സയ്യിദുനാ ഹുസൈന് റ വും കുടുംബവും ദാരുണമായ പരീക്ഷണത്തിന് വിധേയരാക്കപ്പെട്ട മുഹറം ആദ്യ പത്തുനാളുകളില്‍ തേങ്ങിയും മാറത്തടിച്ചും ദുഃഖം നടിക്കുന്ന സമ്പ്രദായം ശിയാക്കളുടെ സവിശേഷ അടയാളമാണ്. ശിയാക്കളോടുള്ള വിരോധത്താല്‍ മുഹറം പത്തിന് കുളിച്ചു കണ്ണില്‍ സുറുമ എഴുതി ആഹ്ലാദിക്കുന്ന ഒരു സമ്പ്രദായം ചിലയിടങ്ങളില്‍ നാസ്വിബികള്‍ ആവിഷ്കരിചിരുന്നുവെങ്കിലും അത് ക്രമേണ ഇല്ലാതായി .അഹ്ലുസ്സുന്നയുടെ വഴി മേല്പരാമാര്ശിച്ച രണ്ടുമല്ല. മുഹറം പത്തു നാളുകളില്‍ സുന്നികള്‍ അനുഷ്ഠിക്കുന്ന സല്‍കര്‍മങ്ങള്‍ യാതൊന്നും ഹിജ്റ അറുപത്തി ഒന്നാം വര്‍ഷം ഉണ്ടായ ദൌര്‍ഭാഗ്യകരമായ ‘കര്‍ബല’യുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്. തിരുനബി സ്വ അവിടുത്തെ ജീവിതകാലത്ത് പ്രോത്സാഹിപ്പിച്ച വ്രതങ്ങളും പ്രാര്‍ഥനകളും മാത്രമാണ് സുന്നി സംസ്കാരത്തില്‍ ഉള്ളൂ..
വിശദീകരണം
വല്ല വ്യക്തിക്കോ സ്ഥലത്തിനോ വസ്തുവിനോ സമയത്തിനോ ദിവസത്തിനോ -രാവിനോ പകലിനോ- ആഴ്ചക്കോ മാസത്തിനോ അല്ലാഹുവിങ്കല്‍ പ്രത്യേക ബഹുമാനം ഉണ്ടെങ്കില്‍ അല്ലാഹുവിന്റെ തിരുദൂതര്‍ അക്കാര്യം സമാജത്തിന് അറിയിച്ചുതരും. അവയുമായി ബന്ധപ്പെടുത്തി വല്ല കര്‍മ്മങ്ങളും ചെയ്യുന്നത് അല്ലാഹുവിന് ഇഷ്ടമാണെങ്കില്‍, അഥവാ അല്ലാഹുവിന് ഇഷ്ടമല്ലാത്തതിനാല്‍ സൂക്ഷിക്കേണ്ട കാര്യങ്ങളുണ്ടെങ്കില്‍ അതും ദൈവ ദൂതരാണ് പഠിപ്പിക്കുക. അല്ലാഹുവിന്റെ വേദത്തില്‍ പരാമര്‍ശിച്ചതുപ്രകാരം ,തിരുദൂതരുടെ അധ്യാപനപ്രകാരം , സവിശേഷ ബഹുമതിയുള്ള മാസങ്ങളില്‍ ഒന്നാണ് മുഹറം. അല്ലാഹുവിന്റെയും തിരുദൂതരുടെയും വചനങ്ങള്‍ പരിശോധിച് ആചാരങ്ങള്‍ നിര്‍ണ്ണയിച്ചു തന്ന സമുദായത്തിലെ ജ്ഞാനശ്രേഷ്ടര്, മുസ്ലിം സമാജം മുഹറം മാസത്തില്‍ അനുഷ്ടിക്കേണ്ട കാര്യങ്ങള്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
അഹ്ലുസ്സുന്നയുടെ അജയ്യനായ ഗുരുവും സ്വൂഫി ധാരകളുടെ അച്ചുതണ്ടും ഹസനി- ഹുസൈനി സയ്യിദുമായ ശൈഖ് ജീലാനി തങ്ങള്‍ മുഹറം ദുരന്തത്തെ വഴിതിരിച്ചുവിടുന്ന വരെ തിരുത്താനും തുരത്താനും മുന്നോട്ടുവന്ന പ്രമുഖനാണ്. മുഹറം പത്ത് ഹുസൈന് തങ്ങള്‍ വധിക്കപ്പെട്ട ദിനമാകയാല്‍ ആ ദിവസം ആശുറാ നോമ്പ് അനുഷ്ഠിക്കുന്നത് ശരിയല്ലെന്ന് വാദിക്കുകയും നോമ്പനുഷ്ടിക്കുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന ചിലരെ ഷെയ്ഖ് ജീലാനി റഹി തിരുത്തുന്നുണ്ട്..
