തഫ്സീറിന്റെ അനിവാര്യതയും മുഫസ്സിറിന്റെ യോഗ്യതയും:

ആയാത്തുസ്സ്വിയാമിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം

‘വ്രതമനുഷ്ഠിക്കുന്ന സ്ത്രീപുരുഷന്മാർക്ക്’ (സ്വാഇമൂൻ, സ്വാഇമാത്ത്) മഹത്തായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു, അഹ്സാബ് 35 ൽ. ‘സ്വാമ’ എന്ന അറബി പദത്തിന്റെ രണ്ടുതരം നാമരൂപങ്ങൾ ഖുർആനിൽ വന്നിട്ടുണ്ട്. സൗമ്, സ്വിയാം. പിടിച്ചു വെക്കുക, തടഞ്ഞു വെക്കുക എന്ന അർത്ഥമാണ് ‘സ്വാമ’യ്ക്കുള്ളത്. അസാധാരണ മാർഗ്ഗത്തിൽ ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത മർയമിനെ ചാരിത്ര്യശുദ്ധിയിൽ സംശയിച്ചുകൊണ്ട് ആളുകൾ അതുമിതും പറഞ്ഞു ശല്യപ്പെടുത്താൻ സാധ്യതയുണ്ടെന്നതിനാൽ , അവരോടു പ്രതികരിക്കേണ്ട രീതി മർയമിനെ അല്ലാഹു പഠിപ്പിച്ചു. “മറിയമേ ആംഗ്യം കാണിക്കുക: റഹ്‌മാനായ അല്ലാഹുവിനു വേണ്ടി ഞാൻ സൗമ് നേർച്ച നേർന്നിരിക്കുന്നു. അതിനാൽ, ഇന്ന് ഞാൻ ഒരാളോടും സംസാരിക്കുന്നതല്ല’. ഇവിടെ സൗമ് അർത്ഥമാക്കുന്നത് മൗനവ്രതം ആണെന്ന് തുടർന്നുള്ള വിവരണത്തിൽ വ്യക്തമാക്കുന്നു. വാക്കുകൾ പിടിച്ചുവെക്കുക/ തടഞ്ഞുവെക്കുക എന്ന ആശയത്തിലാകുന്നു ഇവിടെ സ്വാമ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ മാത്രമാണ് സൗമ് എന്ന പദം ഖുർആനിൽ ഉപയോഗിച്ചിട്ടുള്ളത്. ഖുർആനിൽ ഒമ്പത് സ്ഥലങ്ങളിൽ സ്വിയാം ആണുപയോഗിച്ചിരിക്കുന്നത്. അത് കേവല ഭാഷാർത്ഥത്തിലോ ഭാഷാലങ്കാരത്തിലോ അല്ലെന്നു കാണാം. ആരാധനയുടെ സ്വഭാവം പ്രതിഫലിപ്പിക്കുന്ന സാങ്കേതിക അർത്ഥകല്പന അവിടങ്ങളിൽ അനിവാര്യമാണ്.

ആയാത്തുസ്സ്വിയാം

സ്വിയാമിന്റെ അടിസ്ഥാന നിയമങ്ങൾ ചർച്ച ചെയ്യുന്ന വെറും നാല് സൂക്തങ്ങളേ ഖുർആനിലുള്ളൂ. അൽബഖറ 183 മുതൽ 187 വരെയുള്ള സൂക്തങ്ങൾ. ഇവയെ ആയാത്തു സ്വിയാം എന്ന് വിളിക്കാം. നൂറ്റി അമ്പത്തി ആറാം സൂക്തം, നേർക്കുനേർ സ്വിയാമിനെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിലും, സ്വിയാമും ദൈവസാമീപ്യവും പ്രാർത്ഥനയും ഉത്തരസാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. ഇസ്ലാമിന്റെ ചരിത്ര പാരമ്പര്യം, ധാർമ്മിക ശിക്ഷണ രീതി, മാനുഷിക പരിഗണന, ഖുർആനിലെ പ്രതിപാദന ശൈലി, സുന്നത്തിന്റെ അനിവാര്യത, മദ്ഹബുകളുടെ ആവിർഭാവ പശ്ചാത്തലം തുടങ്ങിയ വിവിധ ആശയങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന സൂക്തങ്ങളാണിവ.

يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ } * { أَيَّاماً مَّعْدُودَاتٍ فَمَن كَانَ مِنكُم مَّرِيضاً أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ وَعَلَى ٱلَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَن تَطَوَّعَ خَيْراً فَهُوَ خَيْرٌ لَّهُ وَأَن تَصُومُواْ خَيْرٌ لَّكُمْ إِن كُنْتُمْ تَعْلَمُونَ } * { شَهْرُ رَمَضَانَ ٱلَّذِيۤ أُنْزِلَ فِيهِ ٱلْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضاً أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلاَ يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُواْ ٱلْعِدَّةَ وَلِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ } * { وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ } * { أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ هُنَّ لِبَاسٌ لَّكُمْ وَأَنْتُمْ لِبَاسٌ لَّهُنَّ عَلِمَ ٱللَّهُ أَنَّكُمْ كُنتُمْ تَخْتانُونَ أَنْفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنْكُمْ فَٱلآنَ بَٰشِرُوهُنَّ وَٱبْتَغُواْ مَا كَتَبَ ٱللَّهُ لَكُمْ وَكُلُواْ وَٱشْرَبُواْ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلأَبْيَضُ مِنَ ٱلْخَيْطِ ٱلأَسْوَدِ مِنَ ٱلْفَجْرِ ثُمَّ أَتِمُّواْ ٱلصِّيَامَ إِلَى ٱلَّليْلِ وَلاَ تُبَٰشِرُوهُنَّ وَأَنْتُمْ عَٰكِفُونَ فِي ٱلْمَسَٰجِدِ تِلْكَ حُدُودُ ٱللَّهِ فَلاَ تَقْرَبُوهَا كَذٰلِكَ يُبَيِّنُ ٱللَّهُ ءَايَٰتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ

