ഇബ്‌റാഹീം നബി മകൻ ഇസ്മാഈലിനെ ബലി നല്കിയാണോ പ്രവാചക പദവിയിലെത്തിയത്?
ഖിളർ നബി  ദൈവ കല്പനയുണ്ടെന്നു പറഞ്ഞ് ഒരു യുവാവിനെ കൊന്നതെന്തിനാണ്?
മതം വിട്ട മുർതദ്ദിനെ വധിക്കാൻ കല്പിക്കുന്ന പാഠങ്ങൾ മദ്രസയിൽ പഠിപ്പിക്കുന്നതോ?

അനർഹമായ വധം ഇസ്‌ലാം ഏഴു വൻപാപങ്ങളിൽ എണ്ണുന്നു. അന്യായമായി ഒരാത്മാവിനെ വധിക്കുന്നത് മാനുഷ്യകത്തെ മുഴുവൻ വധിക്കുന്നതിനു സമമാണെന്നു പ്രഖ്യാപിക്കുന്നു(5 /32 ). വിവേകമുള്ള മനുഷ്യ സമൂഹത്തിന്റെ പിതാവായ ആദം നബിയുടെ മകൻ ഖാബീൽ ഇളയ സഹോദരൻ ഹാബീലിനെ വധിക്കുന്നതാണ്, ഖുർആനിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ കൊല. “നിന്നെ ഞാൻ കൊല്ലുമെടാ” എന്നാക്രോശിച്ചുവന്ന സഹോദരനോട്, “എങ്കിൽപ്പോലും താങ്കളെ കൊല്ലാൻ ഞാൻ കൈ ഓങ്ങുക പോലുമില്ല” എന്ന് പ്രതികരിച്ച അനുജനാണ് ഖുർആൻ അവതരിപ്പിക്കുന്ന ധർമ്മത്തിന്റെ പ്രതീകം. അസൂയ നിമിത്തം യൂസുഫ് എന്ന ഇളയ സഹോദരനെ ‘വധിച്ച’ (കഥ കഴിക്കുക യെന്ന ലക്ഷ്യത്തിലായിരുന്നു യൂസുഫിനെ കിണറ്റിൽ തള്ളിയത് . കഥ കഴിഞ്ഞു എന്നാണവർ കരുതിയത്) മൂത്ത സഹോദരങ്ങൾ, ഖുർആനിൽ അക്രമത്തിന്റെ പ്രതീകങ്ങളാണ്. അനുഭവിക്കുന്ന ദാരിദ്യം കാരണമോ, ഭാവിയിൽ വലിയ ബാധ്യതയാകില്ലേ എന്ന ഭയം കാരണമോ പെൺകുഞ്ഞുങ്ങളെ- കുറഞ്ഞ തോതിൽ ആൺകുഞ്ഞുങ്ങളെയും- വധിച്ചിരുന്ന അറേബിയയിലെ ചില ഗോത്ര സമൂഹങ്ങളെ ചോദ്യം ചെയ്യുന്ന ഖുർആൻ, അവരുടെ ദാരിദ്ര്യ ഭീതിയെ/ അപമാന ചിന്തയെ അദ്വിതീയമാം വിധം ചികിൽസിച്ചു മാറ്റിയത് ചരിത്രമാണ്.

മനുഷ്യ ബലി ഇസ്ലാം പ്രോത്സാഹിപ്പിച്ചോ?

ഒട്ടുമില്ല.
പ്രവാചക കാരണവരായ ഇബ്‌റാഹീം നബിയുടെ ജീവിത കഥ പറയുമ്പോൾ ഖുർആൻ അനുസ്മരിക്കുന്ന ബലിക്കഥ അറിയാമല്ലോ. സൂറ സ്വാഫ്ഫാത്ത് 100 മുതൽ 107 വരെയുള്ള സൂക്തം അക്കഥ വേഗത്തിൽ പറഞ്ഞുപോകുന്നു.

 وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهْدِينِ } * { رَبِّ هَبْ لِي مِنَ ٱلصَّالِحِينَ } * { فَبَشَّرْنَاهُ بِغُلاَمٍ حَلِيمٍ } * { فَلَمَّا بَلَغَ مَعَهُ ٱلسَّعْيَ قَالَ يٰبُنَيَّ إِنِّيۤ أَرَىٰ فِي ٱلْمَنَامِ أَنِّي أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ قَالَ يٰأَبَتِ ٱفْعَلْ مَا تُؤمَرُ سَتَجِدُنِيۤ إِن شَآءَ ٱللَّهُ مِنَ ٱلصَّابِرِينَ } * { فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ } * { وَنَادَيْنَاهُ أَن يٰإِبْرَاهِيمُ } * { قَدْ صَدَّقْتَ ٱلرُّؤْيَآ إِنَّا كَذَلِكَ نَجْزِي ٱلْمُحْسِنِينَ } * { إِنَّ هَـٰذَا لَهُوَ ٱلْبَلاَءُ ٱلْمُبِينُ } * { وَفَدَيْنَاهُ بِذِبْحٍ عَظِيمٍ }

ഇബ്രാഹീം നാട്ടിൽ നിന്നും ഹിജ്‌റ പോയി. സച്ചരിതനായി വളരുന്ന ഒരു കുഞ്ഞിനെ ഓശാരമായി തരാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. സഹന ശീലനായ ഒരു കുഞ്ഞിനെ നൽകാമെന്ന് അല്ലാഹു സുവിശേഷിക്കുന്നു. അങ്ങനെ ആ കുഞ്ഞ് വലുതായി. ആരോഗ്യമുള്ള യുവാവായി. പിതാവിന്റെ കൂടെ തൊഴിൽ ചെയ്യുന്ന, സ്വന്തമായി ചിന്തിക്കാനും അഭിപ്രായം പറയാനുമുള്ള പക്വത ആർജ്ജിച്ചു. ആയിടെ പിതാവ് മകനോട് അഭിപ്രായം ചോദിച്ചു: ‘പൊന്നുമകനേ, നിന്നെ ഞാൻ ബലി നൽകുന്നതായി ഞാൻ സ്വപ്നത്തിൽ പലതവണയായി കാണുന്നു. എന്താണ് നിന്റെ അഭിപ്രായം?”. മനുഷ്യബലി നടപ്പുണ്ടായിരുന്ന കാലമാണ് . മകൻ വളരെ പക്വമായി മറുപടി നൽകി : ‘സ്നേഹപിതാവേ, ലഭിച്ച നിർദ്ദേശം പോലെ താങ്കൾക്ക് ചെയ്യാം. എന്നിൽ നിന്നും എതിർപ്പൊന്നും ഉണ്ടാകില്ല. പൂർണ്ണ ക്ഷമയുള്ള വ്യക്തിയായി അങ്ങേക്ക് എന്നെ കാണാം. അങ്ങനെ അവർ രണ്ടുപേരും ബലിതീരുമാനത്തിന് സജ്ജമായി. മകനെ പിതാവ് കമഴ്ത്തികിടത്തി. ദൈവ പ്രീതിക്കുവേണ്ടി സ്വതാല്പര്യങ്ങളെന്തും ബലി കഴിക്കാൻ തയ്യാറാണെന്ന് പിതാവും പക്വനായ പുത്രനും തെളിയിച്ചു.

അല്ലാഹുവിന്റെ പരീക്ഷണം അത്രമാത്രമായിരുന്നു. അതിലവർ വിജയിച്ചു. മനുഷ്യ ജീവൻ ബലിയർപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന പടച്ചവനല്ല അല്ലാഹു. അവൻ ഇബ്റാഹീമിനെ വിളിച്ചു. “ഇബ്‌റാഹീം, താങ്കൾ സ്വപ്നത്തിൽ കണ്ടപോലെ ബലി കർമ്മം മനസാ നടത്തിക്കഴിഞ്ഞിരിക്കുന്നു. എന്റെ പരീക്ഷണം താങ്കൾ വിജയിച്ചിരിക്കുന്നു. മനസ്സിൽ നന്മയുള്ള ആർക്കും നാം ഇങ്ങനെയാണ് ഉന്നത സമ്മാനങ്ങൾ നൽകുക. തീർച്ചയായും ഇതൊരു വ്യക്തമായ പരീക്ഷണം ആകുന്നു. (അല്ലാതെ നിന്റെ അരുമ പുത്രന്റെ രക്തം എനിക്കാവശ്യമില്ല). “അവനു പകരമായി മഹത്തായ ഒരു ബലി നാം ഏർപ്പാടാക്കിയിരിക്കുന്നു”.