”ഹുസൈന് തങ്ങളുടെ നഷ്ടം മുഴുവന്‍ മനുഷ്യര്‍ക്കും ബാധിച്ച മുസ്വീബത്ത് ആയി കാണണം; അതിനാല്‍, അന്ന് നിങ്ങള്‍ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിവസമാക്കുകയാണോ? അന്ന് ആശ്രിതര്‍ക്ക് ഭക്ഷണം നന്നായി നല്‍കണമെന്നും കൂടുതല്‍ ചെലവു ചെയ്യണമെന്നും ദരിദ്ര ദുര്‍ബല ജനങ്ങള്‍ക്ക് ദാനം ചെയ്യണമെന്നും ആണോ നിങ്ങള്‍ പറയുന്നത്? തീര്‍ച്ചയായും ഹുസൈന് തങ്ങളോടുള്ള മറ്റു മുസ്ലിം സമാജത്തിന്റെ കടപ്പാട് ഇതല്ലട്ടോ”, എന്നാണവര്‍ വികാരപൂര്വം ചോദിക്കുന്നതും പറയുന്നതും.
ഈ വാദമാണ് കേരളത്തില്‍ സത്യധാരയിലൂടെയും കൊച്ചിയിലെ സഖലൈന്‍ ഫൌണ്ടേഷന് പൊന്നാനിയില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിലും കേരളത്തിലെ ശിയാ ആചാര്യന് സി ഹംസ ഉന്നയിച്ചത്. അദ്ദേഹം എഴുതുന്നു: ‘ അഹ്ലുല്‍ ബൈത്തിനോടുള്ള സമീപനത്തില്‍ കേരളമെന്ന ഭൂമികയിലെ ആദ്യകാല സമീപനത്തോടും പാരമ്പര്യത്തോടും(?!) പരിപൂര്‍ണ്ണമായി ഞാന്‍ ഒട്ടിചേരുന്നു. അതില്‍ നിന്നും അകലാന്‍ എനിക്കാവില്ല. ഉദാഹരണം മുഹറം മാസം. അതിലെ പത്തുവരെ നമുക്ക് സന്തോഷമുള്ള യാതൊന്നും ചെയ്യേണ്ടെന്നും ചെയ്യാറ്ണ്ടായിരുന്നില്ല എന്നുമായിരുന്നു കേരളത്തിന്റെ സ്ഥിതി. ആ മനസ്ഥിതി കേരളത്തിലെ സുന്നികള്‍ക്ക് പോലും മാറുന്നുണ്ട്. അതെനിക്ക് മാറില്ല. എനിക്ക് അഹ്ലുബൈത്തുമായി അത്രമാത്രം അടുപ്പവും സംപര്ക്കവുമുണ്ട്. നമ്മെ നിലനില്ക്കാന് പ്രേരിപ്പിക്കുന്ന ശക്തമായ ഘടകമാണത്. അതിനാല്‍ കര്ബും ബലാഉം ചേര്‍ന്ന കര്‍ബലാ സംഭവം അത്ര നിസ്സാരമായ ഒന്നായി ഞാന്‍ കാണില്ല. അത് ആഹ്ലുല്ബൈത്തിനെ നശിപ്പിക്കാന്‍ വേണ്ടി ആവിഷ്കരിച്ച സംഭവമായിരുന്നു. അവരെ ഉന്മൂലനം ചെയ്ത് ഹസ്രത് ഇമാം ഹുസൈനെ റ അത്രയും നീചമായി വധിച്ച ആ സംഭവത്തോടുള്ള സമീപനം, മുഹറം പത്തുവരെ ഫിഖ് ഹ് അനുസരിച്ച് കര്‍മങ്ങളും