ആയാത്തുസ്സ്വിയാമിന്റെ സാരം

‘വിശ്വാസികളേ, നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങൾക്കുമേൽ ‌ നിർബന്ധമാക്കപ്പെട്ട പോലെ, നിങ്ങൾക്കുമേലും സ്വിയാം നിര്ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ ഭക്തരാകാൻ വേണ്ടി. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. ആ ദിവസങ്ങളിൽ നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ, അല്ലെങ്കിൽ യാത്രയിലാണെങ്കിൽ നഷ്പ്പെട്ട നോമ്പുകൾ മറ്റു ദിവസങ്ങളിൽ വീണ്ടെടുക്കുക. (പ്രായാധിക്യം, ഗർഭം തുടങ്ങിയവ നിമിത്തം) നോമ്പ് ശാരീരികപ്രയാസമായി അനുഭവപ്പെടുന്നതിനാൽ വ്രതമുപേക്ഷിക്കുന്നവർ പ്രായശ്ചിത്തമായി ഒരു സാധുവിനു ഭക്ഷണം കൂടി നൽകേണ്ടതാണ്. കൂടുതൽ നന്മ ചെയ്യാൻ സ്വയം സന്നദ്ധനാകുന്നുവെങ്കിൽ അതവന് ഗുണം തന്നെ. നോമ്പനുഷ്ഠിക്കലാകുന്നു നിങ്ങൾക്ക് ഗുണം, നിങ്ങൾ സംഗതി തിരിച്ചറിയുന്നവരാണെങ്കിൽ. ജനങ്ങൾക്ക് സന്മാർഗ്ഗദർശകമായും പ്രസ്തുത സന്മാർഗ്ഗത്തിലേക്കുള്ള വ്യക്തമായ അടയാളങ്ങളായും സത്യാസത്യങ്ങളെ വകതിരിക്കുന്ന വിവേചകമായും ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. പ്രസ്തുത മാസത്തിനു സാക്ഷിയായവർ ആ മാസം വ്രതമനുഷ്ഠിക്കട്ടെ. റമദാൻ ദിവസങ്ങളിൽ നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ, അല്ലെങ്കിൽ യാത്രയിലാണെങ്കിൽ നഷ്പ്പെട്ട നോമ്പുകൾ മറ്റു ദിവസങ്ങളിൽ വീണ്ടെടുക്കുക. നിങ്ങൾക്ക് എളുപ്പം ഉണ്ടാക്കുന്ന സംഗതികൾ കല്പിക്കുവാനത്രേ അല്ലാഹു ഇച്ഛിക്കുന്നത്; അവൻ നിങ്ങൾക്ക് പ്രയാസം ഉണ്ടാക്കുവാനല്ല ഉദ്ദേശിക്കുന്നത്. നിശ്ചയിക്കപ്പെട്ട വ്രതനാളുകൾ പൂർത്തീകരിക്കുവാനും നിങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിച്ചതിന് പ്രതിനന്ദിയായി നിങ്ങളവനെ തക്ബീർ ചൊല്ലി വാഴ്ത്താനും അവൻ ആഗ്രഹിക്കുന്നു. നിങ്ങൾ നന്ദിയുള്ളവരായി തീരാൻ വേണ്ടി. എന്റെ ദാസന്മാർ എന്നെക്കുറിച്ചു ചോദിച്ചാൽ ‘നിശ്ചയം ഞാൻ സമീപസ്ഥനാകുന്നു’ എന്നവരോട് പറയുക. പ്രാർത്ഥിക്കുന്ന ഏതൊരാളും എന്നോട് പ്രാർത്ഥിക്കുമ്പോഴെല്ലാം ആ പ്രാർത്ഥനയ്ക്ക് ഞാൻ ഉത്തരം നൽകുന്നു. അതിനാൽ എന്നിൽ നിന്നും അവർ ഉത്തരം തേടിക്കൊള്ളുക/എന്നിലേക്കുള്ള ക്ഷണത്തിനു ഉത്തരം നൽകുക; എന്നെക്കൊണ്ടുള്ള വിശ്വാസത്തിൽ ഉറച്ചു നിൽക്കുക; നിങ്ങൾ വിവേകപാതയിൽ ചരിക്കുന്നവരാകുവാൻ വേണ്ടി. സ്വിയാം രാവുകളിൽ ഇനിമുതൽ നിങ്ങളുടെ സ്ത്രീകളെ സംഗം ചെയ്യാൻ നിങ്ങൾക്ക് അനുവാദം നൽകപ്പെട്ടിരിക്കുന്നു. അവർ നിങ്ങൾക്കുള്ള വസ്ത്രമാകുന്നു; നിങ്ങൾ അവരുടെ വസ്ത്രവുമാകുന്നു. നിങ്ങൾ ഇക്കാര്യത്തിൽ ആത്മ വഞ്ചനയിലായിരുന്നുവെന്ന കാര്യം അല്ലാഹു അറിഞ്ഞിരിക്കുന്നു; അതിനാൽ, അവൻ നിങ്ങൾക്ക് പൊറുത്തുതരികയും മാപ്പ് നൽകുകയും ചെയ്യുന്നു. എന്നാൽ, ഇനിമുതൽ നിങ്ങൾക്ക് ഇണകളുടെ ശാരീരിക സമ്പർക്കത്തിൽ ഏർപ്പെടാവുന്നതും അല്ലാഹു നിങ്ങൾക്ക് വിധിച്ചിട്ടുള്ളത് തേടാവുന്നതുമാണ്. അപ്രകാരം, രാത്രിയുടെ ഇരുണ്ട നൂലിൽ നിന്നും ഫജ്‌റിന്റെ വെളുത്ത നൂൽ വ്യക്തമാകുന്ന സമയം വരെയും നിങ്ങൾക്ക് തിന്നുകയും കുടിക്കുകയും ചെയ്യാവുന്നതാണ്. തുടർന്ന്, രാത്രിയാകുന്നതുവരെ നിങ്ങൾ സ്വിയാം പൂർത്തിയാക്കുക. മസ്‌ജിദുകളിൽ ഉദ്ദേശ്യപൂർവ്വം പാർക്കുന്ന സമയത്ത് നിങ്ങൾ ഇണകളുമായി ശാരീരിക സമ്പർക്കത്തിലേർപ്പെടരുത്. ഇവയെല്ലാം അല്ലാഹുവിന്റെ അതിർവരമ്പുകളാകുന്നു. അതിലേക്ക് നിങ്ങൾ അടുക്കരുത്. ഇപ്രകാരമത്രെ, ജനങ്ങൾക്ക് അല്ലാഹു തന്റെ സൂക്തികൾ വിവരിച്ചുനൽകുന്നത്; അവർ ഭക്തരാകാൻ വേണ്ടി”.

ലേഖകൻ തിരഞ്ഞെടുത്തിട്ടുള്ള ആശയത്തിനനുസൃതമായതും വ്യാഖ്യാനസ്വഭാവത്തിലുള്ളതുമായ സാരമാണ് മുകളിൽ നൽകിയിട്ടുള്ളത്. നേർപരിഭാഷയല്ല. നേർ പരിഭാഷ ആശയം അവ്യക്തമാക്കും. ലേഖകൻ തിരഞ്ഞെടുത്തിട്ടുള്ളതല്ലാത്ത വ്യാഖ്യാനങ്ങൾക്കും പലേടത്തും സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഒന്നാമത്തെ സൂക്തത്തിലെ ‘കമാ’ =പോലെ എടുക്കുക. ഇത് എവിടേക്കാണ് ബന്ധിക്കുന്നതെന്ന കാര്യത്തിൽ മൂന്ന് സാധ്യതയുണ്ട്. ഒന്ന്: പൂർവ്വ സമുദായത്തിന് നിര്ബന്ധമാക്കപ്പെട്ടപോലെ. അതായത്, അവർക്കും കല്പനയുണ്ടായിരുന്നു; അതുപോലെ നിങ്ങൾക്കും. കല്പനയുടെ തുടർച്ചയിലാണ് സാമ്യം. രണ്ട് : അവർക്ക് കല്പിക്കപ്പെട്ട പോലെയുള്ള നോമ്പ് നിങ്ങൾക്കും കല്പിക്കപ്പെട്ടിരിക്കുന്നു. ഇവിടെ സ്വിയാമിന്റെ ഘടനയിലും സ്വഭാവത്തിലുമാണ് സാമ്യം. മൂന്ന്: അവർക്ക് ഏതാനും ദിവസങ്ങളിലെ വ്രതം കല്പിക്കപ്പെട്ടിരുന്നു; അതുപോലെ ആ ദിവസങ്ങളിൽ നിങ്ങൾക്കും കല്പിക്കുന്നു. ഇവിടെ നോമ്പെടുക്കേണ്ട ദിനങ്ങളുടെ എണ്ണത്തിലോ ആ ദിനങ്ങൾ ഏതാണെന്നതിലോ ആണ് സാമ്യം. ഇപ്പറഞ്ഞ മൂന്ന് സാധ്യതകളെയും തള്ളിക്കളയാൻ കഴിയില്ല. എന്നാൽ, പരിഭാഷയിൽ ഈ മൂന്ന് സാധ്യതകളും ധ്വനിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല. മുകളിൽ ലേഖകൻ ഒന്നാമത്തെ സാധ്യതയെ മാത്രമാണ് ധ്വനിപ്പിക്കുന്നത്.

