കേരളത്തില്‍ വേരൂന്നുകയും ജനകീയമാവുകയും, ‘ആത്മീയ’- രാഷ്ടീയ നേതൃത്വമായി സ്വീകരിക്കപ്പെടുകയും, കേരള മുസ്‌ലിംകളുടെ മത സാമൂഹ്യ സ്വഭാവവും ചരിത്രവും വര്‍ത്തമാനവും നിര്‍ണ്ണയിക്കുന്നതില്‍ ആഴമേറിയ സ്വാധീനം നേടിയെടുക്കുകയും ചെയ്ത ‘തങ്ങന്മാര്‍’ ഏറിയപങ്കും  ബുഖാരികളും ഹളറമികളുമാണ്. പേര്‍ഷ്യന്‍ വംശജനായ കൊണ്ടോട്ടി മുഹമ്മദ് ഷായെ ആദരവോടെ ഭക്തജനങ്ങളും അവരെ അനുകരിച്ച് ചരിത്രകാരന്‍മാരും ‘തങ്ങള്‍’ എന്ന് വിളിക്കാറുണ്ടെങ്കിലും, അഹ്‌ലുബൈത്ത് വംശചരിത്ര വിദഗ്ധര്‍ അദ്ദേഹത്തിന്റെ അനുയായികളുടെയും പിന്‍ഗാമികളുടെയും അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിലേക്ക് ആദ്യമായെത്തുന്ന സയ്യിദ്, അബ്ദുല്ലാഹി ബിന്‍ മുഹമ്മദ് അലവിയെക്കുറിച്ച് ചരിത്രം രേഖപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൃത്യമായ രേഖകള്‍ ഇല്ലെങ്കിലും കേരളത്തിലെത്തിയ ആദ്യ സാദാത്തുക്കള്‍ ‘ബുഖാരി’കളാണെന്ന നിഗമനത്തിലാണ് ചരിത്രകാരന്മാര്‍. ഇപ്പോഴത്തെ ഉസ്‌ബെകിസ്ഥാനില്‍ പെട്ട, ഇസ്‌ലാമിക ലോകത്ത് വിശ്രുതമായ ബുഖാറയിലേക്ക് ചേര്‍ത്ത് ബുഖാരി എന്ന് അവര്‍ വിളിക്കപ്പെടുകയായിരുന്നു. ഇന്ത്യന്‍ മുസ്‌ലിം ചരിത്രത്തില്‍ വളരെ ശ്രദ്ധേയരാണ് ബുഖാരികള്‍, പുകള്‍പെറ്റ ഒട്ടേറെ ഉലമാക്കളും ഉമറാക്കളും ഇന്ത്യയില്‍ അവര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട് ഹി. 643 ല്‍ തമിഴ്‌നാട്ടിലെ നാഗൂരില്‍ വഫാത്തായ ഒരു ബുഖാരി സയ്യിദിനെ കുറിച്ച് അബ്ദുല്‍ ഹയ്യ് ലഖ്‌നവി ‘നുസ്ഹതുല്‍ ഖവാതിറില്‍’ രേഖപ്പെടുത്തുന്നുണ്ട്. ഹദീസ് ശാസ്ത്രം ഇന്ത്യാ മഹാരാജ്യത്ത് ഇദം പ്രഥമമായി പഠിപ്പിക്കുകയും അവ്വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത അബ്ദുല്‍ ഹഖ് ദഹ്‌ലവി ഒരു ബുഖാരിയാണ്. കേരളത്തിലെ കണ്ണൂരിനടുത്ത വളപട്ടണത്ത് കുടിയേറിയ സയ്യിദ് അഹ്മദ് ജമാലുദ്ധീന്‍ ബുഖാരി (മ 977/1569)യാണ് കേരളത്തിലെ ആദ്യ ബുഖാരി തങ്ങള്‍. ഇദ്ദേഹം ‘പ്രവാചക പരമ്പരയിലെ ഇരുപത്തൊന്നാമത്തെ കണ്ണി’യാണെന്ന് ബുഖാരികള്‍ പറയാറുണ്ട്. എഡി 1515/1521 ലാണത്രെ ഇദ്ദേഹം വളപട്ടണത്ത് എത്തുന്നത്. ഇദ്ദേഹം എവിടുന്ന് വന്നു, സാഹചര്യമെന്തായിരുന്നു എന്നതിനെക്കുറിച്ചു വ്യക്തമായ ചരിത്രം കിട്ടാനില്ല. ഇപ്പോള്‍ അവലംബിക്കപ്പെടുന്ന ‘വംശ വൃക്ഷ’ത്തില്‍ കാണുന്നതും വളപട്ടണത്തുവന്ന അഹ്മദ് ബുഖാരിയുടെ പിതാക്കളില്‍ പെട്ടവരുമായ എട്ടു പേരുടെ ചരിത്രം അജ്ഞതാതമാണ്. കേരളത്തിലെത്തിയ ബുഖാരികള്‍ നേരിട്ട് ബുഖാറയില്‍ നിന്നും വന്നവര്‍  അല്ലെന്ന് മനസ്സിലാകുന്നു..