തടവിൽ കഴിയുമ്പോൾ, ഇസ്‌ലാമിക നേതൃത്വത്തിന്റെ മാന്യമായ പെരുമാറ്റത്തിൽ ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിച്ച ആദ്യവ്യക്തിയാണ് ഹകം ബ്നു കൈസാൻ. ഹിജ്‌റ രണ്ടാം വർഷം റജബിലെ നഖ്‌ല സൈനിക നീക്കത്തിൽ മുസ്ലിം സൈനികർ പിടികൂടി തടവിലിട്ടതായിരുന്നു ഹകമിനെയും സഹപോരാളി ഉസ്മാനുബ്നു അബ്ദില്ലാഹിയെയും. മക്കയിൽ പതിമൂന്നു വർഷം കൊടിയ പീഡനങ്ങൾ സഹിക്കാതെ, മുസ്ലിംകൾ മദീനയിലേക്ക് പലായനം ചെയ്യുകയും മദീനയിലെത്തിയിട്ടും ഭീഷണി നിലനിൽക്കുകയും ചെയ്തിരുന്ന അനുഭവസാഹചര്യത്തിലാണ് ഇവരെ നഖ്‌ലയിൽ വെച്ച് പിടികൂടുന്നത്. തടവുപുള്ളികളോട് എങ്ങനെ വർത്തിക്കണമെന്ന ആദ്യപാഠം മുസ്ലിം സമൂഹം നബിയിൽ നിന്നും പഠിക്കുന്നത് ഈ സന്ദർഭത്തിലാണ്. നബിയുടെയും അനുചരന്മാരുടെയും സ്നേഹമസൃണമായ പെരുമാറ്റവും മാനുഷിക പരിഗണകനകളും ഹൃദയത്തിൽ സ്പർശിച്ച ഹകം അവിടെവെച്ചു ഇസ്‌ലാമിൽ അംഗമായി, നബിയുടെ കൂടെ ജീവിച്ചു. ഹിജ്‌റ നാലാംവർഷം മുസ്ലിം സഹോദരങ്ങളെ ചതിയിൽ ആക്രമിച്ച ‘ബിഅർ മഊന’ സംഭവത്തിൽ, ഹകം രക്തസാക്ഷിയായി. (IBNU Kaseer)
 
മദീനാ പള്ളിയിലെ തടവുകാരൻ
 
നബിയെ കണ്ടിടത്തുവെച്ച് വധിക്കുമെന്നും ഇതിനുവേണ്ടി മദീനയിൽ വരെ പോകാൻ ഒരുക്കമാണെന്നും ഭീഷണി മുഴക്കി നടന്നിരുന്ന ബനൂ ഹനീഫ ഗോത്രജൻ സുമാമത്ത് ബ്നു അസാൽ, സംഭവവശാൽ മുസ്ലിംകളുടെ പിടിയിലായി. അയാളെ മദീനയിലെ നബിയുടെ മസ്ജിദിൽ ഹാജരാക്കി. ഉടനെ കശാപ്പ് ചെയ്യുമെന്ന ഭീതിയിൽ നിൽക്കുന്ന സുമാമത്തിനെ ചൂണ്ടി, പ്രവാചകൻ അനുയായികളോട് നിർദ്ദേശിച്ചു: ‘അദ്ദേഹത്തെ നല്ല നിലയിൽ തടവിലിടുക, നിങ്ങളുടെ പക്കലുള്ള ഭക്ഷണം ശേഖരിച്ച് അദ്ദേഹത്തിന് കൊടുന്നുകൊടുക്കൂ”(ഇബ്നു ഹിശാം, ഫത്ഹുൽ ബാരി ). പ്രവാചകന് പാൽ കറന്നു കൊടുക്കാറുള്ള ഒരു കറവ ഒട്ടകത്തെ അവർ സുമാമത്തിനായി നീക്കിവെച്ചു. പിന്നീട് പ്രവാചകൻ സുമാമത്തുമായി സംസാരിച്ചു:
“സുമാമഃ എന്താണ് നിനയ്ക്ക് പറയാനുള്ളത്?/ എന്താണ് വിശേഷം?”