മനുഷ്യബലി നടക്കുന്ന സാംസ്കാരിക ചുറ്റുപാടിൽ, ‘മനുഷ്യരക്തം അല്ല അല്ലാഹുവിനു വേണ്ടത്; സമർപ്പിത മനസ്സാകുന്നു’ എന്ന സന്ദേശം പഠിപ്പിക്കുകയാണ് ഇബ്‌റാഹീമിന്റെ ബലിക്കഥയിലൂടെ ഖുർആൻ. അതായത്, ഇബ്റാഹീമിനെ അവതരിപ്പിക്കുന്നത് മനുഷ്യബലിയുടെ ആവശ്യമില്ലെന്ന ആശയത്തിന്റെ പ്രതീകമായിട്ടാണ്. ജൂത ക്രൈസ്തവ ഇസ്‌ലാം മതങ്ങളുമായി ബന്ധപ്പെട്ട ഈ സംഭവത്തിൽ നിന്നും ശേഷം വന്ന ഏതെങ്കിലും പ്രവാചകന്മാരോ മതനേതാക്കളോ അനുയായികളോ മനുഷ്യബലി നടത്തുകയോ കല്പിക്കുകയോ ചെയ്തിട്ടില്ല. മുഹമ്മദ് നബി യുടെ നിർദ്ദേശത്തിലും അതില്ല. മുസ്ലിംകൾ ആരും ദൈവത്തിനുവേണ്ടി മനുഷ്യരെ ബലി കൊടുക്കാറുമില്ല.അതുകൊണ്ടുതന്നെ, ‘ഞാൻ ദൈവത്തിനു മകനെ ബലിനൽകി’ എന്നാരെങ്കിലും പറഞ്ഞാൽ, അതിനർത്ഥം ആ വ്യക്തിയുടെ ദൈവം അല്ലാഹുവല്ല, സ്വന്തം യുക്തിയെന്ന പിശാച് മാത്രമാണ്. അല്ലാഹുവിൽ നിന്നല്ല അങ്ങനെയൊരു നിർദ്ദേശം വന്നതെന്ന് നിസ്സംശയം പറയാം; കാരണം മനുഷ്യബലി നടത്താൻ ഒരുങ്ങുന്നവരുടെ കൈപിടിക്കുന്ന അല്ലാഹുവാണ് അല്ലാഹു.

അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം കുഞ്ഞിനെ കൊന്ന കഥ ഖുർആനിൽ ഉണ്ടല്ലോ?

ഇപ്പറഞ്ഞതുപോലെ ഇല്ല.

സൂറ അല്കഹ്ഫിൽ 65 മുതൽ 82 വരെ സൂക്തങ്ങളിൽ പരിചയപ്പെടുത്തുന്ന, സോഷ്യൽ ആക്ടിവിസ്റ്റായ ഒരു ജ്ഞാനിയുടെ കഥയിലാണ് ഉപരിസൂചിത പരാമർശം ഉള്ളത്. ആ ജ്ഞാനി പ്രവാചകൻ ആണെന്നാണ് പ്രബല അഭിപ്രായം. അദ്ദേഹം അക്കാലത്തെ പ്രബോധന ചാർജ്ജുള്ള മൂസാ നബിയ്ക്ക് ചില സൂക്ഷ്മ അറിവുകൾ നൽകുന്നതാണ് പ്രതിപാദ്യ വിഷയം.
സാമൂഹ്യ കാര്യങ്ങളില്‍ ഇടപെടു മ്പോൾ, പ്രത്യക്ഷത്തിൽ കാണുന്ന കാരണങ്ങളും സംഭവങ്ങളും മാത്രമല്ല പരിഗണിക്കേണ്ടത്, പ്രശ്‌നത്തിന്റെ പിന്നാമ്പുറങ്ങൾ കൂടി മനസ്സിലാക്കിവേണം നീങ്ങാൻ എന്ന പ്രാക്ടിക്കൽ വിസ്‌ഡം practical ആയി പകർന്നുകൊടുക്കുകയാണ് ജ്ഞാനി.

