ഒരു നോമ്പ് നഷ്ടം, എന്നാൽ ലൈലത്തുൽ ഖദ്ർ ആർക്കും നഷ്ടമാകില്ല..

പകൽ എത്ര മണിക്കൂർ ആണ്? രാത്രിയോ? നാമോരുത്തരും നമ്മുടെ പ്രാദേശിക അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മറുപടി പറയും: പകൽ 12 മണിക്കൂർ പത്ത് മിനിറ്റ്. രാത്രി 11 മണിക്കൂർ അമ്പത് മിനിറ്റ്. ഋതുഭേദ മനുസരിച്ച് ഇതിൽ വ്യത്യാസം വന്നുകൊണ്ടിരിക്കും. മൊത്തം എങ്ങനെ കയറി ഇറങ്ങിയാലും ഇരുപത്തിനാലു മണിക്കൂറാണ് നമുക്കൊരു ദിവസം. എന്നാൽ ലോകാടിസ്ഥാനത്തിൽ രാവും പകലും ഇരുപത്തിനാല് മണിക്കൂർ ആണെന്ന കാര്യം അധികമാരും ആലോചിക്കില്ല. മൊത്തം നാല്പത്തെട്ടു മണിക്കൂർ ആണെന്നല്ല. രാവ് 24 + പകൽ 24 സമം= ഒരു ദിവസം (24 മണിക്കൂർ) എന്ന മാന്ത്രിക കണക്ക് അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണത്? ലോകത്ത് പകലും രാവും ഒരേ സമയത്ത് സംഭവിക്കുന്നു എന്നതുകൊണ്ടുതന്നെ. International date line ൽ രാത്രി ആരംഭിക്കുമ്പോൾ, രാത്രിയോടൊപ്പം ഒരാൾ സഞ്ചരിക്കുന്നുവെന്നു കരുതുക(ഭൂമിയുടെ സഞ്ചാര വേഗതയുള്ള വാഹനം വേണം ട്ടോ ). അദ്ദേഹം പകലിനെ കണ്ടുമുട്ടാൻ എത്ര മണിക്കൂർ സഞ്ചരിക്കേണ്ടി വരും? ഇരുപത്തിനാലു മണിക്കൂർ ?!

ഒരു ചോദ്യം വന്നുകിടപ്പുണ്ട്. കുറേകാലമായി കേൾക്കുന്ന ചോദ്യമാണ്. നമ്മുടെ നാട്ടിൽ ലൈലത്തുൽ ഖദ്ർ ആണെന്ന് കരുതുക. അത് ഫജ്‌റോടെ അവസാനിക്കുന്നു. അപ്പൊ ഭൂമിയുടെ എതിർ വശത്തുള്ളവർക്ക് ലൈലത്തുൽ ഖദ്ർ കിട്ടുമോ?

ഉത്തരം ലളിതമാണ്. അല്ലാഹു പ്രാദേശികവാദി അല്ല. ഭൂമിയിലെ രാത്രി കറങ്ങിത്തീരാൻ ഇരുപത്തിനാലു മണിക്കൂർ എടുക്കും. അതായത് ലൈലത്തുൽ ഖദ്‌റിന്റെ ദൈർഘ്യം ഇരുപത്തിനാല് മണിക്കൂറാണ്. നമ്മുടെ പ്രാദേശിക അനുഭവത്തിൽ അവനവനു ഫജ്‌റോടെ, അവന്റെ ഓഹരി കഴിഞ്ഞെങ്കിലും, വിശാലനായ അല്ലാഹു, അതേ രാത്രിയെ കറക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാവര്ക്കും തുല്യ അവസരം. രാത്രി ശരിക്കും ഉദയം വരെ ഉണ്ട്. പക്ഷേ, ലൈലത്തുൽ ഖദ്ർ എന്ന പുണ്യം ഫജ്റോടെ അവസാനിക്കും. എന്നാലും, ഭൂമിയിൽ ആ രാത്രി തുടരുന്നതിനാൽ ആയിരിക്കാം, തുടർന്നു വരുന്ന പകലിനും പുണ്യമുണ്ടെന്ന് ഇമാം ശാഫിഈ റഹി പ്രസ്താവിച്ചത്.

