ഗർഭിണികളിൽ ചിലർക്കെങ്കിലും മാനസിക തകരാറുകൾ ഉണ്ടാകാറുണ്ട്. ഇരുപത് ശതമാനം എന്ന് ഒരു കണക്ക്. നേരത്തെ മാനസിക അസ്വസ്ഥകൾ ഉള്ളവരെങ്കിൽ റിസ്ക് കൂടുന്നു. ഇത്തരത്തിലൊരു മാനസിക തകരാറുള്ള സ്ത്രീയായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട്, തന്റെ ആറുവയസ്സുള്ള ബാലനെ കഴുത്തറത്തുകൊന്ന ശേഷം പോലീസിൽ വിളിച്ചു പറഞ്ഞത്. ‘താൻ ദൈവത്തിനു ബലി കൊടുത്തതാണ്” എന്നായിരുന്നു മാനസിക തകരാറുള്ള ആ സ്ത്രീ പോലീസിനോട് പറഞ്ഞത്. നേരത്തെ മാനസിക പ്രശ്നങ്ങൾ ഉള്ള ഈ സ്ത്രീ ഇപ്പോൾ മൂന്നുമാസം ഗർഭിണിയാണ്.
ഈസാ നബി ഗർഭത്തിലായിരിക്കുമ്പോൾ മാതാവ് മർയം ബീവിക്കുണ്ടായ മാനസിക സംഘർഷങ്ങൾ അനുസ്മരിച്ചുകൊണ്ടാണ് ഗർഭിണികളിൽ ഉണ്ടാകുന്ന ഇത്തരം മാനസിക പ്രശ്നങ്ങളും അവയുടെ പരിഹാര മാർഗ്ഗങ്ങളും ഖുർആൻ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഗർഭകാലത്ത് സ്വന്തം വീട്ടിൽ നിന്നും അകന്നു കഴിയേണ്ടിവന്ന മർയം ബീവിയുടെ മാനസികാവസ്ഥ ഖുർആൻ വെളിപ്പെടുത്തുന്നു : “അവൾ ആത്മഗതം ചെയ്തു : ‘പ്രസവം നടക്കുന്നതിനു മുമ്പ് മരിച്ചാൽ മതിയായിരുന്നു, ഞാനിവിടെ ജീവിച്ചിരുന്നില്ല എന്ന മട്ടിൽ എന്നെ എല്ലാവരും മറന്നാൽ മതിയായിരുന്നു”.
മർയം ഇങ്ങനെ ചിന്തിച്ചത് തന്റെ ഗർഭം ‘പുരുഷ സ്പർശം കൂടാതെ’ സംഭവിച്ചതുകൊണ്ടായിരുന്നു . സ്വാഭാവികമായും ബന്ധുക്കളും നാട്ടുകാരും അതിനെ പലകോണിൽ വീക്ഷിക്കും; കുത്തുവാക്കുകൾ കേൾക്കേണ്ടി വരും; സംശയ ദൃഷ്ടിയോടെയുള്ള നോട്ടം സഹിക്കേണ്ടിവരും. ഇതുപോലെ പലർക്കും പലതരത്തിലുള്ള സംഘർഷങ്ങൾ ആയിരിക്കും. ആത്മഹത്യ ചെയ്യാൻ ധാർമ്മിക ബോധം സമ്മതിക്കാത്ത പശ്ചാത്തലത്തിൽ മർയം ‘മരിച്ചുകിട്ടിയാൽ മതി’ എന്ന് ചിന്തിച്ചു തുടങ്ങുകയായിരുന്നു. ചിലർ പരദ്രോഹത്തിലേക്കാണ് നീങ്ങുക. തീവ്രമായ വികാര വിക്ഷോഭങ്ങൾ പലരിലും ഉണ്ടാകാറുണ്ട്.
ഗർഭിണിയുടെ ബലി: ചികിത്സയാണ് ആവശ്യം
ഈ മാനസികാവസ്ഥ അപകട നിലയിലേക്ക് പോകാതിരിക്കാനുള്ള പരിഹാര നടപടികളിലേക്ക് അല്ലാഹു ഉടനെ കടന്നു.
ഒന്ന് : ‘താൻ തനിച്ചായിരിക്കുന്നു’ എന്ന അവരുടെ വൈകാരികാവസ്ഥയ്ക്ക് വിശ്വാസ ചികിത്സ കൊടുത്തു. ഒറ്റപ്പെട്ടിരിക്കുന്നു എന്ന ചിന്ത വലിയ അപകടത്തിലേക്കാണ് നയിക്കുക. അവളോട് പറഞ്ഞു : ”നീ വിഷമിക്കണ്ട’. “നിന്റെ രക്ഷിതാവ് ” കൂടെയുണ്ട് എന്ന സന്ദേശം ഏതൊരു വിശ്വസിക്കും വലിയ ആശ്വാസം നൽകും. പൊതുവെ വിശ്വാസികൾക്ക് അക്കാര്യം അറിയാമെങ്കിലും, സന്നിഗ്ധ ഘട്ടത്തിൽ അത് ഓർമ്മപ്പെടുത്തുവാൻ ആളുവേണം. ഇവിടെ അല്ലാഹു നേർക്കുനേർ അതറിയിച്ചപ്പോൾ മർയം ബീവിക്കുണ്ടായ ആശ്വാസം ചെറുതായിരിക്കില്ല.
