യുക്തിവാദികളിൽ പെട്ട ഒരു സഹോദരൻ ഉന്നയിച്ച ചോദ്യം കാണുക:

അസീസ് ഒരു രാത്രിയിൽ നാട്ടിലെ സൈനബ എന്ന ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. നിർഭാഗ്യവശാൽ സൈനബ ഗർഭിണിയായി. സൈനബ ഒരു പെൺകുട്ടിക്ക് ജന്മം നൽകി. മുംതാസ് എന്ന് പേര് വിളിച്ചു. മുംതാസിൻ്റെ ഉത്തരവാദി താനാണ് എന്ന് നാട്ടുകാരോട് വിളിച്ചു പറഞ്ഞ് എൻ്റെ കുടുംബം തകർക്കരുതെന്നും അവളെ പോറ്റാനുള്ള മുഴുവൻ ചെലവും ഞാൻ മറ്റൊരാളുമറിയാതെ നിൻ്റെ ബാങ്ക് അക്കൗണ്ടിൽ ഇട്ടു തരാമെന്നും അസീസ് സൈനബക്ക് വാക്ക് കൊടുത്തു.

സൈനബ മറ്റാരെയും അറിയിക്കാതെ അസീസിൻ്റെ ചെലവിൽ മുംതാസിനെ വളർത്തി. വർഷങ്ങൾ കഴിഞ്ഞു. മുംതാസ് 18 വയസ് പൂർത്തിയായ യുവതിയായി മാറി. ആയിടക്കാണ് അസീസിൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് അസീസിൻ്റെ ഭാര്യ ഉൾപ്പടെ കുടുംബാംഗങ്ങളെല്ലാം മരണപ്പെടുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ട അസീസ് തൻ്റെ ഭാര്യയായി മുംതാസിനെ കെട്ടാൻ ആഗ്രഹിക്കുന്നു. അവളുടെ ഉമ്മ സൈനബ സമ്മതിക്കുകയും ചെയ്യുന്നു.

ഇനി ഇസ്ലാം മതവിശ്വാസികളോട് ഒരു ചോദ്യം. അസീസിന് സൈനബയിൽ വ്യഭിചാരത്തിൽ ഉണ്ടായ പെൺകുട്ടിയാണ് മുംതാസ്. അസീസിന് മുംതാസിനെ വിവാഹം കഴിക്കുന്നതിനോ വിവാഹ ശേഷം ഇണ ചേരുന്നതിനോ ഇസ്ലാമികമായി എന്തെങ്കിലും തടസ്സം ഉണ്ടോ?”

മറുപടി :

തീർച്ചയായും തടസ്സം ഉണ്ട്. ഒരു മുസ്ലിം പുരുഷന് വിവാഹം ചെയ്യാൻ പാടില്ലാത്ത സ്ത്രീകളെക്കുറിച്ച് സൂറ നിസാ 23 ൽ സവിസ്തരം വിവരിക്കുന്നുണ്ട്. വിവാഹം ചെയ്യാൻ പാടില്ലാത്ത സ്ത്രീയാകുന്നു പുത്രി. പുത്രിമാരെ വിവാഹം ചെയ്യാൻ ഇസ്‌ലാം ഒരു സാഹചര്യത്തിലും അനുവദിക്കുന്നില്ല

തനിക്ക് അവിഹിത ബന്ധത്തിൽ പിറന്ന പെൺകുട്ടിയെ വിവാഹം ചെയ്യാമോ എന്നാണ് ചോദ്യകർത്താവിന്റെ സംശയം. പാടില്ലെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങൾ വെളിപ്പെടുത്തുന്നത്.