 

ഗുരുവും ശിഷ്യനും സഞ്ചരിക്കുന്നു. താൻ ചെയ്യുന്ന പ്രത്യക്ഷത്തിൽ ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾക്ക് അവസാനം വിശദീകരണം തരുന്നതാണ്, അതുവരെ ക്ഷമയോടെ എല്ലാം വീക്ഷിക്കുവാൻ ശിഷ്യനോട് ഗുരു ഉപദേശിച്ചു. പക്ഷേ, ഓരോ ‘അനിഷ്ട’ സംഭവങ്ങൾ നടക്കുമ്പോഴും അതിൽ പ്രതിഷേധിക്കുന്ന സാധാരണ മനുഷ്യനായാണ് മൂസായുടെ റോൾ.
ഇരുവരും ഒരു കപ്പലിൽ സഞ്ചരിക്കുന്നു. ജ്ഞാനി കപ്പലിൽ ദ്വാരമുണ്ടാക്കുന്നു, ആളുകളെ മുക്കിക്കൊല്ലുവാനാണോ ഇപ്പണി ചെയ്യുന്നതെന്ന് മൂസാ പൊട്ടിത്തെറിക്കുന്നു. ക്ഷമ കൈകൊള്ളാനുള്ള ഉപദേശം ജ്ഞാനി ആവർത്തിക്കുന്നു. മറന്നുപോയെന്നു ശിഷ്യൻ ക്ഷമാപണം ചെയ്യുന്നു. വഴിയിൽ ഒരു ചെറുപ്പക്കാരനെ കാണുന്നു. ജ്ഞാനി അയാളെ കീഴ്‌പ്പെടുത്തി കൊന്നുകളയുന്നു. വധത്തിനുള്ള ശിക്ഷ ആയിട്ടല്ലാതെ ഒരു നിരപരാധിയെ കൊന്നതിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് ശിഷ്യൻ പ്രതികരിക്കുന്നു. ജ്ഞാനി ഉപദേശം ആവർത്തിക്കുന്നു; ശിഷ്യൻ ക്ഷമാപണവും. ഒരു ഗ്രാമത്തിലൂടെ യാത്ര തുടർന്നു. ഗ്രാമവാസികൾ വഴിയാത്രക്കാരെ ഒരല്പം വെള്ളം പോലും കൊടുത്തു സഹായിച്ചില്ല. എന്നിട്ടും അവിടെ പൊളിഞ്ഞുവീഴാനായ ഒരു മതിൽ കൂലിവാങ്ങാതെ ജ്ഞാനി നിവർത്തി കൊടുക്കുന്നു. ഇതിലും ശിഷ്യന് മുറുമുറുപ്പുണ്ടായി. അതോടെ ജ്ഞാനിയും ശിഷ്യനും വഴി പിരിയുകയാണ്. അക്ഷമനായശിഷ്യനെ കൂടെ കൊണ്ടുനടക്കാൻ കഴിയില്ലെന്ന് ജ്ഞാനി തീരുമാനിച്ചു .

കഴിഞ്ഞിടത്തോളം ‘അനിഷ്ടസംഭവങ്ങളുടെ’ പിന്നാമ്പുറ സംഗതികൾ ജ്ഞാനി ശിഷ്യന് പറഞ്ഞുകൊടുത്തു.

