യുദ്ധഭൂമിയിൽ ധാർമ്മിക- മാനുഷിക മൂല്യങ്ങൾ നടപ്പിലാക്കിയെന്നതാണ് മുഹമ്മദ് നബിയുടെ മറ്റൊരു സുപ്രധാന പരിഷ്‌കാരം. മുഹമ്മദ് നബിയുടെ ചില യുദ്ധ നയങ്ങൾ പറയാം.

ഒന്ന്: ശത്രുതയുണ്ടെന്നു കരുതി, അക്രമവും അനീതിയും ചെയ്തുകൂടാ.

മാഇദ എട്ടാം സൂക്തമാണിതിന്റെ അടിസ്ഥാനം: ‘നിങ്ങളെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞത് നിമിത്തം നിങ്ങൾക്കൊരു ജനതയോടുള്ള വിദ്വേഷം,അവരോട് നിങ്ങൾ പരിധിവിട്ട് ശത്രുത കാണിക്കാൻ പ്രേരിപ്പിക്കരുത്”, ‘ഒരു ജനതയോടുള്ള ദേഷ്യം, അവരോട് അനീതി കാണിക്കാൻ പ്രേരിപ്പിക്കരുത്; നീതി പാലിക്കുക; അതാണ് ഭക്തിയോടു ഏറ്റവും സമീപസ്ഥം”. ഹുദൈബിയ്യ സംഭവത്തിൽ മുസ്ലിംകളെ മജിദുൽ ഹറാമിൽ പ്രവേശിക്കുന്നത് ഖുറൈശികൾ തടഞ്ഞിരുന്നു. അതേവർഷം ഉംറ ചെയ്യാനായി ഏതാനും ബഹുദൈവ വാദികൾ മുസ്ലിംകളുടെ പ്രദേശത്തുകൂടെ കടന്നുപോയി. അവരെക്കണ്ടപ്പോൾ ചിലർ അഭിപ്രായപ്പെട്ടു: നമ്മുടെ സഹോദരങ്ങളെ തടഞ്ഞതല്ലേ, ഇവരെ നമുക്കും തടയാം’. ഈ സന്ദര്ഭത്തിലായിരുന്നു പ്രസ്തുത സൂക്തം അവതരിച്ചതെന്ന് ഇബ്നു സൈദ് പറയുന്നു (ഖുർതുബി).

രണ്ട് : സിവിലിയന്മാരെ ആക്രമിക്കരുത്.

യുദ്ധത്തിൽ നേരിട്ടോ ഒളിഞ്ഞോ പങ്കെടുക്കുന്നവരെ മാത്രമേ ആക്രമിക്കാവൂ. വൃദ്ധന്മാർ, സ്ത്രീകൾ, കുട്ടികൾ, അവശർ, ആരാധനയിൽ മുഴുകുന്ന സന്യാസികൾ, പുരോഹിതന്മാർ, അധ്യാപന കാര്യത്തിൽ ഏർപ്പെടുന്ന വാദ്യാർമാർ, യോദ്ധാക്കളുടെ യുദ്ധത്തിൽ പങ്കുകൊള്ളാത്ത സേവകന്മാർ തുടങ്ങിയ ആരെയും ആക്രമിക്കാൻ പാടില്ല. നമ്മോടു യുദ്ധം ചെയ്യുന്നവരെ മാത്രം നേരിടുക. (ഇബ്നു തൈമിയ്യ / അസ്സിയാസ ശറഇയ്യ 1 /159 ). ഇബ്നു അബ്ബാസ് നിവേദനം. സൈന്യത്തെ അയക്കുമ്പോൾ തിരുനബി ഇങ്ങനെ ഉപദേശിക്കുമായിരുന്നു: ‘അല്ലാഹുവിന്റെ നാമത്തിൽ പുറപ്പെടുക. അല്ലാഹുവിനെ നിഷേധിക്കുന്ന ശത്രുക്കളുമായി ഏറ്റുമുട്ടുക. നിങ്ങൾ അവരോട് വഞ്ചന കാണിക്കരുത്. സൈനികരെ ചിത്രവധം ചെയ്യരുത്. കുട്ടികളെയും വൃദ്ധന്മാരെയും സ്ത്രീകളെയും വധിക്കരുത്. ആരാധനാ മണ്ഡപങ്ങളിൽ കഴിയുന്നവരെയും”(അഹ്മദ് 2728 , ത്വബ്റാനി). മുഅത്ത യിലേക്ക് സൈന്യത്തെ അയക്കുമ്പോൾ സമാനമായ നിർദേശം നൽകിയത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (മുസ്ലിം 1731 , അബൂദാവൂദ് 2613 )

മൂന്ന്: ശിക്ഷകൾ നടപ്പിലാക്കുമ്പോൾ പരിധി വിടരുത്.

