‘ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന പാലം’ എന്ന ഭൂമിശാസ്ത്രപരമായ പ്രാധാന്യം മതമല്ല ഫലസ്തീൻ രാജ്യത്തിനുള്ളത്; ജൂദ സമുദായവും ക്രിസ്ത്യൻ സമുദായവും മുസ്ലിംകളും മതപരമായ വിശ്വാസത്തിന്റെയും ചരിത്രപരമായ പ്രാധാന്യത്തിന്റെയും അടിസ്ഥാനത്തിൽ ഫലസ്തീൻ രാജ്യത്തെ ആദരിക്കുന്നു; പുണ്യ നാടായി ഗണിക്കുന്നു.
ബനൂ ഇസ്രാഈല്യർക്ക് ഫലസ്തീൻ വാഗ്ദത്ത ഭൂമിയാണ്. ഫറോവയുടെ അക്രമം സഹിക്കാതെയാണ്, മൂസാ പ്രവാചകന്റെ നേതൃത്വത്തിൽ ബനൂ ഇസ്രാഈല്യർ സീനാ മരുഭൂമി താണ്ടിക്കടന്നു ‘വാഗ്ദത്ത ഭൂമി’യായ ഫലസ്ത്വീനിലേക്ക് കൂട്ട പലായനം നടത്തുന്നത്. മൂസാ നബി വഴിയിൽ മരണപ്പെട്ടുവെങ്കിലും അനാഥരായ അവർ കുറേപേർ ചുറ്റിക്കറങ്ങി ഫലസ്തീനിൽ അങ്ങിങ്ങായി പാർത്തു. യോശ പ്രവാചകന്റെ കാലം മുതൽ ഫലസ്ത്വീൻ ബനൂ ഇസ്രാഈല്യരുടെ താമസസ്ഥലമാണ്. ത്വാലൂത്തിനു ശേഷം ദാവൂദ് നബി ഫലസ്തീൻ തന്റെ തലസ്ഥാനമാക്കി മുപ്പത്തിമൂന്നു വർഷം ഭരിച്ചു. പിന്നീടവരെ അസ്സീറിയൻ, ബാബിലോണിയൻ രാജഭരണകൂടവും റോമൻ സാമ്രാജ്യവും ഫലസ്തീനിൽ നിന്നും ആട്ടിയോടിച്ചു. ബനൂ ഇസ്‌റാഈല്യർ വിവിധ നാടുകളിൽ ചേക്കേറി.
ഈസാ പ്രവാചകൻ ജനിച്ചതും, ആകാശാരോഹണം ചെയ്തതും ഈസായുടെ മാതാവ് മർയമിനെ അടക്കം ചെയ്തതും ഇവിടെയാണെന്നതാണ് ക്രിസ്ത്യൻ സമുദായത്തിന് ഫലസ്തീനുമായുള്ള വിശ്വാസബന്ധം. ഇതിലൂന്നി ഇവിടെ പണിയപ്പെട്ട കനീസകളും ആരാധനാ മണ്ഡപങ്ങളും അവർക്ക് വിശുദ്ധമാണ്. ഇതുകേവലം വിശ്വാസപരമായ ബന്ധമാണ്.
