അടിസ്ഥാന വിശ്വാസത്തില്‍ മാത്രമല്ല, പൊതുവേ സലഫികള്‍ ശിഈ ആചാരമെന്ന് ആരോപിക്കാറുള്ള ജാറ/ മഖ്ബറ സംബന്ധമായ ആചാരങ്ങളിലും റദാഖാന്‍ അഹ്ലുസ്സുന്നയുടെ പാരമ്പര്യത്തില്‍ നിന്നും പുറത്തുപോയിട്ടില്ലെന്നു കാണാവുന്നതാണ്. ഹനഫീ പാതയുടെ വക്താവായിരുന്ന ഹസ്രത്ത്‌ ബരെൽവി രചിച്ച കിതാബുകൾ വെച്ച് വിഷയം പരിശോധിക്കാം.

പഞ്ചാബ് യൂനിവെർസിറ്റി അറബിക് കോളേജ് തലവൻ ഡോക്ടർ സഹൂർ അഹ്മദ് അസ്ഹർ, നിദാഎ അഹ് ലുസ്സുന്ന (ലാഹോർ) മാഗസിനു നല്കിയ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയത്: അദ്ദേഹം ഒരു സഊദി പ്രൊഫസറു മായി സംസാരിക്കവെ ഹസ്രത്ത് ബരെൽവി യെ പരാമർശിച്ചപ്പോൾ ” ഖബരുകൾക്ക് സുജൂദ് ചെയ്യാൻ കല്പിക്കുന്ന വ്യക്തിയല്ലേ അദ്ദേഹം” എന്ന് നീരസം പ്രകടിപ്പിക്കുകയുണ്ടായി.” അല്ലേയല്ല,അദ്ദേഹം ഖബ് റുകൾ ചുംബിക്കുന്നത് പോലും വിലക്കുന്നയാളാണ് ” എന്ന് ഡോക്ടർ പ്രതികരിച്ചപ്പോൾ സഊദിക്ക് വലിയ കൗതുകമായി.

ഖബ് റുകൾ ചുംബിക്കുന്നതും ബഹുമാനം പ്രകടിപ്പിക്കാൻ അവിടെനെറ്റി നിലത്തു വെക്കുന്നതും വിലക്കുന്ന അദ്ദേഹത്തിന്റെ ഒരു രചന പ്രസിദ്ധമാണ് . അബുൽ ഹസൻ അലി നദ് വി സാഹിബ് എഡിറ്റ്‌ ചെയ്ത തൻറെ പിതാവ് അബ്ദുൽ ഹയ്യ്‌ അൽ ഹസനി യുടെ നുസ്ഖത്തുൽ ഖവാത്വിർ ഹസ്രത്തിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ :

“അല്ലാഹുവിന്റെ ഔലിയാക്കളോടും ഖബ് റാളികളോ ടും സഹായം തേടുന്നതിനെ കുറിച്ച് അദ്ദേഹം കുറെ രിസാലകൾ രചിച്ചിട്ടുണ്ട്. അതോടൊപ്പം ബഹുമാന സൂചകമായ സുജൂദ് ഹറാമാണെന്ന വീക്ഷമാണ് അദ്ദേഹത്തിനുള്ളത്. അത് സംബന്ധമായി അദ്ദേഹം രചിച്ച രിസാലയാണ് ” അസ്സുബദത്തു സ്സക്കിയ്യ ലി തഹരീമി സുജൂദിത്തഹിയ്യ”. തന്റെ വിജ്ഞാന പരപ്പും രേഖാ സമർത്ഥന മികവും തെളിയിക്കുന്ന സമഗ്ര മായ ലഘുലേഖയാണത്.” (8/ 44 )

ഹിജ്റ 1377 ൽ രചിച്ച പ്രസ്തുത രിസാലയിൽ അദ്ദേഹം പറയുന്നു:

