അമീറുൽ മുഉമിനീൻ , മലികുൽ ഇസ്ലാം മുആവിയ (റ) തന്റെ പിന്‍ഗാമിയായി മകൻ യസീദിനെ നിശ്ചയിച്ചിരുന്നു.പിതാവിന്റെ വിയോഗാനന്തരം രാജപദവി ഏറ്റെടുത്ത യസീദ് പ്രജകളിൽ നിന്നും ബൈഅത്ത് ആവശ്യപ്പെട്ടു.കൂടുതൽ അർഹതയുള്ളവർ ധാരാളം വേറെ ഉണ്ടായിരിക്കെ യസീദിനെ പിന്തുണക്കാൻ ചിലർ വിസമ്മതിച്ചു.ഹുസൈൻ ബിൻ അലി (റ )യുടെ വിസമ്മതമാണ് ഏറെ കോളിളക്കം ഉണ്ടാക്കിയത്.
ബൈഅത്തിനു സമ്മർദ്ദം ശക്തമായപ്പോൾ ഹുസൈൻ മദീനയിൽ നിന്നും മക്കയിലേക്കു താമസം മാറ്റി.വിസമ്മതമല്ലാതെ മദീനയിൽ നിന്നോ മക്കയിൽ നിന്നോ ആളുകളെ സംഘടിപ്പിച്ചുള്ള ഒരു വിപ്ലവത്തിന് അദ്ദേഹം ശ്രമിച്ചില്ല.എന്നാൽ ഇറാഖിൽ നിന്നും ഒട്ടേറെ പ്രലോഭാനങ്ങലുണ്ടായി.അന്നാട്ടിലെ പൌര പ്രമുഖരായ 150 ഓളം പേർ രാജ്യത്തെ മൊത്തം ജനങ്ങളുടെ താല്പര്യമാണെന്ന് വരുത്തി അദ്ദേഹത്തിനു പിന്തുണ അറിയിക്കുകയും കൂഫയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
അവിടത്തെ സ്ഥിതി ഗതികൾ നേരിട്ടു മനസ്സിലാക്കി വിവരമറിയിക്കാൻ ഹുസൈൻ തങ്ങൾ പിതൃ സഹോദരനായ മുസ്ലിം ബിൻ അഖീലിനെ പറഞ്ഞുവിട്ടു.കൂഫയിലെത്തിയ ഇബ്നു അഖീലിനെ കൂഫക്കാർ രാജോചിതം സ്വീകരിച്ചു. അദ്ദേഹത്തെ നേരിൽ കണ്ട് 18000 പേർ ഹുസൈനുള്ള പിന്തുണ അറിയിച്ചു.ഈ വിവരം അദ്ദേഹം ഉടനെ ഹുസൈനെത്തിക്കാൻ ദൂതനെ വിട്ടു. വലിയൊരു ജനപിന്തുണ ഉറപ്പായപ്പോൾ ഹുസൈൻ തങ്ങൾ കൂഫയിലേക്ക് പുറപ്പെടാനുറച്ചു . യസീദിനെ താഴെ ഇറക്കി ഖിലാഫത്ത് ഏറ്റെടുക്കാനുള്ള വിപ്ലവത്തിനു അദ്ദേഹം തയ്യാറെടുത്തു.അപ്പോഴും മദീനക്കാരോ മക്കക്കാരോ അതിൽ കൂട്ടു കൂടിയില്ല.എന്നല്ല,അവർ ഹുസൈനെ പിന്തിരിപ്പിക്കാനാണ് പരമാവധി ശ്രമിച്ചത്. അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ), അബ്ദുല്ലാഹിബ്നു ജഅഫർ തുടങ്ങിയ അടുത്ത പ്രമുഖബന്ധുക്കൾ ശക്തമായ എതിർപ്പു പ്രകടിപ്പിച്ചു. കൂഫക്കാരെ വിശ്വസിക്കാൻ കൊള്ളില്ല , അവർ ചതിയന്മാരാണ്, അവരെക്കണ്ട് വിജയ സാധ്യതയില്ലാത്ത ഒരു രക്തച്ചൊരിച്ചിലിനു ഉദ്ദ്യമിക്കുന്നതിൽ ഒട്ടും ഗുണമില്ല. അവർ എത്ര ഗുണദോഷിച്ചു ?!
.പിന്തുണച്ചവരുടേയും അനുയായി വേഷം കെട്ടിയ രക്ത ദാഹികളുടെയും ഉപദേശം വകവെക്കാതെ , മുസ്ലിം സമുദായത്തിൻറെ നന്മയും സമാധാനവും കണക്കിലെടുത്ത് സയ്യിദുനാ ഹസൻ (റ) , മുആവിയക്കു ഖിലാഫത്ത് വിട്ടുകൊടുത്തത്തിലെ ഗുണപാഠം മാതൃകാ പരമായിരുന്നു. അതൊരു ഭീരുത്വമായോ കൃത്യ വിലോപമായോ പക്വതയുള്ളവരാരും ഹസനെ കുറ്റപ്പെടുത്തിയിട്ടില്ല. ഹസന്റെ ആരോഗ്യകരവും നയപരവുമായ ആ പിന്മാറ്റം പക്ഷെ കുത്സിത ലക്ഷ്യക്കാർക്കു ഒട്ടും പിടിച്ചില്ല. അവർ രൂക്ഷമായ ഭാഷയിലാണ് ഹസനെ അധിക്ഷേപിച്ചത്.“സത്യ വിശ്വാസികളുടെ അപമാനമേ” എന്നായിരുന്നു അനുയായികൾ പിന്നീട് അദ്ദേഹത്തെ വിളിച്ചുപോന്നത്. ” അഗ്നിയേക്കാൾ ഉത്തമം അപമാനം തന്നെ”, അദ്ദേഹം തന്റെ നയം വ്യക്തമാക്കി. ” അസ്സലാമു അലൈക്കും, സത്യ വിശ്വാസികളെ തരം താഴ്ത്തിയവനെ” എന്നു സംബോധനയുമായി കടന്നു വന്ന അനുയായിയോട്,” ഞാൻ സത്യ വിശ്വാസികളെ തരം താഴ്ത്തിയതല്ല, അധികാരത്തിനു വേണ്ടി ഒരു യുദ്ധം ഞാനിഷ്ടപ്പെട്ടില്ല, അത്രമാത്രം” എന്നാണ് ഹസൻ തങ്ങൾ പ്രതികരിച്ചത്. ഹസൻ തങ്ങളുടെ ഈ നയത്തെ അന്ന് ഹുസൈൻ തങ്ങൾ പിന്തുണച്ചതായിരുന്നു . ഇരുവരോടും ഇക്കാരണത്താൽ കൂഫക്കാർക്കു കഠിനമായ പകയുണ്ടായിരുന്നു. യസീദിനെതിരെയുള്ള അവരുടെ അരങ്ങേറ്റത്തിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് തുടങ്ങിയവർ വലിയ വിശ്വാസം കല്പിക്കാതിരുന്നത് അതുകൊണ്ടാണ്.അല്ലാഹുവിന്റെ അചഞ്ചലമായ വിധിയെന്നേ പറയാവൂ, ഹുസൈൻ തങ്ങൾ പുറപ്പെടാൻ തന്നെ തീരുമാനിച്ചു.യാത്രക്കുള്ള ഒരുക്ക സമയത്തും പുറപ്പെടാൻ നേരവും കാരണവന്മാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോകരുതെന്ന അഭ്യർഥനയും സ്വീകാര്യമായില്ല. സ്ത്രീകളും കുട്ടികളുമടക്കം 72 പേരുമായി ഹുസൈൻ തങ്ങൾ പുറപ്പെട്ടു. മക്ക, മദീന പ്രദേശത്തു നിന്നോ പോകുന്ന വഴിയിലോ ഉന്നതന്മാരോ അല്ലാത്തവരോ ആയ ഒരാളും അദ്ദേഹത്തെ അനുഗമിച്ചില്ല. അലി റ ന്റെ പുത്രനും ഹുസ്സൈൻ റ ന്റെ സഹോദരനുമായ മുഹമ്മദും പത്ത് ആണ്മക്കളും അവരോടൊപ്പം പങ്കെടുത്തില്ല.
