മുസ്ലിംകൾ വെള്ളിയാഴ്ച രാപ്പകലുകളിൽ പ്രത്യേകം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന പതിനെട്ടാം സൂറ അല്കഹ്ഫിലെ ഒന്നുമുതൽ അഞ്ചുവരെ സൂക്തങ്ങൾ, വിശുദ്ധ ഖുർആന്റെ അവതരണ ലക്‌ഷ്യം വ്യക്തമാക്കുന്നതാണ്.
ٱلْحَمْدُ لِلَّهِ ٱلَّذِي أَنْزَلَ عَلَىٰ عَبْدِهِ ٱلْكِتَابَ وَلَمْ يَجْعَل لَّهُ عِوَجَا } * { قَيِّماً لِّيُنْذِرَ بَأْساً شَدِيداً مِّن لَّدُنْهُ وَيُبَشِّرَ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّالِحَاتِ أَنَّ لَهُمْ أَجْراً حَسَناً } * { مَّاكِثِينَ فِيهِ أَبَداً } وَيُنْذِرَ ٱلَّذِينَ قَالُواْ ٱتَّخَذَ ٱللَّهُ وَلَداً } * { مَّا لَهُمْ بِهِ مِنْ عِلْمٍ وَلاَ لآبَائِهِمْ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ إِن يَقُولُونَ إِلاَّ كَذِباً
ഖുർആൻ അവതരിച്ചത് മുന്നറിയിപ്പും സുവിശേഷവുമായിട്ടാണ്. സൽകർമ്മം അനുഷ്ഠിക്കുന്ന സത്യവിശ്വാസികൾക്ക് ദൈവത്തിങ്കൽ ഉത്തമവും നിത്യവുമായ പ്രതിഫലം ഉണ്ടെന്ന സുവിശേഷം, ‘അല്ലാഹു പുത്രനെ വരിച്ചിരിക്കുന്നു’ എന്ന് വാദിക്കുന്നവർക്ക് താക്കീത്/മുന്നറിയിപ്പ്. അല്ലാഹുവിന്നു പുത്രനുണ്ടെന്ന വർത്താനം, അത് പറയുന്നവർക്കോ അവരുടെ പൂർവ്വ പിതാക്കൾക്കോ തെളിവും അറിവും ഇല്ലാത്ത വർത്തമാനം ആണെന്നും, അവരുടെ വായിൽ നിന്നും ചാടുന്ന ആ വർത്തമാനം വളരെ ഗുരുതരമാണെന്നും, അത് പച്ചനുണയാണെന്നും ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.
ദൈവപുത്ര വാദക്കാരെ, ആ വാദത്തിന്റെ ഗൗരവവും തന്നിമിത്തം സംഭവിക്കുന്ന സ്വർഗ്ഗ നഷ്ടവും ഓർമ്മപ്പെടുത്തുകയാണ് ഖുർആൻ അവതരിച്ചതിന്റെ ലക്ഷ്യങ്ങളിലൊന്ന്. സർവ്വാംഗീകൃതമായ പ്രബോധന മാർഗ്ഗങ്ങളിലൂടെ മുസ്ലിംകൾ തങ്ങളുടെ ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ഈ സന്ദേശം എത്തിച്ചുനൽകാൻ ശ്രമിച്ചുകൊണ്ടിരിക്കും.