ഇതുപോലെ, പ്രസ്തുത സൂക്തങ്ങളിൽ ധാരാളം അർത്ഥ വൈവിധ്യങ്ങൾ നിലകൊള്ളുന്നു. ഒട്ടേറെ അകം പൊരുളുകളും ആശയങ്ങളും തത്വങ്ങളും ഉൾക്കൊള്ളുന്നു. ഇവ കൃത്യമായും വ്യക്തമായും മനസ്സിലാകുമ്പോഴാണ് വിശുദ്ധ ഖുർആന്റെ ആഴവും പരപ്പും തിരിച്ചറിയാൻ കഴിയൂ. ഖുർആൻ സൂക്തങ്ങളിലെ അമാനുഷികതയും അർത്ഥ വിശാലതയും മാനവിക മൂല്യങ്ങളും മനുഷ്യ വൽക്കരണവും പുറത്തെടുക്കുന്ന പ്രക്രിയയാണ് മുഫസ്സിർ/ഖുർആൻ വ്യാഖ്യാതാവ് നിർവ്വഹിക്കുന്നത്. അതിനു സാധ്യമാകണമെങ്കിൽ മുഫസ്സിർ ആർജ്ജിക്കേണ്ട കഴിവുകളും യോഗ്യതകളും മുന്നൊരുക്കങ്ങളും എന്തെല്ലാമാണെന്ന് ആയാത്തുസ്സ്വിയാം അടിസ്ഥാനത്തിൽ മനസ്സിലാക്കാവുന്നതാണ്. ഉദാഹരണത്തിന് ഏതാനും സംഗതികൾ പറയാം.

ഖുർആൻ പാരായണ വൈവിധ്യം

ശബ്ദമില്ലാത്ത, അക്ഷരമില്ലാത്ത, ലിപിയില്ലാത്ത ദൈവവചനങ്ങൾക്ക്, മുഹമ്മദ് നബി (സ്വ) ശബ്ദവും അക്ഷരവും ലിപിയും നൽകിയപ്പോഴാണ് സാമാജികർക്ക് ദൈവവചനം ലഭിക്കുന്നതും വായന ആരംഭിക്കാൻ കഴിയുന്നതും. ഓരോ വചനവും വായിക്കേണ്ടതെങ്ങനെയെന്ന നിശ്ചയത്തിൽ നിന്നത്രേ സമാജം ഖുർആൻ മനസ്സിലാക്കാൻ ആരംഭിക്കുന്നത്. ശബ്ദവും അതിനെ പ്രതിനിധാനം ചെയ്യുന്ന അക്ഷരങ്ങളും അവ പ്രാപ്യമാക്കുന്ന ലിപികളും ഇല്ലാതെ ജനങ്ങൾ എങ്ങനെ ദൈവവചനം കേൾക്കും, വായിക്കും, മനസിലാക്കും?! ഖുർആൻ എങ്ങനെ വായിക്കാമെന്ന പ്രഥമ പ്രശ്നം പരിഹരിക്കാൻ പോലും സുന്നത്ത് (നബിയുടെ ഇടപെടൽ) അനിവാര്യമാണ്. ദൈവ വചനത്തിന്റെ മനോഹാരിതയും സാംഗീതാത്മകതയും പുറത്തുവന്നത് നബി തന്റെ ശബ്ദത്തിൽ അത് ഓതിക്കേൾപ്പിച്ചപ്പോൾ ആയിരുന്നു. അതുവരെയും മനോഹരമായി പാടാറില്ലായിരുന്ന മുഹമ്മദ് നബിയുടെ ഖുർആൻ പാരായണം, ആരെയും ആകർഷിക്കുന്നതും മനോഹരവുമായിരുന്നു എന്ന് സമാജം അനുഭവം പങ്കുവെക്കുന്നു. നബിയുടെ പാരായണം, വചനത്തിന്റെ അർത്ഥധ്വനികൾ പ്രതിഫലിപ്പിക്കുന്ന വിധമായിരുന്നു.

നബിയിൽ നിന്നും ഖുർആന്റെ ശബ്ദം പകർത്തിയവർ പകർന്നുതന്നാണ് ഇന്നും ആ ശബ്ദം നിലനിൽക്കുന്നത്. നബിയുടെയോ ശിഷ്യന്മാരുടെയോ ശബ്ദം, പാരായണ ശൈലി റെക്കോർഡ് ചെയ്യപ്പെട്ടത് അനേകം ജന്മനസ്സുകളിലായിരുന്നു. അവർ പകർന്നുതന്നതു പ്രകാരം, ഖുർആനിലെ ഒട്ടേറെ സ്ഥലങ്ങളിൽ അർത്ഥത്തെ ബാധിക്കുന്ന തരത്തിലുള്ള പാരായണ ഭേദങ്ങൾ നബിയിൽ നിന്നും അവർ പകർത്തിയിട്ടുണ്ട്. ഒരു വചനം വ്യാഖ്യാനിക്കുന്നതിനു മുമ്പേ, അതിലെ പാരായണ ഭേദങ്ങൾ മനസിലാക്കാൻ മുഫസ്സിർ നിർബന്ധിതനാണ്. നാം ചർച്ച ചെയ്യുന്ന സൂക്തങ്ങളിൽ തന്നെ, ഇദ്ദത്തുൻ/ ഇദ്ദത്തൻ, യുത്വീഖൂനഹൂ/യുത്വവ്വിഖൂനഹൂ, അൻ തസൂമൂ/അസ്സൗമു തുടങ്ങിയ ഭേദങ്ങൾ കാണാം. അർത്ഥ ധ്വനിയിൽ ഈ ഭേദങ്ങൾ സ്വാധീനിക്കുന്നു. സ്വാഭാവികമായും വ്യാഖ്യാനങ്ങളെയും. എങ്ങനെ വായിക്കണം എന്നതിൽ നിന്നാണ് എങ്ങനെ വ്യാഖ്യാനിക്കണം എന്ന കാര്യം രൂപപ്പെടുന്നത്.

ഭാഷ വ്യുല്പത്തി

മുഫസ്സിർ ആർജ്ജിക്കേണ്ട അടിസ്ഥാന അറിവുകളിൽ പ്രധാനമാണ് ഭാഷാ വ്യുല്പത്തി. വ്യാകരണം, സ്വർഫ്, പദോല്പത്തി ശാസ്ത്രം, അർത്ഥധ്വനി ശാസ്ത്രം (ഇല്മു ദലാല:), ബലാഗഃ( മആനീ ,ബയാൻ , ബദീഅ) തുടങ്ങിയ കലകളിൽ നൈപുണിയില്ലാത്തവർക്ക് ഖുർആന്റെ സൗന്ദര്യവും ആശയ വ്യാപ്തിയും തിരിച്ചറിയാൻ കഴിയില്ല. കാവ്യ ശാസ്ത്രം മനസ്സിലാക്കിയവർക്ക് ഖുർആനിലെ കാവ്യഭാഷ മനസ്സിലാക്കാം. അറബി സാഹിത്യ ചരിത്രം മുഫസ്സിർ ആർജ്ജിക്കേണ്ടതുണ്ട്. പ്രയോഗങ്ങളുടെ രഹസ്യം, ദേശ/ ഗോത്ര സംവരണം, സാംസ്കാരിക വിനിമയം തുടങ്ങിയ കാര്യങ്ങൾ അപ്പോഴാണ് വെളിച്ചത്തുവരിക. പ്രോക്ത സൂക്തങ്ങളിലെ സ്വിയാം, ഇദ്ദ:, യുത്വീഖൂന, ഫിദ്‌യ:, ശഹ്ർ, റമദാൻ, മസാജിദ്, മറള് തുടങ്ങിയ പദങ്ങൾ ഭാഷാലാബിൽ സൂക്ഷ്മ പരിശോധന ചെയ്യേണ്ടവയാണ്. ഭാഷയിലെ സാധാരണ അർഥം, കാലാന്തരത്തിലെ പ്രയോഗചരിത്രം, ആലങ്കാരിക അർഥം, സാങ്കേതിക അർഥം തുടങ്ങിയ സംഗതികൾ മനസ്സിലാക്കുമ്പോൾ, ഈ പദങ്ങളിലെ ആശയങ്ങൾക്ക് വ്യക്തത ലഭിക്കുന്നു.