ഖൈബർ നബിയും അനുയായികളും പിടിച്ചു. അവിടെ എന്നിട്ടും ജൂതന്മാർ പാർത്തു. ഒരു ജൂത സ്ത്രീ നബിക്ക് വിഷം കലർത്തിയ ആടുമാംസം സൽക്കരിച്ചു. സംഗതി പിടിക്കപ്പെട്ടു. രാഷ്ട്ര നേതാവിനെ, റസൂലിനെ വധിക്കാനുള്ള ശ്രമമാണ് കുറ്റം. ഒരു രാജ്യത്ത് അതിലും വലിയ കുറ്റം ഉണ്ടാകാനിടയില്ല. രാഷ്ട്രനായകൻ ശിക്ഷ നടപ്പാക്കുകയാണ്: ‘ഇന്നാട്ടിൽ പാർക്കുന്ന ജൂതന്മാരെ മുഴുവൻ വിളിച്ചുകൂട്ടുക’. എല്ലാവരും ഒരിടത്ത് ഒരുമിച്ചു. സത്യമേ പറയാവൂ എന്ന ആമുഖത്തോടെ നബി അവരോട് ചില കാര്യങ്ങൾ ചോദിച്ചു. ആദ്യത്തെ രണ്ടിനും അവർ കളവു പറഞ്ഞു. നബി പിടികൂടി. പിന്നീട് അവരോട് ചോദിച്ചു: ‘ഈ ആട്ടിൻ മാംസത്തിൽ നിങ്ങൾ വിഷം കലർത്തിയിട്ടുണ്ടോ?’ അവർ സമ്മതിച്ചു. ‘എന്താണ് പ്രേരണ?’ അവർ പറഞ്ഞു: ‘കള്ള പ്രവാചകൻ ആണെങ്കിൽ ഇതോടെ ആശ്വാസമാകണം; സത്യ നബിയാണെങ്കിൽ വിഷം താങ്കളെ അപകടപ്പെടുത്തില്ല'(ബുഖാരി 2998 ) .

ആ സ്ത്രീ അവരുടെ ഏജന്റ് ആയിരുന്നുവെന്ന് വ്യക്തമായി. ജൂത നേതാക്കൾ ആസൂത്രണം ചെയ്ത വധശ്രമമായിരുന്നു. അവരെയും അവളെയും വധിക്കണമെന്നു അനുയായികൾ തിടുക്കം കൂട്ടി. പക്ഷേ, നബി ആരെയും ശിക്ഷിച്ചില്ല. വിട്ടുവീഴ്ച ചെയ്തു. നബിയോടൊപ്പം ആ മാംസം കഴിക്കാനിരുന്ന അനുചരൻ ബിശ്ർ, ശരീരം തളർന്നു കിടപ്പായി. ഒരു വർഷത്തോളം ആ കിടപ്പുനീണ്ടു; മരണപ്പെട്ടു.
. അപ്പോൾ പിന്നെ നീതി നടപ്പിലാക്കാൻ നബി നിർബന്ധിതനായി. അവളെ ബിശ്റിന്റെ രക്ഷാകർത്താക്കൾക്ക് ഏല്പിച്ചു കൊടുത്തു. അവർ അവളെ ‘പ്രതിക്രിയ വധം’ ചെയ്തു.(ശറഹ് മുസ്ലിം , ഇമാം നവവി).

അന്നാട്ടിൽ ജീവിക്കാൻ സ്വാതന്ത്ര്യം നൽകിയിട്ടും രാഷ്ട്ര നായകനെ വധിക്കാൻ ഗൂഡാലോചന ചെയ്ത ജൂത ന്മാരെ ഒരാളെയും നബി ശിക്ഷിച്ചില്ല. എന്തായിരുന്നു അതിനു തടസ്സം? ന്യായവും ശക്തിയും നബിയുടെ ഭാഗത്തുണ്ട്. പക്ഷേ ചെയ്തില്ല.