ക്രിസ്ത്യാനി മതവുമായി ഖുർആനിനുള്ള സുപ്രധാന വിയോജിപ്പ് ഇതാണ്. ദൈവത്തിനു പുത്രനുണ്ടെന്ന വാദം. ഖുർആൻ വളരെ ഗൗരവത്തിൽ കാണുന്ന ഒരു മഹാ പാപമത്രേ ദൈവത്തിനു പുത്രന്മാരോ പുത്രിമാരോ ഉണ്ടെന്ന അന്ധവിശ്വാസം. പത്തൊമ്പതാം അദ്ധ്യായം 88 -93 സൂക്തങ്ങളിൽ ഈ അന്ധവിശ്വാസത്തിന്റെ ഗൗരവം ഖുർആൻ ഉണർത്തുന്നു :
وَقَالُواْ ٱتَّخَذَ ٱلرَّحْمَـٰنُ وَلَداً } * { لَّقَدْ جِئْتُمْ شَيْئاً إِدّاً } * { تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلأَرْضُ وَتَخِرُّ ٱلْجِبَالُ هَدّاً } * { أَن دَعَوْا لِلرَّحْمَـٰنِ وَلَداً } * { وَمَا يَنبَغِي لِلرَّحْمَـٰنِ أَن يَتَّخِذَ وَلَداً } * { إِن كُلُّ مَن فِي ٱلسَّمَٰوَٰتِ وَٱلأَرْضِ إِلاَّ آتِي ٱلرَّحْمَـٰنِ عَبْداً
“പരമകാരുണികൻ ഒരു പുത്രനെ വിരിച്ചിരിക്കുന്നു എന്നവർ പറയുന്നു. നിങ്ങൾ കൊണ്ടുവന്നിരിക്കുന്നത് ഗുരുതരമായ കാര്യം തന്നെയാണ്! പരമകാരുണികൻ പുത്രനെ വരിച്ചിരിക്കുന്നു എന്നവർ വാദിച്ചതിനാൽ ആകാശങ്ങൾ പൊട്ടിപ്പിളരുകയും ഭൂമി വിണ്ടുകീറുകയും പർവ്വതങ്ങൾ തകർന്നു വീഴുകയും ചെയ്യാൻ അടുത്തിരിക്കുന്നു . ഒരു പുത്രനെ വരിക്കുകയെന്നത് പരമകാരുണികന് അനുയോജ്യമല്ല. ആകാശ ഭൂമികളിലെ ഏതൊരു ജീവിയും അവന്റെ ദാസനായി പരമകാരുണികനെ സമീപിക്കുന്നവർ മാത്രമാകുന്നു”.
ഇക്കാര്യം ഖുർആൻ ആവർത്തിച്ചു പ്രഖ്യാപിക്കുന്നു.
ഖുർആനിക അധ്യാപനപ്രകാരം, അല്ലാഹു ഭൂമിയിലേക്ക് നിയോഗിച്ച പ്രവാചകന്മാരിൽ / ദൂതന്മാരിൽ അത്യന്നത സ്ഥാനത്തുള്ള വ്യക്തിയാണ് ഈസാനബി. ‘ദൃഢ മാനസർ’ എന്ന് വിശേഷിപ്പിച്ച ഐവരിൽ രണ്ടാം സ്ഥാനത്തുള്ള വ്യകതി. ഒന്നാം സ്ഥാനത്ത് മുഹമ്മദ് നബി. വിശുദ്ധ ഖുർആനിൽ ഇരുപത്തിയേഴു തവണ ഈസാനബിയെ അനുസ്മരിക്കുന്നു. ‘ഈസബ്നു മർയം 21 + ഇബ്നു മർയം 2 + ഈസാ 4 . അവരുടെ അദ്ഭുതകരമായ ജനന കഥ ആധികാരികമായി അവതരിപ്പിക്കുന്നു. അദ്ദേഹത്തെ കുരിശിലേറ്റിയെന്ന ജൂതകഥയെ തകർക്കുന്നു. അദ്ദേഹത്തെ ആകാശലോകത്തേക്ക് എടുത്തകാര്യം ആണയിട്ടു പറയുന്നു. അന്ത്യനാളിൽ അടയാളമായി അദ്ദേഹം ഇറങ്ങിവരുന്ന കാര്യം സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയ മാതാവ് മർയം ബീവിയെ (ആദരവോടെ മുസ്ലിംകൾ ബീവി എന്ന് ചേർത്തു വിളിക്കുന്നു) ഖുർആനിൽ 34 തവണ ഓർക്കുന്നു. അതിൽ മകനുമായി ചേർത്ത് 21 തവണയും, പിതാവ് ഇമ്രാനിലേക്ക് ചേർത്ത് ഒരിടത്തും പരാമർശിക്കുക വഴി അവരുടെ വേരും ശാഖയും ചരിത്രമാക്കിയിരിക്കുന്നു. മർയം ബീവിയെ അനുസ്മരിക്കുന്ന ഒരു സൂക്തം തന്നെ (പത്തൊമ്പതാം സൂക്തം ) തന്നെ കാണാം ഖുർആനിൽ. അവരെക്കുറിച്ചുള്ള ജൂത ആരോപണങ്ങൾക്ക് ഖുർആൻ മറുപടി പറയുന്നു. അവരുടെ നാടും വീടും ചരിത്രമാക്കിയിരിക്കുന്നു. ലക്ഷക്കണക്കിന് ഖുർആൻ വായനക്കാർ ദിനേന അതെല്ലാം ബഹുമാനത്തോടെ വായിച്ചുപോകുന്നു.
