എല്ലാ മദ്ഹബുകൾക്കും പ്രാതിനിധ്യം

“എല്ലാ മദ്ഹബുകാരും വിഭാഗക്കാരുമായ മുസ്ലിംകളെയും ജമാഅത്തിൽ അണിനിരത്താനായിരുന്നു പിന്നീടുള്ള ശ്രമം. ഇസ്‌ലാമെന്നാൽ ഖുർആനും സുന്നത്തും പ്രമാണങ്ങളായി അംഗീകരിക്കുകയാണെന്ന് വ്യക്തമാണ്. അവ രണ്ടിനെയും നിയമത്തിന്റെ ഉറവിടങ്ങളായി അംഗീകരിക്കുന്നവരെല്ലാം മുസ്ലിംകളുമാണ്. പക്ഷേ, എല്ലാ ഓരോ പ്രശ്‌നത്തിലും ഖുർആന്റെയും സുന്നത്തിന്റെയും നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഒരേയൊരു വ്യാഖ്യാനമേ പാടുള്ളൂ എന്നില്ല: വിവിധ വ്യാഖ്യാനങ്ങൾ ഉണ്ടാകാം; പ്രയോഗത്തിൽ അത് ഉണ്ടായിട്ടുണ്ട്. തദ്ഫലമായി, മുസ്ലിംകളിൽ വിവിധ ചിന്താഗതി കാണപ്പെടുന്നു. ഈ സ്ഥിതിയിൽ നമ്മിൽ ഓരോ വിഭാഗവും തങ്ങൾ ശരിയെന്ന് വിശ്വസിക്കുന്ന വ്യാഖ്യാന പ്രകാരം പ്രവർത്തിക്കുകയും, ആ വ്യാഖ്യാനം മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കാതെ അവർക്ക് ശരിയായി തോന്നുന്ന വ്യാഖ്യാന പ്രകാരം പ്രവർത്തിക്കാനുള്ള അവകാശം അംഗീകരിച്ചുകൊടുക്കാൻ മാത്രം സഹിഷ്ണുത പുലർത്തുകയും ചെയ്യാത്തപക്ഷം നമുക്ക് യോജിച്ചു പ്രവർത്തിക്കാനോ രാജ്യത്ത് ഖുർആന്റെയും സുന്നത്തിന്റെയും നിയമങ്ങൾ നടപ്പിലാക്കാനോ സാധ്യമാവില്ല. അതിനാൽ, മദ്ഹബുകൾ തമ്മിലുള്ള അഭിപ്രായാന്തരങ്ങളെ നാം മദ്ഹബുകളുടെ രംഗത്ത് മാത്രം ഒതുക്കി നിർത്തുകയല്ലാതെ നിർവ്വാഹമില്ല. അവയുടെ അടിസ്ഥാനത്തിൽ വെവ്വേറെ സമുദായങ്ങളെ സൃഷ്ടിക്കുന്നതോ സംഘടനകൾ ഉണ്ടാക്കുന്നതോ അഭികാമ്യമല്ല. അതുകൊണ്ടാണ് ഖുർആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളിലധിഷ്ഠിതമായ വ്യവസ്ഥ സ്ഥാപിക്കാൻ എല്ലാ മദ്ഹബുകാരും യോജിക്കണമെന്നും ഈ ലക്ഷ്യത്തിന് എല്ലാവരും ഒരേ സംഘടനയിൽ ചേരണമെന്നും ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചത്. ജമാഅത്ത് എല്ലാ വിഭാഗക്കാരെയും മദ്ഹബുകാരെയും സംഘടനയിൽ ചേർത്തു. അതിൽ അഹ്‌ലെ ഹദീസിൽ പെട്ടവരും ബറേൽവികളും ദയൂബന്ദി കളെല്ലാമുണ്ട്. ശിയാക്കളിൽ നിന്നാരും ജമാഅത്തിൽ അംഗങ്ങളായില്ലെങ്കിലും അനുഭാവികളിൽ അവർ ധാരാളമുണ്ട്. നിങ്ങൾക്ക് ശരിയായി തോന്നുന്ന മദ്ഹബ് പ്രകാരം പ്രവർത്തിച്ചോളൂ. പക്ഷേ, മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കരുത്. നിങ്ങൾക്ക് ശരിയായി തോന്നാത്തത് ചെയ്യാതിരുന്നോളൂ. പക്ഷേ, മറ്റുള്ളവരും അത് ശരിയായി കരുതാതെ ഉപേക്ഷിക്കണമെന്ന് ശാഠ്യം പിടിക്കരുത്. ഇപ്രകാരം എല്ലാവരും ചേർന്ന് ഇസ്‌ലാമിക വ്യവസ്ഥിയുടെ സംസ്ഥാപനത്തിന് വേണ്ടി ശ്രമിക്കൂ എന്ന സിദ്ധാന്ത പ്രകാരമാണ് ജമാഅത്തെ ഇസ്‌ലാമി രൂപീകൃതമായത് തന്നെ.”

(ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രം-4 / ഘടനയിലും സ്വഭാവത്തിലും ജമാഅത്തിന്റെ സവിശേഷതകൾ/ മൗലാനാ മൗദൂദി/യുവസരണി/ പേജ് 28)

ശിഈസത്തെ മറ്റു മദ്ഹബുകൾ പോലെ ശാഖാപരമായ വ്യാഖ്യാന വൈജാത്യം ഉള്ള ഒരു നിർദ്ദോഷ അഭിപ്രായാന്തരം ആയാണ് മൗദൂദി സാഹിബ് അവതരിപ്പിക്കുന്നത് എന്നതാണ് ഇതിലെ അപരാധം. അങ്ങനെ അവതരിപ്പിച്ചാലേ, പ്രസ്ഥാനത്തിൽ ശിഈകൾക്ക് അംഗത്വം നൽകാൻ കഴിയുകയുള്ളൂ.ഇതേകാലത്ത് ഈജിപ്തിലെ അൽ ഇഖ്‌വാൻ ഇതുപോലൊരു പരീക്ഷണം നടത്തി പരാജയപ്പെട്ടതാണ്. സുന്നി ലോകത്തേക്ക് ധാരാളമായി ശീഈസം കയറിവരാൻ ഇടയായി എന്നല്ലാതെ, മറ്റൊരു ഫലവും അതിനില്ലായിരുന്നു.

ഹാർട്ടങ് എഴുതിയ സിസ്റ്റം ഓഫ് ലൈഫ് എന്ന പുസ്തകത്തിന്റെ വിമർശന പഠനം നടത്തിക്കൊണ്ട്, എം എ ശരീഫ് എഴുതിയ മൗലാനാ മൗദൂദിയും ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളും എന്ന ലേഖനത്തിൽ നിന്നും ഏതാനും വരികൾ ഉദ്ധരിക്കാം. അപകോളനീകരണ വായനയിലെ ഇസ്‌ലാമും മുസ്ലിംകളും എന്ന പേരിൽ ഐപീഎച് ഇറക്കിയ ഒരു സംഘം ലേഖകരുടെ പുസ്തകത്തിലാണ് എംഎ ഷെരീഫിന്റെ വിമർശന ലേഖനം വന്നിട്ടുള്ളത്.

“മൗദൂദിയെ ഒരു സൂഫി വിരുദ്ധനും ശീഈ വിരുദ്ധനുമായാണ് ഹാർട്ടങ് ചിത്രീകരിക്കുന്നത്..

ശിയാ വിരുദ്ധനെന്ന ആരോപണവും വളരെ ദുർബ്ബലമാണ്. കാരണം, 1930 കളിൽ മൗദൂദി ശിയാ ജേർണലായ റഹ്‌ബാറിൽ ലേഖനങ്ങളെഴുതുമായിരുന്നു. താനൊരിക്കലും ശിയാ വിഭാഗത്തെ ഇസ്‌ലാമിന് പുറത്തു നിർത്തുന്നില്ലെന്ന് അദ്ദേഹം തർജുമാ നിൽ എഴുതുകയുണ്ടായി. ഖുർആനിക വീക്ഷണമനുസരിച്ച് മുസ്‌ലിം സമൂഹത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുക എന്നായിരുന്നു മൗദൂദിയുടെ നിലപാട്(തർജ്ജു മാനുൽ ഖുർആൻ/വാല്യം രണ്ട്, നമ്പർ 1, പുറം 21-24 ). 1936 ൽ എല്ലാ മദ്ഹബുകളെയും അംഗീകരിച്ചു കൊണ്ടുള്ള ഒരു തുറന്ന സമീപനം സ്വീകരിക്കാൻ അദ്ദേഹം അലീഗഢ് യൂണിവേഴ്സ്റ്റിറ്റി യോട് ആഹ്വാനം ചെയ്യുകയുണ്ടായി.
“1941 ൽ ജമാഅത്ത് രൂപീകരിക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ സിയാൽ കോട്ടിൽ നിന്നുള്ള ശിയാ വിഭാഗക്കാരനായ മുഹമ്മദ് ബാഖിറുമുണ്ടായിരുന്നു. ഇത് കാണിക്കുന്നത് മൗദൂദി വിഭാഗീയത ക്കെതിരായിരുന്നുവെന്നാണ്. ഇമാം ഹുസൈന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഒത്തു ചേർന്ന ശിയാ സുന്നീ യോഗത്തിൽ മൗദൂദിയും പങ്കെടുത്തിരുന്നു. ഒരു പൊതുയോഗത്തിൽ വെച്ച് ഹസ്രത്ത് അലിയെക്കുറിച്ച മൗദൂദിയുടെ പരാമർശം വിവാദമായപ്പോൾ തന്റെ നിലപാടിന് ബലമേകാൻ ഇമാം അബൂഹനീഫയെയാണ് കൂട്ടുപിടിച്ചത്” (തദ്‌കിറ, വാല്യം മൂന്ന്, പുറം 547)

പ്രസ്ഥാന നേതാക്കളുടെ വിമാനം പിടിച്ചുള്ള ഇറാൻ യാത്രയും അതിനെ തുടർന്ന് ആൾ ഇന്ത്യാ തലത്തിലും കേരളത്തിലും ജമാഅത്ത് വേദികളിലൂടെ പ്രസരിച്ച ശീഈ ദുർഗന്ധവും, ഇരുപതിലേറെ പേജുകളിൽ വായിക്കാം, കേരളത്തിലെ ശിയാ സ്പന്ദനങ്ങൾ എന്ന പുസ്തകത്തിൽ..

 

1 Comment
Leave a Reply