അപ്പോൾ മറ്റൊരു ചോദ്യം? ഈ അടിസ്ഥാനത്തിൽ, ഭൂമിയിൽ എവിടെയെങ്കിലും ചന്ദ്രൻ ഉദിച്ചാൽ, ഭൂമിയിൽ ഉള്ളവർക്കെല്ലാം മാസപ്പിറവി ആയി കണക്കാക്കിക്കൂടെ?

ഇതൊരബദ്ധമാണ്. ശുദ്ധ അബദ്ധം. ഹിജ്‌റ കലണ്ടർകാർ പതിച്ചുപോയ ഭീമാബദ്ധം. ഹിജ്‌റ രണ്ടായിരം വരെയുള്ള ചന്ദ്ര സഞ്ചാരം കുറിച്ചിട്ടിരിക്കുന്ന ഒരു ഗ്രന്ഥമുണ്ട്. FADHIL N . M . AHMAD എഴുതിയത്. ഇത് നോക്കിയാൽ അത്രയും വർഷത്തെ കലണ്ടർ കാണാം. മറ്റുചില ഓൺലൈൻ സംവിധാനങ്ങളും ഉണ്ടെങ്കിൽ ആർക്കും ഹിജരീ കലണ്ടർ ഉണ്ടാക്കാം. പക്ഷേ, നോമ്പിനും മറ്റും തീയതി കണക്കാക്കാൻ ഇത് കൊള്ളില്ല.  ഉദാഹരണത്തിന്, കടന്നുവരുന്ന ശവ്വാൽ ഒന്ന് ഹിജ്‌റ കലണ്ടറിൽ ബുധനാഴ്ചയാണ്. കാരണം, ചൊവ്വാഴ്ച ഏതോ പാതിരായ്ക്ക് (UT 19 .00= malappuram time 00. 29.  ) അമേരിക്കയിൽ ന്യൂ മൂൺ ആരംഭിക്കുന്നുണ്ട്. അതിനാൽ, അടുത്ത പകലിലെ നോമ്പ് ഒഴിവാക്കി പെരുന്നാൾ കൊണ്ടാടുന്നു.

സത്യത്തിൽ, പ്രാദേശിക അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇബാദത്തുകൾ തീരുമാനിക്കപ്പെട്ടിട്ടുള്ളത്. എവിടെയെങ്കിലും സൂര്യൻ അസ്തമിച്ചാൽ, നാം മഗ്‌രിബ് നിസ്കരിക്കേണ്ടതില്ല. നോമ്പ് തുറക്കേണ്ടതില്ല. നമ്മുടെ നാട്ടിലെ അനുഭവത്തിൽ സൂര്യൻ അസ്തമിക്കണം. അതുപോലെ, നമ്മുടെ അനുഭവത്തിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രൻ വെളിപ്പെടണം. കിഴക്ക് ഉദിച്ചാൽ അല്ല. മാസാരംഭവും നോമ്പ് തുടങ്ങലും അവസാനിപ്പിക്കലും ചന്ദ്രൻ കിഴക്ക് ഉദിക്കുന്നതുമായി ബന്ധപ്പെടുത്തിയല്ല കല്പിക്കപ്പെട്ടിട്ടുള്ളത്. ചന്ദ്രൻ പടിഞ്ഞാറ് വെളിപ്പെടുന്നതിനെ ബന്ധപ്പെടുത്തിയാണ്. ന്യൂമൂൺ (ഒരു ദിവസത്തെ മുങ്ങൽ)കഴിഞ്ഞ്, പടിഞ്ഞാറ് ചന്ദ്രൻ വെളിപ്പെടുന്നതിനെയാണ് ശഹ്ർ എന്ന് പറയുക. മാസം തന്നെയും ശഹ്റ് എന്ന് അക്കാരണത്താൽ അറിയപ്പെട്ടു. വെളിപാട് കാണുമ്പോൾ ജനങ്ങൾ ആരവം ഉയർത്തും. തഹ്ലീൽ എന്നാല് ആഹ്ളാദ ത്തോടെ യുള്ള ആർപ്പുവിളി. അതാണ് ഹിലാൽ എന്ന പദത്തിന്റെ തറവാട്. പിന്നീട് ഓരോ ദിവസത്തെയും വെളിപാടിന് ഹിലാൽ എന്ന് പേരിട്ടു. അങ്ങനെ “അഹില്ല” ഉണ്ടായി.