ബാല പോരാളികളെ എന്തുചെയ്യണം?

സിവിലിയന്മാരായ കുട്ടികളെ ആക്രമിക്കാൻ പാടില്ലെന്ന പ്രവാചക നിർദ്ദേശം പ്രസിദ്ധമാണ്. എന്നാൽ, യുദ്ധക്കളത്തിൽ ഇറങ്ങിയ കുട്ടികളെ എന്തുവേണം? ഹുനൈൻ യുദ്ധവേള. നബി സ്വാ അയച്ച സൈനികർ പോരാളികളായ രണ്ടുമൂന്നു കുമാരന്മാരെ വധിച്ചു. അവർ തിരിച്ചുവന്നപ്പോൾ, നബി അവരോടു വിശദീകരണം ആവശ്യപ്പെട്ടു: ‘കുട്ടികളെ വധിക്കാൻ നിങ്ങളെ പ്രേരിപ്പിച്ച കാര്യം എന്താണ്?’ അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അവർ മുശ്രിക്കുകളുടെ മക്കളല്ലേ?’നബി അവരെ തിരുത്തി: നിങ്ങളിലെ പല പ്രമുഖരും മുശ്രിക്കുകളുടെ മക്കൾ തന്നെയല്ലേ? മുഹമ്മദിന്റെ ആത്മാവും ശരീരവും ആരുടെ നിയന്ത്രണത്തിലാണോ അവനാണ് സത്യം, മതമുക്തമായ ശുദ്ധ പ്രകൃതത്തിലല്ലാതെ ഒരു മനുഷ്യാത്മാവും പിറവിയെടുക്കുന്നില്ല; ഒരാൾ നാക്കുകൊണ്ട് വ്യക്തമായി മൊഴിയുന്ന കാലത്തോളം (വിവേചന പ്രായമെത്തിയശേഷം തന്റെ മതമേതെന്ന് പ്രഖ്യാപിക്കുന്നതുവരെ)” (അഹ്മദ് 15626 , ഹാകിം 2566 ). പടക്കളത്തിൽ ഇറങ്ങിയ വിവേചന പ്രായമെത്താത്ത കുട്ടികളെ , അവരുടെ അച്ഛൻമാരുടെ പ്രൊഫൈൽ നോക്കി ശിക്ഷിക്കരുതെന്ന് നബി സ്വാ അനുയായികളെ താക്കീതു ചെയ്യുകയാണ്.

ബദ്‌റിലെ ജലാശയത്തിന്റെ പരിസരം നിരീക്ഷിക്കാൻ അലി, സുബൈർ, സഅദ് എന്നിവരുടെ നേതൃത്വത്തിൽ ഏതാനും പേരെ നബി അയച്ചു. അവിടെ എത്തിയപ്പോൾ, ഖുറൈശികൾക്ക് വെള്ളം എത്തിച്ചുകൊടുക്കുന്ന രണ്ടു കുട്ടികളെ അവർ കണ്ടു, പിടികൂടി. ബന്ത് ഹജ്ജാജ് തറവാട്ടിലെ അസ്‌ലം, ബനുൽ ആസ് കുടുംബത്തിലെ അബൂ യസാർ എന്നിവരെ. ഇവരുമായി വന്നപ്പോൾ നബി സ്വാ നിസ്കരിക്കുകയാണ്. കുട്ടികൾ പറഞ്ഞു: ‘ഞങ്ങൾ ഖുറൈശികളുടെ ‘ജലവകുപ്പ്’ അംഗങ്ങളാണ്. ഞങ്ങളെ വെള്ളമെടുക്കാൻ പറഞ്ഞയച്ചതാണ്’. നിങ്ങൾ അബൂ സുഫ്‌യാന്റെ സഹായികൾ അല്ലേ? എന്ന് ചോദിച്ചു പ്രഹരിക്കാൻ തുടങ്ങിയപ്പോൾ കുട്ടികൾ അതെ എന്ന് സമ്മതിച്ചു. അപ്പോൾ അടിയും നിർത്തി. അപ്പോഴേക്കും നബിയുടെ നിസ്കാരം കഴിഞ്ഞു, ഇതിൽ ഇടപെട്ടു: ‘അത് നന്നായി, കുട്ടികൾ സത്യം പറഞ്ഞപ്പോൾ നിങ്ങൾ തല്ലി; കളവ് പറഞ്ഞപ്പോൾ തല്ലു നിർത്തുകയും ചെയ്തു?! അവർ ആദ്യം പറഞ്ഞതാണ് സത്യം. ഖുറൈശി സൈന്യത്തിലെ അംഗങ്ങളാണ്”. ശേഷം, കുട്ടികളോട് മയത്തിലും സൗമ്യമായും നബി സംസാരിച്ചു. ഖുറൈശി സൈന്യത്തിന്റെ സ്ഥിതിഗതികൾ മനസ്സിലാക്കി. ശത്രുപാളയത്തിലെ സുപ്രധാന ഉത്തരവാദിത്തങ്ങൾ ഉള്ള കുട്ടികൾ ആയിട്ടുപോലും, അവരെ ദ്രോഹിക്കാൻ നബി അനുവദിച്ചില്ല. കുട്ടികൾ കളവു പറയാൻ നിർബന്ധിതരായത് അടി പേടിച്ചായിരുന്നു.