“മുഹമ്മദേ, എനിക്ക് ഖൈറാണ്/അയാം ഫൈൻ’. നീ എന്നെ വധിക്കുന്നുവെങ്കിൽ വധിക്കുക; വിട്ടയക്കുന്നുവെങ്കിൽ ഞാൻ നന്ദിയുള്ളവനായിരിക്കും. നിനയ്ക്ക് പണമാണ് വേണ്ടതെങ്കിൽ വേണ്ടത് ചോദിച്ചോളൂ”
പ്രവാചകൻ ഒന്നും പ്രതികരിക്കാതെ സ്ഥലം വിട്ടു. പിറ്റേന്ന് വീണ്ടും കണ്ടു സംസാരിച്ചു. സംഭാഷണം ആവർത്തിച്ചു. മൂന്നാമത്തെ ദിവസവും സുമാമഃ ഇതേ വാക്കുകൾ ആവർത്തിച്ചപ്പോൾ, ‘സുമാമത്തിനെ മോചിപ്പിക്കുക’ എന്നാജ്ഞാപിച്ചു. സ്വതന്ത്രനായ സുമാമഃ മസ്ജിദിനടുത്ത ഈത്തപ്പന തോട്ടത്തിൽ പോയി കുളിച്ചു വന്ന്, മസ്ജിദിൽ പ്രവേശിച്ചു. അവിടെവെച്ച് ഉറക്കെപ്പറഞ്ഞു: ‘അശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്‌ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്’= ആരാധനയ്ക്കർഹനായി അല്ലാഹു മാത്രം; മുഹമ്മദ് അല്ലാഹുവിന്റെ ദൂതൻ എന്ന് ഞാൻ വിശ്വസിക്കുന്നതായി ഈ വാക്കുകൾ സാക്ഷി.
സുമാമഃ തുടർന്നു: ‘മുഹമ്മദേ, ഭൂമിയിൽ നിന്റെ മോന്ത കാണുന്നതിലും വെറുപ്പുള്ള ഒരു കാര്യം എനിക്കില്ലായിരുന്നു; ഇപ്പോൾ അങ്ങയുടെ തിരുമുഖം മറ്റെല്ലാറ്റിനേക്കാളും എനിക്ക് ഇഷ്ടമുള്ള കാര്യമായിത്തീർന്നിരിക്കുന്നു. അല്ലാഹുവാണ, താങ്കളുടെ ദീനിനേക്കാൾ വെറുപ്പുള്ള ഒരു മതം എനിക്കുണ്ടായിരുന്നില്ല; ഇപ്പോൾ അങ്ങയുടെ മാർഗ്ഗമാണ് എനിക്കേറ്റവും ഇഷ്ടം. താങ്കളുടെ നാടിനേക്കാൾ എനിക്ക് വെറുപ്പുള്ള നാടുണ്ടായിരുന്നില്ല; എന്നാലിപ്പോൾ ഇന്നാട് എനിക്കേറ്റവും ഇഷ്ടമുള്ളതായിരിക്കുന്നു’. ഞാൻ ഒരു ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നു. എന്താണഭിപ്രായം?’