ഒരവസ്ഥയിൽ നിന്നും മറ്റൊരവസ്ഥയിലേക്ക് മാറാതെ പിടിച്ചു നിൽക്കുക/ തടഞ്ഞു വെക്കുക എന്ന ആശയമുള്ള സ്വാമയിൽ നിന്നാണ് സ്വിയാം എന്ന നാമരൂപം ഉണ്ടായിട്ടുള്ളത്. തീറ്റ കഴിക്കാതെ ആലയിൽ ഉറച്ചുനിൽക്കുന്ന മൃഗത്തെക്കുറിച്ച്‌ ‘സ്വാമത്ത്/ദ്ദാബ്ബ:’ എന്ന് പറയും. ഓടാനും ഭക്ഷണം കഴിക്കാനും അനുവദിക്കാതെ കുതിരകളെ തടഞ്ഞുവെക്കുന്നതി നും അറബികൾ സ്വിയാം എന്ന് പ്രയോഗിച്ചു. പകൽ മുഴുവൻ അന്നപാനമൈഥുനങ്ങൾ ഒഴിവാക്കി ഇച്ഛകളെ തടഞ്ഞുവെക്കുന്ന ഉപവാസത്തെ, ‘സാങ്കേതിക പദവി’ നൽകി സ്വിയാം എന്ന് ഖുർആൻ ഉപയോഗിച്ചതിലെ പൊരുത്തം വ്യക്തം. വെളിപ്പെടുക എന്ന അടിസ്ഥാന ആശയമാണ് ശഹ്‌റിനുള്ളത്. ദൃഷ്ടിയിൽ നിന്നും പൂർണ്ണമായി ഒരു ദിനം മറഞ്ഞുനിൽക്കുന്ന ഖമർ, അടുത്ത ദിനം പടിഞ്ഞാറൻ ചക്രവാളത്തിൽ എത്തിനോൽക്കുന്നതോടെ ശഹ്ർ ആരംഭിക്കുന്നു. നിസ്കാരത്തിൽ സുജൂദ് ഉൾപ്പെട്ട കാലം മുതൽ, നിസ്കാരത്തിനായി തയ്യാർ ചെയ്യപ്പെടുന്ന സ്ഥലങ്ങൾ മസ്ജിദ് ആയിത്തീർന്നു. ബൈത്തിൽ നിന്നായിരുന്നു ആരാധനാലയങ്ങളുടെ തുടക്കം. ആദ്യ ബൈത്ത് ബക്കയിൽ പണിയപ്പെട്ടു. എല്ലാവിധ രോഗങ്ങൾക്കും മറള് ഉപയോഗിക്കാറില്ല. ഇത്തരം ഭാഷാ കാര്യങ്ങൾ അറിയാതെ ഒരു മുഫസ്സിറിനു മുന്നോട്ടുപോകാൻ സാധ്യമല്ല. സൗമ് ഏകവചനവും സ്വിയാം അതിന്റെ ബഹുവചനവും ആണെന്ന് വരെ ഭാഷാപരമായ അജ്ഞത എഴുതിവെച്ചവരും മലയാളത്തിൽ ഖുർആൻ അകംപൊരുൾ മുഫസ്സിറായി രംഗം പ്രവേശം ചെയ്യുന്നുവെന്നത് പരിതാപകരമാണ്. സൗമും സ്വിയാമും സ്വാമയുടെ ക്രിയാനാമങ്ങൾ ആകുന്നു.

ഉപരിസൂചിത സൂക്തങ്ങളിലെ ആക്കിഫൂന, ആയത്ത്, ഫജ്ർ, ലൈൽ തുടങ്ങിയ പദങ്ങൾക്ക് പദാർത്ഥത്തിന് പുറമെ സാങ്കേതിക അർഥം കൂടിയുണ്ട്. മസ്ജിദിലെ കേവലവാസം ഇഅതികാഫ് ആകുന്നില്ല. ആയത്ത് കേവല അടയാളമല്ല. കിഴക്കൻ ചക്രവാളത്തിൽ സൂര്യ വെളിച്ചം പൊട്ടിവിടരുന്ന ഘട്ടമാണ് ഫജ്ർ. സൂര്യൻ തലകാണിക്കാൻ തുടങ്ങുമ്പോൾ ഉദയമായി. സൂര്യൻ പൂർണ്ണമായി മറയുമ്പോഴാണ് ലൈൽ തുടങ്ങുന്നത്. ഫജ്ർ രണ്ടിനമുണ്ട്. കറുപ്പ് കലർന്ന ഘട്ടവും വെളുപ്പിലേക്ക് കടക്കുന്ന ഘട്ടവും. വ്രതമാരംഭിക്കേണ്ട ഘട്ടം കിഴക്കൻ ചക്രവാളത്തിൽ വെള്ളനൂൽ പ്രത്യക്ഷപ്പെടുമ്പോഴാണ്. അതിനുമുമ്പുള്ള സമയമെല്ലാം രാത്രിയാകുന്നു. അപ്പോൾ വ്രതകാലം കൃത്യമായി നിർവ്വചിച്ചു. ഫജ്ർ മുതൽ ലൈൽ വരെ. വ്രതത്തെ പകലിലേക്ക് ചുരുക്കുന്ന ആഖ്യാനങ്ങൾ കൃത്യമല്ല. പകൽ ആരംഭിക്കുന്നതിന് ഏതാണ്ട് ഒന്നേകാൽ മണിക്കൂർ മുമ്പ് വ്രതം ആരംഭിക്കുന്നു.

ഖുർആനിലെ ശൈലികളെ കുറിച്ചുള്ള അവബോധമാണ് മറ്റൊരു പ്രധാന കാര്യം. പ്രോക്ത സൂക്തങ്ങളിൽ വന്നിട്ടുള്ള കതബ (വബ്തഗൂ മാ കതബല്ലാഹു ലക്കും) വിധിച്ചു എന്ന അർത്ഥത്തിലും കുതിബ (കുതിബ അലൈകും) നിയമമാക്കി എന്ന അർത്ഥത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ലഅല്ലകും/ ലഅല്ലഹും അല്ലാഹുവിങ്കൽ നിന്നുള്ള പ്രതീക്ഷയല്ല; പ്രോത്സാഹനമാണ്. മുബാശറത്ത്, റഫസ്, ലിബാസ്‌, ഖൈത് , ഹുദൂദ് , ഖരീബ് തുടങ്ങിയ പദങ്ങൾ ആലങ്കാരികമാണ്. അലങ്കാരത്തിൽ വ്യംഗ്യമായ ഉപമയുണ്ടാകും / സാമ്യതയുണ്ടാകും. അവർ നിങ്ങളുടെ വസ്ത്രമാകുന്നു എന്ന് പറഞ്ഞാൽ, ബന്ധത്തിലെ പരസ്പര സംരക്ഷണമാണ് പ്രത്യേകം എടുത്തുകാണിക്കുന്നത്. ഖുർആനിൽ ലിബാസ് എല്ലായിടത്തും സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന കവചമാണ്. ഭംഗിയുടെ പ്രതീകമല്ല. ഇണയുടെ ചാരിത്ര്യ വിശുദ്ധി സംരക്ഷിക്കുകയാണ് തുണ. കിഴക്കൻ ചക്രവാളത്തിൽ വെളിപ്പെടുന്ന കറുപ്പും വെള്ളയുമായ കീറുകളാണ് നൂൽ. അത്രയ്ക്കും സൂക്ഷ്മമാണ് ഫജറിന്റെ ഘട്ടം. കൃത്യമായ നിരീക്ഷണം ആവശ്യമാണ്.

