ്വായുടെ പടിവാതിൽ അവശിഷ്ടങ്ങൾ കണ്ടുപിടിച്ചു. മണൽ കുമിഞ്ഞുകൂടി മറഞ്ഞുപോയ പഴയ അവശിഷ്ടങ്ങൾ. മണൽ നീക്കൽ തുടർന്നപ്പോൾ മസ്ജിദിന്റെ നടുമുറ്റം കാണായി. ആ ഭാഗം നന്നായി പരിശോധിച്ച ശേഷം ഖലീഫ പ്രഖ്യാപിച്ചു: ‘അല്ലാഹുവാണ, നബി സ്വ എനിക്ക് വിവരിച്ചു തന്ന ആ സ്ഥലം ഇതുതന്നെയാണ്”. നഗര കാര്യങ്ങൾ ചുമതലപ്പെടുത്തിയ തന്റെ പ്രതിനിധികളോട്, കണ്ടെത്തിയ  ആ അടിത്തറയിൽ ഒരു മസ്ജിദ് പണിതുയർത്താൻ കല്പിച്ചു. അല്പം മാറി കാണപ്പെട്ട പാറയുടെ മുകളിൽ മരത്തടികൾ കൊണ്ട് ഒരു ഖുബ്ബ പണിയാനും. അങ്ങനെ, പ്രവാചകന്മാരുടെ തുടർച്ചയിൽ, അൽബൈത്തുൽ മുഖദ്ദസ്’ നവീകരിക്കുകയെന്ന മഹത്തായ ചരിത്ര ദൗത്യം നിർവഹിക്കാൻ ഖലീഫ ഉമറിനു മഹാഭാഗ്യം ലഭിച്ചു.

നബി സ്വ യുടെ രാപ്രയാണ സമയത്ത്, മസ്ജിദ് പൂർണ്ണ രൂപത്തിൽ ഉണ്ടായിരുന്നുവെന്നും പ്രസ്തുത പാറ കാണപ്പെട്ടിരുന്നുവെന്നും പിന്നീടത് മൂടിപ്പോയതാണെന്നും കരുതാൻ നിവൃത്തിയില്ല. ഇസ്രാഇനും ഖലീഫയുടെ സന്ദർശനത്തിനും ഇടയ്ക്ക് പതിനേഴ് -പതിനെട്ട് വർഷമേ ഉള്ളൂ. ആ കാലയളവിൽ മസ്ജിദും പാറയും പാടേ മണ്ണിൽ മറഞ്ഞതായിരിക്കാൻ വഴിയില്ല. ഒരുപക്ഷേ, രാപ്രയാണ സമയത്ത്  അവശിഷ്ടങ്ങൾ കാണപ്പെട്ടിരിക്കാം. അത് കുറച്ചുകൂടി മണ്ണിൽ മൂടിപ്പോയ ശേഷമായിരിക്കണം ഉമർ റ ന്റെ സന്ദർശനം .

അഞ്ച്

ഇന്നവിടെ ബൈത്തുൽ മുഖദ്ദസ് ഏതാണ് ?