അക്കാലത്ത് പാകിസ്താനിലെ ഉച്ച്, അഹ്മദാബാദ് സൂറത്ത്, ദര്‍ഹി, ദകാന്‍, ഹൈദരാബാദ്, ബീഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ധാരാളമായി ബുഖാരികള്‍ ഉണ്ടായിരുന്നു. ഇപ്പറഞ്ഞ പ്രദേശങ്ങളില്‍ അക്കാലത്ത് ഭരിച്ചിരുന്നവരില്‍ പലരും റാഫിദീ ആഭിമുഖ്യമുള്ളവര്‍ ആയിരുന്നു. വളപട്ടണത്തെത്തിയ സയ്യിദ് അഹ്മദ് ബുഖാരിക്ക് ഫാരിസീ ഭാഷയില്‍ രചനാ പാടവം ഉണ്ടായിരുന്നുവെന്നതിനും വിശ്വാസപരമായി അഹ്‌ലുസ്സുന്നിയായിരുന്നെന്നും അദ്ദേഹത്തിന്റെ ‘അദ്‌വാറുല്‍ വുജൂദ്’ തെളിവാണ്. അദ്ദേഹത്തിന്റെ ആത്മീയ ഗുരുവര്യന്മാരില്‍ ഒരാള്‍ ‘ഗൗസുല്‍ ആലം’ എന്നറിയപ്പെട്ട ശൈഖ് ഹാജി ഹമീദ് ആണെന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അക്കാലത്ത് കേരളമുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കോഴിക്കോട് ഖാസിമാരുമായോ പൊന്നാനിയിലെ മഖ്ദൂം പണ്ഡിതന്മാരുമായോ അദ്ദേഹം ബന്ധം സ്ഥാപിച്ചതായി പറയപ്പെടുന്നില്ല. . സയ്യിദ് മൂസല്‍ കാളിമിലേക്ക് ചേര്‍ത്ത് ‘കാളിമികള്‍’ എന്നും പിന്നീട് സയ്യിദ് അലിയ്യുല്‍ അശ്കര്‍ ജലാലുദ്ദീന്‍ എന്നിവരിലേക്ക് ചേര്‍ത്ത് ‘ജലാലി’കള്‍ എന്നും അറിയപ്പെട്ടിരുന്ന ഈ വംശം, സയ്യിദ് മഹ്മൂദു (മ.1214)മുതല്‍ക്കാണ് ‘ബുഖാരി’കള്‍ ആയത്. അദ്ദേഹം താമസമാക്കിയ ‘ബുഖാറ’ നഗരത്തിലേക്ക് ചേര്‍ത്തു എന്നതിനു പുറമേ, ബുഖാരി നാമകരണത്തിന് പിന്നില്‍ മറ്റൊരു അത്ഭുത കഥ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിങ്ങനെയാണ്. ഖുറാസാനിലെ ‘ശരദ്’ പ്രദേശം ഭരിച്ചിരുന്ന റാഫിദികള്‍ സയ്യിദ് മഹ്മൂദിനെ പിടികൂടി ചോദ്യം ചെയ്തു. ‘താന്‍ നബികുടുംബത്തില്‍ പെട്ടയാളാണ്’ എന്ന് വെളിപ്പെടുത്തിയപ്പോള്‍ ‘നബി പുത്രന്മാര്‍ നരകത്തില്‍ നിന്നു പോലും മുക്തരാണ്, അതിനാല്‍ ഭൂമിയിലെ അഗ്നിയും അവരെ സ്പര്‍ശിക്കില്ല’ എന്ന് പറഞ്ഞ്, നബികുടുംബ വാദം പരീക്ഷിക്കാന്‍ ഒരുങ്ങി. അഗ്നികുണ്ഡം തയ്യാറാക്കി സയ്യിദ് മഹ്മൂദിനെ അതിലെറിഞ്ഞു. തീകുണ്ഡം മൂടിവെച്ചു. മൂന്നു ദിവസം കഴിഞ്ഞു തുറന്നുനോക്കുമ്പോള്‍ സയ്യിദവര്‍കള്‍ ഖിബ്‌ലയിലേക്ക് തിരിഞ്ഞിരുന്ന് ആരാധനയില്‍ മുഴുകുന്ന കാഴ്ചയാണ് കാണുന്നത്. മൂടി തുറന്നപ്പോള്‍ അവിടെ കരിമ്പുകക്ക് പകരം സുഗന്ധ ധൂമമാണ് പരന്നത്. സുഗന്ധ ധൂമം എന്നര്‍ത്ഥമുള്ള ‘ബഖൂര്‍’ എന്ന പദത്തില്‍ നിന്നാണ് ‘ബുഖാരി’ ഉണ്ടായത് എന്നാണ് ആ കഥ. ബുഖാരികള്‍ പണ്ടേ റാഫിദികളുടെ പീഡനത്തിന് വിധേയരായവരും റാഫിദീ ഭരണത്തിനു കീഴടങ്ങാത്തവരും ആയിരുന്നുവെന്ന് ഇക്കഥ വ്യക്തമാക്കുന്നു. കേരളത്തില്‍ പടര്‍ന്നു പന്തലിച്ച ബുഖാരികള്‍ക്കിടയില്‍ ധാരാളം ഔലിയാക്കളും അതിലേറെ ആലിമുകളും ഉണ്ടായിട്ടുണ്ട്. അവര്‍ അടിസ്ഥാനപരമായി അഹ്‌ലുസ്സുന്നയുടെ വക്താക്കളായിരുന്നു. കേരളത്തിലെ ധാരാളം ബുഖാരി ആലിമുകളുടെ ഗ്രന്ഥങ്ങള്‍ ഇതിനു സാക്ഷിയാണ്.
ദീര്‍ഘകാലം ശീഈകള്‍- സൈദികളും ഇസ്മാ ഈലികളും ഫാതിമികളും- ഭരിച്ച രാജ്യമാണ് യമന്‍. യമനിലെ മിക്ക ഗ്രാമങ്ങളും നഗരങ്ങളും സൈദികള്‍ പടുത്തുയര്‍ത്തിയതായിരുന്നു. ജീലാനില്‍ നിന്നും അറബിക്കടലിന്റെ തീരപ്രദേശത്തുള്ള നാടുകളിലായിരുന്നു അവിടെ ശാഫിഈ മദ്ഹബുകാര്‍ തിങ്ങി താമസിച്ചിരുന്നത്. യമന്‍-മലബാര്‍ ബന്ധം ചിരപുരാതനമാണ്. നേരത്തെതന്നെ യമന്‍ ദേശക്കാര്‍ മലബാറില്‍ വരുകയും സ്ഥിരവാസം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അവരില്‍ ‘സാദാത്തുക്കള്‍’ ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. യമനില്‍ നൂറ്റി അറുപതോളം പ്രവാചക കുടുംബ വംശങ്ങള്‍ ഉണ്ടായിരുന്നു. അവരില്‍ യമനില്‍ നിന്നും കൂട്ടമായി മലബാറിലേക്ക് ‘തങ്ങന്മാര്‍’ കുടിയേറിത്തുടങ്ങുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളിലാണ്. 1100/1688 ല്‍ സൂറത്തില്‍ നിന്നും കൊയിലാണ്ടിയില്‍ വന്ന സയ്യിദ് മുഹമ്മദ് ഹാമിദ് (1080/1669-1160/1734) എന്ന സീതിക്കോയ തങ്ങളാണ് യമനില്‍ നിന്നും മലബാറില്‍ വന്ന് താമസമാക്കിയ ആദ്യ തങ്ങള്‍ (സയ്യിദ് ശൈഖ് ജിഫ്രിയുടെ ശൈഖ്). രണ്ടാമതായി. ഹി 1115ല്‍ കോഴിക്കോട് കപ്പലിറങ്ങുകയും തുടര്‍ന്ന് പൊന്നാനിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്ത സയ്യിദ്  അബ്ദുറഹ്മാന്‍ ഐദരൂസി(1099-1164) ചരിത്രത്തില്‍ ഇടം നേടിയിക്കുന്നു. നിരവധി ഉപശാഖകള്‍ ഉള്ള ‘ബാ അലവി’ തങ്ങന്മാരില്‍ കേരളത്തില്‍ ആദ്യമായി എത്തുന്നത് പുതിയങ്ങാടിയില്‍ താമസമാക്കിയ സയ്യിദ് അലി ഹാമിദ് ബാ അലവിയായിരുന്നു. ഉപശാഖയായ ‘ജിഫ്രി’ കുടുംബത്തില്‍ പെട്ട സയ്യിദ് ശൈഖ് ജിഫ്രി (1139/1726-1222/1808) കൊയിലാണ്ടിയില്‍ വരുന്നത് 1159/ 1741 ല്‍. മലബാറിലെ ശിഹാബ് തങ്ങന്മാരുടെ ആദ്യക്കാരന്‍ സയ്യിദ് ശിഹാബുദ്ധീന്‍ അലിയ്യുല്‍ ഹളറമി (1159-1212) ഇവിടെയെത്തുന്നത് ഹി 