ബനൂ ഖുറൈളക്കാർ വളരെ ഭീകരമായാണ് മുസ്ലിംകളോട് പെരുമാറിയത്. എന്നിട്ടും അവരുടെ സൈന്യത്തിലെ കുട്ടികളെ നേരിടുന്നതിലും പിടികൂടി ശിക്ഷിക്കുന്നതിലും പ്രായോഗികമായ മാനുഷിക നിലപാടാണ് നബി സ്വീകരിച്ചത്. ഖുറൈളക്കാരനായ അത്തിയ്യ (മുസ്ലിമായി, നബി യുടെ അനുചരനായി. കൂഫയിൽ ജീവിച്ചു) തന്റെ അനുഭവം പങ്കുവെക്കുന്നു: ഖുറൈള യുദ്ധ ദിവസം ഞാനടങ്ങുന്ന കൗമാര പോരാളികളെ എന്ത് ചെയ്യണമെന്ന് പ്രവാചകനോട് അന്വേഷിച്ചു. യുദ്ധത്തിലിറങ്ങിയവരുടെ കൂട്ടത്തിൽ മുഖരോമം മുളച്ചവരെ വധിക്കാനും മുളക്കാത്തവരെ അവഗണിക്കാനും നബി കല്പിച്ചു. ഞാൻ രോമം മുളക്കാത്ത കൂട്ടത്തിലായിരുന്നു; അതിനാൽ സൈനികർ എന്നെ അവഗണിച്ചു” (തിർമിദി 1583 , അബൂ ദാവൂദ് 3256 ). ഒരുവേള രോമം മുളക്കാത്തവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ യുദ്ധത്തിൽ വലുതായിരിക്കും. എന്നാലും അവരുടെ പ്രായം മാനിച്ച് അവഗണിക്കാനായിരുന്നു നബിയുടെ കല്പന.

അല്ലാമാ ഇബ്നുൽ ഖയ്യിം രേഖപ്പെടുത്തുന്നു: “പോർക്കളത്തിൽ പങ്കെടുക്കുന്നവരെ നബി നിരീക്ഷിക്കുമായിരുന്നു; താടിമീശ കാണുന്നവരെ അവസരോചിതം വധിക്കാനും, താടിമീശ കാണപ്പെടാത്തവരെ ഒഴിവാക്കാനും അവിടുന്ന് നിർദേശിക്കാറുണ്ടായിരുന്നു”(സാദുൽ മആദ്). ആധുനിക കാലത്തെ സൈനിക ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ കണക്കുകൾ പരിശോധിച്ചിട്ടുണ്ടോ?!