ഖുദ്സ് ഹറമിനുള്ളിൽ ഉമർ റ നവീകരിച്ച മസ്ജിദ് ഉമരി പഴയ ‘അൽ ബൈത്തുൽ മുഖദ്ദസ്’ / ‘അൽ മസ്ജിദുൽ അഖ്സ്വാ’ യെ പൂർണ്ണമായി ഉൾക്കൊള്ളുന്നതല്ല. പഴയ അടിത്തറയിൽ അല്പം ഭാഗത്തായിരുന്നു നിർമ്മാണം എന്ന് മാത്രം. അതിനടുത്ത് കാണുന്ന ‘പാറപ്പുറത്തെ ഖുബ്ബ’യും ‘അൽ ബൈത്തുൽ മുഖദ്ദസിന്റെ ഭാഗം തന്നെയാണ്; അന്യമല്ല. ഇന്നവിടെ മസ്ജിദിനോട് ചേർന്ന് കിഴക്കും വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കാണുന്ന റവാഖുകളും, ചുമരുകൾക്കുള്ളിലെ കവാടങ്ങളും വിശാലമായ മുറ്റങ്ങളും മർവ്വാനീ മുസ്വല്ലയും (Hallways ) ഖുബ്ബകളും പ്ലാറ്റുഫോമുകളും മറ്റും ഇതിൽ പെടുന്നു. അൽ മസ്ജിദുൽ ഉമരി / ഖിബലി എന്നറിയപ്പെടുന്നത് മാത്രമാണ് പഴയ ‘അൽ ബൈത്ത് മുഖദ്ദസ്’ എന്ന ധാരണ ശരിയല്ല; ഖുബ്ബത്തുസ്സഖ്റ : ബൈത്തുൽ മുഖദ്ദസ് അല്ലെന്ന ധാരണയും ശരിയല്ല.  ചരിത്രപരമായ സൂചനകൾ കൂടുതൽ ബന്ധപ്പെട്ടുകിടക്കുന്നത് ഈ പാറപ്പുറത്താണ്. പ്രവാചകന്മാർ നിസ്കാരം നിർവ്വഹിച്ചിരുന്നത്, മറിയം ആരാധനയ്ക്കായി പാർത്തിരുന്ന മിഹ്രാബ് പണിതിരുന്നത് ഈ പാറപ്പുറത്തായിരുന്നു. ബനൂ ഇസ്രാഈൽ നിസ്കാരത്തിനു ഖിബ്‌ല ആക്കിയിരുന്നത് ഇതിനു മുകളിൽ സ്ഥാപിച്ചിരുന്ന ഖുബ്ബയിലേക്ക് തിരിഞ്ഞാണ്. ദൃഷ്ടിയിൽ ഗാംഭീര്യം തോന്നിക്കുന്ന ഖുബ്ബ ‘ബൈത്തുൽ മുഖദ്ദസ്’ ആയത് സ്വാഭാവികമാണ്. അതിൽ ഗൂഡാലോചന ഉണ്ടെന്ന പ്രചാരണം വാസ്തവമല്ല. ഗൂഡാലോചന ഉണ്ടെന്ന പ്രചാരണം ഒരു ഗൂഢാലോചന ആണോന്ന് സംശയിക്കാം. മസ്ജിദ് ഉമരിയിലേക്ക് ബൈത്തുൽ മുഖദ്ദസിനെ ചുരുക്കാൻ സാധിക്കുമല്ലോ. ഇപ്പോൾ തന്നെ പല മുസ്ലിംകളും അങ്ങനെ കരുതിപ്പോരുന്നു. ഇന്നവിടെ പണിതിട്ടുള്ള ചുറ്റുമതിലിനകത്ത് (ഏതാണ്ട് 140900 ചതുരശ്ര മീറ്റർ ഏരിയ/ 140 ലേറെ ചതുരശ്ര കിലോമീറ്റർ ) എവിടെ നിസ്കരിച്ചാലും ‘അൽ ബൈത്തുൽ മുഖദ്ദസിൽ നിസ്കരിച്ച പ്രതിഫലം ലഭിക്കുന്നതാണ്. ജ്ഞാനികളും ചരിത്രകാരന്മാരും സമവായത്തിൽ എത്തിയ സംഗതിയാണിത്.