നല്ല കാര്യങ്ങളും ശരിയാവുകയില്ല എന്നല്ല, മറിച്ച് സന്തോഷമുള്ളതൊന്നും നമുക്ക് ചെയ്യാനാകില്ല എന്നതാണ്. അത്രമാത്രം വേദനാ ജനകവും തിരു നബി തീരെ ഇഷ്ടപ്പെടാത്തതുമാണത്. നമ്മുടെ വാപ്പ മരിച്ചതിനോടടുത്ത ദിനങ്ങളില്‍ നാം കല്യാണം നടത്തുമോ? സല്‍ക്കാരം വെക്കുമോ? അഹ്ലുല്‍ ബൈത്തിനോട് സ്നേഹമുള്ള ആര്‍ക്കും ഈ ദിനങ്ങളില്‍ ഇതായിരിക്കും അവസ്ഥ. അതിനെനിക്ക് അതിശക്തമായ ന്യായങ്ങളുമുന്ദ്. ഈ അടുപ്പം നമ്മുടെ പൂര്‍വ്വികരില്‍ അങ്ങേയറ്റം ഉണ്ടായിരുന്നിട്ടുണ്ട്.” (സത്യധാര, 2015 DEC 1-15) നേരത്തെ ശൈഖ് ജീലാനി തങ്ങള്‍ ചോദ്യം ചെയ്ത ശിഈ വികാരമാണ് ഹംസ സുന്നികളില്‍ ചെലുത്താന്‍ ശ്രമിച്ചത്.
എന്നാല്‍, ഹസനിയും ഹുസൈനിയുമായ ശൈഖ് ജീലാനി തങ്ങള്‍ അവരുടെ ഈ കപട അഹ്ലുല്‍ ബൈത്ത് സ്നേഹത്തെ തിരുത്തിക്കൊണ്ട് മതത്തിന്റെ ശരിയായ നിലപാട് അവരെ പഠിപ്പിച്ചു: ഇയാള്‍ക്ക് പിഴച്ചുപോയി. ഇയാളുടെവികാരവഴി വൃത്തികെട്ടതും നാശകരവും അവാസ്തവവുമാണ്. കാരണം, അല്ലാഹു തആലാ തന്റെ പ്രവാചകന് മുഹമ്മദ് സ്വ യുടെ അരുമ ദൗഹിത്രന് ഹുസൈന് തങ്ങള്‍ക്ക് ശഹാദത്ത് എന്ന ഉത്തമ പദവി നല്കാന് തെരഞ്ഞെടുത്തത് അവന്റെ അടുക്കല്‍ ഏറ്റവും മഹത്തരമായ ഒരു ദിനത്തെയാണ്. ആ ദിവസത്തിന്റെ പുണ്യം വഴി ഹുസൈന് തങ്ങള്‍ക്ക് നേരത്തെയുള്ളതിനേക്കാള്‍ ആദരവും സ്ഥാനവും വര്‍ദ്ധിപ്പിക്കാനായിരുന്നു അത്. രക്തസാക്ഷിത്തം നല്‍കുക വഴി സച്ചരിതരായ ഖലീഫമാരുടെ അത്യുന്നത സ്ഥാനത്ത് ഹുസൈന് തങ്ങളെ എത്തിക്കുക എന്ന ലക്ഷ്യവും അതിനുണ്ട്. ഹുസൈന് തങ്ങള്‍ മരണപ്പെട്ട ദിവസം ‘മുസ്വീബത്ത്’ ഉണ്ടായ ദിനമായി ആചരിക്കാമെന്ന്ണ്ടെങ്കില് അങ്ങനെയൊരു ദുഃഖ ദിനത്തിന് കൂടുതല്‍ അനുയോജ്യമാവുക തിങ്കളാഴ്ച ദിനമാണ്. കാരണം, ആ ദിവസമല്ലേ മുഹമ്മദ് നബി സ്വ വഫാത്തായത്. അബൂബകര്‍ റ വും മരണപ്പെട്ടത് തിങ്കളാഴ്ച തന്നെ. ആഇശ റ യില്‍ നിന്നും ഹിശാം ബ്നു ഉര്‍വ റ നിവേദനം. ഏതു ദിവസമാണ് നബി സ്വ വഹാത്തായത്?’ ആഇശ റ പറഞ്ഞു: ‘തിങ്കളാഴ്ച’ . അപ്പോള്‍ അബൂബകര്‍ റ പ്രതിവചിച്ചു:’ ആ ദിവസം മരിക്കാന്‍ ഞാനും ആഗ്രഹിക്കുന്നു’ . അദ്ദേഹം തിങ്കളാഴ്ച തന്നെയാണ് മരിച്ചത്. മുഹമ്മദ് നബി സ്വ യുടെയും അബൂബകര്‍ റ ന്റെയും വിയോഗം മറ്റാരേക്കാളും വലിയ ഗൌരവമേറിയ വിയോഗമാണ്.
തിങ്കളാഴ്ചയുടെ മഹത്ത്വവും ആ ദിവസത്തെ നോമ്പിന്റെ പുണ്യവും മുസ്ലിം ഉമ്മത്ത് ഏകകണ്ഠം സമ്മതിച്ച സംഗതിയാണ്. ആ ദിവസം പുണ്യഅമലുകള് പ്രത്യേകമായി പരിഗണിക്കപ്പെടുന്നു. സല്‍കര്‍മ്മങ്ങള്‍ സ്വീകരിച്ചു ഉയര്‍ത്തപ്പെടുന്നു. അതുപോലെയാണ് ആശൂറാ ദിനം. അത് ദുരന്ത ദിനമായി ആചരിക്കേണ്ട ദിനമല്ല തന്നെ. നാം പറഞ്ഞ യാഥാര്‍ഥ്യം പരിഗണിച്ചാല്‍, ആശൂറാ ദിനം ദുഃഖ ദിനം ആക്കുന്നതിനേക്കാള്‍ ഏറ്റവും ഉചിതം സന്തോഷ- ആഹ്ലാദ ദിനം ആക്കുന്നത് തന്നെയാണ്. അന്നാണ് ഒട്ടേറെ പ്രവാചകന്മാരെ അവരുടെ ശത്രുക്കളില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. ഫിര്ഔന്, അവന്റെ അനുയായികള്‍ തുടങ്ങിയ ധാരാളം പ്രമുഖ ശത്രുക്കളെ അല്ലാഹു നശിപ്പിച്ചതും ആശൂറാ ദിനത്തിലാണ്. ആകാശവും ഭൂമിയും മഹത്തായ പല വസ്തുക്കളും അല്ലാഹു ആവിഷ്കരിച്ചതും അന്ന് തന്നെ. ആദം അ നെ യും മറ്റും പടച്ചത് അന്നല്ലേ. അന്നേ ദിനം വ്രതമനുഷ്ടിക്കുന്നവന്നു അത്യുദാരമായ പ്രതിഫലം കരുതി വെച്ചിരിക്കുന്നു. അബദ്ധപാപങ്ങള് ആശൂറാ വ്രതം കാരണമായി പരിഹരിക്കുന്നു, തെറ്റുകള്‍ മായ്ക്കപ്പെടുന്നു. ഇക്കാരണങ്ങളാല്‍, രണ്ടു പെരുന്നാള്‍ , വെള്ളിയാഴ്ച, അറഫ തുടങ്ങിയ സന്തോഷ ദിനങ്ങളുടെ ആശൂറാ ദിനത്തെ കണ്ട് ആ ദിവസവും സന്തോഷ – ആഹ്ലാദ ദിനമായി ആചരിക്കുകയാണ് വേണ്ടത്. ഇനി, ഏതെങ്കിലും അര്‍ത്ഥത്തില്‍ ആശൂറാ ദിനം ദുഃഖ ദിനമായി ആചരിക്കണമായിരുന്നെങ്കില് സ്വഹാബത്തും താബിഉകളും അത് ചെയ്തു മാതൃക യാകുമായിരുന്നു. കാരണം, അവരാണ് ആ ദുരന്ത സംഭവത്തോട്/ ഹുസൈന് തങ്ങളോട് കൂടുതല്‍ അരികത്തുണ്ടായിരുന്നവര്; അതിന് ഏറെ സവിശേഷമായവര്. അവരില്‍ നിന്നും നമുക്ക് കിട്ടിയ അറിവ്, ആശൂറാ ദിനത്തില്‍ ഭാര്യസന്താനങ്ങള്‍ക്കും ആശ്രിത ജനങ്ങള്‍ക്കും വിശാല ഭക്ഷണം നല്‍കാനും വ്രതം അനുഷ്ടിക്കാനുമാണ്. (അലിയാര് തങ്ങളുടെ അരുമ ശിഷ്യന്, ഹസന് ഹുസൈന് തങ്ങന്മാരുടെ സഹപാഠിയും കൂട്ടുകാരനുമായ) ഹസനുല്‍ ബസ്വരി റഹി യില്‍ നിന്നും വന്നിട്ടുള്ള പ്രസ്താവന അതില്‍ പെട്ടതാണ്. അദ്ദേഹം പറഞ്ഞു: ‘ ആശൂറാ ദിനത്തിലെ വ്രതം ഫര്ളിനോടടുത്ത സുന്നതാകുന്നു”. അലി റ വും ആശൂറാ വ്രതം അനുഷ്ഠിക്കാന്‍ കല്പിച്ചിരുന്നു. (ഭാവി കാര്യങ്ങള്‍ കൂടി അറിയുന്ന ആളാണല്ലോ അവര്‍ക്ക് അലിയാര്!)..’ ആശൂറാ രാവിനെ ആര് സല്‍കര്‍മങ്ങള്‍ കൊണ്ട് ഹയാത്താക്കുന്നുവോ അല്ലാഹു അവനുദ്ദേശിക്കുന്ന അനുഗ്രങ്ങള്‍ നല്കി അവനെയും ഹയാത്താക്കും” എന്ന തിരുമൊഴിയും നമുക്ക് ലഭിച്ചിട്ടുണ്ട്. ഇത് അയാളുടെ വാദങ്ങള്‍ പൊളിയാണെന്ന് തെളിയുന്നു..” (ഗുന്യ)
അഹ്ലുല്ബൈത്ത് അംഗങ്ങളായ പ്രമുഖ ആലിമുകള്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സമീപ കാലത്തെ ഹളറമി സാദാത്തുക്കളില്‍ പ്രമുഖനായ സയ്യിദ് അബ്ദുറഹ്മാന് ബാ അലവി അവരുടെ ബുഗ്യത്തുല്‍ മുസ്തര്ശിദീനില് പറയുന്നു:
ഇന്ത്യയിലും ജാവയിലും ആശൂറാ ദിവസമോ അതിനോടടുത്ത ദിവസങ്ങളിലോ കാണപ്പെടുന്ന ‘യാ ഹുസൈന്’ പരിപാടി ഹറാം ശക്തമായ നൃശംസിക്കേണ്ട അനാചാരമാ(ബിദ്അത്ത്)കുന്നു. അത് ചെയ്യുന്നവര്‍ മഹാ തെമ്മാടികളും വല്ലാതെ പിഴച്ചവരും പിഴപ്പിക്കുന്നവരും ആണവര്.റാഫിദുകളോടും നാസ്വിബികളോടും സാദൃശ്യപ്പെട്ടവര്. ഇത് ചെയ്യുന്നവര്‍ രണ്ടു തരമുണ്ട്.