1181 ലായിരുന്നു. ‘ജമലൂലൈലി’ സദാത്തുക്കള്‍ കേരളത്തില്‍ എത്തുന്നത് ഹി 1185 ല്‍ സയ്യിദ് ഖുതുബ് മുഹമ്മദ് ജമലുല്ലയ്യ് (1165-1232)കടലുണ്ടിയില്‍ കപ്പലിറങ്ങുന്നതോടെയാണ്. ഇവര്‍ക്കുപുറമേ ബാ ഫഖീഹ്, അഹ്ദല്‍, ഐദീദ്, ആലുബരൂമി, വഹ്ദത്ത്, ശാത്വിരി, ബാഹസന്‍, ഖരീദ്, ഹദ്ദാദ്, ആല്‍ ഹംദൂന്‍, മുസാവ, ജീലാനി, ആല്‍ മുഖൈബില്‍, മശ്ഹൂര്‍, ആല്‍ ഹബ്ശി, സഖാഫ്, തുറാബി, മൗലദ്ദവീല തുടങ്ങിയ മുപ്പതിലധികം വംശങ്ങള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇവര്‍ പൊതുവേ ഹളറമികള്‍ എന്നറിയപ്പെടുന്നു. ഇവിടെയെത്തിയ മിക്ക സയ്യിദ് കുടുംബങ്ങളിലും, മുസ്‌ലിം സമുദായത്തെ സ്വാധീനിച്ച പ്രഗല്‍ഭരായ സാത്വികരും ആലിമുകളും ഉണ്ടായിട്ടുണ്ട്. കൂട്ടത്തില്‍ ജിഫ്രി, മൗലദ്ദവീല സാദാത്തുക്കള്‍ മലബാറിലെ മുസ്‌ലിം മനസ്സുകളില്‍ കൂടുതല്‍ സമാദരണീയരായി മാറി. സയ്യിദ് ശൈഖ് ജിഫ്രി, മമ്പുറം സയ്യിദ് അലവി, മകന്‍ സയ്യിദ് ഫള്‌ല് തുടങ്ങിയവരുടെ വൈജ്ഞാനിക സാമൂഹ്യ ഇടപെടലുകളും സേവനങ്ങളും അതിനു നിമിത്തമായി.
യമനില്‍ നിന്നും കേരളത്തില്‍ കുടിയേറിയ പ്രവാചക കുടുംബങ്ങളെല്ലാം അടിസ്ഥാനപരമായി അഹ്‌ലുസ്സുന്നയില്‍ വിശ്വസിക്കുന്നവരും ശാഫിഈ മദ്ഹബുകാരും ആയിരുന്നു. സുന്നത്ത് ജമാഅത്ത് സംരക്ഷിക്കാന്‍ യമനിലെ റാഫിദികളുമായി സമരം ചെയ്ത പരമ്പര്യമുള്ളവരാണ് ഹളറമികള്‍. മുഴുവന്‍ ഹളറമികളും ‘അഹ്‌ലുസ്സുന്നതി വല്‍ജമാഅത്താ’ണെന്ന് സയ്യിദ് ഫള്ല്‍ ‘അദ്ദുര്‍റുസ്സമീനില്‍’ രേഖപ്പെടുത്തുന്നുണ്ട്. മലബാറിലേക്ക് സാദാത്തുക്കള്‍ കൂട്ടമായി കടന്നുവരുന്ന കാലത്ത് സൈദികളായിരുന്നു യമനില്‍ ധാരാളം. അവരുടെ ശല്യം സഹിക്കാന്‍ പ്രയാസമയതും കേരളത്തിലേക്ക് ഹളറമികള്‍ കുടിയേറാന്‍ കാരണമായി. കേരളത്തില്‍ ബാ അലവികളും ഹദ്ദാദികളും പ്രചരിപ്പിച്ച ‘ഹദ്ദാദ്’ റാതീബ് തന്നെയും റാഫിദീ വിരുദ്ധസമരമുറയായിരുന്നു. സുന്നികളും ശാഫിഈകളുമായ സാദാത്തുക്കള്‍ മാത്രം താമസിച്ചിരുന്ന ഹളറമൗത്ത് ആക്രമിക്കാന്‍ സൈദികള്‍ സൈനിക നീക്കം ആരംഭിച്ചപ്പോള്‍, അതേക്കുറിച്ച് വിവരം ലഭിച്ചയുടന്‍, അവരെ പ്രതിരോധിക്കുവാനുള്ള ആത്മീയ മാര്‍ഗ്ഗമെന്ന നിലയ്ക്ക് വിശ്വാസികള്‍ പതിവായി ചൊല്ലട്ടേയെന്ന ഉദ്ദേശ്യത്തോടെ, ഒരു ലൈലത്തുല്‍ ഖദറില്‍ (റമദാന്‍ 27) സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ഒരുക്കൂട്ടിയ ദിക്ര്‍-ദുആകളാണ് ‘ഹദ്ദാദ് റാതീബ്’. ഈ ചരിത്ര പഞ്ചാതലം