‘നിങ്ങൾ നിസ്കാരത്തിലേക്ക് വിളിച്ചാൽ‘ (5 / 58 ), ‘വെള്ളിയാഴ്ച നിസ്കാരത്തിലേക്ക് വിളിക്കപ്പെട്ടാൽ‘(62 / 9 ) എന്നീ സൂക്തങ്ങൾ, നബിയുടെ
കാലത്ത് വിശ്വാസികൾക്കിടയിൽ നടപ്പുണ്ടായിരുന്നതും നിസ്കാരത്തിലേക്ക് ആഹ്വാനം ചെയ്യുന്നതുമായ ബാങ്ക് ‘വിളി’ യ്ക്ക് മതപരമായ അംഗീകാരം നൽകുകയും, ചരിത്രപരമായ സ്ഥിരീകരണം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
സ്വാഭാവികമായും ദൈവാനുമതിയില്ലാത്ത ഒരു ചടങ്ങ് മുഹമ്മദ് നബി ആരംഭിക്കില്ല. എന്നാൽ വഹ്‌യ്‌ മുഖേനയുള്ള ആ അനുവാദം കിതാബിൽ നമുക്ക് കണ്ടെത്താൻ കഴിയില്ല. എന്നാൽ, സുന്നത്ത് അടിസ്ഥാനമാക്കി നടപ്പിൽ വന്ന ബാങ്കിന് സ്ഥിരീകരണം നൽകുവാൻ കിതാബ് രംഗത്തുവന്നു. നിസ്കാരത്തിലേക്ക് ആഹ്വാനം ചെയ്യുന്ന ആ വിളി എങ്ങനെയായിരുന്നു എന്ന് ഒരന്വേഷി ചോദിക്കുമല്ലോ. അതിനുള്ള ഉത്തരം തേടി നാം സുന്നത്തിലേക്കും നബി ചരിത്രത്തിലേക്കും കടന്നുചെല്ലുന്നു.
‘നിങ്ങൾ നിസ്കാരത്തിലേക്ക് വിളിച്ചാൽ’ എന്ന് തുടങ്ങുന്ന സൂക്തം, ബാങ്കുവിളിയോടുള്ള കപടന്മാരുടെയും ഇസ്‌ലാം വിരോധികളുടെയും സമീപനമാണ് തുറന്നു കാണിക്കുന്നത് ; കപടന്മാരും വിരോധികളും ബാങ്കിനെ പരിഹസിക്കുന്ന ചരിത്രം ഇന്നലെ തുടങ്ങിയതല്ല എന്ന ചരിത്രമാണ് പറഞ്ഞുതരുന്നത്.
സാധാരണ നിസ്കാരത്തിലേക്ക് വിളിച്ചാൽ, ജീവിത വ്യവഹാരങ്ങളിൽ ഏർപ്പെടേണ്ടി വരുമെന്നതിനാൽ ഉടനെത്തന്നെ നിർബന്ധമായും എത്തുവാനുള്ള നിര്ബന്ധ കല്പന ഇല്ലെന്നും, എന്നാൽ, വെള്ളിയാഴ്ചയിലെ പ്രത്യേക നിസ്കാരത്തിലേക്ക് വിളി ഉയർന്നാൽ, പിന്നെയും ജീവിത വ്യവഹാരങ്ങളിൽ ഏർപ്പെടരുതെന്നും 62 / 9 വ്യക്തമാക്കുന്നു. ഖുർആൻ അവതരിക്കുന്ന കാലത്തെ, ഇതുമായി ബന്ധപ്പെട്ട മുസ്ലിം സംസ്കാരം എന്തായിരുന്നുവെന്നും സൂചിപ്പിക്കുന്നു.