രണ്ട് : , മർയം ഏകയായി ഇരിക്കുന്ന ഈത്തപ്പന മാത്രമുള്ള കുന്നിനു താഴെയുള്ള അരുവിയിലേക്ക് അവളെ ക്ഷണിക്കുന്നു. ഒന്ന് താഴെ ഇറങ്ങി വാ. രക്ഷിതാവാണ്‌ വിളിക്കുന്നത്. താഴെ അരുവിയുണ്ട്. നിന്റെ റബ്ബ് തയ്യാറാക്കിയത്. ‘എന്റെ റബ്ബ് എന്നെ ഏറ്റെടുത്തിരിക്കുന്നു’ എന്ന ആശ്വാസത്തിലേക്കുള്ള വിളിയായിരുന്നു അത്.
മൂന്ന് : താൻ വിശ്രമിക്കുന്ന ഈത്തമരം പിടിച്ചു കുലുക്കാൻ നിർദ്ദേശിക്കുന്നു. അതിനു ശേഷം മതി താഴേക്ക് വരാൻ. ഈത്തമരം കുലുക്കിയാൽ നന്നായി പാകമായ ഈത്തപ്പഴം കിട്ടും. അത് തിന്നണം. ശേഷം താഴെ ഇറങ്ങി അരുവിയിൽ നിന്നും നിന്നും ശുദ്ധജലം കോരികുടിക്കണം.
മൂകയായി, വിഷണ്ണയായി ഒരിടത്തിരിക്കാതെ ചെറിയ വ്യായാമങ്ങൾ വേണം. താഴെ പോവുകയും കയറുകയും ചെയ്യുന്നത് ഗര്ഭിണിയ്ക്കുള്ള വ്യായാമവും ടെൻഷൻ അഴിച്ചുവിടാനുള്ള മാർഗ്ഗവുമാണ്. ശുദ്ധവായു കൂടുതൽ അകത്തുചെല്ലാനും. ഇതുവഴി, ശരീരത്തിൽ ടെൻഷൻ നിറക്കുന്ന കാർബൺ ഡൈ ഓക്സൈഡ് പുറത്തുപോകും. ഈത്തപ്പഴം തിന്നു കഴിഞ്ഞാൽ, താഴെ പോയി ശുദ്ധജലം കുടിക്കുക. ടെൻഷൻ കയറിയ ആളുകൾ പലപ്പോഴും വെള്ളം പോലും കുടിക്കില്ല. കൂടുതൽ നേരം ഇരുന്നു ഭക്ഷണം കഴിക്കാനും സന്നദ്ധമാകില്ല. കഴിക്കുന്ന ഭക്ഷണം നന്നായി ചവയ്ക്കില്ല. ഇതിനെല്ലാം ഉള്ള റെമഡിയാണ് അല്ലാഹു നിർദ്ദേശിക്കുന്നത്. ശരീരത്തിനാവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ മധുരമുള്ള ഈത്തപ്പഴം കഴിക്കുമ്പോൾ, ശുദ്ധജലം അകത്തുചെല്ലുമ്പോൾ ഗർഭിണിയുടെ വിളർച്ചയും തളർച്ചയും മാറുന്നു. തിന്നുകഴിഞ്ഞു കുടിക്കുക എന്നൊരാശയം കൂടി ഇതിലുണ്ട്. ദഹനം എളുപ്പമാക്കുന്നതായിരിക്കണം ഭക്ഷണം , പ്രത്യേകിച്ചും ഗർഭവേളയിൽ. വെള്ളവും ഈത്തപ്പഴവും മാത്രം മതി ഒരാൾക്ക് ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ.
നാല് : അരുവിയിൽ നിന്നും കിട്ടുന്ന ശീതള ജലം ശരീരത്തിന്റെ ദാഹം മാത്രമല്ല, മനസ്സിൽ കുളിർമ്മയുണ്ടാക്കും. അത് കൂടുതൽ മാനസികാരോഗ്യം ഉണ്ടാക്കുന്നു. മാനസികോല്ലാസത്തിന്റെ പരമ കേന്ദ്രമായ സ്വർഗ്ഗത്തിൽ അല്ലാഹു ഏർപ്പാടാക്കിയിട്ടുള്ള അരുവികൾ അറിയാമല്ലോ.
അഞ്ച്: ഇങ്ങനെയും അല്ലാതെയും മാനസികമായും ശാരീരികമായും ഉത്സാഹവതിയായി ഇരിക്കുവാൻ പ്രത്യേകം നിർദ്ദേശിക്കുന്നു. “കൺകുളുർമ്മയിലാവുക” എന്നാണ് നിർദ്ദേശം. ഇതിലൊരു ഓട്ടോ സജഷൻ ഉണ്ട്. ബോധപൂർവ്വം മുഖത്ത് പ്രസന്നത സംരക്ഷിക്കുക. ഗർഭിണിയുടെ കണ്ണ് സദാ ചിരിക്കട്ടെ എന്നാണ് അല്ലാഹു പറയുന്നത്.
