മറ്റുയോഗ്യതകള്‍ ഒത്തുവന്നിട്ടുണ്ടെങ്കില് ഖിലാഫത്ത് കയ്യാളാന്‍ ഖുറൈശികള്ക്കേ അവകാശമുള്ളൂ. അറിവ്, നീതിനിഷ്ഠ, പ്രാപ്തി, തീരുമാനം എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രതികൂലമായി ബാധിക്കുന്ന കുറവുകളില്ലാതെ ശരീരാവയവങ്ങളും പഞ്ചേന്ദ്രിയങ്ങളും കുറ്റമറ്റതായിരിക്കുക, ഖുറൈശിത്വം എന്നവയാണ് ഒരു യാഥാര്‍ത്ഥ ഖലീഫയുടെ മുഖ്യയോഗ്യതകള്‍. ഇതു വംശീയമോ വര്‍ഗീയമോ അല്ല. അര്‍ഹതയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ്.
ഖുറൈശിത്വം എങ്ങനെ ഒരു യോഗ്യതയായിത്തീര്ന്നുവെന്ന് ഇബ്നു ഖല്ദൂന് വിശദമാക്കുന്നുണ്ട്. ‘സ്രഷ്ടാവ് ഖലീഫയെ നിയോഗിക്കുന്നത്, അവന്റെ പ്രതിനിധിയായി, അവന്റെ ദാസന്മാരുടെ കാര്യങ്ങള്‍ അവരുടെ നന്മയെ ലാക്കാക്കി നടത്താനാണ്. ദോഷകരമായ കാര്യങ്ങളില്‍ നിന്നും അവരെ തിരിച്ചുവിടാനും വേണ്ടിയാണ്. ഇതു ആ വ്യക്തിയോടു കല്പിക്കപ്പെട്ടു. ഒരു കാര്യം ചെയ്യാനായി, ഒരാളോട് കല്പിക്കുന്നത്, അതു ചെയ്യാന്‍ കഴിവുള്ളവനാണ് അയാള്‍ എന്നതുകൊണ്ടു മാത്രമാണ്…’
പൊതുവെ പ്രസ്താവിക്കപ്പെടുന്ന പോലെ, നബിയോടുള്ള അവരുടെ കുടുംബബന്ധത്തിന്റെ പുണ്യതയില്‍ പരിമിതപ്പെടുത്തി നിറുത്തേണ്ടതല്ല ഇക്കാര്യം. ആ ബന്ധം ഒരുണ്മയാണ്. അതിലടങ്ങിയിട്ടുള്ള പുണ്യം ഒരു വസ്തുതയും. പക്ഷേ, ഈ പുണ്യം മതനിയമങ്ങളുടെ ലക്ഷ്യങ്ങളില്‍ പെട്ടതല്ല എന്ന് നാം മനസ്സിലാക്കുക… ഖുറൈശികളായിരുന്നു മുളര്‍ ഗോത്രത്തിന്റെ പ്രമുഖ സംഘം. അതിന്റെ അടിത്തറയും പ്രബലശക്തിയും അവര്‍ തന്നെയായിരുന്നു. മറ്റെല്ലാ മുളര്‍ ഗോത്രങ്ങളെക്കാളും അംഗസംഖ്യ, സംഘബോധം, കുലീനത എന്നിവ അവരുടെ മേല്‍ ഖറൈശികള്ക്കു അധീശാധികാരം നേടിക്കൊടുത്തു. എല്ലാ അറബി ഗോത്രങ്ങളും അതംഗീകരിക്കുകയും ചെയ്തു. മറ്റാര്ക്കെങ്കിലുമായിരുന്നു ഭരണാധികാരം നല്കപ്പെട്ടിരുന്നതെങ്കില്, അവരുടെ എതിര്‍പ്പും അനുസരണയില്ലായ്മയും മൂലം സമുദായൈക്യം തന്നെ തകരുമായിരുന്നെന്ന് പ്രതീക്ഷിക്കാം. ഗോത്രങ്ങളില്‍ മാറ്റാരും തന്നെ, അവരുടെ എതിര്‍പ്പിനെ നീക്കാനോ അവരുടെ മുന്നേറ്റത്തെ നേരിടാനോ കഴിവുള്ളവരുമല്ല. അവര്‍ക്ക് പ്രാബല്യത്തിന്റെ അധികാരദണ്ഡ് പ്രയോഗിച്ച് ജനങ്ങളെ നയിക്കാന്‍ കഴിവുണ്ട്. എതിര്‍പ്പുകളെ തടുത്തുനിര്‍ത്താനും ജനങ്ങളെ ഒപ്പം നിര്‍ത്താനും പോന്നവരാണ് ഖുറൈശികള്‍ എന്നതു തന്നെയാണ് കാരണം. ഈ യോഗ്യതകള്‍ ലോകത്ത് എവിടെയും മറ്റൊരു ജനതയിലും കാണപ്പെട്ടിട്ടില്ല, ഖുറൈശിത്വത്തില് അത് രൂപം കൊണ്ടതു പോലെ ഇസ്ലാം മത ദൗത്യം ഖുറൈശികളില്‍ നിലകൊണ്ടത് അഖില വ്യാപകമായിട്ടായിരുന്നു. അറബി സംഘബോധം ആ ദൗത്യത്തിനു തികച്ചും പര്യാപ്തവുമായിരുന്നു. അതു കൊണ്ട് അവര്‍ മറ്റെല്ലാ ജനതകളെയും നയിച്ചു (മുഖദ്ദിമ).
പില്ക്കാലത്ത് ഖുറൈശികളുടെ ശക്തി ക്ഷയിച്ചു. ആഡംബരങ്ങളിലും സുഖഭോഗങ്ങളിലും പലരും മുഴുകി. അവരുടെ സംഘബോധം നഷ്ടപ്പെട്ടു. ഖിലാഫത്തിന്റെ ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അവര്‍ അപ്രാപ്തരായപ്പോള് അനറബികള്‍ പ്രാബല്യം നേടി ഭരണകൂടങ്ങള്‍ ഉണ്ടാക്കി. താല്‍ക്കാലിക ഖിലാഫത്തുകളും രാജഭരണ കൂടങ്ങളും സുല്ത്താന്മാരും ഉണ്ടായി, എങ്കിലും ഖുറൈശിത്വം എന്ന നിബന്ധന അര്‍ഹതയുടെ അംഗീകാരമായിരുന്നു.
രാഷ്ട്രീയവും മതപരവുമായ നേതൃത്വമാണ് ഖിലാഫത്ത്. ജ്ഞാനപരമായ നേതൃത്വത്തിന് ഖറൈശിത്വം ഒരു നിബന്ധനയല്ല. മുസ് ലിം ലോകം പിന്തുടരുന്ന ജ്ഞാന നേതൃത്വങ്ങളാണ് ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദ്, ഇമാം അബുല്‍ ഹസനില്‍ അശ്അരി, ഇമാം അബൂ മന്‍സ്വൂര്‍ മാതുരീദി (റ) ഇവരില്‍ ഇമാം ശാഫിഈ മാത്രമാണ് ഖുറൈശി വംശജന്. ആധ്യാത്മിക സംസ്കരണ മേഖലകളില്‍ നേതൃത്വം നല്കുന്ന മഹാഗുരു ഏതെങ്കിലും വംശജനാകണമെന്നില്ല.