ഒരിനം:
വിലപിക്കുന്നവരും ദുഃഖം പ്രകടിപ്പിക്കുന്നവരും വസ്ത്രം പറിച്ചു കീറിയോ സാധാരണ അണിയാറുള്ള വസ്ത്രരീതി ഒഴിവാക്കിയോ അക്ഷമ കാണിക്കുന്നവരും..
ഇതെല്ലാം നിഷിദ്ധമായതിനാല്‍ അവര്‍ പാപികള്‍ ആകുന്നു. എന്നല്ല, ഇവയില്‍ ചില കാര്യങ്ങള്‍ അത് ചെയ്യുന്നവന് ഫാസിഖ് ആകുന്ന വന്‍ പാപമാകുന്നു. ”ബന്ധുക്കളുടെ കരച്ചില് കാരണമായി മരണപ്പെട്ട വ്യക്തി ശിക്ഷിക്കപ്പെടുന്നു, അവരുടെ കരച്ചില് ആ വ്യക്തിയെ പ്രയാസപ്പെടുത്തുന്നു” എന്നിങ്ങനെ ഹദീസ് വന്നിട്ടുണ്ട്. നോക്കൂ, ഈ മഹാ അന്തം കമ്മികളും വിവരശൂന്യരുമായവരുടെ ഒരു കാര്യം! അല്ലാഹുവിന്റെ തിരുദൂതരുടെ പ്രിയ പൌത്രന് ഹുസൈന് തങ്ങളെ ബഹുമാനിക്കാന്‍ ഉദ്ദേശിച്ച് കാട്ടിക്കൂട്ടുന്നത് അവരെ പ്രയാസപ്പടുത്തുന്ന പ്രവര്‍ത്തികള്‍? അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഇവരെ പ്രതിയാക്കുന്നതാണ്. എന്നാല്‍, ആ ദിനത്തില്‍ ഹുസൈന് തങ്ങള്‍ക്കു സംഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കുന്നവര്‍ ‘ഇന്നാ ലില്ലാഹി ..’ ചൊല്ലുന്നതില്‍ നിരതരാകുകയായിരുന്നു വേണ്ടിയിരുന്നത്. അല്ലാഹുവിന്റെ നിര്‍ദ്ദേശം പാലിക്കുന്ന , പ്രതിഫലം ലഭിക്കുന്ന രീതിയതാണ്. ആശൂറാ ദിനം ‘പുന്നാര പൌത്രന്’ സംഭവിച്ചത്, അങ്ങോരുടെ വര്‍ദ്ധിച്ച പദവിയെയും നാഥന്റെ അടുക്കല്‍ ഉള്ള ഉയര്‍ന്ന സ്ഥാനത്തെയും കാണിക്കുന്ന മഹത്തായ രക്തസാക്ഷ്യം മാത്രമല്ലേ..
രണ്ടാം ഇനം:
ഹുസൈന് തങ്ങളുടെ വധത്തില്‍ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ആശൂറാ നാളിനെ പെരുന്നാള്‍ ആക്കി ആഹ്ലാദിക്കുകയും കളിക്കുകയും ചെയ്യുന്നവര്‍..