വൃദ്ധ പോരാളികളോട്

യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുകയോ, നിർദേശങ്ങൾ കൊണ്ടും മറ്റും അതിൽ ഭാഗഭാക്കാകുകയും ചെയ്യുന്നവരല്ലാത്ത വൃദ്ധ ജനങ്ങളെ അക്രമിക്കാനോ ദേഹദ്രോഹം ചെയ്യാനോ പാടില്ല. ഹുനൈൻ പടയിൽ മാലിക് ബ്നു ഔഫ് അന്നുസ്വരിയുടെ കൂടെ മുസ്ലിംകൾക്കെതിരിൽ പങ്കെടുത്ത ബനൂ ജെശം ഗോത്രത്തിന്റെ തലവനും യുദ്ധ നായകനുമായ ദുറൈദ്ബ്നുസ്സുമ്മ വൃദ്ധനായിരുന്നു. മുശ്രിക്കുകൾക്ക് യുദ്ധ പദ്ധതികൾ പറഞ്ഞുകൊടുത്തു പങ്കാളിയായി വർത്തിച്ച അയാൾ ഹുനൈനിൽ കൊല്ലപ്പെട്ടു. പ്രവാചകൻ അതേക്കുറിച്ചൊന്നും പ്രതികരിച്ചില്ല. അത്തരം ആളുകൾ കൊല്ലപ്പെടുക സ്വാഭാവികമാണ് എന്നാണ് ആ മൗനം പഠിപ്പിക്കുന്നത്.

ഫത്ഹ് മക്ക സന്ദർഭത്തിൽ, പടു വൃദ്ധനായ പിതാവ് അബൂ ഖുഹാഫ യെയും വഹിച്ച് അബൂബക്കർ സ്വിദ്ധീഖ്‌ മസ്ജിദിലേക്ക് കടന്നുവന്നു; നബിയെ കാണിക്കാൻ. അദ്ദേഹത്തെ കണ്ടപ്പോൾ നബി അബൂബക്കറിനോട് ചോദിച്ചു: ‘ഈ പ്രായമുള്ള പിതാവിനെ വീട്ടിൽ ഇരുത്താമായിരുന്നില്ലേ, ഞാനങ്ങോട്ടു വരുമല്ലോ?’. അബൂബക്കർ വിനയത്തോടെ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, താങ്കൾ അങ്ങോട്ട് നടന്നു വരുന്നതിനേക്കാൾ, ഉപ്പ അങ്ങയെ കാണാൻ ഇങ്ങോട്ടു നടന്നുവരുന്നതാണ് കൂടുതൽ ന്യായം’. അബൂബക്കർ പിതാവിനെ നബിയുടെ മുമ്പാകെ ഇരുത്തി. നബി അദ്ധേഹത്തിന്റെ നെഞ്ചത്ത് തടവിക്കൊടുത്തു. ‘ഇസ്‌ലാം ഉൾക്കൊള്ളുക’ എന്ന് നബി നിർദേശിച്ചപ്പോൾ അബൂ ഖുഹാഫ അതിനു തയ്യാറായി(അഹ്മദ് 27001). മക്ക കീഴടങ്ങുന്നതുവരെ ഇസ്ലാമിന് വഴങ്ങാത്ത ആളാണ്, മക്ക ഫത്ഹിൽ മുസ്ലിംകളെ തടഞ്ഞ കുടുംബത്തിലെ അംഗമാണ് ഈ വൃദ്ധൻ എന്നോർക്കുക.

പോരാളി വനിതകൾ

ഏതോ ഒരു സംഘട്ടനത്തിൽ, സ്ത്രീകൾ വധിക്കപ്പെട്ട കാര്യം നബി അറിഞ്ഞപ്പോൾ, ‘സ്ത്രീകളെയും കുട്ടികളെയും വധിക്കരുത്’ എന്ന് താക്കീത് നൽകിയിരുന്നു പ്രവാചകൻ(ബുഖാരി 2852 ). റബാഹ് ബ്നു റബീഉ പറയുന്നു : ഞങ്ങൾ നബിയുമായി പങ്കെടുത്ത ഏതോ ഒരു യുദ്ധം. പട്ടാളക്കാർ ഒരിടത്ത് ഓടിക്കൂടുന്നത് ശ്രദ്ധയിൽ പെട്ടു. “എന്താണ് അവിടെ ഒരാൾക്കൂട്ടം?!’ നബി അന്വേഷിച്ചു. ഒരാൾ പറഞ്ഞു: ‘കൊല്ലപ്പെട്ട ഒരു സ്ത്രീയാണ്”. നബി പറഞ്ഞു: ”ഈ സ്ത്രീകളോട് ആരെങ്കിലും യുദ്ധം ചെയ്യുമോ?”. ഖാലിദ് ബ്നുൽ വലീദായിരുന്നു അവിടെ പട്ടാള നേതാവ്. ഉടനെ ഒരാളെ പറഞ്ഞയച്ചു: “ഖാലിദിനോട് പറയുക, സ്ത്രീകളെയും കുട്ടികളെയും ഒരിക്കലും വധിക്കരുത്”. (അബൂ ദാവൂദ് 2669 ).