പൂർവ്വ പ്രവാചകരുടെ യഥാർത്ഥ വിശ്വാസ തുടർച്ചയുള്ളവർ എന്ന നിലയിലാണ് ഇസ്‌ലാമിന്റെ ആഗമനം. ഇസ്‌ലാം അറബികളുടെ മതമല്ല. ബനൂ ഇസ്രാഈലുകാർക്കും വേണ്ടിയുള്ള വഴിയാണ് . മൂസായുടെയും ഈസായുടെയും ആദർശം വഹിക്കുന്ന പ്രസ്ഥാനമാണ് ഇസ്‌ലാം. പൂർവ്വിക പ്രവാചകരുടെ തുടർച്ചയിൽ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. ഇബ്രാഹീമിനെയും യഅഖൂബിനെയും ഇസ്മാഈലിനെയും ദാവൂദിനെയും മൂസായെയും ഈസായെയും മർയമിനെയും ബഹുമാനിക്കുന്ന പ്രസ്ഥാനം. ഇക്കാരണത്താൽ, മൂസയുടെ അനുയായികൾ എന്ന നിലയ്ക്കുള്ള വാഗ്ദത്ത ഭൂമിയ്ക്ക് മുസ്ലികളും അവകാശികളാണ്. ഈസായുടെ ജന്മ സ്ഥലം, ആകാശാരോഹണ സ്ഥലം, മർയമിന്റെ അന്ത്യ വിശ്രമ സ്ഥാനം എന്ന നിലയിലും മുസ്ലിംകൾക്ക് ഫലസ്തീൻ രാജ്യം പ്രധാനമാണ്. ബനൂ ഇസ്രേയേല്യർക്കെന്നപോലെ അറബികൾക്കും വംശ പിതാവായ ഇബ്രാഹീം നബിയുടെ അന്ത്യ വിശ്രമ സ്ഥാനം അവിടെയാണ് .
അതിനു പുറമെ, വിശുദ്ധ ഖുർആൻ പ്രശംസിക്കുകയും ‘ചുറ്റും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത മസ്ജിദുൽ അഖ്സ്വാ നിലകൊള്ളുന്ന നാടാണ്. പ്രവാചകന്റെ അധ്യാപന പ്രകാരം, മൂന്ന് പുണ്യ മസ്ജിദുകളിലൊന്ന് മസ്ജിദുൽ അഖ്‌സ്വായാണ്. വിവിധ പ്രവാചകന്മാർക്ക് ദിവ്യബോധനം ലഭിച്ച ഭൂമി എന്ന നിലയ്ക്ക് ആകാശത്തിൽ നിന്നും ഭൂമിയിലേക്കുള്ള വാതിലാണ് ഫലസ്തീൻ. അന്ത്യപ്രവാചകന്റെ ആകാശാരോഹണത്തിനു സാക്ഷിയായ സ്ഥലമെന്ന നിലയിൽ ‘ആകാശത്തിലേക്കുള്ള കവാട’മാണ് ഫലസ്തീൻ.
പുണ്യ ഭൂമിയുടെ പവിത്രത സംരക്ഷിക്കുക, പ്രവാചകന്മാരുടെയും അന്ത്യ പ്രവാചകന്റെയും പാദസ്പർശ്ശമേറ്റ സ്ഥലം സംരക്ഷിക്കുക, അവർ പ്രബോധനം ചെയ്ത ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായി പുണ്യനാടിനെ സംരക്ഷിക്കുക തുടങ്ങിയ ലക്‌ഷ്യം നടപ്പിലാക്കാനായിരുന്നു, ഖലീഫ ഉമർ ബൈത്തുൽ മഖ്ദിസ് പിടിച്ചെടുക്കുന്നത്. മസ്ജിദുൽ അഖ്സ്വാ പരിപാലിച്ചിരുന്ന ക്രിസ്ത്യാനികളിൽ നിന്നും താക്കോൽ വാങ്ങിയ ശേഷം, അതിനുള്ളിൽ പ്രവേശിക്കുകയും, അവിടമാകെ വൃത്തിയാക്കുകയും, അറ്റകുറ്റ പണികൾ ചെയ്യിപ്പിക്കുകയും ചെയ്യുക മാത്രമാണ് ഖലീഫ ഉമർ ചെയ്തത്. അല്പം തെക്കോട്ടു മാറി മൈതാനത്ത് വെച്ചായിരുന്നു, ജനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ഖലീഫ ഉമർ നിസ്കാരം നിര്വ്വഹിച്ചത്. അവിടെ ഒരു മസ്ജിദ് പണിയുകയും ചെയ്തു.സർവ്വ പ്രവാചകന്മാരുടെയും ആദ്യ പിതാവ് തുടങ്ങിവെച്ചതും, പിന്നീട് കുലപിതാവ് ഇബ്രാഹീമും പുത്രൻ ഇസ്മാഈലും ചേർന്ന് പണിതുയർത്തിയതുമായ കഅബയിലേക്ക് നിസ്കാര ദിശയുള്ള ഖുദ്‌സിലെ ആദ്യ മസ്ജിദ്.
