ശാഫിഈ, മാലികീ മദ്ഹബ് പ്രകാരം ഒരു നാട്ടിലെ പ്രധാന ഭക്ഷ്യധാന്യം നൽകണമെന്നാണ്. എന്നാൽ, ഹമ്പലി മദ്ഹബ് അനുസരിച്ച്, കാരക്കയോ, ഉണക്ക മുന്തിരിയോ സമാനമായതോ നൽകാവുന്നതാണ്. ഹനഫി മദ്ഹബാണ് ഇക്കാര്യത്തിൽ സുതാര്യം.
ഭക്ഷ്യ വസ്തുതന്നെ നല്കണമെന്നില്ല ; അതിന്റെ വിലനൽകിയാലും മതി. അവകാശികൾക്ക് പെരുന്നാൾ ആവശ്യത്തിന് ഭക്ഷ്യധാന്യമാണ്‌ ലഭിക്കാൻ പ്രയാസമെങ്കിൽ അതാണ് നൽകേണ്ടത്. എന്നാൽ, ധാന്യ ക്ഷാമമുള്ള കാലമല്ല; ലഭിക്കാൻ പല വഴികളുമുണ്ട്; മാംസം, വസ്ത്രം തുടങ്ങിയ അത്യാവശ്യങ്ങളാണ് അവർക്കുള്ളതെങ്കിൽ, അവർക്കാവശ്യമുള്ളത് വാങ്ങാൻ അവസരം നൽകിക്കൊണ്ട്, ഫിത്ർ സകാത്ത് കാശ് ആയി നൽകാമെന്നാണ് ഹനഫീ പക്ഷം. ഇതുതന്നെയാണ്, അവകാശികളെ പരിഗണിക്കുമ്പോൾ ഏറ്റവും ഉചിതമായ കാര്യം.
നമ്മുടെ നാട്ടിൽ സർക്കാരും സാന്ത്വന സംഘങ്ങളും നിർധന കുടുംബങ്ങൾക്ക് അരിയും മറ്റു ഭക്ഷ്യ ധാന്യങ്ങളും നൽകിവരുന്നുണ്ട്. ഒരു പക്ഷേ, പെരുന്നാൾ ദിനത്തിൽ മാംസം വാങ്ങാനോ, പുതുവസ്ത്രം വാങ്ങാനോ കയ്യിൽ കാശായിട്ട് ഒന്നും ഇല്ലാത്തവർ ഉണ്ടാകാം. അതിനാൽ, ഫിത്ർ സകാത്ത് നൽകുന്നവർ, പരിസരത്തെ അവകാശികളുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യം മനസ്സിലാക്കിയ ശേഷം, ഫിത്ർ സകാത്ത് കൊടുക്കുന്നതായിരിക്കും അഭികാമ്യം. അതായിരിക്കും ‘ആവശ്യക്കാരനെ സംതൃപ്തിപ്പെടുത്താനുള്ള’ ഏറ്റവും ഉചിതമായ കർമശാസ്ത്രം.
ഭക്ഷ്യ ധാന്യത്തിന്റെ വില അടിസ്ഥാന മൂല്യമായി കണക്കാക്കാം. ഒരു കുടുംബത്ത് നിന്നും നൽകുന്ന പത്തുകിലോ (ഉദാ) അരിക്ക് പകരം, ഇരുന്നൂറ്റമ്പത് രൂപയ്ക്ക് മാംസം വാങ്ങിക്കൊടുക്കാം. അല്ലെങ്കിൽ കുഞ്ഞുടുപ്പ് നൽകാം. അതല്ലെങ്കിൽ കാശ് തന്നെയും നൽകാം. സംഘടിതമായി നൽകുന്നുവെങ്കിൽ വളരെ ഫലപ്രദം.
ഇപ്പോൾ അനുവർത്തിച്ചു വരുന്ന ഒരു മദ്ഹബ് തന്നെ എക്കാലത്തും എല്ലാ അവസരത്തിലും മുറുക്കി പിടിക്കണം എന്ന വാശി ഇസ്‌ലാം പഠിപ്പിക്കുന്നില്ല; മദ്ഹബിന്റെ നായകന്മാരും.
ശരിയാണ്, ഫിത്ർ സകാത്ത് ഖുർആനിൽ നസ്സായി വന്നിട്ടില്ല. ഹദീസിൽ നബി ഇത് ഫർദാക്കിയ കാര്യം പറയുന്നുണ്ട്; മുസ്ലിം ലോകത്തിന്റെ ആചാരമായി നടന്നുവരുന്നതുമാണ്. രണ്ടുദ്ദേശ്യങ്ങളുണ്ട് ഇതിനുപിന്നിൽ. ഹദീസിൽ അത് വ്യക്തമാക്കി. നോമ്പുകാരന്റെ കുറവുകൾ പരിഹരിക്കൽ. മറ്റൊന്ന്, പാവങ്ങൾക്കുള്ള അന്നം. അവർ പെരുന്നാളിൽ പട്ടിണി കിടക്കരുതല്ലോ. ഇവിടെ طعمة للمساكين എന്ന് നബി സ്വ വ്യക്തമാക്കി പറഞ്ഞിരിക്കുന്നതിനാൽ, ധാന്യം തന്നെ വേണമെന്നില്ലെങ്കിലും ഭക്ഷ്യ വസ്തുവായിരിക്കണം എന്ന് കണിശതയുണ്ടോ?