സയ്യിദുനാ ഹുസൈന് (റ) സഹ് ലബിയ്യയില്‍ എത്തി.ഇബ്നു അഖീലിനെ വധിച്ച വിവരം അപ്പോഴാണറിയുന്നത്. ‘ ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ ‘ അദ്ദേഹം ആവര്‍ത്തിച്ചു ചൊല്ലി. അദ്ദേഹത്തെ പാര്‍പ്പിക്കുകയും ബൈ അത്ത് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്ത ഹാനിഉ ബിന്‍ ഉര്‍വ യെ ഇബ്നു സിയാദ് അറസ്റ്റ് ചെയ്തുവെന്നറിഞ്ഞപ്പോള്‍ ഇബ്നു അഖീല്‍ 4000 തദ്ദേശീയരുമായി ഇബ്നു സിയാടിന്റെ കൊട്ടാരം വളയുകയായിരുന്നു. ഗവര്‍ണറുടെ ഭീഷണിയും പ്രലോഭനവും കേട്ടപ്പോള്‍ അവരെല്ലാം തടിയൂരുകയും ഇബ്നു അഖീലും 30 പേരും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.പിന്നീട് ഇബ്നു സിയാദ് വധിക്കാന്‍ ഉത്തരവിട്ടു.
തന്നെ അവിടെസ്വീകരിച്ച ചില ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ പറഞ്ഞു: , ‘ താങ്കളുടെയും കുടുംബത്തിന്റെയും കാര്യത്തില്‍ അല്ലാഹുവിനെ മുന്‍നിറുത്തി ഞങ്ങള്‍ അപേക്ഷിക്കുന്നു: ഇനിയും സമയമുണ്ട്. താങ്കള്‍ തിരിച്ചു പോകണം.കൂഫയില്‍ ഒരാളെപ്പോലും അങ്ങേക്ക് ലഭിക്കില്ല, സകലരും താങ്കള്ക്കെതിരായിരിക്കും’.അപകട നില ശരിക്കും ബോദ്ധ്യമായ ഹുസൈന് തങ്ങള്‍ മടക്കത്തെ കുറിച്ചാലോചിച്ചു.എന്നാല്‍ ഇബ്നു അഖീലിന്റെ ബന്ധുക്കള്‍ പ്രതികാരം അല്ലെങ്കില്‍ മരണം എന്ന നിലപാടില്‍ ഉറച്ചു നിന്നു.അദ്ദേഹം ആശങ്കയിലായി. പിന്തുണ പ്രഖ്യാപിച്ച് വന്ന ഏതാനും പേര് അവിടെയുണ്ടായിരുന്നു.അവരെ വിളിച്ച് തങ്ങള്‍ പറഞ്ഞു: ‘ ഭീകര വാര്‍ത്തയാണ് നമുക്ക് കിട്ടിയിരിക്കുന്നത്.അനുഭാവികള്‍ വിശ്വാസ വഞ്ചന കാട്ടിയിരിക്കുന്നു.അതിനാല്‍ , തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാം’. അവര്‍ വലത്തോട്ടും ഇടത്തോട്ടും പിന്തിരിഞ്ഞു പോയി മക്കയില്‍ നിന്നു കൂടെ വന്നവര്‍ മാത്രം.
