ജൂദ കുബേരന്മാരുടെ പങ്ക്
ഫലസ്തീനിൽ എന്തുവിലകൊടുത്തും ഭൂമി വാങ്ങിക്കൂട്ടുകയായിരുന്നു ജൂദ കുബേരന്മാരുടെ ലക്ഷ്യം. പ്രസിദ്ധ ജൂദ ധനികൻ Baron Edmond James de Rothschild ന്റെ നിർലോഭമായ സാമ്പത്തിക സഹായം ജൂത കോളനികളിലേക്ക് ഒഴുകി. അഞ്ചാറു മില്യൺ പൗണ്ട് സ്റ്റെർലിങ് ആയിരുന്നു ഇയാളുടെ സഹായം. സയണിസ്റ്റ് വക്താവായിരുന്നു ജൂദ കുബേരൻ ബാരൻ റോട്ട്ഷീൽഡിനെ പരിചയപ്പെടുത്തികൊണ്ട് വിക്കി പീഡിയ എഴുതുന്നു :
Baron Edmond James de Rothschild (known in Israel simply as “the baron Rothschild”), youngest son of James Jacob de Rothschild, was a patron of the first permanent settlement in Palestine at Rishon-LeZion (1882). He also provided funding for the establishment of Petah Tikva as a permanent settlement (1883). Overall, he bought from Ottoman landlords 2-3% of the land which now makes up present-day Israel.[53][b] After Baron de Hirsch died in 1896, the Hirsch-founded Jewish Colonisation Association (ICA) started supporting the settlement of Palestine (1896), and Baron Rothschild took an active role in the organization and transferred his Palestinian land holdings as well as 15 million francs to it.
ജൂദ കുബേരൻ Baron Maurice de Hirsch ന്റെ പണ പ്രവാഹവും ജൂദ കോളനികൾ തേടിയെത്തി. ഇവർ രണ്ടുപേരായിരുന്നു സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യ ധനസ്രോതസ്സ്. ഇവരായിരുന്നു സിറിയയിലും ബൈറൂത്തിലും ആയിരക്കണക്കിന് ഏക്കർ ഭൂമി അല്പാല്പം വാങ്ങിക്കൂട്ടി വെച്ചിരുന്നത്. ഫലസ്തീനിലെന്ന പോലെ ഇവിടങ്ങളിലും ജൂദ കോളനികൾ സ്ഥാപിക്കപ്പെട്ടിരുന്നു. സിറിയൻ പ്രവിശ്യസർക്കാർ കീഴ് ഓഫിസുകളിലേക്ക് അയച്ച ഒരു സർക്കുലറിൽ, ബൈറൂത്ത് പ്രദേശത്ത് മാത്രം, ഫ്രഞ്ച് കോൺസുലേറ്റിലെ രേഖകൾ പ്രകാരം, നാല്പതിനായിരം ജൂദന്മാർ ബൈറൂത്തിൽ താമസിക്കുന്നുണ്ടെന്നും, വെറും നാലുവർഷത്തിനുള്ളിലാണ് ജൂദ താമസക്കാരുടെ എണ്ണം ഇരട്ടിച്ചതെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ജൂദ ജനസംഖ്യ ഇങ്ങനെ വർദ്ധിക്കുന്നത് അപകടകരമാണെന്നും സർക്കുലർ ഉണർത്തുന്നു. ഖുദ്സിലും ബൈറൂത്തിലും ജൂദരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നും, കൃത്രിമ പേരുകളിൽ അവർ ഫലസ്തീന്റെ വിവിധ സ്ഥലങ്ങളിൽ വാങ്ങിയിട്ടുള്ള ഭൂമിയിലേക്ക് താമസം മാറ്റുമെന്നും സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. നിരോധനം വരുന്നതിനു മുന്നേ, സിയോണിസ്റ്റ് സംഘടനാ വക്താക്കൾ, വിവിധ രൂപേണ സ്വന്തമാക്കിയ വിശാലമായ ഭൂമികളിൽ നിന്നും സംഘടനാ അംഗങ്ങൾക്ക് ഇരട്ടി വിലയിൽ കഷ്ണങ്ങളായി വില്പന നടത്തിയിരുന്നതായും ചില രേഖകളിൽ നിന്നും മനസ്സിലാക്കാം.