കടൽ കൊള്ളക്കാരെ കുറിച്ചറിയാത്ത കപ്പൽ യാത്രക്കാരായിരുന്നു. അവർക്കത് പറഞ്ഞാൽ മനസ്സിലാകില്ല. അവർക്ക് മുൻ അനുഭവം ഇല്ലല്ലോ. അതറിയുന്ന ഈ ‘ജ്ഞാനി’യെ നാവികന് പരിചയവുമില്ല. പറഞ്ഞാൽ വിശ്വസിക്കില്ല. നിരപരാധികളും സാധുക്കളുമായ യാത്രക്കാരുടെ ജീവനും മുതലും അപകടത്തിലാണ്. അവരെ എങ്ങനെ രക്ഷപ്പെടുത്തും? പുറപ്പെടാൻ തുടങ്ങിയ കപ്പലിൽ ജ്ഞാനി ദ്വാരമുണ്ടാക്കാൻ തുടങ്ങി. കഥയറിയാത്ത മൂസയും കപ്പിത്താനും യാത്രക്കാരും അതൊരു അക്രമമായി മനസ്സിലാക്കി. ജ്ഞാനിയെയും ശിഷ്യനെയും അവർ പറഞ്ഞുവിട്ടു. ഒരുപക്ഷേ ആ ‘ വൃദ്ധഭ്രാന്തൻ’ പറഞ്ഞത് ശരിയാണെങ്കിലോ എന്ന കരുതൽ ചിന്ത അവരിലുണ്ടായി. അവർ കേടുപാടുകൾ തീർത്ത് ജാഗ്രതയോടെ യാത്ര തുടർന്നു.

 

ജ്ഞാനി കഴുത്തു ഞെരിച്ചു കൊന്ന യുവാവ് നിരപരാധി ആയിരുന്നോ?

അല്ല.

فَٱنْطَلَقَا حَتَّىٰ إِذَا لَقِيَا غُلاَماً فَقَتَلَهُ قَالَ أَقَتَلْتَ نَفْساً زَكِيَّةً بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْئاً نُّكْراً } >>>>>وَأَمَّا ٱلْغُلاَمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَاناً وَكُفْراً } * { فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْراً مِّنْهُ زَكَـاةً وَأَقْرَبَ رُحْماً

അവനൊരു കുഞ്ഞായിരുന്നില്ല. ഗുലാം എന്ന അറബി പദം കുഞ്ഞിന് മാത്രമല്ല ഉപയോഗിക്കുക. ഇസ്ലാമിക ഭാഷയിൽ പ്രായപൂർത്തിയെത്തിയ യുവാവിന് വരെ ഭാഷയിൽ ഗുലാം എന്ന് പറയും. ഒരു തികഞ്ഞ പേഴ്സൺ. മൂസാനബിയുടെ പ്രതികരണം കണ്ടില്ലേ? أَقَتَلْتَ نَفْساً زَكِيَّةً بِغَيْرِ نَفْسٍ

“നിരപരാധിയായ ഒരു ജീവനെ മറ്റൊരു ജീവന് പകരമായിട്ടല്ലാതെയാണോ താങ്കൾ വധിച്ചത്?!”

അതായത്, കൊല്ലപ്പെട്ട ഗുലാം കുഞ്ഞല്ല. സാധാരണ ഗതിയിൽ കുഞ്ഞ് മറ്റൊരാളെ കൊല്ലാൻ സാധ്യതയില്ല. ഉണ്ടെങ്കിൽ പോലും ശരീഅത്തിന്റെ ജുവൈനൽ നിയമമനുസരിച്ച് , പ്രായപൂർത്തിയാകാത്ത കുട്ടി , മറ്റൊരാളെ (കുഞ്ഞിനെയോ വലിയവരെയോ) വധിച്ചാൽ, ഘാതകനായ കുഞ്ഞിന് വധശിക്ഷയില്ല. അപ്പോൾ, മൂസാ നബി ചോദിക്കുന്നത്, ഇയാൾ മറ്റൊരാളെ കൊന്നതിനു പകരമായിട്ടാണെങ്കിൽ അതംഗീകരിക്കാം. പക്ഷെ ഇവൻ ആരെയെങ്കിലും വധിച്ചത് ഞാൻ കാണുന്നില്ല.