ചുരുക്കത്തിൽ, ചന്ദ്രൻ പടിഞ്ഞാറ് വെളിപ്പെടുന്നതിനെ ആസ്പദമാക്കിയാണ് നോമ്പും മാസവും നിർണ്ണയിക്കുക. എന്നാൽ, ഹിജ്രി കലണ്ടർകാർ ഇവിടെ അന്തർ ദേശീയ ചന്ദ്രോദയത്തെ മാനദണ്ഡമാക്കുന്നു.

അതിനാൽ, അവർക്ക് ഇത്തവണ ഒരു നോമ്പ് നഷ്ടം.

ഹിജ്‌റ കലണ്ടർ: റമദാൻ നോമ്പുപേക്ഷിച്ച് കുഴിയിലേക്ക് തന്നെ.
കഴിഞ്ഞ ദിവസത്തെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഹിജ്‌റ കലണ്ടർ വക്താവ് ബഹു. കോയക്കുട്ടി ഫാറൂഖി പറഞ്ഞ കാര്യങ്ങൾ, വീണ കുഴിയിൽ നിന്നും കരകയറാനുള്ള ആഗ്രഹം തങ്ങൾക്കില്ലെന്ന് വ്യക്തമാക്കുന്നതാണ്. പക്ഷേ, കുഴിയിലേക്കിറങ്ങാൻ വെമ്പുന്ന നിഷ്കളങ്കർക്കുവേണ്ടി വീണ്ടും കുറിക്കുന്നു..
പോയിന്റ് 1
മതപരമായ പല പ്രത്യക്ഷ ചടങ്ങുകൾ ചന്ദ്രവർഷ മാസങ്ങളെയും വർഷങ്ങളെയും ആസ്പദമാക്കിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
واعلم أن المعالم الشرعية كلها منوطة بالشهور القمرية الهلالية لقوله سبحانه{ قل هي مواقيت للناس والحج } [البقرة: 189] والسنة القمرية
അല്ലാഹു അരുളി : ചന്ദ്രോദയങ്ങൾ/ചന്ദ്രന്റെ ദിനേനയുള്ള വെളിപ്പെടലുകൾ ജനങ്ങൾക്ക് കല്പിക്കപ്പെട്ടിട്ടുള്ള കർമ്മങ്ങൾ ചെയ്യാനുള്ള സമയം നിർണ്ണയിക്കാൻ ഉള്ളതാകുന്നു; (ഉദാ.) ഹജ്ജിന്റെ സമയം.
നോട്ട് : ഒരു സംഗതി നിർദ്ദേശിച്ചിട്ടുള്ള സമയത്തെയാണ് വഖ്ത് എന്ന് പറയുക. സമാൻ(കാലം), മുദ്ദത്ത് (കാല പരിധി) എന്നിവയിൽ നിന്നും വിഭിന്നമാണ്‌ വഖ്ത്.
അതിനാൽ, ചന്ദ്രമാസം കാണുന്നതും , തീരുമാനിക്കുന്നതും ദീനിന്റെ ഭാഗമാണ്. അതിൽ തർക്കമില്ല.
പോയിന്റ് 2
മാസം ഉറപ്പിക്കാൻ (ഇരുപത്തി ഒമ്പതിന്) ചന്ദ്രമാസപ്പിറവി ദർശിക്കുക മാത്രമായിരുന്നു നബിയുടെയും സ്വഹാബികളുടെയും കാലത്തെ ഏക മാർഗ്ഗം. വഹ്‌യ്‌, ഇൽഹാം, സ്വപ്നദർശനം, ഉപകരണങ്ങൾ, ഗണിതം എന്നിവ ഉപയോഗിച്ചിട്ടില്ലായിരുന്നു. അക്കാലത്തെ ഗോള ശാസ്ത്രവും ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടത്രേ, ചന്ദ്രപ്പിറവി കണ്ടാൽ റമദാൻ വ്രതം ആരംഭിക്കുക; (ഇരുപത്തൊമ്പത് ദിവസം കഴിഞ്ഞു) വീണ്ടും കണ്ടാൽ നോമ്പ് അവസാനിപ്പിക്കുക; (ഒരുപക്ഷേ ചക്രവാളത്തിൽ ചന്ദ്രൻ ഉണ്ടെങ്കിൽ പോലും ) മേഘാവൃതമായതിനാൽ കാണുന്നില്ലെങ്കിൽ മുപ്പത് പൂർത്തിയാക്കുക’ എന്ന വ്യക്തമായ നിർദേശം നൽകിയത്. കാണാതെ അവരാരും മാസം ഉറപ്പിച്ചിട്ടില്ല. കാണുക എന്ന പ്രശ്നം വരുന്നത് ഇരുപത്തൊമ്പതിന്റെ രാത്രി മാത്രമാണ്. മുപ്പതിന് കാണേണ്ടതില്ല.
