യസീദ് : ഭരണം , വ്യക്തിത്വം..

===========================
യസീദിന്റെ  ഭരണ വൈകല്യങ്ങളും പറയപ്പെടുന്ന അധാര്‍മികതയുമാണ് ചിലരെ ചൊടിപ്പിച്ചിട്ടുള്ളത്. ശരിയാണ്, പിതാവ് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ യസീദിന്നു ഒട്ടും സാധിച്ചിട്ടില്ല. തന്‍റെ സൈന്യാധിപരും ഗവര്‍ണര്‍മാരും തന്‍റെ പ്രതീക്ഷക്ക് വിരുദ്ധമായി “പട്ടാളഭരണം’ നടത്തിയത് യസീദിനു ചീത്തപ്പേരുണ്ടാക്കി. അധികാരത്തില്‍ കയറിയ ഒന്നാം വര്‍ഷത്തിലെ ദാരുണമായ കര്‍ബല, രണ്ടാം വര്‍ഷത്തില്‍ തിരുനബിയുടെ വിശുദ്ധ ഹറമില്‍ ചോര വീഴ്ത്തിയ ഹര്‍റ സംഭവം, മൂന്നാം വര്‍ഷത്തില്‍ വിശുദ്ധ കഅബാലയത്തിന് കേടുവരുത്തുമാര്‍ പട്ടാളം അവിടെ സായുധപ്പടയോട്ടം നടത്തിയത്, മൂന്നര വര്‍ഷത്തെ യസീദ് ഭരണത്തിന്‍റെ നിറം കെടുത്തിക്കളഞ്ഞു. തന്‍റെ ഇമാറത്ത് അംഗീകരിക്കാത്തവരുമായുള്ള തുടര്‍ച്ചയായ ഈ ഭീകരയുദ്ധങ്ങള്‍ നിമിത്തം യസീദ് ഒരു ക്രൂരനായി ചിത്രീകരിക്കപ്പെട്ടു. അദ്ദേഹത്തെ പലരും ‘അമീറുല്‍ മുഉമിനീന്‍’ എന്ന് വിളിക്കാന്‍ മടിച്ചു. ബനൂ ഉമയ്യക്കാരന്‍ തന്നെ ആയിരുന്ന ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്‌ റഹി, യസീദിനെ അങ്ങനെ വിളിച്ചയാളെ ശിക്ഷിച്ചുവത്രെ. അതേസമയം, ബനൂ ഉമയ്യ തരിപ്പണമായ ശേഷം, പ്രസിദ്ധനായ ഹദീസ് വക്താവ് ലൈസ് റഹി (മ. ഹി. 147)യും, ഒമ്പത്- പത്ത് നൂറ്റാണ്ടില്‍ ജീവിച്ച ഹദീസ് വിദഗ്ധന്‍ ഇബ്നു ത്വൂലൂന്‍ റഹി ഖൈദ്ശരീദിലും അദ്ദേഹത്തെ ‘അമീറുല്‍ മുഉമിനീന്‍’ എന്ന് വിശേഷിപ്പിക്കുന്നു. ( സയ്യിദ്നാ അലി സൈനുല്‍ ആബിദീന്‍ യസീദിനെ പരാമര്‍ശിക്കുമ്പോള്‍ ‘അമീറുല്‍ മുഉമിമിനീന്‍’ എന്ന് വിശേഷിപ്പിച്ചിരുന്നു)

