പ്രവാചക പാരമ്പര്യം അവകാശപ്പെടുന്നവരെ കേരളീയവൽക്കരിച്ചു വിളിക്കപ്പെടുന്ന ആദരനാമമാണ് ‘തങ്ങൾ’. ആദ്യകാലങ്ങളിൽ ഇത്തരമൊരു ആദരനാമം ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. അറബിയിൽ സയ്യിദ്, ശരീഫ്, ഹബീബ് തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് വൈകിയാണ്. കണ്ണൂർ ജില്ലയിലെ ഒരു  നമ്പൂതിരി സമുദായത്തിന്റെ കുലനാമമാണ് തങ്ങൾ എന്നും, ഇവരിൽ നിന്നും മതം മാറിയവരാണ് കേരളത്തിലെ തങ്ങന്മാരെന്നും, അവർ  വിദേശത്തു നിന്നും വന്നവർ അല്ലെന്നും, മുഹമ്മദ് നബിയുടെ രക്തബന്ധം അവകാശപ്പെടുന്നത് വ്യാജമാണെന്നുമുള്ള   വാദം അടങ്ങുന്ന ഒരു കുറിപ്പ്  പ്രചരിപ്പിക്കപ്പെടുന്നതായി കണ്ടു. ഈ ആരോപണം ഇപ്പൊ തുടങ്ങിയതല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ പ്രബോധനത്തിൽ 1980 ൽ ഉന്നയിക്കപ്പെട്ടത് കണ്ടിട്ടുണ്ട്.(3)

കേരളത്തിലേക്ക് ‘മുസ്‌ലിം തങ്ങൾ’ കടന്നുവരുന്നതിനും എത്രയോ മുമ്പ്, പെരിഞ്ചല്ലൂർ കഴകത്തിന്റെ  അധിപന്മാരായ നമ്പൂതിരി സമുദായം   തങ്ങൾ എന്നറിയപ്പെട്ടിരുന്നു. കഴകം=ഘടകം രൂപാന്തരപ്പെട്ടത്, ഗ്രാമങ്ങളുടെ ക്ലസ്റ്റർ എന്നർത്ഥം. ചന്ദ്രഗിരിപ്പുഴയ്ക്കും കോരപ്പുഴയ്ക്കും ഇടയ്ക്കുള്ള ദേശമാണ് പെരിഞ്ചല്ലൂർ. (പ്രാചീന കേരളത്തിലെ ഗ്രാമങ്ങൾ നാല് കഴകങ്ങളിൽ വിഭജിക്കപ്പെട്ടു.  പെരിഞ്ചല്ലൂർ കഴകം, പന്നിയൂർ കഴകം, പറവൂർ കഴകം,ചെങ്ങന്നൂർ കഴകം എന്നിവയാണവ . ഇവയുടെ അധിപന്മാർ യഥാക്രമം തങ്ങൾ, ഊരിൽ പരിഷമൂസ്സത്, ഗ്രാമണി, പണ്ടാരത്തിൽ എന്ന പേരിൽ അറിയപ്പെട്ടു. പെരിഞ്ചല്ലൂർ ബ്രാഹ്മണ കഴകവും പന്നിയൂർ ക്ഷത്രിയ കഴകവും, പറവൂർ വൈശ്യ കഴകവും, ചെങ്ങന്നൂർ ക്ഷുദ്ര കഴകവും ആയിരുന്നെന്ന് അഭിപ്രായമുണ്ട്) . തളിപ്പറമ്പ് പ്രദേശമായിരുന്നു പെരിഞ്ചല്ലൂർ ആസ്ഥാനം. വടക്കൻ അതിർത്തി കിള്ളാർ (കൊപ്പപ്പുഴ). തെക്കൻ അതിർത്തി നെയ്യാറ്.  നമ്പൂതിരി തങ്ങന്മാർ ഇപ്പോൾ   വളപട്ടണം, മട്ടന്നൂർ, ആയിത്തറ, മമ്പ്രം തുടങ്ങിയ പ്രദേശങ്ങളിൽ പാർത്തു വരുന്നു. മട്ടന്നൂർ തങ്ങൾ, കുന്നിരിക്കൽ തങ്ങൾ, പൊന്ന്യത്തു തങ്ങൾ മുതലായവർ ഈ കുടുംബത്തിൽ കഴിഞ്ഞുപോയ പ്രമുഖരാണ്. എവിടെ പോകുമ്പോഴും വാൾ ഉണ്ടാകും. അതായത്, അതിനുള്ള അവകാശമുണ്ട്. എവിടെച്ചെന്നാലും രണ്ട്‌  ആവണപ്പലക കിട്ടും. ഒന്ന്, ഇരിക്കാൻ, മറ്റൊന്ന് വാൾ വയ്ക്കാൻ. ഇത്തരം  സവർണ്ണ പ്രകൃതമുള്ള തങ്ങൾ കുടുംബവുമായി രക്തബന്ധം ഉള്ളവരാണോ കേരളത്തിലെ മുസ്ലിം തങ്ങന്മാർ?. സാധ്യത നിഷേധിക്കാൻ വയ്യ.

മുസ്‌ലിം തങ്ങളുടെ തുടക്കം എന്നുമുതലാണെന്ന് കൃത്യമായി നിർണ്ണയിക്കപെട്ടിട്ടില്ല. അറിയപ്പെട്ട ചരിത്ര പ്രകാരം കേരളത്തിലെ ആദ്യത്തെ സയ്യിദ് കണ്ണൂർ വളപട്ടണത്താണ് താമസിച്ചു മരണം വരിച്ചത്. കണ്ണൂർ അറയ്ക്കൽ ഭരണ കാലത്ത് ആ പ്രദേശങ്ങളിൽ പിന്നീട് പല സയ്യിദ് ഖബീലക്കാരും വന്നിറങ്ങി  പാർത്തിട്ടുണ്ട്.  വിദേശ നാടുകളിൽ നിന്നും കേരളത്തിലെത്തിയ സയ്യിദുമാർ ഇവിടത്തെ  പ്രമുഖ തറവാടുകളിൽ നിന്നും വിവാഹം ചെയ്തു വലിയ കുടുംബങ്ങളായി വളർന്ന കാര്യം അവിതർക്കിതമാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാൽ, പെരിഞ്ചല്ലൂർ കഴകം ദുർബ്ബലമായ കാലത്താണ് വിദേശത്തുനിന്നും മുസ്‌ലിം പ്രമുഖന്മാർ കണ്ണൂർ ഭാഗങ്ങളിൽ കൂടുതലായി വന്നിറങ്ങുന്നത്. ഈ പശ്ചാത്തലത്തിൽ തങ്ങൾ സമുദായത്തിലെ തമ്പുരാട്ടിയെ ഒരു സയ്യിദ്  വിവാഹം കഴിക്കാനുള്ള സാധ്യത തള്ളിക്കളയാൻ വയ്യ. മുസ്ലിംകൾക്കിടയിൽ  താവഴി പ്രധാനമായ കുടുംബ സംവിധാനം വ്യാപകമായിരുന്നത് കണ്ണൂർ പ്രദേശങ്ങളിൽ ആയിരുന്നല്ലോ. ഇന്നും അതിന്റെ ശേഷിപ്പുകൾ കണ്ണൂർ മുസ്ലിംകൾക്കിടയിൽ  കാണാവുന്നതാണ്. സയ്യിദ്-തമ്പുരാട്ടി വിവാഹത്തിലെ സന്താനങ്ങൾ തങ്ങൾ എന്ന് വിളിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് അന്നത്തെ/അവിടത്തെ സാംസ്കാരിക നടപ്പനുസരിച്ച് സ്വാഭാവികമാണ്.  തങ്ങന്മാർ  വർദ്ധിക്കുകയും, ‘മുസ്‌ലിം തങ്ങൾ’- സയ്യിദ് കുടുംബങ്ങൾ തമ്മിലുള്ള വിവാഹ ബന്ധങ്ങൾ വ്യാപകമാവുകയും  ചെയ്തുകൊണ്ടിരുന്നപ്പോൾ , എല്ലാ സയ്യിദുമാരും ക്രമത്തിൽ മലയാള നാട്ടിൽ തങ്ങളായി മാറുകയായിരുന്നു; ജനങ്ങളുടെ കണ്ണിൽ.