ജ്ഞാനനഗരിയാണ് തിരുദൂതര്‍(സ്വ). അതിലേക്കുള്ള വ്യത്യസ്ത കവാടങ്ങളാണ് അവിടത്തെ അനുയായികള്‍. അവരിലാരെയും പില്ക്കാലത്തുള്ളവര്ക്ക് അനുഗമിക്കാം. അലി(റ) ഒരു പ്രധാന ജ്ഞാനകവാടമാണ്. എന്നാല്‍ പ്രവാചക പുത്ര പരമ്പരയ്ക്ക് മാത്രമേ മഹാഗുരുത്വ സ്ഥാനത്തിനര്ഹതയുള്ളൂ എന്നില്ല. ‘ചെറിയ ഖലീഫ’ എന്നു വിളിക്കാവുന്ന പ്രാദേശിക ഖാളിയാകാനുമില്ല വംശീയമായ റിസര്‍വേഷന്‍. പള്ളികളില്‍ നിസ്കാരത്തിന് നേതൃത്വം നല്കുന്ന ഇമാമുമാരുടെ യോഗ്യതയുടെ ഒരു ക്രമമുണ്ട്: മഹാഖലീഫ- പ്രാദേശിക ഗവര്‍ണര്‍ – അതാതു മസ്ജിദില്‍ നിയോഗിക്കപ്പെട്ട ഇമാം- വീട്ടിലാണെങ്കില്‍ വീട്ടുകാരന്- നിയമജ്ഞന്- ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍- ആദ്യ ഹിജ്റക്കാരന് – ഇസ്ലാം മത വിശ്വാസിയായി പ്രായം കൂടിയയാള്‍ – ഉന്നത തറവാട്ടുകാരന് – ഏറെ സല്‍കീര്‍ത്തിയുള്ളവന്‍ – വസ്ത്രം, ശരീരം ഏറെ വൃത്തിയുള്ളയാള് – നല്ല ശബ്ദമാധുരിയുള്ളയാള് – സുന്ദരന്‍. ഇതാണ് ആ ക്രമം.
പിന്നില്‍ അണിനിരക്കുന്നിടത്തുമുണ്ട് ചില റിസര്‍വേഷന്‍. ഇമാമിനോട് തൊട്ട് പിന്നില്‍ നില്കുന്നവര് യോഗ്യരായിരിക്കണം. ഇമാമിന് ആകസ്മികമായി വല്ലതും സംഭവിച്ചാല്‍ പകരം കയറിനില്ക്കാന് കഴിയുന്നവരായിരിക്കണം. നേടിയെടുക്കുന്ന യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള അംഗീകാരമാണിത്. അത്തരം യോഗ്യതയുള്ള സ്വഹാബികളെ നിസ്കാര നിരയില്‍ തിരുദൂതരുടെ ചാരത്ത് അണിനിരക്കാറുണ്ടായിരുന്നുള്ളൂ.
ഇമാം റാസി (റ) 49/13 സൂക്തം വിശദീകരിച്ചുകൊണ്ട് പറയുന്നു: ഈ സൂക്തത്തിലെ പരാമര്‍ശപ്രകാരം ‘എല്ലാവരും ആദം – ഹവ്വ സന്തതിതകളാണല്ലോ. അതിനര്‍ത്ഥം കുടുംബപരമായ പാരമ്പര്യം പരിഗണിക്കേണ്ടതില്ലെന്നാണോ? അല്ലതന്നെ. മനുഷ്യ സംസ്കാരത്തിലും ഇസ്ലാം മത കാഴ്ചപ്പാടിലും കുടുംബപാരമ്പര്യം ഒരു പരിഗണനീയ സംഗതിതന്നെയാണ്. എത്രത്തോളമെന്നോ പ്രവാചക പുത്ര പരമ്പരയിലെ ഒരു വനിതയെ സാധാരണക്കാരന് വിവാഹം ചെയ്തു കൂടാ. അനുഭവത്തിലും നാട്ടുനടപ്പിലും മതത്തിലും