തിബ്‌യാൻ /23
09/04/2021
‘വ്രതമനുഷ്ഠിക്കുന്ന സ്ത്രീപുരുഷന്മാർക്ക്’ (സ്വാഇമൂൻ, സ്വാഇമാത്ത്) മഹത്തായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു, അഹ്സാബ് 35 ൽ. ‘സ്വാമ’ എന്ന അറബി പദത്തിന്റെ രണ്ടുതരം നാമരൂപങ്ങൾ ഖുർആനിൽ വന്നിട്ടുണ്ട്. സൗമ്, സ്വിയാം. പിടിച്ചു വെക്കുക, തടഞ്ഞു വെക്കുക എന്ന അർത്ഥമാണ് ‘സ്വാമ’യ്ക്കുള്ളത്. അസാധാരണ മാർഗ്ഗത്തിൽ ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത മർയമിനെ ചാരിത്ര്യശുദ്ധിയിൽ സംശയിച്ചുകൊണ്ട് ആളുകൾ അതുമിതും പറഞ്ഞു ശല്യപ്പെടുത്താൻ സാധ്യതയുണ്ടെന്നതിനാൽ , അവരോടു പ്രതികരിക്കേണ്ട രീതി മർയമിനെ അല്ലാഹു പഠിപ്പിച്ചു. “മറിയമേ ആംഗ്യം കാണിക്കുക: റഹ്‌മാനായ അല്ലാഹുവിനു വേണ്ടി ഞാൻ സൗമ് നേർച്ച നേർന്നിരിക്കുന്നു. അതിനാൽ, ഇന്ന് ഞാൻ ഒരാളോടും സംസാരിക്കുന്നതല്ല’. ഇവിടെ സൗമ് അർത്ഥമാക്കുന്നത് മൗനവ്രതം ആണെന്ന് തുടർന്നുള്ള വിവരണത്തിൽ വ്യക്തമാക്കുന്നു. ഇവിടെ മാത്രമാണ് സൗമ് ഖുർആനിൽ ഉപയോഗിച്ചിട്ടുള്ളത്. വാക്കുകൾ പിടിച്ചുവെക്കുക/ തടഞ്ഞുവെക്കുക എന്ന ആശയത്തിലാകുന്നു ഇവിടെ സ്വാമ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, ഖുർആനിൽ ഒമ്പത് സ്ഥലങ്ങളിൽ സ്വിയാം ആണുപയോഗിച്ചിരിക്കുന്നത്. അത് കേവല ഭാഷാർത്ഥത്തിലോ ഭാഷാലങ്കാരത്തിലോ അല്ലെന്നു കാണാം. ആരാധനയുടെ സ്വഭാവം പ്രതിഫലിപ്പിക്കുന്ന സാങ്കേതിക അർത്ഥകല്പന അവിടങ്ങളിൽ അനിവാര്യമാണ്.
ആയാത്തുസ്സ്വിയാം
സ്വിയാമിന്റെ അടിസ്ഥാന നിയമങ്ങൾ ചർച്ച ചെയ്യുന്ന വെറും നാല് സൂക്തങ്ങളേ ഖുർആനിലുള്ളൂ. അൽബഖറ 183 മുതൽ 187 വരെയുള്ള സൂക്തങ്ങൾ. ഇവയെ ആയാത്തു സ്വിയാം എന്ന് വിളിക്കാം. നൂറ്റി അമ്പത്തി ആറാം സൂക്തം, നേർക്കുനേർ സ്വിയാമിനെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിലും, സ്വിയാമും ദൈവസാമീപ്യവും പ്രാർത്ഥനയും ഉത്തരസാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. ഇസ്ലാമിന്റെ ചരിത്ര പാരമ്പര്യം, ധാർമ്മിക ശിക്ഷണ രീതി, മാനുഷിക പരിഗണന, ഖുർആനിലെ പ്രതിപാദന ശൈലി, സുന്നത്തിന്റെ അനിവാര്യത, മദ്ഹബുകളുടെ ആവിർഭാവ പശ്ചാത്തലം തുടങ്ങിയ വിവിധ ആശയങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന സൂക്തങ്ങളാണിവ.
يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ } * { أَيَّاماً مَّعْدُودَاتٍ فَمَن كَانَ مِنكُم مَّرِيضاً أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ وَعَلَى ٱلَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَن تَطَوَّعَ خَيْراً فَهُوَ خَيْرٌ لَّهُ وَأَن تَصُومُواْ خَيْرٌ لَّكُمْ إِن كُنْتُمْ تَعْلَمُونَ } * { شَهْرُ رَمَضَانَ ٱلَّذِيۤ أُنْزِلَ فِيهِ ٱلْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضاً أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلاَ يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُواْ ٱلْعِدَّةَ وَلِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ } * { وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ } * { أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ هُنَّ لِبَاسٌ لَّكُمْ وَأَنْتُمْ لِبَاسٌ لَّهُنَّ عَلِمَ ٱللَّهُ أَنَّكُمْ كُنتُمْ تَخْتانُونَ أَنْفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنْكُمْ فَٱلآنَ بَٰشِرُوهُنَّ وَٱبْتَغُواْ مَا كَتَبَ ٱللَّهُ لَكُمْ وَكُلُواْ وَٱشْرَبُواْ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلأَبْيَضُ مِنَ ٱلْخَيْطِ ٱلأَسْوَدِ مِنَ ٱلْفَجْرِ ثُمَّ أَتِمُّواْ ٱلصِّيَامَ إِلَى ٱلَّليْلِ وَلاَ تُبَٰشِرُوهُنَّ وَأَنْتُمْ عَٰكِفُونَ فِي ٱلْمَسَٰجِدِ تِلْكَ حُدُودُ ٱللَّهِ فَلاَ تَقْرَبُوهَا كَذٰلِكَ يُبَيِّنُ ٱللَّهُ ءَايَٰتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ
ആയാത്തുസ്സ്വിയാമിന്റെ സാരം
‘വിശ്വാസികളേ, നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങൾക്കുമേൽ ‌ എഴുതപ്പെട്ട പോലെ, നിങ്ങൾക്കുമേലും സ്വിയാം എഴുതപ്പെട്ടിരിക്കുന്നു , നിങ്ങൾ ഭക്തരാകാൻ വേണ്ടി. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. ആ ദിവസങ്ങളിൽ നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ, അല്ലെങ്കിൽ യാത്രയിലാണെങ്കിൽ നഷ്പ്പെട്ട നോമ്പുകൾ മറ്റു ദിവസങ്ങളിൽ വീണ്ടെടുക്കുക. (പ്രായാധിക്യം, ഗർഭം തുടങ്ങിയവ നിമിത്തം) നോമ്പ് ശാരീരികപ്രയാസമായി അനുഭവപ്പെടുന്നതിനാൽ വ്രതമുപേക്ഷിക്കുന്നവർ പ്രായശ്ചിത്തമായി ഒരു സാധുവിനു ഭക്ഷണം നൽകേണ്ടതാണ്. കൂടുതൽ നന്മ ചെയ്യാൻ സ്വയം സന്നദ്ധനാകുന്നുവെങ്കിൽ അതവന് ഗുണം തന്നെ. നോമ്പനുഷ്ഠിക്കലാകുന്നു നിങ്ങൾക്ക് ഗുണം, നിങ്ങൾ സംഗതി തിരിച്ചറിയുന്നവരാണെങ്കിൽ. ജനങ്ങൾക്ക് സന്മാർഗ്ഗദർശകമായും പ്രസ്തുത സന്മാർഗ്ഗത്തിലേക്കുള്ള വ്യക്തമായ അടയാളങ്ങളായും സത്യാസത്യങ്ങളെ വകതിരിക്കുന്ന വിവേചകമായും ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. പ്രസ്തുത മാസത്തിനു സാക്ഷിയായവർ ആ മാസം വ്രതമനുഷ്ഠിക്കട്ടെ. റമദാൻ ദിവസങ്ങളിൽ നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ, അല്ലെങ്കിൽ യാത്രയിലാണെങ്കിൽ നഷ്പ്പെട്ട നോമ്പുകൾ മറ്റു ദിവസങ്ങളിൽ വീണ്ടെടുക്കുക. നിങ്ങൾക്ക് എളുപ്പം ഉണ്ടാക്കുന്ന സംഗതികൾ കല്പിക്കുവാനത്രേ അല്ലാഹു ഇച്ഛിക്കുന്നത്; അവൻ നിങ്ങൾക്ക് പ്രയാസം ഉണ്ടാക്കുവാനല്ല ഉദ്ദേശിക്കുന്നത്. നിശ്ചയിക്കപ്പെട്ട വ്രതനാളുകൾ പൂർത്തീകരിക്കുവാനും നിങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിച്ചതിന് പ്രതിനന്ദിയായി നിങ്ങളവനെ തക്ബീർ ചൊല്ലി വാഴ്ത്താനും അവൻ ആഗ്രഹിക്കുന്നു. നിങ്ങൾ നന്ദിയുള്ളവരായി തീരാൻ വേണ്ടി. എന്റെ ദാസന്മാർ എന്നെക്കുറിച്ചു ചോദിച്ചാൽ ‘നിശ്ചയം ഞാൻ സമീപസ്ഥനാകുന്നു’ എന്നവരോട് പറയുക. പ്രാർത്ഥിക്കുന്ന ഏതൊരാളും എന്നോട് പ്രാർത്ഥിക്കുമ്പോഴെല്ലാം ആ പ്രാർത്ഥനയ്ക്ക് ഞാൻ ഉത്തരം നൽകുന്നു. അതിനാൽ എന്നിൽ നിന്നും അവർ ഉത്തരം തേടിക്കൊള്ളുക/എന്നിലേക്കുള്ള ക്ഷണത്തിനു ഉത്തരം നൽകുക; എന്നെക്കൊണ്ടുള്ള വിശ്വാസത്തിൽ ഉറച്ചു നിൽക്കുക; നിങ്ങൾ വിവേകപാതയിൽ ചരിക്കുന്നവരാകുവാൻ വേണ്ടി. സ്വിയാം രാവുകളിൽ ഇനിമുതൽ നിങ്ങളുടെ സ്ത്രീകളെ സംഗം ചെയ്യാൻ നിങ്ങൾക്ക് അനുവാദം നൽകപ്പെട്ടിരിക്കുന്നു. അവർ നിങ്ങൾക്കുള്ള വസ്ത്രമാകുന്നു; നിങ്ങൾ അവരുടെ വസ്ത്രവുമാകുന്നു. നിങ്ങൾ ഇക്കാര്യത്തിൽ ആത്മ വഞ്ചനയിലായിരുന്നുവെന്ന കാര്യം അല്ലാഹു അറിഞ്ഞിരിക്കുന്നു; അതിനാൽ, അവൻ നിങ്ങൾക്ക് പൊറുത്തുതരികയും മാപ്പ് നൽകുകയും ചെയ്യുന്നു. എന്നാൽ, ഇനിമുതൽ നിങ്ങൾക്ക് ഇണകളുടെ ശാരീരിക സമ്പർക്കത്തിൽ ഏർപ്പെടാവുന്നതും അല്ലാഹു നിങ്ങൾക്ക് വിധിച്ചിട്ടുള്ളത് തേടാവുന്നതുമാണ്. അപ്രകാരം, രാത്രിയുടെ ഇരുണ്ട നൂലിൽ നിന്നും ഫജ്‌റിന്റെ വെളുത്ത നൂൽ വ്യക്തമാകുന്ന സമയം വരെയും നിങ്ങൾക്ക് തിന്നുകയും കുടിക്കുകയും ചെയ്യാവുന്നതാണ്. തുടർന്ന്, രാത്രിയാകുന്നതുവരെ നിങ്ങൾ സ്വിയാം പൂർത്തിയാക്കുക. മസ്‌ജിദുകളിലും പാർക്കുന്ന സമയത്ത് നിങ്ങൾ ഇണകളുടെ ശാരീരിക സമ്പർക്കത്തിലേർപ്പെടരുത്. ഇവയെല്ലാം അല്ലാഹുവിന്റെ അതിർവരമ്പുകളാകുന്നു. അതിലേക്ക് നിങ്ങൾ അടുക്കരുത്. ഇപ്രകാരമത്രെ, ജനങ്ങൾക്ക് അല്ലാഹു തന്റെ സൂക്തികൾ വിവരിച്ചുനൽകുന്നത്; അവർ ഭക്തരാകാൻ വേണ്ടി”.
സ്വിയാമിന്റെ ചരിത്രം
സ്വിയാമിന്റെ ചരിത്രവും പഴക്കവും സൂചിപ്പിച്ചുകൊണ്ടാണ്, ആ ധർമ്മ പാതയിലേക്ക് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്. ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളെല്ലാം പഴയതാണ്; മുഹമ്മദ് നബിയോടെ ആരംഭിച്ചതല്ല. നിസ്കാരവും സകാത്തും സ്വിയാമും ഹജ്ജും താത്വികമായി പൂർവ്വ സമുദായങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ചരിത്രത്തിന്റെ തുടർച്ചയിൽ കണ്ണിചേരാനുള്ള ഈ ആഹ്വാനം വിശ്വാസികളിൽ കൂടുതൽ പ്രേരണയുണ്ടാക്കുന്നു. എല്ലാ മതങ്ങളിലും വ്രതം ഒരാരാധനയായി നിലനിൽക്കുന്നുണ്ട്.