സംഘം ഖാദിസിയ്യയിലെത്തി.ഇനിയും മുന്നോട്ടു തന്നെ സഞ്ചരിക്കുന്ന ഹുസൈനെ നിരീക്ഷിക്കാനും ഗവര്‍ണറെ കാണുന്നത് വരെ പിന്തുടരാനും 1000 യോദ്ധക്കളടങ്ങുന്ന സൈന്യം പിന്തുടര്ന്നു. അബ്ദുല്ലാഹി ബ്നു സിയാദായിരുന്നു കൂഫയുടെ ഗവര്‍ണര്‍.’ നിങ്ങള്‍ നാട്ടുകാരാണ് എന്നെ വിളിച്ചു വരുത്തിയത്;ഇഷ്ടമില്ലെങ്കില്‍ തിരിച്ചു പോകാന്‍ ഞാന്‍ സന്നദ്ധനാണ്’, ഹുസൈന് അഭ്യര്‍ഥിച്ചു നോക്കി.ആരും പ്രതികരിച്ചില്ല.സൈനികര്‍ ഹുസൈന് തങ്ങളുടെ പിന്നില്‍ അണി നിരന്നു ളുഹറും അസ്വ്രും നിസ്കരിച്ചു.അസര്‍ നിസ്കാര ശേഷം അദ്ദേഹം അല്പം പ്രസംഗിച്ചു.കൂഫയില്‍ നിന്നും വന്ന കത്തുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ സൈനിക നേതാവ് ഹുര്‍ര്‍ , ‘ ഏതു കത്തുകളെ കുറിച്ചാണ് അങ്ങ് പറയുന്നത്,ഞങ്ങള്‍ക്കൊന്നും അറിയില്ല’ എന്ന് പറഞ്ഞപ്പോള്‍ രണ്ടു തുകല്‍ സഞ്ചിയില്‍ നിന്നും ഉഖ്ബതു ബിന്‍ സംഹ കത്തുകള്‍ ചൊരിഞ്ഞു.കത്തുകളുടെ കൂമ്പാരം കണ്ട് ഹുര്‍ര്‍ അത്ഭുതത്തോടെ ‘ ഇതൊന്നും ഞങ്ങള്‍ അയച്ചതല്ലെ’ന്നു പറഞ്ഞു. ഹുര്‍ര്‍ തന്റെ നിയോഗ ലക്ഷ്യം തുറന്നു പറഞ്ഞു: ‘ എന്നോടുള്ള ഉത്തരവ് കൂഫയിലെട്ടും വരെ താങ്കളെ പിന്തുടരണമെന്നു മാത്രമാണ്.അതിനു സമ്മതമല്ലെങ്കില്‍ കൂഫയും മദീനയുമല്ലാത്ത എവിടെക്കെങ്കിലും താങ്കള്‍ക്ക് പോകാം.ഇതേ പറ്റി ഞാന്‍ ഇബ്നു സിയാദിനു എഴുതാം.വേണമെങ്കില്‍ യസീദിനു താങ്കളും എഴുതിക്കോളൂ.താങ്കളുടെ കാര്യത്തിലുള്ള ഈ പരീക്ഷണത്തില്‍ നിന്നും അല്ലാഹു എനിക്ക് ഒരു രക്ഷാ മാര്‍ഗ്ഗം തരട്ടെ’.
ഹുസൈന് (റ) മുന്നോട്ട് യാത്ര തുടര്‍ന്നു?! ഹുര്‍ര്‍ കൂടെയുണ്ട്.ഖസ്രു മുഖാതില്‍ എന്ന സ്ഥലം കടന്നു പോകവേ, മരണത്തിന്റെ വഴിയിലേക്കാണ് താന്‍ പോകുന്നതെന്ന് ഉറപ്പിക്കാവുന്ന പലതും അദ്ദേഹം സ്വപ്നം കണ്ടു.ഇപ്പോള്‍ അവര്‍ എത്തിയിരിക്കുന്നത് കര്‍ബല യില്‍. നാടിന്റെ പേര് കേട്ടപ്പോള്‍ ഹുസൈന് തങ്ങള്‍ ‘കര്ബും ബലാഉം (കഷ്ടം+ പരീക്ഷണം) തന്നെ’ എന്ന് പറഞ്ഞുവത്രേ. കാതങ്ങള്‍ താണ്ടി സയ്യിദുനാ ഹുസൈന് (റ)ഷഹാദത്തിലെക്കു സ്വയം കടന്നു വരികയായിരുന്നു.
ഉമര്‍ ബിന്‍ സഅദു ബിന്‍ അബീവഖാസ് 4000 പേരടങ്ങുന്ന സൈന്യവുമായി അവിടെയെത്തി.അവരിലധികവും കൂഫക്കാരായിരുന്നു. ഒട്ടും താല്പര്യമില്ലാതെയാണ് ഉമര്‍ ഇവിടെ വരുന്നത്.ഗവര്‍ണറുടെ ഉത്തരവായിരുന്നു.തടിയൂരാന്‍ ശ്രമിച്ചിട്ടായില്ല.ഹുസൈനോട് ആഗമനോദ്ദേശ്യം തിരക്കി.കൂഫക്കാര്‍ കത്തയച്ചു വരുത്തിയകാര്യം ആവര്‍ത്തിച്ചു.തിരിച്ചുപോകാന്‍ സന്നദ്ധനാണെന്നറിയിച്ചു.ഉമറിനു സന്തോഷമായി.ഹുസൈനെ പ്രയാസപ്പെടുത്താതെ രക്ഷപ്പെടാമല്ലോ. സന്ദേശം ഗവര്ണര്ക്കെത്തിച്ചു.’ ഇനി ഏതായാലും യസീദിനു ബൈഅത്ത് ചെയ്തിട്ടു പോകാം ‘ എന്നായി ഗവര്‍ണര്‍.
ഹുസൈനും ഉമറും രാത്രിയില്‍ ഒരു സ്വകാര്യ ചര്‍ച്ച നടത്തി.ദീര്‍ഘ സംഭാഷണത്തിനൊടുവില്‍ ഹുസൈന് മുന്നോട്ടു വെച്ച മൂന്നു പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉമറിനു സംത്രിപ്തിയായി.മടങ്ങിപ്പോകാന്‍ അനുവദിക്കുക/ യസീദിനെ നേരില്‍ കണ്ട് പ്രശ്നം തീര്‍ക്കാന്‍ അനുവദിക്കുക/ ഇസ്ലാമിക രാജ്യത്തിന്റെ അതിര്‍ത്തിയില്‍ യോദ്ധാവായി ഭാവികാലം വിനിയോഗിക്കാന്‍ വിടുക. മൂന്ന് പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇവയായിരുന്നു.ഫലശൂന്യമായ ഏറ്റുമുട്ടലും ജീവഹാനിയും ഒഴിവാക്കാനായിരുന്നു ഹുസൈന്റെയും തീരുമാനം. ഉമറിന്റെ കത്ത് വായിച്ച് ഗവര്‍ണര്‍ ഇബ്നു സിയാദിനു സന്തോഷമായി.ഉമറിനെ പ്രശംസിച്ചു. പ്രശ്നം രമ്യതയിലെത്തുമെന്ന് വന്നു. ഹുസൈനും കുടുംബവും സഹായികളും രക്ഷപ്പെടുമെന്നായി. അതോടെ വില്ലന്‍ കളി തുടങ്ങി.
അയാള്‍ നേരത്തെ അലി(റ)യെ ബൈ അത്ത് ചെയ്തു സ്വിഫ്ഫീനില്‍ പോരാളിയായി പങ്കെടുത്തിരുന്നു.പിന്നീട് ഖവാരിജുകളോടൊപ്പമായി..ഒടുവില്‍ യസീദിനെ പിന്തുണച്ച് കൂഫാ ഗവര്‍ണറുടെ അടുത്ത വൃത്തത്തില്‍ കടന്നുകൂടിയതാണ്..അയാള്‍ ഗവര്‍ണറെ സ്വാധീനിച്ചു.പരിഹാര നിര്‍ദ്ദേശങ്ങള്‍ അപകടകരമാണെന്നും ഉമറും ഹുസൈനും രഹസ്യ സംഭാഷണം നടത്തിയ വാര്‍ത്ത തനിക്കു ലഭിച്ചിട്ടുണ്ടെന്നും അയാള്‍ ഗവര്‍ണറെ ഭയപ്പെടുത്തി.അപകടം ഭയന്ന ഗവര്‍ണര്‍ ‘വില്ലനെ’ അടിയന്തിര ദൂതുമായി ഉമറിന്റെ അടുത്തെക്കയച്ചു .ആദ്യം ഹുസൈനും സംഘവും കീഴടങ്ങട്ടെ. അതിനു വിസമ്മതിക്കുന്നെങ്കില്‍ യുദ്ധം ചെയ്യുക. ഈ കല്പന നടപ്പാക്കാന്‍ അമാന്തിക്കുന്നുവെങ്കില് ഉമറിനെ വധിച്ച് വില്ലന്‍’ സേനാ നായകനാകണം.അതായിരുന്നു ഗവര്‍ണറുടെ ഉത്തരവ്.