ജ്ഞാനിയുടെ വിശദീകരണം വന്നപ്പോൾ സംഗതി ക്ലിയറായി.

ആ ചെറുപ്പക്കാരൻ സത്യവിശ്വാസികളായ മാതാപിതാക്കളുടെ മകനായി ജനിച്ചു വളർന്നവനാണ്. അവൻ ഇപ്പോൾ എമു(Ex Muslim )വും ജബ്രയുമാണ്. കൊലപാതകങ്ങൾ വരെ പതിവാക്കിയ അക്രമിയും അധാർമ്മിക പ്രവർത്തനങ്ങളിൽ നിരതനായവനും സത്യവിശ്വാസം കൈവെടിഞ്ഞ കടുത്ത ഇസ്‌ലാം വിരോധിയുമാണ്. അവൻ നാട്ടിലെ കച്ചറകൾ പോരാഞ്ഞ്, സ്വന്തം മാതാപിതാക്കളെ വധിക്കാനും കാഫിറാക്കാനും ശ്രമിക്കുകയാണ്. അവനതുടൻ ചെയ്യുമെന്ന ഭീതിയെനിക്കുണ്ട്. ഇങ്ങോട്ടു വെടിവെക്കുമെന്ന ഘട്ടത്തിൽ, അതിനു കാത്തുനിൽക്കാതെ , മുൻകൂട്ടി വെടിവെക്കുന്നത് തെറ്റാണെന്നു ഒരു നാട്ടിലെയും നിയമം പറയില്ല. ആയുധ സജ്ജരായി അതിർത്തിയിൽ കാത്തിരിക്കുന്ന, എപ്പോഴും കടന്നാക്രമിക്കാമെന്ന ഭീഷണി നിലനിൽക്കുന്ന സന്ദർഭത്തിൽ, അവരുടെ ആക്രമണം തുടങ്ങട്ടെയെന്നു കരുതുന്നത് പലപ്പോഴും ആത്മഹത്യാപരം ആയിരിക്കുമെന്ന് ആർക്കാണറിയാത്തത്? ഇപ്പോൾ ഇവനെ കശാപ്പ് ചെയ്തില്ലെങ്കിൽ, ഞാൻ ഭയക്കുന്നത് അവൻ ചെയ്യുന്നതായിരിക്കും. അവനെ തടയാനും അറസ്റ്റ് ചെയ്യാനും ഇവിടെ ആരെയും കാണുന്നില്ല. അതിനാൽ, ആ പാവം മാതാപിതാക്കളുടെ ജീവനും വിശ്വാസവും ഞാൻ സംരക്ഷിക്കുകയായിരുന്നു. ഇന്നാട്ടിലെ ശല്യവും. അവർക്ക് അല്ലാഹു നല്ലൊരു മകനെ പകരം നൽകുമെന്നാശിക്കാം’ അതിനായി പ്രാർത്ഥിക്കാം.

മൂസാ നബിക്ക് തൃപ്തിയായി. ആ ചെറുക്കന്റെ  ബാക്ക്ഗ്രൗണ്ട് തനിക്കറിയില്ലല്ലോ.

യുവാവിന്റെ ട്രാക്ക് ഹിസ്റ്ററി എവിടുന്ന് കിട്ടി?

സൂറത്തിലെ അമ്പതാം സൂക്തം അത് പറയുന്നുണ്ടല്ലോ.