” മുസ്തഫായ നബിയുടെ നേരായ ശരീഅത്ത് അനുഗമിക്കുന്ന മാന്യ മുസ്ലിമേ,അറിയൂ,ഉറച്ചുവിശ്വസിക്കൂ , സുജൂദ് അല്ലാഹുവിനു മാത്രമേ പാടൂ.ആരാധനാ ഭാവത്തിലുള്ള സുജൂദ് മറ്റാർക്കെങ്കിലും ചെയ്യുന്നത് അപമാനകരമായ ശിർക്കാകുന്നു.വ്യക്തമായ കുഫ്രാകുന്നു.സംശയലേശമന്യേ . ഉലമാക്കൾ ഏകോപിച്ച സംഗതിയാണിത്.എന്നാൽ ആദരസൂചകമായ സുജൂദ് നിഷിദ്ധമായ വൻ പാപങ്ങളിൽ പെട്ടതാകുന്നു , നിസ്സംശയം”

വിശുദ്ധ ഖുറാൻ സൂക്തങ്ങളും നാല്പത് ഹദീസുകളും നൂറ്റമ്പത് ഫിഖ്ഹീ ഉദ്ധരണികളും നിരത്തിയാണ് ഹസ്രത്ത് തന്റെ അഭിപ്രായം ഉറപ്പിക്കുന്നത്.

നബി തങ്ങൾ ഇസ്രാഉ മിഇറാജ് യാത്ര ചെയ്ത അത്ഭുത വാഹനമായ ബുറാഖിന്റെതെന്നു പറഞ്ഞു മനുഷ്യ സ്ത്രീയുടെ ശിരസ്സും കുതിരയുടെ ഉടലും രണ്ടു ചിറകുകളുമുള്ള ഒരു ചിത്രം പ്രചരിപ്പിക്കപ്പെട്ടിരുന്നു.ചിലർ ഭക്ത്യാദര പൂർവം അത് വീടുകളിലും മറ്റും തൂക്കിയിരുന്നു.ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ റസാ ഖാൻ (റ) അതിനെ ശക്തമായ ഭാഷയിൽ തടഞ്ഞു.അതെ സമയം നബിതങ്ങളുടെ തിരു റൌളയുടെയും വിശുദ്ധ പാദുകത്തിന്റെയും ചിത്രം അനുവദിക്കുകയും ചെയ്തു .(شفاء الواله بصور الخبيب ومزاره ونعاله ശിഫാഉൽ വാലിഹ് ബിസുവരിൽ ഹബീബി വമസാരിഹീ വ നിആലിഹീ )

മഹാന്മാരുടെ വിയോഗദിന വാർഷികത്തോടനുബന്ധിച്ച് നടന്നു വരുന്ന ഉറുസ് മുബാറക് ഭക്തിയിലും പുണ്യങ്ങളിലും അധിഷ്ടിതമാകനമെന്ന് പ്രത്യേകം അനുശാസിക്കുന്നു.ഫാത്തിഹ പാരായണം ചെയ്തു അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് എത്തിക്കാൻ പ്രാർഥിക്കുന്നതിനെ കുറിച് ഉണർത്തിയ ശേഷം രസ ഖാൻ പറയുന്നു:” മറ്റു പലവിധ ദുഷ്ടാചാരങ്ങൾ , ഉദാ: കൃത്രിമ വിവാഹ സദസ്സ്(?!), പുത്തൻ പരവതാനി വിരിക്കൽ , ഇവയെല്ലാം യാതൊരു അടിസ്താനവുമില്ലാതവയാണ്.മരണപ്പെട്ട മൂന്നാം ദിനത്തിലെ ചടങ്ങുകൾക്ക് മറ്റു ദിവസങ്ങളിലെതിനേക്കാൾ പ്രത്യേക കൂലിയുണ്ടെന്നു ധരിക്കുന്നത് അബദ്ധമാണ്.”( الحجة الفائحة لطيب التعيين و الفاتحة അൽ ഹുജ്ജത്തുൽ ഫാഇഹ:ലി ത്വീബി ത്തഹയീനി വൽ ഫാത്തിഹ)

” മരണപ്പെട്ട സത്യ വിശ്വാസികൾക്ക് പ്രതിഫലം പാരിതോഷികമായി വിടാൻ ഫാത്തിഹ ഒരു മാർഗ്ഗമാണ്.ഓതിയ ഉടനെ അങ്ങനെ നിയ്യത്ത് ചെയ്താൽ അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ലഭിക്കും, പത്തിരട്ടിയായിട്ട്.”