ബാശിറൂ, കുലൂ , ഇശ്രബൂ, ഇബ്‌ത്തഗൂ, അത്തിമ്മൂ എന്നീ കല്പനക്രിയകൾ ശ്രദ്ധിച്ചുനോക്കൂ. ഭാഷയിൽ കല്പനകൾ ആണെങ്കിലും മിക്കതും സാങ്കേതികമായി കല്പനകൾ അല്ല. അത്തിമ്മൂ മാത്രമാണ് ഇവിടെ കല്പനയായിട്ടുള്ളൂ. രാത്രിവരെയും സ്വിയാം(അന്നപാന മൈഥുനം വെടിയൽ) നിർബന്ധം. അതേസമയം, വ്രതരാവിൽ നിങ്ങൾ ഇണകളെ ഭോഗിക്കൂ(ബാശിറൂ) എന്നത് കല്പനയല്ല. സ്വിയാമിന്റെ നിബന്ധനയാണ് രാത്രിയിലെ ഭോഗം എന്നുവരും. തൊട്ടുടനെ മസ്ജിദിൽ പാർക്കുമ്പോൾ ഭോഗിക്കരുത്’ (ലാ തുബാശിറൂ) എന്നത് നിരോധനം ആണെങ്കിൽ ബാശിറൂ കല്പന തന്നെയാണെന്ന് ന്യായവും പറയാം. തിന്നൂ, കുടിക്കൂ (കുലൂ , ഇശ്രബൂ) എന്നീ കല്പനക്രിയകളുടെ കാര്യവും ഇതുതന്നെ. ആവശ്യമെങ്കിൽ തിന്നോളൂ, കുടിച്ചോളൂ എന്നാണ്. വ്രതകാലം ആണെന്ന് കരുതി അന്നപാനീയമൈഥുനം രാത്രിയിൽ വർജ്ജിക്കേണ്ടതില്ല എന്നേ ഈ കല്പനകൾക്ക് അർത്ഥമുള്ളൂ. ഖുർആൻ മാത്ര അക്ഷര വായനക്കാർ, ഫജ്ർ ആകുവോളം തിന്നും കുടിച്ചും ഭോഗിച്ചും കഴിയുകയെന്ന കല്പന ഈ പ്രയോഗത്തിൽ നിന്നും കണ്ടെടുക്കുന്ന കാലം വിദൂരമല്ല. സുന്നത്തും ഖുറാന്റെ ആദ്യതലമുറയും മനസ്സിലാക്കിയ പോലെ ഖുർആൻ മനസ്സിലാക്കാനുള്ള വിനയം നഷ്ടപ്പെടുന്നതിൽ ഭാഷാ അജ്ഞതയുടെ പങ്ക് വലുതാണ്.

പൂർവ്വ സമുദായ ചരിത്രം

ഖുർആനിൽ ആദം നബി മുതൽക്കുള്ള ജനതതികളെ കുറിച്ച് പറയുന്നുണ്ട്; മിക്കപ്പോഴും സൂചനകൾ മാത്രമായിരിക്കും. അല്ലെങ്കിൽ അവ്യക്ത പ്രയോഗങ്ങൾ. നിങ്ങൾക്കുമുമ്പുള്ളവർക്കെന്നപോലെ നിങ്ങൾക്കും വ്രതം കല്പിക്കപ്പെട്ടിരിക്കുന്നു എന്ന പ്രസ്താവനയിലെ മുമ്പുള്ളവർ ആരാണ്? ആദം നബിമുതല്ക്കുള്ള എല്ലാ സമുദായങ്ങളും ഉൾപ്പെടുമോ? ജൂതരും ക്രിസ്താനികളും മാത്രമാണോ, അല്ലെങ്കിൽ ജൂതർ/ക്രിസ്ത്യാനികൾ മാത്രമോ ഇവിടെ പൂർവ്വികർ? എന്തായിരുന്നു അവരുടെ വ്രത രീതി ? ഏതെല്ലാം ദിവസങ്ങളിലായിരുന്നു അവരുടെ വ്രതം? ഇത്യാദി ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കാൻ ബൈബിളിനു പുറമെ ചരിത്രപഠനങ്ങളും റെഫർ ചെയ്യേണ്ടതുണ്ട്. അത്തരം കാര്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്താൻ സാധിച്ചാൽ, സൂക്തത്തിലെ ‘കമാ കുതിബ’ യുടെ ദിശ എങ്ങോട്ടാണെന്ന് തീർച്ചപ്പെടുത്താൻ സാധിക്കും.

ചരിത്രപഠനത്തിനു ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന ആധുനിക കാലത്തെ മുഫസ്സിറുകൾക്ക്, പഴയ തഫ്സീറുകളിലെ ചരിത്രബദ്ധങ്ങൾ തിരുത്താൻ എളുപ്പമാണ്. പൂർവ്വ സമുദായങ്ങളുടെ ചരിത്രമറിയാൻ ഇസ്രാഈലിയ്യാത്തുകളെ ആശ്രയിക്കേണ്ടിവരുന്നത്, ചരിത്രം ശാസ്ത്രീയമായും ആധികാരികമായും പഠിക്കാത്തതുകൊണ്ടാണ്. ഇസ്രാഈലിയ്യാത്തുകളിലെ ചരിത്ര യാഥാർഥ്യങ്ങളെ സ്ഥിരീകരിക്കാനും വേണം, ആധികാരിക ചരിത്രത്തിന്റെ പിന്തുണ. സെമിറ്റിക് പ്രദേശങ്ങൾക്കപ്പുറമുള്ള ജനതതികളുടെ ഇടയിലേക്ക് അന്വേഷണം പുരോഗമിച്ചാൽ, ഖുർആനിലെ ചരിത്രത്തിനു കൂടുതൽ വ്യക്തത കണ്ടെത്താൻ സാധിച്ചേക്കും. വ്രതം ഭക്തിജനിപ്പിക്കാൻ, നന്മകൾ വ്യാപിക്കാനും തിന്മകൾ കെട്ടടങ്ങാനും സഹായകമാകുമെന്ന പ്രസ്താവനയുടെ ബലത്തിൽ അന്വേഷണം മുന്നോട്ടുപോയാൽ, ജനസംസ്കൃതികളുടെ ധാർമ്മിക ഔന്നത്യത്തിനു നിദാനമായി വർത്തിച്ച ഘടകങ്ങളിൽ അവരുടെ ഇത്തരം ആരാധനാ രീതികളുടെ പങ്കു വെളിപ്പെടുത്തുന്ന സാമൂഹ്യശാസ്ത്രം ബോധ്യപ്പെടാൻ സാധിച്ചേക്കും. സമുദായത്തിന്റെ ധാർമ്മിക ഭദ്രതയ്ക്ക് വ്രതം അതിന്റെ ആത്മാവോടെ നിലനിൽക്കേണ്ടതിന്റെ ആവശ്യകത, ചരിത്ര സത്യങ്ങൾ കാണിച്ചുകൊണ്ട് മുഫസ്സിറിനു സമർത്ഥിക്കാൻ കഴിയും.