യസീദിന്റെ ഭരണ കാലത്ത് കാര്യപ്രസക്തമായ മുന്നേറ്റങ്ങള്‍ ഉണ്ടായില്ല. ആഭ്യന്തര കലഹങ്ങളില്‍ മുഴുകേണ്ടി വരുമ്പോള്‍ സ്വാഭാവികമായും അതിര്‍ത്തി വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കുറയുമെന്നതിനു സയ്യിദുനാ അലി റ വിന്‍റെ ഖിലാഫത്ത് കാലം തന്നെ മികച്ച ഉദാഹരണം. ഭരണ പരാജയത്തിനപ്പുറം അയാളുടെ വ്യക്തിത്വവും ചോദ്യം ചെയ്യപ്പെട്ടു. അയാള്‍ മദ്യപാനിയാണ്, നര്‍ത്തകികളെ ആസ്വദിക്കുന്നവനാണ്. നിസ്കരിക്കാറില്ല.. തുടങ്ങിയ ആരോപണങ്ങള്‍ പല കോണുകളില്‍ നിന്നും ആവര്‍ത്തിച്ചു കേള്‍ക്കുന്നു. അബ്ബാസി ഭരണ കാലത്ത് എഴുതപ്പെട്ട ചില ചരിത്ര കൃതികളും എക്കാലത്തെയും റാഫിദീ പക്ഷം ചേര്‍ന്നുള്ള ചരിത്ര രചനകളും ഇവയെ സംശോധന ചെയ്യാതെ പകര്‍ത്തുന്ന പില്‍കാല രചനകളും യസീദ് എന്ന ഭീകര ഭരണാധികാരിയെ കടുത്ത ഭാഷയില്‍ ആക്ഷേപിച്ചു. ഇവ വായിക്കുന്ന സകലരും അയാളെ ശപിച്ചു. മനസാ വെറുത്തു. ഇബലീസിനു ശേഷം ഏറ്റവുമേറെ ശാപം കേള്‍ക്കുന്നത് ഒരു പക്ഷേ യസീദ് ആയിരിക്കാം.

ഉന്നതരായ ഉലമാക്കള്‍ വരെ യസീദിനെ അയാളുടെ അധാര്‍മികതയും ക്രൂരതയും സ്മരിച്ച് അയാള്‍ ഫാസിഖും മാരിഖും ആണെന്നു വിധിച്ച് ശപിക്കുന്നവരില്‍ ഉണ്ട്. പ്രസിദ്ധനായ അബുല്‍ ഫറജ് ഇബ്നുല്‍ ജൌസി യസീദിനെ ശക്തമായി ആക്ഷേപിക്കുന്നുണ്ട്, തന്‍റെ റദ്ദ് അലാ മനഅ’ യില്‍. അക്കാലത്തെ ഖലീഫ പങ്കെടുത്ത ഒരു സദസ്സില്‍ വെച്ച്, യസീദിനെ ശപിക്കാമോ’ എന്ന ചോദ്യം വന്നപ്പോള്‍ ശപിച്ചു കേള്‍പിച്ചുകൊടുത്ത ഇബ്നുല്‍ ജൗസിയുടെ തീവ്ര നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് വേദിയില്‍ ഉണ്ടായിരുന്ന അബ്ദുല്‍ മുഗീസ് അല്‍ഹന്ബലി യെന്ന പണ്ഡിതന്‍ ‘ഫളാഇലു യസീദ്’ എന്നൊരു ലഘു കൃതി രചിച്ചു. അതിനുള്ള മറുപടിയാണ് ഇബ്നുല്‍ ജൗസിയുടെ ‘റദ്ദ്’.

(ഇബ്നു ഹജര്‍ അല്‍ഹൈതമി തന്‍റെ അസ്സ്വവാഇഖിന്‍റെ രചനക്ക് പ്രസ്തുത ഗ്രന്ഥം അവലംബിച്ചിട്ടുണ്ട്. ഇബ്നുല്‍ ജൗസിയില്‍ നിന്നും കുറെ പകര്‍ത്തിയതിനാല്‍ അവയെല്ലാം അദ്ദേഹത്തിന്‍റെ നിലപാടായി ചിലര്‍ ധരിച്ചുപോയിരിക്കുന്നു.തന്‍റെ ഫതവയിലെ നിലപാടുകള്‍ക്ക് വിരുദ്ധമായി സ്വവാഇഖില്‍ ഒന്നും ഇല്ല. സ്വവാഇഖ് പരിശോധിച്ച അല്ലാമാ സബീദി ഇബ്നു ഹജറിന്റെ നിലപാട് ഉദ്ധരിക്കുന്നു: “(ഗസാലി ഇമാം എടുത്ത ഈ തീരുമാനമാണ്) മദ്ഹബിന്‍റെ അടിസ്ഥാന നിയമങ്ങളോട് ഏറ്റവും അനുയോജ്യം. അയാള്‍ ഒരു വൃത്തികെട്ട തെമ്മാടി ആണെങ്കില്‍പോലും അയാളെ ശപിക്കാന്‍ അനുവദിച്ചുകൂടാ.” ഇതില്‍ നിന്നും ഇബ്നു ഹജറിന്റെ നിലപാട് എന്തായിരുന്നെന്ന് വ്യക്തമാണ്.)