മഖ്‌ബരകളിലെക്കും മറ്റും കുത്തഴിഞ്ഞ നിലയിൽ സ്ത്രീകൾ പുറപ്പെടുന്നതും പര പുരുഷന്മാരുമായി ഇടകലരുന്നതും വിലക്കുന്ന രചനയാണ്, مروج النساء لخروج النساء )മുറൂജുന്നസാ ലിഖുറൂജി ന്നിസാ. മഖ്‌ബരയിലെക്കുള്ള സ്ത്രീകളുടെ പുറപ്പാട് പ്രത്യേകം പ്രതിപാദിക്കുന്നു, തന്റെ جمل النور في نهي النساء عن زيارة القبور ജമലുന്നൂർ ഫീ നഹയിന്നിസാ അൻ സിയാരത്തിൽ ഖുബൂർ എന്ന രിസാലയിൽ. സ്ത്രീകൾ തിരു റൌള സന്ദർശിക്കുന്നത് അനുവദിക്കുന്ന റസാ ഖാൻ , മുഈനുദ്ദീൻ ചിശ്തിയുടെ മഖ്‌ബരയിൽ അദബുകൾ പാലിക്കാതെ ത്തുന്ന സ്ത്രീകളെ കുറിച്ചു ചോദിച്ചപ്പോൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്:

” ഇത്തരം കാര്യങ്ങൾ അനുവദനീയമാണോ എന്ന ചോദ്യം തന്നെ ശരിയല്ല. ഇതിനെല്ലാം എത്രമാത്രം ശാപം ലഭിക്കുമെന്നെ അന്വേഷിക്കേണ്ടതുള്ളൂ.അറിഞ്ഞോളൂ,പുറപ്പെടാൻ കരുതിയ നിമിഷം മുതൽ അവൾ അല്ലാഹുവിന്റെയും മലക്കുകളുടെയും ശാപത്തിലാണ്.പുറപ്പെട്ടാൽ എല്ലാ ഭാഗത്തൂടെയും അവളെ ശൈത്വാൻ വലയം ചെയ്യുന്നു.അവൾ ഖബറിടത്തിലെത്തിയാൽ ആ മഹാത്മാവിന്റെ ആത്മാവ് അവളെ ശപിക്കുന്നു. തിരിച്ചു പോരുമ്പോഴും അവൾ അല്ലാഹുവിന്റെ ശാപത്തിലാണ്ള്ളത്.”

വസ്ത്ര – അകല മര്യാദകൾ പാലിക്കാതെ ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ മഹാത്മാക്കളുടെ അരികിൽ പോകുന്ന സ്ത്രീകളെകുറിച്, മുരീദത്തുകളെന്ന വ്യാഖ്യേന അന്യ സ്ത്രീകളുമായി ഇടപഴകുന്ന ഷെയ്ഖ് നാട്യക്കാരെക്കുറിച്ച് അല്ലാമ റസാ ഖാൻ പറയുന്നു: ” വിവാഹ ബന്ധം നിഷിദ്ധമായവരല്ലാത്ത എല്ലാവരിൽ നിന്നും സ്ത്രീകൾ നിർബന്ധമായും ഹിജാബ് പാലിക്കണം. ശൈഖ് ആണെന്ന് വെച്ച് അദ്ദേഹം ഒരിക്കലും മുരീദത്തുകളുടെ മഹ്റം ആകാൻ പോകുന്നില്ല.ശൈഖ് ആത്മീയ പിതാവണെന്ന കാര്യം ഉറപ്പു തന്നെ.നബി (സ)യേക്കാളും വലിയൊരു ശൈഖ് ആരുണ്ട്? ശൈഖ് പദവി മഹ്റം ആകാനുള്ള കാരണമാണെങ്കിൽ സമുദായത്തിലെ വല്ല സ്ത്രീയെയും നബി തങ്ങൾ വിവാഹം ചെയ്യുമായിരുന്നോ? ” കപട ത്വരീഖ്‌അത്തുകളുടെ ദുർ ന്യായങ്ങളെയാണ് ഹസ്രത്ത് ഉടച്ചു കളയുന്നത്.