ചോദ്യം 1 :
ചന്ദ്രപ്പിറവി നഗ്ന നേത്രം കൊണ്ട് കണ്ടിട്ടെല്ലാതെ നബിയും സ്വഹാബത്തും ഇരുപത്തൊമ്പതിനു മാസമുറപ്പിച്ചിട്ടുണ്ടോ?
പോയിന്റ് 3
‘വിവിധ മന്സിലുകളിൽ’ സഞ്ചരിച്ചു, അവസാനം ഒരു രാത്രി ചന്ദ്രൻ പൂർണ്ണമായും മറയും. ഇതിനെ ന്യൂ മൂൺ എന്ന് പറയും. പേര് നോക്കിയിട്ട്, പുതിയ ചന്ദ്രൻ ഭൂമുഖത്ത് ദൃശ്യമായി എന്ന് കരുതിയേക്കാം. ഇല്ല. നോ മൂൺ എന്ന അർഥം കല്പിക്കുക. ചന്ദ്രൻ ദൃഷ്ടിയിൽ എങ്ങുമില്ല. അന്ന് ഭൂമിയിലാർക്കും ചന്ദ്രനെ കാണാൻ ആകില്ല. ഇനി, ആർക്കെങ്കിലും ‘പുതിയ ചന്ദ്രനെ’ കാണണമെങ്കിൽ അടുത്ത പകൽ അസ്തമിച്ച ശേഷം ചന്ദ്രൻ അരമണിക്കൂറെങ്കിലും പടിഞ്ഞാറൻ ചക്രവാളത്തിൽ ഉണ്ടായിരിക്കണം. അന്ന് പകലിൽ കിഴക്കോട്ടു നോക്കിയാലും കാണില്ല. ഉദാ. ചൊവ്വാഴ്ച രാത്രി UT (യൂണിവേഴ്സൽ ടൈം) 19 നു (അതായത് മലപ്പുറത്തെ പാതിരാ സമയം 12 .29 നു) ന്യൂ മൂൺ സംഭവിക്കും. എന്നാൽ, ബുധനാഴ്ച അസ്തമിച്ച ശേഷമേ ‘പുതിയ ചന്ദ്രനെ’ എവിടെയെങ്കിലും കാണാൻ പറ്റൂ. ബുധനാഴ്ച പകലിൽ കിഴക്കോട്ടു നോക്കിയാൽ കാണില്ല. അതിനാൽ നാം ബുധനാഴ്ച നോമ്പ് പിടിക്കുന്നു; വ്യാഴാഴ്ച പെരുന്നാൾ ആഘോഷിക്കുന്നു. എന്നാൽ, ചൊവ്വാഴ്ച യിലെ ന്യൂമൂൺ അടിസ്ഥാനമാക്കി ബുധനാഴ്ച നോമ്പൊഴിവാക്കുകയാണ് ഹിജ്റ കലണ്ടർ.
ചോദ്യം 2 :
മുഹമ്മദ് നബി യും സ്വഹാബത്തും, ന്യൂ മൂൺ ‘നോക്കി’ യാണോ മാസമുറപ്പിച്ചത്? (നോക്കിയാൽ കാണാത്ത ചന്ദ്രനാണ് ന്യൂമൂൺ എന്നോർക്കുക). അതല്ല, ന്യൂമൂൺ കഴിഞ്ഞ് ‘പുഞ്ചിരി തൂകി പടിഞ്ഞാറ് പ്രത്യക്ഷപ്പെടുന്ന ബാലചന്ദ്രനെ നോക്കിയോ?