തങ്ങൾ ഉപയോഗത്തിന്റെ മറ്റൊരു സാധ്യത, അത് ബഹുമാന സൂചകമായി ഉപയോഗിക്കപ്പെട്ടു എന്നതാണ്. നബി തിരുമേനി എന്നൊരു ബഹുമാന പദം പ്രമുഖരായ മലയാളികൾ ഉപയോഗിച്ചിട്ടുണ്ട്. അമുസ്ലിംകൾ അധിക സ്ഥലത്തും മുഹമ്മദ് നബിയെ പരാമർശിക്കുമ്പോൾ തിരുമേനി എന്ന് ബഹുമാനിച്ചു പറയുന്നത് കാണാം/കേൾക്കാം. അതവർക്ക് വഴക്കമുള്ള ഒരു ആദരപ്രയോഗം മാത്രമാണ്. ബഹുമാന്യരെ വിളിക്കാനോ സൂചിപ്പിക്കാനോ ‘തിരുമേനി’ ഉപയോഗിക്കാറുണ്ട്.  അവരെ അനുകരിച്ച് മുസ്ലിം എഴുത്തുകാരും പ്രഭാഷകരും നബിയെ ‘തിരുമേനി’ യാക്കിയിരുന്നു.  സലഫി പണ്ഡിതന്മാർ എഴുതിയ ‘അമാനി’ ഖുർആൻ വ്യാഖ്യാനത്തിൽ ധാരാളമായി നബി തിരുമേനിയെ കാണാം. ഇതുപോലെ, ഉപയോഗത്തിൽ വന്നൊരു പ്രയോഗമാണ് തങ്ങൾ. ഒരു പക്ഷേ, കണ്ണൂർ ഭാഗത്തു നിന്നായിരിക്കണം സയ്യിദന്മാർ തങ്ങന്മാർ ആയത്. നമ്പൂതിരി സമുദായത്തിലെ തങ്ങളെ തങ്ങളെന്ന് ജനം വിളിക്കുന്നത് കണ്ടപ്പോൾ ആദരവർഹിക്കുന്ന സയ്യിദുമാരെയും മുസ്ലിം-അമുസ്ലിം പൊതുജനം ‘തങ്ങൾ എന്ന് കൂട്ടി വിളിച്ചു കാണും. അത് കാലക്രമേണ മലയാളത്തിൽ വ്യാപകമായതായിരിക്കും. ഏതായാലും, കണ്ണൂരിലെ നമ്പൂതിരി തങ്ങന്മാരുമായുള്ള രണ്ടാലൊരു വഴിക്കുള്ള ബന്ധം ‘സയ്യിദ് തങ്ങന്മാർ’ക്ക് ഉണ്ടായിരിക്കാനുള്ള സാധ്യത ദുർബ്ബലമല്ല.

എന്നാൽ, സയ്യിദ് കുടുംബങ്ങൾക്ക് അവരുടേതായ ഖബീലകളും വംശ ചരിത്രവും ഉണ്ട്(അതൊന്നും ഇല്ലാത്ത ‘തങ്ങന്മാർ’ വേറെയും ധാരാളമായി കാണപ്പെടുന്നു.). അവരാരും തങ്ങൾ ഒരു കുലനാമമായോ തറവാട്ട് ‘ഉല്പ’മായോ(ഉത്ഭവം) ഉപയോഗിക്കാറില്ല. ജനത്തിന് തിരിച്ചറിയാൻ അറബിയിൽ സയ്യിദ്/ശരീഫ്/ഹബീബ് പോലെ മലയാളത്തിൽ ജനങ്ങളുടെ ഭാഷയിൽ തങ്ങൾ ഉപയോഗിക്കപ്പെടുകയായിരുന്നു.

പെരിഞ്ചല്ലൂർ നമ്പൂതിരിമാർ തങ്ങന്മാർ ആണെന്ന കാരണത്താൽ, കേരളത്തിലെ സയ്യിദ് കുടുംബങ്ങൾക്ക് മുഹമ്മദ് നബിയുമായി കുടുംബ ബന്ധമില്ലെന്നും, അവർക്ക് അറേബ്യയുമായി വേരിൽ ബന്ധമില്ലെന്നും പറയുന്നതിൽ അർത്ഥമില്ല. എന്നാൽ, ‘സയ്യിദ്’മാർക്ക് മുഹമ്മദ് നബിയുമായി ‘രക്തബന്ധം’ ഇല്ലെന്ന വിമർശനം പുതിയതല്ല. പ്രവാചക രുമായി വംശ ബന്ധമുള്ള ആളുകൾ ആരും അവശേഷിക്കുന്നില്ലെന്ന് പറയുന്നവരുടെ ന്യായങ്ങൾ ഇവയാണ്:

ഒന്ന്: നബിക്ക് പൗത്രന്മാരില്ല. ദൗഹിത്രൻമാരേ ഉണ്ടായിരുന്നുള്ളൂ.

മുഹമ്മദ് നബി (സ) യുടെ മൂന്ന് ആൺമക്കൾ ചെറുപ്രായത്തിൽ മരണപ്പെട്ടിരുന്നു. നാല് പുത്രിമാരിൽ ഫാഥ്വിമ (റ) യുടെ താവഴിയിലുള്ളവരാണ് മൂന്നാം തലമുറയിലേക്ക് കടന്നത്. ഫാഥ്വിമ  യുടെ ഭർത്താവ് അലിയ്യുബ്നു അബീ ത്വാലിബ്( റ). ഈ ദാമ്പത്യത്തിൽ പിറന്ന ഹസൻ, ഹുസ്സൈൻ (റ) എന്നിവരുടെ സന്താനപരമ്പരമാത്രമാണ് ജീവിച്ചത്. പുത്രന്മാരിലൂടെ മാത്രമേ കുലബന്ധം അവകാശപ്പെടാൻ ന്യായമുള്ളൂ. അലികുടുംബം എന്ന് പറയുകയായിരുന്നെങ്കിൽ അതായിരുന്നു ശരി. നബി സ്വ യുടെ ആൺമക്കൾ മരണപ്പെട്ടപ്പോൾ, നബിയുടെ പ്രസ്ഥാനം താമസിയാതെ കെട്ടടങ്ങുമെന്നും വംശം അറ്റുപോയി എന്നും അറേബ്യായിലെ എതിരാളികൾ ആക്ഷേപഹാസ്യം നടത്തിയ ചരിത്രം പ്രസിദ്ധമാണ്. അങ്ങനെയിരിക്കേ, അവസാനവർഷങ്ങളിൽ പത്നി മാരിയ ഒരാൺകുട്ടിയെ പ്രസവിച്ചപ്പോൾ നബി സ്വ യ്ക്കും മുസ്‌ലിം സമുദായത്തിനും ഉണ്ടായ സന്തോഷവും ആഹ്ലാദവും ചെറുതായിരുന്നില്ല. ആ കുഞ്ഞിന്, കുലപിതാവായ ഇബ്‌റാഹീമിന്റെ പേരു വെച്ചതിൽ പോലും വലിയൊരു പ്രതീക്ഷ അടങ്ങിയിട്ടുണ്ട്.  ഇബ്‌റാഹീം നബിക്ക് ഹാജർ എന്ന  ദാസിയിൽ പിറന്ന ഇസ്മാഈലിൻറെ സന്തതികൾ ആണല്ലോ അറബികൾ. നബി സ്വ യുടെ അവസാനത്തെ പുത്രനെങ്കിലും വളർന്നു വലുതാകുമെന്ന സന്തോഷത്തിലായിരുന്ന മുസ്ലിംകളെ വേദനിപ്പിച്ചു കൊണ്ട്, കുഞ്ഞുമോൻ ഇബ്‌റാഹീം രണ്ടുവയസ്സിനു മുമ്പേ രോഗബാധിതനായി മരണപ്പെട്ടു. മദീനയിൽ ദുഃഖം തളം കെട്ടിയ നാളുകളായിരുന്നു അത്. അന്ന്  മദീനയിൽ ഗ്രഹണം അനുഭവപ്പെട്ടു. ദുർബ്ബലരായ ചില വിശ്വാസികളെങ്കിലും, നബി പുത്രന്റെ വിയോഗത്തിൽ പ്രകൃതി പോലും മ്ലാന മുഖിയായി എന്ന് വ്യാഖ്യാനിച്ചു. ആ ദുഃഖനിമിഷത്തിൽ പോലും,  ജനങ്ങളുടെ  അന്ധവിശ്വാസത്തെ തിരുത്തിക്കൊണ്ട് , ‘ആരുടെയെങ്കിലും ജനന മരണത്തോടുള്ള പ്രതികരണമായിട്ടല്ല പ്രകൃതി പ്രതിഭാസങ്ങൾ’ എന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ നബി സ്വ സമയം  കണ്ടെത്തി. പൊന്നുമോനെ അടക്കം ചെയ്യുമ്പോൾ, വാത്സല്യ നിനിധിയായ ആ പിതാവ് ധാരാളമായി കണ്ണീർ പൊഴിച്ചു. അല്ലാഹുവിന്റെ തീരുമാനം പോലെ, നബി സ്വ ആൺ മക്കൾ ആരും ഇല്ലാതെ യാത്രയായി.

