1980 നു മുമ്പ് സുന്നികൾ മാത്രമുണ്ടായിരുന്ന ഗസ്സയിൽ ശീഈസം പതുക്കെപ്പതുക്കെ വള്ളിപടർത്തിയതെങ്ങിനെയെന്നറിയുന്നത് കൗതുകരമായിരിക്കും.
ഇസ്രാഈലിനെതിരെയുള്ള ഫലസ്തീനികളുടെ പോരാട്ടവീര്യവും അവർ അനുഭവിച്ച പ്രതിസന്ധികളും മുതലെടുക്കുകയായിരുന്നു ഇറാനി നിയന്ത്രിത സംഘങ്ങൾ ആദ്യഘട്ടത്തിൽ ഗസ്സയിൽ ചെയ്തത്.
1980 നു ശേഷം ഫലസ്തീനിൽ ശീഈസം വളർത്തുക എന്ന ലക്ഷ്യത്തോടെ നിരവധി സായുധ- ദഅവ സംഘങ്ങൾ ഇറാൻ പടച്ചുവിട്ടുണ്ട് . ഗസ്സയി ൽ ആദ്യമായെത്തുന്ന The Islamic Jihad Organization in Palestine (IJOP – Harakat al-Jihad al-Islami fi Filastin) എന്ന പേരിൽ Dr. Fathi Shaqaqi ആരംഭിച്ച ശീഈ സംഘടന പൂർണ്ണമായും ഇറാൻ ഫണ്ടിംഗ് ആയിരുന്നു. ചാരിറ്റിക്ക് മുൻഗണന കൊടുക്കുന്ന ഇവരുടെ സായുധ സംഘമാണ് Al-Quds Brigades . ഇറാൻ വിപ്ലവത്തിന്റെ വിവിധ ‘ആണ്ടുകൾ’ അനുസ്മരിക്കുക/ആഘോഷിക്കുക, ഇറാനിൽ പഠിക്കാൻ ആവശ്യമായ സ്കോളർഷിപ്പുകൾ നൽകുക, മുറിവേറ്റവരെ ജോർദാൻ വഴി ഇറാനിൽ കൊണ്ടുപോയി ചികില്സിക്കുക തുടങ്ങിയ പ്രത്യക്ഷ പ്രവർത്തനങ്ങൾക്കിടയിൽ, അവരുടെ യഥാർത്ഥ ലക്ഷ്യമായ ‘ശീഈ മതപ്രബോധനം” സജീവമായിരുന്നു.
നിരവധി ഗസ്സക്കാർ ശിഈസത്തിലേക്ക് മതം മാറി. എമ്പതുകളിൽ ഇത് പരിമിതമായിരുന്നു. ഇസ്രാഈൽ വിരുദ്ധ ജിഹാദിന്റെ മറവിൽ പരസ്യമായി ശീഈസം പ്രചരിപ്പിക്കുന്നവരെ തടയാനും അറസ്റ്റ് ചെയ്യാനും ആദ്യമൊക്കെ ഹമാസ് ഗവണ്മെന്റ് തയ്യാറായിരുന്നെങ്കിലും, 1990 നവംബറിൽ ടെഹ്റാനിൽ നടന്ന ‘ഇന്റർനാഷണൽ ഇന്തിഫാദ സമ്മിറ്റി’ൽ ഹമാസ് സംഘം പങ്കെടുത്തതിനെത്തുടർന്ന് നിലപാടുകളിൽ അയവു വരാൻ തുടങ്ങി.
ചെറുത്തുനിൽപ്പ് പോരാട്ടങ്ങൾക്ക് സഹായകമാകുന്ന ആരുടെയും സഹായം സ്വീകരിക്കുക എന്ന നിലപാടിന്റെ ഭാഗമായി, ലബനാനിലെ ശീഈ ഉഗ്രവാദ പ്രസ്ഥാനമായ ഹിസ്ബുല്ലയുമായി ഹമാസ് ബന്ധം സ്ഥാപിച്ചത് ഇതിനെ തുടർന്നാണ്.1992 അവസാനത്തിൽ ബന്ധം ഊഷ്മളമായി. 2000 ത്തിലെ ഇന്തിഫാദയുടെ ആരംഭത്തോടെ ഇറാൻ ഹമാസിനെ വേണ്ടുവോളം സാമ്പത്തികമായി സഹായിച്ചു.
