സയ്യിദ്നാ ഹസന് റ ന്റെ ഖാദിമായിരുന്ന കൈസാന്‍, അവരുടെ വഫാത്തിനു ശേഷം മുഹമ്മദ് ബിന്‍ ഹനഫിയ്യയുടെ കൂടെ താമസിച്ചുപോരുകയായിരുന്നു. (സയ്യിദ്നാ അബൂബകര്‍ റ ഖലീഫയായിരിക്കുമ്പോള്‍ യുദ്ധത്തില്‍ തടവിലാക്കിയ ഒരു ബനൂഹനീഫക്കാരിയെ അലി റ നു വിവാഹം ചെയ്തു കൊടുത്തിരുന്നു. അബൂബകര്‍ റ ന്റെ അതിനുള്ള ‘വിലായത്ത്’ അലി റ അംഗീകരിച്ചുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അബൂബക്ര് റ ന്റെ ‘അധികാര’ത്തെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വൈമനസ്യം അലിക്ക് ഉണ്ടായിരുന്നെങ്കില്‍ ഈ വിവാഹം സാധുവാകുമായിരുന്നില്ല. ആ ബന്ധത്തില്‍ ജനിച്ച കുട്ടിയാണ് മുഹമ്മദ്.) അദ്ദേഹത്തില്‍ നിന്നും അനര്‍ഘങ്ങളായ അറിവുകള്‍ ആര്‍ജ്ജിക്കുകയും ചെയ്തു. ഹുസൈന് റ വധിക്കപ്പെട്ടപ്പോള്‍ ഘാതകരോട് പ്രതികാരം ചെയ്യാനുറച്ച് കൈസാന്‍ രംഗത്തുവന്നു. ജനങ്ങളെ യുദ്ധത്തിനു പ്രേരിപ്പിച്ചു. ഹുസൈന് റ നെയും കുടുമ്പത്തെയും നിഷ്കരുണം കൊല ചെയ്തവരോട് വിദ്വേഷം സ്വാഭാവികമാണല്ലോ. ധാരാളം പേര് കൈസാനു പിന്തുണയുമായി ആയുധമണിഞ്ഞു. സല്മാന് ബിന്‍ ഹര്ദുല് ഖുസാഈ, രിഫാഅ തുടങ്ങിയ പ്രമുഖരും പിന്തുണച്ചു. യസീദ് രാജന്റെ സേനാധിപന് ഇബ്നു സിയാദുമായി പോരാടാനാണ് അവര്‍ ആദ്യമേ ശ്രമിച്ചത്. അയാളായിരുന്നല്ലോ യസീദിന്റെ കല്പനകള് മറികടന്ന് കൂഫക്കരായ ചതിയന്മാരുടെ താല്പര്യത്തിനൊത്ത് സൈനിക നീക്കം നടത്തിയത്. ഇബ്നു സിയാദിന്റെ സൈന്യവുമായി രണ്ടു തവണ യുദ്ധം ചെയ്തെങ്കിലും പ്രതികാര സംഘത്തിലെ പ്രമുഖരെല്ലാം രക്തസാക്ഷികള്‍ ആവുകയും വിപ്ലവം കെട്ടടങ്ങുകയും ചെയ്തു.