നബിയുടെ പ്രബോധന കാലത്ത് മൂന്നു ഘട്ടങ്ങളിലായാണ് സ്വിയാം സംബന്ധമായ നിയമങ്ങൾ വിശ്വാസികളെ പഠിപ്പിക്കുന്നത്. വേദക്കാരെ അനുകരിച്ചുകൊണ്ട് ആദ്യകാല മുസ്ലിം സമാജവും മക്കയിൽ മുഹറം പത്തിലെ നോമ്പ് അനുഷ്ഠിച്ചിരുന്നു. മദീനയിലേക്ക് പലായനം ചെയ്ത ആദ്യ ഘട്ടത്തിൽ എണ്ണപ്പെട്ട ഏതാനും ദിവസങ്ങൾ(അയ്യാമൻ മഅദൂദാത്ത്) മാത്രമായിരുന്നു സ്വിയാം കല്പിക്കപ്പെട്ടത്. അൽബഖറ 183 , 184 സൂക്തങ്ങളിലെ പ്രതിപാദ്യം അതാണ്. മുഹറം പത്ത്, എല്ലാ മാസങ്ങളിലും മൂന്ന് നോമ്പുകൾ എന്നിവയായിരുന്നു അവയെന്ന് നബിചരിത വാർത്തകളിൽ നിന്നും മനസ്സിലാക്കാം. ഏതായാലും തുടർച്ചയായ ഒരു നിശ്ചിത മാസത്തെ നോമ്പായിരുന്നില്ല അത്. രോഗം നിമിത്തമോ യാത്ര യിലായിരിക്കുന്ന കാരണമോ ശാരീരിക പ്രയാസമുള്ളവർക്ക് പകരം സംവിധാനങ്ങളും അക്കൂട്ടത്തിൽ പഠിപ്പിക്കപ്പെട്ടു. മദീനയിൽ എത്തിയ ശേഷം പതിനേഴു മാസക്കാലം ഇതായിരുന്നു സ്വിയാമിന്റെ സ്ഥിതി. പിന്നീട് ശഹ്‌റു റമദാനിലെ മുഴുവൻ ദിവസങ്ങളിൽ സ്വിയാം കല്പിക്കുന്ന സൂക്തം അവതരിച്ചു. നേരത്തെയുള്ള എണ്ണപ്പെട്ട ദിവസങ്ങളിലെ നോമ്പുകൾ ഒഴിവാക്കുകയല്ല ചെയ്തത്, നിർബന്ധമായും അനുഷ്ഠിക്കേണ്ട നോമ്പുകൾ റമദാനിലേക്ക് മാറ്റുകയായിരുന്നു. മദീനയിലെത്തിയ ശേഷം രണ്ടാം വർഷത്തിലെ റമദാനോടനുബന്ധിച്ചായിരുന്നു ഈ നിയമ ഭേദഗതി/ പരിഷ്കരണം. ‘ഫമൻ ശഹിദ മിൻകുമുശ്ശഹ്റ ഫൽ യസുംഹു’ = പ്രസ്തുത മാസത്തിനു സാക്ഷിയായവർ ആ മാസം വ്രതമനുഷ്ഠിക്കട്ടെ’. വിശുദ്ധ ഖുർആൻ അവതരിച്ച മാസമെന്ന പരിഗണനയിലാണ് നിർബന്ധ വ്രതാനുഷ്ഠാനം റമദാൻ മാസത്തിലേക്ക് മാറ്റുന്നത്. മുകളിലെ സൂക്തങ്ങൾ പരിശോധിച്ചാൽ വിവിധ ഘട്ടങ്ങളായുള്ള വ്രതകല്പനയുടെ ചരിത്രം വ്യക്തമാകും. ആദ്യഘട്ടത്തിൽ വ്രതത്തിന്റെ സമയവും ഘടകങ്ങളും അടിസ്ഥാന സ്വഭാവവും വ്യക്തമായി പഠിപ്പിക്കപ്പെട്ടിരുന്നില്ല. ഒരു പാരമ്പര്യത്തിന്റെ , ചരിത്രത്തിന്റെ തുടർച്ചയായ വ്രതം മാത്രമായിരുന്നു. റമദാൻ വ്രതം കല്പിക്കുന്നതിനെ തുടർന്നാണ്, സമയ പരിധികളും രാത്രിയിലെ അനുവാദങ്ങളും പകലിലെ വിലക്കുകളും വ്യക്തമാക്കുന്നത്. പൂർവ്വ സമുദായത്തെ അപ്പാടെ അനുകരിച്ചുകൊണ്ട് വ്യക്തിത്വം നഷ്ടപ്പെടുത്തരുതെന്നും, അന്ത്യപ്രവാചകന്റെ ജനസമുദായത്തിനു അവരുടെതായ സവിശേഷത വേണമെന്നും അല്ലാഹു ഇച്ഛിച്ചു. സ്വലാത്തും സകാത്തും ഹജ്ജും പരിഷ്കരിച്ചപോലെ സ്വിയാമും മുഹമ്മദ് നബിയുടെ സമുദായത്തിന് വേണ്ടി പരിഷ്കരിക്കുകയായിരുന്നു. നിർബന്ധ വ്രതം റമദാൻ മാസത്തിലേക്ക് നീക്കിയ ശേഷം, കുറച്ചു നാളുകൾക്ക് ശേഷമാണ്, നോമ്പിന്റെ രാപ്പകലുകളിലെ വിധിവിലക്കുകൾ പൂർണ്ണമാകുന്നുന്നത്.