ഹമാസ് ഗസയിലും വെസ്റ്റ് ബാങ്കിലും തെരഞ്ഞെടുപ്പ് വിജയം നേടിയതോടെ ഹമാസ് -ശീഈ ബന്ധത്തിൽ വലിയ കുതിച്ചുചാട്ടം തന്നെ ഉണ്ടായി. ഹമാസിനെതിരെയുള്ള ഉപരോധത്തെ ചെറുക്കാൻ ഇസ്മാഈൽ ഹനിയ്യയുടെ സർക്കാരിനെ ഇറാൻ വലിയ തോതിൽ സാമ്പത്തികമായി സഹായിച്ചു. ഇറാൻ ഫണ്ടും ആയുധവും സ്വീകരിക്കാൻ ഹമാസ് ഗവണ്മെന്റ് നിർബന്ധിതരായിത്തീരുന്നതും, ചെറുത്തുനിൽപ്പ് സമരത്തിൽ തീവ്രമായ ശീഈ കക്ഷികളെ സഹായികളാക്കിയതും നിർബന്ധിത പശ്ചാത്തലത്തിലാണ്. എന്നാൽ, നിബന്ധന വെച്ചുള്ള ഒരു സഹായവും ആരിൽ നിന്നും സ്വീകരിക്കുന്നതല്ലെന്ന ശക്തമായ നിലപാട് ഹനിയ്യ അടക്കമുള്ള ഹമാസ് നേതാക്കൾ ആവർത്തിച്ച് പ്രഖ്യാപിച്ചു.
പതുക്കെപ്പതുക്കെ ഗസ്സയിൽ വള്ളിപ്പടർത്തിയ ശിഈകൾ ഗസ്സയെയും ഹമാസിനെയും വരിഞ്ഞു മുറുക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. നിർദ്ധനരായ ഹമാസിനെക്കാൾ കരുത്തുള്ള പോരാട്ട പ്രസ്ഥാനമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ ശീഈ ജിഹാദീ ഗ്രൂപ്പുകളിൽ യുവാക്കൾ ചേക്കേറി. ഇറാനിൽ നിന്നും യഥേഷ്ടം ലഭിക്കുന്ന ഫണ്ട് ഈ ഒരു പ്രതീക്ഷ അവരിൽ വളർത്തുന്നു; ഫണ്ട് ചൂഷണം ചെയ്യുക എന്ന താല്പര്യമുള്ളവരും ശീഈ പ്രസ്ഥാനത്തെയാണ് വളർത്താൻ ആവേശം കാണിക്കുന്നത്.
അന്തർദേശീയ അറബ് പത്രമായ ‘അശ്ശർഖുൽ ഔസഥ്’ 06/04/2011 നു فلسطينيون يعتنقون المذهب الشيعي في غزة و حماس السنية تتكيف مع الوضع ‘ഫലസ്തീനികൾ ശീഈ മതം സ്വീകരിക്കുന്നു; സുന്നികളായ ഹമാസ് പ്രശ്നത്തോട് സമരസപ്പെടുന്നു’ എന്ന തലവാചകത്തിൽ കൊടുത്ത വാർത്താവിശകലനത്തിൽ ‘ഇറാന്റെ സഹായം പ്രതീക്ഷിച്ചും ഇറാനുമായുള്ള നല്ല ബന്ധം നിലനിർത്തുന്നതിന് വേണ്ടിയും, ഗസ്സയിൽ ശക്തിയാർജ്ജിച്ചുവരുന്ന ശീഈ മതംമാറ്റ പ്രവർത്തനങ്ങളോട് പ്രതികരിക്കാൻ കഴിയാത്ത നിർബന്ധിത സാഹചര്യത്തിലാണ് ഹമാസ്’ എന്ന വസ്തുത വിശദമാക്കുന്നു. അടുത്തകാലങ്ങളിലായി ശിഈസത്തിലേക്ക് മാറിയ ഏതാനും ഫലസ്തീനികളെ പത്രം ഉദ്ധരിക്കുന്നു. ഹിസ്ബുല്ല യിലും അതിന്റെ നേതാവിലും ആകൃഷ്ടരായി ശീഈസം സ്വീകരിച്ച അവർ ഉറച്ചു വിശ്വസിക്കുന്നു, ‘ഗസ്സയും ഫലസ്തീനും ഭാവിയിൽ ഹിസ്ബുല്ല കയ്യടക്കുമെന്നും സുന്നികൾക്ക് ഇനി പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും’.