ശാസ്ത്രാവബോധം

ഖുർആൻ ആഴത്തിൽ മനസ്സിലാക്കാൻ സകല ശാസ്ത്രങ്ങളിലും അവഗാഹം/ അവബോധം ഉണ്ടാകേണ്ടതുണ്ട്. ഒരു മുഫസ്സിർ സർവ്വശാസ്ത്ര ശാലയോ സർവ്വകലാശാലയോ ആകാൻ സാധ്യമല്ല. എങ്കിലും, അതാത് ശാസ്ത്ര/വൈജ്ഞാനിക മേഖലകളിൽ നൈപുണ്യം ഉള്ളവരുടെ സഹായം തേടുക അത്യാവശ്യമാണ്. അല്ലാത്തപക്ഷം തനിക്കറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞുപോകുന്ന അതിക്രമിയായിപ്പോകും മുഫസ്സിർ. രാത്രിയുടെ കറുപ്പ് നീങ്ങി വരുന്ന ഫജറിന്റെ പ്രഭാത വെട്ടത്തെ കറുത്തനൂലും വെളുത്തനൂലും കൊണ്ട് ഉദാഹരിച്ചതിലെ ഭാഷാപരമായ ഉപമാലങ്കാരത്തിൽ തട്ടിത്തിരിയാതെ, അതിലെ അസ്‌ട്രോണോമിയെക്കുറിച്ചു ചിന്തിക്കാൻ, അവ്വിഷയകമായ അവബോധം ആവശ്യമാണ്. ഖുർആനിൽ നിരവധി സ്ഥലത്ത്, പ്രകൃതിയിലെ അത്ഭുത പ്രതിഭാസങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. പ്രകൃതിയാണല്ലോ അല്ലാഹു ചിന്തിക്കുന്ന മനുഷ്യരുടെ മുന്നിൽ വെച്ചിട്ടുള്ള പ്രധാന ആയത്ത്. നോമ്പെടുക്കാൻ ശാരീരിക പ്രയാസം തോന്നുന്നവരോട്, നോമ്പ് തല്ക്കാലം മാറ്റിവെക്കാം; പിന്നീട് നോമ്പെടുത്ത് പരിഹരിക്കുകയും ഫൈൻ അടക്കുകയും (ഫിദ്‌യ) ചെയ്താൽ മതി എന്ന വിശാല മനസ്കത കാണിച്ചപ്പോഴും, ‘നിങ്ങൾക്കറിയുമെങ്കിൽ നോമ്പാണ് ഉത്തമം’ എന്ന് വാത്സല്യപൂർവ്വം അല്ലാഹു ഉണർത്തുന്നു. എന്തറിയുമെങ്കിലെന്നാണ് ഇവിടെ പറയുന്നത്? അല്ലാഹുവിന്റെ സ്നേഹവാത്സല്യത്തെക്കുറിച്ചു അറിയാമെങ്കിൽ എന്ന് ആദ്ധാത്മിക ഗുരു വ്യക്തമാക്കുമ്പോൾ, നിങ്ങൾ വിചാരിക്കുമ്പോലെ, വ്രതം ശരീരത്തെ ദുർബ്ബലപ്പെടുത്തുന്നില്ല, പ്രത്യുത ശക്തിപ്പെടുത്തുകയാണ്; ശാരീരികാരോഗ്യത്തിന് ഉത്തമം വ്രതം അനുഷ്ഠിക്കുന്നതാണ്’ എന്ന് ബോധ്യപ്പെടുത്താൻ ശരീരശാസ്ത്രം പഠിച്ച ഭിഷഗ്വരന് എളുപ്പത്തിൽ സാധിക്കും. ഇക്കാര്യം ബോധ്യപ്പെടുത്താൻ മുഫസ്സിർ ശരീര ശാസ്ത്രഞ്ജന്റെ സഹായം തേടേണ്ടിവരും. വ്രതം ഭക്തി ഉല്പാദിപ്പിക്കുന്നപോലെത്തന്നെ, ജ്ഞാനവും നന്ദിയുള്ള മനസ്സും ഉണ്ടാക്കുന്നുവെന്നാണ് ലഅല്ലക്കും തത്തഖൂൻ, ലഅല്ലക്കും തശ്കുറൂൻ, ഇൻകുൻതും തഅലമൂൻ തുടങ്ങിയ ഉപസംഹാരങ്ങൾ വ്യക്തമാക്കുന്നത്.

‘തൻസീൽ’ പരിജ്ഞാനം

ഇരുപത്തിമൂന്നു വർഷ കാലയളവിൽ സന്ദർഭോചിതം അവതരിച്ച വചനങ്ങൾ, നബിയുടെ നിർദേശപ്രകാരമായിരുന്നു ഇന്നത്തെ ക്രമത്തിൽ ക്രോഡീകരിക്കപ്പെടുന്നത്. ഓരോ സൂക്തവും അവതരിച്ച സന്ദർഭങ്ങൾ തിരിച്ചറിയുമ്പോൾ, അതിലെ ഉള്ളടക്കത്തിലടങ്ങിയ പൊരുളുകൾ വെളിപ്പെടുന്നു. ഒരു നിശ്ചിത സംഭവം മാത്രമല്ല ‘സബബുന്നുസൂൽ’. മക്കാ കാലഘട്ടം, മദീനാ കാലഘട്ടം, രാഷ്ട്രീയ സാഹചര്യം, സാമുദായികാന്തരീക്ഷം തുടങ്ങിയ ഘടകങ്ങളെല്ലാം ഖുർആൻ അവതരണത്തിന്റെ പശ്ചാത്തലമായി ഗണിക്കേണ്ടതാണ്. ആരാധനാചടങ്ങുകൾക്ക് പ്രാധാന്യമില്ലാത്ത മക്കയിൽ ‘കുതിബ’ സൂക്തങ്ങൾ അവതരിച്ചിട്ടില്ല. ക്രമേണ ഓരോരോ ആരാധനകൾ നിയമമാക്കികൊണ്ട്, മക്കയിലെ പതിമൂന്നു വർഷത്തിൽ സമാജമാർജ്ജിച്ച ദൃഢമായ ഈമാനിനു കവചം അണിഞ്ഞുകൊണ്ടേയിരുന്നു. പ്രസ്തുത ഈമാനിലൂന്നി ഒരു പൂർണ്ണ സമൂഹമായി/ രാജ്യമായി വികസിപ്പിച്ചുകൊണ്ടേയിരുന്നു. ക്രമ പ്രവൃദ്ധമായ ഈ സമൂഹ നിർമ്മാണ ഉദ്യമത്തിലെ (തർബിയത്ത്) ഏതു ഘട്ടത്തിലായിരുന്നു വ്രതം എഴുതിച്ചേർക്കുന്നതെന്നു (കുതിബ ) തിട്ടപ്പെടുത്താൻ കഴിയണം. ദീനിന്റെ ഓരോ സ്തംഭങ്ങൾ, അതിനെ പരസ്പരം ബന്ധിപ്പിക്കുന്ന ബീമുകൾ, ചുമരുകൾ, മേൽക്കൂരകൾ, അലങ്കാരങ്ങൾ ഏതേതു ഘട്ടങ്ങളിലായിരുന്നു നിർമ്മാണം പൂർത്തിയാക്കിയതെന്ന അവബോധം മുഫസ്സിറിനില്ലെങ്കിൽ ഖുർആന്റെ തന്സീൽ (അവസരോചിത അവതരണം ) എന്ന സുപ്രധാന സ്വഭാവം പഠിതാക്കൾക്ക് പകരാൻ സാധിക്കില്ല.

കേവല ‘നുസൂൽ’ അല്ല ഖുർആൻ. പുസ്തകമായി മാറുന്ന ഖുർആനിലും ഖുർആൻ വ്യാഖ്യാനങ്ങളിലും ‘തൻസീൽ’ ഭാവം പൊതുവെ നഷ്ടപ്പെടുന്നു. അത് വായനക്കാരിൽ, വിശിഷ്യാ പരിഭാഷകൾ മാത്രമുള്ള ഖുർആൻ പുസ്തകങ്ങൾ വായിക്കുന്നവരിൽ അവ്യക്തതകൾ മാത്രം അവശേഷിപ്പിക്കുന്നു. അവതരിക്കുന്ന കാലദേശ സാഹചര്യത്തിലേക്ക് അനുവാചകനെ കൊണ്ടുവന്ന ശേഷം വേണം, ആ അവതരണത്തിലെ കാമ്പ് പുറത്തെടുക്കാൻ. തന്സീലും തർബിയത്തും പര്യായമായി കാണണം, ഖുർആൻ പഠനത്തിലും സമൂഹനിർമ്മാണത്തിലും.