“അല്ലാഹു ഏകൻ. അവൻ മാത്രം പരാശ്രയ രഹിതൻ. അവനു പുത്രനില്ല ; അവൻ പുത്രനുമല്ല; അവനെപ്പോലെ ആരുമില്ല’; അവനെ മാത്രം ഇബാദത്ത് ചെയ്യുക; അവനെ മാത്രം പ്രാർത്ഥിക്കുക. തുടങ്ങിയ സന്ദേശങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ നിയുക്തരായവരാണ് പ്രവാചകന്മാർ/ ദൂതന്മാർ. ഇതാണ് ഖുർആൻ പറയുന്നത്. ആദം, നൂഹ് , ഇബ്‌റാഹീം, മൂസ, സുലൈമാൻ, ദാവൂദ് തുടങ്ങിയ പ്രവാചക പരമ്പരയിൽ, ബനൂ ഇസ്രാഈലുകാരെ ദൈവസുവിശേഷവും താക്കീതും അറിയിക്കാൻ നിയുക്തനായ അവസാനത്തെ ദൂതനാണ് ഈസാ. അദ്ദേഹത്തിന് അളളാഹു നൽകിയ വേദപുസ്തകമാണ് ഇൻജീൽ. ലോകത്തിനു മൊത്തം മാതൃകയായ അവസാന ദൂതൻ വരാൻ പോകുന്നു എന്ന സുവിശേഷം ഈസാ ജനങ്ങൾക്കെത്തിച്ചു.
എന്നാൽ, പിൽക്കാലത്ത്, ഈസാ നബിയുടെ സന്ദേശം മാറ്റിമറിക്കപ്പെട്ടു. സുവിശേഷങ്ങളും. ഇൻചീൽ അപ്പടി ജനങ്ങൾക്ക് ലഭ്യമല്ലാതായി . അതോടൊപ്പം മറ്റുള്ളവർ എഴുതിയ സുവിശേഷങ്ങളും കുറിപ്പുകളും ഇന്ജീലിനു പകരമായി വ്യാപിച്ചു. ഇതിനിടയിൽ ഈസാ ദൈവ പുത്രനും മർയം ദൈവ മാതാവുമായി മാറി. അനുയായികൾ പലതായി ഭിന്നിച്ചു. കൃസ്ത്യാനിമതം രൂപം കൊണ്ടു. രാഷ്ട്ര നിർമ്മാണം , ഭരണം, സാമ്പത്തിക വിനിമയ രീതികൾ , നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഈസാ നബി മാതൃകയായിരുന്നില്ല; സംസാരിച്ചിട്ടില്ല . എങ്കിലും കൃസ്ത്യാനിമതം രാഷ്ട്ര മതമായി മാറി.
ബനൂ ഇസ്രായേല്യരായ പന്ത്രണ്ടു ഗോത്രങ്ങളിലേക്ക് മാത്രം നിയമിതനായ ദൂതനാണ് ഈസാ. പക്ഷേ, കൃസ്ത്യാനിമതം മറ്റുള്ളവരിലും അടിച്ചേൽപ്പിച്ചു. വലിയ സാമ്രാജ്യങ്ങൾ രൂപപ്പെട്ടു. സാമ്രാജ്യ വികസനത്തിനുള്ള ഉപാധിയായി കൃസ്ത്യാനിമത പ്രചാരണം മാറി.
ഈസാ നബിയുടെ പ്രവാചകത്വവും അദ്ദേഹം പഠിപ്പിച്ച തൗഹീദും, ശരീഅത് നിയമങ്ങളും മുറുകെ പിടിച്ച ചിലർ അങ്ങിങ്ങായി അവശേഷിച്ചു. അവർ സാർവ്വലൗകികനായ മുഹമ്മദ് / അഹ്മദ് എന്ന ദൂതന്റെ ആഗമനവും കാത്തു ക്രിസ്ത്യൻ സാമ്രാജ്യങ്ങൾക്ക് പുറത്ത് പലരാജ്യങ്ങളിലായി ജീവിച്ചു. അറേബ്യായിൽ മറ്റു ക്രിസ്ത്യാനികളെപ്പോലെ അവരും ഉണ്ടായിരുന്നു.
ഖുർആൻ അവതരണം തുടങ്ങിയപ്പോൾ കൃസ്ത്യാനിമതവുമായുള്ള വിയോജിപ്പും ഈസാ നബിയുമായുള്ള യോജിപ്പും ഖുർആനിൽ ആവർത്തിച്ചു പരാമർശിക്കാൻ തുടങ്ങി. അതിൽ പ്രധാനമായിരുന്നു, ദൈവ പുത്രവാദത്തോടുള്ള വിയോജിപ്പ്. ദൈവ ദൂതനായ ഈസായെ ദൈവപുത്ര പദവിയിലേക്ക് പൊക്കിയ ക്രിസ്ത്യൻ സാമ്രാജ്യതാല്പര്യം ഖുർആൻ ചോദ്യം ചെയ്തു. ഇന്ജീലിലേക്ക് മടങ്ങാൻ, ഈസാ നബിയുടെ സുന്നത്തിലേക്ക് തിരിക്കാൻ ഖുർആൻ ആഹ്വാനം ചെയ്തു, വെല്ലുവിളിച്ചു.
ദരിദ്രരും കഴിവുകെട്ടവരുമായ അറബികൾക്കിടയിൽ ദൈവദൂതൻ നിയുക്തനായത് അംഗീകരിക്കാൻ കഴിയാത്ത ‘ആഢ്യത്വ മനോഭാവം’ ചിലർക്കുണ്ടായിരുന്നു. അവരുടെ അസൂയയെക്കുറിച്ച് ഖുർആൻ വെട്ടിത്തുറന്നു പറഞ്ഞു. (2/105,109).
ദരിദ്ര അറബിയായ മുഹമ്മദിനെ അംഗീകരിക്കുന്നില്ലെങ്കിൽ വേണ്ട; ഈസാ നബി പഠിപ്പിച്ച തൗഹീദും സുന്നത്തും മുറുകെ പിടിച്ചാൽ മതി എന്നായി ഖുർആന്റെ സഹകരണ ഭാഷ. ആലുഇമ്രാൻ 64 ൽ അല്ലാഹു പറഞ്ഞു:
قُلْ يٰأَهْلَ ٱلْكِتَابِ تَعَالَوْاْ إِلَىٰ كَلِمَةٍ سَوَآءٍ بَيْنَنَا وَبَيْنَكُمْ أَلاَّ نَعْبُدَ إِلاَّ ٱللَّهَ وَلاَ نُشْرِكَ بِهِ شَيْئاً وَلاَ يَتَّخِذَ بَعْضُنَا بَعْضاً أَرْبَاباً مِّن دُونِ ٱللَّهِ فَإِن تَوَلَّوْاْ فَقُولُواْ ٱشْهَدُواْ بِأَنَّا مُسْلِمُونَ
“അവരോടു പറയുക: ‘വേദക്കാരേ, നമുക്കിടയിൽ പൊതുവായി അംഗീകരിക്കുന്ന ഒരു വാക്യമുണ്ടല്ലോ അതിലേക്ക് നിങ്ങൾ വരൂ. ‘അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുക, അവനോടു യാതൊന്നിനെയും പങ്കു ചേർക്കാതിരിക്കുക; അല്ലാഹുവിനു പുറമെ നമുക്കിടയിലെ ചിലരെ (‘മതനിയമ നിർമ്മാണാധികാരം ) നൽകി റബ്ബ് കൾ ആക്കാതിരിക്കുക’ എന്ന സംഗതിയിലേക്ക്. ഈ സഹിഷ്ണുതയുടെ നിലപാട് പ്രസ്താവിച്ചിട്ടും അവർ പിന്തിരിയുന്നുവെങ്കിൽ അവരോടു പറയുക: ‘എന്നാൽ ഞങ്ങൾ ആ പാതയിൽ അനുസരണയോടെ നിലകൊള്ളുന്നവർ ആണെന്നെങ്കിലും നിങ്ങൾ അംഗീകരിക്കുക”.