ആറ്: മൗനവ്രതമെന്ന മൈൻഡ് പവർ ടെക്‌നിക് നിർദ്ദേശിക്കുന്നു. ആരുവന്നാലും മിണ്ടരുത്; അവർ എന്തോ പറയട്ടെ.
തന്റെ രക്ഷിതാവിന്റെ പിന്തുണയും മാതൃ തുല്യമായ ശുശ്രൂഷയും അത്യാവശ്യമായ ഭക്ഷ്യ വിരുന്നും മരുന്നും ആയപ്പോൾ മർയം മനക്കരുത്ത് നേടി . ധീരയായി ഈസാ നബിയെ പ്രസവിച്ചു. സുഖപ്രസവം. അമ്മയുടെ മനസും ശരീരവും ആരോഗ്യകരവും ആഹ്ലാദകരവും ആയിരിക്കുന്ന സന്ദർഭത്തിൽ ജനിക്കുന്ന കുഞ്ഞിൽ ഓജസ്സും ബുദ്ധിയും ആരോഗ്യവും പ്രതിരോധ ശേഷിയും ഉണ്ടാകുമെന്ന് ആധുനിക പഠനങ്ങൾ പറയുന്നു. ഏതൊരു ഗർഭിണിയെയും കൂടെയുള്ളവർ ട്രീറ്റ് ചെയ്യേണ്ട ‘പ്രകൃതി’ വഴികളാണ് ഖുർആൻ നിർദ്ദേശിച്ചിരിക്കുന്നത്.
‘മർയമിന്റെ രക്ഷിതാവിന്റെ കുറിപ്പടിയും സ്നേഹ സാന്ത്വന സന്ദേശങ്ങളും വായിക്കാൻ സൂറ മർയം 22 – 26 സൂക്തങ്ങളിലേക്ക് സ്വാഗതം.
فَحَمَلَتْهُ فَٱنْتَبَذَتْ بِهِ مَكَاناً قَصِيّاً } * { فَأَجَآءَهَا ٱلْمَخَاضُ إِلَىٰ جِذْعِ ٱلنَّخْلَةِ قَالَتْ يٰلَيْتَنِي مِتُّ قَبْلَ هَـٰذَا وَكُنتُ نَسْياً مَّنسِيّاً فَنَادَاهَا مِن تَحْتِهَآ أَلاَّ تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيّاً } * { وَهُزِّىۤ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَاقِطْ عَلَيْكِ رُطَباً جَنِيّاً } * { فَكُلِي وَٱشْرَبِي وَقَرِّي عَيْناً فَإِمَّا تَرَيِنَّ مِنَ ٱلبَشَرِ أَحَداً فَقُولِيۤ إِنِّي نَذَرْتُ لِلرَّحْمَـٰنِ صَوْماً فَلَنْ أُكَلِّمَ ٱلْيَوْمَ إِنسِيّاً
“മർയം ഈസായെ ഗർഭം ചുമന്നു. ഗർഭവും വഹിച്ച് ദൂരെ ഒരു സ്ഥലത്തേക്ക് പോയി. ഗർഭാസ്വസ്ഥതകൾ അവളെ ഒരു ഈത്തപ്പന തടിയിലേക്ക് കൊണ്ടുപോയി. അവൾ ആത്മഗതം ചെയ്തു : ‘ഈ സംഭവത്തിനു മുമ്പ് മരിച്ചാൽ മതിയായിരുന്നു, എന്നെ എല്ലാവരും മറന്നാൽ മതിയായിരുന്നു’. അപ്പോൾ കുന്നിനു താഴെ നിന്നും അല്ലാഹു മർയമിനെ വിളിച്ചു പറഞ്ഞു: ‘നീ വിഷമിക്കരുത് മർയമേ, നിന്റെ രക്ഷിതാവ് താഴെ ഒരരുവി സംവിധാനിച്ചിരിക്കുന്നു. ആ ഈത്തപ്പന തടി നീ നിന്നിലേക്ക് ആഞ്ഞു കുലുക്കുക. അത് നിനയ്ക്ക് നന്നായി പഴുത്ത ഈത്തപ്പഴം ഇട്ടുതരും. അങ്ങനെ നീ തിന്നുകയും കുടിക്കുകയും ചെയ്യുക. സന്തോഷവതിയായി ഇരിക്കുക. ഏതെങ്കിലും മനുഷ്യരെ കാണുന്ന പക്ഷം, പരമകാരുണികനായ അല്ലാഹുവിന്റെ നിർദ്ദേശ പ്രകാരം ഞാൻ മൗനവ്രതം നേർന്നിരിക്കുന്നു, അതിനാൽ ഒരു മനുഷ്യനോടും ഞാൻ ഇന്ന് സംസാരിക്കില്ല എന്ന് ആംഗ്യ ഭാഷയിൽ പറഞ്ഞേക്കണം”.
സുബ്ഹാനല്ലാഹ് ..
?????
Leave a Reply