തൻസീൽ അവബോധം ആർജ്ജിക്കുന്നതിൽ പ്രധാനമാണ് നസ്ഖ് (ഭേദഗതി, പരിഷ്കരണം) സംബന്ധമായ അറിവ്. പ്രായോഗിക പരിശീലനം, ക്രമപ്രവൃദ്ധമായ സംസ്കരണം തുടങ്ങിയ അടിസ്ഥാന നയങ്ങളുടെ ഭാഗമാണ് നിയമ ഭേദഗതിയും നിയമ പരിഷ്കരണവും. ഖുർആനിൽ പലേടത്തും ഈ നടപടിയുടെ ചരിത്രം കണ്ടെത്താൻ കഴിയും. മദ്യപാനം, വ്യഭിചാരം, പലിശ തുടങ്ങിയ സാമൂഹിക തിന്മകൾ ഉച്ചാടനം ചെയ്യുവാൻ മാത്രമായിരുന്നില്ല നിരന്തര നിയമ പരിഷ്കരണം അനുവർത്തിച്ചത്, നിസ്കാരം, സകാത്ത്, വ്രതം, ഹജ്ജ് എന്നീ സുപ്രധാന ‘ഇസ്‌ലാമിക പ്രകടനങ്ങളിലും ഇങ്ങനെ ഭേദഗതിയും പരിഷ്കരണവും ഉണ്ടായിട്ടുണ്ട്. വ്രത സംബന്ധമായ നിയമ ഭേദഗതിയുടെയും പരിഷ്കരണത്തിന്റെയും ചരിത്രം ആയാത്തുസ്സ്വിയാമിൽ കണ്ടെത്താൻ സാധിക്കും.

നബിയുടെ പ്രബോധന കാലത്ത് മൂന്നു ഘട്ടങ്ങളിലായാണ് സ്വിയാം സംബന്ധമായ നിയമങ്ങൾ വിശ്വാസികളെ പഠിപ്പിക്കുന്നത്. വേദക്കാരെ അനുകരിച്ചുകൊണ്ട് ആദ്യകാല മുസ്ലിം സമാജവും മക്കയിൽ മുഹറം പത്തിലെ നോമ്പ് അനുഷ്ഠിച്ചിരുന്നു. മദീനയിലേക്ക് പലായനം ചെയ്ത ആദ്യ ഘട്ടത്തിൽ എണ്ണപ്പെട്ട ഏതാനും ദിവസങ്ങൾ(അയ്യാമൻ മഅദൂദാത്ത്) മാത്രമായിരുന്നു സ്വിയാം കല്പിക്കപ്പെട്ടത്. അൽബഖറ 183 , 184 സൂക്തങ്ങളിലെ പ്രതിപാദ്യം അതാണ്. മുഹറം പത്ത്, പ്രതിമാസ മൂന്ന് നോമ്പുകൾ എന്നിവയായിരുന്നു അവയെന്ന് നബിചരിത വാർത്തകളിൽ നിന്നും മനസ്സിലാക്കാം. ഏതായാലും തുടർച്ചയായ ഒരു നിശ്ചിത മാസത്തെ നോമ്പായിരുന്നില്ല അത്. രോഗം നിമിത്തമോ യാത്രയിലായിരിക്കുന്ന കാരണമോ ശാരീരിക പ്രയാസമുള്ളവർക്ക് പകരം സംവിധാനങ്ങളും അക്കൂട്ടത്തിൽ പഠിപ്പിക്കപ്പെട്ടു. മദീനയിൽ എത്തിയ ശേഷം പതിനേഴു മാസക്കാലം ഇതായിരുന്നു സ്വിയാമിന്റെ സ്ഥിതി. പിന്നീട് ശഹ്‌റു റമദാനിലെ മുഴുവൻ ദിവസങ്ങളിൽ സ്വിയാം കല്പിക്കുന്ന സൂക്തം അവതരിച്ചു. നേരത്തെയുള്ള എണ്ണപ്പെട്ട ദിവസങ്ങളിലെ നോമ്പുകൾ ഒഴിവാക്കുകയല്ല ചെയ്തത്, നിർബന്ധമായും അനുഷ്ഠിക്കേണ്ട നോമ്പുകൾ റമദാനിലേക്ക് മാറ്റുകയായിരുന്നു. മദീനയിലെത്തിയ ശേഷം രണ്ടാം വർഷത്തിലെ റമദാനോടനുബന്ധിച്ചായിരുന്നു ഈ നിയമ ഭേദഗതി/ പരിഷ്കരണം. ‘ഫമൻ ശഹിദ മിൻകുമുശ്ശഹ്റ ഫൽ യസുംഹു’ = പ്രസ്തുത മാസത്തിനു സാക്ഷിയായവർ ആ മാസം വ്രതമനുഷ്ഠിക്കട്ടെ’ എന്നായിരുന്നു കല്പന. വിശുദ്ധ ഖുർആൻ അവതരിച്ച മാസമെന്ന പരിഗണനയിലാണ് നിർബന്ധ വ്രതാനുഷ്ഠാനം റമദാൻ മാസത്തിലേക്ക് മാറ്റുന്നത്. മുകളിലെ സൂക്തങ്ങൾ പരിശോധിച്ചാൽ വിവിധ ഘട്ടങ്ങളായുള്ള വ്രതകല്പനയുടെ ചരിത്രം വ്യക്തമാകും. ആദ്യഘട്ടത്തിൽ വ്രതത്തിന്റെ സമയവും ഘടകങ്ങളും അടിസ്ഥാന സ്വഭാവവും വ്യക്തമായി പഠിപ്പിക്കപ്പെട്ടിരുന്നില്ല. ഒരു പാരമ്പര്യത്തിന്റെ , ചരിത്രത്തിന്റെ തുടർച്ചയായ വ്രതം മാത്രമായിരുന്നു. റമദാൻ വ്രതം കല്പിക്കുന്നതിനെ തുടർന്നാണ്, സമയ പരിധികളും രാത്രിയിലെ അനുവാദങ്ങളും പകലിലെ വിലക്കുകളും വ്യക്തമാക്കുന്നത്. നിർബന്ധ വ്രതം റമദാൻ മാസത്തിലേക്ക് നീക്കി കുറച്ചു നാളുകൾക്ക് ശേഷമാണ്, നോമ്പിന്റെ രാപ്പകലുകളിലെ വിധിവിലക്കുകൾ പൂർണ്ണമാകുന്നുന്നത്. തുടക്കത്തിൽ റമദാൻ രാവുകളിൽ മൈഥുനം വിലക്കപ്പെട്ടിരുന്നു. എന്നാൽ ആ വിലക്ക് വചനമായി ഖുർആനിൽ കാണില്ല. എന്നാൽ, അത്തരമൊരു വിലക്ക് മുസ്ലിം സമാജത്തിലുണ്ടാക്കിയ ഉൽക്കണ്ഠയെക്കുറിച്ചും പ്രായോഗിക പ്രയാസത്തെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ടും, ആ വിലക്ക് എടുത്തുനീക്കിയും ആയാത്തുസ്സ്വിയാമിലെ അവസാന സൂക്തം അവതരിക്കുകയായിരുന്നു. ഖുർആനിൽ എഴുതപ്പെട്ടതല്ലാത്ത ദിവ്യബോധനം നബിക്ക് ലഭിക്കാറുണ്ടായിരുന്നുവെന്നും അതെല്ലാം സുന്നത്തിന്റെ പരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കുന്ന സൂക്തങ്ങളിൽ ഒന്നാണിത്. ‘ഇനിമുതൽ നിങ്ങൾക്ക് ഇണകളെ സംസർഗ്ഗം ചെയ്യാം’ എന്ന പരാമർശം, സുപ്രധാനമായ ഒട്ടേറെ ആശയങ്ങൾ ഉൾക്കൊള്ളുന്നു.

പൂർവ്വ സമുദായത്തെ അപ്പാടെ അനുകരിച്ചുകൊണ്ട് വ്യക്തിത്വം നഷ്ടപ്പെടുത്തരുതെന്നും, അന്ത്യപ്രവാചകന്റെ ജനസമുദായത്തിനു അവരുടെതായ സവിശേഷത വേണമെന്നും അല്ലാഹു ഇച്ഛിച്ചു. സ്വലാത്തും സകാത്തും ഹജ്ജും പരിഷ്കരിച്ചപോലെ സ്വിയാമും മുഹമ്മദ് നബിയുടെ സമുദായത്തിന് വേണ്ടി പരിഷ്കരിക്കുകയായിരുന്നു. നിയമ പരിഷ്കരണ പാഠങ്ങൾ സാമൂഹ്യ പരിഷ്കരണ ദൗത്യം ഏറ്റെടുക്കുന്നവരുടെ വഴികാട്ടിയാണ്.