ഈ സന്ദേശം അംഗീകരിച്ചവരെ ഖുർആൻ പ്രത്യേകം പരിഗണിച്ചു. അവർ അറുത്ത മാംസം മുസ്ലിംകൾക്ക് ഹലാലാക്കി. അവരുടെ സ്ത്രീകളെ മുസ്ലിംകൾക്ക് വിവാഹം ചെയ്യാമെന്ന അനുവാദം നൽകി. അത്തരം യേശു അനുയായികളെയും അവരിലെ മത നേതാക്കളെയും വാഴ്ത്തുന്ന വാക്യങ്ങൾ ഖുർആനിൽ വന്നു. അല്ലാഹുവിനെ ഓർത്ത് കണ്ണീർ വാർക്കുന്ന ജ്ഞാനികൾ; മുസ്ലിംകളോട് സ്നേഹബന്ധം പുലർത്തുന്ന നസ്വാറാക്കൾ ഖുർആനിൽ പരാമർശിക്കപ്പെട്ടു.
ചിലർ കപടന്മാരായി സഹകരണം കാണിച്ചു. അവരെ ഖുർആൻ തുറന്നു കാണിച്ചു (3/72,75). അതിൽ പെട്ട ചിലർ മുസ്ലിംകൾക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു . വിദേശ സഹായത്തോടെ മദീനക്കടുത്ത് അവർ ഒരു ഗംഭീര മസ്ജിദ് തന്നെ പണിതു. മസ്ജിദുളിറാർ. ചിലർ മതം മാറി. ചിലർ തികഞ്ഞ ശത്രുക്കളായി. അവരിൽ സംവാദകർ ഉണ്ടായിരുന്നു; മുസ്ലിംകളെ അവസരം കിട്ടിയാൽ മതം മാറ്റാനായി പാർത്തു നടന്നിരുന്നവർ ഉണ്ടായിരുന്നു; സായുധ ആക്രമണം നടത്തിയവർ ഉണ്ടായിരുന്നു. അവരെ ഉദ്‌ബോധനം ചെയ്യുന്ന ശൈലി കുറേക്കാലം ഖുർആൻ സ്വീകരിച്ചു. ഈ സന്ദർഭത്തിൽ, വേദക്കാരേ എന്ന് വിളിച്ച് ഖുർആനിൽ അവതരിച്ച പന്ത്രണ്ടു സൂക്തങ്ങൾ ഖുർആന്റെ നടപടിക്രമങ്ങൾ വ്യക്തമാക്കുന്നു; നയനിലപാടുകളും. അതിലൊന്നാണ് മുകളിൽ ഉദ്ധരിച്ചത്; സമവായമുള്ള സംഗതികളിൽ ഏകോപിക്കുക.