ഉമര്‍ നിസ്സഹായനായി.കീഴടങ്ങാന്‍ ഹുസൈന് സമ്മതിക്കില്ലെന്നരിയാം.അതിനാല്‍ യുദ്ധ ഒരുക്കങ്ങളായി.
മുഹറം 10 വെള്ളിയാഴ്ച / ശനിയാഴ്ച . ഉമര്‍ സൈന്യത്തെ അണിനിരത്തി. 32 കുതിര പ്പടയാളികളും 40 കാലാലുകളും അടങ്ങുന്ന കൊച്ചു സൈന്യത്തെ ഹുസൈനും അണി നിരത്തി. കുര്‍ത്തയും തലപ്പാവും ധരിച്ച് ഹുസൈന് പടക്കളത്തിലിറങ്ങി. ഇതിനിടെ ‘വില്ലന്‍’ , ഹുസൈന്റെ കൂടെ അണി നിരന്ന അബ്ദുള്ള,ജാഫര്‍, ഉസ്മാന് , അബ്ബാസ് എന്നീ നാല് പേര്‍ക്കു മാത്രം അഭയം നല്‍കാനുള്ള പ്രത്യേക അനുമതി ഗവര്ണരില് നിന്നും വാങ്ങിയിരുന്നു. അവരെ വിളിച്ചു അഭയം നല്കാമെന്നറിയിച്ചു. അലി (റ)ന്റെ പുത്രന്മാരായിരുന്നു അവരും. ‘ നബി തങ്ങളുടെ പൗത്രനു അഭയം നല്‍കുക, അല്ലാത്ത പക്ഷം അഭയം ഞങ്ങള്‍ക്കാവശ്യമില്ല’, അവര്‍ സധീരം പ്രതികരിച്ചു. അതോടെ വില്ലന്റെ ആദ്യ ഉന്നം പിഴച്ചു.
യുദ്ധം അതിന്റെ ദംഷ്ട്രകള്‍ പുറത്തെടുത്തു.എതിരാളികള്‍ വീടുകളിലേക്ക് കയറാതിരിക്കാന്‍ കൂടാരത്തിന് ചുറ്റും കിടങ്ങ് കുഴിച്ച് തീയിട്ടപ്പോള്‍ , കുതിരപ്പുറത്ത് കയറിവന്നു വില്ലന്‍ വിളിച്ചു പറഞ്ഞു: ‘ അന്ത്യ നാളിനു മുമ്പേ , ഹുസൈന് , നീ നരകം സ്വീകരിച്ചോ?!’ ഹുസൈന്റെ പ്രതികരണം ഇങ്ങനെ: ‘ ഏ നരക പുത്രാ, നീ തന്നെയാണതിനു ഏറ്റം അര്‍ഹന്‍’. ഹുസൈനെ ഒട്ടും സഹിക്കാത്തത് അയാള്‍ക്കായിരുന്നു. ഉടക്കാന്‍ തക്കം നോക്കി നടക്കുകയായിരുന്നയാള് . മറുപക്ഷത്ത് ഇടതുനിരയുടെ തലവനായിരുന്നു ആ ക്രൂരന്.