കാരണം,

  1. അവിഹിത ബന്ധത്തിൽ പിറന്നെതെന്നോ വിഹിത ബന്ധത്തിൽ പിറന്നതെന്നോ വ്യത്യാസം വ്യക്തമാക്കാതെയാണ് ഖുർആൻ ‘മകളെ’ വിവാഹം നിഷിദ്ധമായവരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുകളിൽ പറഞ്ഞ ‘പുത്രിമാർ’ ഒരാളുടെ ബീജത്തിൽ പിറന്ന പെൺകുട്ടികളാണ്. അവിടെ നിയമാനുസൃത ബന്ധത്തിൽ പിറന്ന പെണ്കുട്ടിയെന്നോ വ്യഭിചാരത്തിൽ പിറന്ന പെണ്കുട്ടിയെന്നോ വ്യത്യാസമില്ല. ആയത്തിൽ പറഞ്ഞ ‘പുത്രിമാരിൽ വ്യഭിചാര പുത്രിമാർ ഉൾപെടില്ലെന്നു വ്യക്തമാക്കുന്ന നബി വചനമോ, സ്വഹാബികളുടെ പ്രസ്താവനയോ ലഭിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ മുസ്ലിം ലോകത്തെ കർമ്മ ശാസ്ത്ര പണ്ഡിതന്മാരെല്ലാം, സ്വന്തം അവിഹിത ബന്ധത്തിലെ പുത്രിയെ യും പുത്രിയായിത്തന്നെ ഗണിക്കുകയും അവളുമായുള്ള വിവാഹബന്ധം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.
  2. ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിംകൾ ഫോളോ ചെയ്യുന്ന ഹനഫീ മദ്ഹബ്, ഗൾഫ് ഇസ്‌ലാമിക രാജ്യങ്ങളിലെ ഔദ്യോഗിക കർമ്മ ശാസ്ത്രധാരയായ ഹമ്പലി മദ്ഹബ്, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ പ്രചാരമുള്ള മാലികീ മദ്ഹബ് തുടങ്ങിയവരെല്ലാം ഇതേ നിലപാടുള്ളവരാണ്.
  3. ഹിജ്‌റ ആറാം നൂറ്റാണ്ടിലെ  ഹനഫി മദ്ഹബ് വക്താവ് ഇമാം അലാഉദ്ധീൻ കാസാനി  രേഖപ്പെടുത്തുന്നു: ‘പുത്രിമാർ’ എന്ന പ്രയോഗം വ്യാപകർത്ഥമുള്ളതാണ്. അതിൽ വിഹിത ബന്ധത്തിൽ ജനിച്ച പുത്രിയും അവിഹിത ബന്ധത്തിൽ ജനിച്ച പുത്രിയും ഒരുപോലെ ഉൾപ്പെടുന്നു”. (سواء كانت بنته من النكاح أو من السفاح لعموم النص \ بدائع الضنائع 3 – 408 ). പുത്രിമാരുടെ കാര്യത്തിൽ മാത്രമല്ല ഈ വ്യാപകർഥം. സൂക്തത്തിൽ പറയുന്ന എല്ലാ ബന്ധുക്കളുടെ കാര്യത്തിലും, വിഹിത /അവിഹിത വേർതിരിവില്ലാതെ അർഥം കാണണം. അല്ലാത്ത പക്ഷം, കേവലം മകളെ മാത്രമല്ല; വേറെയും അടുത്ത ബന്ധങ്ങളുമായി വിവാഹം ആകാമെന്ന് വരും. ഒരാളുടെ ബീജത്തിൽ പിറക്കുക എന്നകാര്യം സ്ഥിരപ്പെട്ടാൽ, സാധാരണ ഭാഷയിൽ അയാളുടെ പുത്രൻ/പുത്രി ആയിത്തീരുന്നതാണ്. ഇക്കാര്യം ഇതേ സൂക്തത്തിലെ, أَبْنَائِكُمُ ٱلَّذِينَ مِنْ أَصْلَـٰبِكُمْ = ‘നിങ്ങളുടെ ബീജത്തിൽ പിറന്ന പുത്രന്മാർ’ എന്ന പ്രയോഗത്തിൽ നിന്നും മനസ്സിലാക്കാം. ബീജത്തിന്റെ ഉടമയിലേക്കാണ് ബന്ധം. ഗർഭപാത്രം വിഹിതമോ അവിഹിതമോ എന്നത് സാധാരണ ഗതിയിൽ ബാധകമല്ല.

എന്നാൽ, ശാഫിഈ കർമ്മധാരയിൽ, അവിഹിത ജന്മത്തിലുള്ള കുട്ടികൾക്ക് ജന്മകാരണക്കാരനായ വ്യക്തിയുമായി പിതൃത്വ ബന്ധം ഉണ്ടാകുമോ എന്ന പ്രശ്നം വിശകലനം ചെയ്യുന്നുണ്ട്. സാധാരണ ഭാഷയിൽ പിതാവ്/പുത്രൻ എന്ന് പറയുമെങ്കിലും കോടതീ ഭാഷയിൽ ആ ബന്ധം നിലനിൽക്കില്ല എന്ന വിഭിന്ന വീക്ഷണമാണ് ശാഫിഈ വക്താക്കൾ മുന്നോട്ടുവെക്കുന്നത്.