സയ്യിദ് ഫള്ല്‍ ‘അത്വരീഖതുല്‍ ഹനീഫിയ്യ’യില്‍ സൂചിപ്പിക്കുന്നുണ്ട്. കേരളത്തില്‍ വന്ന സയ്യിദ് ജിഫ്രി ഇവിടെ നേരിട്ട ആദ്യത്തെ ആദര്‍ശ ഭീഷണി കൊണ്ടോട്ടി കേന്ദ്രീകരിച്ചു വളര്‍ന്നു വന്ന സ്വൂഫി പരിവേഷമുണ്ടായിരുന്ന ‘റാഫിദി’കളെ ആയിരുന്നല്ലോ. മലബാറിനെയും ഇവിടത്തെ ‘സുന്നി’കളെയും റാഫിദീ ഭീഷണയില്‍ നിന്നും രക്ഷപ്പെടുത്താന്‍ ‘ഹദ്ദാദ് റാതീബ്’് ഇന്നാട്ടില്‍ അവര്‍ പ്രചരിപ്പിക്കുകയും മുസ്‌ലിംകള്‍ അതേറ്റെടുക്കുകയും ചെയ്തു. ഇന്നോളം ഹദ്ദാദ് റാത്തീബ് സുന്നികള്‍ പതിവായി ചൊല്ലിവരുന്നു.
‘നജ്ദി’കള്‍ക്കെതിരെയെന്ന പോലെ റാഫിദികള്‍ക്കെതിരെയും ഗ്രന്ഥരചന നടത്തിയ അഹ്‌ലുസ്സുന്നയുടെ അജയ്യ നേതൃത്വമായിരുന്നു സയ്യിദ് ശൈഖ് ജിഫ്രി. തന്റെ ‘കൗകബുല്‍ ജലീലി’ല്‍ അഹ്‌ലുസ്സുന്നയുടെ അഖീദ വിവരിക്കാന്‍ ഒട്ടേറെ അദ്ധ്യായങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. മുഅ്തസിലികളെയും ഖവാരിജുകളെയും റാഫിദികളെയും വിശിഷ്യാ സൈദികളെയും നന്നായി നിരൂപിക്കുന്ന വരികള്‍ അതില്‍ കാണാം. സൈദികള്‍ ഉന്നയിക്കാറുള്ള ചില ചോദ്യങ്ങള്‍ക്ക് ഹളറമൗത്തിലെയും ഹറമൈനിയിലെയും ഉലമാക്കളുടെ അതിശയകരമായ മറുപടികള്‍ അതില്‍ നിരത്തുന്നു. ‘അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ’ എന്ന പ്രയോഗത്തിന്റെ അടിസ്ഥാനമെന്ത്? സുന്നി മദ്ഹബുകള്‍ നാലില്‍ പരിമിതപ്പെടുത്തുകയും അതല്ലാത്തതെല്ലാം ‘പുത്തന്‍ വാദ’മായി കാണുകയും ചെയ്യുന്നതിന്റെ ന്യായമെന്ത്? അഹ്‌ലുസ്സുന്നയുടെ കിതാബുകളില്‍ എന്തുകൊണ്ട് അഹ്‌ലുബൈത്ത് ഇമാമുകളുടെ വീക്ഷണങ്ങള്‍ കാര്യമായി ഉദ്ധരിക്കുന്നില്ല? എന്നിവയായിരുന്നു സൈദികളുടെ ചോദ്യങ്ങള്‍. ഒന്നാം ചോദ്യത്തിന് സയ്യിദ് അല്ലാമാ അലി സൈനുല്‍ ആബിദീന്‍ അല്‍ഐദറൂസ് മറുപടി നല്‍കുന്നു. അല്ലാമാ അഹ്മദ് അല്‍ഖശാശി അല്‍മദനിയാണ് രണ്ടാം ചോദ്യത്തിന് പ്രതികരിക്കുന്നത്. ആ മറുപടിക്കുറിപ്പിനെ ‘സൈദീ ശിയാക്കളുടെ സംശയങ്ങള്‍ക്ക് സുന്ദരമായ സുന്നി മറുപടി’ എന്ന് പേരിടണമെന്ന് ശൈഖ് ജിഫ്രി അഭിപ്രായപ്പെടുന്നു. ‘സൈദികളുടെ വിഘടന ചിന്തകള്‍ നിഷ്പ്രഭമാക്കുന്ന രേഖകള്‍’ എന്ന പേരില്‍ അല്ലാമാ മുഹമ്മദ് ശാമി മൂന്നാം ചോദ്യത്തിനും മറുപടി നല്‍കുന്നു. ഇമാമുകള്‍ക്ക് ‘പാപവിശുദ്ധി’ ആരോപിക്കുന്ന ശീഈ അടിസ്ഥാന വാദത്തെയും അവരുടെ മുഹറം ആഭാസത്തെയും ശൈഖ് ജിഫ്‌രി വിമര്‍ശിക്കുന്നത് തന്റെ കന്‍സുല്‍ ബറാഹീനില്‍ വായിക്കാവുന്നതാണ്.
