മക്കയിലെ ബഹുദൈവ വാദികളായ ശത്രുക്കളുമായി ആദ്യത്തെ രൂക്ഷ യുദ്ധം ഹിജ്‌റ രണ്ടാം വർഷം റമദാനിൽ ബദറിൽ നടന്നു. സർവ്വായുധ സജ്ജരായ ആയിരത്തിലധികം/ ആയിരത്തോളം ഖുറൈശീ പോരാളികളെ, മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ പരിമിതായുധരായ മുന്നൂറ്റി പത്തൊമ്പത് മുസ്ലിം പോരാളികൾ നേരിട്ടു  അതുല്യ വിജയം നേടി. പതിനഞ്ചു വർഷം പ്രവാചകനെയും അനുയായികളെയും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്ന പ്രധാന എഴുപതോളം വീരശൂരന്മാർ വധിക്കപ്പെടുകയും, എഴുപത് പേരെ യുദ്ധത്തിൽ പിടിക്കപ്പെടുകയും ചെയ്തു. യുദ്ധം അവസാനിക്കുകയും ഓരോരുത്തരായി പിടിക്കപ്പെടുകയും ചെയ്യുന്നത് കണ്ടപ്പോൾ തന്നെ, പ്രവാചകൻ അനുയായികളോട് ഒസ്യത്ത് ചെയ്തു : അവരോടു നല്ലതുമാത്രം ചെയ്യാൻ ഞാൻ നിങ്ങളോടു ഒസ്യത്ത് ചെയ്യുന്നു” (ത്വബ്റാനി 977 , മജ്മഉ സവായ്‌ദ്)

പ്രവാചകനും അനുയായികൾക്കും അവരെ എന്തും ചെയ്യാം? നിഷ്കരുണം കശാപ്പ് ചെയ്യാം. പിടിക്കപ്പെട്ടവർ ഏറെയും മുസ്ലിംകളുടെ ബന്ധുക്കൾ തന്നെ. ഇങ്ങോട്ടു ‘ബന്ധം’ കാണിക്കാതെ മുസ്ലിംകളെ കഷ്ടത്തിലാക്കിയ അധമന്മാർ. എല്ലാവരെയും വധിച്ചില്ലെങ്കിലും ചിലരെയെങ്കിലും ‘പാഠം പഠിപ്പിക്കണം’ എന്ന അഭിപ്രായമായിരുന്നു ഉമർ ബ്നുൽ ഖത്വാബിന്. തടവുപുള്ളികളെ എന്തുചെയ്യണമെന്ന അഭിപ്രായം ചോദിച്ചപ്പോൾ, ഉമർ പ്രവാചകനോട് തുറന്നു പറഞ്ഞു: ‘എന്റെ ബന്ധുവായ ഫുലാനെ എനിക്ക് വിട്ടുതരിക; അവന്റെ കഴുത്തു ഞാൻ തന്നെ മുറിച്ചെടുക്കാം. അലി ക്ക് സഹോദരൻ അഖീലിനെ വിട്ടുകൊടുക്കൂ; അലി അഖീലിന്റെ തലയെടുക്കട്ടെ. ഹംസയ്ക്കും നൽകൂ അദ്ധേഹത്തിന്റെ സഹോദരനെ; കഴുത്തെടുക്കട്ടെ. ബന്ധുക്കളാണെന്ന നിലയിൽ അവരോട് നമുക്ക് ഈ സന്ദർഭത്തിൽ പ്രത്യേക മമതയൊന്നും ഇല്ലെന്ന് അല്ലാഹു മനസ്സിലാക്കട്ടെ”. ഉമറിന്റെ രോഷം സ്വാഭാവികമാണ്. ഖുറൈശീ ഭീകര പ്രഭാഷകൻ സഹ്ൽ ബ്നു അംറ് തടവുകാരിൽ ഉണ്ട്. പ്രവാചകരെ നിശിതമായി വിമർശിക്കുന്ന സഹ്‌ലിന്റെ കടുപ്പമേറിയ അശ്‌ളീല വായയിൽ നിന്നും രണ്ടുപല്ലെങ്കിലും തെറിപ്പിക്കുകയും, അവനിനി ഒരിക്കലും ഗംഭീരമായി പ്രസംഗിക്കാനിട വരുത്തണമെന്നും ഉമർ ഉറക്കെപ്പറഞ്ഞു.

