സൗന്ദര്യത്തെ ജമാൽ, സീനത്ത്, ഹുസ്ൻ എന്നീ മൂന്നു പദങ്ങൾ ഉപയോഗിച്ചാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്.
പ്രഥമദൃഷ്ടിയിൽ, അനുഭവത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മനോഹരം എന്ന ഇമ്പ്രെഷൻ ഉണ്ടാക്കുന്ന സൗന്ദര്യ തലമാണ് ജമാൽ. മറ്റു അലങ്കാരങ്ങളില്ലാതെയും പൊടിപ്പും തൊങ്ങലും വെച്ച് പിടിപ്പിക്കാതെയുമുള്ള ‘ഉടൽ’ സൗന്ദര്യം. നീരസമുണ്ടാക്കാത്ത ഭാവങ്ങൾ, നിലപാടുകൾ, പെരുമാറ്റം, വാക് പ്രയോഗങ്ങൾ തുടങ്ങിയവ ‘ജമീൽ’ ആയി വിലയിരുത്തപ്പെടും.
സഹോദരൻ യൂസുഫിനെ പൊട്ടക്കിണറ്റിലിട്ട സഹോദരന്മാർ പിതാവ് യഅഖൂബ് നബിയോട്, ‘യൂസുഫിനെ ചെന്നായ പിടിച്ചു’ എന്ന് കളവു പറഞ്ഞപ്പോൾ, അവരെ ഒട്ടും സംശയിപ്പിക്കാതെ, പിതാവിന് യാതൊരു ശങ്കയും ഇല്ലെന്ന് അവർക്ക് തോന്നുമാറ്, മനോഹരമായി ക്ഷമ കാണിച്ച യഅഖൂബിന്റെ പ്രതികരണത്തെ ഖുർആൻ വിശേഷിപ്പിച്ചത് ‘സ്വബ്റുൻ ജമീലുൻ’ എന്നായിരുന്നു. പിന്നീട് മറ്റൊരു സഹോദരൻ ബിൻയാമിനെ കളവുകേസിൽ പിടിച്ചുവെക്കപ്പെട്ട കാര്യം വന്നു പറഞ്ഞപ്പോഴും, യഅഖൂബ് നബി ‘സ്വബ്റുൻ ജമീലുൻ’ പ്രകടിപ്പിച്ചുവെന്നാണ് ഖുർആൻ പറയുന്നത്.
പരലോക സംഭവത്തെ നിഷേധിക്കുന്ന അവിശ്വാസികൾ, എപ്പോഴാണ് ഖിയാമത്ത് നാൾ’ എന്ന് ചോദിച്ചു ശല്യം സൃഷ്ടിച്ചപ്പോൾ, മുഹമ്മദ് നബിയോട് അല്ലാഹു കല്പിക്കുന്നത്, ‘സ്വബ്രൻ ജമീലൻ’ കൈക്കൊള്ളാൻ ആയിരുന്നു; അവരുടെ നിഷേധത്തിൽ ആകുലപ്പെടാതെയും വിഷമിക്കാതെയും, ആ നിഷേധവും ചോദ്യം ചെയ്യലും തന്നെ യാതൊരർത്ഥത്തിലും കോപാന്ധനാക്കുകയോ അനുചിതമായി പ്രതികരിച്ചുപോകുമാർ അനിയന്ത്രിതനാക്കുകയോ ചെയ്യുന്നില്ലെന്ന് പ്രത്യക്ഷത്തിൽ തന്നെ കാണാവുന്ന ‘മനോഹരമായ ക്ഷമ’. ഇതുതന്നെ, ‘അസ്സ്വഫ്ഹൽ ജമീൽ’ എന്ന പ്രയോഗത്തിലൂടെ 15 / 85 ൽ പ്രകടിപ്പിക്കുന്നു; ‘സുന്ദരമായ വിട്ടുവീഴ്ച’. ഒരുവേള അവഗണിക്കേണ്ട സ്ഥിതി വിശേഷം ഉള്ളപ്പോൾ, ‘ഹജ്റൻ ജമീലൻ’= മനോഹരമായ പിണക്കം/ അകന്നു നിൽക്കൽ’ എന്ന നയമാണ് വേണ്ടതെന്നും നബി തിരുമേനിയെ അല്ലാഹു പഠിപ്പിക്കുന്നു (73/10 ).