യസീദ് ആദ്യേ അധര്‍മ്മിയായിരുന്നെന്നും അല്ല, ഖലീഫ ആയതിനു ശേഷം പിടിവിട്ടതാണെന്നും ആരോപകര്‍ക്കിടയില്‍ ഖിലാഫ് ഉണ്ട്. ഒട്ടേറെ സല്‍ഗുണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും യസീദ് ശരീരേക്ഛക്ക് കീഴ്പ്പെടാറുണ്ടെന്നും ചിലപ്പോള്‍ നിസ്കാരം സമയം വിട്ട് പിന്തിക്കാരുണ്ടായിരുന്നുവെന്നും മിക്കപ്പോഴും ജമാഅത്ത് നഷ്ടപ്പെടുത്തുക പതിവായിരുന്നെന്നും ഇബ്നു ത്വൂലൂന്‍ പോലും രേഖപ്പെടുത്തിയിട്ടുണ്ട്.

മുആവിയയുടെ കാലത്ത് തന്നെ യസീദിന്റെ ‘പിന്തുടര്‍ച്ച’ അംഗീകരിക്കാത്തവര്‍ അയാളുടെ ധാര്‍മികമായ അയോഗ്യത അതിനൊരു കാരണമായി ഉന്നയിച്ചതായി കാണുന്നില്ല. മദീനയില്‍ നിന്നുള്ള ചില പ്രാദേശിക നേതാക്കള്‍ ഡമസ്കസ് സന്ദര്‍ശിച്ചു തിരിച്ചുവന്ന ശേഷമാണ് യസീദിന്റെ അധാര്‍മിക കഥകള്‍ പറഞ്ഞുകേള്‍ക്കുന്നത്. അതറിഞ്ഞപ്പോള്‍ മദീനക്കാര്‍ ബൈഅത്ത് പിന്‍വലിച്ച സംഭവത്തില്‍ നിന്നും, മുമ്പ് ഇത്തരം വര്‍ത്താനം ഉണ്ടായിരുന്നില്ലെന്ന് അനുമാനിക്കാവുന്നതാണ്. ഒരു പക്ഷേ, ശുജാഈ മൊയ്തു മുസ്ല്യാര്‍ എഴുതിയപോലെ, അധികാരത്തില്‍ വാഴാന്‍ തുടങ്ങിയപ്പോള്‍ ക്രമേണ വന്ന മാറ്റമായിരിക്കാം യസീദില്‍. മഹാനായ ഒരു സ്വഹാബിവര്യന്‍ തന്‍റെ പിന്‍ഗാമിയായി മുസ്‌ലിം സമുദായത്തെ ഭരിക്കാന്‍ അധര്‍മിയായ തന്‍റെ പുത്രനെ നിയോഗിക്കുമോ എന്ന ചോദ്യചിഹ്നം മാത്രം മതിയല്ലോ അഹ്ലുസ്സുന്നയ്ക്ക് യസീദിന്റെ അക്കാലം വരെയുള്ള ജീവിതവിശുദ്ധി മനസ്സിലാക്കാന്‍. യസീദിനെ അയാളുടെ കൊട്ടാരത്തില്‍ പോയി സന്ദര്‍ശിക്കുകയും അവിടെ കുറച്ചു ദിവസം പാര്‍ക്കുകയും ചെയ്ത അഹ്ലുല്‍ബൈത്ത് പ്രധാനിയായ അബുല്‍ഖാസിം മുഹമ്മദ്‌ ബ്നുല്‍ ഹനീഫിയ്യയുടെ വെളിപ്പെടുത്തല്‍ യസീദിനെതിരെയുള്ള ‘അധാര്‍മിക’ ആരോപണത്തിന്‍റെ ബലം ഇല്ലാതാക്കുന്നു.