മക്കയിൽ മുസ്ലിംകൾക്ക് നഷ്‌ടമായ ജീവിതത്തിനും സ്വത്തുക്കൾക്കും പകരം പിഴ ഈടാക്കി വിടാമെന്ന അഭിപ്രായമാണ് അബൂബക്കർ പ്രകടിപ്പിച്ചത്. ഉമറിന്റെ നീതിപൂർവ്വമായ രോഷം പരിഗണിക്കാതെ, പ്രവാചകൻ, അബൂബക്കറിന്റെ മാനുഷിക നിലപാടാണ് തിരഞ്ഞെടുത്തത്.  മക്കയുടെ സഹിഷ്ണുവായ പുരോഹിതൻ മുത്ഇമു ബ്നു അദിയ്യ് ശുപാർശ ചെയ്യാനുണ്ടായിരുന്നെങ്കിൽ, പിഴയൊന്നും വാങ്ങാതെ, ഇവരെ വിട്ടയക്കാമെന്നായിരുന്നു നബിയുടെ വ്യക്തിപരമായ താല്പര്യം. തുടർന്ന് ശത്രുത ഇല്ലാതാക്കാനായിരുന്നു നബി അങ്ങനെ ആലോചിച്ചത്. രണ്ടു പ്രമുഖ പ്രതികരണങ്ങളിൽ കാര്യണ്യഭാവം നിറഞ്ഞ അബൂബക്കറിന്റെ അഭിപ്രായം തിരഞ്ഞെടുത്ത്,  പിഴ മാത്രം മതിയാക്കിയ നബിയെ ആക്ഷേപിച്ചു ഖുർആനിൽ വചനങ്ങൾ അവതരിച്ചു. പ്രതികാരം തീർക്കണമെന്ന് ശഠിച്ച ആളുകൾ അതോടെ പതുക്കെ തണുത്തു. ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ടായിരുന്നു ഖുർആൻ വചനം.

എഴുപത് പോക്കിരികളെയും പിഴ ഈടാക്കി വിട്ടയച്ചു. ഓരോരുത്തർക്കും സാധ്യമായ പിഴകൾ മാത്രം. അതിൽ ചിലരുടെ പിഴ, മുസ്ലിം സമാജത്തിലെ പത്തു നിരക്ഷരകുമാരന്മാർക്ക് വീതം, അക്ഷരം പഠിപ്പിച്ചു കൊടുക്കുകയെന്നതായിരുന്നു. ഉംറ ചെയ്യാൻ പോയ സഅദ് ബ്നു നുഅമാൻ എന്ന മുസ്ലിമിനെ നേരത്തെ അബൂ സുഫ്‌യാൻ തടഞ്ഞുവെച്ചിരുന്നു. അബൂ സുഫ്‌യാന്റെ മകൻ അംറിനെ വിട്ടയച്ചത് പകരം സഅദിനെ വിടുക എന്ന നിബന്ധനയോടെയും. പിഴയൊന്നും ഒടുക്കാനില്ലാത്ത മൂന്നുപേർക്ക് നിരുപാധിക മോചനം. ഖുറൈശീ ഭീകര പ്രഭാഷകൻ സഹലിനോട് വളരെ മാന്യമായാണ് പ്രവാചകൻ പെരുമാറിയത്. ഉമറിന്റെ ആക്രോശത്തിനോട് പ്രതികരിച്ചുകൊണ്ട് പ്രവാചകൻ പ്രസ്താവിച്ചു: ‘ഞാൻ അയാളെ ശരീരവൈകല്യം വരുത്തില്ല; നബിയാണെങ്കിൽ പോലും അല്ലാഹു അതിനു എന്നോട് പകരം വീട്ടുന്നതായിരിക്കും’. മോചന ദ്രവ്യവുമായി അവിടെ എത്തിയതിൽ തന്റെ പത്നി ഖദീജയുടെ കഴുത്തിലെ മാലയുമുണ്ടായിരുന്നു. മകൾ സൈനബ് തന്റെ ഭർത്താവിനെ മോചിപ്പിക്കാൻ കൊടുത്തയച്ചത്. അതുകണ്ടപ്പോൾ, അലിവാർന്ന മനസ്സോടെ പ്രവാചകൻ അനുയായികളുടെ സമ്മതം വാങ്ങി: ‘നിങ്ങൾ അനുവദിക്കുമെങ്കിൽ, ആ മാല വാങ്ങാതെ ഞാൻ അവളുടെ ഭർത്താവിനെ പറഞ്ഞുവിടട്ടെയോ”. അനുയായികൾ അനുവദിച്ചു. പിടിക്കപ്പെട്ട എല്ലാവരെയും ഒരു വർഷത്തിനകം വിട്ടയച്ചുകഴിഞ്ഞിരുന്നു. അടുത്ത വർഷം വീണ്ടും ഇവരിൽ പലരും ഉഹ്ദ് യുദ്ധത്തിൽ അണിനിരന്നു.