അവന്റെ ട്രാക്ക് ഹിസ്റ്ററി ഇതാണ് :

1. തുഗ്‌യാൻ.طُغْيَاناً 

നാട്ടിലെ മഹാ അക്രമം. ആളുകളെ അന്യായമായി കൊല്ലുന്നതും പീഡിപ്പിക്കുന്നതും ഇതിൽ പ്രധാനം. ഖുർആൻ നോക്കൂ. തുഗ്‌യാൻ എന്താണെന്നു മനസിലാകും. ഈജിപ്ത് ഭരിച്ച ഫറോവ ‘തുഗ്‌യാൻ’ പതിവാക്കിയ അധികാരിയായിരുന്നു. അയാളുടെ സില്ബന്ധികളും പട്ടാളക്കാരും. ഒന്നോ രണ്ടോ അക്രമങ്ങളെ ഇങ്ങനെ ‘തുഗ്‌യാൻ’ എന്ന് ഖുർആൻ വിളിച്ചിട്ടില്ല . ഇത്തരം അക്രമം പതിവാക്കിയ ജനതയെ ഖൗമുൻ ത്വാഗൂൻ എന്ന കരിമ്പട്ടികയിലാണ് എണ്ണിയിരിക്കുന്നത്.

2 . എമുത്തം/ ജബ്‌റായിസം.وَكُفْراً
(Ex Muslim)
എക്സ് മുസ്ലിം എന്ന പകയുള്ള കുഫ്ർ. നല്ല കുടുംബത്ത് ജനിച്ചു വളർന്നു, വിവരക്കേടിനും സ്വാർത്ഥ താല്പര്യങ്ങൾക്കും അടിമയായി, സ്രഷ്ടാവിനെയും പ്രവാചകനെയും സത്യവിശ്വാസത്തെയും തീവ്രമായ വിരോധത്തോടെ കാണുന്ന മാനസികാവസ്ഥ. കേവലം എമു വായാൽ തന്നെ ഒരാളുടെ മാനസിക നില തകരാറിലാകും. അതിനു പുറമെ തുഗ്‌യാൻ കൂടി ഉണ്ടെങ്കിലോ.?!

അപ്പോൾ അതാണ് ആ ചെറുപ്പക്കാരന്റെ സ്ഥിതി. അവൻ ഈ അവസ്ഥയിലാണ് സ്വന്തം മാതാപിതാക്കൾക്ക് ഭീഷണി യായിരിക്കുന്നത്. അവനുയർത്തുന്ന ഭീഷണി ജീവനും വിശ്വാസത്തിനും എതിരാണെന്ന് കാണിക്കാനാണ് അവന്റെ ട്രാക്ക് ഹിസ്റ്ററിയിലെ രണ്ടു മുദ്രകൾ മാത്രം ജ്ഞാനി എടുത്തു കാണിച്ചത്.

( أَن يُرْهِقَهُمَا طُغْيَاناً وَكُفْراً എന്ന പ്രയോഗത്തിൽ രണ്ടു മുദ്രകൾ അയാളുടെ ഹാൽ ആയി മനസിലാക്കുക. അറബി അറിയുന്നവരോട്).

ചുരുക്കത്തിൽ, ഈ എമുവിന്റെ പിന്നാമ്പുറം ജ്ഞാനിക്കറിയാമായിരുന്നു. ഒരു എമു സമൂഹത്തിലും കുടുംബത്തും എന്തെല്ലാം ആപത്തുകൾ ഉണ്ടാക്കുമെന്നും എമുത്തം ഒരാളെ എങ്ങനെയെല്ലാം സാമൂഹ്യ ദ്രോഹി ആക്കുമെന്നും ഈ സംഭവം സൂചിപ്പിക്കുന്നു.

ജ്ഞാനി മൂന്നാമത്തെ സംഭവത്തിന്റെ പൊരുളും വ്യക്തമാക്കി. ആതിഥേയ മര്യാദ ഇല്ലാത്ത ഗ്രാമവാസികൾ ആണെങ്കിലും, ആ ചുമരിന്റെ ചുവട്ടിൽ പണ്ടൊരിക്കൽ, സച്ചരിതനായ ഒരു പിതാവ്, തന്റെ അന്ത്യ സമയത്ത് , പറക്കമുറ്റാത്ത രണ്ടു മക്കൾക്കുവേണ്ടി, അവർക്ക് ഭാവിയിൽ ഉപകരിക്കാൻ വേണ്ടി ചില വിലപിടിപ്പുള്ള വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്ന സംഭവം എനിക്കറിയാം. ആ മക്കൾ നിരപരാധിയാണ്. ചുമരിടിഞ്ഞു വീണ്, അതിന്റെ താഴ്ഭാഗം വെളിപ്പെട്ട്, ആരെങ്കിലും അതെടുത്തുകൊണ്ടുപോയാൽ, ആ കുട്ടികൾ നഷ്ടക്കാരാകും. അവർ വലുതാകട്ടെ. അവർക്ക് ആ രഹസ്യം പറഞ്ഞുകൊടുക്കാം.