ആർഭാടം നിറഞ്ഞ ജീവിത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കൂടെ ജീവിക്കാൻ വല്ലോർക്കും പ്രയാസമുണ്ടെങ്കിൽ, നിങ്ങളെ സസന്തോഷം പിരിച്ചിവിടാം എന്ന് നബി തിരുമേനി സ്വപത്നിമാരോട് തുറന്നു പറയുന്ന രംഗം ഖുർആനിലുണ്ട്; ആർക്കും നീരസമോ വിഷമമോ ഇല്ലാത്ത വിധം ‘മനോഹരമായ പിരിച്ചുവിടൽ’ = സറാഹൻ ജമീലൻ‘; പിരിഞ്ഞുപോക്കിൽ ഇരുപക്ഷത്തും നീരസം അവശേഷിക്കാത്ത പിരിച്ചുവിടൽ. ഇണചേരും മുമ്പേ വിവാഹ ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്ന ഘട്ടത്തിൽ, വിശ്വാസികളോടെല്ലാം പറയുന്നത്, പിരിച്ചുവിടൽ സറാഹൻ ജമീലൻ’ ആയിരിക്കണമെന്നാണ്(33/49). എത്രമനോഹരമായിരുന്നു ആ വേർപാട് എന്ന പ്രതീതിയാണ് അവശേഷിക്കേണ്ടത്.
സീനത്ത് അലങ്കാരമാണ്. പ്രത്യക്ഷ സൗന്ദര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആർക്കും, എന്തിനും സീനത്ത് ഉണ്ടാക്കാം. കേശാലങ്കാരം, ഉടയാടകൾ, വേഷഭൂഷകൾ, നിറച്ചാർത്തുകൾ, ദീപാലങ്കാരങ്ങൾ കൊണ്ടെല്ലാം സീനത്ത് ഉണ്ടാക്കുന്നു. വിശുദ്ധ ഖുർആനിൽ പത്തൊമ്പത് തവണ സീനത്ത് പ്രയോഗിച്ചിട്ടുണ്ട്; പത്തൊമ്പതിടത്തും അലംകൃത സൗന്ദര്യമാണ് സീനത്ത്. സമീപസ്ഥമായ ദൃശ്യപ്രപഞ്ചം വലിയ തൂക്കുവിളക്കുകൾ (കൗകബ് = ഭൂമിയിൽ നിന്നും കാണപ്പെടുന്ന വലിയ നക്ഷത്രങ്ങൾ) എന്ന അലങ്കാരം (സീനത്ത് ) കൊണ്ട് കാഴ്ചയ്ക്ക് ഭംഗിയാക്കിയ സംഗതി അല്ലാഹു അനുസ്മരിക്കുന്നുണ്ട്.