അറബികളുടെ വംശചരിത്രത്തിൽ എവിടെയും താവഴി കൊണ്ട് വംശാവലി (അസ്വബ:) പൂർത്തിയാക്കുന്ന പതിവില്ല. പിതാവില്ലാതിരുന്നിട്ടും ഈസാ നബിയെ ബനൂ ഇസ്‌റാഈൽ വംശജൻ എന്ന് വിളിക്കുന്നത്, അദ്ദേഹത്തിന്റെ സവിശേഷ സംഗതി ആയിട്ടാണ്. അതൊരു അമാനുഷിക സംഭവമാണ്.  നബി സ്വ യുടെ മകൾ ഫാഥ്വിമയ്ക്ക് സാധാരണ വിവാഹ ജീവിതത്തിൽ മക്കൾ ജനിച്ചത് ഒരു അസാധാരണ സംഭവം അല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഒരു പിതാവിലേക്ക് ചേർത്തു പറയുകയോ തുടർന്ന് ഈസാ നബിയുടെ മക്കൾ നിലനിൽക്കുകയോ അവരെ ഇമ്രാന്റെ മക്കളായി ഗണിക്കുകയോ ചെയ്യുന്ന പ്രശ്‍നങ്ങൾ ഉണ്ടായിട്ടില്ല. മകളിലൂടെ രക്ത ബന്ധം സ്ഥാപിതമാകുക എന്നത് നബി സ്വ യുടെ സവിശേഷ  സംഗതിയിൽ, അതായത് മറ്റൊരു മനുഷ്യനും മാനവ ചരിത്രത്തിൽ ലഭിക്കാത്ത പ്രത്യേകതയിൽ ഉൾപ്പെട്ടതാണെന്ന് ചിലർ പ്രസ്താവിക്കുന്നു. നബിയുടെ വ്യക്തിത്വത്തിൽ ഇത്തരം സവിശേഷത സ്ഥിരപ്പെടാൻ ഏതാനും പണ്ഡിതന്മാരുടെ പ്രസ്താവനകൾ മതിയാകില്ല എന്ന അടിസ്ഥാന തത്വം അവർ വിസ്മരിക്കുകയാണ്. അതിനാൽ, നബി സ്വ യുടെ രക്തബന്ധം അവകാശപ്പെടാൻ ആർക്കും സാധ്യമല്ല. (4)

വളരെ പ്രസക്തമായ ഈ പ്രശ്നത്തിന് പ്രാമാണിക പരിഹാരം ഉണ്ടാകേണ്ടതുണ്ട്.  വംശാവലി (അസ്വബ:) സാധാരണ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ്. അതിനെ വിശ്വാസവുമായി ബന്ധപ്പെടുത്തി ‘വിശ്വാസപരമായ രക്ത ബന്ധം ‘സ്ഥാപിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തുള്ളവർ സ്വീകരിക്കുന്നത്. ‘ഹസൻ എന്റെ മകനാകുന്നു’ തുടങ്ങിയ നബി മൊഴികളെ, ഒരു സാധാരണ പ്രയോഗമായി കാണാതെ, അതിവായന നടത്തുകയും, ‘ഹസന്റെ പിതൃത്വം നബി തന്നിലേക്ക് ചേർത്തിരിക്കുന്നു’ എന്നെല്ലാം അസംബന്ധം പറയുകയും ചെയ്യുന്നു എന്നല്ലാതെ, വംശാവലി സ്ഥാപിക്കാൻ മറ്റൊരു പിടിവള്ളിയും മറുപക്ഷത്തുള്ളവരുടെ പക്കൽ ഇല്ല.

അതേസമയം, ഒരു വ്യക്തിക്ക് ആൺകുട്ടികൾ ഇല്ലാതിരിക്കുക; പെൺ കുട്ടികൾ മാത്രമാകുക; അല്ലെങ്കിൽ കുട്ടികൾ തീരെ ഇല്ലാതിരിക്കുക; അതല്ലെങ്കിൽ ആൺകുട്ടികൾക്ക് തുടർന്ന് സന്താനങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ സംഗതികൾ ആ വ്യക്തിയുടെ ഒരു ന്യൂനതയായും ,ദൈവ സന്നിധിയിലുള്ള അസ്വീകാര്യതയായും കാണുന്നത് , യഥാർത്ഥ ദൈവ വിശ്വാസത്തിന്റെ കുറവുമൂലമാണ്. വിശിഷ്യാ, മക്കൾ നേതൃത്വം എന്നൊരു ആശയത്തിൽ ഊന്നാത്ത ദർശനമായ ഇസ്‌ലാമിന്റെ കാര്യത്തിൽ. ‘കുടുംബ ബന്ധങ്ങൾക്ക് മാത്രമായി യാതൊരു പ്രത്യേക പരിഗണനയും ഇല്ലാത്ത  പരലോക വിജയത്തിനായി ഇഹലോകം വിദഗ്ധമായി  ഉപയോഗപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനമാണ് ഇസ്‌ലാം. അടിസ്ഥാന വിശ്വാസങ്ങൾ, സുപ്രധാന കർമ്മങ്ങൾ എന്നിവ ഉണ്ടെങ്കിലേ നബിയുടെ സ്വന്തം മകൾ പോലും രക്ഷപ്പെടുകയുള്ളൂ. നബിയെ സംബന്ധിച്ചിടത്തോളം മക്കൾ പരമ്പര അന്ത്യനാൾ വരെ ഉണ്ടാവുകയെന്നതല്ല; തന്റെ നിയോഗ ലക്ഷ്യമായ ദീൻ അവസാനകാലം വരെ നിലനിൽക്കുക എന്നതാണ് പ്രധാനം.(3)