എമുവിനെ കൊല്ലാമോ?

കേവല എമുവിനെ കൊല്ലാൻ ഭരണകൂടം വേണം. തുഗ്‌യാൻ കൂടി പിടിപെട്ട ഭീകര എമുവിനെ ആർക്കും പ്രതിരോധിക്കാം. സ്വന്തം ജീവന് ഭീഷണി ഉണ്ടെങ്കിൽ.

ഇസ്‌ലാം ഒരു വ്യക്തി നിഷ്ഠ പ്രസ്ഥാനം അല്ല. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലുള്ള ഒരു സമൂഹമാണ്. രാഷ്ട്രമാണ് അതിന്റെ പൂർണ്ണ രൂപം. ഇസ്‌ലാമിക രാഷ്ട്രത്തിലെ ഓരോ മുസ്ലിമും, എടുക്കേണ്ട പ്രതിജ്ഞയുണ്ട്. നേരത്തെ മുസ്ലിം പാരമ്പര്യം ഇല്ലാത്ത ഒരാൾക്ക് മുസ്ലിം രാജ്യത്ത് ജീവിക്കാൻ ഈ കരാർ ആവശ്യമില്ല. എന്നാൽ, കരാറിലെ തത്വങ്ങൾക്ക് വിരുദ്ധമായ പരസ്യ പ്രചാരണം പറ്റില്ല.

ശഹാദത്ത് കലിമ എന്ന പരസ്യപ്രതിജ്ഞയാണ് മുസ്ലിം പ്രജ അനിവാര്യമായി ചെയ്യേണ്ടത്. ആരാധ്യനായി അല്ലാഹു മാത്രം. അന്ത്യ ദൈവദൂതൻ മുഹമ്മദ് നബിയും. ഇതാണ് അതിന്റെ ചുരുക്കം. മുസ്ലിം കുടുംബത്തിന് വേണ്ടി അവരുടെ പിതാവാണ് ഈ അനുസരണ പ്രതിജ്ഞ എടുക്കുക. പിതാവിന്റെ ഓരോ മക്കളും ഔദ്യോഗികമായി പ്രതിജ്ഞ എടുക്കേണ്ടതില്ലെങ്കിലും, പാരമ്പര്യമായി ഇങ്ങനെയൊരു കരാറിന്റെ അടിസ്ഥാനത്തിലാണ് താൻ ഇസ്‌ലാമിക രാജ്യത്ത് പൗരനായി ജീവിക്കുന്നതെന്ന് ഓർമ്മവേണം. പ്രായപൂർത്തിയായാൽ ഈ പ്രതിജ്ഞ പുതുക്കൽ ഓരോ മുസ്ലിം വ്യക്തിക്കും പുണ്യകരമായ കാര്യമാണ്.

ഏതെങ്കിലും ഒരാൾ ഈ കരാർ ലംഘിക്കുകയും, അയാൾ രാജ്യത്തിന്റെ അടിസ്ഥാന സിദ്ധാന്തത്തെ പരസ്യമായി നിഷേധിക്കുകയും ചോദ്യം ചെയ്യുകയും അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, രാജ്യം എടുക്കുന്ന ശിക്ഷാ നടപടിയാണ് എമുവധം.

??????
#തിബ്‌യാൻ_നോട്ടീസ്_7
SWALIH NIZAMI PUTHUPONNANI
9037500621
08/02/2021
??????

Leave a Reply