ഇസ്ലാമിന്റെ സർവ്വമതസംഗ്രഹ സ്വഭാവം ഉൾക്കൊള്ളുന്നവർക്ക്, മൂസായുടെയും ഈസായുടെയും അനുയായി ആകാൻ സാധിക്കുന്നു; ഇബ്രാഹീമിന്റെ കുലത്തിൽ ഒന്നിച്ചുനിന്നു വംശീയത അവസാനിപ്പിക്കാൻ കഴിയുന്നു. എന്നാൽ, ഇസ്ലാമിക നേതൃത്വം, ഇസ്ലാമിനെ ആരുടെമേലും അടിച്ചേൽപിക്കാനല്ല ശ്രമിച്ചത്. അഹ്ലുൽ കിതാബിനു പ്രത്യേക പരിഗണന നൽകിയാണ് നിയമനിർമ്മാണങ്ങളും സമീപന രീതികളും പ്രശ്ന പരിഹാര നടപടികളും കൈകൊണ്ടിട്ടുള്ളത്. പ്രമുഖ മൂന്നു മതങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന വിശുദ്ധ ഭൂമി, എല്ലാവരുടേതുമെന്ന ഗണനയിൽ സംരക്ഷിക്കാൻ സാധിക്കുമോ എന്നതായിരുന്നു മുസ്ലിം നേതൃത്വത്തിന്റെ ആദ്യകാലം മുതൽക്കുള്ള ശ്രമം.
ഒന്നിച്ചു ജീവിക്കാനുള്ള പദ്ധതികളായിരുന്നു ഖലീഫ ഉമർ മുതൽ നടപ്പിലാക്കിയത്. ജൂതനും ക്രൈസ്തവനും അഭയം നൽകാനും പാർപ്പിടം നൽകാനും ഖലീഫ വിശാലത കാണിച്ചു. ഉമർ നേരിട്ട് സന്ദർശിച്ചായിരുന്നു വ്യവസ്ഥകൾ, കരാറുകൾ തയ്യാറാക്കിയത്. പിൽക്കാല ഭരണാധികാരികൾക്ക് അതൊരു രേഖയും മാതൃകയുമായി. ഇസ്ലാമിന് മുമ്പ് നിരന്തരം നാടുവിടേണ്ടി വന്ന ജൂദന്മാർക്ക് ഇസ്ലാമിന് കീഴിൽ ഫലസ്തീൻ വന്ന ശേഷം, അങ്ങനെയൊരു ഗതികേട് അനുഭവിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. അവർ സ്വയം വരുത്തിവെക്കുന്നതല്ലാതെ. പിന്നീട് സുൽത്വാൻ സ്വലാഹുദ്ധീൻ അയ്യൂബി 1187 ൽ ക്രിസ്ത്യൻ ഭീകരന്മാരിൽ നിന്നും ഖുദ്സ് മോചിപ്പിച്ചപ്പോൾ പോലും സഹിഷ്ണുതയുടെയും സമഭാവനയുടെയും നിലപാടുകളാണ് സ്വീകരിച്ചത്.