തിരിച്ചുപോകാന്‍ അനുവദിക്കണമെന്നും നബി പുത്രന്മാരുടെ അവകാശം ഹനിക്കരുതെന്നും ഹുസൈന് വികാരാധീനനായി ആവര്‍ത്തിച്ചു അഭ്യര്‍ഥിച്ചു.’ പ്രശ്നത്തിന് തീര്‍പ്പുണ്ടാക്കാന്‍ പ്രവാചക പുത്രനെയും അദ്ദേഹത്തിന്റെ പിതൃവ്യ പുത്രനായ യസീദിനെയും ചര്‍ച്ചക്ക് വിടുക, യസീദിനെ സന്തോഷിപ്പിക്കാന്‍ ഹുസൈന്റെ രക്തം ആവശ്യമില്ല’ എന്നെല്ലാം സുഹൈര്‍ ബിന്‍ ഖൈന് അന്ത്യ യാചന നടത്തി നോക്കി. നേരത്തെ ഹുസൈനെ നിരീക്ഷിക്കാന്‍ വന്ന ഹുര്‍ര്‍, ഹുസൈന് സംഘത്തോട് സഹതപിച്ച് ഉമറിനോട് , ‘ഹുസൈന് മുന്നോട്ടു വെച്ച ഉപാധികള്‍ സ്വീകരിച്ചുകൂടെ’ എന്നന്വോഷിച്ചു . ‘ നിങ്ങളുടെ ഗവര്‍ണര്‍ക്ക് സമ്മ തമാകെണ്ടേ’, ഉമര്‍ വീണ്ടും നിസ്സഹായത വെളിപ്പെടുത്തി.
പക്ഷേ,ഹുര്‍ര്‍ ഹുസൈന് പക്ഷത്തേക്ക് മാറി.’ സ്വര്‍ഗ്ഗവും നരകവും തെരഞ്ഞെടുക്കാനുള്ള അവസരമാണിത്.ദൈവമാണ! സ്വര്‍ഗ്ഗമാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്, തുണ്ടം തുണ്ടമായി മുറിക്കപ്പെട്ടാലും ശരി’ വഴിലുടനീളം താങ്കളുടെ പിറകെ കൂടിയ ഈ ഭാഗ്യ ദോഷിക്കു മാപ്പു തരണമെന്ന് ഹുസൈനോട് അപേക്ഷിച്ചു.ഹുര്‍ര്‍ പിന്നെയും മറുപക്ഷത്ത് ചെന്ന് യുദ്ധത്തിന്റെ ന്യായങ്ങള്‍ ചോദ്യം ചെയ്തു, ഉമര്‍ അസ്ത്രം പ്രയോഗിച്ചാണ് അതിനു പ്രതികരിച്ചത്.യുദ്ധം പല്ലിളിച്ചു. ശക്തമായ പോരാട്ടം. ജീവനില്‍ പ്രതീക്ഷയില്ലാത്ത കൊച്ചു സംഘവും ഭൂമിയില്‍ ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിയുള്ള വന്‍ സൈന്യവും തമ്മില്‍ വില്ലനായിരുന്നു ഹുസൈന് വീഴാത്തതില്‍ വല്ലാതെ പൊറുതികെട്ടത്.വീര ശൂരനായ അബ്ദുല്ലാഹിബിന് ഉമൈരില് കല്‍ബി (റ)യും വീണു.ഭര്‍ത്താവിന്റെ മുഖത്തു നിന്നും മണ്ണും പൊടിയും നീക്കവേ, പത്നി ഉമ്മു വഹബിനെ ആ ക്രൂരന് വെട്ടിക്കൊന്നു.