മഖ്ബറയിലെ വിളക്ക് കത്തിക്കൽ,സുഗന്ധം പുകയ്ക്കൽ , ജാറത്തെ തുണി പുതയ്ക്കൽ (=ജാറം മൂടൽ) എന്നീ നടപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ ഹസ്രത് , അല്ലാമ നാബൽസിയുടെ ” അൽ ഹദീഖത്തുന്നദിയ്യ” യിലെ താഴെ വരികളുദ്ധരിച്ചു : ” ഖബ്രുകളുടെ ‘തലക്കും ഭാഗത്ത് ‘ കത്തിക്കുവാൻ എണ്ണ കൊണ്ടുപോകുന്നത് ബിദ്അത്താകുന്നു; ദുർവ്യയവുമാകുന്നു”. തുടർന്ന് ഹസ്രത്ത് വിശദീകരിച്ചു: ” യാതൊരുഫലമോ, ഉപകാരമോ,മസ് ല ഹത്തോ ഇല്ലാത്ത വിധം എണ്ണ കത്തിക്കുന്നിടത്തെക്ക് എണ്ണ കൊണ്ടുപോകുന്നതിനെ കുറിച്ചാണ് അദ്ദേഹം അത് പറഞ്ഞിട്ടുള്ളത്. ഖ ബ്രിനടുത്ത് (വെളിച്ചം ആവശ്യമുള്ള) മസ്ജിദുണ്ടാവുക, ഖബ്ര് വഴിയിലായിരിക്കുക (വെളിച്ചം യാത്രക്കാർക്ക് ഉപകരിക്കും), അവിടെ ഏതെങ്കിലുമൊരു മനുഷ്യൻ ഇരിക്കുന്നുണ്ടാവുക (അയാൾക്ക് കണ്ണ് കാണാൻ) തുടങ്ങിയ എന്തെങ്കിലും ഉപകാരം മഖ്‌ബരയിൽ എണ്ണ കത്തിക്കുന്നതു കൊണ്ട് ലഭിക്കുമെങ്കിൽ അതനുവദനീയം തന്നെ”

അല്ലാമ തുടരുന്നു:

” കാര്യത്തിന്റെ അടിസ്ഥാനം നിയ്യത്താണ് . നബി (സ) പറഞ്ഞല്ലോ,’കർമ്മങ്ങളെല്ലാം വിലയിരുത്തപ്പെടുന്നതും പരിഗണിക്കപ്പെടുന്നതും നിയ്യത്തുകളുടെ സ്വഭാവം നോക്കിയാണ്” . ഭൗതികമൊ മതപരമോ ആയ യാതൊരു ഉപകാരവുമില്ലാത്ത പണി പാഴ്വേലയാണ്.നിരർത്ഥകമായത് ചെയ്യൽ മക്രൂഹ് ആകുന്നു.അത്തരം അനാവശ്യങ്ങൾക്ക് പണം ചെലവഴിക്കലാണ് ഇസ്രാഫ്. ഇസ്രാഫ് ഹറാം ആകുന്നു.” നിങ്ങൾ  അനാവശ്യങ്ങളിൽ പണം ചെലവഴിക്കരുത്, ദുർവ്യയക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.എന്നാൽ മുസ്ലിംകൾക്ക് എന്തെങ്കിലും ഉപകാരം ലഭിക്കുന്നത് ചെയ്യാൻ മതം പ്രോത്സാഹിപ്പിക്കുന്നുണ്ട്. നബി തങ്ങൾ അരുളുന്നു:” ആർക്കെങ്കിലും തന്റെ സഹോദരന് ഉപകാരം ചെയ്യാനാകുമെങ്കിൽ അവനതു ചെയ്യട്ടെ.” ( അഹ്കാം ശരീഅത്ത് )

