വിശുദ്ധ ഖുർആനിലെ 4 /24 , 33 /50 എന്നീ സൂക്തങ്ങളിലെ അനുവാദങ്ങളെ ഭീകരമായി അവതരിപ്പിക്കുന്ന വിമർശനങ്ങൾ, പ്രസ്തുത സൂക്തങ്ങൾ ശരിയായി മനസ്സിലാക്കാത്തതിന്റെ ഫലമാണ്.
ഇസ്‌ലാം വിശ്വാസികൾക്ക് ലൈംഗിക ആവശ്യങ്ങൾക്ക് രണ്ടു തരം ഇണകളെ അനുവദിച്ചിരിക്കുന്നു. ഒന്ന്: വിവാഹത്തിലൂടെ. രണ്ട്: അടിമ സമ്പ്രദായത്തിലൂടെ.
അടിമ സമ്പ്രദായം ഇസ്‌ലാം ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. ഇസ്‌ലാമായിട്ട് അടിമത്ത സമ്പ്രദായം ആരംഭിച്ചിട്ടില്ല. സാമൂഹികവും സാമ്പത്തികവുമായ മേഖലകളെ ആഴത്തിൽ സ്വാധീനിച്ചുകൊണ്ട് അടിമത്ത സമ്പ്രദായം നിലനിൽക്കുന്ന കാലത്ത്, അതിനെ ഏറ്റവും മാനുഷികമായ നിയമ – സംസ്കരണ നടപടികളിലൂടെ ക്രമത്തിൽ ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് ഇസ്‌ലാം കൈകൊണ്ടത്.
ഒരാളെ പിടിച്ച് അടിമയാക്കാൻ ഇസ്‌ലാമിൽ നിയമ സാധുതയില്ല. നേരത്തെ അടിമയായിരുന്നവർ അങ്ങനെ തുടരാം. അല്ലെങ്കിൽ ശത്രുപക്ഷവുമായുള്ള ഔദ്യാഗിക യുദ്ധത്തിൽ, പിടിക്കപ്പെട്ട സ്ത്രീപുരുഷന്മാരെ അടിമകളാക്കാം; നിബന്ധനകളോടെ.
യുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികർക്ക് ശത്രു പക്ഷത്തെ സ്ത്രീകളെ ഇഷ്ടാനുസാരം ബലാൽസംഗം ചെയ്യുവാൻ അനുവദിച്ചിരുന്ന അന്നത്തെ ലോകക്രമത്തിൽ, ആദ്യമായി ഇസ്ലാം പരിഷ്കരണം കൊണ്ടുവന്നു. യുദ്ധത്തിന്റെ ഭാഗമായി സ്ത്രീകളെയും കുട്ടികളെയും പിടികൂടാം. പക്‌ഷേ, അവരെ യാതൊരു നിലയ്ക്കും ദ്രോഹിക്കാൻ പാടില്ല. അവരെ ഭരണകൂടത്തെ(അമീറിനെ) ഏൽപ്പിക്കണം. അമീർ സാഹചര്യത്തിനനുയോജ്യമായ നടപടി എടുക്കും. സൈന്യാധിപനുപോലും അവരെ സ്വേഷ്ടം ഉപയോഗിക്കാനോ പങ്കുവെക്കാനോ മറ്റോ പാടില്ല.
അമീറിന് മൂന്നു കാര്യങ്ങൾ ചെയ്യാം.
1. നിരുപാധികം വിട്ടയക്കാം. ഇസ്‌ലാമിക ചരിത്രത്തിൽ ഇത്തരം സുന്ദരമായ അനുഭവങ്ങൾ എത്രയോ ഉണ്ട്. മൃഗീയമായ ക്രൂരതകളിലൂടെ ബൈത്തുൽ മുഖദ്ദസ് പിടിച്ചടക്കുകയും അവിടെ തൊണ്ണൂറോളം വർഷം മസ്ജിദുൽ അഖ്സ്വാ പൂട്ടിയിടുകയും ചെയ്ത ക്രിസ്ത്യൻ ഭീകരവാദികളെ തോല്പിച്ച് സുൽത്വാൻ സ്വലാഹുദ്ധീൻ അയ്യൂബി നാട് പിടിച്ചെടുത്തപ്പോൾ, യുദ്ധത്തടവുകാരായ മുഴുവൻ സ്ത്രീ പുരുഷന്മാരെയും നിരുപാധികം വിടുകയായിരുന്നു. തുർക്കിയിൽ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയപ്പോൾ സുൽത്വാൻ മുഹമ്മദ് അൽ ഫാത്തിഹ് അന്നാട്ടിലെ ക്രിസ്ത്യാനികളോടും ചെയ്തത് ഇതുതന്നെയായിരുന്നു.
2. പിഴ വാങ്ങി വിട്ടുകൊടുക്കുന്നതാണ് മറ്റൊരു രീതി. പിഴ ഒടുക്കി ബന്ധപ്പെട്ടവരെ മോചിപ്പിക്കാൻ ഉത്സാഹിക്കേണ്ടത് അവരുടെ ആളുകളാണ്. അവർക്കതിൽ താൽപര്യമില്ലെങ്കിൽ അതിനർത്ഥം, പിടിക്കപ്പെട്ടവരെ അവർ കയ്യൊഴിഞ്ഞിരിക്കുന്നു എന്നാണ്.