ഉമർ റ ന്റെ നവീകരണത്തിന് ശേഷം അമവി ഖലീഫ അബ്ദുൽ മലിക് ബ്നു മർവാൻ മസ്ജിദ് പരിഷ്ക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മകൻ വലീദ് AD 705 ൽ പണി പൂർത്തീകരിച്ചു. അപ്പോൾ അതിൻ്റെ ഉൾവശം 80X55 മീറ്റർ മാത്രമാണ്. മുൻഭാഗത്ത് ഒരു ഖുബ്ബയും 53 മാർബിൾ തൂണുകളും ചതുരാകൃതിയിൽ കരിങ്കല്ലിൽ പണിത 49 ചുമർ പില്ലറുകളും പതിനൊന്നു കവാടങ്ങളും അടങ്ങിയതായിരുന്നു മർവാനീ നവീകരണം. 1099 ൽ കുരിശു ഭീകരർ ജെറുസലേം ആക്രമിച്ചു കയ്യടക്കിയപ്പോൾ, അവർ മസ്ജിദിന്റെ രൂപം മാറ്റി. ഒരുവശത്ത് ചർച്ചും മറ്റൊരു വശത്ത് കുതിരപ്പട്ടാളക്കാർക്ക് വീടുകളും വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുന്ന അറകളും സ്ഥാപിച്ചു. എൺപത്തിയെട്ടു വർഷങ്ങൾക്കു ശേഷം, സുൽത്വാൻ സ്വലാഹുദ്ധീൻ അയ്യൂബി നഗരം തിരിച്ചുപിടിച്ചപ്പോൾ, മസ്ജിദ് പൂർവ്വ സ്ഥിതിയിലാക്കി. അലപ്പോയിൽ നൂറുദ്ധീൻ സിങ്കി പണികഴിപ്പിച്ച മനോഹരമായ മിമ്പർ മസ്ജിദിനകത്ത് സ്ഥാപിച്ചു. 1969 ആഗസ്റ്റ് 11 നു ജൂദ ഭീകരർ അൽ മസ്ജിദുൽ അഖ്‌സ്വായ്ക്ക് തീ കൊടുത്ത സംഭവം വരെയും പ്രസ്തുത മിമ്പർ അവിടെ ഉണ്ടായിരുന്നു. സോളമൻ ക്ഷേത്രത്തിന്റെ പേരുപറഞ്ഞു ജൂദന്മാർ മസ്ജിദിനു ചുറ്റും താഴെയും വിവിധ ഖനനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ.

ഉമർ റ ന്റെ നവീകരണത്തിന് ശേഷം, വലീദ് ബ്നു അബ്ദിൽ മാലികിന്റെ കാലത്താണ്, ഇന്നുകാണുന്ന ഖുബ്ബത്തു സഖ്‌റ പണികഴിപ്പിച്ചത്. മുസ്ലിം നിർമ്മാണ കലയുടെ പ്രൗഢിയും പ്രതാപവും കാണിക്കുന്ന ഇപ്പോഴും നിലനിൽക്കുന്ന  ചരിത്ര സ്മാരകങ്ങളിൽ ഒന്നാണിത്.

അൽ മസ്ജിദുൽ അഖ്സ്വാ എന്ന ഹറം പ്രദേശത്തെ ചുറ്റിയുള്ള മതിലിന്റെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ പതിനാലു കവാടങ്ങൾ ഉണ്ട്. പക്ഷേ, അതിൽ പലതും ജൂദ കയ്യേറ്റത്തിന് ശേഷം അടഞ്ഞുകിടക്കുകയാണ്. ജൂദന്മാർ തകർക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള മസ്ജിദിന്റെ നിസ്കാര ഏരിയ യുടെ ഏറ്റവും അടുത്തുള്ള ‘മൊറോക്കൻ കവാട’ത്തിന്റെ താക്കോൽ 1969 മുതൽ ജൂദകരങ്ങളിലാണ്, അവർക്ക് അത് തുറക്കാനും അടയ്ക്കാനും അധികാരമുണ്ട്. ഹറം കോമ്പൗണ്ടിൽ കാണുന്ന നാല് ‘ബാങ്ക് ഗോപുരങ്ങൾ’ മംലൂകികൾ പണിതതാണ്. മസ്ജിദിന്റെ കിഴക്കു ഭാഗത്തെ നാല് ഏക്കറോളം വരുന്ന ഒഴിഞ്ഞ ഹാൾ ‘അൽമുസ്വല്ലൽ മർവാനി’ എന്നറിയപ്പെട്ടു. കുരിശ് ഭീകരർ കയ്യേറിയ കാലത്ത്, സൈനികരുടെ കുതിരകളും മറ്റു യാത്രാ മൃഗങ്ങളും പാർക്ക് ചെയ്യുന്ന സ്ഥലമായി ഇത് ഉപയോഗിച്ചു. Solomon’s Stables എന്നാണ്ഈ ഭാഗം അവർക്കിടയിൽ അറിയപ്പെട്ടുക. ഈ ഭാഗം സുലൈമാൻ നബി പണി കഴിപ്പിച്ചതാകുന്നു എന്ന കൃത്രിമ കഥയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ വിളിക്കുന്നത്. യഥാർത്ഥത്തിൽ ഇത് പഴയ നിർമ്മിതിയല്ല; മർവാൻ പണിതതാണ്.

