കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ സുൽത്വാൻ മുഹമ്മദുൽ ഫാതിഹ് റഹിമഹുല്ലാഹ് മരണപ്പെട്ടതെങ്ങനെ? ജൂദന്റെ കറുത്ത വിഷക്കൈകൾ അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ചില ചരിത്രകാരന്മാരുണ്ട്.

ഉസ്മാനീ ചരിത്രകാരനായ ആലീയുടെ വിവരണപ്രകാരം, അക്കാലഘട്ടത്തിലെ സോക്രട്ടീസും ഹിപ്പോക്രാറ്റസും ആയിരുന്നു ഡോക്ടർ യഅഖൂബ് ബാഷ. സുൽത്വാന്റെ ആസ്ഥാന ഡോക്ടറായാണ് ഇസ്താംബൂളിൽ എത്തുന്നത്. വിശ്വാസ്യത ആർജ്ജിച്ച യഅഖൂബ്, സുൽത്വാന്റെ മന്ത്രിയായി പിന്നീട് അവരോധിതനായി. ഫാതിഹിന്റെ മരണശേഷം, സുൽത്വാൻ ബാ യസീദിന്റെ കാലത്തും അദ്ദേഹം ഉദ്യോഗത്തിൽ തുടർന്നു. ജൂദനായിരുന്നു ഇസ്താംബൂളിൽ വരുമ്പോൾ യഅഖൂബ്. ആ നിലയിൽ തന്നെയാണ് കൊട്ടാര വൈദ്യനായി നിയമിക്കുന്നത്. പിന്നീട് അദ്ദേഹം സ്വേഷ്ടം ഇസ്‌ലാം സ്വീകരിച്ചു. മരണം വരെയും മുസ്ലിം തന്നെയായിരുന്നു.

1481 ഏപ്രിൽ 27 / 886 സ്വഫർ 9 ന് സുൽത്വാൻ മുഹമ്മദ് അൽഫാതിഹ് സൈനിക മുന്നേറ്റത്തിനിടയിൽ അസ്കദാർ പ്രദേശത്തുവെച്ച് രോഗബാധിതനായി. ഏതാനും ദിവസം അവിടെ ചികിത്സയിൽ കഴിഞ്ഞു. യാത്ര തുടർന്നെങ്കിലും, തെക്രീജായിരിയിൽ എത്തിയപ്പോൾ രോഗം ശക്തിപ്പെട്ടു. കിഡ്‌നിയിലെ അസുഖത്തിന്റെ ഭാഗമായി കാൽവിരലുകൾക്കടിയിലുണ്ടാകുന്ന അതിശക്തമായ വേദനയായിരുന്നു രോഗം. നഖ്‌റസ്/Gout എന്ന് പറയും. വൈദ്യന്മാർ വേദന സംഹാരി മരുന്നുകളുടെ അളവ് വർധിപ്പിച്ചു, രോഗിക്ക് മയക്കം വരാനുള്ള അനസ്‌തെറ്റിക് ദ്രാവകം നൽകിനോക്കി. പക്‌ഷേ, സുൽത്വാൻ മരണപെട്ടു. ഇവിടെയാണ് ചരിത്രകാരന്മാരുടെ വ്യത്യസ്ത വിവരണം കടന്നുവരുന്നത്.

സുൽത്വാന് അസുഖം മൂർച്ഛിച്ചത് അറിഞ്ഞപ്പോൾ , യഅഖൂബ് ബാഷ തന്റെ മരുന്നുകൾ നൽകിയിരുന്നു. അതിനിടയിൽ മന്ത്രിയായിരുന്ന ഖറാമാനി മുഹമ്മദ് ബാഷ ലാറി അഅജ്മീ എന്നൊരു വൈദ്യരെ കൊണ്ടുവരുന്നത്. മന്ത്രിമാർ തമ്മിലുള്ള ഈഗോ ക്ലാഷ് ആയിരുന്നു കാരണമെന്നും ചിലർ വിലയിരുത്തുന്നു. രണ്ടുകൂട്ടരുടെയും മരുന്നുകൾ ഒന്നിച്ചുള്ള ഉപയോഗം സുൽത്വാന്റെ മരണത്തിനിടയായെന്ന് ആലീ യെപ്പോലുള്ള ചരിത്രകാരന്മാർ കുറിക്കുന്നു. നശ്രീ, ലുത്ഫി ബാഷ, സൂലാഖ് സാദ, ആഷിഖ് ബാഷാ സാദ തുടങ്ങിയ ഔദ്യാഗിക ചരിത്രകാരന്മാർ ഈ നിലയിലാണ് രേഖപ്പെടുത്തുന്നത്.

എന്നാൽ, യഅഖൂബ് ബാഷ മുസ്ലിം വേഷമണിഞ്ഞ ജൂത ചാരനായിരുന്നു, അയാൾ ഇറ്റലിക്കാരുടെയും ഇറ്റലിയിലെ ബുന്ദുഖികളുടെ(സ്വർണ്ണ നഗരമാണ് ബുന്ദുഖ്) യും ഏജന്റ് ആയിരുന്നുവെന്നും, സുൽത്വാന്റെ പടയോട്ടം ഇറ്റലിയിലേക്ക് എത്താതിരിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി സുൽത്വാന് വിഷം നൽകി വധിക്കുകയായിരുന്നെന്നും ചില ചരിത്രകാരന്മാർ(ഉദാ. ബാബങ്കർ) അഭിപ്രായപ്പെട്ടു. പക്‌ഷേ, ഇറ്റലിക്കാർക്കുവേണ്ടി യഅഖൂബ് ബാഷ എന്തെങ്കിലും കരുനീക്കങ്ങൾ നടത്തിയിരുന്നതായി ഔദ്യാഗിക രേഖകളിൽ കണ്ടെത്താൻ കഴിയുന്നില്ലെന്ന് ചരിത്ര ഗവേഷകർ പറയുന്നു. മാത്രമല്ല, സുൽത്വാന്റെ വധത്തിൽ എന്തെങ്കിലും ദുരൂഹത തോന്നിയിരുന്നെങ്കിൽ, തുടർന്നും ബായസീദ് സുൽത്വാന്റെ മന്ത്രിയായി യഅഖൂബ് ബാഷ നിയമിക്കപ്പെടില്ലായിരുന്നു എന്നും വിലയിരുത്തപ്പെടുന്നു.

മറ്റൊരു പക്ഷം ഇങ്ങനെ പറയുന്നു : യഅഖൂബ് ബാഷയുടേ ചികിത്സ നടക്കുമ്പോൾ, മുഹമ്മദ് ബാഷ ഇറക്കുമതി ചെയ്യുന്ന വിദേശിയായ ലാറി അഅജ്മീ യുടെ കരങ്ങളാണ് സുൽത്വാന്റെ മരണത്തിനു പിന്നിൽ.

രഹസ്യങ്ങൾ അല്ലാഹുവിന്നറിയാം. ഏതായാലും, പല ഉന്നതന്മാരുടെയും മരണ പരിസരങ്ങളിൽ ഇത്തരം അജ്ഞാത കൈകളുടെ തെളിഞ്ഞതും മങ്ങിയതുമായ സാന്നിധ്യം ചരിത്രത്തിൽ എമ്പാടും കാണാം. വി ഖു 3 /118 ൽ ശ്രദ്ധിക്കേണ്ട ഒരു ഉണർത്തുണ്ട്.

Leave a Reply