പോയിന്റ് രണ്ടും മൂന്നിന്റേയും ചുരുക്കം:
നബിയും സ്വഹാബത്തും മാസപ്പിറവിയായി ഗണിച്ചിരുന്നത് ന്യൂമൂൺ അല്ല; ന്യൂമൂൺ കഴിഞ് പടിഞ്ഞാറ് തെളിയുന്ന പിറവി നോക്കിയാണ്. ഭൂമിയിൽ എവിടെ താമസിക്കുന്നവരും പിറചന്ദ്രനേ കാണാൻ പടിഞ്ഞാറോട്ടു തന്നെ നോക്കണം. ‘ഉദയം കിഴക്കാണ്‌; അസ്തമയ സമയത്ത് കടപ്പുറത്തല്ല നോക്കേണ്ടത് എന്ന് ആളുകളെ കുഴക്കുന്നവർ പറയണം,
ചോദ്യം 3 :
നബിയും സ്വഹാബത്തും കിഴക്ക് നോക്കിയായിരുന്നോ മാസമുറപ്പിച്ചിരുന്നത്? എങ്കിൽ അതേതു ദിവസം? അന്ന് കാണുമോ? കാണാതെ മാസമുറപ്പിച്ചിട്ടുണ്ടോ?
പോയിന്റ് 4 :
ചന്ദ്ര/മാസപ്പിറവി എന്നാൽ എന്താണെന്ന് വ്യക്തമാക്കുന്ന രണ്ടു പദങ്ങൾ ഖുർആനിലുണ്ട്. ഒന്ന് ശഹ്ർ . രണ്ട്: ഹിലാൽ (അഹില്ല).
ശഹ്ർ എന്നാൽ വെളിച്ചത്തുവരിക എന്നാണർത്ഥം. മാസം എന്ന സമയ യൂണിറ്റിന് ശഹ്ർ എന്ന പേരുവന്ന ഭാഷാചരിത്രം മനസ്സിലാക്കണം. മാസാന്ത്യത്തിൽ ഒരു രാത്രി മുങ്ങിക്കളയുന്ന ചന്ദ്രൻ, അടുത്ത രാത്രിയിൽ പടിഞ്ഞാറ് ഭാഗത്ത് വെളിപ്പെടുന്നതോടെ ചന്ദ്രന്റെ വെളിപാട് ദിനങ്ങൾക്ക് തുടക്കമായി. അതിൽ നിന്നാണ് പടിഞ്ഞാറുദിക്കുന്ന ഘട്ടം മുതൽക്ക് ശഹ്ർ എന്ന് പേരിട്ടത്.
അല്ബഖറ 185 ലെ കല്പന ഇങ്ങനെ: *’ആരവൻ പ്രസ്തുത ശഹ്‌റിന്‌ സാക്ഷിയായോ അവൻ വ്രതമനുഷ്ഠിക്കട്ടെ’.* ഇവിടെ ശഹ്‌റിന്‌ സാക്ഷിയാകാൻ രണ്ടു മാർഗ്ഗമുണ്ട്. നേരിൽ കാണൽ (റുഉയത്ത്), കാണാൻ സാധ്യതയുള്ള ദിനം, നീതിമാനായ ഒന്നോ/രണ്ടോ ആളുകൾ കണ്ടെന്നു വെളിപ്പെടുത്തൽ.
മറ്റൊരു പദം ‘അഹില്ല’. ഹിലാലിന്റെ ബഹുവചനം. ജനങ്ങൾ ചന്ദ്രനെ കാണുന്ന ആദ്യ ഘട്ടത്തിലെ ചന്ദ്രനെയാണ് ഹിലാൽ എന്ന് പറയുക. ഖമറിനെ ഹിലാൽ എന്ന് വിളിക്കാൻ ഭാഷാചരിത്രപ്രകാരം ഒരു കാരണമുണ്ട്. മാസാരംഭത്തിൽ ചന്ദ്രന്റെ ‘ശഹ്ർ’ കാണുന്നതോടെ ജനം ആർപ്പുവിളിച്ച് ആഹ്ലാദം പങ്കുവെക്കും. അടുത്ത ദിവസം ഈ ആരവം ഉണ്ടാകില്ലല്ലോ. അതിനാൽ, ചന്ദ്രന്റെ ഏതൊരു ദൃശ്യം ഉണ്ടാകുമ്പോഴാണോ ആളുകൾ ആഹ്ലാദശബ്ദം ഉണ്ടാക്കുന്നത്, ആ ദൃശ്യത്തെ ഹിലാൽ എന്ന് വിളിച്ചു. റാസി, അബൂ ഹയ്യാൻ, റാഗിബ് ).