സ്വിയാം ശാരീരികം
രോഗം, യാത്ര തുടങ്ങിയ അവസരങ്ങളിൽ ഇളവും പ്രതിക്രിയാരൂപവും വിവരിച്ചതിൽ നിന്നും ശാരീരിക ആരാധനയാണ് സ്വിയാം എന്ന് വ്യക്തമാകുന്നു. ശാരീരിക ശേഷി ഒരു നിബന്ധനയാണ് . സാമ്പത്തികമോ മറ്റോ ആയ പ്രയാസങ്ങൾ സ്വിയാമിന് തടസ്സമല്ല. രാത്രി ഇണചേരാം, ഭുജിക്കാം എന്ന അനുവാദം, പിന്നെ പകൽ മുഴുവൻ സ്വിയാം തുടങ്ങിയ സ്വഭാവങ്ങൾ വ്രതം ഒരു ശാരീരിക നിയന്ത്രണം ആണെന്ന് വ്യക്തമാക്കുന്നു. സ്വാഭാവികമായും മാനസിക പിന്തുണയോടെ മാത്രമേ ഈ ഇച്ഛാ നിയന്ത്രണം സാധ്യമാകൂ.
ലക്‌ഷ്യം
ഭക്തി ഉത്പാദിപ്പിക്കുകയാണ് സ്വിയാമിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയല്ലോ. പകലിലെ ഭോഗ ഭോജന ത്യാഗം എങ്ങനെയാണ് ഭക്തി ഉണ്ടാക്കുന്നതെന്ന് ചിന്തിക്കാം. പൊതുവെ ഇസ്‌ലാമിലെ വിലക്കുകളെല്ലാം വിശാലമായ സ്വിയാമാണ്. നല്ലത് പറയുക, അല്ലെങ്കിൽ മൗനം ഭജിക്കുക എന്ന നിർദ്ദേശത്തിൽ വ്രതമുണ്ട്. തിന്നാം, കുടിക്കാം, അമിതമാകരുത് എന്ന കല്പനയിലും വ്രതമുണ്ട്. കച്ചവടം അനുവദിക്കുന്നു, പലിശ നിരോധിക്കുന്നു എന്ന അരുളപ്പാടിലും കാണാം വ്രതം. ഇണയെ ഇഷ്ടമുള്ള വഴിക്ക് പ്രാപിക്കാം, വ്യഭിചാരത്തിലേക്ക് അടുക്കരുത് എന്ന കല്പനയിലും നാം വ്രതത്തെ കാണുന്നു. വിലക്കിയതെല്ലാം ഉപേക്ഷിക്കുന്നതാണ് വ്രതം. അവിടെ സംയമനം പാലിക്കലാണ് വ്രതം. എന്നാൽ, പൊതുവെ വിലക്കാത്ത കാര്യം കൂടി വിലക്കി, ആത്മനിയന്ത്രണ ശേഷി വർദ്ധിപ്പിക്കുന്നതാണ് സ്വിയാം. അവിഹിത വേഴ്ച എല്ലാ ദിവസവും എല്ലാ സമയത്തും നിഷിദ്ധമാണ് . അഥവാ അക്കാര്യത്തിൽ നാം ഇപ്പോഴും വ്രതത്തിൽ ആയിരിക്കണം. ഇണയെ പകലിലോ രാത്രിയിലോ നമുക്ക് പ്രാപിക്കാം. എന്നാൽ സ്വിയാം പകലിലെ വിഹിത വേഴ്ച കൂടി തടയുന്നു. നിഷിദ്ധ ഭക്ഷണങ്ങൾ 365 *24 നാം വ്രത നിഷ്ഠയോടെ വര്ജിക്കുന്നു. എന്നാൽ , സ്വിയാം പകൽ സമയത്തെ ഹലാൽ ഭക്ഷണം പോലും വിലക്കുന്നു. മുന്നിൽ നിൽക്കുന്ന സ്വന്തം ഇണയെ ഏതാനും ദിവസം പകലിൽ തൊടരുത്, ഉടമസ്ഥതയിലുള്ള സ്വന്തം ഭക്ഷണം ഏതാനും ദിവസം പകലിൽ ഭുജിക്കരുത് എന്ന പരിശീലന മുറയിലൂടെ മറ്റു പൊതു നിഷിദ്ധങ്ങളിൽ വ്രതനിഷ്ഠരായി ജീവിക്കാൻ നാം കരുത്താർജ്ജിക്കുന്നു. സ്വന്തം ബിരിയാണി മൂക്കിൽ അടിച്ചു കയറുമ്പോൾ വായിൽ വെള്ളമൂറാതെ ‘പിടിച്ചു നിൽക്കുവാനുള്ള’ കരുത്താണ്, ആരാന്റെ ചെമ്പിലെ ബിരിയാണി മണക്കുമ്പോൾ സംയമനം പാലിക്കാനുള്ള കരുത്ത് തരുന്നത്. ആത്മനിയന്ത്രണമാണല്ലോ ഭക്തിയുടെ അടിസ്ഥാനം. കുണ്ടും കുഴിയും ചളിയും പൊടിയുമുള്ള വഴിയിലൂടെയുള്ള സൂക്ഷ്മ നടത്തം പോലെയൊരു ജീവിത യാത്ര.
മനുഷ്യന്റെ വിവേകവും വികാരവും പരസ്പര ബന്ധിതമാണ്. വിവേകം കൊണ്ട് വികാരത്തെ നിയന്ത്രിക്കാൻ കഴിയുന്ന പോലെ, സമ്മർദ്ധപൂർവ്വം വികാരങ്ങളെ അടക്കിനിർത്തി പരിശീലിക്കുമ്പോൾ വിവേകവും ശക്തിപ്പെടും. മനസ്സ് പ്രവർത്തനങ്ങളെയും പ്രവർത്തനം മനസ്സിനെയും സ്വാധീനിക്കുന്നു. ദർശനവും തൊഴിലും/ തിയറിയും പ്രാക്റ്റീസും തമ്മിലുള്ള പ്രതിപ്രവർത്തനം തന്നെയാണ് ഈമാനും അമലുസ്സ്വാലിഹാത്തും തമ്മിൽ; നിയ്യത്തും അമലും തമ്മിൽ. അമ്മയ്ക്ക് കാലുകൾ നാല്. കഴുത്തും പുറത്തേക്ക് നീണ്ടിരിക്കുന്നു. അപകടം വരുമ്പോൾ, കാലുകളും കഴുത്തും ഉള്ളിലേക്ക് വലിച്ച് പഞ്ച കവാടങ്ങളും അടയ്ക്കുന്നു. ആമ രക്ഷപ്പെടുന്നു. ഇസ്‌ലാമിലെ പൊതുവായ വിലക്കുകളെല്ലാം ഇപ്രകാരം പഞ്ചേന്ദ്രിയങ്ങളെ സംയമനം പഠിപ്പിക്കുകയാണ്. സംയമന ശേഷിയ്ക്ക് ഇന്ധനം നൽകലാണ് സ്വിയാം. സ്വിയാമിലൂടെ ഭക്തരായി തീരുന്നത് ഇങ്ങനെയത്രേ. ആടിപ്പാടി മേഞ്ഞുനടക്കാൻ ഭൂമിയും ആകാശവും വിട്ടു തന്നപ്പോഴും, ചില അതിർത്തി വൃക്ഷങ്ങൾ സ്ഥാപിച്ചുകൊണ്ട് അവൻ പറയുന്നു, ‘ഇങ്ങോട്ടടുക്കരുത്’.
Leave a Reply