വധിക്കപ്പെട്ട രണ്ടുപേർ

എന്നാൽ, ബദ്‌റിൽ പിടിക്കപ്പെട്ടവരിൽ രണ്ടുപേരെ മദീനയിൽ എത്തുന്നതിനു മുമ്പേ വധിച്ചിരുന്നു. തിരുനബി തന്നെയാണ് കല്പിച്ചത്. ഒന്ന് ഉഖ്ബത് ബ്നു അബീ മുഐത്, രണ്ട് നള്റു ബ്നുൽഹാരിസ്. ബദ്‌റിൽ അബ്ദുൽ മുത്വലിബ് ബ്നു സലമത് അൽ അൻസ്വാരിയാണ് ഉഖ്ബയെ പൂച്ച എലിയെ പിടിക്കുന്നപോലെ പിടിച്ചുകൊണ്ടുവന്നത് . വധിക്കാൻ പ്രവാചകൻ നിർദ്ദേശം നൽകിയപ്പോൾ, പരാക്രമിയായിരുന്ന ഉഖ്ബ കരയാൻ തുടങ്ങി. ‘മുഹമ്മദേ, ഈ ആളുകൾക്കിടയിൽ വെച്ച് എന്തിനാണ് നീ എന്നെ വധിക്കുന്നത്. നബി വ്യക്തമാക്കി: ‘അല്ലാഹുവിനോടും റസൂലിനോടുമുള്ള താങ്കളുടെ കലിപ്പ് കാരണം”. തടിയിൽ തറച്ചായിരുന്നു വധം. നബി ചരിത്രത്തിലെ ആദ്യത്തെ ‘കുരിശ് ശിക്ഷ’. (അൻസാബുൽ അഷ്‌റാഫ്)

ഉഖ്ബത്ത് രണ്ടുതവണയാണ് നബിയെ ക്രൂരമായി വേദനിപ്പിച്ചത്. കഅബയിലെ മഖാമിന് പിറകിൽ സുജൂദിലായിരുന്ന നബിയുടെ കഴുത്തിൽ ചവിട്ടി അമർത്തുകയും(നബി തന്നെ പറഞ്ഞപ്രകാരം) നബിയുടെ കണ്ണുകൾ തുറിച്ചു ചാടുമോ എന്ന പരുവത്തിലാകുകയും ചെയ്യുവോളം കഴുത്ത് നിലത്തിട്ട് ഞെരിക്കുകയും ചെയ്ത സംഭവം ഒന്ന്. ഒട്ടകം/ആടിന്റെ മറു (പ്രസവ സമയത്ത് വീഴുന്ന കുടലുകൾ) നബിയുടെ തലയിൽ കൊടുന്നിട്ട സംഭവം. മഖാമിൽ നിസ്കരിക്കുമ്പോൾ തന്നെയായിരുന്നു ഇതും . കുഞ്ഞു മകൾ ഫാഥ്വിമയാണ് അത് കഴുകിക്കൊടുത്തത്. നബി യുടെ വീടിനു മുന്നിൽ അളിഞ്ഞ കച്ചറകൾ കൊട്ടയിലാക്കി തള്ളുന്ന പണിയും ഉഖ്ബക്കുണ്ടായിരുന്നതായി ചരിത്രമുണ്ട്. ഉഖ്ബത്ത് കൊല്ലപ്പെട്ടത് ഇക്കാരണത്താൽ ആണെന്നല്ല പറയുന്നത്. അയാളുടെ ട്രാക്ക് ഹിസ്റ്ററി പറഞ്ഞതാണ്. യുദ്ധത്തിൽ പങ്കെടുക്കുകയും പിടിക്കപ്പെടുകയും ചെയ്ത ഉഖ്ബത്ത് അക്രമികളുടെ പ്രതീകമായിരുന്നു. വധത്തിനു അർഹനാണ്.