അന്വേഷണാത്മകത

വിശുദ്ധ ഖുർആനിലെ ഒട്ടേറെ പരാമർശങ്ങൾ ആശയ വ്യക്തതയില്ലാത്തവയാണ്. ഒരധ്യാപകന്റെ വിവരണം ലഭിമ്പോൾ അവ്യക്തത നീങ്ങും. ഖുർആന്റെ പ്രഥമ നിയുക്ത അധ്യാപകൻ ഓതിത്തരുമ്പോൾ, സമാജത്തിന്‌ യാതൊരു അവ്യക്തതയും ഉണ്ടാകില്ല. എന്നാൽ, നിയുക്ത അധ്യാപകന്റെ വിവരണം ഒരുവേള പിൽക്കാല സമൂഹത്തിന് ലഭിച്ചുകൊള്ളണമെന്നില്ല. ഒരുപക്ഷേ, പ്രഥമ സംബോധിതർക്ക് കാര്യം മനസിലായതിനാൽ, നമുക്കിന്ന് അവ്യക്തമെന്നു തോന്നുന്ന പരാമർശങ്ങൾക്ക് അന്നവർ വിശദീകരണം തേടുകയോ, അധ്യാപകൻ അതേക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടുണ്ടാകില്ല. അതിനാൽ, പിൻഗാമികൾ പരാമർശത്തിന്റെ താല്പര്യത്തെ കുറിച്ച് കൃത്യമായ ധാരണ വരുത്താൻ, പ്രവാചക കാലത്തേക്ക് അന്വേഷണം തിരിച്ചുവിടുന്നു. നിയുക്ത അധ്യാപകന്റെ വിദ്യാർത്ഥികളെ ചുറ്റിപ്പറ്റി അന്വേഷണം നടത്തുന്നു. ഇതേക്കുറിച്ച് അവരെന്തു മനസ്സിലാക്കിയെന്നു കണ്ടെത്താൻ ശ്രമിക്കുന്നു. അങ്ങോട്ടെത്താൻ വഴിയില്ലെങ്കിൽ രണ്ടാം തലമുറയിലേക്ക് ഇറങ്ങിവരുന്നു. ഒരുവേള, പലരും പലവിധത്തിലായിരിക്കും പ്രസ്തുത പരാമർശത്തെ മനസ്സിലാക്കിയിരിക്കുക. അങ്ങനെ വരുമ്പോൾ, ഖുർആനിക വികാരത്തോടും പരാമർശത്തിലെ അക്ഷരങ്ങളോടും മറ്റു സ്ഥാപിത നിയമങ്ങളോടും ഏറ്റവും യോജിക്കുന്ന വീക്ഷണമേതാണെന്ന് അവർ പരിശോധിക്കുന്നു; ഈ മഹായത്നത്തിൽ കഠിനാധ്വാനം ചെയ്ത ഉന്നത വിജ്‌ഞന്മാർ തങ്ങൾക്ക് ബോധ്യമായ ഒരു നിരീക്ഷണം (മദ്ഹബ് ) സ്വീകരിക്കുകയും അതിന്റെ വക്താവായി (ഇമാം ) നിലകൊള്ളുകയും ചെയ്യുന്നു.

അവ്യക്തമായ പരാമർശങ്ങളുടെ നിജസ്ഥിതി കണ്ടെത്താനുള്ള വൈജ്ഞാനികമായ കഠിനാദ്ധ്വാനം (ഇജ്തിഹാദ്) അത്യാവശ്യമാകുന്ന ഒട്ടേറെ സ്ഥലങ്ങൾ ഖുർആനിലുണ്ട്. ആയാത്തുസ്സ്വിയാം തന്നെയെടുക്കാം. രോഗിയാണെങ്കിൽ മറ്റൊരു ദിവസം വ്രതമെടുത്താൽ മതിയെന്നാണ് ഇളവ് (റുഖ്സ്വ ). എന്തുതരം രോഗമുള്ളമുള്ളയാളെയാണ് മരീള് എന്ന് പറയുക? എത്രത്തോളം സുഖമില്ലാതാകുമ്പോഴാണ് രോഗിയാവുക? അസുഖം ഇല്ലാത്തവർ ആരാണുള്ളത്? ഏതുകാലത്ത് ഈ അസുഖം നീങ്ങും?! മെഡിക്കൽ ഭാഷയിൽ ഡിസീസ് ഇല്ലാത്തയാൾ  ഉണ്ടോയെന്ന് സംശയമാണ്. നിശ്ചയിക്കപ്പെട്ട പകലുകളിൽ കല്പിക്കപ്പെട്ടിട്ടുള്ള വ്രതമുപേക്ഷിക്കാൻ അനുവാദവും മറ്റൊരു പകലിൽ പരിഹരിക്കാൻ കല്പനയുമുള്ള രോഗി ആരാണെന്ന പ്രശ്നം പരിഹരിക്കാൻ സുന്നത്തിൽ മതിയായ വിവരണം ലഭ്യമല്ല. മറ്റൊരു ദിവസം പരിഹരിക്കണം എന്ന കല്പന, കല്പിക്കപ്പെട്ട വ്രതം അത്ര നിസ്സാര ബാധ്യതയല്ല എന്ന് ബോധ്യപ്പെടുത്തുന്നു. അതിനാൽ നോമ്പുപേക്ഷിക്കാൻ നിസ്സാര രോഗം ഒരു ന്യായമല്ല . നോമ്പെടുത്താൽ ശാരീരികമായ പ്രയാസം(ഉസ്ർ) ഉണ്ടാകുന്ന തരത്തിലുള്ള രോഗമുള്ള വ്യക്തിയാണ് ഇവിടെ രോഗി. വിശ്വസ്തനായ ഒരു ഭിഷഗ്വരൻ പറയണം, ‘നോമ്പെടുക്കരുത്’ എന്ന്. ഇതാണ് ചിലരുടെ നിരീക്ഷണം.

‘അലാ സഫർ’= യാത്രയിലായിരിക്കുന്ന വ്യക്തിക്കും ഇപ്രകാരം മറ്റൊരു ദിവസം വ്രതമെടുത്താൽ മതി. എത്രദൂരത്തേക്കുള്ള യാത്രയാണ്? എന്തെല്ലാം (അ)/സൗകര്യങ്ങളുള്ള യാത്രയാണ്? വീട്ടിൽനിന്നും മാർക്കെറ്റിലേക്ക് ഇറങ്ങുന്നത് ‘യാത്ര’ യാണോ? ‘യാത്രയിലായിരിക്കുമ്പോൾ’ എന്ന പരാമർശം, റമദാനിൽ ആരംഭിക്കുന്ന യാത്രക്കാരന് ഈ ഇളവില്ലെന്നാണോ ഉദ്ദേശിക്കുന്നത്? ഇവിടെയും യാത്രകാരണം നോമ്പെടുത്താൽ ശാരീരിക പ്രയാസം ഉണ്ടാക്കുന്ന വിധത്തിലുള്ള ദൂരത്തേക്കോ അസൗകര്യങ്ങളോട് കൂടിയോ ഉള്ള യാത്രയാകണമെന്ന നിലപാടാണ് ഏറെക്കുറെ ജ്ഞാനികൾക്കും. കാരണം, ഉസ്ർ ഉണ്ടാകാതിരിക്കുന്ന യുസ്ർ (എളുപ്പം ) ആണല്ലോ അല്ലാഹു ഓരോ കല്പനയിലും കരുതുന്നത്.

സ്വാഭാവികമായും, ഇത്തരം മസ്അലകളിൽ ഭിന്ന നിലപാട് രൂപപ്പെട്ടു. മുഫസ്സിർ ഈ യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ വ്യാഖ്യാനിക്കാൻ നിന്നാൽ അതൊരുതരം അടിച്ചേൽപ്പിക്കൽ ആയി മാറും. മദ്ഹബിന്റെ ഇമാമുമാർ പോലും ചെയ്യാത്ത ധിക്കാരം.

Leave a Reply