പൈതൃകം

ഒരു യുവാവിന്റെ രൂപം. നിസ്കാര സമയമായാൽ അയാളുടെ തലപ്പാവിന് മുകളിലുള്ള പക്ഷി ചിലക്കാൻ തുടങ്ങും. പിന്നെ ഈ യന്ത്ര മനുഷ്യൻ രാജാവിന്റെ അടുത്തേക്ക് ‘യാന്ത്രികമായി’ നടന്നടുക്കും. വലതു കയ്യിൽ ശുദ്ധജലം നിറച്ച ഗ്ലാസ് കൂജയും മറുകയ്യിൽ തോർത്തും പിടിച്ചു നിൽക്കുന്ന യന്ത്രയുവാവ് വലതുകൈ നീട്ടി രാജാവിന് വുദു ചെയ്യാൻ അൽപാൽപമായി വെള്ളം ഒഴിച്ച് കൊടുക്കും. വുദു പൂർത്തിയായാൽ, ഇടതുകൈയിലെ തോർത്ത് നീട്ടി കൊടുക്കും . രാജാവ് മുഖവും കൈകളും തുടച്ചു നീങ്ങുന്നതോടെ ‘യന്ത്രയുവാവ്’ അതിന്റെ സ്ഥാനത്തേക്ക് നീങ്ങും.

ക്രി. 1136 ൽ ജനിച്ച ജസരി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബദീഉസ്സമാൻ അബുൽ ഇസ്സ് നിർമ്മിച്ച അനേകം യന്ത്രങ്ങളിലൊന്നായിരുന്നു, വുദുവെടുപ്പിക്കുന്ന യന്ത്രയുവാവ്. ശാമിൽ പെട്ട അബൂ ഉമർ എന്ന ദ്വീപിലാണ് ഈ മഹാ യന്ത്രനിർമ്മാതാവിന്റെ ജനനം. ഇന്നീ രാജ്യം സിറിയയുടെയും തുർക്കിയുടെയും അതിർത്തി പങ്കിടുന്നു. അന്നത്തെ പ്രാദേശിക അമീറായിരുന്ന ആമിദ് എന്ന ദിയാറു ബക്കർ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു യന്ത്ര യുവാവിന്റെ നിർമ്മാണം. നിസ്കാരസമായാൽ അതുണർത്തുകയും വുദുവിനുള്ള വെള്ളം എത്തിക്കുകയും ചെയ്യുവാൻ നിയമിച്ച സേവകന്മാരുടെ കൃത്യവിലോപം അസഹ്യമായപ്പോഴാണ് അമീർ, അവരെ ആശ്രയിക്കാതെ ഇക്കാര്യം സാധിച്ചുതരാൻ കൊള്ളുന്ന ഒരു യന്ത്രം ഉണ്ടാക്കാമോ എന്ന് ‘റോബോട്ടുകളുടെ പിതാവി’നോട് ചോദിക്കുന്നത്.

ജലത്തിന്റെ യാന്ത്രിക സംവിധാനത്തിലായിരുന്നു വുദുവെടുപ്പിക്കുന്ന യന്ത്രയുവാവ് പ്രവർത്തിച്ചിരുന്നത്. ഇത്തരത്തിൽ ജലം കൊണ്ട് പ്രവർത്തിച്ചിരുന്ന ഒട്ടേറെ യന്ത്രങ്ങൾ ജസരി നിർമ്മിച്ചിട്ടുണ്ട്. ജലനിയന്ത്രിത സംഗീതോപകരണങ്ങൾ, ജല ഘടികാരങ്ങൾ, ആനഘടികാരം തുടങ്ങിയവ അതിൽ ശ്രദ്ധേയമായിരുന്നു. ഇസ്‌ലാമിക ഭൂമികയിലെ ഭൗതിക ശാസ്ത്രജ്ഞാന പുരോഗതിയിൽ അനർഘമായ സംഭാവനകൾ നൽകിയ മഹാ ശാസ്ത്രജ്ഞനായിരുന്ന ജസരി. പാശ്ചാത്യർ ഇദ്ദേഹത്തിന്റെ രചനകൾ ധാരാളവുമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ‘അൽ ജാമിഉൽ ഇൽമി വൽ അമൽ ഫീ സ്വനാഅത്തിൽ ഹിയൽ’ എന്ന എൻസൈക്ലോപീഡിയ ഓഫ് ടെക്നോളജി: തിയറി ആൻഡ് പ്രാക്ടിക്കൽ’ ഇരുപത്തഞ്ചു വർഷത്തെ അദ്ദേഹത്തിൻറെ ടെക്നിക്കൽ അനുഭവങ്ങളുടെ സമാഹാരമാണ്. മെക്കാനിക്കൽ- ജല യാന്ത്രികതാ ശാസ്ത്ര രംഗത്തെ മികച്ച രചനകളിലൊന്നായിരുന്നു ഇത്. ഓരോ ഉപകരണവും യന്ത്രവും മനോഹരമായി വരച്ചു കാണിച്ചതിന് പുറമെ അവയുടെ പ്രവർത്തന രീതി വിശദീകരിക്കുന്നു ഈ ഗ്രന്ഥത്തിൽ. ഗ്രന്ഥത്തിന്റെ കയ്യെഴുത്ത് കോപ്പികൾ തുർക്കിയിലെ ഒന്നിലേറെ മ്യൂസിയങ്ങളിൽ സൂക്ഷിക്കുന്നു. യൂറോപ്യൻ മ്യൂസിയങ്ങൾ ഇതിന്റെ കോപ്പികൾ വാങ്ങി സൂക്ഷിക്കുന്നു. ഹോളണ്ടിലും ഫ്രാൻസിലും അമേരിക്കയിലെ ബോസ്റ്റൺ മ്യൂസിയത്തിലും ഓക്സ്ഫോർഡ് ലൈബ്രറിയിലും ജപ്പാനിലും ബ്രിട്ടനിലും കയ്യെഴുത്ത് കോപ്പികൾ ലഭ്യമാണ്.

Leave a Reply