അറബികൾക്കിടയിൽ നടപ്പുണ്ടായിരുന്ന, ഇപ്പോഴും ലക്ഷദ്വീപ് പോലുള്ള സ്ഥലങ്ങളിൽ നിലനിൽക്കുന്ന ഈ *ഹിലാൽ ആഹ്ലാദത്തി ന് പകരം, പ്രവാചകൻ സ്വ , പ്രാർത്ഥന നടപ്പിലാക്കി. “അല്ലാഹുമ്മ അഹില്ലഹു അലൈനാ..”
(വിവിധ റിപ്പോർട്ടുകൾ കാരണം പ്രബലം. മരിച്ചവർ കേൾക്കാതെയാണോ അവരോട് ‘അലൈകും’ എന്ന് സംബോധന ചെയ്തു സലാം പറയാൻ നബി പഠിപ്പിച്ചത് എന്ന് സമസ്തക്കാർ ചോദിക്കുമ്പോൾ, ‘അങ്ങനെയെങ്കിൽ *’റബ്ബീ വറബ്ബുക്കല്ലാഹ്’* എന്ന് പിറ ചന്ദ്രനെ ലക്ഷ്യമാക്കി വിളിച്ചുപറയുമ്പോൾ ചന്ദ്രൻ കേൾക്കുമോ?’ എന്ന് മറുചോദ്യം ചോദിക്കാൻ സലഫി വേദികളിൽ യഥേഷ്ടം ഉപയോഗിച്ചിരുന്ന ‘മശ്‌ഹൂറായ’ ഹദീസ്).
ചോദ്യം 4 :
മാസാരംഭത്തിൽ ന്യൂമൂൺ കിഴക്ക് തെളിയുന്നത് കാണുമ്പോഴായിരുന്നോ ഈ ആർപ്പുവിളികൾ?! കിഴക്ക് നോക്കിയായിരുന്നോ അതല്ല അന്തരീക്ഷത്തിൽ മറഞ്ഞുകിടക്കുന്ന ന്യൂമൂൺ നോക്കിയാണോ പ്രവാചകൻ ഈ പ്രാർത്ഥന ചെയ്തിരുന്നത്?
പോയിന്റ് 5:
“ഭൂമിയിൽ എവിടെയെങ്കിലും ചന്ദ്രനുദിച്ചാൽ ഭൂമിയിൽ എല്ലാവര്ക്കും മാസപ്പിറവി കണക്കാക്കാമെന്ന് ഇന്നുവരെയുള്ള ലോകത്തെ എല്ലാ ഫിഖ്ഹ് ഗ്രന്ഥങ്ങളും പറയുന്നു” (ഫാറൂഖിയുടെ വോയിസ്). ഇങ്ങനെ പ്രഖ്യാപിച്ച ശേഷം, ‘ശാഫിഈ മദ്ഹബിന്റെ വ്യക്തമായ നിലപാട് നോക്കൂ’ എന്ന് ഉണർത്തിക്കൊണ്ട്, ‘മദാഹിബുൽ അർബഅ’ യിൽ നിന്നും ഒരുദ്ധരണി വായിക്കുന്നു. വായിച്ചുവന്നപ്പോൾ, അതിൽ ശാഫിഈകളെ കാണാനില്ല?! ഖാലഫ ശാഫിഇയ്യ: (ഷാഫികൾ ഇതിനെതിരാണ്) എന്ന് വായിച്ചിട്ടും അർഥം പറയുന്നത് ശാഫി മദ്ഹബിന്റെ നിലപാട് എന്ന്. ശ്രോതാക്കൾ അത്രയ്ക്കും വിഡ്ഢികൾ ആണെന്ന ധാരണയിലാണോ ആവോ? പിന്നെയും വായിച്ചു ‘ഇമാം(!!) സ്വാബുനി’ യെ. അതിലും ശാഫിഈകളില്ല. അതായത് , തുടക്കത്തിലെ പ്രസ്താവന സ്വയം വെള്ളമൊഴിച്ചു അദ്ദേഹം തന്നെ കെടുത്തി. അതൊക്കെ വിടാം.