3. ഉചിതമെന്നു തോന്നുന്ന പക്ഷം, അവരെ അടിമകളായി പ്രഖ്യാപിക്കുകയാണ് മൂന്നാമത്തെ ഓപ്‌ഷൻ. അടിമകളാക്കുന്നുവെങ്കിൽ, യുദ്ധത്തിൽ പങ്കെടുത്ത പോരാളികൾക്കിടയിൽ അവരെ ഓഹരിവെക്കുന്നു; യുദ്ധാർജ്ജിത മുതൽ പോലെ.
ഇങ്ങനെ തന്റെ ഓഹരിയായി ലഭിച്ച സ്ത്രീയെ പട്ടാളക്കാരന് 3 കാര്യം ചെയ്യാം.
1. ഇണയാക്കാം. അവൾ ഭർതൃമതി ആണെങ്കിൽ, (ഭർത്താവ് ഉപേക്ഷിച്ചതിനാൽ, ആ വിവാഹബന്ധം നിഷ്ക്രിയമായിത്തീർന്നു.) രണ്ട് ആർത്തവ കാലം കാത്തിരിക്കണം; അഥവാ ഗർഭിണി ആണെങ്കിൽ പ്രസവിക്കണം. അതിനു ശേഷമേ ലൈംഗിക ബന്ധം പാടുള്ളൂ. ലൈംഗിക ബന്ധം ആഗ്രഹിക്കുന്നുവെങ്കിൽ, ആ സ്ത്രീ അയാളുടെ ഭാര്യയെപ്പോലെയായി. വ്യത്യാസം രക്ഷിതാവ് കെട്ടിച്ചുതന്നതല്ല ; അമീർ വിട്ടുതന്നതാണ് എന്നുമാത്രം. സാങ്കേതികമായി ഭാര്യ എന്ന് പറയില്ലെങ്കിലും, ഭാര്യയുടെ എല്ലാ അവകാശങ്ങൾക്കും അർഹയായി. തന്റെ ലൈംഗിക ഇണയായി എടുത്താൽ പിന്നെ, തത്സമയം മറ്റാർക്കും അവളുമായി ബന്ധം അനുവദിക്കില്ല.
2. മറ്റൊരാൾക്ക് വിൽക്കാം. പക്‌ഷേ, വാങ്ങുന്നയാൾ ലൈംഗിക ഇണയാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ഇദ്ദ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കണം.
മുതലാളിയുടെ കുഞ്ഞിനെ പ്രസവിക്കുന്നതോടെ ഈ ഇണ സ്വതന്ത്രയായി. യഥാർത്ഥ ഭാര്യ തന്നെയായി. അനന്തരാവകാശത്തിലും മറ്റും.
3. അമീർ വിട്ടുതന്ന യുദ്ധാര്ജ്ജിത അടിമസ്ത്രീയെ പട്ടാളക്കാരന് , ലൈംഗിക ആവശ്യങ്ങൾക്കല്ലാതെ മറ്റു സേവനങ്ങൾക്ക് ഉപയോഗിക്കാം. അവളെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കാം. പിന്നെ മുതലാളിക്ക് ലൈംഗിക അധികാരം ഇല്ല. അത് അവളുടെ ഭർത്താവിന് മാത്രം. മുതലാളിക്ക് മറ്റു സേവനങ്ങൾ ചെയ്യിപ്പിക്കാനുള്ള അധികാരം മാത്രം.
യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് കീഴടങ്ങുന്നവരെ, യുദ്ധാർജ്ജിത മുതലായി എടുക്കാൻ വകുപ്പില്ല എന്നോർക്കണം. തന്റെ സ്നേഹജനങ്ങളെയും ആശ്രിതരെയും നഷ്ട്ടപ്പെടാൻ ഇടയാക്കുന്ന സംഗതിയാണ് യുദ്ധം എന്ന തിരിച്ചറിവ്, അക്രമങ്ങളിൽ നിന്നും മനുഷ്യരെ പിന്തിരിപ്പിക്കാൻ സഹായിക്കാറുണ്ട്. അടിമത്ത സമ്പ്രദായം ഒരാഗോള നടപ്പായിരുന്നതിനാൽ, ഇസ്‌ലാമിന് അത് അപ്പാടെ നിരോധിക്കാനും കഴിയില്ലായിരുന്നു. അതിനെ മാനുഷിക വൽക്കരിക്കുകയും നിരുത്സാഹപ്പെടുത്തുകയും അടിമ മോചനം വലിയ പുണ്യമായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഇസ്ലാം ഈ അമാനവിക സമ്പ്രദായത്തെ നേരിട്ടത്.
വസ്തുത ഇതായിരിക്കേ, യുദ്ധപ്പറമ്പിൽ ബലാൽസംഗം ചെയ്യാൻ ഖുർആൻ അനുവദിച്ചു എന്നെല്ലാം വികാരം കൊള്ളുന്നവർ, ശരിയായ രീതിയിൽ ഖുർആനും ഹദീസും ഇസ്‌ലാമിക ചരിത്രവും കർമ്മ ശാസ്ത്രവും പഠിക്കാൻ തയാറാകണം.
അടിമത്തം : കൂടുതൽ വായനയ്ക്ക്
1. ജാതി അടിമകളും കേരളത്തിലെ ഇസ്‌ലാമിക അധ്യാപനവും
2. അടിമസ്ത്രീകളുടെ വസ്ത്രം
3. ഒരടിമ സ്ത്രീയുടെ സൗഭാഗ്യങ്ങൾ- നബിയുടെ പത്നി മാരിയയെക്കുറിച്ച്
4. അടിമയെ രാജാവാക്കുന്ന ഇസ്‌ലാം
5. അടിമയായ ഖുർആൻ വ്യാഖ്യാതാവ്
Leave a Reply