 

രണ്ട്:  ഫാഥ്വിമ- അലി ദമ്പതികളുടെ സന്താനങ്ങളെ നബി സ്വ യിലേക്ക് ചേർത്തു പറയുന്നത്, സാധാരണ വംശാവലിയുടെ അടിസ്ഥാന നിയമങ്ങൾ പ്രകാരമല്ല,   ‘കുടുംബ  ബന്ധം’ എന്ന നിലക്കാണ് . ഒരു മനുഷ്യന്റെ പുത്രിയുടെ മക്കളെ അയാളുടെ പരമ്പരയിൽ ചേർക്കപ്പെടുകയില്ല; എന്നാൽ, ദുർറിയ്യത്ത് /ഇത്റത്ത് എന്ന ഗണത്തിൽ ഉൾപ്പെടുത്താം- മകളുടെ മക്കൾ അനന്തരാവകാശ വിഷയത്തിലും മറ്റും ‘പേരക്കുട്ടി’യായി പരിഗണിക്കപ്പെടാറുണ്ട് . ആല് എന്നും അഖാരിബ്/ ഖുർബാ എന്നും ഈ കുടുംബ വൃത്തത്തെ കുറിച്ച് പറയും. നബി സ്വ യുടെ  ഇത്റത്ത് എന്നാൽ അവിടുത്തെ ദീനിൽ അംഗമായി കല്പനകൾ മുറുകെ പിടിക്കുന്ന കുടുംബാംഗങ്ങളാകുന്നു'(ഇമാം ത്വഹാവി). ഈ നിലപാട് അംഗീകരിക്കാവുന്നതാണ്. നബി സ്വ യുമായി കുടുംബ ബന്ധം ഉള്ളവരെന്ന നിലയ്ക്ക് ആ വൃത്തത്തിൽ ഉൾപ്പെട്ടവരെ സ്വഹാബികൾ വളരെയേറെ ബഹുമാനിച്ചിരുന്നു. അത് സ്വാഭാവികം മാത്രം. ആദർശ പുരുഷനെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന്റെ കുടുംബത്തെയും ബന്ധുക്കളെയും സ്നേഹിക്കും. മാതാപിതാക്കളോടുള്ള ബന്ധത്തിന്റെ ഭാഗമായി അവരുടെ സുഹൃത്തുക്കളുമായി /സ്നേഹിതന്മാരുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കണം എന്ന് നബി സ്വ പഠിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളേക്കാൾ വിശ്വാസികൾ  സ്നേഹിക്കുന്ന നബി യുടെ എത്ര അകന്ന ബന്ധുവിനെപ്പോലും എന്തുകൊണ്ടും ഒരു വിശ്വാസി  സ്നേഹിക്കാനും  അവരോട്  ആദരവ് പുലർത്താനും  ബാധ്യസ്ഥനാണ്.

‘അഹ്ലുൽ ബൈത്ത്’ (ഫാമിലി)എന്ന പേരിൽ വിശേഷിപ്പിക്കപ്പെട്ട ഈ ബന്ധത്തിൽ നബി സ്വയുടെ ഭാര്യമാർ, മക്കൾ, അവരുടെ ഭർത്താക്കന്മാർ, ഇവരുടെ  ദാമ്പത്യത്തിൽ പിറന്ന മക്കൾ, ബനൂ ഹാഷിം , ബനുൽ മുത്വലിബ് എന്നിവരെല്ലാം ഉൾപ്പെടും. വിശുദ്ധ ഖുർആനിലും അതിന്റെ അനുബന്ധമായി ഹദീസുകളിലും വന്നിട്ടുള്ള അഹ്ലുൽ ബൈത്ത് എന്ന പ്രയോഗത്തിൽ അലി-ഫാഥ്വിമ- ഹസൻ- ഹുസൈൻ എന്നിവർ മാത്രമേ ഉൾപ്പെടുകയുള്ളൂ എന്ന അതിവാദം ശിയാക്കളുടെ സ്വഭാവമാണെന്ന് ഇമാം ഖാളി ബൈളാവി രേഖപ്പെടുത്തുന്നുണ്ട്. ഖുർആൻ സൂക്തത്തിലെ അഹ്ലുൽ ബൈത്ത് പ്രയോഗത്തിന്റെ സന്ദർഭം ഭാര്യമാരുമായി ബന്ധപ്പെട്ടാണെന്ന ന്യായത്തിൽ , ഒരു വ്യക്തിയുടെ ഭാര്യമാർ മാത്രമാണ് അഹ്ലുൽ ബൈത്ത് എന്ന് തെറ്റിദ്ധരിക്കരുതെന്ന്  ഉണർത്തുവാനാണ്,  മക്കളും ജാമാതാക്കളും മകളുടെ മക്കളും ‘ഫാമിലി’ എന്ന ഗണത്തിൽ ഉൾപ്പെടുമെന്ന് തെര്യപ്പെടുത്തുവാനാണ് , ഹദീസിൽ അലി-ഫാഥ്വിമ- ഹസൻ- ഹുസൈൻ എന്നിവരെ ചേർത്ത്  അഹ്ലുൽ ബൈത്ത് എന്ന് വിശേഷിപ്പിച്ചത്. അവർക്കും അഹ്ലുൽ ബൈത്തിൽ ഉൾപ്പെടാനുള്ള അവസരമാണ് ഹദീസ് പ്രമാണമായി സ്വീകരിക്കുന്നവർക്ക് ലഭിക്കുന്നത്. ഹദീസ് പ്രമാണമായി അംഗീകരിക്കാത്തവർക്ക് പത്നിമാർ മാത്രമായിരിക്കും നബിയുടെ അഹ്ലുൽ ബൈത്ത്. നബി പുത്രിയോട്  സമ്പർക്കം പുലർത്തുകയും നബി സ്വ യ്ക്കൊപ്പം സദാ ജീവിക്കുകയും ചെയ്തുവെന്ന  നിലയ്ക്കാണ് അലിയാർ അഹ്ലുൽ ബൈത്ത് അംഗമാകാൻ കാരണമെന്ന് ഇമാം റാസി വ്യക്തമാക്കുന്നു. അല്ലാതെ, അസ്വാഭാവികമായ എന്തോ സിദ്ധി ഉള്ളതുകൊണ്ടല്ല. ഇതേ കാരണത്താൽ, ഇരട്ട അർഹതയുണ്ട് നബിയുടെ രണ്ട് പുത്രിമാരുമായി ശയിച്ച ‘ഇരട്ട പ്രകാശം’ എന്ന കീർത്തി മുദ്രയുള്ള ഉസ്മാന്ന്.