സമയം ളുഹരായി. ഹുസൈനും അവശേഷിക്കുന്നവരും യുദ്ധക്കളത്തില്‍ ജമാഅത്തായി നിസ്കരിച്ചു. യുദ്ധം തുടര്‍ന്നു.ഹുസൈന് തനിച്ചായി. അവിടുത്തെ കൊലയാളിയാവുക എന്ന പാപം ഏറ്റെടുക്കാന്‍ ആരും ഒരുക്കമല്ലായിരുന്നു. വില്ലനാണേല് നേരിടാന്‍ ഭയവും.അയാള്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
പോരാട്ടത്തിനിടയില്‍ ശക്തമായ ദാഹം അനുഭവപ്പെട്ടപ്പോള്‍ വെള്ളം കുടിക്കാനായി യുഫ്രട്ടീസ് നദിയിലേക്കു തിരിഞ്ഞു.അപ്പോള്‍ അയാള്‍ തൊടുത്ത ഒരസ്ത്രം തൊണ്ടയില്‍ തുളച്ചു കയറി.അദ്ദേഹം അത് വലിച്ചെടുത്ത് വലിച്ചെറിഞ്ഞു.കൂടാരത്തിലേക്കു മടങ്ങാന്‍ ഭാവിച്ചപ്പോള്‍ അയാളും സംഘവും തടസ്സം സൃഷ്ടിച്ചു.സാധ്യമായിട്ടും ആരും ഹുസൈനെ വധിക്കുന്നില്ലെന്നു കണ്ട് അയാള്‍ ആക്രോശിച്ചു.പൊടുന്നനെ സുര്‍ അത്ത് ബിന്‍ ശരീകിത്തമീമി ഹുസൈണ്‍ തങ്ങളുടെ തോളില്‍ വെട്ടി. തളര്‍ന്നു ഞെരങ്ങുന്ന തങ്ങളവര്‍കളെ സിനാന് ബിന്‍ അനസ് കുന്തം കൊണ്ട് ആഴത്തില്‍ കുത്തി. അവര്‍ ശഹീദായി.ഇന്നാ ലി ല്ലാഹി….ആത്മാവ് സര്‍വ്വാദരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കപ്പെട്ടു.തലയറുക്കാന്‍ ആളുകള്‍ അറച്ചപ്പോള്‍ ആ കൊടും ക്രൂരന് ചാടിയിറങ്ങി അത് ചെയ്തു.
കൂടാരത്തിലെക്കായി പിന്നെ അവന്റെ പോക്ക്. പുത്രന് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അതിനകത്ത് കിടപ്പുണ്ടായിരുന്നു. ആ കൊടും പാതകി കൂടാരം കൊള്ളയടിക്കുകയും മഹതികളെയും കുഞ്ഞുങ്ങളെയും വധിക്കാന്‍ ഉദ്ദ്യമിക്കുകയും ചെയ്തു. അലിയുടെ വംശം ഇല്ലാതാക്കുകയായിരുന്നു അവന്റെ ലക്ഷ്യം. ഓടിയെത്തിയ ഉമര്‍ അയാളെ ഓടിച്ചു. കൊള്ളമുതല്‍ തിരികെ വാങ്ങി. അയാള്‍ നിരാശനായി.
സയ്യിദുനാ അലി (റ) കൂഫയിലെ കിലാബ് ഗോത്രക്കാരിയായ ഉമ്മുല്‍ ബനീന്‍ ബിന്ത് ഹുസാം എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്നു.അതില്‍ പിറന്ന നാലു പുത്രന്മാരെയാണ് നേരത്തെ അയാള്‍ അഭയം നല്കി രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്.അവര്‍ നാലു പേരും കര്‍ബലയില്‍ രക്തസാക്ഷികളായി. അവരുടെ ഉമ്മ ഉമ്മുല്‍ ബനീന്‍ അയാളുടെ പിതൃ സഹോദരിയായിരുന്നു.?! അലിയുടെ പാരമ്പര്യവും സമ്പത്തും ആദരവും കൂഫയിലേക്ക് കടത്താനുള്ള അയാളുടെ കുത്സിത ചിന്ത ഭീകരവിനയാണ് വരുത്തിയത്..
ശമിര്‍ ബിന്‍ ദില്‍ ജൌശന്‍ എന്നാണയാളുടെ പേര്. ദുഷ്ടനും ദുരാഗ്രഹിയുമായിരുന്നു. , ആദ്യം ഇബ്നു അഖീലിനെയും പിന്നീട് ഹുസൈന് തങ്ങളെയും ഇബ്നു സിയാദിന്റെ പട്ടാളത്തിനു എറിഞ്ഞുകൊടുത്ത വഞ്ചകരായ കൂഫക്കാര്‍ പലരും അഹ് ലു ബൈത്തിന്റെ പേരു പറഞ്ഞു , പ്രതികാരം ചോദിക്കാന്‍ രംഗത്ത് വന്നു. മുഖ്താര്‍ അവരില്‍ പ്രമുഖനാണ്.