പ്രവാചകൻ സന്തോഷത്തോടെ അനുവാദം നൽകി. സുമാമഃ മക്കയിലെത്തിയപ്പോൾ നീ മക്കക്കാരുടെ സനാതന മാർഗ്ഗം ഉപേക്ഷിച്ചു വഴികെട്ടുവല്ലേ? എന്ന് ചോദിച്ചുവന്നവരോട് അദ്ദേഹം പ്രതികരിച്ചു: അല്ല, ഞാൻ അല്ലാഹുവിന്റെ ദൂതരുടെ കൂടെ ചേർന്ന് ദൈവത്തിനു കീഴ്പ്പെടുന്നവനായിരിക്കുകയാണ്‌. അല്ലാഹുവാണ, യമാമയിൽ നിന്നും ഇനി നിങ്ങൾക്ക് ‘ഒരു മണി ധാന്യം’ കൊണ്ടുവരാൻ ഞാൻ അനുവദിക്കില്ല; പ്രവാചകൻ അനുവദിച്ചല്ലാതെ”(ബുഖാരി 450 , മുസ്ലിം 1763 )
 
സിറിയൻ സുന്ദരി തടവിൽ
ത്വയ്യ് ഗോത്രക്കാരുമായുള്ള യുദ്ധത്തിലാണ് അറബ് പ്രമുഖൻ ഹാതിം ത്വാഈ യുടെ പുത്രി മുസ്ലിംകളുടെ തടവിലായത്. മദീന മസ്ജിദിനടുത്ത ഷെഡിൽ അവളെ പാർപ്പിച്ചു. മസ്ജിദിലേക്ക് പോകുകയായിരുന്ന നബിയെ കണ്ടപ്പോൾ, അവൾ സംസാരിക്കാൻ തുടങ്ങി: ‘അല്ലാഹുവിന്റെ ദൂതരേ, പിതാവ് മരണപ്പെട്ടു. സഹോദരൻ അദിയ്യിനെ കാണാതായി. എന്നോട് ദയ കാണിക്കൂ; അങ്ങയെ അല്ലാഹു അനുഗ്രഹിക്കും’. അവളുടെ സഹോദരനെ അപ്പോഴാണ് നബിക്ക് മനസ്സിലായത്. നബി സ്വാ പ്രത്യേകിച്ചൊന്നും പറയാതെ കടന്നുപോയി. അടുത്തദിവസവും നബിയെ കണ്ടപ്പോൾ അവൾ നബിയോട് ദയാവായ്പ്പ് നടത്തി. നബി കാര്യമായി ഒന്നും പ്രതികരിച്ചില്ല . അടുത്ത ദിവസം പ്രവാചകൻ കടന്നുപോയപ്പോൾ നിരാശബാധിച്ച അവൾ ഒന്നും പറഞ്ഞില്ല. ഇതുകണ്ടപ്പോൾ അലി അടുത്തുചെന്നു പറഞ്ഞു: ‘ സംസാരിച്ചു നോക്കൂ’. അവൾ വീണ്ടും നബിയുടെ അടുത്തെത്തി അഭ്യർത്ഥന ആവർത്തിച്ചു. അപ്പോൾ നബി പ്രതികരിച്ചു: ‘പരിഹാരം ഉണ്ടാക്കുന്നുണ്ട്; നിന്നെ സുരക്ഷിതമായി നാട്ടിലെത്തിച്ച്, ആ വിവരം എന്നെ അറിയിക്കാൻ ഏല്പിക്കാവുന്ന, നിന്റെ ഗോത്രത്തിലെ വിശ്വസ്തനായ ഒരാളെ തിരയുകയാണ്, അതുവരെ തിരക്ക് കൂട്ടല്ലേ”.
 
ഇനി അവൾ തന്നെ പറയട്ടെ: ഞാൻ വെയ്റ്റ് ചെയ്തു; എന്റെ സഹോദരൻ എന്നെ തിരഞ്ഞു വരുമെന്നായിരുന്നു ഞാൻ ആശിച്ചത്. എന്റെ ഗോത്രത്തിൽ പെട്ട വേറെ ചിലർ മദീനയിൽ വന്ന വാർത്ത ഞാനറിഞ്ഞു. ഞാൻ പ്രവാചകനെ പോയി കണ്ടു. ‘എനിക്ക് വിശ്വസിക്കാവുന്നവരും കാര്യങ്ങൾ അറിയുന്നവരുമായ കുറച്ചാളുകൾ വന്നിട്ടുണ്ട് റസൂലേ”, ഞാൻ അദ്ദേഹത്തെ അറിയിച്ചു. ഉടനെ എന്നെ യാത്രയാക്കാനുള്ള നടപടികൾ ആരംഭിച്ചു. എനിക്ക് പുതിയ വസ്ത്രങ്ങൾ നൽകി. യാത്ര ചെയ്യാൻ വാഹനം നൽകി. യാത്രയിൽ വരാവുന്ന ചെലവുകൾക്ക് പണം തന്നു. അങ്ങനെ ഞാൻ എന്റെ നാട്ടുകാരുടെ കൂടെ സഞ്ചരിച്ച് ശാമിലെത്തി(ത്വബ്രി, ഇബ്നു ഹിശാം , ഇബ്നു കസീർ).
Leave a Reply