സൂറ അൻഫാൽ, സൂക്തം 41
“നിങ്ങൾ അറിയുക: യുദ്ധത്തിൽ നിന്നും നിങ്ങൾ സമ്പാദിച്ച ഏതൊരു മുതലിലേയും അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും ബന്ധുക്കൾക്കും അനാഥകൾക്കും പാവപ്പെട്ടവർക്കും വഴിയാത്രക്കാർക്കും ഇല്ലാതാകുന്നു..”
ബദ്ർ യുദ്ധാനന്തരം അവതരിച്ച സൂക്തമാണ്. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ശത്രുക്കളുമായുള്ള ആദ്യ യുദ്ധമാണ് ബദ്ർ. യുദ്ധമുതൽ എന്തുചെയ്യണമെന്ന നിയമം ഇതിലൂടെ പഠിപ്പിക്കുകയാണ്. അന്നാട്ടിൽ നടപ്പുള്ള പോലെ, യുദ്ധമുതൽ പോരാളികൾ വീതിച്ചെടുക്കുകയായിരിക്കും ചെയ്യുകയെന്ന് അവർ വിചാരിച്ചു. പക്ഷേ, അല്ലാഹുവിനുവേണ്ടിയുള്ള പോരാട്ടമായതിനാൽ, അതുവഴി ലഭിച്ച മുതൽ എന്തുചെയ്യണമെന്ന് അല്ലാഹു തന്നെ തീരുമാനിക്കുമെന്നും റസൂൽ അത് നടപ്പിലാക്കുമെന്നും ഖുർആൻ അവതരിച്ചു. മുകളിലെ സൂക്തത്തിൽ ഓഹരി ക്രമം വ്യക്തമാക്കുന്നു.
‘നിങ്ങൾ സമ്പാദിച്ചത്’ എന്ന പ്രയോഗത്തിലൂടെ പോരാളികളുടെ അവകാശമാണ് എന്ന് വ്യക്തമാക്കുന്നു. എന്നാൽ അതിൽ അഞ്ചിലൊരുഭാഗം മാത്രം ഇനിപറയുന്നവർക്കും നൽകണം. അതായത്, നിങ്ങളുടെ അവകാശം അഞ്ചിൽ നാല് മാത്രം. ബാക്കി ഒരു വിഹിതം ആറുപേർക്ക്. അല്ലാഹുവിന്, റസൂലിന്, അവിടുത്തെ ബന്ധുക്കൾക്ക്, അനാഥകൾക്ക്, പാവങ്ങൾക്ക്, വഴിയാത്രക്കാർക്ക്.
 
ഈ നിർദ്ദേശത്തെ അക്ഷരാർത്ഥത്തിൽ എടുത്ത പണ്ഡിതന്മാരുണ്ട്. അവർ പറഞ്ഞു: അല്ലാഹുവിന് ഒരോഹരി യുണ്ട്. അവന്റെ മസ്ജിദ്, വിശിഷ്യാ കഅബാലയം പരിപാലിക്കാൻ ഈ വിഹിതം ഉപയോഗിക്കുക. റസൂലിനാണ് അടുത്ത ഓഹരി. മുഹമ്മദ് എന്ന വ്യക്തിക്കല്ല. ആ ഓഹരി മുസ്ലിംകളുടെ പൊതുവായ ക്ഷേമകാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ‘ജനപ്രതിനിധിയുടെ ഫണ്ടാ’കുന്നു. വ്യക്തിപരമായ ആവശ്യത്തിനല്ല. സകാത്ത് വാങ്ങാൻ പാടില്ലാത്ത നബി കുടുംബമായ ഹാശിം, മുത്വലിബ് തറവാട്ടുകാർക്കാണ് ‘ബന്ധുക്കുള്ള ഓഹരി’. മറ്റു മൂന്നു ഓഹരികൾ വ്യക്തം. ഇങ്ങനെ സൂക്തത്തെ വായിച്ചവർ വളരെ വിരളം. എന്നാൽ, ഉസ്മാനിയ്യ ഭരണ കർത്താക്കൾ (അവർ ഹനഫികൾ ആയിരുന്നെങ്കിലും ) ഈ രീതിയിലാണ് വിതരണം ചെയ്തിരുന്നത്. ഭരണം കയ്യിലില്ലാത്തപ്പോഴും അവർ കഅബാലയ ഫണ്ട് കൊടുത്തയച്ചു കൊണ്ടിരുന്നു).
 