നബിയെ അപഹസിച്ചും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുപരത്തിയും നടന്നിരുന്ന നള്റു ബ്നുൽഹാരിസ് അറബേതര സാഹിത്യങ്ങളിൽ പിടിപാടുള്ള വ്യക്തിയായിരുന്നു. പേർഷ്യൻ കഥാമാലകൾ വായിച്ചു പഠിച്ച ഇയാൾ ഹീറയിൽ നിന്നും അനറബി സാഹിത്യങ്ങൾ വാങ്ങിക്കൂട്ടിരുന്നു. മക്കക്കാർക്ക് ഇക്കഥകൾ എരിവും പുളിയും ചേർത്തു പറഞ്ഞുകൊടുക്കുക ഹോബ്ബിയായിരുന്നു. ജൂത ക്രൈസ്തവ പേർഷ്യൻ കഥകളുടെ മിശ്രിതമായിരുന്നു ഇയാളുടെ കഥകൾ. മുഹമ്മദ് നബി വെളിപാടുകൾ ജനങ്ങൾക്ക് ഓതിക്കൊടുക്കാൻ തുടങ്ങിയപ്പോൾ, ‘ഇത്തരം കഥകൾ എനിക്കുമറിയാം, അതിലും നല്ല കഥകൾ എന്റേതാകുന്നു’ എന്ന് പറഞ്ഞുനടന്നു. ദൈവ സന്ദേശങ്ങൾ നിഷേധിക്കുകയും വിശ്വസിക്കുന്ന വരെ പീഡിപ്പിക്കുകയും ചെയ്യുന്ന ‘മക്കക്കാർക്ക് ആപത്തു വരാൻ പോകുന്നു’ എന്ന് നബി മുന്നറിയിപ്പ് നൽകിയതിനെ പരിഹസിച്ചു നടപ്പായിരുന്നു ഇയാൾ. ഒരിക്കൽ നബിയുടെ കണ്ടുമുട്ടിയപ്പോൾ, ‘നീ പറയുന്നത് സത്യമാണെങ്കിൽ ആകാശത്തു നിന്നും ശിലാവർഷം ഉണ്ടാകട്ടെ’ എന്ന് കളിയാക്കിയതും, ‘ആപത്തു വരുന്ന ഘട്ടത്തിൽ താങ്കളും അതിൽ ഉൾപ്പെടും’ എന്ന് നബി മുന്നറിയിപ്പ് നൽകിയതും ചരിത്രത്തിലുണ്ട്. അൻഫാൽ 31 , 32 അഅറാഫ് 185 സൂക്തങ്ങൾ ഇയാളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിൽ അവതരിച്ച സൂക്തങ്ങളാകുന്നു. ഖത്തീല എന്ന പേരുള്ള പുത്രിയുണ്ടായിരുന്നു നള്റിന് . കവയത്രിയായി അറിയപ്പെട്ടു.

മിഖദാദ് ബ്നു അംറ് ബദ്‌റിൽ നള്റിനെ പിടികൂടി കൊണ്ടുവന്നപ്പോൾ, നിലത്തു കിടത്തി കഴുത്തവെട്ടി വധിക്കാൻ കല്പിച്ചു. മരണവർത്തയറിഞ്ഞ ഖത്തീല, നബിയ്ക്ക് ദയകാണിക്കാമായിരുന്നു എന്ന സ്വരത്തിൽ സങ്കട കവിത എഴുതി അയച്ചു. കവിത ലഭിച്ച തിരുനബി പറഞ്ഞു: ‘അവളുടെ ശിപാർശ കവിത നേരത്തെ ലഭിച്ചിരുന്നെങ്കിൽ നള്റിനെ ഞാൻ വധിക്കാൻ പറയില്ലായിരുന്നു’. മകളുടെ അഭ്യർത്ഥനയായി മാത്രമല്ല, കവയത്രിയുടെ ഇടപെടൽ കൂടിയായാണ് നബി അതിനെ മാനിച്ചത്. (അൻസാബുൽ അഷ്‌റാഫ്, ദുറർ)