സന്ദർശകർക്ക് / ഖുർആൻ പാരായണം ചെയ്യുന്നവർക്ക് സുഗന്ധം ലഭിക്കുകയെന്ന ഉദ്ദേശ്യത്തിൽ ഖബ്രിനടുത്ത് പുകപ്പിക്കാം.ഖബ്രാളിക്ക് അതിന്റെ ആവശ്യമില്ല.അവർക്ക് സ്വർഗത്തിലേക്കു ഇരു കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുകയാണ് , പിന്നെന്തിനു ഇത്! ജാറം മൂടുന്നതോ? ഹസ്രത്ത് പറയുന്നു: ഖബ്രിനു മുകളിൽ ഇപ്പോൾ വിരിച്ചിട്ടുള്ള തുണി മുഷിഞ്ഞിട്ടില്ലെങ്കിൽ പുതിയെടുത്ത് മൂടുന്നത് വെറുംപണിയാണ് . അതിന്റെ വില ആവശ്യക്കാർക്ക് ധർമ്മം ചെയ്യുകയാണ് വേണ്ടത്.അതിന്റെ പ്രതിഫലം മഹാത്മാവിനു സമർപ്പിച്ചുകൊണ്ട്.”

മുബാറക്കാകണം ഉറൂസ് എന്നാണു റസാ ഖാന് ഉപദേശിക്കുക.:

വസ്ത്ര – സങ്കലന അദബുകൾ പാലിക്കാത്ത സ്ത്രീകളുടെ ജനശ്രദ്ധ തിരിക്കും വിധമുള്ള തള്ളിക്കയറ്റം , ബഹുദൈവ സ്വഭാവമുള്ള കർമങ്ങൾ , വൻപാപങ്ങൾ , നിരോധിത വിനോദങ്ങൾ, നീച സ്ത്രീകളുടെ നൃത്തം,വാദ്യോപകരണങ്ങൾ ആദിയായവയിൽ നിന്നും മുക്തമായതാണെങ്കിൽ ഉറൂസ് പരിപാടി സംശയ ലെശമന്യേ അനുവദനീയമാണ്. കാര്യങ്ങളെല്ലാം അവയുടെ ഉദ്ദേശ്യം അടിസ്ഥാനമാക്കിയാണ് വിലയിരുത്തേണ്ടത്.ഇത്തരം സദസ്സുകൾ സംഘടിപ്പിക്കുന്നത്   ഫാതിഹയും മറ്റു ഖുർആൻ ഭാഗങ്ങളും പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മുസ്‌ലിമായ പരേതനു ഹദ് യ ചെയ്യുക എന്ന അടിസ്ഥാന താല്പര്യത്തിലാണ്. ” (مواهب أرواح القدس لكشف حكم  العرس )