മരുഭൂ വാഹനങ്ങളായിരുന്ന കുതിരയും കഴുതയും സീനത്ത് ആയി ഉപയോഗിക്കാൻ നൽകിയ അനുഗ്രഹം ഓർമ്മപ്പെടുത്തുന്നു. സമ്പത്തും സന്താനങ്ങളും ഭൗതിക ജീവിതത്തിലെ സീനത്ത് ആണെന്ന് ഉണർത്തുന്നു. ഭൗതിക ലോകം തന്നെ ഒരു സീനത്ത് ആണെന്നും അതിൽ വഞ്ചിതരാകരുതെന്നും ഉണർത്തുമ്പോൾ, ഭൗതിക ലോകത്തിലെ സീനത്തിനു പിന്നിൽ യഥാർത്ഥ സൗന്ദര്യം ഇല്ലെന്ന സൂചനകൂടിയുണ്ട്. സ്ത്രീ സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ സീനത്ത് പലവട്ടം കടന്നുവരുന്നു. ‘വസ്ത്രത്തിനു മുകളിൽ കാണുന്നതല്ലാതെ ഉടലിനോട് ചേർന്ന ആഭരണങ്ങൾ കാണുന്ന വിധം ശരീരം പ്രദർശിപ്പിക്കരുത്’, അതവർക്ക് ഇണകളുടെ മുന്നിലാകാം; കാലിൽ അണിഞ്ഞ പാദസരമോ മറ്റോ കിലുക്കി തങ്ങളുടെ സീനത്തിലേക്ക് ശ്രദ്ധിപ്പിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ സൂറ നൂറിൽ വന്നിട്ടുണ്ട്.
സീനത്തിന്റെ ക്രിയാരൂപങ്ങൾ ഭാഷാർത്ഥത്തിലും ആലങ്കാരിക അർത്ഥത്തിലുമായി ഇരുപത്തേഴു തവണ വേറെയും ആവർത്തിച്ചിട്ടുണ്ട്. ദൃശ്യപ്രകാശം നക്ഷത്രവിളക്കുകൾ കൊണ്ട് അലങ്കരിച്ചത്( زيَّنا), വർഷപാതം അനുഭവിച്ച ഭൂമി, അതിന്റെ അലങ്കാരങ്ങൾ പുറത്തേക്കു നീട്ടി സുന്ദരിയാകുന്നത് (ازّينت ) ഭാഷാർത്ഥത്തിൽ എടുക്കാം. എന്നാൽ, ഇച്ഛ (ഹവ) യ്ക്ക് അടിമയായി ചെയ്യുന്ന കർമ്മങ്ങൾ, പിശാചിന്റെ ദുർബോധനത്തിനുവഴങ്ങി കാട്ടിക്കൂട്ടുന്ന പ്രവൃത്തികൾ, കൊണ്ടുനടക്കുന്ന വിശ്വാസങ്ങൾ അതിന്റെ കർത്താക്കൾ അലംകൃതമായി തെറ്റിദ്ധരിക്കുന്ന സ്ഥിതിവിശേഷത്തെയും സയ്യന്നാ, സുയ്യിന തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് കാണിച്ചത് മനോഹരമായ ഭാഷാ പ്രയോഗമായിരിക്കുന്നു.
ദുർമാർഗ്ഗത്തിലേക്ക് വഴിതെറ്റിക്കാൻ പിശാച് ഉപയോഗിക്കുന്ന ഭീകരമായ ഒരു അടവാണ് സൗന്ദര്യ സങ്കൽപം. പല വിശ്വാസങ്ങളും പ്രവൃത്തികളും ‘സുന്ദരം, സുമോഹനം’ എന്ന് തോന്നിപ്പിക്കുകയും അതിനു സിദ്ധാന്തം പടയ്ക്കുകയും ചെയ്യുകയാണ് അവൻ ചെയ്യുക. ഇക്കാര്യം ഖുർആൻ പതിനഞ്ചിലേറെ തവണ ഉണർത്തുന്നുണ്ട്. പിശാചിന്റെ പ്രവർത്തന നയവും ശൈലിയും അവനെക്കൊണ്ടുതന്നെ ഖുർആൻ പറയിപ്പിക്കുന്നിടത്ത് , ഇങ്ങനെ വായിക്കാം : “അവൻ/പിശാച് പ്രതികരിച്ചു : എന്റെ നാഥാ, നീ എന്നെ വഴികേടിലാക്കിയതിനാൽ (അവൻ വഴികേട്‌ സ്വയം തിരഞ്ഞെടുത്തതാണ്; എന്നിട്ടും പടച്ചവനെ പ്രതിയാക്കുന്നു- ലേഖകൻ ), ഭൂമിയിലെ വാസ കാലത്ത് ഓരോ മനുഷ്യന്നും, എന്റെ നികൃഷ്ട വഴികളെ ഞാൻ അവർക്ക് അലങ്കരിച്ചു കാണിച്ചു കൊടുക്കുകയും അവരെ മുഴുവൻ വഴികേടിലാക്കുകയും ചെയ്യുന്നതാണ്”(15/39).
ഈ ചതിയിൽ പെടാതെ അല്ലാഹു തന്റെ ആളുകളെ രക്ഷിക്കും. അവരുടെ മനസ്സുകളിൽ സത്യവിശ്വാസത്തിനോട് മഹബ്ബത്ത് (ഇഷ്ടം/ കാമന ) തോന്നിപ്പിക്കുകയും അലങ്കാരം നൽകുകയും ചെയ്യും; അങ്ങനെ അവരുടെ മനസും ദൃഷ്ടിയും സത്യവിശ്വാസത്തിൽ കൗതുകപ്പെടുന്നതായി മാറും. ഇക്കാര്യം ഹുജുറാത്ത് ഏഴാം സൂക്തത്തില് അല്ലാഹു പ്രഖ്യാപിക്കുന്നു. അതായത്, മുഴുവൻ ഉടയാടകളോടെ പിശാച് അവിശ്വാസവും ദുർമാർഗ്ഗവും ജനസമക്ഷം അവതരിപ്പിക്കുമ്പോൾ, തന്റെ സ്വന്തക്കാരുടെ മുന്നിൽ അല്ലാഹു സത്യവിശ്വാസത്തെയാണ് നിറച്ചാർത്തോടെ അവതരിപ്പിക്കുക. അല്ലാഹു വർണ്ണം നൽകിയാൽ അതിനേക്കാൾ സുന്ദരമായ വർണ്ണം നൽകാൻ ആരുണ്ട്? (2 /138 )
ഹുസ്ൻ ആത്യന്തിക സൗന്ദര്യമാണ്. ഏറെയും ആന്തരീയ സൗന്ദര്യവുമാണ്. സീനത്തും ജമാലും ഇല്ലെങ്കിലും ഹുസ്ൻ ഉണ്ടാകാം. ഹുസ്ൻ ആകുന്നു ഖുർആൻ കൂടുതൽ ചർച്ച ചെയ്യുന്ന സൗന്ദര്യ ഭാവം. ഉടൽ സൗന്ദര്യത്തിനപ്പുറം സത്താ സൗന്ദര്യത്തെ പ്രഘോഷിക്കുന്ന ഖുർആൻ, ആന്തരികവും അതിന്റെ ബഹിർസ്ഫുരണവുമായ ഇഹ്‌സാൻ(= സൗന്ദര്യവൽക്കരണം) നിരന്തരം പ്രേരിപ്പിക്കുന്നു. നന്മ എന്ന അർത്ഥത്തിൽ വന്നിട്ടുള്ള ഹസൻ, ഹസനത്ത് നന്മയുടെ ആത്യന്തിക സൗന്ദര്യത്തിലേക്ക് സൂചന നൽകുന്നു. മനസ്സറിഞ്ഞുള്ള ഇബാദത്തും ജനക്ഷേമ പ്രവർത്തനവും ഇഹ്‌സാൻ എന്ന പദത്തിലൂടെ പരിചയപ്പെടുത്തുന്നു.
ഖുര്ആന് അല്ലാഹുവിന്റെ സൗന്ദര്യം പ്രകാശിപ്പിക്കുന്ന ‘സുന്ദര നാമങ്ങൾ’ അവതരിപ്പിക്കുന്നു. ഈ സുന്ദര നാമങ്ങളിൽ ജബ്ബാർ(സ്വേച്ഛാധിപതി), മുതകബ്ബിർ (‘അഹംഭാവി’) തുടങ്ങിയ ഗൗരവ നാമങ്ങൾ (ജലാലത്ത്) ഉൾപ്പെടുന്നത്, അതിലെ പ്രത്യക്ഷ സൗന്ദര്യത്തെയല്ല, ആത്യന്തിക സൗന്ദര്യത്തെ കാണിക്കുന്നു. ആത്യന്തിക സൗന്ദര്യം ഉള്ളതുകൊണ്ടാണ് അത് സുന്ദരനാമങ്ങളിൽ ഉൾപ്പെട്ടത്.