സുൽത്വാനിൽ നിന്നും അനുകൂല നിലപാട് ഉണ്ടാക്കാൻ സയണിസ്റ്റുകൾ എല്ലാ ഉപായങ്ങളും പ്രയോഗിച്ചുനോക്കി. സുൽത്വാൻ വഴങ്ങുന്നില്ലെന്നു വന്നപ്പോൾ, 1898 ൽ സ്വിറ്റ്സർലൻഡ് ലെ Basel ൽ നടന്ന രണ്ടാം സയണിസ്റ്റ് സമ്മേളന തീരുമാനപ്രകാരം, സയണിസ്റ്റുകൾ ലണ്ടനിൽ ഒരു ബാങ്ക് തുറന്നു പ്രവർത്തനമാരംഭിച്ചു. ‘ജെവിഷ് കോളനി ഫണ്ട്’ എന്ന പേരിൽ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1903 ൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പത്തുലക്ഷം സ്റ്റെർലിംഗ് മൂലധനത്തിൽ, ആംഗ്ലോ ഫലസ്തീൻ കമ്പനി സമാരംഭിച്ചു. കമ്പനിയുടെ ശാഖകൾ ഹൈഫ , ജാവാ, ഖുദ്സ് , ഹെബ്രോൻ, ബൈറൂത്ത് , സ്വഫ്ദ്, ഥ്വിബ്രിയ, ഗ്വസ്സ തുടങ്ങിയ നഗരങ്ങളിൽ തുറന്നു. ജൂത കോളനിക്കുവേണ്ടി എല്ലാ തരം ഭൂമികളും വാങ്ങിക്കൂട്ടാൻ തുടങ്ങി. റോട്ഷീൽഡിനെ പോലുള്ള ജൂദ കോടീശ്വരന്മാർ ഭൂമി വാങ്ങിക്കൊണ്ടേയിരുന്നു. സുൽത്താനിൽ നിന്നും നേരിട്ട് ഭൂമി ലഭിച്ചില്ലെങ്കിലും, ജൂദ നാമമുള്ളവർക്ക് ഭൂമി ഇടപാട് വിലക്കപ്പെട്ടെങ്കിലും, സയണിസ്റ്റുകൾ ഫലസ്തീനിലെ കിട്ടാവുന്ന ഭൂമികൾ സ്വന്തമാക്കി. ഉദാഹരണത്തിന്, Jewish Community Alliance (JCA) പത്തുവർഷത്തിനകം വാങ്ങിയത് എഴുപതിനായിരം ദുനം /ഏക്കർ ഭൂമിയാണ്.
ഫലസ്തീനിലെ മിക്ക ഭൂമിയും ഗ്രാമത്തിലെ ജനങ്ങൾക്ക് പൊതുവായിട്ടുള്ളതായിരുന്നു. അതായത്, ആർക്കും പ്രത്യേക ഉടമാവകാശം ഇല്ലാത്തത്. ഗ്രാമ മുഖ്യനായിരുന്നു അവ ജനങ്ങൾക്ക് ഏല്പിച്ചുകൊടുത്തിരുന്നത്; കൃഷി ചെയ്യാനും മറ്റും. ഏതാനും ധനികരുടെ കൈകളിൽ മാത്രമായിരുന്നു സ്വന്തം ഉടമസ്ഥതയിൽ ഭൂമി ഉണ്ടായിരുന്നത്. ആംഗ്ലോ ഫലസ്തീൻ കമ്പനിയുടെ പ്രവർത്തനഫലമായി ഗ്രാമ മുഖ്യന്മാർ തങ്ങളുടെ സ്വന്തം ഭൂമി വിൽക്കുന്നതിനോടൊപ്പം പൊതു നിലങ്ങളും കമ്പനിക്ക് കൈമാറി. കമ്പനിക്ക് ലഭിച്ച ഭൂമിയിൽ അവർ കൃഷി അനുവദിച്ചുമില്ല. അഭയാർഥികളായി വരുന്ന ജൂദന്മാർക്ക് നല്കുവാനായിരുന്നു അവർക്ക് താല്പര്യം.
താമസസ്ഥലം വേണമെന്ന അത്യാവശ്യം കാണിച്ചുകൊണ്ട്, ഉസ്മാനിയ സുൽത്വാന്റെ മാനുഷിക പരിഗണന ചൂഷണം ചെയ്തു അൽപാൽപമായി കയറിക്കൂടിയവരുടെ ദുരുദ്ദേശ്യം സുൽത്താൻ തിരിച്ചറിയുന്നതിനു മുമ്പേ, ഉദ്യോഗസ്ഥ വൃന്ദത്തെയും പൗര പ്രമുഖരെയും ജൂദ കുടിലത കയ്യിലെടുത്തു കഴിഞ്ഞിരുന്നു.വിവിധ പാശ്ചാത്യൻ നാടുകളുടെ കോൺസുലേറ്റ് വഴി, നടപ്പു വിലയേക്കാൾ അധികം വില നൽകിയാണ് ഫലസ്തീനിൽ കുറെ ഭൂമി അവർ സ്വന്തമാക്കിയത്. അധിക വിലക്ക് ഭൂമിക്ക് എടുക്കുന്നു എന്നറിഞ്ഞപ്പോൾ ജനങ്ങൾ പര്യാലോചന കൂടാതെ സ്വന്തം വിൽക്കാൻ സന്നദ്ധരാവുക സ്വാഭാവികം. ജനങ്ങൾക്ക് ഭൂമി ഈടായി കടം വാങ്ങാനും പണയം വെക്കാനും അവർ ബാങ്ക് തുടങ്ങി. ബാങ്ക് ഇംഗ്ലണ്ടിൽ ആയിരുന്നെങ്കിലും, ഏജന്റമാർ ഫലസ്തീൻ ഗ്രാമങ്ങളിൽ സ്വകാര്യമായി പ്രവർത്തിച്ചു. കടം വീടാൻ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ ബ്രോക്കർമാർ രംഗത്തുവന്നു. ബാങ്കിലെ കടം തീർക്കാൻ ഭൂമി വിൽക്കുകയായിരുന്നു രക്ഷാമാർഗം. ഇവർ ഭൂമി ബാങ്കിന് മറിച്ചു വിറ്റു. ഇങ്ങനെ കുറെ മുന്നോട്ടുപോയ ശേഷമാണ് ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. 1881 ൽ അപകടം തിരിച്ചറിഞ്ഞ്, അഹ്മദ് ഹംദി ഇടപെട്ട് , ഭരണകൂടത്തിന്റെ അറിവോടെയും അനുമതിയോടെയുമല്ലാതെ ഭൂപണയ ഇടപാട് പാടില്ലെന്ന നിയമം കൊണ്ടുവന്നു. 1883 ൽ , ഭൂമി ക്രയവിക്രയത്തിനുള്ള അനുമതി, ഖിലാഫത്തിന്റെ പൗരത്വമുള്ള ജൂദന്മാർക്ക് മാത്രമാക്കി നിയമം വന്നു, അന്യ പൗരത്വമുള്ളവർ പ്രത്യേകം അനുവാദം വാങ്ങണം. മറ്റു ചില നിയന്ത്രണങ്ങളും കൊണ്ടുവന്നു. ഉദാ. സിറിയൻ പോർട്ടുകൾ വഴിയുള്ള സഞ്ചാരം നിരോധിച്ചു. സന്ദർശന വിസയിലെത്തി, തിരിച്ചുപോകാൻ വായിക്കുന്നവർക്ക് ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്തു. ജൂതരെ സർക്കാർ തീരുമാനിക്കുന്ന സ്ഥലത്തേക്ക് താമസം മാറ്റാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. ജൂത പാഠശാലകൾ എല്ലാം വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആയിരിക്കണം. ഇങ്ങനെയുള്ള നിയന്ത്രണങ്ങൾ സയണിസം പ്രത്യക്ഷത്തിൽ വന്ന ശേഷമായിരുന്നു എന്നകാര്യം ശ്രദ്ധിക്കുക.
1891 ൽ പുതിയ ജൂദന്മാർക്ക് പൗരത്വം നൽകുന്നത് അവസാനിപ്പിച്ചു. ഖിലാഫത്തിന്റെ കൈവശമുള്ള ഫലസ്തീനിലെ ഭൂമിയും മറ്റു വസ്തുക്കളും ജൂദന്മാർക്ക് വിൽക്കുന്നത് നിരോധിച്ചു. മറ്റു ഭൂമികൾ, വസ്തുക്കൾ വിൽക്കുന്നതിനുള്ള അനുവാദം കൂടുതൽ കണിശമായ നിബന്ധനകൾ കൊണ്ടുവന്ന് നിയന്ത്രിച്ചു. ഫലസ്തീനിലെ പല ഭൂപ്രദേശങ്ങളും വിൽക്കാൻ സുൽത്വാൻ അബ്ദുൽ ഹമീദ് നിർബന്ധിതനായിരുന്ന സമയത്തായിരുന്നു, ജൂതന് നൽകരുതെന്ന നിയമം കൊണ്ടുവരുന്നത്.
