ആദാമിന്റെ ഇടതു വാരിയെല്ലുകളിൽ ഒന്ന് ഊരിയെടുത്ത് ഹവ്വായെ പടച്ചു എന്ന മിത്ത് കുപ്രസിദ്ധമാണ്. ഇടതുഭാഗത്തെ പന്ത്രണ്ടു വാരിയെല്ലുകളിൽ ഒന്ന് ഊരിയെടുത്തതിനാൽ ആദമിന് പതിനൊന്നു എല്ലുകൾ മാത്രമേ അവിടെ കാണൂ; ഹവ്വയ്ക്ക് ആ കുറവ് ഇല്ല. അവൾക്ക് പന്ത്രണ്ടു തികച്ചും ഉണ്ട്. ഏതായാലും അവർ രണ്ടുപേരും ജീവിച്ചിരിപ്പില്ലാത്തതിനാൽ എണ്ണി നോക്കി ഉറപ്പിക്കാൻ മാർഗ്ഗമില്ല.
ഏതോ പുരുഷവിരുദ്ധനായ ഫെമിനിസ്റ്റ് ഉണ്ടാക്കിയ കഥയെന്നേ ഞാനിതിനെ കാണൂ. പുരുഷൻ ‘നട്ടെല്ല് ഇല്ലാത്തവനാണ്’ എന്നൊരു സന്ദേശമാണല്ലോ ഇത് ഉത്പാദിപ്പിക്കുന്നത്. നട്ടെല്ലില്ലെങ്കിലും തലച്ചോറ് കൂടുതലുള്ള പുരുഷൻമാർ ഫെമിനിസ്റ്റുകളെ തിരിച്ചടിച്ചുവെന്നത് വേറെ കാര്യം. സ്ത്രീ പുരുഷന്റെ ഉപോല്പന്നമാണെന്ന വായനയിലേക്ക് ആ കഥയെ അവർ ട്വിസ്റ്റ് ചെയ്തു; അതിൽ ആധിപത്യം നേടി. അതെന്തോ ആകട്ടെ, ആദം ഹവ്വമാർക്ക് ശേഷം പിറന്നുവീണ ഓരോ പുരുഷനും ‘വാരിയെല്ല് വൈകല്യം’ ഉള്ളവനാകുന്നു എന്ന ധാരണ പരന്നിട്ടുണ്ട്. ഏതെങ്കിലും ഒരാളെ ചെരിച്ചുകിടത്തി എണ്ണിനോക്കി തീർപ്പിലെത്താവുന്ന കാര്യം, ഇത്ര വിശ്വാസ പ്രശ്നമായി എടുക്കേണ്ടതുണ്ടോ?
ഒരു മുസ്ല്യാരുടെ ‘വഷള്’ വീഡിയോ യുക്തന്മാർ എടുത്താഘോഷിക്കുന്നത് കണ്ടതിനെത്തുടർന്നാണ് ഈ കുറിപ്പ് ജനിക്കുന്നത്. ഭാര്യ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ ‘അറിവിന്റെ മഹാകവാടം’ ആയ അലിയാർ തങ്ങൾ പറഞ്ഞുകൊടുക്കുന്ന അതി ഭയങ്കര ഹിക്മത്ത് (?!) ഇതായിരുന്നു: അവളുടെ വാരിയെല്ല് എണ്ണിനോക്കുക. എണ്ണിയപ്പോൾ ഇടത്ത് പതിനൊന്നും വലത്ത് പന്ത്രണ്ടും?! (എണ്ണം പഠിച്ചത് ഏത് സ്കൂളിൽ നിന്നാണാവോ!). ഭാര്യ യഥാർത്ഥത്തിൽ പുരുഷനാണെന്ന് കണ്ടെത്തിയെന്നാണ് വൈജ്ഞാനിക പ്രാധാന്യമായുള്ള ആ കഥ. ഏതു ചപ്പുചവർ കഥകളും ആരോപിക്കപ്പെടാവുന്ന മൂന്നു പേരുണ്ട് പ്രധാനമായി: ഫാത്തിമ ബീവി, അലിയാർ തങ്ങൾ, ജാഫർ സ്വാദിഖ് തങ്ങൾ. നബിയെ എന്നപോലെ നബി കുടുംബത്തെയും അവഹേളിക്കുകയാണ് കഥാകൃത്തുക്കളുടെ ലക്‌ഷ്യം.