ഒരാൾക്ക് ജമാൽ ഇല്ലെങ്കിലും ഹുസ്ൻ ഉണ്ടാക്കിത്തരുന്ന യോഗ്യതകൾ പലതാണ്: അതിൽ പ്രധാനമാണ് അറിവും പൊരുളറിവും; ഇൽമും ഹിക്മത്തും. കേവല അറിവ് മഹാസൗന്ദര്യമാണ്; അതിൽ പൊരുളറിവ് കൂടി ചേർന്നാൽ സൗന്ദര്യത്തിന്മേൽ സൗന്ദര്യമായി. ഹുസ്‌നുൽ ഖുല്ഖ് = സ്വഭാവ സൗന്ദര്യം കൂടി ആയാൽ കെങ്കേമം. ഈ സൗന്ദര്യം ആരെയും ആകർഷിക്കും. സ്ത്രീകളെ ആകർഷിക്കുക ജമാലിനെക്കാൾ ഏറെ ഹുസ്ൻ ആയിരിക്കും.
ഈജിപ്തിലെ രാജ്ഞി സലീഖ യൂസുഫിന്റെ ജമാൽ കണ്ടിട്ടല്ല നിയന്ത്രണം വിട്ടുപോയത്; ഹുസ്ൻ ആയിരുന്നു അതിനു പിന്നിൽ. യൂസുഫ് 22 ൽ ആ യുവാവിന്റെ ഹുസ്നിന്റെ രഹസ്യം അല്ലാഹു വെളിപ്പെടുത്തുന്നുണ്ട്: “യൗവ്വനക്കരുത്തിലെത്തിയപ്പോൾ നാം അവനു പൊരുളറിവും അറിവും (حكما وعلما) നൽകുകയുണ്ടായി; ഇപ്രകാരമാണ് നാം ആന്തരിക സൗന്ദര്യം ഉള്ളവരാക്കിത്തീർക്കുക”. ഈ പരാമർശത്തെ തുടർന്നാണ് രാജ്ഞി ആ സൗന്ദര്യത്തെ പ്രേമിച്ച സംഭവം വിവരിക്കുന്നത്.
പൊരുളറിവിന്റെ ഫലം യൂസുഫ് കാണിച്ചത് കേവലം രാജ്ഞിയുടെ മുമ്പാകെ മാത്രമല്ല. രാജ്ഞി തന്റെ വേലക്കാരനെ വശീകരിച്ചു എന്നാരോപിച്ച സുന്ദരികളായ കുല സ്ത്രീകളുടെ മുന്നിലും യൂസുഫ് തന്റെ ആന്തരിക വിശുദ്ധിയുടെ സൗന്ദര്യം കാണിച്ചു കൊടുത്തു. യൂസുഫ് ശുദ്ധനാണ്; ആ മനുഷ്യനെ ഒരു പെണ്ണിനും വശീകരിക്കാൻ കഴിയില്ല എന്ന് തെളിയിക്കാൻ രാജ്ഞി തീരുമാനിച്ചു. ഏതൊരു യുവാവും പ്രഥമ കാഴ്ചയിൽ വികാര വിജൃംഭിതനായി പോകുന്ന സുന്ദരികളെ ഒരിടത്തോ പലേടത്തോ ഇരുത്തി. അവർക്കിടയിലൂടെ ജ്ഞാനിയായ യുവാവ് കടന്നുപോയി. പക്ഷേ, അവരാരും യൂസുഫിന്റെ ധർമ്മ ബോധത്തെ ഇളക്കാൻ മതിയായവർ ആയിരുന്നില്ല. ലോകസുന്ദരികളായ തങ്ങളെ കണ്ടിട്ടും ഒന്ന് നോക്കുകപോലും ചെയ്യാതെ ‘മാന്യനായി’ കടന്നു പോയ ആ യുവാവിന്റെ കരുത്തുകണ്ട ഓരോ സ്ത്രീയും ആ മനുഷ്യന്റെ വലിപ്പം തിരിച്ചറിഞ്ഞു. ഇതൊരു മനുഷ്യന് സാധ്യമായ കാര്യമല്ല; തിന്മയെക്കുറിച്ചുള്ള വിചാരം പോലുമില്ലാത്ത മലക്കിന്റെ അവസ്ഥയാണ് എന്ന് പ്രതികരിച്ചു പോയി. മലക് സൗന്ദര്യത്തിന്റെ പ്രതീകം അല്ലല്ലോ. വിശുദ്ധിയുടെതാണ്. തിന്മകളുടെ നടുവിലൂടെ വിവേകികള് മാന്യൻമാരായി കടന്നുപോകുമെന്ന് ഖുര്ആന്. وإذا مروا باللغو مروا كراما. ആ മാന്യത യാണ് യൂസുഫ് നബി കാണിച്ചു തന്നത്. ഈ അത്ഭുത മനുഷ്യന്റെ വിശുദ്ധിയിൽ സ്തബ്ധരായ അവർ കയ്യിലെ കത്തി കൊണ്ട് ആപ്പിളിന് പകരം വിരൽ മുറിച്ചുപോയി. ജ്ഞാനിയായ യുവാവിന്റെ ആന്തരിക സൗന്ദര്യം അവിടെ വീണ്ടും തെളിയിക്കപ്പെട്ടു.
ഏതൊരു സ്ത്രീയും ഈ യുവാവിന്റെ ഉടലഴകിൽ വീണുപോകും എന്ന് തെളിയിക്കാനുള്ള ശ്രമമായിരുന്നില്ല അവിടെ നടന്നത്. അങ്ങനെ കഥകളിൽ കാണുമെങ്കിലും. ഏതൊരു സുന്ദരിക്കും ഇളക്കാൻ കഴിയുന്നതല്ല ആ യുവാവിന്റെ വിശുദ്ധിയെന്നു തെളിയിക്കാൻ ഉള്ളതായിരുന്നു. യൂസുഫിനെ കാണിച്ചു സ്ത്രീകളെ വീഴ്ത്തുകയായിരുന്നില്ല; സ്ത്രീകളെ കണ്ടാൽ യൂസുഫ് വീഴില്ല എന്ന് തെളിയിക്കുന്ന സംഭവമായിരുന്നു അത്. സൂറ യൂസുഫ് 30 , 31 ,51 സൂക്തങ്ങൾ ചേർത്തുവെച്ചു വായിച്ചാൽ ഇക്കാര്യം വ്യക്തമാകും. ‘പ്രഭുവിന്റെ ഭാര്യ തന്റെ വേലക്കാരനെ വശീകരിക്കാൻ ശ്രമിക്കുന്നു..’, യൂസുഫിനെ വശീകരിക്കാൻ കുതന്ത്രം പ്രയോഗിക്കുന്ന സ്ത്രീകളെ കുറിച്ച് അവൾ കേട്ടപ്പോൾ, അവർക്കതിനുള്ള ഒരു വേദി തന്നെ ഒരുക്കിക്കൊടുത്തു..’ രാജാവ് ആ സ്ത്രീകളെ വിളിച്ച് ചോദിച്ചു: യൂസുഫിനെ വശീകരിക്കാൻ നിങ്ങൾ ശ്രമം നടത്തിയിട്ടു എന്തുണ്ടായി? അവർ പറഞ്ഞു: അല്ലാഹു പരിശുദ്ധൻ, അദ്ദേഹത്തെ തെറ്റിദ്ധരിക്കാൻ ഞങ്ങൾക്ക് ഒന്നും ലഭിച്ചില്ല’.. പ്രഭുവിന്റെ ഭാര്യ പറഞ്ഞു: ശരിയാണ്, അയാളെ വീഴ്ത്താൻ ഞാൻ വൃഥാ ശ്രമിച്ചതായിരുന്നു; അതാണ് സത്യം’.