കേരളത്തിൽ കൂടുതൽ പേര് അനുധാവനം ചെയ്യുന്നത് ശാഫിഈ മദ്ഹബാണല്ലോ. ഇസ്‌ലാമിൽ രക്തബന്ധ ഗമനം അനുവദനീയമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശാഫിഈ മദ്ഹബിന്റെ നിലപാട് എടുത്തുകാണിക്കാറുണ്ട്. കേരളത്തിലെ ശാഫിഈ ധാരയിലെ പ്രാഥമിക വിദ്യാർഥികൾ പാഠപുസ്തകമായി ഉപയോഗിക്കുന്ന ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥത്തിലെ വരികൾ ഉദ്ധരിച്ചാണ് വിമർശനം. അവിഹിത ജന്മത്തിലെ മകളെ വിവാഹം ചെയ്യുന്നത് നിയമപരമായി അനുവദനീയമെങ്കിലും കറാഹത്ത് ആകുന്നുവെന്നാണ് ഫത്ഹുൽ മുഈനിൽ പറയുന്നത്. ശാഫിഈ മദ്ഹബിലെ ‘കറാഹത്ത്’ എന്ന പ്രയോഗത്തിന്റെ വ്യാപ്തിയും താല്പര്യവും അതിന്റെ ഗൗരവത്തിൽ മനസ്സിലാക്കാത്ത ചിലരുടെ പ്രഭാഷണങ്ങളും വിമർശനത്തിനിടയാക്കുന്നു.

രണ്ടിനം കറാഹത്തുണ്ട് ശാഫിഈ വീക്ഷണത്തിൽ. ഒന്ന് കറാഹത്ത് തൻസീഹ്‌= പാപം വരാതിരിക്കാനുള്ള കേവല വെറുപ്പ്. ഈ പരിധിയിൽ വരുന്ന കാര്യങ്ങൾ ഒരാൾ ചെയ്താൽ പാപം ചെയ്തു എന്ന് പറയില്ല. രണ്ട്: കറാഹത്ത് തഹ്രീമ്= നിഷിദ്ധമാണെന്ന മുന്നറിയിപ്പ്. ഇതിൽ പെട്ട കാര്യങ്ങൾ ചെയ്താൽ ഹറാം ചെയ്ത ശിക്ഷ പരലോകത്തു ലഭിക്കും. സാധാരണ ഹറാം തസ്തികയിൽ ഉൾപ്പെടുത്താൻ മാത്രം പ്രമാണപിന്തുണ ബോധ്യമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങൾ പ്രത്യേകം അടയാളപ്പെടുത്തുന്നത്. അവിഹിത പുത്രിയാണെന്ന്‌ ബോധ്യമുള്ള സ്ത്രീയെ  വിവാഹം ചെയ്യുന്നത്, കറാഹത്ത് തഹ്രീമ് ആണെന്നത്രെ ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം.

അവിഹിത ബന്ധം നിയമപരമായ ബന്ധമാകില്ല എന്ന തങ്ങളുടെ വീക്ഷണം ഭൂരിപക്ഷം ജ്ഞാനികളും അംഗീകരിക്കില്ലെന്ന തിരിച്ചറിവുകൊണ്ടാണ്, ‘നിഷിദ്ധത്തോടടുത്ത കറാഹത്തായി, ഇത്തരം വിവാഹത്തെ ശാഫിഈകൾ തന്നെയും പ്രഖ്യാപിച്ചിരിക്കുന്നത്. ‘തങ്ങളുടെ നിയമ നിർദ്ധാരണ രീതി പിഴക്കാം; എന്നാൽ, ജനങ്ങൾ അബദ്ധത്തിൽ പെടരുത് എന്ന മാനവിക ചിന്ത ഇമാം ശാഫിഈ മുതല്ക്കുള്ളവർ കാത്തുസൂക്ഷിച്ചു. അങ്ങനെ, പ്രസ്തുത വിവാഹത്തെ നിരുത്സാഹപ്പെടുത്തി. ഇമാം ശാഫിഈ പറഞ്ഞു: “അയാൾ ആ പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് ഞാൻ വെറുക്കുന്നു” (ഇമാം നവവി, ശറഹുൽ മുഹദ്ദബ് ). ഈ പ്രസ്താവത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി രേഖപ്പെടുത്തി: “ഈ കുട്ടി അയാളുടെ മകൾ ആണെന്ന വീക്ഷണം ശരിയാണെങ്കിലോ എന്ന് ഭയന്നാണ് ഇമാം അത്തരം വിവാഹത്തെ വെറുക്കുന്നു എന്ന് പറഞ്ഞത്. ഈ അടിസ്ഥാനത്തിൽ, അയാളുടെ മകൾ തന്നെയാണെന്ന് ഖണ്ഡിതമായ അറിവുണ്ടെങ്കിൽ അയാൾക്ക് ഈ കുട്ടിയെ വിവാഹം ചെയ്യൽ അനുവദനീയമല്ല എന്ന് ശാഫിഈ വക്താക്കളിൽ ചിലർ പ്രസ്താവിച്ചിട്ടുണ്ട്”.