ബനൂ ഖുറൈളക്കാരിയായ ഒരു വനിതയെ കൊലചെയ്യേണ്ട ഘട്ടമുണ്ടായിട്ടുണ്ട്. ആഇശ നിവേദനം ചെയ്യുന്ന ഹദീസിൽ പശ്ചാത്തലം വിവരിക്കുന്നു. ‘നബി സ്വാ സ്ത്രീകളെ വധിക്കാൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. ഒരു സ്ത്രീയെ ഒഴികെ. അല്ലാഹുവാണ, ആ സ്ത്രീ എന്റെയടുത്ത് സംസാരിച്ചിരിക്കുകയായിരുന്നു. വല്ലാത്ത തമാശക്കാരിയാണ്. തിരിഞ്ഞും മറിഞ്ഞും ചിരിച്ചുകൊണ്ടേയിരുന്നു. അവളുടെ ആളുകളുമായി നബി പോരാടിക്കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ആ ശബ്ദം കേൾക്കുന്നത്. ‘അവളെവിടെ?’ എന്റെ അരികിലുണ്ടായിരുന്ന അവൾ പറഞ്ഞു, ‘എന്നെയാണ് തിരയുന്നത്’. ‘എന്താ കാര്യം?’ ‘ഞാൻ കൊല്ലപ്പെടും’. ‘എന്തുണ്ടായി?’ ‘അതേയ്, ഒരു സംഭവം ഉണ്ടായിട്ടുണ്ട്’. അപ്പോഴേക്കും പട്ടാളക്കാർ അവളെ പിടിച്ചുകൊണ്ടുപോയി. അവളുടെ കഴുത്ത് വെട്ടി. ആഇശ തുടരുന്നു: ‘അല്ലാഹുവാണ, ആ സ്ത്രീയുടെ വശ്യമായ പെരുമാറ്റവും താൻ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും ചിരിച്ചുകൊണ്ടേയിരുന്നതും എന്നിലുണ്ടാക്കിയ കൗതുകം എനിക്ക് മറക്കാൻ കഴിയില്ല”(അഹ്മദ് 26407 ). ഖലാദ് ബ്നു സുവൈദിന്റെ തലയിലേക്ക് ആട്ടുകല്ല് ഇടുകയും അയാൾ മരിക്കുകയും ചെയ്തതിനുള്ള പ്രതിക്രിയയായിരുന്നു ആ സ്ത്രീയുടെ ഗളച്ഛേദം. (യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന രണ്ടു ശത്രു വിഭാഗങ്ങൾ. ശത്രുക്കളിൽ ഒരുത്തി എതിർപക്ഷത്തെ നായകന്റെ പത്‌നിയുമായി തമാശ പറഞ്ഞു ചിരിച്ചു രസിക്കുന്നു. ഇതെന്ത് യുദ്ധം ആണാവോ?!). ഖൈബറിൽ ബിശ്ർ മരിച്ചതിനെത്തുടർന്നായിരുന്നു ഒരു ജൂതസ്ത്രീയെ പ്രതിക്രിയ ചെയ്തത്.