പിന്നീട് യുദ്ധ നിപുണനായ മുഖ്താര്‍ ബിന്‍ ഉബൈദ സഖഫി ഇറാഖില്‍ രംഗത്തുവന്നു. അഹ്ലുല്ബൈത്തിനെ മുന്‍നിറുത്തിയുള്ള രാഷ്ട്രീയക്കളി തുടങ്ങുന്നത് ഇവിടം മുതലാണ്. മുഖ്താര്‍ തുടക്കത്തില്‍ കൈസാനിയ്യ ആദര്‍ശമാണ് വിളംബരം ചെയ്തത്. അതായത്, അലി റ നു ശേഷം യഥാര്‍ത്ഥ പിന്‍ഗാമി ഹസനോ ഹുസൈനോ അല്ല. അലിയുടെ മറ്റൊരു പുത്രനായ മുഹമ്മദ് മാത്രമാണ് അലി യുടെ ആദര്‍ശം സധീരം സ്വീകരിച്ചത്. മുആവിയയുമായി സന്ധിക്ക് തയ്യാറായ ഹസനോ അത് അംഗീകരിച്ച ഹുസൈനോ അലിയുടെ ശരിയായ പിന്ഗാമിയല്ലെന്നായിരുന്നു മുഖ്താര്‍ ആദ്യം പറഞ്ഞത്. അലിയുടെ ‘സ്വകാര്യങ്ങളുടെ’ യഥാര്‍ത്ഥ താക്കോല്‍ മുഹമ്മദ് ബിന്‍ ഹനഫിയ്യയുടെ കൈകളിലാകുന്നുവെന്ന് അയാള്‍ പ്രചരിപ്പിച്ചു. ധാരാളം കറാമത്തുകളുടെയും അപാര ആത്മീയ വിജ്ഞാനങ്ങളുടെയും കലവറയായിരുന്നുവത്രേ മുഹമ്മദ് റ. (ഇക്കാലത്തെ ശിയാക്കള്‍ മുഹമ്മദ് തങ്ങളെ അഹ്ലുല്ബൈത്ത് അംഗമായി പരിഗണിക്കാരുണ്ടോ?)
പക്ഷേ, ഹസന് ഹുസൈന് തങ്ങന്മാരുടെ ഇഷ്ടക്കാരായിരുന്ന ജനങ്ങളോട് മുഹമ്മദ് തങ്ങളുടെ വലുപ്പം പറഞ്ഞു ധരിപ്പിക്കാന്‍ പ്രയാസമാണെന്ന് കണ്ടപ്പോള്‍ ചുവടു മാറ്റി, അഹ്ലുല്‍ അബാഇന്റെ കാലശേഷം ഇമാമത്ത് അധികാരം മുഹമ്മദ് തങ്ങള്ക്കാകുന്നു എന്നായി സംസാരം. മുഹമ്മദ് തങ്ങള്‍ തന്നെ പ്രതികാര യുദ്ധത്തിനു ചുമതലപ്പെടുത്തിയതാണെന്ന് തട്ടിവിട്ടു. മുഹമ്മദ് തങ്ങളുടെ പേരില്‍ കൃത്രിമമായി ഉണ്ടാക്കിയ എഴുത്തുകുത്തുകള്‍ കാണിച്ചു മുഖ്താര്‍ ആളുകളെ സംഘടിപ്പിക്കുവാന്‍ ശ്രമിച്ചു. ഇബ്രാഹീം ബിന്‍ മാലികില്‍ അശ്തര്‍ സര്‍വ്വ സൈന്യാധിപ സ്ഥാനത്ത് നിയോഗിക്കപ്പെട്ടു. ദിയാരുള് ബികാര്, അഹവാസ് ,അസര്‍ ബൈജാന് എന്നിവിടങ്ങളില്‍ മുഖ്താര്‍ സംഘം പടയോട്ടം നടത്തി. ഏതാനും പ്രദേശങ്ങള്‍ കയ്യടക്കി.
