150 മില്യൺ ഇംഗ്ലീഷ് സ്വർണ്ണ നാണയമല്ല, ഭൂമി മുഴുവൻ സ്വർണ്ണം തന്നാലും ശരി, നിങ്ങളുടെ ഈ സമ്മർദ്ദത്തെ നിശ്ശങ്കം ഞാൻ നിരാകരിക്കുന്നു. മുപ്പതിലേറെ വർഷമായി ഞാൻ ഇസ്ലാമിനും മുസ്‌ലിം സമുദായത്തിനും സേവനം ചെയ്യുന്നു. എന്റെ പിതാവും പിതാമഹന്മാരുമായ ഉസ്മാനിയ്യ ഖലീഫമാരുടെ ചരിത്രത്തിന് കളങ്കം ചാർത്താൻ ഞാനാളല്ല. നിങ്ങളുടെ സമ്മർദ്ദത്തെ വീണ്ടും ഞാൻ തള്ളുന്നു എന്നറിയിക്കട്ടെ“.

 

ഫലസ്തീനിൽ സയണിസ്റ്റുകൾക്ക് ഭൂമി നല്കാത്തതിനെത്തുടർന്ന്, സുൽത്വാനെ താഴെ ഇറക്കാനുള്ള തീവ്ര ഗൂഡാലോചനയിലായിരുന്നു സയണിസ്റ്റുകളും അവരുടെ കെണിയിൽ വീണ മുസ്ലിം പ്രമുഖരും. തന്റെ സ്ഥാനമൊഴിപ്പിക്കാനുള്ള നിഗൂഢ നീക്കങ്ങൾ നടക്കുമ്പോഴും, അവരുടെ
ഗൂഡാലോചന ലക്ഷ്യംകാണുകയും സുൽത്വാൻ സ്ഥാനത്യാഗം ചെയ്യപ്പെട്ട് ഏകനായി കഴിയുമ്പോഴും, സുൽത്വാൻ അബ്ദുൽ ഹമീദ് തന്റെ ശാദുലി ത്വരീഖത്ത് ശൈഖ് മഹ്മൂദ് അഫന്തി അബുശ്ശാമാത്ത് (ഡമാസ്കസ് ) അവർകൾക്ക് എഴുതിയ കത്തുകൾ, അക്കാലത്തെ രാഷ്ട്രീയ ചരടുവലികളെ കുറിച്ച് കൃത്യമായ സൂചനകൾ നൽകുന്നു.(സിറിയയിൽ സ്ഥിരതാമസമാക്കിയ പ്രൊഫസർ സഈദ് അൽഅഫ്‌ഘാനി കുവൈറ്റിലെ അൽ അറബി മാഗസിന്റെ 1392 ശവ്വാൽ /1972 ഡിസംബർ ലക്കത്തിൽ എഴുതിയ ‘സുൽത്താൻ അബ്ദുൽ ഹമീദിന്റെ ഖലീഫാസ്ഥാനം എടുത്തുകളഞ്ഞതിന്റെ കാരണം’ എന്ന ലേഖനത്തോടൊപ്പം ചേർത്ത  കത്ത് താഴെ. രിസാല വാരികയിൽ ഈ കുറിപ്പുകാരൻ ഇതേക്കുറിച്ചെഴുതിയ ലേഖനത്തിൽ നിന്നും)

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമം കൊണ്ട്,
സകലലോക രക്ഷിതാവിന്നാണ് സകല സ്തുതിയും. അത്യുത്തമമായ സ്വലാത്തും സമ്പൂർണ്ണ സലാമും നമ്മുടെ നേതാവും ലോക രക്ഷിതാവിന്റെ തിരുദൂതരുമായ മുഹമ്മദ് നബിയിൽ ആശംസിക്കുന്നു. അവിടുത്തെ കുടുംബത്തിലും അനുചരന്മാരിലും അന്ത്യനാൾ വരേക്കുമുള്ള അനുഗാമികളിലും..

അത്യുന്നതമായ ശാദുലി ത്വരീഖത്തിന്റെ ആത്മീയ ഗുരുവും ആത്മീയ ചൈതന്യത്തിനു നവജീവൻ നൽകുന്ന ശൈഖുമായ മഹ്മൂദ് അഫന്തി അബുശ്ശാമാത്ത് അവർകളുടെ സമക്ഷത്തിങ്കലേക്ക് ഞാൻ എന്റെ ഈ അഭ്യർത്ഥന സമർപ്പിക്കട്ടെ. അവിടുത്തെ സദ് പ്രാർത്ഥന കൊതിച്ച്, അനുഗ്രഹീത കൈകളിൽ ഉമ്മവെച്ചുകൊണ്ട്…

ബഹുമാനാദരവുകൾക്ക് ശേഷം,

കഴിഞ്ഞ മെയ് 22 ന് താങ്കളയച്ച എഴുത്ത് കൈപറ്റി. താങ്കൾ ആഫിയത്തിലും സലാമത്തിലും ആണെന്നതിൽ അല്ലാഹുവിന് സ്തുതി,നന്ദി..