ചരിത്രത്തെ സംശോധന ചെയ്യുന്നതില്‍ മിടുക്കുതെളിയിച്ചവര്‍ ഇത്തരം ആരോപണങ്ങള്‍ തള്ളികളയുകയാണ്. യസീദില്‍ ഖിലാഫത്ത് വാഴ്ചക്ക് മുമ്പോ ശേഷമോ ആരോപിക്കപ്പെടുന്ന ‘തമ്മാടിത്തങ്ങള്‍’ ഉണ്ടായതായി ഒട്ടും സമ്മതിക്കാത്ത അഹ്ലുസ്സുന്ന പണ്ഡിതനാണ് ഹിജ്ര 543 ല്‍ മരണപ്പെട്ട ഇമാം അബൂബകര്‍ ബ്നുല്‍ അറബി അല്മാലികി റഹി. അദ്ദേഹം തന്‍റെ “അല്‍അവാസ്വിം മിനല്‍ ഖവാസ്വിം” യസീദിന്റെ ധാര്‍മികസുസ്ഥിതി ബോധ്യപ്പെടുത്താന്‍ ഉനനയിക്കുന്ന പ്രബല രേഖ , ഇമാം അഹ്മദ് റ ന്‍റെ കിതാബ് സുഹ്ദ് ആകുന്നു. കിതാബ് സുഹ്ദില്‍ സ്വഹാബികളുടെ അവസാനത്തില്‍, താബിഉകളുടെ മുന്നേ, യസീദില്‍ നിന്നും സുഹ്ദ് അടങ്ങിയ പ്രസ്താവന ഉദ്ധരിക്കുന്നുണ്ട്.. സമുദായത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന, ഭൌതിക താല്പര്യങ്ങള്‍ ഒട്ടുമില്ലാത്ത ഇമാം അഹ്മദ് സ്വന്തം രചനയില്‍, അമവികള്‍ കാലഗതി അടഞ്ഞ ശേഷം എഴുതിയ തന്‍റെ അവസാന കാലത്തെ രചനയില്‍, യസീദിന്റെ ‘സ്ഥാനം’ നിര്‍ണ്ണയിച്ചതിനാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് ഇബ്നുല്‍ അറബി വാദിക്കുന്നു. (ഇപ്പോള്‍ ഇറങ്ങുന്ന കിതാബ് സുഹ്ദില്‍ പ്രസ്തുത പരാമര്‍ശം കാണുന്നില്ല എന്ന കാര്യം പ്രസ്താവ്യമാണ്.  ഇമാം അഹ്മദ് യസീദിനെ ശപിക്കാന്‍ അനുവദിച്ചുവെന്നു ഇബ്നുല്‍ ജൌസിയെപ്പോലുള്ളവര്‍ രേഖപ്പെടുത്തിയതായി കാണുന്നുമുണ്ട്. അന്വേഷണം ആവശ്യമുള്ള ഒരു പ്രശ്നമാണിത്) ).

ഇക്കാര്യം ഉണര്‍ത്തിയ ശേഷം ഇബ്നുല്‍ അറബി ചോദിക്കുന്നു:

“മദ്യവും മറ്റു വിവിധ തെമ്മാടിത്തങ്ങളും യസീദിനുമേല്‍ കെട്ടിവെച്ച ചരിത്രകാരന്മാരില്‍ നിന്നും ഇമാം അഹ്മദ് എവിടെ നില്കുന്നു?! ചരിത്രകാരന്മാരേ, നിങ്ങള്ക്ക് നാണമില്ലേ?! അവരില്‍ നിന്നും അല്ലാഹു മാന്യതയും ലജ്ജയും ഊരിയെടുത്തു, (അവരെ അവലംബിക്കുന്ന) നിങ്ങളോ?! നിങ്ങളും അവരെ അകറ്റി നിര്‍ത്തി സത്യത്തെ പരിഗണിക്കുന്നില്ലയോ? മതത്തിന്‍റെ പേരില്‍ നിലകൊള്ളുന്ന നിഷേധികളെയും ആഭാസകരെയും തള്ളിക്കളഞ്ഞ് സമുദായത്തിലെ സാത്വികരും ഭക്തരുമായവരെ പിന്തുടരുന്നില്ലയോ? ‘ഇത് ജനങ്ങള്‍ക്കുള്ള ഒരു വെളിപ്പെടുത്തലാണ്. സല്‍വഴി കാട്ടലും. ഭക്തന്മാര്‍ക്കുള്ള സദുപദേശവും ആകുന്നു’”. (25)കാണുന്നതെല്ലാം വാരിക്കൂട്ടി ചരിത്രമാക്കിയ ചരിത്രകാരന്മാരെയും അതപ്പടി പകര്‍ത്തി ഖുറാന്‍ വ്യാഖ്യാനിച്ച മുഫസ്സിരുകളെയും ഭാഷാ സാഹിത്യകാരന്മാരെയും വിട്ട്, സംശോധന നടത്താന്‍ വൈദഗ്ദ്യമുള്ള മുഹദ്ദിസ്മാരെ സ്വീകരിക്കാന്‍ ഇബ്നുല്‍ അറബി ഉപദേശിക്കുന്നു. എന്നാല്‍, ഹദീസ് സംശോധനയില്‍ വൈദഗ്ദ്യമുള്ള മഹാജ്ഞാനിയും യസീദിനെതിരെയുള്ള റാഫിദീ പക്ഷ ആരോപണങ്ങള്‍ക്ക് ഖണ്ഡനം എഴുതിയ ഇബ്നുത്വൂലൂന്‍ തന്‍റെ’ഖൈദ്’ ല്‍ , യസീദിന്റെ അധാര്‍മിക പ്രവണതകള്‍ പരാമര്‍ശിച്ചശേഷം ‘അല്ലാഹു അഅലം’ എന്ന നിസ്സഹായമായി പ്രതികരിക്കുകമാത്രമായിരുന്നു.