വധശിക്ഷ എല്ലാവർക്കും നടപ്പിലാക്കാമായിരുന്നു. . അതുചെയ്തില്ല. അതുതന്നെയാണ് നമ്മുടെ ചർച്ചയും. അർഹിക്കുന്ന നീതി പോലും അനുഭവിക്കാൻ അല്ല നബി താല്പര്യം കാണിച്ചത്; പരമാവധി വിട്ടുവീഴ്ച ചെയ്യാനാണ്.

അക്രമികളോട് ന്യായമായ പ്രതികാരം ചെയ്യുവാൻ കൂടി നബി പഠിപ്പിക്കുന്നുണ്ട്. എല്ലാവരെയും മോചനദ്രവ്യം വാങ്ങിയും വെറുതെയും വിട്ടിരുന്നെങ്കിൽ, അതുമാത്രമാണ് തടവുപുള്ളികളോടുള്ള നടപടി എന്ന് വരും. അത് അക്രമികൾക്ക് ധൈര്യം വർദ്ധിപ്പിക്കും. ഒന്നുരണ്ടുപേരെ അർഹിക്കുന്ന ശിക്ഷ നൽകി ആ അനുവാദം കൂടി സമുദായത്തെ പഠിപ്പിക്കുകയായിരുന്നു നബി. പിടിക്കപ്പെട്ട മുഴുവൻ പേരെയും വധിക്കാമായിരുന്ന നബി രണ്ടുപേരെ മാത്രമേ വധിക്കാൻ കല്പിച്ചുള്ളൂ എന്നതാണ് കാര്യം.