ഹനഫീ പണ്ഡിതന്മാർ അങ്ങനെ കണിശത കാണുന്നില്ല. അതിലെ സാന്ദർഭിക പൊരുളാണ് അവർ മനസ്സിലാക്കുന്നത്. എന്നാൽ ഭക്ഷണം ആവശ്യമുള്ളപ്പോൾ അതുതന്നെ നൽകണമെന്ന നിഷ്കർഷ അവർക്കുണ്ട്. അപ്പോൾ അക്ഷരത്തെയും ആശയത്തെയും അവർ ബഹുമാനിക്കുന്നു.
വിശുദ്ധ ഖുർആനിലെ പ്രയോഗങ്ങളിലേക്ക് നോക്കിയാൽ, ഈ വീക്ഷണത്തിനുള്ള സാധൂകരണം കണ്ടെത്താൻ സാധിക്കും. ഉദാ. സൂറ ഇൻസാൻ തുടക്കത്തിലേ സൂക്തം. ‘ നിർദ്ധനനും അനാഥനും തടവുപുള്ളിക്കും അവർ ഇഷ്ടത്തോടെ അന്നമൂട്ടുന്നു” എന്ന സൂക്തം. ഇതിലെ ‘അന്നമൂട്ടൽ’ അക്ഷരാർത്ഥത്തിൽ എടുക്കണോ? ആവശ്യമില്ലെന്നാണ് മനസ്സിലാകുന്നത്. അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുത്ത് ഇഹ്‌സാൻ ചെയ്യുക എന്ന അർത്ഥമേ ഇതിനു കല്പിക്കേണ്ടതുള്ളൂ. എന്നാൽ, ഇഹ്സാനിൽ പ്രധാനമാണ് അന്നമൂട്ട്‌. അതിനാൽ, വലിയ കാര്യം പറഞ്ഞുവെന്നേയുള്ളൂ. തങ്ങൾ തടവറയിൽ വെച്ചിരിക്കുന്നവർക്ക് അവർ ആവശ്യാനുസാരം അന്നം നൽകുന്നു. അവർക്ക് വേണ്ട സഞ്ചാര സ്വാതന്ത്ര്യം നൽകുന്നു; ചികിത്സ നൽകുന്നു. ഇതെല്ലാം അതിൽ പെട്ടു. ഇമാം റാസിയുടെ വിവരണം താഴെ.
{ وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبّهِ مِسْكِيناً وَيَتِيماً وَأَسِيراً } هو ما رويناه أنه عليه السلام أطعم المسكين واليتيم والأسير، وأما الذين يقولون الآية عامة في حق جميع الأبرار فإنهم قالوا: إطعام الطعام كناية عن الإحسان إلى المحتاجين والمواساة معهم بأي وجه كان، وإن لم يكن ذلك بالطعام بعينه، ووجه ذلك أن أشرف أنواع الإحسان هو الإحسان بالطعام وذلك لأن قوام الأبدان بالطعام ولا حياة إلا به، وقد يتوهم إمكان الحياة مع فقد ما سواه، فلما كان الإحسان لا جرم عبر به عن جميع وجوه المنافع والذي يقوي ذلك أنه يعبر بالأكل عن جميع وجوه المنافع،
ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഖുർആൻ/ഹദീസ് പ്രയോഗമാണ് أكل . ഭക്ഷിക്കുക എന്ന് ഭാഷാർഥം. പക്ഷേ , ആ പദത്തെ ‘നസ്സിൽ എടുത്ത്’ മസ്അല ഉണ്ടാക്കിയാൽ, പലതും പരിധിയിൽ നിന്നും ഔട്ടാകും.
‘നിങ്ങൾ പലിശ ഭക്ഷിക്കരുത്‘ എന്നതിൽ പലിശകൊണ്ടുള്ള ഏത് ഉപകാരവും ഉൾപ്പെടും; വിഴുങ്ങൽ മാത്രമല്ല. ‘യതീമുകളുടെ ധനം ഭക്ഷിക്കുന്നവർ അഗ്നിയാണ് വയറ്റിലേക്കിറക്കുന്നത്’ എന്ന താക്കീതിൽ, ആ ധനമെടുത്ത് ബിസിനസ് ചെയ്യുന്നത് ഉൾപ്പെടണം. ‘മഹ്‌റിൽ നിന്നും അവൾ ഇഷ്ടത്തോടെ തന്നാൽ, സന്തോഷത്തോടെ അത് കഴിച്ചോളൂ’ എന്ന അനുവാദം, മഹ്റായി ബിരിയാണി കൊടുക്കുമ്പോൾ ആണെന്ന് തെറ്റിദ്ധരിക്കരുത്; മഹ്ർ കൊടുത്ത മോതിരം അവൾ തന്നാൽ ബൈക്ക് വാങ്ങിക്കുന്നതും ഉൾപ്പെടും.
കാരണം, ഇവിടെയെല്ലാം നസ്സ് ‘ഭക്ഷിക്കുക’ എന്നാണെങ്കിലും, അതിന്റെ ഉപയോഗം/ ഉപകാരം ആണ് ലക്‌ഷ്യം. നബി സ്വ ഫിത്ർ സകാത്ത് ‘നിർദ്ധനർക്കുള്ള അന്നം’ ആണെന്ന് പറയുമ്പോൾ കേവല അന്നമായി അതിനെ ചുരുക്കിക്കാണേണ്ടതില്ല. ഹനഫീ നിർദ്ധാരണം ഇവിടെ സല്യൂട്ട് അർഹിക്കുന്നു.
വിലപ്പെട്ട പ്രതികരണങ്ങൾ ക്ഷണിക്കുന്നു.
SWALIH NIZAMI PUTHUPONNANI
9037500621
26/04/2021
Leave a Reply