അവര്‍ മറ്റവരേക്കാള്‍ വലിയ പാപവും ധിക്കാരവുമാണ് ചെയ്യുന്നത്.എന്നല്ല, ശിര്‍ക്ക് എന്ന മഹാപാപം മാറ്റിവെച്ചാല്‍ വന്‍പാപങ്ങളില്‍ ഏറ്റവും വലിയ പാപമാണ് അവരുടേത്. കാരണം, വധം എന്നത് ശിര്ക്കിന് ശേഷമുള്ള വലിയ പാപമാണ്.; അപ്പോള്‍ സത്യവിശ്വാസികളുടെ സയ്യിദും ഇരുലോകങ്ങളുടെ സയ്യിദായ പുന്നാര നബിയുടെ റൈഹാന്‍ പുഷ്പവുമായ ഹുസൈന് തങ്ങളെ വധിച്ചത് എത്ര വലുതായിരിക്കും?! ഒരു ധിക്കാരം/ പാപം ചെയ്തതില്‍ സന്തോഷം പ്രകടിപ്പിക്കുന്നത് കനത്ത നിഷിദ്ധമാണ്. ആ പാപം ചെയ്ത അതെ നില തന്നെയാണ് ഈ സന്തോഷത്തിനും. എന്നാല്‍, ഇങ്ങനെ പാപത്തില്‍ സന്തോഷിക്കുന്നത് കുഫ്ര് ആകുന്നുവെന്ന് ഇമാം അഹ്മദ് റ വില്‍ നിന്നും വന്നിട്ടുണ്ട്. ഹുസൈന് തങ്ങളെ വെറുക്കുന്നതും അവര്‍ക്ക് ഭവിച്ച ദുരന്തത്തില്‍ ആഹ്ലാദിക്കുന്നതും സൂഉല്‍ ഖാത്തിമത് സംഭവിക്കുന്നത് ഭയക്കേണ്ട വന്‍ പാപമാകുന്നു വെന്ന് അഹ്ലുസ്സുന്ന ഏകകണ്ഠം അഭിപ്രായപ്പെടുന്നു. കാരണം, ഈ ദുരന്തത്തില്‍ സന്തോഷിക്കുന്നത് മുത്തുനബിയെയും അലിയാരെയും ഹസന് ഹുസൈന്മാരെയും ഫാത്വിമ സഹ്രയേയും വിഷമിപ്പിക്കുമല്ലോ. അല്ലാഹു ഇപ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്: ‘നിശ്ചയം അല്ലാഹുവിനെയും അവരുടെ ദൂതരെയും പ്രയാസപ്പെടുത്തുന്നവര്ക്ക് ഇഹലോകത്തും പരലോകത്തും ശാപമുണ്ട്.'(33/57).ഹദീസില്‍ ഇപ്രകാരവും കാണാം: ‘ എന്റെ സന്താനങ്ങളുടെ കാര്യത്തില്‍ എന്നെ പ്രയാസപ്പെടുത്തുന്നവനോട് അല്ലാഹു കോപം ശക്തമാക്കിയിരിക്കുന്നു.’ .