നിസ്കാരത്തിന്റെ സമയമായി എന്ന അറിയിപ്പ് ഉച്ചത്തിൽ തന്നെയായിരുന്നു വെന്നും, ആയിരിക്കണമെന്നും, കേവല സ്വകാര്യമായ അറിയിപ്പ് അല്ലെന്നും പ്രസ്തുത വചനങ്ങൾ വ്യക്തമാക്കുന്നു. മസ്ജിദിനു ചുറ്റും ജീവിത വ്യവഹാരങ്ങളിൽ മുഴുകുന്നവരെ ഉണർത്താൻ പര്യാപ്തമാകണം. മുസ്ലിംകളുമായി ഇടകലർന്നു ജീവിക്കുന്ന വിരോധികൾക്ക് പരിഹസിക്കാൻ കഴിയണമെങ്കിൽ അവർ കേൾക്കുന്ന ഉച്ചത്തിൽ ആയിരിക്കണമല്ലോ.
അതായത്, ബാങ്കുവിളി നിസ്കാരത്തിന്റെ പൂർവ്വാനുബന്ധമായി നിലനിർത്തുക എന്നതാണ് ഇസ്‌ലാമിക ആരാധനാ സംസ്കൃതി, അതാണ് മേൽ സൂക്തങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുക.
മഗ്‌രിബ് , സുബ്ഹ് ബാങ്കുകൾ
രാത്രിയുടെ ആഗമനമറിയിക്കുന്ന മഗ്‌രിബും ഫജ്ർ ആയെന്ന വിളംബരം നൽകുന്ന സുബ്ഹ് ബാങ്കും. ഈ സമയങ്ങളിൽ നിർവ്വഹിക്കാൻ നിസ്കാരം ഉണ്ടെന്നതിനു പുറമെ, വ്രതാരംഭവും വ്രതമവസാനിപ്പിക്കലും ഈ സമയങ്ങളിലാണ് എന്ന പ്രത്യേകതയുണ്ട്. ഫജ്ർ ആയാൽ ഫജ്ർ /സുബ്ഹ് നിസ്കാരത്തിനു സമയമായി. ഫജ്ർ ആകുന്നതോടെ വ്രതവും ആരംഭിച്ചു. ഗുറൂബ്‌/അസ്തമയം ആകുന്നതോടെ മഗ്‌രിബ് നിസ്കാരത്തിനു സമയമായി, അതുപോലെ വ്രതം അവസാനിപ്പിക്കാനും. അതായത്, വ്രത കാലങ്ങളിൽ തീറ്റയും കുടിയും സംഗവും അനുവദിച്ച സമയമാണ് അസ്തമയം മുതൽ ഫജ്ർ വരെ. അസ്‌തമയമായാലുടൻ നോമ്പ് അവസാനിപ്പിക്കുന്നു. ഫജ്ർ ആകുന്നതിനു മുമ്പ് അന്നപാനസംഗം അവസാനിപ്പിക്കുന്നു. അഥവാ, അസ്തമയമാകുന്നതിനു മുമ്പ് വ്രതം അവസാനിപ്പിക്കുവാനോ, ഫജ്ർ ആയിട്ടും അന്നപാനസംഗം നടത്താനോ അനുവാദമില്ല.
ബാങ്ക് മറ്റാവശ്യങ്ങൾക്കും
നിസ്കാര സമയം അറിയിക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തിനപ്പുറം ബാങ്ക് മറ്റു ചില ഉണർത്തുകൾക്കും പ്രവാചകൻ ഉപയോഗിച്ചിരുന്നതായി ‘നബിചരിതവാർത്ത’കളിൽ കാണുന്നു. പാതിരാ നിസ്കാരത്തിൽ മുഴുകുന്നവർക്കും, ഉറക്കച്ചവിടിൽ ഉള്ളവർക്കും വ്രതകാല അത്താഴത്തിനൊരുങ്ങാൻ സമയമായെന്ന് അറിയിച്ചുകൊണ്ട് അല്ലെങ്കിൽ സുബ്ഹിക്ക് മുമ്പ് എഴുന്നേറ്റു നിസ്കരിക്കാൻ ഉദ്ദേശിക്കുന്നവരെ ഉണർത്താൻ വേണ്ടി ബിലാൽ റ ഫജറിന് മുമ്പേ ബാങ്ക് വിളിക്കുമായിരുന്നു. ഈ ബാങ്ക് അത്താഴ സമയം അവസാനിച്ചു എന്ന അറിയിപ്പായിരുന്നില്ല. അങ്ങനെ ചിലർ തെറ്റിദ്ധരിച്ചത് നബി തിരുത്തിയിട്ടുണ്ട്. ഫജ്ർ ആയാൽ ഉമ്മു മക്തൂം ബാങ്ക് വിളിക്കും. അതുവരെയും അത്താഴ സമയം തന്നെയാണ്.