ഫാഥ്വിമയുടെ മക്കളായ  ഹസൻ, ഹുസൈൻ, മുഹ്‌സിൻ, ഉമ്മു കുൽസൂm,സൈനബ് എന്നിവരിൽ മുഹ്‌സിൻ  പ്രസവത്തിൽ  മരണപ്പെട്ട കുഞ്ഞാണ്. ഉമ്മു കുൽസൂമിനെ ഖലീഫ ഉമറിനു വിവാഹം ചെയ്തു കൊടുത്തു. (ആദ്യത്തെ ബീവി- ‘നാടൻ’ കല്യാണം).  ഇതിലെ രണ്ടു മക്കൾ സൈദ്, റുഖയ്യ എന്നിവർക്ക് എന്തു സംഭവിച്ചു എന്ന് അനേഷിക്കേണ്ടതായിട്ടുണ്ട്.  ഉമ്മു കുൽസൂമിനെ ഉമർ റ ന്റെ കാലശേഷം തന്റെ പിതൃവ്യ പുത്രന്മാരായ മൂന്ന് ‘നാടൻമാർ’ വിവാഹം കഴിച്ചിട്ടുണ്ട്. അവർക്ക് മക്കളില്ല എന്നാണറിവ്. ഏതായാലും ഇവരെല്ലാം ‘നബി കുടുംബം’ എന്ന പരിഗണന അർഹിക്കുന്നു. ഫാഥ്വിമ ബീവിയുടെ മകൾ സൈനബിനെ ഉമ്മയുടെ പിതൃവ്യ പുത്രൻ അബ്ദുല്ലാഹി ബ്നു ജഅഫർ വിവാഹം ചെയ്തു. അവർക്ക് ജനിച്ച അഞ്ചു മക്കളുടെ സന്താന പരമ്പരയിൽ  കുറെ പേർ  നിലനിന്നു. അവരും ‘നബി കുടുംബ’മായി പരിഗണിക്കപ്പെട്ടു. അല്ലാമാ മുനാവിയുടെ വരികളിൽ നിന്നും(‘വഹും മൗജൂദൂനൽ ആന്’ ), അല്ലാമാ സുയൂഥ്വിയുടെ വരികളിൽ നിന്നും (മൗജൂ ദൂന ബി കസ്റത്തിൻ), മനസ്സിലാകുന്നത് സൈനബിന്റെ സന്താന പരമ്പര  ഹിജ്‌റ പത്ത്-പതിനൊന്ന് നൂറ്റാണ്ടുകളിൽ  ധാരാളമായി  നിലനിൽക്കുന്നു എന്നാണ്. അവരെ അഹ്ലുൽ ബൈത്തിലേക്ക് ചേരുന്ന നബി കുടുംബമായി എന്തുകൊണ്ടും പരിഗണിക്കേണ്ടതുണ്ട്. ഇവരുടെ കുലപിതാവ് ആലുജഅഫർ അംഗമാണ്; മാതാവ് ഫാഥ്വിമ-അലി ദമ്പതികളുടെ പുത്രിയും. എന്നാൽ, പൊതുവെ അവരെ നബി കുടുംബ ഗണത്തിൽ എണ്ണാറില്ല.

ഫാഥ്വിമ- അലി ദമ്പതികളുടെ മക്കൾ ഹസൻ, ഹുസൈൻ എന്നിവരുടെ സന്താനങ്ങളിലൂടെ ‘നബി കുടുംബം’ നീണ്ടുനിന്നോ എന്നാണ് ഇനി പരിശോധിക്കാനുള്ളത്.ഹസൻ റ ന്റെ പുത്രന്മാരായ സൈദ്, ഹസൻ രണ്ടാമൻ എന്നിവരിലൂടെ ഹസനി പരമ്പരയും, ഹുസൈൻ റ ന്റെ പുത്രനായ സൈനുൽ ആബിദീൻ എന്ന അലി അസ്ഗർ എന്നവരിലൂടെ ഹുസൈനി പരമ്പരയും ഇന്നുവരെയും നീണ്ടുനിൽക്കുന്നതായി പൊതുവെ കരുതപ്പെടുന്നു. എന്നാൽ, ഇത് ശരിയല്ലെന്ന പക്ഷവും ഉണ്ട്.  ഹുസൈന് ഒരു അലിയേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം കര്ബലയിൽ കൊല്ലപ്പെട്ടുവെന്നുമാണ് അവർ പറയുന്നത്. അലിയാർക്ക് ഹസൻ, ഹുസൈൻ, മുഹമ്മദ് ബ്നുൽ ഹനഫിയ്യ, അബ്ബാസ് ബ്നുൽ കിലാബിയ്യ, ഉമർ ബ്നു തഗ് ലബിയ്യ എന്നീ   അഞ്ച് ആൺ മക്കൾ വഴി പിൻഗാമികൾ ഉണ്ടായിട്ടുണ്ട്. അതിൽ അവസാനത്തെ മൂവരും ദാസിമാരിൽ ജനിച്ചവരാണ്. ഫാഥ്വിമയുടെ മക്കൾ  പരമ്പരയിൽ  ആരും അവശേഷിക്കുന്നില്ല  എന്ന  പശ്ചാത്തലത്തിലാണ് ‘അലവികൾ’ അഥവാ അലിയുടെ മക്കൾ വാദം  രംഗത്തു വന്നത്.  അലവി വാദത്തിന്  തുടക്കമിട്ടത് ഇബ്നുൽ ഹനഫിയ്യയുടെ ഫാൻ ആയിരുന്ന മുഖ്താറുസ്സഖഫി ആയിരുന്നു.  അലിയാർ തങ്ങൾ രഹസ്യങ്ങളുടെ കലവറയാണെന്ന അതിവാദം ആദ്യമായി ഉയർത്തുന്നത് സഖഫി ആയിരുന്നു. അയാൾ ഇബ്നുൽ ഹനഫിയ്യയെ അലിയുടെ രഹസ്യങ്ങളുടെ താക്കോലായി അവതരിപ്പിക്കുകയും ‘ഇമാം’ആയി വാഴ്ത്തുകയും ചെയ്തു. ഇറാഖിൽ ധാരാളം  ആളുകളെ അനുയായികളായി ലഭിച്ചു. ഇബ്നുൽ ഹനഫിയ്യ  പ്രസ്തുത  വാദങ്ങൾ അംഗീകരിച്ചിരുന്നില്ല; അദ്ദേഹത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായാണ് സഖഫി  മറുനാട്ടിൽ പോയി പ്രവർത്തിച്ചത്. ഒടുവിൽ മിസ്അബ്  റ  ന്റെ നേതൃത്വത്തിൽ സൈന്യം പുറപ്പെട്ടു സഖഫിയെയും സംഘത്തെയും  വധിച്ചു അവരുടെ കുഴപ്പം അവസാനിപ്പിച്ചു. കർബല യ്ക്ക് ശേഷം അലവി പാരമ്പര്യ വാദത്തിലേക്ക് തിരിയാനും ഇബ്നുൽ ഹനഫിയ്യയെ ഇമാമായി പ്രഖ്യാപിക്കാനും അത് വിജയിക്കാനും കാരണമായത്, ഹസനീ ഹുസൈനീ പാരമ്പര്യത്തിൽ ആരും  അവശേഷിച്ചില്ലെന്നത് കൊണ്ടാകുമല്ലോ.  അവർ ഉന്നയിക്കുന്ന ഈ ചോദ്യം പ്രസക്തമാണ്.