യസീദ് ഹദീസുകളില്‍ ?!
============================

തുര്‍ക്കിയിലെ കൊന്‍സ്റ്ടാന്ടിനോപ്പിളിലേക്ക് പടനയിക്കുന്ന സൗഭാഗ്യവന്മാരായ പോരാളികളെക്കുറിച്ച് തിരുനബി പ്രവചിച്ചത് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ‘അവര്‍/ അയാള്‍ പാപങ്ങള്‍ പൊറുക്കപ്പെട്ടവര്‍/ന്‍ ആകുന്നു’ എന്നത്രേ സുവിശേഷം. ഹസ്രത്ത് മുആവിയയുടെ കാലത്ത് അവിടേക്ക് പടനയിച്ചവരില്‍ ഹുസൈനും യസീദും ഉണ്ടായിരുന്നുവല്ലോ. പ്രസ്തുത ഹദീസും ചരിത്രവും സത്യമായതിനാല്‍ ആ മഹത്വം അയാള്‍ക്ക്‌ ലഭിക്കുമെന്ന് ഉറപ്പായും വിശ്വസിക്കാം.

യസീദ് തന്‍റെ പിതാവില്‍ നിന്നും ഹദീസ് നിവേദനം ചെയ്തിട്ടുണ്ടെന്ന സംഗതി താരീഖു ദിമിശ്ഖില്‍ സ്ഥിരീകരിക്കുന്നു. അത്തരം ഒരു ഹദീസ് അബൂദാവൂദ് റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്. മകന്‍ ഖാലിദ്, ഖലീഫ അബ്ദുല്‍ മാലിക് ബിന്‍ മര്‍വാന്‍ , മാതാവ് മൈസൂന്‍ ബിന്ത് ബഹ്ദല്‍ എന്നിവരാണ് യസീദ് നിവേദനം ചെയ്ത ഹദീസ് പിന്ഗാമികള്‍ക്ക് പകരുന്നത്. “അല്ലാഹു ആര്‍ക്ക് ഗുണം ഉദ്ദേശിക്കുന്നുവോ അയാളെ മത പണ്ടിതനാക്കുന്നു” എന്ന പ്രസിദ്ധ ഹദീസ് മുആവിയയില്‍ നിന്നും യസീദ് വഴിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇബ്നുല്‍ ജൗസിയുടെ കാലം വരെയും യസീദില്‍ നിന്നുള്ള ഹദീസ് പരമ്പര നിലനിന്നിരുന്നു എന്നതിന് ഇബ്നുല്‍ ജൌസിയുടെ ‘അല്‍മുന്തളം’ സാക്ഷിയാണ്. എന്നാല്‍, ഹദീസ് സ്വീകരിക്കാന്‍ മാത്രമുള്ള ‘അദാലത്ത്’ വകവെച്ചുകൊടുത്തവര്‍ പാടെ കുറവാണ്. അബൂ സുര്‍അത്ത് ദിമശ്ഖി യസീദിനെ സ്വഹാബത്തിന്റെ നിരയോട് ചേര്‍ന്ന ത്വബഖയില്‍ എണ്ണുന്നതായി പ്രസിദ്ധ മുഹദ്ദിസ് ഇബ്നു ത്വൂലൂന്‍ രേഖപ്പെടുത്തുന്നു.(ഖൈദ്)