ചോദ്യം 5 :
നാല് മദ്ഹബുകളിലെ ‘ചന്ദ്രോദയം’ ഹിജ്‌റക്കാരുടെ ന്യൂമൂൺ ആണോ? ‘ഏതെങ്കിലും ഭൂപ്രദേശത്ത് കണ്ടാൽ’ എന്ന അവരുടെ പ്രസ്താവനയുടെ അർഥം പ്രപഞ്ചത്തിൽ എവിടെയോ ചന്ദ്രൻ മറഞ്ഞാൽ’ എന്നാണോ?!
പോയിന്റ് 6 :
“സൂര്യന്റെ ചലനങ്ങളുടെ അടിസ്ഥാനത്തിൽ നിസ്കാരം നിർദ്ദേശിച്ചു. അത് പ്രാദേശികം ആണ്. എന്നാൽ, ചന്ദ്രന്റെ ദിനം/ പിറവി തീരുമാനിക്കുന്നത് പ്രാദേശികമായ കാഴ്ചയുടെ അടിസ്ഥാനത്തിൽ അല്ല”.
ചോദ്യം 6 :
സൂര്യന്റെ പ്രാദേശിക സ്ഥാനം നോക്കി നിസ്കരിക്കുക എന്ന് ഖുർആനിലുണ്ടോ? ചന്ദ്രന്റെ ആഗോള സ്ഥാനം കണക്കാക്കുന്ന പോലെ, IDL ലെ സൂര്യാസ്തമയം/ഉദയം നോക്കി നിസ്കാരം നിർവ്വഹിക്കാമോ? നോമ്പുതുറക്കാമോ? പിടിക്കാമോ? പ്രാദേശികമെന്ന് എവിടുന്ന് കിട്ടി?
അനുബന്ധം 1 :
‘ഹിജ്‌റ കലണ്ടറൊക്കെ നന്ന്; പക്ഷേ മാസം നിർണ്ണയിക്കാൻ കൊള്ളില്ല’ എന്ന് വിനീതൻ നേരത്തെ കുറിച്ചിരുന്നു. അതിനർത്ഥം, കലണ്ടർ ചുമരിൽ തൂക്കിവെച്ചോളൂ എന്നല്ല. സമുദായത്തിൽ അനാവശ്യമായ പുതിയൊരു തല്ലിന്റെയും, ഇബാദത്ത് ഫസാദ് ആക്കാനുള്ള ശ്രമത്തിന്റെയും അടയാളമായി സൂക്ഷിച്ചുവെക്കാം, അത്രമാത്രം. വ്യർത്ഥമായ ഊർജ്ജവിനിയോഗവും.
അനുബന്ധം 2 :
“അല്ലാഹു പ്രാദേശിക വാദിയല്ല” എന്ന എന്റെ വരിയുടെ അർഥം: ഒരു നാട്ടുകാർക്ക് മാത്രം ലൈലത്തുൽ ഖദ്ർ നൽകി മറ്റുള്ളവരെ നിരാശരാക്കുന്നവൻ അല്ല എന്നാകുന്നു. ആ പ്രസ്താവനയെ ആഗോള കലണ്ടറിനുള്ള ന്യായമാക്കുന്നതിൽ നീതിയില്ല. അല്ലെങ്കിൽ അത് മനസ്സിലായിട്ടില്ല.
ഇനിയും പുനർ വിചിന്തനം ഉദ്ദേശ്യമില്ലെങ്കിൽ..
അല്ലാഹുവുമ്മശ്ഹദ്..
ചെറിയ പെരുന്നാൾ വ്യാഴാഴ്ച.
ചൊവ്വാഴ്ച അസ്തമിക്കുന്നതിനു 15 / 16 മിനിറ്റ് മുമ്പ് കേരളത്തിലെവിടെയും ചന്ദ്രൻ മറയുന്നതിനാൽ, ചൊവാഴ്ച മാസപ്പിറവി കാണില്ല. ഗോളഗണിതപ്രകാരം സാധ്യതയുള്ള ദിവസം, നീതിമാന്മാരായ രണ്ടുപേർ കണ്ടുവെന്ന് തെളിഞ്ഞാൽ മാത്രമേ മാസമുറപ്പിക്കാൻ പാടൂ. ഈ ദിവസം മാസം കണ്ടാൽ അറിയിക്കണമെന്ന ഖാസിമാരുടെ അഭ്യർത്ഥന പരിഹാസ്യമാണ്.
സ്വാലിഹ് നിസാമി പുതുപൊന്നാനി
10/05/2021
9037500621
Leave a Reply