കര്‍ബല ദുരന്തം അനുസ്മരിക്കുന്നതിലൂടെ റാഫദികള്‍ മുതലെടുപ്പ് നടത്തുകയാണെന്ന തിരിച്ചറിവുള്ളവരായിരുന്നു ഹളറമി സാദാത്തുക്കള്‍. മാത്രമല്ല, ഹുസൈന്‍ (റ)ന്റെ ദാരുണമായ അന്ത്യം വര്‍ഷാവര്‍ഷം അനുസ്മരിച്ചും അഭിനയിച്ചുമുള്ള മുഹറം  വിലാപങ്ങള്‍ ഹുസൈന്‍ തങ്ങളെ ഓരോ വര്‍ഷവും ക്രൂരമായി വധിക്കുന്നതിന് സമാനമാണെന്ന് അവര്‍ക്ക് അഭിപ്രായമുണ്ട്. ഹളറമി വംശ പരമ്പരയിലെ സാദാത്തുക്കളുടെ ചരിത്രം വിവരിക്കുന്ന ‘മശ്രബ് റവി’ എന്ന ഗ്രന്ഥത്തില്‍ കര്‍ബലാ ദുരന്തത്തെ കുറിച്ച് ദീര്‍ഘമായി വിവരിച്ചത് കണ്ട്, സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ് പ്രതികരിച്ചത്, ‘മശ്രബിന്റെ കര്‍ത്താവു കര്‍ബല അനുസ്മരിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’ എന്നത്രെ. ഈ നിലപാട് ശൈഖ് ജിഫ്രി കേരളത്തോടും പറഞ്ഞു. റാഫിദികളെ പ്രതിരോധിക്കാന്‍ കര്‍ബല ദുരന്തത്തെ കുറിച്ച് അനുസ്മരിക്കരുതെന്ന് അദ്ദേഹം ‘കന്‍സില്‍’ കുറിച്ചുവെച്ചു. സ്വഹാബാക്കള്‍ക്കിടയിലെ അഭിപ്രായന്തരങ്ങള്‍ എടുത്തുപറഞ്ഞ് അവരോടുള്ള മതിപ്പ് കുറക്കാന്‍ ഇടവരുത്തരുതെന്നും അദ്ദേഹം ഉപദേശിച്ചു. പ്രധാന ശീഈ ഉപവിഭാഗങ്ങളെയും അവരുടെ പിഴച്ച വീക്ഷണങ്ങളെയും ശൈഖ് ജിഫ്രി സാമാന്യം വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. ശൈഖ് ജിഫ്രിയുടെ സുന്നി ആദര്‍ശനിഷ്ഠ ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ബാ അലവികള്‍ ഹുസൈനികള്‍ അല്ലെന്നും അബ്ബാസികള്‍ ആണെന്നും ആരോപിച്ചിരുന്നു യമനിലെ ചില റാഫിദികള്‍. അക്കാര്യം എടുത്തുപറഞ്ഞ ശേഷം ശെയ്ഖ് ജിഫ്രി കന്‍സുല്‍ ബാറാഹീനില്‍ (പുറം.238)തങ്ങളുടെ ഹുസൈനി പാരമ്പര്യം സ്ഥിരീകരിക്കുന്നുണ്ട്.