അല്ലാഹുവിന്റെ സുന്ദര നാമങ്ങളിലൂടെയും ആ സൗന്ദര്യം വിളിച്ചു പറയുന്ന പ്രകൃതിയിലെ ഓരോ വസ്തുക്കളുടെ തസ്ബീഹുകളിലൂടെയും അല്ലാഹുവിന്റെ സൗന്ദര്യം തിരിച്ചറിയുന്ന ഏതൊരു വിശ്വാസിയും അവന്റെ സൗന്ദര്യത്തെ അടുത്തറിയാൻ കൊതിച്ചുപോകും. ചിലപ്പോൾ നിലവിടും; നിലവിടുന്ന പ്രേമാന്ധതയെയാണ് സലീഖ പ്രതിനിധാനം ചെയ്യുന്നത്.
തിരിച്ചോ? അതിലും പ്രതീകാത്മകത കാണാം. ഭൗതിക ലോകത്തിന്റെ കൃത്രിമ സൗന്ദര്യത്തിൽ വഞ്ചിതരാകരുതെന്നു പലതവണ ഉണർത്തിയിട്ടുണ്ടല്ലോ അല്ലാഹു. വഞ്ചനാത്മകമായ ഈ സൗന്ദര്യത്തിൽ ലക്‌ഷ്യം മറന്നുപോകാതെ, ധാർമ്മിക ബോധത്തിൽ ഉറച്ചു നിൽക്കുന്ന, കരുത്തിന്റെ പ്രതീകമാണ് യൂസുഫ്; സലീഖ അണിഞ്ഞൊരുങ്ങിയ ദുൻയാവും. യുവ ചാപല്യങ്ങൾ, സ്ത്രീയുടെ ഭാഗത്തു നിന്നുള്ള തയ്യാറെടുപ്പ്, അവൾ സുന്ദരിയും രാജ്ഞിയും, ആരുമില്ലാത്ത സ്വകാര്യ വേദി .. ഇങ്ങനെയുള്ള എല്ലാ തള്ളുകളും പ്രതിരോധിച്ച്, അണിഞ്ഞൊരുങ്ങിയ അധർമ്മം ‘വരൂ വരൂ’ (ഹൈത്ത ലക് ) എന്ന് മോഹിപ്പിച്ചു പിടിവലിക്കുമ്പോൾ ‘മആദല്ലാഹ്’= അല്ലാഹുവിൽ അഭയം എന്ന് ധീരമായി പ്രഖ്യാപിച്ചു പിന്തിരിഞ്ഞോടുന്ന ധർമ്മപോരാളിയാണ് യൂസുഫ്. അതാണ് അവർക്ക് പൊരുളറിവ് ലഭിച്ചതിന്റെ ഫലം. അതായിരുന്നു അവരുടെ ആന്തരിക സൗന്ദര്യം; കേവല ഉടൽ സൗന്ദര്യമായിരുന്നില്ല അദ്ദേഹം.
മനുഷ്യനെ സുന്ദര ഘടനയിൽ (അഹ്‌സന തഖ്വീം) പടച്ച തമ്പുരാൻ, ‘സുന്ദരമായ കർമങ്ങൾ’ (അയ്യൂകും അഹ്‌സനു അമലൻ) ചെയ്യുവാനായിട്ടാകുന്നു മരണവും ജീവിതവും അടങ്ങിയ ഈ ഇഹലോകം സംവിധാനിച്ചിരിക്കുന്നത്.
Leave a Reply