ഫലസ്തീനിലേക്കുള്ള പലായനവും അവിടെ ഭൂമി സ്വന്തമാക്കിയതുമെല്ലാം ജൂദർ സാധിച്ചത്, ഉസ്മാനിയ ഭരണ കൂടം വിവിധ രാജ്യങ്ങളുമായുണ്ടാക്കേണ്ടി വരുന്ന ഉടമ്പടിയുടെ മറയിലാണെന്ന് വ്യക്തം. രാഷ്ട്രീയ സമ്മർദ്ദം കൊണ്ട് ഖിലാഫത്തും, അതിലേറെ ഉദ്യോഗസ്ഥരും പലതിനും നിർബന്ധിതരായിരുന്നു. ജൂദ കോടീശ്വരന്മാരുടെ പണക്കരുത്തായിരുന്നു സിയോണിസത്തിന്റെ പ്രധാന ചാലകശക്തി. സയണിസ്റ്റ് നേതാക്കൾക്കെതിരെ നടപടി എടുക്കാനോ, അവരെ നിയമപരമായി തടയാനോ ഖിലാഫത്തിന് സാധിച്ചില്ല; അഥവാ, അങ്ങനെയൊരു ശ്രമം നടത്തിയാൽ അത് വിജയിക്കുമായിരുന്നില്ല.
താമസിയാതെ തങ്ങൾക്ക് സ്വതന്ത്ര രാജ്യം നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിൽ ജൂദ സംഘടനകളും സംവിധാനങ്ങളും കൂടുതൽ ഭൂമികൾ സ്വന്തമാക്കിക്കൊണ്ടിരുന്നു. ഇതിനിടയിൽ, തുർക്കിയിലെ ജംഇയ്യത്തുൽ ഇത്തിഹാദ് വത്തറഖി അംഗങ്ങൾ ജൂദന്മാരുടെ ഫലസ്തീനിലേക്കുള്ള പലായനം അവസാനിപ്പിക്കണമെന്ന പ്രമേയം കൊണ്ടുവന്നു. സയ്യിദ് കാളീം നാമി, ഹുസ്സൈൻ ഹിൽമി പാഷ തുടങ്ങിയവർ ശക്തമായി രംഗത്തുവന്നു. ഇതിനെത്തുടർന്ന്, 1909 ൽ അന്യനാട്ടുകാരായ ആർക്കും ഭൂമി വിൽക്കുന്നത് നിരോധിക്കുന്ന ഉത്തരവിറക്കി. അപ്പോഴേക്കും അമ്പതിനായിരം അന്യ നാട്ടുകാരായ ജൂദന്മാർ ഫലസ്തീനിൽ താമസമുറപ്പിച്ചു കഴിഞ്ഞിരുന്നു. അടുത്ത സ്പ്റ്റംബറിൽ മജ്ലിസ് ശൂറാ രംഗത്തുവന്നു, ഭൂമി സംബന്ധമായ നിയമങ്ങൾ പൂർവ്വാധികം കർശനമാക്കുകയും, ഉള്ള നിയമങ്ങൾ കർക്കശമായി നടപ്പിലാക്കാനും പ്രതിജ്ഞാബദ്ധരായി. രണ്ടാം ഭരണ ഘടന പ്രഖ്യാപനത്തിൽ തങ്ങൾക്കനുകൂലമായ
പരിഷ്കരണം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന സയണിസ്റ്റുകൾക്ക് കുറച്ചുകാലത്തേക്കെങ്കിലും നിരാശരായി. ഇതോടൊപ്പം, ഖിലാഫത്ത് വിലകൊടുത്തു വാങ്ങിയ ഭൂമികളെല്ലാം രെജിസ്റ്റർ ചെയ്യുന്ന പ്രക്രിയ ത്വരിതഗതിയിലാക്കി.
സുൽത്വാനെ കയ്യിലെടുക്കാൻ ശ്രമങ്ങൾ
സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമനെ കൈയിലെടുത്താൽ. സയണിസ്റ്റ് താല്പര്യം നിഷ്പ്രയാസം സാധിക്കുമായിരുന്നു. അതവർ മനസ്സിലാക്കിയതുമാണ്. രണ്ടു പ്രാവശ്യമാണ് സുല്ത്വാനെ ഈ ആവശ്യാർഥം അവർ സമീപിച്ചത്. ജൂദർക്ക് ഫലസ്തീനിലേക്കുള്ള കവാടം തുറന്നുകൊടുത്താൽ, വിവിധ യൂറോപ്യൻ രാജ്യങ്ങൾക്ക് ഖിലാഫത്ത് നല്കാനുണ്ടായിരുന്ന കടങ്ങൾ താൻ അടച്ചുകൊള്ളാമെന്ന ആശയവുമായി, 1896 ൽ സയണിസ്റ്റ് ആചാര്യൻ ഹാർഡ്സൽ പ്രമുഖ ഡിപ്ലോമാറ്റികും സുൽത്വാന്റെ സുഹൃത്തുമായിരുന്ന ഫിലിപ് ന്യൂലിൻസ്കി യെ ദൂതനായി അയച്ചു. സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമൻ, ‘ഫലസ്തീനിലെ ഒരു ചാൺ മണ്ണ് നൽകാൻ എനിക്കാവില്ല; അതെന്റെ ഭൂമിയില്ല; മുസ്ലിം സമുദായത്തിന്റേതാണ്; എന്റെ കുടുംബം ആ ഭൂമി സംരക്ഷിക്കാൻ രക്തം ദാനം ചെയ്തവരാണ്; ആ ഭൂമിയിൽ നിന്നും ഒന്നും നഷ്ടപ്പെടാതിരിക്കാൻ ഞങ്ങളും രക്തം നൽകാൻ തയ്യാറാണ്’ എന്ന് പറഞ്ഞു തിരിച്ചയക്കുകയായിരുന്നു.