2006 ലെ ഹിസ്ബുല്ലാഹ് x ഇസ്രേയേൽ യുദ്ധത്തിന് ശേഷം യുവാക്കളിൽ ഉണ്ടായ ഹിസ്ബുല്ലാഹ് ഭ്രമം പടർന്നുപിടിക്കുകയും, പലസ്തീനി സുന്നികൾ ശീഈസം പരസ്യമായി ആശ്ലേഷിക്കുവാൻ തുടങ്ങുകയും ഗസ്സയിൽ നിരവധി ഹുസൈനിയ്യാത്തുകൾ സ്ഥാപിതമാവുകയും ചെയ്തു. അറബ് വസന്ത സന്ദർഭത്തിൽ, വിശിഷ്യാ സിറിയൻ പ്രശ്നങ്ങളെത്തുടർന്ന് ഹമാസും ഇറാൻ സംഘങ്ങളും തമ്മിലുള്ള ബന്ധം അല്പകാലം തണുത്തു. സിറിയൻ പ്രശ്‌നത്തെ കണ്ടില്ലെന്നു നടിക്കാൻ ഹമാസ് കുറച്ചുകാലം ശ്രമിച്ചെങ്കിലും, 2012 തുടക്കത്തിൽ ഡമാസ്കസിൽ നിന്നും ഹമാസ് നേതാക്കൾ പുറത്തുവന്നതോടെയാണ് ബന്ധം മരവിപ്പിലെത്തിയത്. എന്നാൽ, സിറിയയിലെ ഇറാന്റെ ഭീകര ഇടപെടലുകളെ തടുക്കാൻ ഹമാസ് ശക്തമായി ഇടപെടുകയുണ്ടായില്ല. ഹമാസിന്റെ പ്രവർത്തനങ്ങൾക്ക് കൃത്യമായി മാസവരി ഫണ്ട് നൽകിയിരുന്ന ഇറാൻ കുറച്ചുകാലത്തേക്ക് ഫണ്ട് നിർത്തിവെച്ചു. പിന്നീട് ഹമാസ് നേതാവ് ഖാലിദ് മിശ്അൽ ഇറാൻ സന്ദർശിക്കുന്നുവെന്ന വാർത്ത പറത്തുവന്നെങ്കിലും രണ്ടുവർഷത്തോളം അത് വാർത്തകളിൽ മാത്രമായി, സന്ദര്ശനമുണ്ടായില്ല. ഈയ്യിടെയായി പരസ്പര ബന്ധം ഒരിക്കൽ കൂടി സൗഹൃദാന്തരീക്ഷത്തിലാണ്.
രാഷ്ട്രീയ- ആയുധ – സാമ്പത്തിക സഹായത്തിന്റെ നാല്പത് വർഷങ്ങൾ പിന്നിട്ടപ്പോൾ ആൾബലമുള്ള രണ്ടാം ശക്തിയായി ഇറാൻ നിയന്ത്രിത സംഘങ്ങൾ ഗസ്സയിൽ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത. ഇറാന് ആത്യന്തിക ലക്‌ഷ്യം ശിഈസ പ്രചാരണമാണ്. സമരോല്സുകരായ കുറെ യുവാക്കളെ അവർക്ക് ശീഈകളാക്കാൻ സാധിച്ചു.