മത പ്രഭാഷകർ ഗൗരവത്തോടെ ശ്രദ്ധിക്കണം: ഇസ്‌ലാമിനെ പരിഹാസ്യമാക്കാൻ എമുക്കളും വിരോധികളും പടച്ചുവിട്ട അനേകം ഹദീസുകൾ ഉണ്ട്. ഇന്നത്തെ എമു ക്കൾ ചെയ്യുന്നപോലെ തന്നെ ഇല്ലാ കഥകളും, നബി പഠിപ്പിക്കാത്ത പോരിശകളും, മഹത്വ വിവരണങ്ങളും പറഞ്ഞു പരത്തി , വിശ്വാസികളെ കുഴക്കുകയും ഇസ്‌ലാമിനെ പരിഹാസ്യമാക്കുകയും ചെയ്യുന്ന സൂത്രം ഖലീഫമാരുടെ കാലത്ത് തുടങ്ങിയതാണ്. അന്നത്തെ എമുക്കളുടെ ഇത്തരം ഉത്പന്നങ്ങളെല്ലാം ഓരോ വിശ്വാസിയിലേക്കും എത്തിക്കുന്ന മഹത്തായ ദീനീ പ്രചാരണം ചെയ്തിരുന്നത് ഉറുദിക്കാരും വയളന്മാരും ആയിരുന്നു. വിവേകശൂന്യരായ ആളുകളെ കോരിത്തരിപ്പിക്കുന്ന മനോഹരമായ ‘കൊച്ചുകഥകളും’ ‘നോവലൈറ്റുകളും’ അങ്ങനെ സമുദായത്തിൽ ധാരാളം പരന്നിട്ടുണ്ട്.
ഹദീസ് ശാസ്ത്രത്തിൽ ഒരല്പം കാര്യഗൗരവത്തോടെ ഓതിയിരുന്നെങ്കിൽ, ഇത്തരം വ്യാജ പ്രോഡക്റ്റുകൾക്ക് മാർക്കെറ്റ് ചെയ്യാൻ ഉസ്താദ്മാർ നിൽക്കുമായിരുന്നില്ല. (‘കഥകൾ കണ്ടെത്തേണ്ട വിവേകരീതി’ മതപാഠശാലകളിൽ നിർബന്ധമായും സിലബസിൽ ഉൾപ്പെടുത്തണം).
സ്ഥിരീകരിക്കപ്പെട്ട ഒരു ഹദീസിനെ, ഈ കഥയുടെ പശ്ചാത്തലത്തിൽ തെറ്റായി മനസ്സിലാക്കിയവരിൽ മഹാമലകളും മഹാ സമുദ്രങ്ങളും വരെ ഉണ്ടെന്നത് നേരാണ്. ആരെയും ഒത്തിരി നിരൂപണ ബുദ്ധിയോടെ മാത്രമേ ഉൾക്കൊള്ളാവൂ എന്ന പാഠവും പഠനകാലത്ത് പകർന്നു ലഭിക്കുന്നില്ലെങ്കിൽ, ‘മതപണ്ഡിത വ്യവസായശാല’ കൾക്കൊണ്ട് ഒരു കാര്യവുമില്ല.
ഹദീസ് പഠനത്തിൽ, അനിവാര്യമായ ഒന്നാണ്, വ്യത്യസ്ത റിപ്പോർട്ടുകൾ ഒത്തുനോക്കൽ. അങ്ങനെ ചെയ്യുമ്പോൾ, ഹദീസിലെ ആശയം കൂടുതൽ വ്യക്തമാകുന്നു. ഇവ്വിഷയകമായി സ്വഹീഹുൽ ബുഖാരിയിൽ തന്നെ വന്നിട്ടുള്ള മറ്റൊരു ഹദീസ് (നമ്പർ 5184) നോക്കാം. പ്രസ്‌തുത ഹദീസ് ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാം ബുഖാരി തലവാചകം കൊടുത്തത് തന്നെ ഇങ്ങനെ :
باب الْمُدَارَاةِ مَعَ النِّسَاءِ، وَقَوْلِ النَّبِيِّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ-: «إِنَّمَا الْمَرْأَةُ كَالضِّلَعِ»
“ഭാര്യമാരോട് അനുനയത്തിൽ പെരുമാറുന്നതിനെക്കുറിച്ചും ‘ വാരിയെല്ല് പോലെയാകുന്നു സ്ത്രീ വർഗ്ഗം’ എന്ന നബിവചനത്തെക്കുറിച്ചുമുള്ള ബാബ്”. പ്രസ്തുത അധ്യായത്തിൽ ‘ വാരിയെല്ല് പോലെയാകുന്നു സ്ത്രീ വർഗ്ഗം’ إِنَّمَا الْمَرْأَةُ كَالضِّلَعِ എന്ന നബിവചനം ഉദ്ധരിക്കുന്നു.
حَدَّثَنَا عَبْدُ الْعَزِيزِ بْنُ عَبْدِ اللَّهِ قَالَ: حَدَّثَنِي مَالِكٌ عَنْ أَبِي الزِّنَادِ عَنِ الأَعْرَجِ عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ: «الْمَرْأَةُ كَالضِّلَعِ، إِنْ أَقَمْتَهَا كَسَرْتَهَا، وَإِنِ اسْتَمْتَعْتَ بِهَا اسْتَمْتَعْتَ بِهَا وَفِيهَا عِوَجٌ»
അതായത്, വാരിയെല്ലുമായി ഉപമിക്കുകയായിരുന്നു പ്രവാചകൻ സ്വ. ഇങ്ങനെ ഉപമയുടെ അവ്യയങ്ങൾ ഉപയോഗിക്കാതെ വന്നിട്ടുള്ള ഹദീസുകൾക്ക് ഈ ഉപമ ബാധകമാക്കിയാൽ കാര്യം കൃത്യമായി ഉൾക്കൊള്ളാവുന്നതേ ഉള്ളൂ.