അലിയെന്നു പേരുള്ള  മറ്റൊരു  വ്യക്തിയെ കാണിച്ച് നാസ്വിബി കളായ ഉമവികളെ തോല്പിക്കുകയായിരുന്നു എന്ന ആരോപണമുണ്ട്.  ഹസൻ /ഹുസൈൻ കുടുംബവുമായി അടുത്ത ബന്ധമുള്ള ഭൃത്യനോ അവർ മൊഴി ചൊല്ലിയ സ്ത്രീക്ക് മറ്റൊരാളിൽ ജനിച്ച വ്യക്തിയോ, ഹസൻ /ഹുസൈൻ വിവാഹം ചെയ്ത ധാരാളം സ്ത്രീകളിൽ ഒരുത്തിയുടെ പഴയ പുത്രനോ ആകാനാണ് സാധ്യത.(look footnote 1)  ഇത്തരം ‘ബന്ധങ്ങൾ’ കാണിച്ച് സയ്യിദ് ഖബീല’യിൽ കയറിക്കൂടിയ ധാരാളം പേർ പിൽക്കാലത്തും അഹ്ലുൽ ബൈത്ത് ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്; കേരളത്തിൽ പോലും. നബി കുടുംബത്തെ സ്‌നേഹാദരവുകൾ നൽകി പരിഗണിക്കാൻ തല്പരരായ ജനങ്ങൾ ജീവിക്കുന്ന വളക്കൂറുള്ള മണ്ണിൽ  ‘കയറിക്കൂടിയ തങ്ങന്മാർ’ ധാരാളം ഉണ്ടായിട്ടുണ്ട്. ഇറാൻ, യമൻ, ഇറാഖ്, ഇന്ത്യ തുടങ്ങിയ നാടുകളിലെ സയ്യിദ് ഖബീലകളിൽ ഇത്തരം നുഴഞ്ഞുകയറ്റം പ്രകടമാണ്. ഇതുവായിക്കുന്ന കേരളത്തിലെ തങ്ങന്മാർക്ക് അറിയാം, ഇപ്പറയുന്നത് സത്യം മാത്രമാണെന്ന്.  ഇങ്ങനെ ‘അരങ്ങത്തു അവതരിപ്പിക്കപ്പെട്ട’ അലിയുടെ സന്താന പരമ്പര ‘പതിനൊന്നാം ഇമാം’ മരണപ്പെട്ടതോടെ അവസാനിച്ചപ്പോൾ, ഉണ്ടാക്കിയ നാടകമായിരുന്നു, ജനിക്കുക പോലും ചെയ്യാത്ത പന്ത്രണ്ടാം ഇമാമിന്റെ ഒളിജീവിത സിദ്ധാന്തം.

എന്നാൽ, മുൻഗാമികൾ കാണിച്ച കൃത്രിമം അറിയാതെ, നബി കുടുംബമെന്ന വിചാരത്തിൽ മഹിതമായ ജീവിതം കാഴ്ചവെച്ചവരാണ് പല പ്രമുഖരായ തങ്ങന്മാരും. അവർ ഇസ്ലാമിന് വേണ്ടി ജീവിച്ചവരാണ്. നബി സ്വ യുമായി ആദർശ ബന്ധം സ്ഥിരപ്പെടുത്തലാണ് പ്രധാനമെന്ന് മനസിലാക്കിയ അവർ, അത് സാധ്യമാകാൻ ഏതെങ്കിലും തങ്ങളുടെ രക്തത്തിൽ പിറന്നാൽ മതിയാകില്ലെന്ന് ബോധ്യമുള്ള അവർ, മറ്റൊന്നും ചിന്തിക്കാതെ, നബി സ്വ യെ സ്നേഹിച്ചും അവിടുത്തെ സുന്നത്ത് പുനരുജ്ജീവിപ്പിച്ചും ഉത്കൃഷ്ടമായ ജീവിതം നയിച്ചു. ഇത്തരം നിഷ്കളങ്ക രായ സയ്യിദുമാർ അവരുടെ ഉദ്ദേശ്യ ശുദ്ധി കൊണ്ട് രക്ഷപ്പെടുമെന്ന കാര്യം തീർച്ച.

ഉമവികളെ രാഷ്ട്രീയമായി തോൽപ്പിക്കാനും പ്രവാചക കുടുംബ വാദം ഉയർത്തി രാഷ്ട്രീയ അധികാരം പിടിക്കാനും കാണിച്ച കൃത്രിമ ങ്ങളായിരുന്നു പിന്നീട് അഹ്ലുൽ ബൈത്തിന്റെ പേരിൽ ഉയർന്നു വന്ന അതിവാദങ്ങൾ. യഥാർത്ഥത്തിൽ പ്രവാചക രക്തം അവരുടെ സിരകളിൽ ഉണ്ടായിരുന്നെങ്കിൽ, മുസ്ലിം ലോകത്ത്   രക്ത രൂക്ഷിത വിപ്ലവം നടത്തി ഒരു നിത്യ ശല്യമായി മാറാൻ അവർക്ക് കഴിയുമായിരുന്നില്ല .ചരിത്രത്തിൽ അവർ തമ്മിൽ കാണിച്ച  പരസ്പര നിഷേധവും പകയും അധികാര മത്സരവും കലാപങ്ങളും തന്നെ മതി, അവരിൽ പ്രവാചകന്റെ ഉന്നതമായ കുലീന രക്തം ഒട്ടും  ഇല്ലെന്നതിന് തെളിവായി. ജീവിത സാഹചര്യം മെച്ചപ്പെടുത്തേണ്ട സന്ദർഭങ്ങളിൽ ഒത്തൊരുമ കാണിക്കുമെങ്കിലും അവരുടെ ഹൃദയ ബന്ധം ശിഥിലമാണ്.

വിമർശകർ ഇപ്പറയുന്നത് ‘അഹ്ലുൽബൈത്ത്’ എന്നൊരു സംഗതി ഇല്ലെന്നല്ല. അഹ്ലുൽ ബൈത്ത് ഉണ്ട്. ഖുർആനിൽ വിളിച്ച അഹ്ലുൽബൈത്തും ഹദീസിൽ ഉൾപ്പെടുത്തിയ അഹ്ലുൽ ബൈത്തും കഴിഞ്ഞുപോയി;  നബി  സ്വ  യുടെ കുടുംബ ബന്ധുക്കൾ ഇപ്പോഴും നിലകൊള്ളുന്നു. അവരെ ആ അർത്ഥത്തിൽ ബഹുമാനിക്കുക തന്നെ വേണം. അവർ ബഹുമാന്യരാണ്; ഉയർന്ന പദവികൾ ഉള്ളവരാണ്; ആലിനും ഇത്രത്തിനും അഹ്ലുൽ ബൈത്തിനും നാം പ്രാർത്ഥന നിർവ്വഹിച്ചു കൊണ്ടിരിക്കണം. അവരെ നിഷേധിക്കാനോ അവമതിക്കാനോ അവരുടെ സ്ഥാനമാനങ്ങൾ ഇടിച്ചു താഴ്ത്താനോ അവർക്കുള്ള കുടുംബപരമായ ശറഫ് വെട്ടിച്ചുരുക്കാനോ പാടുള്ളതല്ല. തിരുവചനങ്ങളിൽ വ്യക്തമാക്കിയ കാര്യങ്ങൾ ആണല്ലോ അവ. അഹ്ലുൽ ബൈത്തിലേക്ക് ചേരുന്ന ഒരാളെയും തള്ളിക്കളയാനും പഴിക്കാനും പാടുള്ളതല്ല. നബി സ്വ യുടെ വീട്ടിലേക്ക് പരമ്പര ചെന്നെത്തുന്ന വ്യക്തിയെ പഴി പറയുന്നവനെക്കുറിച്ച് ഇമാം മാലിക് റഹ് പറഞ്ഞു: “നല്ല വേദനിക്കുന്ന അടിവെച്ചു കൊടുക്കണം, കുറ്റവാളിയെ നാട്ടിൽ പ്രദർശിപ്പിക്കണം, പശ്ചാത്താപം തോന്നുന്ന കാലമത്രയും തടവിലിടണം; കാരണം, അയാളുടെ ഇപ്പണി നബി സ്വ യുടെ അവകാശത്തെ നിസ്സാരമാക്കലാണ്”. (ഖാസി ഇയാള് , ശിഫാ , 2/ 269 ) അതിനർത്ഥം, സമുദായത്തിന്റെ രാഷ്ട്രീയവും ആത്മീയവുമായ പ്രഥമ സ്ഥാനം അവർക്കാണ് എന്നല്ല; അഹ്ലുൽ ബൈത്തിൽ പെട്ട ഉസ്മാനും അലിയും അബ്ബാസും റ ഉള്ളപ്പോൾ തന്നെയാണ് അഹ്ലുൽ ബൈത്തിൽ  പെടാത്ത അബൂബക്കറും ഉമറും മുസ്ലിംകൾക്ക് നേതൃത്വം നൽകിയത്.  സുന്നത്ത് ജമാഅത്തിന് അതിലപ്പുറം എന്ത് മാതൃക വേണം, മര്യാദ പാലനത്തിന്റെ(മുറാഅത്തുൽ അദബ്) രീതി മനസിലാക്കാൻ?(2)