ഹിശാം സാലിം രൂപം കൊടുത്ത സ്വാബിരീൻ സംഘത്തെ പോലെ, ശീഈ തീവ്ര ആദർശം പരസ്യമായി പ്രചരിപ്പിക്കുന്ന സംഘങ്ങൾ രൂപം കൊണ്ടു. അതേസമയം, ഖുമൈനിയുടെയും ഹുസ്സൈൻ നസ്രുല്ലാഹ് യുടെയും വലിയ ചിത്രങ്ങൾ പതിച്ചിട്ടുള്ള ഓഫീസിൽ ഇരുന്ന്, ‘ഞങ്ങൾക്ക് വിഭാഗീയ താല്പര്യങ്ങൾ ഇല്ല’ എന്ന് ആവർത്തിക്കാൻ ഹിശാം സാലിം കുറച്ചു കാലം ശ്രദ്ധിച്ചു. ‘ഞങ്ങൾ സംഘർഷങ്ങൾക്കില്ല’ എന്ന് അദ്ദേഹം പറയുന്നതിന്റെ അർഥം, തങ്ങളുടെ മത പ്രചാരണവും പ്രകടനവും തടയാൻ ആരും വരരുത് എന്ന് മാത്രമാണ്. ഏതാനും വർഷങ്ങൾ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുക പോലുള്ള ‘പൊതു’ പ്രവർത്തനങ്ങൾ മാത്രം ചെയ്തിരുന്ന സ്വാബിരീൻ സംഘം 2015 ലെ റമദാനോടെ ആട്ടിൻതോൽ മാറ്റിവെച്ചു പ്രവർത്തിക്കാൻ തുടങ്ങി. ഇറാൻ പതാക വെച്ച്, ‘ലജ്‌നത്തു ഇമ്‌ദാദിൽ ഖുമൈനി’ എന്ന ബാനറിൽ വടക്കൻ ഗസ്സയിൽ ദശക്കണക്കിനു പരിപാടികൾ സംഘടിപ്പിച്ചു. ഖുമൈനി അനുസ്മരണം, ഹുസൈനിയ്യാത്തുകളിൽ വെച്ചുള്ള ആചാരാചരണം, ശുഹദാ കുടുംബങ്ങളിൽ സന്ദർശനം നടത്തിയുള്ള പ്രാർത്ഥനകൾ അവരുടേ പ്രവർത്തനങ്ങളാണ്.
നേരത്തെ തൊണ്ണൂറുകൾ വരെയും, വിശുദ്ധ ജിഹാദിൽ രക്തസാക്ഷികളാകുന്നവരുടെ മയ്യിത്തിനു മേൽ ശിഈസത്തിന്റെ യാതൊരുവിധ അടയാളങ്ങളും കാണുമായിരുന്നില്ല. എന്നാൽ, പുതിയ ശുഹദാക്കളെ ശ്രദ്ധിച്ചാലറിയാം, പോരാളികളെയും, അവരുടെ ചിഹ്നങ്ങൾക്കും വസ്ത്രങ്ങൾക്കും പതാകകൾക്കും നിറഭേദവും ആദർശഭേദവും സംഭവിച്ചിരിക്കുന്നു.