എന്റെ ബഹുവന്ദ്യ നേതാവേ,
അല്ലാഹുവിന്റെ അനുഗ്രഹത്താൽ, ശാദുലിയ്യ വിർദുകൾ ഞാൻ പതിവായി പാരായണം ചെയ്യുന്നുണ്ട്. എന്നും അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അങ്ങയുടെയും മറ്റു ബുദ്ധിജീവികളുടെയും മാർഗ്ഗദർശനം ലഭിക്കാനായി, ചരിത്രത്തിൽ ഞാൻ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്നതിൽ നിന്നും രക്ഷ നേടുന്നതിനായി, ഒരു സുപ്രധാന പ്രശ്നം ഇവിടെ അവതരിപ്പിക്കുകയാണ്. ‘ജൂന്തൂരിക്’ എന്ന പേരിലറിയപ്പെടുന്ന ഇത്തിഹാദ് നേതാക്കൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയും ഭീഷണിയും ശക്തമായി എന്നെ പ്രയാസപ്പെടുത്തുന്നുണ്ടെങ്കിലും, ചില കാരണങ്ങളാൽ ഖിലാഫത്ത് കയ്യൊഴിയാൻ ഞാൻ തയ്യാറല്ല.

വിശുദ്ധ ഫലസ്തീനിൽ ജൂതരാഷ്ട്രം പണിയാൻ ഞാൻ അംഗീകാരം കൊടുക്കണമെന്ന് ഇത്തിഹാദ് നേതാക്കൾ ശക്തമായി നിർബന്ധിച്ചു. എന്നാലും ഈ സമ്മർദ്ദം ഖണ്ഡിതമായി ഞാൻ നിരാകരിച്ചു. അവസാനം, 150 മില്യൻ ഇംഗ്ലീഷ് സ്വർണ്ണ നാണയം എനിക്കവർ സമർപ്പിച്ചു. ഞാനത് നിരസിച്ചു. ഇങ്ങനെയൊരു മറുപടിയും നൽകി:

150 മില്യൺ ഇംഗ്ലീഷ് സ്വർണ്ണ നാണയമല്ല, ഭൂമി മുഴുവൻ സ്വർണ്ണം തന്നാലും ശരി, നിങ്ങളുടെ ഈ സമ്മർദ്ദത്തെ നിശ്ശങ്കം ഞാൻ നിരാകരിക്കുന്നു. മുപ്പതിലേറെ വർഷമായി ഞാൻ ഇസ്ലാമിനും മുസ്‌ലിം സമുദായത്തിനും സേവനം ചെയ്യുന്നു. എന്റെ പിതാവും പിതാമഹന്മാരുമായ ഉസ്മാനിയ്യ ഖലീഫമാരുടെ ചരിത്രത്തിന് കളങ്കം ചാർത്താൻ ഞാനാളല്ല. നിങ്ങളുടെ സമ്മർദ്ദത്തെ വീണ്ടും ഞാൻ തള്ളുന്നു എന്നറിയിക്കട്ടെ“.

എന്റെ ഉറച്ച തീരുമാനം അറിഞ്ഞ ശേഷം, എന്നെ സ്ഥാനത്തു നിന്നും ഇറക്കാൻ അവർ ഒന്നിച്ചു തീരുമാനിച്ചു.  സലാന്നീക്കിലേക്ക് താമസിയാതെ  മാറ്റുമെന്ന് അവരെന്നെ അറിയിക്കുകയും ചെയ്തു. ഇതെനിക്ക് സ്വീകാര്യമാണ്. എന്നാലും ഉസ്മാനിയ്യ ഭരണ കൂടത്തെ തകർക്കാനുള്ള ശ്രമത്തെ ഞാനനുകൂലിച്ചില്ല എന്നതിൽ ഞാൻ തമ്പുരാനെ സ്തുതിക്കുന്നു. വിശുദ്ധ ഫലസ്തീനിൽ ജൂതരാഷ്ട്രം പണിയാൻ അനുവദിക്കണമെന്ന അവരുടെ സമ്മർദ്ദത്തിന് കീഴ്പ്പെടുകയെന്ന നിത്യ അപമാനത്തിൽ നിന്നും മുസ്‌ലിം ലോകത്തെ രക്ഷപ്പെടുത്താനായതിലും നാഥന് സ്തുതി. ‘പിന്നീടതിനു ശേഷം സംഭവിച്ചതെല്ലാം സംഭവിച്ചു‘ എന്ന് ഞാനെഴുതിയാൽ ഇവ്വിഷയകമായി അത് മതിയാകുമെന്നാണ് എന്റെ പ്രതീക്ഷ.
എഴുത്ത് ചുരുക്കുന്നു. അവിടുത്തെ അനുഗ്രഹീത കരങ്ങളിൽ ചുംബിക്കുന്നു. എല്ലാ സഹോദരങ്ങൾക്കും എന്റെ സലാം അറിയിക്കുമല്ലോ.

ഞാൻ ദീർഘമായി എഴുതി. എന്നാലും അതങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അറിവിലേക്ക് മാത്രമാണ്.
അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വബറകാത്തുഹു..

മുസ്‌ലിംകളുടെ സേവകൻ,
അബ്ദുൽ മജീദ് മകൻ അബ്ദുൽ ഹമീദ്,
ഹി.1328 റമദാൻ 29, 1911 സെപ്റ്റംബർ 22

 

https://salihnizami.in/2020/08/jews-and-ottoman/

1 Comment
Leave a Reply