മൗനം ഭൂഷണം
=============
അന്തിമ വിശകലനത്തില്‍ യസീദ് പറയപ്പെടുന്നത്ര ‘അപരാധി’യായി വിധിക്കാന്‍ ആവില്ലെങ്കിലും പൊതുവേ അയാളെക്കുറിച് അശുഭവൃത്താന്തങ്ങള്‍ വ്യാപിച്ചതിനാല്‍ മൌനം ഭൂഷണം എന്ന സൂക്ഷ്മ നിലപാടാണ് അഭികാമ്യം എന്നുപറയാം. റാഫിദികള്‍ക്ക് യസീദില്‍ പ്രത്യേക താല്പര്യമുണ്ട്. യസീദിനെ ശപിക്കാനും പഴിക്കാനും പഠിപ്പിച്ചാലേ- അത് എളുപ്പത്തില്‍ സാധിക്കും- തുടര്‍ന്ന് സ്വഹാബിയായ മുആവിയയെയും പിന്നെ അദ്ദേഹത്തെ ‘താലോലിച്ചു വളര്‍ത്തിയ’ ഖലീഫമാരെയും അങ്ങനെ മുഴുവന്‍ സ്വഹാബികളെയും തെറ്റിദ്ധരിപ്പിക്കാനും പഴി പറയിക്കാനും അവര്‍ക്ക് സാധിക്കുകയുള്ളൂ. അതിനാല്‍, ഇവ്വിഷയത്തിലെ മൗനം റാഫിദികളെ കുറച്ചൊന്നുമല്ല പരിഭ്രാന്തരാക്കുക. അവര്‍ നമ്മുടെ മൗനവ്രതം മുറിക്കാന്‍ വിവിധ രൂപേണ വിഷയം വലിച്ചിടും. മൌനം ദീക്ഷിക്കുന്നതാണ് നമ്മുടെ ദുന്യാവിനും പരലോകത്തിനും ആരോഗ്യകരം . മൗനം പാലിച്ചാല്‍ ആഹ്ലുസ്സുന്ന്യ്ക്ക് ഒന്നും നഷ്ടപ്പെടാനില്ല.

യസീദിനെ ശപിക്കുവാന്‍ അനുവാദമില്ലെന്ന ആശയവുമായി ഗ്രന്ഥം രചിച്ച ഷെയ്ഖ്‌ മുഹൈവി ശാഫിഈ റഹി അടക്കമുള്ളവര്‍ നമ്മെ ഉണര്‍ത്തിയതും അതാണ്‌: “ യസീദിനെ ശപിക്കുന്നത് അയാളുടെ പിതാവിലേക്ക് വഴിവെട്ടാന്‍ കാരണമാകും; അദ്ദേഹം മഹാനായ സ്വഹാബിവര്യനാണ്.”തമിഴ്നാട്ടിലെ പ്രസിദ്ധ സ്വൂഫി പണ്ഡിതനായ മാപ്പിള ലബ്ബ മുഹമ്മദുല്‍ ഖാഹിരി മവാഹിബുസൈന്‍ എന്ന പേരില്‍ എഴുതിയ ഹസന്‍ ഹുസൈന്‍ മൗലിദില്‍ പറയുന്നു: “എന്നിരിക്കെ, ഹുസൈന്‍ തങ്ങളും യസീദ് ബിന്‍ മുആവിയയും ഉബൈദുല്ലാഹ്ബിന്‍ സിയാദും തമ്മിലുണ്ടായ സംഭവങ്ങള്‍ നാം ഇവിടെ ഉദ്ധരിച്ചിട്ടില്ല.. അവര്‍ക്കിടയില്‍ നടന്ന കുലമത്സരവും തര്‍ക്കങ്ങളും ഇവിടെ ഒന്നും പറയുന്നില്ല. കാരണം, അവയില്‍ ചിലത് സ്വഹീഹാണെങ്കില്‍ പോലും വലിയ വലിയ സ്വഹാബികളുടെ മക്കളെ കുറിച്ചുള്ള ആക്ഷേപമായി അത് വഴിമാറും. ആ വക കഥകളില്‍ പറയുന്ന സംഗതികള്‍ മനസ്സില്‍ ഉദിക്കുകപോലും ചെയ്യാത്തവരെ ക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കും. നിശ്ചയം, ഗ്രന്ഥ രചയിതാക്കളുടെ സയ്യിദ് ആയ ഹുജ്ജത്തുല്‍ ഇസ്ലാം അബൂ ഹാമിദ് മുഹമ്മദ്‌ അല്ഗസ്സാലി അവ അനുസ്മരിക്കുന്നത് ഹറാം ആണെന്ന് ഫതവ ചെയ്തിരിക്കുന്നു. യസീദിനെ ശപിക്കാന്‍ യാതൊരു നിലക്കും അദ്ദേഹം അനുവദിച്ചില്ല. അതിന് വ്യക്തമായ പ്രമാണവും ന്യായവും അദ്ദേഹം നിരത്തിയിട്ടുണ്ട്.”