മഠത്തിൽ പൂജാദികളിൽ മുഴുകിയവർ

അവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കാൻ പാടില്ലെന്നാണ് പൊതു കല്പന. ബഹുദൈവ വിശ്വാസത്തോട് മാത്രമുള്ള അമർഷമായിരുന്നെങ്കിൽ, ആദ്യം തിരഞ്ഞുപിടിച്ചു വധിക്കേണ്ടത് ഇവരെ ആയിരുന്നു. നബിയുടെ മതത്തിനു വിരുദ്ധമായ മതവിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്തുന്നതിൽ മുഖ്യ പങ്ക് പുരോഹിതന്മാർക്കാണ്. ജൂത ക്രൈസ്തവർ ആണെങ്കിൽ, നബിയോട് ആഗമനത്തെക്കുറിച്ച വിവരം അവർക്ക് പഴയ പുതിയ വേദങ്ങളിൽ നിന്നും മനസ്സിലായിട്ടുണ്ടായിരിക്കണം. എന്നിട്ടും അവർ മുഹമ്മദിനെ തള്ളിപ്പറയുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും, പടക്കളത്തിൽ ഇറങ്ങാത്ത ഒരാളെയും പുരോഹിതൻ ആണെങ്കിൽ പോലും, ആക്രമിക്കരുതെന്ന് നബി വ്യക്തമായി പഠിപ്പിച്ചു. നജ്റാനിലെ ക്രിസ്തീയരുമായുള്ള കരാറിൽ നബി എഴുതിവെച്ച വരികൾ ഇങ്ങനെ: ‘ഒരൊറ്റ ക്രിസ്ത്യൻ മഠവും തകർക്കപ്പെടില്ല; ഒരു പള്ളീലച്ചനും പുറത്താക്കപ്പെടില്ല; മതം ആചരിക്കാൻ അവർക്ക് യാതൊരു തടസ്സവും ഉണ്ടാകില്ല” (അബൂ ദാവൂദ് 3041 ). ഖലീഫ അബൂബക്കർ, ഉസാമത് ബ്നു സൈദിനെ സിറിയയിലേക്ക് അയക്കുമ്പോൾ നൽകിയ ഉപദേശം ചേർത്തു വായിക്കാം. “ദൈവപൂജയ്ക്ക് വേണ്ടി മാത്രം സ്വജീവിതത്തെ തടവിലാക്കിയ ചില ആളുകളെ താങ്കൾ കണ്ടുമുട്ടും. അവരെ അവരുടെ വിശ്വാസവഴിക്ക് വിടുക”(മുവത്വ 925 ). ഏതെങ്കിലും പുരോഹിതനെ/ സന്യാസിയെ വധിച്ച സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ല.

യുദ്ധക്കളത്തിൽ വലിച്ചിഴക്കപ്പെട്ടവർ

നബിയോടും ഇസ്ലാമിനോടും പകയില്ല; യുദ്ധം ചെയ്യാൻ താല്പര്യവുമില്ല. എന്നാലും, നിർബന്ധിത സാഹചര്യത്തിൽ യുദ്ധത്തിൽ പങ്കെടുക്കേണ്ടി വന്ന ഹതഭാഗ്യർ ഉണ്ടായിരുന്നു. അവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി തിരുനബി വിട്ടുവീഴ്ച ചെയ്ത സംഭവം അനുസ്മരണീയമാണ്. ഇബ്നു അബ്ബാസ് നിവേദനം. ബദ്ർ യുദ്ധം അരങ്ങേറുന്നതിന്റെ അല്പം മുമ്പ്, നബി അണികളോട് ഓർമ്മപ്പടുത്തി: ‘ബനൂ ഹാശിമിലെയും മറ്റും ചില ആളുകൾ നിർബന്ധിത സാഹചര്യത്തിൽ പുറപ്പെട്ടവരാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അവർക്ക് നാമുമായി യുദ്ധം ചെയ്യണമെന്ന യാതൊരു താല്പര്യവും ഇല്ല. അതിനാൽ, ബനൂ ഹാശിമിൽ പെട്ട ആരെയെങ്കിലും യുദ്ധ മുഖത്ത് കണ്ടാൽ അവരെ വധിക്കാതെ മുന്നേറണം. അബുൽ ബുഖ്തരി ബ്നു ഹിശാം അത്തരത്തിൽ ഒരാളാണ്, അയാളുമായി ഏറ്റുമുട്ടേണ്ടി വന്നാൽ വധിക്കാതെ നോക്കണം. അതുപോലെ അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബിനെ കണ്ടുമുട്ടിയാലും. കാരണം, അദ്ദേഹവും നിർബന്ധിതനായി വന്നിരിക്കുകയാണെന്നു ഞാൻ മനസിലാക്കുന്നു” (ഇബ്നു ഹിശാം).