മസ്ജിദിന്റെ ചുമരിനോട് ചേർന്ന തെക്കുപടിഞ്ഞാറ് ഭാഗത്താണ്, അമ്പത് മീറ്റർ നീളവും ഇരുപത് മീറ്റർ ഉയരവുമുള്ള ‘ബുറാഖ് മതിൽ‘. അത് അൽ മസ്ജിദുൽ അഖ്സ്വായുടെ ഭാഗം തന്നെയാണ്. ഇതിനെ ജൂദർ ‘വിലാപമതിൽ’ എന്ന് വിളിക്കുന്നു. സുലൈമാൻ ക്ഷേത്രത്തിന്റെ അവശേഷിപ്പാണെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ, ജൂദ കയ്യേറ്റം നടന്നതിന് ശേഷമല്ലാതെ, അതിനു മുമ്പൊരിക്കലും ജൂദ സമുദായം ഈ മതിലിൽ അവകാശവാദം ഉന്നയിച്ചിരുന്നില്ല എന്നതാണ് ചരിത്രം. അത്രയും കാലം ജൂദന്മാർ ഖുദ്സ് സന്ദർശിക്കാൻ വന്നാൽ, കിഴക്കേ ചുറ്റു മതിലിനടുത്ത് ആരാധനകൾ ചെയ്യുകയും നേരെ പടിഞ്ഞാറേ മതിൽ വഴി തിരിഞ്ഞുപോവുകയുമായിരുന്നു പതിവ്.

മക്കയിൽ നിന്നും ജെറുസലേമിലേക്ക്, അൽ മസ്ജിദുൽ ഹറാമിൽ നിന്നും അൽ മസ്ജിദുൽ അഖ്‌സ്വായിലേക്ക് തന്റെ ദാസനെ രാപ്രയാണം ചെയ്യിച്ച തമ്പുരാന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. രണ്ടു കൈവഴികളായി പിരിഞ്ഞുപോയ ഇബ്റാഹീമി പാരമ്പര്യങ്ങളെ ഏകോപിപിപ്പിക്കാനുള്ള, സകല പ്രവാചകന്മാരുമായും ആത്‌മ -ആദർശ ബന്ധം സ്ഥാപിക്കാനുള്ള യാത്രയായിരുന്നു അത്. ഏകപിതാവായ ആദമിലേക്കുള്ള മനുഷ്യമക്കളുടെ ഏകോപനത്തിനു സാക്ഷിയായി മക്കയിലെ വിശുദ്ധ ഭൂമി നിലകൊള്ളുമ്പോൾ, ഇബ്റാഹീമീ പാരമ്പര്യങ്ങളെ സമന്വയിപ്പിക്കുന്ന സന്ദേശം വിളംബരം ചെയ്യുന്നു ജറുസലേമിലെ അൽ മസ്ജിദുൽ അഖ്സ്വാ.

Leave a Reply