അങ്ങനെത്തന്നെ. നോക്കൂ, സൂര്യനുദിച്ചാല്‍ പിന്നെ നക്ഷത്രങ്ങളെവിടെ? ഇടിവെട്ടുമ്പോള്‍ ഈച്ചയുടെ ചിറകടി കേള്‍ക്കുകയോ? ഇതനുഭവ യാഥാര്‍ത്ഥങ്ങളാണ്. രാജാവിനോടൊപ്പം എഴുന്നള്ളിയാലും രാജാവിനെയാണ് എല്ലാവരും ശ്രദ്ധിക്കുക. മതത്തിലും ഇതംഗീകരിച്ചതുകാണാം. മതപരവും ദൈവികവുമായ മഹത്വം വന്നാല്‍ പിന്നെ മറ്റു മഹത്വങ്ങള്‍ക്ക് പരിഗണനയില്ലാതാകും. തറവാടിനുമില്ല; ധനാഢ്യതക്കുമില്ല. നീ കാണുന്നില്ലേ, എത്ര ഉയര്ന്നവനാകട്ടെ ഒരു സത്യനിഷേധിയും, എത്ര താഴ്ന്ന സാമൂഹ്യപദവിയിലാകട്ടെ ഒരു സത്യവിശ്വാസിയും തമ്മില്‍ താരതമ്യത്തിന് പറ്റുമോ? നിഷേധി എവിടെ നില്ക്കുന്നു? വിശ്വാസി എവിടെ നില്ക്കുന്നു? മുസ്ലിംകള്ക്കിടയില് മതനിഷ്ഠയുള്ളവനും ഇല്ലാത്തവനും തമ്മില്‍ ഇപ്രകാരം അന്തരമുണ്ട്. അതുകൊണ്ടുതന്നെ ന്യായാധിപ പദവി, സാക്ഷിദൗത്യം തുടങ്ങിയ മതസ്ഥാനങ്ങള്‍ക്ക് ഏതൊരു ഉന്നത കുലജാതനും താഴ്ന്ന കുടുംബക്കാരനും കൊള്ളാം. അവന് മതനിഷ്ഠയുള്ള, സാദാചാര ചരിത്രമുള്ള ജ്ഞാനിയാകണമെന്നേയുള്ളൂ. നീചവൃത്തിക്കാരന് അവയ്ക്കുകൊള്ളില്ല. ശതകോടീശ്വരനായാല്പോലും സാക്ഷിക്കുപറ്റില്ല; വിധിക്കാനും കൊള്ളില്ല. എന്നാല്‍ ജനങ്ങളുടെ ഇടയില്‍ അത്തരം തറവാടിക്കു പ്രാമുഖ്യം നല്കപ്പെടുന്നു. പക്ഷേ, അല്ലാഹുവിങ്കല്‍ അവനവന്റെ കര്മഫലമേ ലഭിക്കൂ. ജന്മമഹത്ത്വം അല്ലാഹു പരിഗണിക്കില്ല. ‘മനുഷ്യന് അവനവന് പ്രയത്നിച്ചുണ്ടാക്കിയതല്ലാതെ മറ്റൊന്നും കിട്ടാനില്ല’. (നജ്മ്/39). തറവാടിത്തം ആര്‍ജിത മഹത്ത്വമല്ല; അധ്വാനിച്ചു നേടിയതുമല്ല.
ഇമാം റാസി (റ) തുടരുന്നു: മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹുവിന് ഇബാദത്ത് ചെയ്യാനാണ്. വര്ഗങ്ങളാക്കിയത് പരസ്പരം തിരിച്ചറിയാനും. അടിസ്ഥാന ലക്ഷ്യത്തിനാണ് പ്രമുഖ പ്രാധാന്യം കല്‍പ്പിക്കേണ്ടത്. രണ്ടാമത്തേതിനല്ല. ഇബാദത്ത് പരിഗണിച്ചതിനു ശേഷമേ തറവാടിത്തം നോക്കൂ. ജന്മലക്ഷ്യം പൂര്‍ത്തിയാക്കിയെങ്കില്‍ തുടര്‍ന്ന് തറവാടും പരിഗണിക്കാം. ആദ്യത്തേതില്ലെങ്കില് രണ്ടാമത്തേതുമില്ല….’