لا يمنعن أحدكم أو أحد منكم أذان بلال من سحوره فإنه يؤذن أو ينادي بليل ليرجع قائمكم ولينبه نائمكم.
മുസ്ലിം സമാജം ജനസംഖ്യാപരമായി വികസിച്ചപ്പോൾ, മൂന്നാം ഖലീഫ ഉസ്മാൻ റ ന്റെ നിർദ്ദേശപ്രകാരം ജുമുഅക്ക് ഒരു പൈലറ്റ് ബാങ്ക് നടപ്പിലാക്കുകയുണ്ടായി. ജുമുഅയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി മസ്ജിദിൽ എത്താനുള്ള ‘സമയം അവസാനിക്കുന്നു’ എന്ന അറിയിപ്പ് ഉദ്ദേശിച്ചുകൊണ്ട്, ശരിയായ ബാങ്കിന് അല്പം മുമ്പായി മറ്റൊരു ബാങ്ക് അന്ന് ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നുകയും, വിശ്വാസികൾ അതംഗീകരിക്കുകയും ചെയ്തു. അതൊരു താൽക്കാലിക നടപടി മാത്രമായിരുന്നു. അതിന്റെ ആവശ്യമില്ലെന്ന അവസ്ഥ വരുമ്പോൾ, സുന്നത്തു റാഷിദിയ്യ എന്ന ഗണത്തിൽ പെടുന്ന ഈ പൈലറ്റ് ബാങ്ക് ഒഴിവാക്കി, ശരിയായ സുന്നത്ത് നബവി യിലെ ബാങ്ക് മാത്രമാക്കാൻ കർമ്മ ശാസ്ത്ര പണ്ഡിതർ നിർദ്ദേശിക്കുന്നുണ്ട്. അതായത്, താൽക്കാലിക നടപടിയായി കൊണ്ടുവരുന്നവ ‘ഇബാദത്ത്’ പരിവേഷം കല്പിക്കപ്പെടേണ്ടത് അല്ലെന്നർത്ഥം.
സൂക്ഷ്മതയുടെ രംഗപ്രവേശം
അത്താഴം ഫജ്‌റോളം വൈകി ചെയ്യുവാനാണ് നിർദ്ദേശം. എന്നാൽ, ഫജ്ർ ആയോ എന്ന ശങ്ക വരുന്നത്രയും വൈകിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നു. ഇത്തരമൊരു ശങ്ക ഉണ്ടാവുക സമയമറിയാനുള്ള മാർഗ്ഗം ഇല്ലാത്ത ഘട്ടത്തിലാണ്. കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കി സ്വന്തമായി ഫജ്ർ കണ്ടുപിടിക്കുന്ന ഘട്ടത്തിൽ ഇത് സംഭവിക്കാം. എന്നാൽ, ശാസ്ത്രീയമായ സമയ ഗണന സാധ്യമായ ഇക്കാലത്ത് അങ്ങനെ ശങ്കിക്കേണ്ടതില്ല. നിർദ്ധിഷ്ട സമയം ആയോ ഇല്ലേ എന്നുറപ്പിക്കാവുന്നതാണ്. എന്നാൽ, ബാങ്കിന്റെ സമയം വരെയും അത്താഴം അനുവദനീയമാണ് എന്ന കാര്യം വിസ്മരിക്കരുത്. തന്റെ അത്താഴം ഫജ്ർ ആയശേഷമാണോ എന്ന അനാവശ്യ ശങ്ക, ദീൻ നിർദേശിക്കുന്ന സൂക്ഷ്മതയിൽ പെടില്ല.