കൊല്ലപ്പെട്ടവരോടും കാരുണ്യം

വധം അത്യാവശ്യമുള്ളപ്പോൾ പോലും ചിത്രവധം ചെയ്യരുതെന്ന് പ്രവാചകൻ വിലക്കി. അബ്ദുല്ലാഹിബ്നു സൈദ് നിവേദനം. “കൊള്ളയും ചിത്രവധവും നബി വിലക്കിയിരിക്കുന്നു’ (ബുഖാരി 2342 ). അന്യന്റെ മുതൽ അർഹതയില്ലാത്ത പരസ്യമായി കവരുന്നതാണ് കൊള്ള. മരണപ്പെട്ട വ്യക്തിയെ അംഗഛേദം ചെയ്യലാണ് ചിത്രവധം. ഉഹുദിൽ മുശ്രിക്കുകൾ നബിയുടെ പിതൃവ്യൻ ഹംസയെ ചെയ്തപോലെ. ചരിത്രത്തിൽ ഒരിക്കലും മുസ്ലിം സൈനികരിൽ നിന്നും സംഭവിക്കാത്ത കാര്യമാണ് ചിത്രവധം. കാരണം, നബിയുടെ താക്കീത് തന്നെ. അവിടുന്ന് അരുളി: ‘അന്ത്യനാളിൽ ഏറ്റവുമേറെ ശിക്ഷ അർഹിക്കുന്ന ആൾ: ഏതെങ്കിലും നബിയെ കൊന്നവൻ, നബിയുടെ കൈക്ക് കൊല്ലപ്പെട്ടവൻ, ദുർമാർഗ്ഗ നായകൻ, ചിത്രവധം ചെയ്യുന്നവൻ തുടങ്ങിയവരാകുന്നു” (അഹ്മദ് 3868 ). പ്രവാചകനെ വധിച്ച വ്യക്തിയും ചിത്രവധക്കാരനും ഒരേ തസ്തികയിലാണ് വരുന്നത്. കേവല മനുഷ്യരെ മാത്രമല്ല, ഏതൊരു ജീവിയെയും വികൃതമാക്കാൻ അനുവാദമില്ല. “ആരാണോ ആത്മാവുള്ള വല്ല ജീവിയെയും കൊന്നു വികൃതമാക്കിയവൻ, അയാൾ പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ഉയിർപ്പുനാളിൽ അയാളെയും ചിത്രവധം ചെയ്യുന്നതായിരിക്കും” (അഹ്മദ് 5956 )

മൃതദേഹത്തെ കത്തിക്കാൻ നബി അനുവദിച്ചില്ല. അബൂ ഹുറൈറ നിവേദനം. ഞങ്ങളെ ഒരു ദൗത്യവുമായി അയക്കുമ്പോൾ, ഖുറൈശികളായ രണ്ടുപേരുടെ സഹായികളായ രണ്ടുവ്യക്തികളുടെ പേരുപറഞ്ഞു കൊണ്ട് നബി നിർദ്ദേശിച്ചു; ‘അവരെ കയ്യിൽ കിട്ടിയാൽ തീയിലിട്ടു കരിച്ചുകളയുക’. ഞങ്ങൾ പുറപ്പെടാൻ നേരം അവിടുന്ന് വീണ്ടും വന്നു. നേരത്തെ നിർദ്ദേശിച്ചത് തിരുത്തി: രണ്ടുപേരെ തീയിലിട്ടു കൊല്ലാൻ ഞാൻ നിങ്ങളോടു പറഞ്ഞിരുന്നല്ലോ. അതുചെയ്യരുത്. അഗ്നി കൊണ്ട് ശിക്ഷിക്കാൻ അല്ലാഹുവിന്നു മാത്രമേ അധികാരമുള്ളൂ. അവരെ കണ്ടാൽ വധിച്ചു കളയുക മാത്രം ചെയ്താൽ മതി. അല്ലാഹുവിന്റെ വാക്കുകൾ നബി പറയാറുണ്ട്: ‘എന്റെ അടിമകളെ നിങ്ങൾ ചിത്രവധം ചെയ്യരുത്”(അഹ്മദ് 17593 ).

 

Leave a Reply