ഈ മാതൃക ഉസ്മാനിയ്യാ ഖലീഫമാർ തുടർന്നു. എല്ലാവർക്കും ഫലസ്തീനിൽ സമാധാനത്തോടെ ജീവിക്കാമായിരുന്നു. ഉസ്മാനിയ്യ ഭരണകൂടത്തിന്റെ ആർകൈവ്‌കളിൽ സൂക്ഷിക്കുന്ന ‘രാജ ശാസനകൾ’ ഇതിനു സാക്ഷിയാണ്. 1458 ൽ , ഖുദ്‌സിലെ റോമൻ പാത്രിയർക്കീസ് അത്തനാസിയോസ് ഇസ്താംബൂൾ സന്ദർശിച്ച്, സുൽത്വാന്റെ വിജയത്തിന് അഭിനന്ദനം അറിയിച്ചു. ഖുദ്‌സിലെ ക്രിസ്ത്യൻ ദേവാലയങ്ങളുടെയും പുണ്യസ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും അവ നികുതിയിൽ നിന്നും ഒഴിവാക്കണമെന്നും അവർ അഭ്യർത്ഥിച്ചു. റസൂലിൽ നിന്നും, ശേഷം ഖലീഫ ഉമറുൽ നിന്നും, പിന്നീട് വന്ന ഖലീഫമാരിൽ നിന്നെല്ലാം ലഭിച്ച അനുവാദ പത്രങ്ങൾ അവർ സുല്ത്വാന് മുമ്പാകെ കാണിച്ചു. സുൽത്വാൻ ഫാതിഹ് അവകളിലെ ഉറപ്പ് തുടർന്നും നൽകാൻ രാജ ശാസന പുറപ്പെടുവിച്ചു: “ഈ വിധിയിൽ മാറ്റം വരുത്തുന്നവർക്ക് ശാപം” എന്നദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
അവസാന കാലം വരേയ്ക്കും ഉസ്മാനികൾ കാണിച്ച സഹിഷ്ണുത ദുരുപയോഗം ചെയ്യാനായിരുന്നു ജൂദ ക്രൈസ്തവ സംഘങ്ങൾ ശ്രമിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൽ, പടിഞ്ഞാറൻ ശക്തികളുമായി ചേർന്ന്, ഉസ്മാനിയ്യ ഖിലാഫത്തിനെതിരെയുള്ള പരസ്യ ഉപജാപങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു ഫലസ്തീനിൽ സർവ്വ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ജൂദ ക്രൈസ്തവ സംഘങ്ങൾ. വാഗ്ദത്ത ഭൂമിയിലേക്കുള്ള മടക്കം ഒരു രാഷ്ട്രീയ അജണ്ടയാക്കി സിയോണിസ്റ്റ് പ്രസ്ഥാനം രംഗത്തുവന്നപ്പോൾ, അതിനുവേണ്ട നിഗൂഢ നീക്കങ്ങൾ റഷ്യയിലും യൂറോപ്പിലും ആരംഭിച്ചപ്പോൾ, അതിനുപിന്നിലെ അപകടം തിരിച്ചറിഞ്ഞ്, സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമൻ, 1880 ൽ ചില നിയന്ത്രങ്ങൾ കൊണ്ടുവന്നു. സിയോണിസ്റ്റ് മൂവ്മെന്റ് 1908 ൽ ശക്തിപ്പെടുത്തുകയും, കൂട്ടമായ കുടിയേറ്റം ത്വരിത ഗതിയിലാവുകയും ചെയ്തപ്പോൾ, ചില ജൂദ നേതാക്കളെ, ഖുദ്‌സിൽ നിന്നും പുറത്താക്കാൻ, ഖിലാഫത്ത് നിർബന്ധിതരായി.
ഒന്നാം ലോക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ബ്രിട്ടൻ ഫലസ്തീൻ കയ്യടക്കുകയും സിയോണിസ്റ്റ് താല്പര്യങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയുമായിരുന്നു. ബ്രിട്ടനാണ് ഇസ്രാഈലിന്റെ യഥാർത്ഥ രക്ഷിതാവ്. അമേരിക്ക അതിനു സഹായിയായി താമസിയാതെ കടന്നുവരികയായിരുന്നു. അവരുടെ മധേഷ്യൻ രാഷ്ട്രീയ താല്പര്യങ്ങൾ നേടിയെടുക്കുകയായിരുന്നു ഇസ്രാഈലിലൂടെ.
Leave a Reply