മഹ്ദിയോളം നിലനിൽക്കും ഫാഥ്വിമയുടെ പുത്ര പരമ്പര എന്നൊക്കെ പറയുന്ന ഹദീസുകളുടെ കാര്യത്തിലും അവർക്ക് പ്രതികരണം ഉണ്ട്. ശരിയാണ്,  അങ്ങനെ ചില ഹദീസുകൾ കടന്നു കൂടിയിട്ടുണ്ട്; പക്ഷേ, അഹ്ലുസ്സുന്നയിലെ നിരൂപണ മിടുക്കരായ പലരും മഹ്ദി വാദ നിവേദനങ്ങളെ അപ്പടി നിരാകരിക്കുന്നുണ്ട്.   ഉത്തരവാദിത്തങ്ങൾ മുഴുവനും മഹ്ദിക്ക് വിട്ടുകൊടുക്കുന്ന ഒരുതരം ഉറക്ക ശീലം സമുദായത്തിൽ വളർത്താനും, താനും ഒരു മഹ്ദി / താൻ മഹ്ദിയുടെ പ്രതിനിധി എന്ന വിളംബരവുമായി കള്ളനാണയങ്ങൾ വന്നു കൊണ്ടിരിക്കാനും മാത്രമേ മഹ്ദി വാദം ഉപകാരപ്പെട്ടിട്ടുള്ളൂ; നുബുവ്വത്ത് വാദിച്ചു വന്നാൽ മുഷിയുമെന്ന തിരിച്ചറിവുള്ള മഹ്‌ദികളിൽ മിക്കവരും  ഒടുവിൽ ‘നബി’യായാണ്  കാലഗതി അടഞ്ഞതെന്ന ചരിത്രം ഓർക്കേണ്ടതുണ്ട്.

വിമർശകർ ഉന്നയിക്കുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങൾ അഹ്ലുൽ ബൈത്തിനെ സ്നേഹിച്ചും ആദരിച്ചും ശീലിച്ച കേരളത്തിലേതുപോലുള്ള ജനങ്ങളിൽ ആശങ്കയും ഞെട്ടലും ഉളവാക്കും. അഹ്ലുൽ ബൈത്ത് എന്ന് കേൾക്കുമ്പോൾ നബി സ്വ യുമായി രക്തബന്ധം ഉള്ളവരെന്ന് കരുതുന്നവർക്ക് രക്തബന്ധവും ‘അഹ്ലുൽ ബൈത്തും രണ്ടാണെന്ന തിരിച്ചറിവ് നേടാൻ സമയമെടുക്കും. തങ്ങന്മാരെ സംബന്ധിച്ചിടത്തോളം, നബി സ്വ യുമായി രക്തബന്ധം സ്ഥാപിക്കാൻ ഏതായാലും സാധിക്കില്ല; എന്നാൽ, അഹ്ലുൽ ബൈത്തി ന്റെ പരിധിയിൽ വരുന്ന കുടുംബ വേര് രേഖീയമായി തെളിയിക്കാനും അതില്ലാത്തവരെ ‘പരിധിക്ക് പുറത്തു നിർത്താനും’ കഴിയേണ്ടതുണ്ട്. ഹസൻ-ഹുസൈൻ സന്താന പരമ്പര നിലനിൽക്കുന്നില്ല എന്ന വാദം ചരിത്രപരമായി തെളിയിക്കപ്പെടേണ്ടതാണ്. നബി സ്വ യുമായി ബന്ധപ്പടുത്തി, പല വസ്തുക്കളും രേഖയില്ലാതെ വിപണിയിൽ എത്തുമ്പോൾ അതിനെ തുറന്നു കാണിക്കാനുള്ള ഉത്തരവാദിത്തം ജ്ഞാനികൾക്കുണ്ട്. നബിയുമായി ബന്ധപ്പെട്ട ദീൻ കാര്യങ്ങൾ സ്ഥാപിക്കാൻ , അവിടുത്തെ തിരുവചനങ്ങൾ സമാഹരിക്കുമ്പോഴും അവയെ നിർദ്ധാരണം ചെയ്യുമ്പോഴും ജ്ഞാനികൾ കാണിച്ചു തന്ന അതീവ ജാഗ്രത യുണ്ടല്ലോ, അത്ര തന്നെകണിശതയോടെ, ഇത്തരം ‘ശരീര- രക്ത ബന്ധം’ പരിശോധിക്കണം. ഒരുവേള ദീനിനേക്കാൾ ജനങ്ങൾക്കിടയിൽ ചെലവഴിക്കപ്പെടുക, ‘ബന്ധമുള്ള’ വസ്തുക്കൾ/ആളുകൾ ആയതിനാൽ, ഹദീസിനേക്കാൾ പ്രാധാന്യത്തോടെ ഇക്കാര്യത്തെ സമീപിക്കണം.

Foot Notes : 

1. “അലിക്ക് ഫാഥ്വിമയിൽ ഹസൻ,ഹുസൈൻ എന്നീ രണ്ട് മക്കളാണുണ്ടായിരുന്നത്. പിതാവ് മരിച്ചപ്പോൾ ഹസൻ കുറച്ചുകാലത്തേക്ക് ഖിലാഫത്തിന് അവകാശവാദമുന്നയിക്കുകയുണ്ടായി. എന്നാൽ അയാളെ എളുപ്പത്തിൽത്തന്നെ ഈ അവകാശവാദമുപേക്ഷിക്കാൻ പറഞ്ഞു സമ്മതിപ്പിച്ചു. അതിനു പകരമായി മുആവിയ അയാൾക്ക് ഒരു നിശ്ചിത വേദനവും സമാധാനപൂർണമായ ജീവിതവും ഉറപ്പുകൊടുത്തു. ‘വെറുമൊരു രാജ്യത്തിനുവേണ്ടി കശാപ്പ് ചെയ്യപ്പെടാൻ ഞാനില്ല’ എന്ന് അയാളും പറഞ്ഞു. ഏതായാലും മൂപ്പർക്ക് വേറെയും ചില താല്പര്യങ്ങളുമുണ്ടായിരുന്നു. അയാൾ എത്ര സ്ത്രീകളെ വിവാഹം ചെയ്തുവെന്നും വിവാഹമോചനം ചെയ്തുവെന്നും അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നു. ചിലർ തൊണ്ണൂറ് എന്നുപറയുന്നു. വേറെചിലർ പറയുന്ന സംഖ്യ അതിലും കൂടുതലാണ്. അലി തന്റെ ഒരു കൂട്ടാളിക്ക് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്കിയിരുന്നുവത്രെ. ‘നിങ്ങളുടെ പെൺകുട്ടികളിലാരെയും ഹസന്ന് വിവാഹം ചെയ്തു കൊടുക്കരുതേ; അവൻ അവരെ രുചിച്ചുനോക്കിയ ശേഷം വലിച്ചെറിയും’. എങ്കിലും, വിവാഹം ചെയ്ത ഒരു സ്ത്രീക്കും അയാളെ സ്നേഹിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല എന്നാണു പറയുന്നത്. അത്രമാത്രം മധുരമായിരുന്നു അയാളുടെ പ്രകൃതം. ഇവിടെ, ഇസ്‌ലാമിക പശ്ചാത്തലത്തിൽ പലപ്പോഴുമെന്നപോലെ സ്വാഭാവിക ചോദന ആത്‌മീയലക്ഷ്യം നിറവേറ്റുകയാണ്‌. തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ നോക്കുന്നവർക്ക് ഇത് നടുക്കമുളവാക്കിയേക്കാമെങ്കിലും. കാരണം ഹസന്റെ വിത്തുകൾ അത്യുദാരമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. പ്രവാചകന്റെ രക്തം മുസ്ലിംകളായ ലക്ഷക്കണക്കിന് ആളുകളുടെ സിരകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. ശാരീരികമായ ഈ പിന്തുടർച്ചയിൽ അന്തസും അനുഗ്രഹവുമാണ് നിറഞ്ഞുനിൽക്കുന്നത്”. (ഇസ്ലാമും മനുഷ്യ ഭാഗധേയവും(Islam and the destiny of the man)/ ഗായ് ഈറ്റൺ / മൊഴിമാറ്റം: എപി കുഞ്ഞാമു, ഐ പി എച്ച്, പേജ് 302)