അനിസ്‌ലാമിക സംഗതികൾ വ്യാപകമായ ഇത്തരം ഉറൂസുകളിൽ പങ്കെടുക്കരുതെന്ന് അദ്ദേഹം ഫതവാ നല്കി. ഇപ്രകാരം, വിവാഹാഘോഷ വേളയിലും ബറാഅത്ത് രാവിലും വലിയ പ്രാധാന്യത്തോടെയുള്ള  “തീക്കളി”  സമ്പ്രദായത്തെ ഹസ്രത്ത് വിമർശിച്ചു.” വ്യാപകമായിട്ടുള്ള ഈ തീക്കളി വിവാഹ സദസ്സിലെന്നപോലെ ബറാഅത്ത് രാവിലും ഹറാം തന്നെ. ദുർവ്യയമാണത്. ദുരവ്യയക്കാരെ വിശുദ്ധ ഖുർആൻ ” ശൈത്ത്വാന്റെ സഹോദരങ്ങൾ” എന്ന് ആക്ഷേപിച്ചിട്ടുണ്ട്..”( هادي الناس في رسوم الأعراس) സംഗീതവും നിഷിദ്ധങ്ങളും നിറഞ്ഞ ഇത്തരം വിവാഹ സദസ്സുകളിൽ പങ്കെടുക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു.” يلزم على المسلمين أن يبتعدوا عن الحضور والمشاركة في حفلة توجد فيها المحرمات المنهي عنها شرعا” (ibid ) കാരണം നമ്മുടെ സാന്നിധ്യം ഒരു പ്രോത്സാഹനമായി ഭവിക്കും.

അനാചാരങ്ങളെ ശക്തമായി വെറുത്ത റസാഖാൻ അവയുടെ ആപത്തിനെ കുറിച്ച് ഉണർത്തുന്നു: ” ഹൃദയം നിർമലവും ശുദ്ധവും ആയിരിക്കുമ്പോൾ അത് നന്മയിലേക്ക് ക്ഷണിക്കുന്നു. പാപങ്ങൾ വർദ്ധിക്കുമ്പോൾ,അനാചാരങ്ങളിൽ സ്ഥിരമായി എർപ്പെടുമ്പോൾ ഹൃദയത്തിന് അന്ധത പിടിപെടുന്നു.പിന്നെ  സത്യം കാണാനും ഗ്രഹിക്കാനും അതെകുറിച്ച് പരിചിന്തനം ചെയ്യാനും അതിൽയാതൊരു ദിവ്യ വെളിച്ചവും അവശേഷിക്കില്ല.”

നോക്കൂ, കണ്ണിലെ നീതിയുടെ വെളിച്ചം കെട്ടുപോയ ഒരു ‘വഹാബി’ എന്നിട്ടും ആരോപിക്കുന്നത്: “ ഇന്ത്യയിലുണ്ടായ ഇസ്‌ലാമിക ശിഥിലീകരണ യൂദാസുകളായിരുന്നു ശിയാക്കളും റാഫിദികളുമടങ്ങിയ ബറെ ല്‍വിയിസം” ( സയ്ദ് മുഹമ്മദ്‌ അല്‍ഖാസിമി, കോട്ടയം/ അല്‍ബലാഗ് സ്പെഷ്യല്‍ പതിപ്പ്, പുറം 48).

ഇദ്ദേഹത്തിന് ശീഇസം എന്താണെന്ന കാര്യം പോകട്ടെ, അഹ്ലുസ്സുന്ന എന്താണെന്ന് പോലും മനസ്സിലാക്കാന്‍ ഉതവി ലഭിക്കാതെ പോയല്ലോ!! ശീഈകളെ പിടികൂടുന്നപോലെ പ്രധാനമാണ് സുന്നിയെ തിരിച്ചറിയുക എന്നത്. ഒരു വിഭാഗത്തോടുള്ള വിദ്വേഷം അനീതി പ്രവര്‍ത്തിക്കാന്‍ ആരെയും ഇടയാക്കരുത്. അഹ്ലുസ്സുന്ന പഠിപ്പിക്കുന്ന മഹിതമായ പാഠമാണത്.  വഹാബികളെ നിരൂപിക്കുന്നവരെല്ലാം ശിഈകള്‍ എന്ന നജ്ദിയന്‍ സിദ്ധാന്തം, സത്യത്തില്‍ ശീഈകള്‍ക്ക് ആളെ ചേര്‍ത്തു കൊടുക്കുവാനേ സഹായമാകൂ.

 

റാഫിദിയും നാസ്വിബിയും : റദാഖാൻ എഴുതുന്നു

1 Comment
Leave a Reply