ഹള്രമീ സാദാത്തുക്കളില്‍ പ്രമുഖനാണ് കോഴിക്കോട് സയ്യിദ് ജിഫ്രി. തന്റെ ജീവിത കാലത്ത് ടിപ്പുവിന്റെ സൈനികരും കോഴിക്കോട് കച്ചവടാവശ്യാര്‍ത്ഥം കുടിയേറി പാര്‍ക്കുന്ന ബോറ കളും കോഴിക്കോട് നടത്തിയ മുഹറം ആചരണം കണ്ട് അദ്ദേഹം വളരെ വിഷമത്തോടെ തന്റെ കന്‍സുല്‍ ബറാഹീനില്‍ രേഖപ്പെടുത്തുന്നുണ്ട്. ഹുസൈന് തങ്ങളെ വര്‍ഷാവര്‍ഷം അപമാനിക്കലാണ് ഇതിലൂടെ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
”ഇന്ത്യയില്‍ ആശൂറാ നാളില്‍ നടക്കുന്ന അപമാനകരവും പരിഹാസ്യമായതും ബഹുമാനാദരവുകള്‍ കുറഞ്ഞതുമായ കൃത്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമമായി; ഞാന്‍ കരഞ്ഞു പോയി. അതെക്കുറിച്ച് ഞാന്‍ ഒരു പദ്യമുണ്ടാക്കി:
മുഹറം പത്തിന് എന്റെ നേത്രങ്ങളില്‍ നിന്നും കണ്ണുനീര്‍മഴ പെയ്യുക പതിവാണ്. നേത്രങ്ങളോട് ഞാന്‍ ചോദിച്ചു, എന്താണ് കാര്യം? ഹുസൈന് തങ്ങള്‍ നേരിടേണ്ടിവരുന്ന പരിഹാസങ്ങള്‍ കണ്ടാണ് കരയുന്നതെന്ന് അവ പ്രതിവചിച്ചു. പ്രതിവര്‍ഷം ഹുസൈനെ വധിക്കുകയാണ്. അത് ചെയ്യുവാന്‍ കല്പിക്കുന്നവന്റെ നാശമേ.. അടുത്തും അകലെയുമുള്ള ജനങ്ങളോട് ഇപ്പണി ചെയ്യാന്‍ അയാള്‍ കല്പിക്കുന്നു. പരാജിതന്റെ രോഗം ഭേദമാകാത്ത ആ നാളില്‍. ക്രിസ്ത്യാനിയും കാഫിറും ചെയ്യാറുള്ളപോലെ, യാതൊരു അര്‍ത്ഥവുമില്ലാത്ത രണ്ടു രൂപങ്ങളില്‍ അവന് വേഷം കെട്ടുന്നു.സ്നേഹം കാഴ്ച ഇല്ലാതാക്കുമെന്നും ബുദ്ധി നഷ്ടപ്പെടുത്തുമെന്നും ഹദീസില്‍ തന്നെ വന്നിട്ടുണ്ട്…പക്ഷേ, സ്നേഹം ഇപ്രകാരമല്ല വേണ്ടൂ… ആദ്യ ഒമ്പത് നാളുകള്‍ അവര്‍ക്ക് ബഹുമാന്യമാണ്. പക്ഷേ പത്തായാല്‍ ആ ബഹുമാനം അവര്‍ ദൂരെ എറിയുന്നു..! മജൂസികളെ പ്പോലെ അഗ്നികുണ്ഡം ഉണ്ടാക്കുന്നുവല്ലോ അവര്‍.. വിലക്കപ്പെട്ട വിവിധ കോലങ്ങളും ഉണ്ടാക്കുന്നു.. നാനാഭാഗത്ത് നിന്നും ആളുകളെ സംഘടിപ്പിക്കുന്നു. ത്വാഹയോ അലിയോ ബത്ത്വൂലോ ഹുസൈനോ ഈ വക വേണ്ടാതീനങ്ങള് ഇഷ്ടപ്പെടുമോ? ഇല്ലകെട്ടോ, ഒരു വിശുദ്ധ മനസ്സും ഇതൊന്നും ത്രിപ്തിപ്പെടില്ല..കരയൂ കണ്ണേ ഹൃദയം ശമിക്കുവോളം കരയൂ..അഹ്ലുല്‍ കിസായെ സ്നേഹിക്കുന്നത് സത്യവിശ്വാസിയുടെ അടയാളമാണ്. അതിങ്ങനെയാണോ..?!
പദ്യം അവസാനിപ്പിച്ചുകൊണ്ട് സയ്യിദ് ജിഫ്രി പ്രാര്‍ഥിക്കുന്നു: ”” അവര്‍ ഓരോരുത്തര്‍ക്കും അല്ലാഹു തന്റെ പണി കൊടുക്കട്ടെ. ഓരോരുത്തര്‍ക്കും അവര്‍ ചെയ്യുന്നതിന് പകരം നല്കട്ടെ. …”