2. മലപ്പുറം മഅദിൻ അക്കാദമി യുടെ കീഴിൽ തങ്ങളുട്ടികൾക്ക് മാത്രമായി പഠിക്കാൻ ഉണ്ടാക്കിയ ‘സാദാത്ത് അക്കാദമി’ എന്ന ‘സവർണ്ണ’ സ്ഥാപനത്തിന്റെ പരസ്യത്തിൽ ഇങ്ങനെ വായിക്കാം: “മതനേതൃത്വം എല്ലായ്പ്പോഴും പ്രവാചക പൗത്രന്മാരുടെ തിരുകരങ്ങളിലൂടെ കൈമാറിയാണ് വരുന്നത്”. ചരിത്രപരമായും മതപരമായും ശുദ്ധ അസംബന്ധമാണ് ഈ വാദമെങ്കിലും, ശീഈസത്തിന്റെ അടിസ്ഥാന വാദം ഇതാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ പുറത്തിറക്കിയ അഹ്ലുൽ ബൈത്ത് പതിപ്പ് അൽ മുനീറിൽ ഈ വാദം പലതവണ ആവർത്തിക്കുന്നു.

3. “ഇതുപോലെ നബി സ്വ തിരുമേനി യുടെ പിന്മുറക്കാരാണെന്ന് അവകാശപ്പെട്ടുകൊണ്ട് അറേബിയയിൽ നിന്നോ പേർഷ്യയിൽ നിന്നോ മലബാറിൽ വന്നു കുടിയേറിയവരോടും മാപ്പിളമാർക്ക് ആരാധനാ തുല്യമായ ഭക്തി ബഹുമാനമുണ്ടായിരുന്നു.ഇവരെ ‘തങ്ങൾമാർ’ എന്നാണു പറയുക. ഉന്നത കുലജാതരായ ഹിന്ദുക്കളിൽ ചിലരെയാണ് മുമ്പ് തങ്ങൾ എന്നു വിളിച്ചിരുന്നത്. ‘മധുസൂദനൻ തങ്ങൾ’ ഒരുദാഹരണം. പ്രവാചകന്റെ പിന്തുടർച്ചക്കാർ മുസ്‌ലിം സമുദായത്തിലെ ഉന്നത കുലജാതരാണെന്ന സങ്കല്പത്തിലാവാം ഇവരെയും തങ്ങന്മാർ എന്ന് വിളിക്കാൻ തുടങ്ങിയത്. ഏതായാലും ഈ ധാരണ ഇസ്‌ലാമിക ദൃഷ്ട്യാ ശരിയല്ല. ഒന്നാമത് അന്ത്യപ്രവാചകൻ കുല മാഹാത്മ്യത്തെയും ആഭിജാത്യ പ്രകടനത്തെയും നിശ്ശേഷം നശിപ്പിച്ചിരിക്കുന്നു. അവിടന്ന് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പ്രഖ്യാപിച്ചു: ‘അല്ലാഹു ഇസ്‌ലാംപൂർവ്വ കാലത്തെ ആഭിജാത്യത്തെയും നിശ്ശേഷം എടുത്തുകളഞ്ഞിരിക്കുന്നു.’ രണ്ടാമത്, ഇസ്‌ലാമിക സിദ്ധാന്തമനുസരിച്ച്, പ്രവാചകന് പിന്മുറക്കാരില്ല. ‘മുഹമ്മദ് നിങ്ങളിലുള്ള പുരുഷന്മാരാരുടെയും പിതാവല്ല’ എന്ന് ഖുർആൻ അർത്ഥ ശങ്കക്കിടയില്ലാത്ത വിധം വിളംബരം ചെയ്തിരിക്കുന്നു. കാരണമുണ്ട്; പ്രവാചകന് മൂന്ന് പുത്രന്മാർ ജനിച്ചുവെങ്കിലും അവരൊക്കെ ചെറുപ്പന്നേ മരിച്ചുപോയി. ഇസ്‌ലാമിക തത്വമനുസരിച്ച് പുത്ര പ്രജകൾ വഴിക്കുള്ള അനന്തിരവന്മാർ മാത്രമേ കുടുംബ പാരമ്പര്യത്തിനർഹരാകൂ. പിതാക്കന്മാരോട് ബന്ധപ്പെടുത്തിയല്ലാതെ അഭിസംബോധനം നടത്തുന്നത് ഖുർആൻ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ആകയാൽ റസൂലിന്റെ പിന്മുറക്കാരെന്ന് അവകാശപ്പെടാൻ ഒരാൾക്കും അര്ഹതയില്ലെന്നതാണ് സത്യം. പക്ഷെ, പലരും പ്രസ്തുത അവകാശവാദം മുഴക്കുകയും ബഹുജനങ്ങൾ അത് വകവെച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്” (ടി. മുഹമ്മദ്/ ‘ഏറ്റുമുട്ടൽ’/ പ്രബോധനം/ 1980 ആഗസ്റ്റ്/ പുസ്തകം 39 , ലക്കം 5 )

4. ഇമാം ത്വബ്റാനി ഫാഥ്വിമ യിൽ നിന്നും ഉമറിൽ നിന്നും രണ്ടു നിവേദനങ്ങളിലായി ഉദ്ധരിച്ച ഹദീസ് ഇങ്ങനെ : “എല്ലാ മനുഷ്യ പുത്രരും അവരുടെ വംശ ബന്ധം പിതാവിലേക്ക് ചേർക്കുന്നു. ഫാഥ്വിമ യുടെ മക്കൾ ഒഴികെ. ഞാനാണവരുടെ രക്ഷിതാവ്; എന്നിലേക്കാണ് അവരുടെ പിതൃ ബന്ധം ചേർക്കപ്പെടുക”. ഈ വചനം നിവേദനം ചെയ്ത കണ്ണികളിൽ ഒരാൾ അബൂ ബിശ്ർ ബ്നു നുആമ: ദുർബ്ബലൻ ആണെന്നും മറ്റൊരാൾ ബി ശ് റു ബ്നു മഹ്‌റാൻ വർജ്ജിക്കപ്പെട്ടവനാണെന്നും നൂറുദ്ധീൻ അൽ ഹൈസമി പ്രഖ്യാപിച്ചതാണ്. ഒന്നാമൻ അടങ്ങിയ നിവേദന പരമ്പര യിലൂടെ വന്ന വചനം, ഇബ്നുൽ ജൗസി ‘ബലഹീനമായ ഹദീസുകൾ(അൽ അഹാദീസുൽ വാഹിയ) എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത ഹദീസ് ‘ഹസൻ’ ആണെന്ന സുയൂഥ്വിയുടെ കമന്റ് നന്നായില്ല എന്ന് മുനാവി വിലയിരുത്തുന്നു.

 

 

Leave a Reply