ഹമാസ് ഇപ്പോൾ ആദർശത്തിൽ തളർന്ന മട്ടിലാണ്. ‘എന്തെങ്കിലും പണ്ടാരമാകട്ടെ, ചെറുത്ത് നിൽപ് വിജയിപ്പിക്കണം’ എന്ന മട്ടിലേക്ക് മനസ്സുമാറിയിരിക്കുന്നു. അത് ഗസ്സയിലെ ജനങ്ങളിലും പ്രകടമാണ്. ഹമാസിന്റെ ഭാഗത്ത് നിന്നും, ശീഈ പ്രചാരണങ്ങൾക്കെതിരെ ഇപ്പോൾ യാതൊരു എതിർപ്പുമില്ലെന്നതാണ് സത്യം. “ശത്രുക്കൾ തലയ്ക്ക് മുകളിൽ ബോമ്പ് വർഷിക്കുമ്പോൾ, വുദുവിൽ കാൽ തടവുകയാണോ കഴുകുകയാണോ വേണ്ടത്? നിസ്കാരത്തിൽ കൈകെട്ടണോ താഴ്ത്തിയിടണോ? എന്നൊക്കെ തർക്കിക്കാൻ നിന്നാലൊക്കുമോ?” എന്ന ‘സമുദായ ഐക്യ ശബ്ദം’ ഉയർത്തുന്ന നേതാക്കൾ ഹമാസിൽ ശക്തമാണ്. ജിഹാദിന് തീവ്ര ഇറാനീ റാഫിദികളെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച്, നായ്ക്കളെ വേട്ടയ്ക്കുപയോഗിക്കാം എന്ന സുപ്രധാന ഫിഖ്ഹ് പറയുന്ന ഹമാസ് നേതാക്കൾ, പക്ഷേ, വേട്ടനായ്ക്കൾ സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെയും കൂട്ടിലെ കുഞ്ഞുങ്ങളെയും അകത്താക്കിക്കൊണ്ടിരിക്കുന്നത് നോക്കിനിൽക്കേണ്ടി വരുന്നതിന്റെ ഫിഖ്ഹ് എന്നാണു തുറന്നുപറയുക?!
“അതൊന്നും സുപ്രധാന കാര്യമോ ഇടപെടൽ അനിവാര്യമായ സംഗതിയോ അല്ല’ എന്ന് ആവർത്തിക്കുന്ന നേതാക്കളെ അഹ്ലുസ്സുന്ന ഭയക്കുന്നതിൽ സാംഗത്യമുണ്ട്. കാണപ്പെടുന്ന ശീഈ പ്രകടനങ്ങൾ മുഴുവനും, ‘‘ഇസ്‌ലാമിക വിപ്ലവം നയിച്ച ഇറാനോടും ശക്തമായ ജിഹാദീ ആവേശം കാണിക്കുന്ന ഹിസ്ബുല്ലയോടും സ്വാഭാവികമായും യുവാക്കളിലുണ്ടായ കൗതുകവും വാത്സല്യവുമാണ്; മതം മാറ്റമോ മനം മാറ്റമോ അല്ല’ എന്ന് പ്രശ്നത്തെ ലാഘവത്തോടെ നോക്കിക്കാണുന്നവരെ സംശയിക്കുന്നതിലും അർത്ഥമുണ്ട്.
ഇറാന്റെ അജണ്ടയെക്കുറിച്ച് ഹമാസിന് തിരിച്ചറിവുണ്ടായതുകൊണ്ട് ഫലമില്ലാത്ത അവസ്ഥ എത്തിക്കഴിഞ്ഞുവെന്നതാണ് അവിടം നിരീക്ഷിക്കുന്നവർക്ക് മനസിലാവുക. ഇത് ഭാവിയിൽ ഗസ്സയിൽ സുന്നി ശിഈ ചേരി തിരിഞ്ഞുള്ള സംഘട്ടനങ്ങളിലേക്ക് വഴി മാറാനും ചെറുത്തു നില്പ് പോരാട്ടങ്ങൾ ദുർബലമാകാനും ഇടയാക്കുമെന്ന് ഭയക്കണം. അതോടെ, സയണിസ്റ്റ് വിരുദ്ധ പോരാട്ടത്തിൻ്റെ അവസാന ശ്വാസവും നിലയ്ക്കും.
ചരിത്രത്തിലെ ജൂത ശി ഈ വഞ്ചനയുടെ ചരിത്രം പഠിച്ചവർക്ക് പിന്നെയും ഭയക്കാൻ പലതുമുണ്ട്.
ഹമാസിനെയും ഗസ്സയെയും ആർക്ക് രക്ഷപ്പെടുത്താനാകും എന്നാണു ചിന്തിക്കേണ്ടത്?
1 Comment
  • Mohammed nizar
    says:

    അൽഹംദുലില്ലാഹ്, ആദ്യമായിട്ടാണ് ഫലസ്തീൻ ചരിത്രം ഇത്ര വിശദമായി വായിക്കുന്നത്. നന്ദി.
    താങ്കളുടെ ഈ പ്രയത്നം അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ.

Leave a Reply