കുടുംബ പാരമ്പര്യം കാണിച്ച് അഹങ്കരിക്കരുത് എന്നതിനുള്ള രേഖയാണ് സൂക്തത്തിലെ പരാമര്‍ശങ്ങള്‍. ഒരു വ്യക്തിയിലേക്ക് വംശാവലി ചേര്‍ത്താണ് ഗോത്രങ്ങള്‍ പരസ്പരം വേര്‍തിരിച്ചറിയുന്നത്. നിങ്ങളുടെ നിഗമനപ്രകാരം, ഗോത്രപിതാവ് മഹാമനീഷിയായിരുന്നെങ്കില് നിങ്ങളുടെ ഗോത്രഗരിമ ശരി തന്നെ. ഗോത്രപിതാവ് മഹാനല്ലായിരുന്നെങ്കില് അഹങ്കാരത്തിന് ഒട്ടും യോജിപ്പില്ല. അപ്പോള്‍ നിങ്ങള്‍ അഭിമാനം കൊള്ളുന്ന ആ മഹാമനുഷ്യന് ഒന്നുകില്‍ ജനിച്ചകുലത്തിന്റെ അടിസ്ഥാനത്തിലോ ആര്‍ജിച്ച മഹച്ചരിതത്തിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും മഹാനായിത്തീര്ന്നിരിക്കുക. അയാളും കേവലം കുലത്തിന്റെ പേരിലാണ് പ്രശസ്തനായതെങ്കില് കൂടുതലൊന്നും പറയാനില്ല. എന്നാല്‍ ആര്‍ജിച്ച ജീവിത മഹത്വത്തിന്റെ പേരിലാണ് ഗോത്രപിതാവ് ശ്രേഷ്ഠവാനായതെങ്കില്, മാന്യനും സദാചാരിയുമായ ഏതൊരു ജ്ഞാനിക്കും നിങ്ങളുടെ അതേ അളവില്‍ അഭിമാനിക്കാമല്ലോ. പിതാവും പിതാമഹനും നേടിയ പുണ്യവും സദ്ജീവിതവും ആര്‍ജിക്കാതെ അവരുടെ പേരുപറഞ്ഞ് എങ്ങനെ അഭിമാനം കൊള്ളും?
എന്നാല്‍, തിരുനബി(സ്വ)യിലേക്കു ചേര്‍ത്തുള്ള കുടുംബ മഹാത്മ്യവും അഭിമാനവും അനുവദനീയമാണോ? ഒരാള്‍ക്കും നബിയോളം മഹാത്മ്യം ആര്‍ജിക്കുക സാധ്യമല്ലല്ലോ. തിരുനബിയുമായുള്ള കുടുംബബന്ധത്തിലഭിമാനിക്കാം. കേവല പരമ്പര ചേര്‍ത്തുകൊണ്ട് ഒരാള്‍ക്കും ശ്രേഷ്ഠ പദവി കിട്ടില്ല; കര്‍മം ചെയ്തു നേടിയെടുക്കുക തന്നെ വേണം. നബി(സ്വ) പറഞ്ഞു: ‘ഞങ്ങള്‍ പ്രവാചകന്മാര് പാരമ്പര്യം അനന്തരമായി നല്‍കാറില്ല’. മറ്റൊരിക്കല്‍ പറഞ്ഞു: ‘ജ്ഞാനികളാണ് പ്രവാചകരുടെ അനന്തരവകാശികള്‍’. ഈ വാക്കുകളുടെ പൊരുള്‍ ഇതാണ്: പാരമ്പര്യം പറഞ്ഞു അനന്തരവകാശിയാകാനില്ല; കര്‍മം ചെയ്തു അതു നേടിയെടുക്കണം.
തുടര്‍ന്ന് ഇമാം റാസി (റ) ഒരു സംഭവം വിവരിക്കുന്നു: ഖുറാസാനിലെ ഒരു പ്രവാചക കുടുംബാംഗം. അദ്ദേഹത്തിന് അലി (റ)ലേക്ക് വളരെ അടുത്ത കുടുംബബന്ധമുണ്ട്. എന്നാല്‍ അയാള്‍ ഒരു ഫാസിഖായിരുന്നു. അന്നാട്ടില്‍ കറുത്ത പ്രകൃതമുള്ള ഒരു വിമോചിത അടിമയുണ്ടായിരുന്നു. ജ്ഞാനത്തിലും കര്‍മത്തിലും തികഞ്ഞ മനുഷ്യനായതിനാല്‍ അയാള്‍ക്ക് ആദരവും സദസ്സിലെ മുന്‍നിര സ്ഥാനവും നല്കി ജനം ബഹുമാനിച്ചു. ബറകത്തെടുക്കാന്‍ ജനം അയാളെ സമീപിച്ചു. ഒരിക്കല്‍ മസ്ജിദ് ലക്ഷ്യമാക്കി അദ്ദേഹം വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഒരു വന്‍പുരുഷാരം തന്റെ പിന്നില്‍ അനുഗമിച്ചു. മദ്യപിച്ചു ലക്കുകെട്ട സമയത്താണ് മേല്‍ സൂചിപ്പിച്ച നബി കുടുംബാംഗം ഈ രംഗം കാണുന്നത്. പൊതുജനം അദ്ദേഹത്തെ വിലവെച്ചില്ല. ആട്ടിയകറ്റുകയും വഴിയില്‍ നിന്ന് തള്ളുകയും ചെയ്തു. അയാള്‍ കുതറിമാറി ജ്ഞാനിയുടെ അടുത്തെത്തി. അയാളുടെ വസ്ത്രത്തില്‍ പിടിച്ചു കൊണ്ട് അലറി: എടാ അടിമുടി കറുത്തവനേ, കാഫിറിന്റെ മോനേ, ഞാനാരാണെന്നറിയുമോ നിനക്ക്? ഞാന്‍ റസൂലുല്ലാഹിയുടെ പുത്രനാ… എന്നിട്ട് ഞാന്‍ അവഗണിക്കപ്പെടുക, നീ ബഹുമാനിക്കപ്പെടുകയോ? മദ്യപന്റെ പരുഷവാക്കുകള്‍ കേട്ട് ജനം കൈകാര്യം ചെയ്യാനൊരുങ്ങി. ജ്ഞാനി അതു തടഞ്ഞു: ‘വേണ്ട, അദ്ദേഹത്തിന്റെ വല്യുപ്പാനെ പരിഗണിച്ച് വിട്ടേക്കുക’.
പിന്നെ അദ്ദേഹത്തോടായി തൊലികറുത്ത ജ്ഞാനി പറഞ്ഞു: ബഹുമാന്യനായ ‘തങ്ങളേ’, ഞാന്‍ എന്റെ ഉള്ളകം ആവുന്നത്ര വെളുപ്പിച്ചിട്ടുണ്ട്. താങ്കള്‍ അതു കറുപ്പിച്ചുകളഞ്ഞല്ലോ. ജനം എന്റെ കറുത്തമുഖത്തിനപ്പുറം ശുഭഹൃദയം കണ്ടപ്പോള്‍ അവര്‍ക്കതു പിടിച്ചു. ഞാന്‍ താങ്കളുടെ പിതാമഹന്റെ ജീവിതരീതി സ്വീകരിച്ചു. താങ്കള്‍ എന്റെ പിതാവിന്റെ വഴിയിലാണുള്ളത്. ജനം എന്നെക്കാണുന്നത് അങ്ങയുടെ പിതാവിന്റെ മാര്‍ഗത്തിലും താങ്കളെക്കാണുന്നത് എന്റെ പിതാവിന്റെ ദുഷ്ടവഴിക്കും ആയതിനാല്‍, താങ്കളുടെ പിതാവിന്റെ പുത്രനാണ് ഞാനെന്ന് അവര്‍ ധരിച്ചു. താങ്കള്‍ എന്റെ പിതാവിന്റെ പുത്രനാണെന്നും അവര്‍ മനസ്സിലാക്കിപ്പോയി. അതിനാല്‍ അവര്‍ എന്റെ പിതാവിനോടെന്ന പോലെ അങ്ങയോട് പെരുമാറിയതാണ്. അങ്ങയുടെ പിതാവിനോടെന്ന പോലെ എന്നോടും പെരുമാറുകയാണ്’. (റാസി).
ഭക്തിയാണു പ്രധാനം
തറവാടിത്തമോ വംശമഹിമയോ അല്ല; അഭിമാനിക്കാനും ആദരവര്ജിക്കാനും സമ്പാദിച്ചു വെക്കേണ്ടത്, ജ്ഞാനവും അതനുസരിച്ചുള്ള ഭക്തിയുമത്രെ. തിരുദൂതര്‍ അരുളി: ‘അറബിക്കു അനറബിയുടെ മേല്‍ യാതൊരു സവിശേഷതയുമില്ല. വെളുത്തുചുവന്നവനില്ല കറുത്തവനേക്കാള്‍ ശ്രേഷ്ഠത, കറുത്തവന് വെളുത്തവനേക്കാള്‍ മഹിമയില്ല. ഭക്തികൊണ്ടല്ലാതെ’.