ഇപ്രകാരം തന്നെ, അസ്തമയം ഉറപ്പായാൽ, നോമ്പ് ഉടനെ മുറിക്കുവാനാണ് നിർദ്ദേശം. പടിഞ്ഞാറൻ ചക്രവാളത്തിലെ പ്രകാശത്തിന്റെ സ്ഥിതി നോക്കി, ഓരോരുത്തരും അസ്തമയം കണ്ടെത്തുന്ന അവസ്ഥയിലാണ് ഈ ഉറപ്പാക്കൽ വരുന്നത്. നേരത്തെ തന്നെ, അസ്തമയ സമയം മനസ്സിലാക്കാൻ കഴിയുന്ന ഇന്നത്തെ സാഹചര്യത്തിൽ സമയം ആയോ എന്ന് മാത്രമേ ഉറപ്പിക്കേണ്ടതുള്ളു.
അത്താഴം ഫജ്ർ കടന്ന ശേഷം ആകാതിരിക്കാൻ, ബാങ്ക് നേരത്തെ കൊടുക്കുന്ന ‘ഹിക്മത്ത്’ യഥാർത്ഥത്തിൽ ഹിക്മത്ത് അല്ല, അസ്തമയം ഉറപ്പായി എന്ന് ഉറപ്പിക്കാൻ മഗ്‌രിബ് ബാങ്ക് വൈകി കൊടുക്കുന്ന ‘ഹീലത്ത്’ ഒരു ഹീലത്തും അല്ല. നിരുത്സാഹപ്പെടുത്തേണ്ട സൂക്ഷ്മതയാണ് അത്; തടയപ്പെടേണ്ടതും കുറ്റകരമായതുമായ ബിദ്‌അത്തുമാണ്. സൂക്ഷ്മതയോടെ പേരുപറഞ്ഞു, ബാങ്കിന്റെ സമയം മാറ്റുന്ന ഇത്തരം ബിദ്‌അത്തുകളുടെ ആവിർഭാവവും ഗതിവിഗതികളും ആറേഴു നൂറ്റാണ്ടുകൾക്കു മുമ്പേ, ഉലമാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി റഹി രേഖപ്പെടുത്തുന്നു :
ഇക്കാലത്ത് ആരംഭിച്ച കുറ്റകരമായ ബിദ്അത്തിൽ പെട്ട ഒരു നടപടിയിതാണ്: സുബ്ഹിന്റെ ബാങ്ക്, റമദാനിൽ, ഏതാണ്ട് ഇരുപത് മിനിറ്റ് മുമ്പ് കൊടുക്കുകയും മിനാരങ്ങളിലും മറ്റും ഘടിപ്പിച്ചിട്ടുള്ള വിളക്കുകൾ അതേസമയത്ത് അണക്കുകയും ചെയ്യുക. അതിനു ശേഷം അന്നപാനം നിഷിദ്ധമാകുന്നു എന്ന അറിയിപ്പായിട്ട്. ഇത് നടപ്പിലാക്കിയ ഏതാനും ചിലർ, സൂക്ഷ്മതയ്ക്ക് വേണ്ടിയാണിത് ചെയ്യുന്നതെന്നാണ് ന്യായീകരിച്ചത്. ആ നടപടി ക്രമേണ, തങ്ങൾ സൂക്ഷ്മതയ്ക്ക് വേണ്ടി കണക്കാക്കിയ ഒരു സമയമാകുന്നതുവരെ മഗ്‌രിബ് ബാങ്ക് വിളിക്കില്ലെന്ന സ്ഥിതിയിലേക്ക് വളർന്നു. നോമ്പുതുറ വൈകിച്ചു. അതുപോലെ, അത്താഴം നേരത്തേയാക്കുകയും നിർദ്ധിഷ്ട സുന്നത്തുകൾക്ക് വിരുദ്ധമായ പതിവ് കൊണ്ടുവരികയും ചെയ്തു . ഇക്കാരണത്താൽ, അവരിൽ നന്മ കുറയുകയും ആപത്ത് വർദ്ധിക്കുകയും ചെയ്തു. അല്ലാഹുവാണഭയം”. (ഫത്ഹുൽ ബാരി )
ഒമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച ഈ ബിദ്അത്ത്, നമ്മുടെ കാലമായപ്പോഴേക്കും കൂടുതൽ അപകടകരമായി ത്തീർന്നിരിക്കുന്നു. സൂക്ഷ്മതയുടെ പേരുപറഞ്ഞ് തുടങ്ങിയ ഈ ‘ചീത്ത ബിദ്അത്ത്’, കേരളത്തിൽ എന്നുമുതലാണ് ജനകീയമായി വളർന്നതെന്നറിയില്ല. യഥാർത്ഥ സമയത്ത് ബാങ്ക് വിളിക്കുന്നവരെ, നോമ്പ് പിടിക്കുകയും തുറക്കുകയും ചെയ്യുന്നവരെ നവീന ആശയക്കാരായി ആക്ഷേപിക്കുകയും ഈർഷ്യത്തോടെ നോക്കുകയും ചെയ്യുന്ന ദുരവസ്ഥയും കടന്നുപോയിരിക്കുന്നു. ബിദ്അത്ത് നടപ്പിലാക്കുന്നവർ സുന്നികളും സുന്നത്ത് നടപ്പിലാക്കുന്നവർ ബിദ്‌അത്തുകാരും ആയ ‘യജമാനത്തിയെ പ്രസവിക്കുന്ന ദാസി’യുടെ കാലമായിരിക്കുന്നു. പ്രശ്നം പിന്നെയും ഗുരുതരമായിത്തീർന്നിരിക്കുന്നു എന്നാണ്, കഴിഞ്ഞ ദിവസം സമസ്തയുടെ കലണ്ടറിസ്‌റ്റ് പ്രചരിപ്പിച്ച സന്ദേശം വ്യക്തമാക്കുന്നത്. ” നവീന ആശയക്കാരുടെ കലണ്ടറുകളിലെ സമയം അവലംബിച്ചാൽ നോമ്പ് നഷ്ടപ്പെടുമെന്നത് തീർച്ചയാണ്. കാരണം, അവരുടെ ബാങ്ക് മഗ്‌രിബിന്‌ സമയത്തിന്റെ കുറെ മുമ്പും സുബ്ഹിക്ക് ധാരാളം വൈകിയുമാണ്” എന്നത്രെ ദാരിമി പ്രചരിപ്പിക്കുന്നത്.
കൃത്യമായ വ്യക്തത വരുത്തേണ്ട ഗുരുതരമായ ആരോപണമാണിത്. നവീന വാദികളുടെ ബാങ്ക് സുബ്ഹിക്ക് വൈകിയും മഗ്‌രിബിന്‌ നേരത്തെയും ആണോ, അതല്ല, ഒമ്പതാം നൂറ്റാണ്ടിൽ തുടങ്ങിയ സൂക്ഷ്മതയുടെ സമയമെന്ന ബിദ്അത്ത് പ്രകാരം, സമസ്തക്കാർ സമയത്തിൽ കാണിച്ച കൈക്രിയയാണോ പ്രശ്നം? സമസ്തക്കാരുടെ ‘സൂക്ഷ്മത’ യാണ് പ്രശ്നമെന്ന് നവീന വാദികളുടെ കേന്ദ്രം പ്രതികരിക്കുന്നു. തങ്ങൾ യഥാർത്ഥ സമയത്ത് തന്നെയാണ് ബാങ്ക് നിശ്ചയിച്ചിട്ടുള്ളത് എന്നവർ വ്യക്തമാക്കുന്നു. ഏതായാലും സൂക്ഷ്മതയുടെ പേരുപറഞ്ഞുള്ള ബാങ്ക് സമയത്തിലെ കയ്യാങ്കളി ഒരു ബിദ്അത്തായി നടപ്പിൽ വന്നിട്ടുള്ളതിനാൽ, അത് പ്രോത്സാഹജനകമല്ലാത്തതിനാൽ, പ്രശ്‌നത്തിന്റെ കാതൽ കണ്ടുപിടിക്കേണ്ടതും അതുസംബന്ധമായ വെളിപ്പെടുത്തൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുമാണ്.
Leave a Reply