രണ്ടാം തവണയും അതേ മാളത്തിൽ നിന്ന്

അബൂ ഇസ്സത്തിൽ ജംഹി കവിയാണ്. നബിക്കും മുസ്ലിംകൾക്കും എതിരെ മുശ്രിക്കുകളെ പ്രചോദിപ്പിക്കുന്ന പണിയാണ് കാര്യമായി. ബദ്‌റിൽ മുസ്ലിംകൾ അയാളെ പിടികൂടി. സഈദ്‌ ബ്നുൽ മുസയ്യബ് സംഭവം വിവരിക്കുന്നു: ‘അബൂ ഇസ്സ നബിയോട് സങ്കടം അറിയിച്ചു : എനിക്ക് അഞ്ചു പെണ്കുട്ടികളുണ്ട്. അവർക്ക് സ്വയം ജീവിക്കാനൊന്നും ഇല്ല. എന്നെ വിശ്വസിക്കൂ. ഞാൻ ഉറപ്പു നൽകുന്നു, ഞാനിനി താങ്കളുമായി സംഘട്ടത്തിനില്ല ; താങ്കളെ കുറിച്ച് കൂടുതലൊന്നും പറഞ്ഞു പരത്തുകയുമില്ല’. നബി അയാളെ വിശ്വസിച്ചു. അയാൾ മക്കയിലേക്ക് തിരിച്ചു. അടുത്തവർഷം ഉഹുദിനുള്ള ഒരുക്കത്തിലാണ് ഖുറൈശ്. സ്വഫ്‌വാന് ബ്നു ഉമയ്യ അബൂ ഇസ്സ യെ സമീപിച്ചു. ‘ഞങ്ങളോടൊപ്പം വരണം’. അയാൾ തന്റെ പ്രയാസം അവരെ അറിയിച്ചു: ‘ഞാൻ മുഹമ്മദുമായി ഒരു കരാർ ചെയ്തിട്ടുണ്ട്, ഇനിയും യുദ്ധത്തിന് വരില്ലെന്ന്”. അപ്പോൾ സ്വഫ്‌വാൻ അബൂ ഇസ്സയ്ക്ക് ഒരുറപ്പ് കൊടുത്തു: കൊല്ലപ്പെടുകയാണെങ്കിൽ താങ്കളുടെ പെണ്മക്കളെ ഞാൻ എന്റെ മക്കളുടെ കൂടെ വളർത്തും; ജയിച്ചു വന്നാൽ ഭീമമായ സംഖ്യ താങ്കൾക്ക് നൽകും’. ആ ഉറപ്പിൽ അബൂ ഇസ്സ വീണ്ടും നബിയുമായി യുദ്ധം ചെയ്യാൻ ഉഹുദിലെത്തി. മുസ്ലിം പക്ഷത്തിനു വലിയ നഷ്ടങ്ങൾ ഉണ്ടായ യുദ്ധത്തിൽ, ഖുറൈശികളിൽ നിന്നും മുസ്ലിംകൾക്ക് പിടിക്കാൻ കിട്ടിയത് ഒരേ ഒരാളെ; അബൂ ഇസ്സയെ. അയാളുടെ ഒരു ദൗർഭാഗ്യം. നബിയുടെ മുമ്പാകെ അബൂ ഇസ്സ വീണ്ടും കേണു: ‘ഞാൻ നിർബന്ധിതനായി ഇറങ്ങിപ്പുറപ്പെട്ടതാണ്. എനിക്ക് പെണ്മക്കൾ ഉണ്ട്; ദയ കാണിക്കണം”. പ്രവാചകൻ പ്രതികരിച്ചു: നാം തമ്മിലുള്ള കരാറും ഉടമ്പടിയും എവിടെപ്പോയി?! നീ ഇനിയും മക്ക കണ്ടാൽ നീനയ്ക്ക് പറയാം, ‘ഞാൻ മുഹമ്മദിനെ രണ്ടാം തവണയും കബളിപ്പിച്ചേയ്’!. നബി സ്വാ അനുയായികളെ വലിയൊരു പാഠം പഠിപ്പിച്ചു: “നിശ്ചയം സത്യവിശ്വാസികൾക്ക് ഒരേ മാളത്തിൽ നിന്നും രണ്ടാം തവണയും സർപ്പ ദംശനം ഏൽക്കില്ല”. ആസ്വിമ് ബ്നു സാബിത്തിനെ വിളിച്ചു. ‘ഇയാളുടെ ഗളം ഛേദിക്കുക”.

ഹുദൈബിയ്യയിലെ അക്രമികൾ

പരിശുദ്ധ കഅബാലയം സന്ദർശിക്കാൻ പുറപ്പെട്ട മുസ്ലിംകളെ ഖുറൈശികൾ മക്കയ്ക്ക് പുറത്ത് തടഞ്ഞിരിക്കുന്നു. ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പു തുടങ്ങിയിരിക്കുന്നു ഖുറൈശികൾ. ഖുർആനിൽ പരാമർശിച്ച ഹുദൈബിയ്യയിലെ വൃക്ഷത്തിന് ചുവട്ടിൽ മുഹമ്മദ് നബിയും അലിയും സുഹൈൽ ബ്നു അംറും ഇരുന്ന്, മക്കക്കാരുമായുള്ള ഉടമ്പടി കാര്യങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. പെട്ടന്നാണ് അവരുടെ നേരെ ആയുധപാണികളായ മുപ്പത് യുവാക്കൾ ചാടിവീണത്. പൊടുന്നനെ, പ്രവാചകൻ മറ്റനുയായികളെ വിളിച്ചറിയിച്ചു. അവരെയെല്ലാവരെയും മുസ്ലിം പോരാളികൾ പിടിച്ചൊതുക്കി ബന്ധനസ്ഥരാക്കി. പക്ഷേ, പ്രവാചകൻ അവരെ നിരുപാധികം വിട്ടയച്ചു. സൂറ ഫത്ഹിലെ സൂക്തം 24 അവതരിച്ചു. (അഹ്മദ് 16846 , ഹാകിം 3716 ). മക്കയിലേക്ക് കടക്കാനുള്ള എളുപ്പ വഴിയായിരുന്നു പിടിക്കപ്പെട്ട ഈ അക്രമികൾ. പക്ഷേ, അതിനു നിന്നില്ല.

Leave a Reply