ശാഫിഈ ധാരയുടെ ഒരൽപം മൃദുലമായ ഈ  നിലപാട് മറ്റുള്ളവർ നിശിതമായി വിമർശിച്ചിട്ടുണ്ട്. യാഥാർത്ഥ്യത്തോടും മതത്തിന്റെ പൊതു സദാചാര ബോധത്തോടും യോജിക്കാത്ത ഒരു നിലപാടായാണ് ഇതിനെ ജ്ഞാനലോകം വിലയിരുത്തുന്നത്. ശാഫിഈ വക്താക്കൾ പറയുന്നപോലെ വിഹിത ബന്ധത്തിൽ പിറന്നാലേ നിയമ പരമായി പിതൃത്വം സ്ഥിരപ്പെടുകയുള്ളൂ. അത് ശരിതന്നെ. പക്ഷേ, അത് സാങ്കേതികവും മതപരവുമായ നിയമ ഭാഷയാണ്. സംഗതിയിൽ, ഈ പെൺകുട്ടി കക്ഷിയുടെ ബീജത്തിൽ പിറന്നതാണ് . ഇവിടെ യഥാർത്ഥ സ്ഥിതി എന്താണെന്നാണ് നോക്കേണ്ടത്. തന്റെ സ്വന്തം ബീജത്തിൽ പിറന്ന പെൺകുട്ടിയുമായി അയാൾ വിവാഹബന്ധം നടത്തുകയെന്നത് മതത്തിന്റെ നിയമതത്വങ്ങൾ അനുവദിക്കില്ല.

ഉദാ.

  1. വിവാഹബന്ധം നിഷിദ്ധമായ മറ്റൊരു പെൺകുട്ടിയാണ് മുലകുടി ബന്ധത്തിലുള്ള മകൾ. അതായത്, ഭാര്യ തന്റെ കുഞ്ഞിന് ജന്മം നൽകിയ സമയത്ത്, ആ കുഞ്ഞിന് നൽകാനുള്ള അമ്മിഞ്ഞ കുടിച്ച വകയിൽ ‘മകളായി’ മാറിയവളാണ് ‘മുലകുടി വഴിക്കുള്ള മകൾ’. തന്റെ ബീജവുമായി നേർക്കുനേർ ബന്ധമില്ലാഞ്ഞിട്ടും അവൾ ‘മകൾ’ ആയി മാറുന്നു. അവളെ വിവാഹം ചെയ്യാൻ അനുവാദമില്ല , നിഷിദ്ധമാണ്. എന്നിട്ടും തൻ്റെ പാലിൽ (ബീജത്തിൽ)പിറന്ന പെൺകുട്ടി മകൾ ആകില്ലെന്നു പറയുന്നതെങ്ങനെ?!
  2. സഹോദര /സഹോദരി പുത്രിയും ഇയാൾക്ക് നിഷിദ്ധമാണ്. തന്റെ പിതാവിന്റെ ബീജമാണ് സഹോദരൻ/ സഹോദരി. സഹോദരിക്ക് മറ്റൊരാളുടെ ബീജത്തിൽ പിറന്നതാണ് ഈ മകൾ. എന്നിട്ടും തനിക്ക് അവൾ നിഷിദ്ധമാണെന്ന് ഇസ്‌ലാം പറയുന്നു. എന്നിരിക്കേ, സ്വബീജത്തിൽ പിറന്നവൾ എങ്ങനെ അനുവദനീയമാകും?