പാർലമെന്റ് അംഗവും ജംഇയ്യത്തിന്റെ സുഹൃത്തും സലാനിക് പ്രവിശ്യയുടെ നാഇബ് അഫന്ദിയുമായിരുന്ന ഇമ്മാനുവൽ ഖറാസോ അടങ്ങുന്ന ദൗത്യസംഘം സുൽത്വാനെ വീണ്ടും സന്ദർശിച്ചു, സർക്കാർ സ്വന്തമാക്കിയ ഖുദ്സിലെ ഭൂമി വിൽക്കണമെന്ന ആവശ്യവുമായി. സർക്കാർ വക കൃഷിഭൂമികൾ അടക്കം അവരുടെ ആവശ്യത്തിലുണ്ടായിരുന്നു. യഥാർത്ഥ വിലയേക്കാൾ പതിന്മടങ്ങ് വിലയാണ് അവർ ഓഫ്ഫർ ചെയ്തത്. സുൽത്വാൻ അവരോടു പറഞ്ഞു: “ഞങ്ങളുടെ മഹത്തായ സർക്കാരിന് കീഴിലുള്ള ഒരു ചാൺ ഭൂമി നിങ്ങൾക്ക് ഞാനൊരിക്കലും തരാൻ പോകുന്നില്ല. അത് ഞങ്ങളുടെ പിതാമഹന്മാർ രക്തം നൽകി സംരക്ഷിക്കുന്ന ഭൂമിയാണ്. ഭൂമി നിറയെ സ്വർണ്ണം തന്നാൽ പോലും ഞാനത് നിങ്ങൾക്ക് തരികയില്ല”
ജൂദന്മാർ കുടിയേറ്റം ശക്തമാക്കിയ കാര്യം സുല്ത്വാന് അറിയാമായിരുന്നെങ്കിലും തടയാൻ കഴിയാത്ത രാഷ്ട്രീയ നിസ്സഹായാവസ്ഥയിലായിരുന്നു. 1898 ൽ ജർമ്മൻ ചക്രവർത്തി വില്യം രണ്ടാമൻ ഫലസ്തീൻ സന്ദർശിച്ചപ്പോൾ, ആഭ്യന്തര മന്ത്രി തൗഫീഖ് പാഷ അദ്ദേഹത്തിന്റെ കൂടെ ഫലസ്തീനിലെ ജൂദ കോളനികൾ സന്ദർശിച്ചു. തൗഫീഖ് പാഷ ചക്രവർത്തിയോട് പറഞ്ഞത്, ‘സുൽത്വാൻ സയണിസ്റ്റ് പ്രസ്ഥാനത്തെ പിന്തുണക്കില്ല; ഒരു രാജ്യമായി വേറിട്ട് നിൽക്കാൻ അനുവദിക്കില്ല’. അതായത്, സുല്ത്വാന് മാത്രമേ ഇതിൽ എതിർപ്പുള്ളൂ. അതായിരുന്നു രാഷ്ട്രീയ ഉപജാപങ്ങളുടെ തീവ്രത. ഖലീഫ പദവിയിൽ നിന്നും സ്ഥാന ത്യാഗം ചെയ്യപ്പെട്ടതിനു ശേഷം, തുർക്കിയിലെ സലാനിക് പ്രവിശ്യയിൽ നിസ്സഹായനായി കഴിയവേ, തന്റെ പേഴ്സണൽ ഡോക്ടർ സയ്യിദ് ആഥ്വിഫ് ഹുസൈനോട് സുൽത്വാൻ അബ്ദുൽ ഹമീദ് പറഞ്ഞു: “ഫലസ്ത്വീനിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന സെറ്റില്മെന്റുകൾ സിയോണിസ്റ്റ് രാജ്യത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമാണ്”.