ഹള്‌റമിസാദാത്തുക്കളുടെ ഇതേ ആദര്‍ശം ശൈഖ് ജിഫ്രിക്ക് ശേഷം സയ്യിദ് അലവിയും അദ്ദേഹത്തിന്റെ പുത്രന്‍ സയ്യിദ് ഫള്‌ലും ഏറ്റെടുത്തു. കൊണ്ടോട്ടിയില്‍ വാണ റാഫിദീ ഫഖീറന്മാരെ അലവി തങ്ങള്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഫള്ല്‍  തങ്ങളെ നാടുകടത്തിയ ശേഷം ഉണ്ടായ അക്രമ സംഭവത്തോടനുബന്ധിച്ച് സയ്യിദ് ഫസലിന്റെ പിതൃവ്യ പുത്രനായ സയ്യിദ് അബ്ദുറഹ്മാന്‍ ഐദ്രൂസിനെ മമ്പുറത്തെക്കുള്ള യാത്രാമധ്യേ (1855ല്‍), ബ്രിട്ടിഷുകാര്‍ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പ്രസ്താവിച്ചതിങ്ങനെ: ‘മദ്യപാനം, മുഹറം ആചരണം, പ്രാകൃതമായ വിവാഹചാരാം, ദുഷിച്ച വാക്കുകള്‍… തുടങ്ങിയവയെ കുറിച്ച് ഉത്ബുദ്ധരാക്കലാണ് തങ്ങളുടെ കര്‍ത്തവ്യം.(മമ്പുറം സയ്യിദ് ഫസല്‍പൂക്കോയ തങ്ങള്‍, ചിന്ത പബ്ലികേഷന്‍സ്, പുറം 29)
മുസ്‌ലിം രാജ്യങ്ങളില്‍ ശീഈ വല്‍കരണ പ്രവര്‍ത്തനങ്ങളുമായി നീങ്ങുന്നവര്‍ മുഖ്യമായും അതതു നാട്ടിലെ അഹ്‌ലുബൈത്ത് പ്രമുഖരെയാണ് ലക്ഷ്യം വെക്കാറുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഈജിപ്തിലും ഇന്തോനേഷ്യയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇക്കാര്യം അക്കാദമികമായി തന്നെ ഗവേഷണം ചെയ്തു തെളിയിക്കപ്പെട്ടതാണ്. കേരളത്തിലിപ്പോള്‍ വിവിധ ഖബീലകളിലായി എത്ര സയ്യിദ്കള്‍ ഉണ്ടെന്ന കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. നൂറുവര്‍ഷം മുമ്പ് തിരുവനന്തപുരം പ്രദേശത്തുമാത്രം ആറായിരത്തിലധികം പേര്‍ ഉണ്ടായിരുന്നു.
ശീഈ സ്പര്‍ശമുള്ളതും അവര്‍ ആവിഷ്‌കരിച്ചതും പ്രചരിപ്പിച്ചതും അവര്‍ക്കിടയില്‍ മാത്രം ആദ്യകാലങ്ങളില്‍ നിലനിന്നിരുന്നതും കാലക്രമത്തില്‍ സുന്നികളുടെ ഇടയില്‍, വ്യാപകമായതുമായ ചില വിശ്വാസ- ആചാര- ചികിത്സാ രീതികള്‍, അടിസ്ഥാനപരമായി സുന്നി വക്താക്കള്‍ ആയിരുന്നുവെങ്കിലും തങ്ങന്മാരിലൂടെയാണ് മലബാറില്‍ വ്യാപകമായതായതെന്ന നിരീക്ഷണവും വിമര്‍ശനവും പലകോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. ഹള്‌റമികള്‍ എന്ന പേരില്‍ കേരളത്തിലേക്ക് ചില വ്യാജന്മാര്‍ കടന്നുകയറിയിട്ടുണ്ടോ എന്നും സംശയിക്കാവുന്നതാണ്. ശിഈ ആധിപത്യമുള്ള വടക്കന്‍ ഭാഗത്തു നിന്നും കേരളത്തിലേക്ക് വ്യാജ സയ്യിദുമാര്‍ വന്നിരിക്കാനും സാധ്യത ഏറെയുണ്ട്. നബി(സ്വ)യുടെ പ്രകാശം സംബന്ധമായ ചില വിശ്വാസങ്ങള്‍, നബി(സ്വ)യുടെ മാതാപിതാക്കളുടെ പരലോകത്തിലെ അവസ്ഥയെ ചൊല്ലിയുള്ള വീക്ഷണങ്ങള്‍, ജാറം, ജാറത്തിലെ വിളക്ക് കത്തിക്കല്‍, അവിടെ പച്ചപ്പട്ടുവിരിക്കല്‍, ഖബറിന് മുകളില്‍ ചെറുതും