ഇസ്‌ലാമിന്റെ ധാർമ്മിക തത്വങ്ങൾ അടിസ്ഥാനമാക്കിയും, പ്രമാണ നിർദ്ധാരണ രീതികളുടെ അടിസ്ഥാനത്തിലും ഇമാം ശാഫിഈയുടെ കാലം മുതൽക്ക് ഈ വിമർശനം ഉയർത്തിയിട്ടുണ്ട്. ഹമ്പലി വക്താവായ അല്ലാമാ ഇബ്നുൽ ഖയ്യിമിനെപ്പോലുള്ള ജ്ഞാനികൾ, ശാഫി ധാരയിലുള്ളവരെ നിശിതമായി നിരൂപണം ചെയ്യുന്നതു കാണാം. ഉപയോഗിച്ചത് ഹറാമിൽ ആണെങ്കിൽ പോലും, അയാളുടെ ബീജത്തിൽ പിറന്നവളാകുന്നു എന്ന യാഥാർഥ്യത്തിലേക്ക് നോക്കിയാണ്, ഇവിടെ വിധി പ്രസ്താവിക്കേണ്ടത്, അതിനാൽ, നിയമ ഭാഷയിൽ പോലും, ഈ വിവാഹം അനുവദനീയം ആണെന്നു പറഞ്ഞുകൂടാ. ഭൂരിപക്ഷം ജ്ഞാനികളുടെ ഈ നിലപാട് തന്നെയാണ് പ്രാമാണികവും ഇസ്‌ലാമിന്റെ ധാർമ്മിക സങ്കല്പങ്ങളോട് യോജിക്കുന്നതും.

ഇവിടെ പ്രസ്താവ്യമായ മറ്റൊരു കാര്യം, മകളെ വിവാഹം ചെയ്യാൻ ശാഫിഈ മദ്ഹബ് ഒരിക്കലും അനുവദിക്കുന്നില്ല എന്നതാണ്. വ്യഭിചാരത്തിൽ പിറന്ന കുട്ടി അയാളുടെ മകൾ ആകുമോ ഇല്ലയോ എന്ന കാര്യത്തിൽ അവർക്ക് വിമര്ശിക്കപ്പെട്ട വീക്ഷണം ഉണ്ടെന്നേയുള്ളൂ. മകളെയും അമ്മയെയും പരിണയിക്കുന്നത് ധാർമ്മികതയ്‌ക്കെതിരല്ലെന്നു പറയുന്ന യുക്തിവാദികൾ, ശാഫിഈ മദ്ഹബിനെ കൂട്ടുപിടിക്കുന്ന തിൽ വസ്തുതാപരമായി ഒരു നീതിയോ യുക്തിയോ ഇല്ലെന്നതാണ് സത്യം.

ഇവിടെ, തുടർന്നുയരുന്ന മറ്റൊരു ചോദ്യമുണ്ട്: ‘അപ്പോൾ ഫത്ഹുൽ മുഈൻ വലിച്ചെറിയണോ? അതിനെ തള്ളിപ്പറയാത്തത് എന്തുകൊണ്ട്?’. ഒന്നാമതായി, മുകളിൽ സൂചിപ്പിച്ചപോലെ, പ്രാഥമിക വിദ്യാർത്ഥികൾക്കുള്ള ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ. നിരൂപണ സ്വഭാവത്തിലുള്ള പഠനം ഉയർന്ന വിദ്യാർത്ഥികളും പണ്ഡിതന്മാരുമാണ് നിർവ്വഹിക്കുക. രണ്ടാമതായി, ഒരു ഗ്രന്ഥത്തിൽ രണ്ടോ മൂന്നോ വീക്ഷണങ്ങൾ അസ്വീകാര്യമാണെന്നു കരുതി, ഗ്രന്ഥത്തെ അക്കാദമികമായി തള്ളിപ്പറയുന്ന പതിവില്ല. ഓരോന്നിനും അതിന്റെതായ പ്രാധാന്യം നൽകുന്നു; നിയമങ്ങൾ അതിന്റെ ആധികാരികതയിൽ പഠിച്ചു മനസ്സിലാക്കണം. അടിസ്ഥാനപരമായി ഖുർആനും സുന്നത്തും അവയെ വ്യാഖ്യാനിക്കുന്ന സ്വഹാബത്തിന്റെ സമവായവുമാണ് ഇസ്ലാമിലെ പ്രമാണം. പുത്രിയുമായുള്ള വിവാഹം ഖുർആനിൽ നിഷിദ്ധമാക്കിയിരിക്കുന്നു; അത് സാധുവല്ല. ഹദീസിലും അങ്ങനെത്തന്നെ കാണുന്നു. വ്യഭിചാര പുത്രി ഇതിൽ ഉൾപ്പെടില്ലെന്നത് പിൽക്കാല ഗവേഷകരിലൊരാളായ ഇമാം ശാഫിഈയുടെ നിഗമനമാണ്; ശരീഅത്തല്ല.

Leave a Reply