മഹാഗുരു ഇബ്നു അജീബ (റ) കുറിക്കുന്നു: മദീനയിലെ അങ്ങാടിയിലൂടെ തിരുദൂതര്‍ (സ്വ) കടന്നുപോകവെ, ഒരു കറുത്ത പയ്യന് നില്‍ക്കുന്നത് കണ്ടു. അവനെ അടിമക്കച്ചവടത്തിന് വെച്ചിരിക്കുകയാണ്. വിലകൂടുതല്‍ നല്‍കുന്നവര്‍ക്ക് വാങ്ങാം. ലേലം നടക്കുന്നു. അപ്പോള്‍ പയ്യന് വിളിച്ചു പറഞ്ഞു: ‘എന്നെ ആര്‍ക്കും വാങ്ങാം. പക്ഷേ, ഒരു നിബന്ധനയുണ്ട.് അല്ലാഹുവിന്റെ തിരുദൂതര്ക്കു പിന്നില്‍ അഞ്ചു നേരം നിസ്കരിക്കുന്നതില്‍ നിന്നും എന്നെ തടയാന്‍ പാടില്ല’. അങ്ങനെ ഒരാള്‍ അവനെ സ്വന്തമാക്കി. അവന് പിന്നീട് അസുഖം പിടിപെട്ടു. അപ്പോള്‍ റസൂലുല്ലാഹി (സ്വ) സന്ദര്‍ശിച്ചു. പിന്നെ അവന് മരണപ്പെട്ടു. തിരുദൂതര്‍ (സ്വ) മരണാനന്തര ക്രിയകളെല്ലാം തനിച്ചു ചെയ്തു. കുളിപ്പിച്ചു കഫന്‍പുടവ അണിയിച്ചു. ഇതുകണ്ട് മുഹാജിറുകള്‍ പ്രതികരിച്ചതിങ്ങനെ: ‘ഞങ്ങള്‍ തിരുദൂതര്ക്കു വേണ്ടി വീടും സ്വത്തും കുടുംബവും നാടും വിട്ട് ഹിജ്റ ചെയ്തുവന്നവരാണ്. എന്നാല്‍ ഞങ്ങളില്‍ ഒരാള്‍ക്കുപോലും തിരുദൂതരില്‍ നിന്നും ഇതുപോലൊരു പരിലാളന ലഭിച്ചിട്ടില്ല. മരിച്ചുപോയവര്ക്കുമില്ല, ജീവിച്ചിരിക്കുന്നവര്ക്കുമില്ല’.
അന്‍സാരികളുടെ പ്രതികരണം ഇതായിരുന്നു: ‘ഞങ്ങള്‍ തിരുദൂതര്ക്കു അഭയം നല്കി. സഹായം ചെയ്തു. ഞങ്ങളുടെ ധനം പങ്കുവെച്ചു. എന്നിട്ടും ഞങ്ങളേക്കാള്‍ പരിഗണന ഒരു ആഫ്രിക്കന്‍ ബാലനു റസൂല്‍ (സ്വ) നല്കിയിരിക്കുന്നു’. ഈ സന്ദര്‍ഭത്തിലത്രെ, മാനവിക സമത്വത്തിന്റെ മാഗ്നാകര്ട്ടയായി വാഴ്ത്തപ്പെടുന്ന പ്രസ്തുത സൂക്തം അവതീര്‍ണമായത്. (തഫ്സീര്‍ ബഹ്റുല്‍ മദീദ്).
ഇതായിരുന്നു ആ സൂക്തം : ‘നിങ്ങളിലേറ്റം ഭക്തിയുള്ളവനത്രെ അല്ലാഹുവിങ്കല്‍ ഏറ്റം ആദരണീയന്‍’.