إن المرأة خلقت من ضلع أعوج، فإن ذهبت تقيمها كسرتها وكسرها طلاقها =
“സ്ത്രീ വർഗ്ഗം വളഞ്ഞ വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; അതിനെ നിവർത്താൻ മെനക്കെട്ടാൽ അതങ്ങ് പൊട്ടിപ്പോകും. പൊട്ടുകയെന്നാൽ വിവാഹ മോചനം”. ഈ അർത്ഥത്തിൽ വന്നിട്ടുള്ള വ്യത്യസ്ത റിപ്പോർട്ടുകൾ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. യഥാർതത്തിൽ ഈ ഹദീസ് മുകളിൽ പറഞ്ഞ മിത്ത് അല്ല പഠിപ്പിക്കുന്നതെന്ന് മുകളിൽ ഉദ്ധരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒന്നാമതായി, ആദാമിന്റെ വാരിയെല്ലിൽ നിന്നും ഹവ്വയെ പടച്ചുവെന്നല്ല ഹദീസിലുള്ളത്; സ്ത്രീ വർഗ്ഗത്തിന്റെ മൊത്തം പ്രശ്നമാണ് പറയുന്നത്. അവരുടെ ശരീര ശാസ്ത്രമല്ല പഠിപ്പിക്കുന്നത്. ആദമിന് ഒരെല്ലു കുറവാണെന്നും അതിനാൽ എല്ലാ പുരുഷന്മാർക്കും ആ എല്ലു നഷ്ടപ്പെട്ടെന്നുമല്ല. ദാമ്പത്യ ജീവിതത്തിൽ മനസ്സിലാക്കേണ്ട സ്ത്രീ മനഃശാസ്ത്രത്തെ കുറിച്ചാണ്. സ്ത്രീ മകളായിരിക്കുമ്പോൾ, സ്ത്രീ ഉമ്മയായിരിക്കുമ്പോൾ, സ്ത്രീ സഹോദരി ആയിരിക്കുമ്പോൾ ഉള്ള മനഃശാസ്ത്രത്തെക്കുറിച്ചു പോലും അല്ല; ഭാര്യയായിരിക്കുമ്പോൾ സ്ത്രീ വർഗ്ഗം പൊതുവെ കാണിക്കുന്ന മനഃശാസ്ത്ര പ്രഹേളികയെക്കുറിച്ച് ഉപമാലങ്കാരത്തോടെ വർണ്ണിച്ചിരിക്കുകയാണ് പ്രവാചകൻ. അവരെ സ്മൂത്തായി കൈകാര്യം ചെയ്യണം. താൻ സ്വപ്നം കാണുന്ന ഒരു പെരുമാറ്റ ഗുണത്തിലേക്ക് അവളെ ബലം പ്രയോഗിച്ചു നിവർത്താൻ ശ്രമിക്കരുത്; പൊട്ടിപ്പോയേക്കാം; വിവാഹമോചനത്തിൽ കലാശിച്ചേക്കാം എന്ന പ്രായോഗിക നിർദ്ദേശം. “മനുഷ്യരെ ധൃതിയാൽ പടക്കപ്പെട്ടു” (21 /37 ) എന്ന് ഖുർആൻ പറഞ്ഞപോലുള്ള ഒരു പ്രയോഗം. ഉത്തരവാദപ്പെട്ട പൂർവ്വകാല പണ്ഡിതന്മാർ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഹദീസിന്റെ താല്പര്യം അറിയാതെ, ഹദീസിനെ കല്ലെറിയുന്നവരും അബദ്ധത്തിൽ പെട്ടിരിക്കുന്നു.
മിത്തുകളുടെ സ്വാധീനം കൊണ്ടായിരിക്കാം, ‘നിങ്ങളെ ഒരു നഫ്സിൽ നിന്നും പടച്ചു; ആ നഫ്സിൽ നിന്നും അതിന്റെ ഇണയെയും പടച്ചു’ (നിസാ) എന്ന സൂക്തം വ്യാഖ്യാനിച്ച ചിലർ, ആദമിൽ നിന്നും ഹവ്വയെ പടച്ചു എന്നെല്ലാം വ്യാഖ്യാനിക്കുകയും, അത് ആദാമിന്റെ വാരിയെല്ലിൽ നിന്നാണെന്നു കൂട്ടിച്ചേർക്കുകയും ചെയ്തിരിക്കുന്നു. അബദ്ധമാണത്. കഥാകൃത്തുക്കൾ പിന്നെയും മുന്നോട്ടുപോയി, ആദമിന് എല്ലൊന്നു നഷ്ടമായി എന്നും ഇന്നുള്ള എല്ലാ പുരുഷന്മാരിലും ആ വൈകല്യം കാണാമെന്നും നീട്ടിപ്പറഞ്ഞു.
SWALIH NIZAMI PUTHUPONNANI
01/05/2021