ഇതേ സമയം മുഹമ്മദ് തങ്ങള്‍ മുഖ്താറിന്റെ വാദങ്ങളെയും പ്രവര്‍ത്തനങ്ങളെയും നിഷേധിക്കുന്നുണ്ടായിരുന്നു. എങ്കിലും അയാള്‍ ഹുസൈന് റ ന്റെ വധത്തില്‍ ഏതെങ്കിലും നിലയില്‍ പങ്കെടുത്തവരില്‍ അവശേഷിക്കുന്നവരെ ഓരോരുത്തരെയായി ക്രമപ്രകാരം വധിച്ചും വധിക്കാന്‍ ആളെ അയച്ചും ഒരു ‘ഹുസൈന് വീര്യം’ അനുയായികളില്‍ നിലനിര്‍ത്തി മുഖ്താര്‍ മുന്നേറി. (വധത്തില്‍ പങ്കുള്ള പലരും ദയനീയമായി ചത്തുപോയിരുന്നു.)ചുട്ടുകൊന്നും, കൈകാലുകള്‍ വെട്ടി മുറിച്ചു ജീവന് പോകുവോളം ഉപേക്ഷിച്ചിട്ടും, മരിക്കുന്നതു വരെയും അമ്പു ചെയ്തും മുഖ്താറിന്റെ സൈന്യം പ്രതികാരം നടപ്പിലാക്കി. ഹുസൈന് വധത്തിലെ മുഖ്യ വില്ലനായിരുന്ന ശമിര്‍ ബിന്‍ ദില്‍ ജൗശന്‍ എന്ന കുഷ്ഠരോഗിയെ, മുഖ്താറിന്റെ പെഴ്സണല്‍ ഗാര്‍ഡ് തലവന്‍ അബൂ അമ്രയും സംഘവും ചേര്‍ന്ന് വകവരുത്തി. മാലിക് ബിന്‍ ബിശ്രിനെ സൈന്യം പിടിച്ചുകൊണ്ടുവന്നു മുഖ്താറിന്റെ മുന്നിലിട്ടു. ‘നീയാണടാ ഹുസൈന് തങ്ങളുടെ തലപ്പാവ് ഊരിയത്?” എന്ന് ചോദിച്ച് അവന്റെ കൈകാലുകള്‍ വെട്ടിമാറ്റാന്‍ കല്പന കൊടുത്തു. അവര്‍ അത് ചെയ്തു. അയാള്‍ അവിടെ കിടന്നു പിടഞ്ഞു മരിച്ചു. അബ്ദുല്ലാഹി ബിന്‍ ഉസൈദ് അല്ജുഹ്നിയെയും ക്രൂരമായി വകവരുത്തി. ഹുസൈന് തങ്ങളുടെ ശിരസ്സില്‍ കുന്തം കുത്തിയ ഖൌലാ ബിന്‍ യസീദ് അല്ഇസ്വബഹിയെ വീട് വളഞ്ഞു. അയാളുടെ ഭാര്യ പുറത്തുവന്ന് ‘ഇവിടെയില്ല’ എന്നുറക്കെ പറയുകയും ഉള്ളില്‍ ഉണ്ടെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. ഹുസൈന് തങ്ങളെ വധിച്ചതില്‍ ആ സ്ത്രീ ക്ക് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. വീട്ടിലേക്ക് ഇരച്ചു കയറിയ സൈന്യം അയാളെ പിടിച്ചു പുറത്തിട്ട് വെട്ടിക്കൊന്ന് കത്തിച്ചു കളഞ്ഞു. അലിയാരുടെ മകന് അബ്ബാസിനെ വധിച്ച ഹകീം ബിന്‍ ഫുളയ്ലിനെയും മുസ്ലിം ബിന്‍ ഉഖൈല്‍ പുത്രന് അബ്ദുല്ലയെ വധിച്ച യസീദ് ബിന്‍ വരഖാഇനെയും കര്‍ബലയില്‍ യസീദ് സേനയുടെ അമീര്‍ ആയിരുന്ന ഉമറിനെയും മറ്റൊരു പ്രതി സിനാന് ബിന്‍ അനസിനേയും മുഖ്താര്‍ സൈന്യം കശാപ്പ് ചെയ്തു പ്രതികാരം നടപ്പിലാക്കി.
ഹുസൈന് കീഴടങ്ങുന്നില്ലെങ്കില്‍ വധിക്കാന്‍ കല്പന കൊടുത്ത അന്നത്തെ കൂഫയിലെ ഗവര്‍ണറായിരുന്ന ഉബൈദുല്ല ബിന്‍ സിയാദിനെ ഇബ്നുല്‍ അശ്തര്‍ പിടികൂടുകയും മൌസ്വിലില് നിന്നും അഞ്ചു മര്‍ഹല അപ്പുറത്തുള്ള ഖാസ് (?????)നദിയുടെ തീരത്തുവെച്ച് അതി നിഷ്ടുരമായി കൊലപ്പെടുത്തുകയും അയാളുടെ തലയറുത്ത് മുഖ്താറിനു അയച്ചു കൊടുക്കയും ചെയ്തു. ഉബൈദുള്ളയുടെ സഹകാരികളായ ഹുസൈ്വന്‍ ബിന്‍ നുമൈര്‍, ശര്‍ഹബീല്‍ ബിന്‍ ദില്‍ കിലാഹ് തുടങ്ങിയ ഒട്ടേറെ പേരുടെ തലകളും അക്കൂട്ടത്തില്‍ അയച്ചിരുന്നു. തന്റെ പ്രതികാര ദൌത്യം പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ മുഖ്താര്‍ അവയെ ‘വരവേറ്റു’.
തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു: ഉബൈദുള്ള യുടെയും സഹപോരാളികളുടെയും തലകള്‍ റഹ്ബ മസ്ജിദിനു മുന്നില്‍ കുത്തിനാട്ടിയപ്പോള് ആളുകള്‍ പറയുന്നുണ്ടായിരുന്നു, ‘ഇതാ വന്നു, ഇതാ വന്നു’ എന്നിങ്ങനെ. അവര്‍ അത് പ്രതീക്ഷിച്ചു നില്പായിരുന്ന പോലെ. അപ്പോള്‍ അവിടെ ഒരു വലിയ സര്‍പ്പം ഇഴഞ്ഞുവന്നു തലകള്‍ക്കിടയില്‍ നിന്നും ഉബൈദുള്ള യുടേത് തിരഞ്ഞുപിടിച്ചു അതിനകത്ത് നുഴഞ്ഞു കയറി അല്പം കഴിഞ്ഞു ഇറങ്ങിപ്പോയി. കുറച്ചു സമയം കഴിഞ്ഞു വീണ്ടും സര്‍പ്പം വന്നു ഇതുപോലെ ചെയ്തു. അങ്ങനെ മൂന്നാം തവണയും അതുണ്ടായി. ഹുസൈന് തങ്ങളുടെ അറുത്തുമാറ്റിയ ശിരസ്സ് മുന്നിലെത്തിയപ്പോള്‍ ഉബൈദുള്ള തന്റെ ദണ്ട് ഉപയോഗിച്ച് അവിടുത്തെ മുന്‍പല്ലുകളില്‍ മൂന്നുതവണ കുത്തിനോവിച്ചിരുന്നുവല്ലോ. ഖലീഫ യസീദിനെതിരെയുള്ള പ്രതികാര ശ്രമങ്ങള്‍ മുഖ്താറിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. സമകാലികരായ അവര്‍ക്ക് യഥാര്‍ത്ഥ പ്രതികളെ അറിയാമായിരുന്നു.
മുഹറം പത്തിന് വിലാപവും തേങ്ങലും മാറത്തടിയും മാന്തിപ്പൊളിയും തുടങ്ങിയത് മുഖ്താര്‍ ആയിരുന്നു. മുഖ്താര്‍ അവസാന കാലങ്ങളില്‍ നുബുവ്വത്ത് വാദം തുടങ്ങി. ഹുസൈന് തങ്ങളുടെ മരുമകന് (അതായത് മകള്‍ സുകൈനയെ വിവാഹം ചെയ്തയാള്‍, അബ്ദുല്ലാ ബിന്‍ സുബൈറിന്റെ സഹോദരന്) മിസ്വഅബു ബിനു സുബൈര്‍ റ തന്നെ പട നയിച്ച് മുഖ്താറിനെയും സംഘത്തെയും വകവരുത്തുകയും അവരെ നരകത്തിലെ വിറകുകളുടെ കൂട്ടത്തില്‍ തള്ള്കയും ചെയ്തു.
മുഖ്താര്‍ തുടങ്ങിവെച്ച മുഹറം വിലാപ പ്രകടനങ്ങള്‍ കുറെ കാലത്തേക്ക് നിലച്ചുപോയിരുന്നു. കാരണം, അഹ്ലുല്‍ ബൈത്ത് നേതൃത്വങ്ങള്‍ ആരും തന്നെ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പ്രമുഖരായ ഇമാമുകളുടെ കാലശേഷം , ബുവൈഹികളും ഫാഥ്വിമികളും ശിയാ രാഷ്ട്രീയ വീര്യം നിലനിര്‍ത്താന്‍ മുഹറം വീണ്ടും സജീവമാക്കുകയായിരുന്നു.