വലിയതുമായ ഖുബ്ബകളും സൗധങ്ങളും നിര്‍മ്മിക്കല്‍,  മീലാദാഘോഷം, ത്വല്‍സമാത്ത് ചികിത്സ ആധ്യാത്മിക നേതൃത്വം അഹ്‌ലുല്‍ബൈത്തിനാണെന്ന പ്രചാരണം തുടങ്ങിയവ ഉദാഹരണം. ഇവയില്‍ പലതും കോഴിക്കോട് ഖാസിമാരും പൊന്നാനി മഖ്ദൂം ഉലമാക്കളും പ്രചരിപ്പിച്ച ഇസ്‌ലാമിക അന്തരീക്ഷത്തില്‍ കാണപ്പെട്ടിരുന്നില്ലെന്നത് മേല്‍ നിരീക്ഷണത്തിനും വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്. ജാറനിര്‍മ്മാണം, പരിപാലനം ഇന്നിപ്പോള്‍ സുന്നികള്‍ക്കിടയില്‍ കാണപ്പെടുന്ന വിധം വ്യാപകമായത് ആദ്യകാലത്ത് ശിയാക്കള്‍ക്കിടയിലാണ്. ‘മഹത്തുക്കളെ അടയാളപ്പെടുത്തുക’ എന്ന നല്ല ഉദ്ദേശ്യമായിരുന്നു തുടക്കത്തില്‍ അതു ക്രമേണ അനിയന്ത്രിതമാവുകയും ശാഫിഈ ഫിഖ്ഹിന്റെ പ്രബല വീക്ഷണങ്ങളെ തള്ളിമാറ്റി മുന്നേറുകയും ചെയ്തു.  ഈ ‘ശിഈസംസ്‌കാരം’ സുന്നികള്‍ക്കിടയില്‍ വ്യാപകമായതിനു പിന്നില്‍ യമനില്‍ നിന്നെത്തിയ സയ്യിദന്മാരാണ് രണ്ടാമത്തെ പങ്കുവഹിക്കുന്നത്.ഒരു പക്ഷേ അപകടകരമല്ല എന്ന വീക്ഷണം കൊണ്ടോ അവയെ കവര്‍ന്നെടുത്തു സ്വന്തമാക്കുകയെന്ന നിലക്കോ ആയിരിക്കാം അവയെല്ലാം ‘സുന്നികള്‍’ ഏറ്റെടുത്തത്. വെളിയങ്കോട് താമസമാക്കിയ ‘സൂറത്തിലെ തങ്ങന്മാര്‍’ പോലുള്ള ചില സയ്യിദ് കുടുംബങ്ങളില്‍ ഉപയോഗിച്ചിരുന്ന/സൂക്ഷിച്ചിരുന്ന ‘താബൂത്ത്’, ‘പഞ്ച’ തുടങ്ങിയ വസ്തുക്കളെയും അവര്‍ക്കിടയില്‍ പതിവുണ്ടായിരുന്ന ചില ‘പഴക്കങ്ങളെ’യും ചൂണ്ടി അവര്‍ ‘ശീഈ’ കളാകുന്നു എന്ന ആരോപണം നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മേല്‍ സൂചിത ആചരങ്ങള്‍ക്കപ്പുറം ആദര്‍ശത്തില്‍ അവരാരെങ്കിലും ശിയാക്കളായിരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. കേരളത്തില്‍ ‘ജാറ’ സംസ്‌കാരത്തിന് തുടക്കം കുറിക്കുന്നത് അറിഞ്ഞിടത്തോളം കൊണ്ടോട്ടിയിലെ മുഹമ്മദ് ഷായുടെ ജാറവും ഖുബ്ബയും സ്ഥാപിതമായത് മുതല്‍ക്കാണ് എന്നു പറയാവുന്നതാണ്. ഉത്സവ പ്രതീതിയുള്ള നേര്‍ച്ചകളുടെ തുടക്കത്തെകുറിച്ച് ഇപ്പോഴും വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. കൊണ്ടോട്ടി നേര്‍ച്ച മുതല്‍ക്കാണ് കേരളത്തിലെ നേര്‍ച്ചയുടെ തുടക്കമെന്ന് കരുതുന്നു. കൊണ്ടോട്ടി നേര്‍ച്ച തുടങ്ങിയത് അവിടെ ആദ്യം വന്ന മുഹമ്മദ്ഷായുടെ ജീവിതകാലത്താണെന്നും ചിലര്‍ രേഖപ്പെടുത്തുന്നു. ആദ്യത്തിലത് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി, മുഈനുദ്ദീന്‍ ചിഷ്തി എന്നിവരെ അനുസ്മരിച്ചുകൊണ്ടുള്ളതായിരുന്നുവത്രെ. മുഹമ്മദ്ഷായുടെ മരണത്തിനു ശേഷമാണ് അതിന്റെ സ്വഭാവവും രീതിയും മാറുന്നത്.

Leave a Reply