يٰأَهْلَ ٱلْكِتَابِ لاَ تَغْلُواْ فِي دِينِكُمْ وَلاَ تَقُولُواْ عَلَى ٱللَّهِ إِلاَّ ٱلْحَقَّ إِنَّمَا ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ رَسُولُ ٱللَّهِ وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ فَآمِنُواْ بِٱللَّهِ وَرُسُلِهِ وَلاَ تَقُولُواْ ثَلاَثَةٌ ٱنتَهُواْ خَيْراً لَّكُمْ إِنَّمَا ٱللَّهُ إِلَـٰهٌ وَاحِدٌ سُبْحَانَهُ أَن يَكُونَ لَهُ وَلَدٌ لَّهُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلأَرْضِ وَكَفَىٰ بِٱللَّهِ وَكِيلاً
“വേദക്കാരേ, നിങ്ങളുടെ മതത്തിൽ നിങ്ങൾ അതിരുകവിയരുത്. അല്ലാഹുവിനെ കുറിച്ച് നിങ്ങൾ സത്യമല്ലാതെ പറയരുതേ. നിശ്ചയമായും, മർയമിന്റെ പുത്രൻ ഈസാ അല്ലാഹുവിന്റെ ദൂതന്മാത്രമാകുന്നു; മർയമിലേക്ക് ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കൽ നിന്നുള്ള ആത്മാവും ആകുന്നു(‘ഉണ്ടാകൂ എന്ന കല്പനയിൽ ഉണ്ടായത്; പുത്ര ജന്മത്തിൽ അനിവാര്യമായ പിതാവിന്റെ സാന്നിധ്യം ഇല്ലാതെ ജനിച്ചവൻ. അവന്ന്ആത്മാവ് നൽകിയവൻ.) അതിനാൽ നിങ്ങൾ അല്ലാഹുവിനെ കൊണ്ടും അവന്റെ ദൂതന്മാരെക്കൊണ്ടും വിശ്വസിക്കുവീൻ. ‘മൂന്ന് എന്ന് നിങ്ങൾ പറയരുത്. അങ്ങനെയുള്ള വിശ്വാസം നിർത്തുന്നതാണ് നിങ്ങൾക്ക് നല്ലത്. നിശ്ചയമായും ഏകനായ ആരാധ്യൻ അല്ലാഹു മാത്രമാണ്. അവൻ പുത്രൻ ഉണ്ടാകുന്നതിൽ നിന്നെല്ലാം പരിശുദ്ധനാണ്. ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം അവന്റേതാണ്. കൈകാര്യ കർത്താവായ അല്ലാഹു മതി”(നിസാ 171 )
“വേദക്കാരേ, നിങ്ങളെന്തിനാണ് അല്ലാഹുവിന്റെ ആയത്തുകൾ നിഷേധിക്കുന്നത്?! ഏക ദൈവത്വം തത്വത്തിൽ അംഗീകരിക്കുന്നവരാണല്ലോ നിങ്ങളും? വേദക്കാരേ, സത്യത്തെ അസത്യവുമായി കൂട്ടിക്കലർത്തുന്നതും, സത്യം മനസ്സിലായിട്ടും അത് മറച്ചുവെക്കുന്നതും എന്തിനാണ് നിങ്ങൾ ?! വേദക്കാരേ , അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്നും നിങ്ങൾ ആളുകളെ തടയുന്നതെന്തിന് ? അവ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ? ഏകദൈവത്വം നിങ്ങൾ അംഗീകരിക്കുന്നുവല്ലോ . നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാത്തവനല്ല അല്ലാഹു (3/70,71,98 ,99 ).
മുഹമ്മദ് നബിയുടെ ദൗത്യമെന്തെന്നു ഖുർആൻ ക്രിസ്ത്യൻ സമൂഹത്തോട് വിളിച്ചു പറഞ്ഞു :
يَا أَهْلَ ٱلْكِتَابِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيراً مِّمَّا كُنْتُمْ تُخْفُونَ مِنَ ٱلْكِتَابِ وَيَعْفُواْ عَن كَثِيرٍ قَدْ جَآءَكُمْ مِّنَ ٱللَّهِ نُورٌ وَكِتَابٌ مُّبِينٌ } يَهْدِي بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَانَهُ سُبُلَ ٱلسَّلاَمِ وَيُخْرِجُهُمْ مِّنِ ٱلظُّلُمَاتِ إِلَى ٱلنُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ } لَّقَدْ كَفَرَ ٱلَّذِينَ قَآلُوۤاْ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْئاً إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُ وَمَن فِي ٱلأَرْضِ جَمِيعاً وَللَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَمَا بَيْنَهُمَا يَخْلُقُ مَا يَشَآءُ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ } >>>يَا أَهْلَ ٱلْكِتَابِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ عَلَىٰ فَتْرَةٍ مِّنَ ٱلرُّسُلِ أَن تَقُولُواْ مَا جَآءَنَا مِن بَشِيرٍ وَلاَ نَذِيرٍ فَقَدْ جَاءَكُمْ بَشِيرٌ وَنَذِيرٌ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
“വേദക്കാരേ, നമ്മുടെ ദൂതൻ ഇതാ നിങ്ങളെത്തിരഞ്ഞു വന്നിരിക്കുന്നു. വേദത്തിൽ നിന്നും നിങ്ങൾ മറച്ചുവെച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ അധികവും നിങ്ങൾക്ക് വെ ളിപ്പെടുത്തിതരുന്നതാണ്. മറ്റു കുറെ കാര്യങ്ങൾ അദ്ദേഹം അവഗണിക്കുകയും ചെയ്യും. അതായത്, അല്ലാഹുവിങ്കൽ നിന്നും പ്രകാശവും കാര്യങ്ങൾ തുറന്നു കാണിക്കുന്ന വേദവും നിങ്ങളെ തേടി വന്നിരിക്കുന്നു. തന്റെ സംതൃപ്തിയുടെ പാത അനുഗമിക്കാൻ ആഗ്രഹിക്കുന്നവരെ അല്ലാഹു ഇതുവഴി ശാന്തിയുടെ വഴികളിലേക്ക് നയിക്കുന്നതാണ്‌. അവന്റെ അനുമതിയോടെ, ഇരുട്ടുകളിൽ നിന്നും വെളിച്ചത്തിലേക്ക് അവരെ ദൂതൻ നയിക്കുന്നതും നേരായ വഴിയിലേക്ക് സന്മാർഗ്ഗ ദർശനം നൽകുന്നതുമാണ്”.
മർയമിന്റെ പുത്രൻ ഈസായാകുന്നു അല്ലാഹു എന്ന് പറയുന്നവർ സത്യനിഷേധം ചെയ്തിരിക്കുന്നു. അത് ശരിയാണെങ്കിൽ, മർയമിന്റെ പുത്രനെയും അദ്ദേഹത്തിന്റെ ഉമ്മയെയും ഭൂമിയിൽ കഴിയുന്ന മുഴുവൻ പേരെയും അല്ലാഹു നശിപ്പിക്കാൻ തീരുമാനിച്ചാൽ അവനിൽ നിന്നും വല്ലതും സ്വന്തമാക്കാൻ (എന്നിട്ട് ഇത് തടയാൻ ) ആരുണ്ടെന്നു അവരോടു ചോദിക്കുക. ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും ഉടമത്തം അല്ലാഹുവിനാകുന്നു. അവൻ ഉദ്ദേശിച്ചത് സൃഷ്ടിക്കുന്നു; അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
..വേദക്കാരേ, നമ്മുടെ ദൂതൻ ഇതാ നിങ്ങളെത്തിരഞ്ഞു വന്നിരിക്കുന്നു. അദ്ദേഹം നിങ്ങൾക്ക് ദൈവസന്ദേശം വിവരിച്ചു തരും. കുറച്ചുകാലമായി ദൈവദൂതന്മാർ വരാത്ത പശ്ചാത്തലത്തിൽ ‘ഞങ്ങൾക്ക് ഒരു സുവിശേഷനോ താക്കീതുകാരനോ വന്നില്ലല്ലോ’ എന്ന് നിങ്ങൾ പറയുന്ന ചുറ്റുപാടിലാണ് ദൂതന്റെ നിയോഗം. ഇപ്പോൾ ഇതാ നിങ്ങൾക്ക് സുവിശേഷകനും താക്കീതുകാരനുമായ ദൂതൻ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാകുന്നു’. (5 /15-19).
ഖുർആന്റെ വിയോജിപ്പുകൾ ഇതെല്ലാമാണ് :
1 . ഈസാ അല്ലാഹുവിന്റെ പുത്രൻ ആണെന്ന വാദം. മർയമിന്റെ പുത്രനാണ്. പിതാവെന്ന കാരണമില്ലാതെ അല്ലാഹു സൃഷ്ടിച്ച വ്യക്തിയാണ്. പിതാവും മാതാവുമില്ലാതെയാണ് ആദമിനെ പടച്ചത്; ഒരർത്ഥത്തിൽ ഹവ്വയേയും.