‘അല്ലാഹുവും റസൂലും’ ഒറ്റ കക്ഷിയായി കാണുന്നവരാണ് മഹാഭൂരിഭാഗം ജ്ഞാനികൾ. അതായത് ഒറ്റ ഓഹരി. പൊതുജനക്ഷേമത്തിൽ വിനിയോഗിക്കാൻ; അതിൽ മസ്ജിദുകളും പെടും. റസൂലിന്റെ വിയോഗ ശേഷം ഈ ഓഹരി ആർക്കാണ്? ആർക്കുമില്ലെന്നു ഹനഫീ പക്ഷം. അവശേഷിക്കുന്ന മൂവർക്ക് മാത്രം. മറ്റുള്ളവർ പറഞ്ഞു ആ ഓഹരി ജനനേതാവിനല്ലതാണ്; അമീറിന്. വ്യക്തിക്കല്ല. അത് പൊതു ഫണ്ടാണ്. ബന്ധുക്കൾക്കുള്ള ഓഹരിയെക്കുറിച് ഭിന്നതയുണ്ട്. റസൂലിന്റെ വിയോഗശേഷം അവർക്കിത് ബാധകമല്ല എന്നാണ് ഹനഫീ പക്ഷം(ലോക മുസ്ലിംകളിൽ ഭൂരിഭാഗം ഇവരാണ്. എങ്കിലും ഉസ്മാനികൾ നബി കുടുംബത്തിന് വിഹിതം നൽകിക്കൊണ്ടിരുന്നു). ശാഫിഈ പക്ഷ പ്രകാരം, സകാത്ത് വാങ്ങാൻ പാടില്ലാത്ത നബി കുടുംബമായ ഹാശിം, മുത്വലിബ് തറവാട്ടുകാർക്ക് നൽകണം. അനാഥകൾക്കും പാവങ്ങൾക്കും വഴിയാത്രക്കാർക്കും ഉള്ള ഓഹരി അമീർ വിതരണം ചെയ്യണം. രണ്ടു നിലക്കാകാം. മൂവർക്കും തുല്യമായി. അല്ലെങ്കിൽ അവരുടെ ആവശ്യത്തിന്റെ തോതനുസരിച്ച്.
സൂക്തത്തിന്റെ താല്പര്യം മനസ്സിലാക്കുന്നതിൽ ലഘുവായ ഭിന്നത ഇമാമുകൾക്കിടയിൽ ഉണ്ടെങ്കിലും, അവരാരും അല്ലാഹുവിനുള്ള ഓഹരി അവന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാനോ അവനു കാണിക്ക വെക്കാനോ പറഞ്ഞിട്ടില്ല; റസൂലിന്റെ ഓഹരി മുഹമ്മദിന്റെ കുടുംബത്തേക്ക് കൊടുത്തയാക്കാനും പറയുന്നില്ല. കാരണം, നബി അങ്ങനെ പഠിപ്പിച്ചിട്ടില്ല.
 
സ്വാർത്ഥ താല്പര്യങ്ങൾക്ക് യുദ്ധംചെയ്തിരുന്ന കാലത്ത് യുദ്ധമുതൽ മുഴുവൻ പോരാളികൾ വീതിച്ചെടുക്കുകകയായിരുന്നെങ്കിൽ, മാനവ രക്ഷയ്ക്കുള്ള അല്ലാഹുവിന്റെ ദീനിനുവേണ്ടി നടത്തേണ്ടി വരുന്ന അനിവാര്യ യുദ്ധങ്ങളിൽ നിന്നും ലഭിക്കുന്ന മുതലിൽ നിന്നും , രാജ്യത്തിന്റെ പൊതുക്ഷേമത്തിലേക്ക് കൂടി നൽകണമെന്ന തീരുമാനം എന്തുകൊണ്ടും യുക്തിഭദ്രമാണ്; പ്രായോഗിക ബുദ്ധിയുടെ അടിസ്ഥാനത്തിൽ ഉള്ളതാണ് . എന്നാൽ പോരാളികളെ പ്രയാസപ്പെടുത്തുന്നുമില്ല; മൊത്തം മുതലിന്റെ അഞ്ചിലൊന്നോഹരി മാത്രം; അതുതന്നെ അതിന്റെ നാലിൽ മൂന്നും അനാഥ- സാധു ജനങ്ങൾക്ക്. ‘അല്ലാഹുവിനും റസൂലിനും’ = ജനപ്രതിനിധിയുടെ ഫണ്ടിലേക്ക് നാലിൽ ഒരു വിഹിതം മാത്രം. യുദ്ധമുതൽ നൂറുരൂപ യുണ്ടെങ്കിൽ എമ്പത് രൂപ പോരാളികൾക്ക്, പതിനഞ്ചുരൂപ അനാഥ -സാധു ജനങ്ങൾക്ക്, അഞ്ചുരൂപ ‘പൊതുജന ക്ഷേമ ഫണ്ടിലേക്കുള്ള ‘സെസ്സ്’.മുസ്ലിംകൾ മനസ്സിലാക്കിയതും പഠിപ്പിക്കുന്നതും ഇങ്ങനെയാണ്.
 
യുദ്ധമുതൽ മുഹമ്മദ് തട്ടിയെടുത്തു; അല്ലാഹുവിന്റെ പേരിലുള്ള ഓഹരിയും മൂപ്പർ തട്ടി എന്ന മട്ടിലുള്ള വിമർശനം, കാര്യം പഠിക്കാത്തെയാണ്. മുഹമ്മദ് നബിയുടെ ആസ്തിയും താമസിച്ചിരുന്ന വീടുകളുടെ സ്ഥിതിയും അവിടത്തെ കുടുംബ പ്രാരാബ്ദങ്ങളുടെ അവസ്ഥയും നബിയുടെ ‘സുഖജീവിത’ ത്തിന്റെ അനുഭവങ്ങളും അറിയുമെങ്കിൽ, ഈ ആരോപണത്തിന് നിൽക്കുമോ, അല്പം നീതിബോധം ഉണ്ടെങ്കിൽ ?
Leave a Reply