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെ നിലപാട് ഇതാണ്: അയാളെ ചീത്ത പറയാനും സ്നേഹിക്കാനും നമ്മളില്ല. സ്നേഹിക്കാന്‍ മാത്രം അത്ര നല്ല സ്വാലിഹ് അല്ല അയാള്‍; എന്നാല്‍, മുസ്ലിംകളെ പേരെടുത്ത് ചീത്തപറയാനും വയ്യ.”(26). അല്ലാമ ഇബ്നു ഹജര്‍ ഹൈതമി പറയുന്നു: “ഇക്കാരണത്താല്‍ ഒരു സംഘം മുഹഖിഖുകള്‍ പറഞ്ഞിട്ടുണ്ട്, നിശ്ചയമായും യസീദിന്റെ കാര്യത്തില്‍ മൗനം പാലിക്കലാകുന്നു സുദൃഡവും സുസ്ഥിരവുമായ വഴി; യസീദിനെ എല്ലാ രഹസ്യങ്ങളും അറിയുന്ന അല്ലാഹുവിനെ എല്പിക്കുക.” (27) അല്ലാമ ഇബ്നു സ്വലാഹിന്റെ വാക്കുകളില്‍ ഈ നിലപാടിനുള്ള തെളിവുകള്‍ കാണാം. അതിനാല്‍ നീ അയാളെ സ്നേഹിക്കാനോ ശപിക്കാനോ നിക്കണ്ട.” (28). അല്ലാഹു അഅലം…

  1. ഇമാം ഇബ്നുല്‍ അറബി അല്മാലികി (സ്വൂഫി പ്രമുഖനായ ഇബ്നു അറബിയല്ല ഇദ്ദേഹം), അല്‍ അവാസ്വിം മിനല്‍ ഖവാസ്വിം.

 

  1. അല്ലാമാ ശംസുദ്ധീന്‍ ഇബ്നു ത്വൂലൂന്‍ (ഹി 880- 953), ഖൈദുശ്ശരീദ് അന്‍ അഖ്ബാരി യസീദ്, പുറം 53
  2. ഇബ്നു തൈമിയ്യ , ഫതാവാ 4/ 487
    27. അല്ലാമാ ഇബ്നു ഹജര്‍, അസ്വവാഇഖുല്‍ മുഹ്രിഖ 308
    28. സയ്യിദ് സബീദി, ഇത്ഹാഫ്..

(ശ്രദ്ധിക്കുക: ഇമാം ഗസാലി റ യുടെ സ്വഹാബത്തിനെ കുറിച്ചുള്ള വിശ്വാസവും നിലപാടും പകല്‍പോലെ വ്യക്തമാണ്. അദ്ദേഹത്തിന്‍റെ പേരില്‍ ചില റാഫിദികള്‍ കിതാബുകള്‍ അടിച്ചിറക്കി, അദ്ദേഹത്തെ ശിയാ ആക്കാനുള്ള ക്രൂര ശ്രമത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത്തരത്തില്‍ ഇമാം ഗസാളിയുടെ പേരില്‍ പ്രചരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ്, സിര്‍റുല്‍ ആലമീന്‍/ ആരിഫീന്‍. ഈ ഗ്രന്ഥം വ്യാജമാണെന്ന് അല്ലാമാ ശാഹ് അബ്ദുല്‍ അസീസ്‌ ദഹ്ലവി രേഖപ്പെടുത്തിയിട്ടുണ്ട്. (തുഹ്ഫ ഇസ്നാ അശരി സമ്പൂര്‍ണ്ണ അറബി പരിഭാഷ, കയ്യെഴുത്ത് പ്രതി.) സ്വഹാബത്തിനെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉള്ള പ്രസ്തുത ക്ഷുദ്ര കൃതിയില്‍ നിന്നും എടുത്ത്, യസീദിനെ കുറിച്ചുള്ള ഇമാമിന്‍റെ വീക്ഷണത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വഞ്ചിതരാകരുതെന്ന് അറിയിക്കുന്നു.)

 

Leave a Reply