2 . ഈസാ നബിയ്ക്ക് ലഭിച്ച വേദപുസ്തകമായ ഇൻജീൽ പലതും മറച്ചുവെച്ചു. അതിൽ അത്യാവശ്യമുള്ളവ വെളിപ്പെടുത്താനാണ് മുഹമ്മദ് നബി നിയുക്തനായത്. ബൈബിൾ എന്ന പേരിൽ കൊണ്ടുനടക്കുന്ന പുസ്തകക്കൂട്ടം ദൈവ സുവിശേഷം അല്ല. അതേക്കുറിച്ച് പലരും എഴുതിയ കുറിപ്പുകൾ മാത്രമാണ്.
3 . പുരോഹിതരെ നിയമ നിർമ്മാണാധികാരമുള്ളവരാക്കിയത് ശരിയല്ല. പകരം, ഈസാ നബിയുടെ സുന്നത്ത് അംഗീകരിക്കുക
4 . അസൂയ. അറബികളോടും അവരിൽ നിന്നും വന്ന വിശ്വ പ്രവാചകനോടും അസൂയ. അതൊഴിവാക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ അസൂയ പുലർത്തുന്നവർ അല്ലാഹുവിനോടാണ് കോപിക്കുന്നത്.
5 . ഏകദൈവ വിശ്വാസികളെ വഴി മുടക്കാതിരിക്കുക.
6 . ഏകദൈവ വിശ്വാസികളെ മതം മാറ്റാനുള്ള കുല്സിത ശ്രമങ്ങളിൽ നിന്നും വിട്ടുനിൽക്കുക.
7 . ഏകദൈവ വിശ്വാസികളെ ഭിന്നിപ്പിക്കാൻ കപട വേഷം അണിഞ്ഞുകൊണ്ട് പ്രവർത്തിക്കാതിരിക്കുക.
8 . പൗരോഹിത്യം വഴി സാധുജനങ്ങളുടെ പണം പിടുങ്ങുന്നത് അവസാനിപ്പിക്കുക.
ഖുര്ആന് വിശ്വാസികളോട് പറയാനുള്ളത് :
1 . ഏക ദൈവ വിശ്വാസം ഉൾക്കൊള്ളുന്ന യേശു അനുയായികൾ അറുത്ത ഭക്ഷണം നിങ്ങൾക്ക് ഹലാൽ ആകുന്നു. അവരുടെ സ്ത്രീകളെ നിങ്ങൾക്ക് വിവാഹം കഴിക്കാം.
2 . യേശുവിന്റെ ഏകദൈവ സുവിശേഷം അവരെ പരിചയപ്പെടുത്തുക .
3 . യേശുവിനെയും മാതാവ് മർയമിനെയും ബഹുമാനിക്കുക.
4 . ഏകദൈവ വിശ്വാസത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ക്രിസ്ത്യാനികളെ നിങ്ങൾ മിത്രങ്ങളാക്കരുത്.
5 . അവരുമായി നല്ലനിലയിൽ മാത്രം സംവദിക്കുക.
وَلاَ تُجَادِلُوۤاْ أَهْلَ ٱلْكِتَابِ إِلاَّ بِٱلَّتِي هِيَ أَحْسَنُ إِلاَّ ٱلَّذِينَ ظَلَمُواْ مِنْهُمْ وَقُولُوۤاْ آمَنَّا بِٱلَّذِيۤ أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ }
“വേദക്കാരോട് അതിസുന്ദരമായ ശൈലിയിലല്ലാതെ നിങ്ങൾ സംവദിക്കാൻ നില്ക്കരുത്. അക്രമം പ്രവർത്തിക്കുന്നവരോടല്ലാതെ. അവരോടു പറയുക : ”നിങ്ങൾക്ക് അവതരിച്ച വേദത്തിലെ സത്യങ്ങളും അവയെ സ്ഥിരീകരിച്ചുകൊണ്ട് ഞങ്ങൾക്ക് ഇറങ്ങിയ വേദത്തിലെ സത്യങ്ങളും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെയും നിങ്ങളുടെയും ആരാധ്യൻ ഏകനാണ്. ഞങ്ങൾ അവനു വഴിപ്പെട്ട മുസ്ലിംകളാകുന്നു.”.
Published on 05/02/2021
Swalih Nizami Puthuponnani
9037500621
Leave a Reply