ഉസ്മാനിയ ഖലീഫ സുല്‍ത്വാന്‍ മുഹമ്മദ്‌ അല്‍ഫാത്തിഹിന്‍റെ ജീവചരിത്രത്തില്‍ നിന്നും..

 

ഉമ്മമാര്‍ മക്കളെക്കുറിച്ച് ആകാശത്തേക്കാള്‍ ഉയര്‍ന്നുവിശാലമായ സ്വപ്നം കാണണമെന്നും ആ സ്വപ്നം മക്കളുമായി പങ്കുവെക്കണമെന്നും ലോകത്തെ പഠിപ്പിച്ച മഹാമഹതിയായിരുന്നു സുല്‍ത്വാന്‍ മുഹമ്മദ്‌ അല്‍ഫാത്തിഹിന്‍റെ വീരമാതാവ് ഹോമാ ഖാത്തൂന്‍.

സുശക്തരും പ്രവിശാലസാമ്രാജ്യത്തിന്‍റെ ഉടമകളുമായ ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരുടെ തലസ്ഥാനനഗരിയായ ഖുസ്ത്വുന്ത്വീനിയ്യ (കോണ്‍സ്റ്റാന്‍റ്റിനോപ്പിള്‍) ‘എന്‍റെ കുടുംബബന്ധുവായ ഒരാള്‍’ കീഴടക്കുമെന്നും, അദ്ധേഹം മഹാനായ നായകന്‍ ആണെന്നും അതില്‍ പങ്കെടുക്കുന്ന അദ്ദേഹത്തിന്‍റെ സൈന്യം ഉന്നതരാണെന്നും നബി സ്വ പ്രവചിച്ചിട്ടുണ്ടായിരുന്നു. സമുദായത്തിന് ഉന്നത സ്വപ്നങ്ങള്‍ പകര്‍ന്നു നല്‍കി അവരുടെ ആകാശം വിശാലമാക്കുകയും മനസ്സ് കരുത്തുള്ളതാക്കുകയും ചെയ്യുന്ന നബി സ്വ യുടെ പലരീതികളില്‍ ഒന്നായിരുന്നു ഈ സുവിശേഷം.

ഖുസ്ത്വുന്ത്വീനിയ്യയുടെ രാഷ്ട്രീയ പ്രാധാന്യം

മാര്‍മൊറക്കടലിന്‍റെ വടക്കേകരയില്‍, ബോസ്ഫറസ് കടലിടുക്കിന്‍റെ തെക്കുപടിഞ്ഞാറേ മൂലയില്‍, കടലിലേക്കുള്ള പ്രവേശന മുഖത്ത് സ്ഥിതി ചെയ്യുന്ന തുറമുഖ പട്ടണമാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍. ഏഷ്യാമൈനറിനെ യൂറോപ്പുമായും, മദ്ധ്യധരണ്യാഴിയെ കരിങ്കടലുമായും ബന്ധപ്പെടുത്തുന്ന ഒരു തന്ത്രപ്രധാനമായ സ്ഥാനമാണിത്. പുരാതന കാലത്തെ മഹാ ശക്തികള്‍ നഗരത്തിന്‍റെ സൈനികപ്രാധാന്യമുള്ള ഭൂമിശാസ്ത്രം തിരിച്ചറിഞ്ഞ്, അത് പിടിച്ചെടുക്കാന്‍ അത്യധികം കൊതിച്ചിരുന്നു. ലോകത്തിലെ ഏറ്റവും നല്ല നൗകാശയങ്ങളിലൊന്നിന്‍റെ ചുറ്റും വിശ്രമിക്കുന്ന ഈ നഗരത്തില്‍ നല്ല കാലാവസ്ഥ മാത്രമേ ഉണ്ടാകാറുള്ളൂ. ബൈസാന്റ്യം എന്നായിരുന്നു പൂര്‍വ്വ നാമം. ഒരു വീര പുരുഷന്‍റെ നേതൃത്വത്തില്‍ ബിസി അറുനൂറ്റി അറുപതാം ആണ്ടില്‍ കൊറിന്ത് നഗരരാഷ്ട്രമാണ് ഇവിടെ ഒരു ഗ്രീക്ക് മാതൃകയില്‍ ഇവിടെ പണിതത്. 324 ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ബൈസാന്റിയത്തില്‍ താമസമുറപ്പിച്ചതിനെ തുടര്‍ന്നാണ്‌ പേര് കോണ്‍സ്റ്റാന്റിനോപ്പിള്‍ ആയത്. ഇദ്ദേഹവും പിന്‍ഗാമികളും നഗരത്തെ റോം മാതൃകയിലേക്ക് പുതുക്കിപ്പണിതു. റോം നഗരം പോലെ ഏഴു കുന്നുകളിലായി കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരം സംവിധാനിച്ചു. പിന്നീട് റോമന്‍ സാമ്രാജ്യം രണ്ടായി പിളര്‍ന്നു. കിഴക്കന്‍ സാമ്രാജ്യത്തിന്‍റെ ഔദ്യോഗിക തലസ്ഥാനമായി കോണ്‍സ്റ്റാന്റിനോപ്പിള്‍ മാറി. പിന്നീട് യാതൊരു ‘കുലുക്കവുമില്ലാതെ’ പതിനൊന്ന് നൂറ്റാണ്ടു കാലത്തോളം ബൈസാന്റിയന്‍ സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായി നിലകൊണ്ടു.

പ്രവചനത്തിലെ നായകനാകുവാന്‍ കൊതിച്ച പലരും ഖുസ്ത്വുന്ത്വീനിയ്യയിലേക്ക് പട നയിച്ചുകൊണ്ടിരുന്നു. റാശിദീ ഖലീഫമാരില്‍ മൂന്നാമനും, ഇസ്‌ലാമിക ഭൂമികയുടെ വികാസത്തില്‍ വളരെ മികച്ച പങ്കാളിത്തം വഹിച്ച ഭരണാധികാരിയും, പ്രവാചകരുടെ രണ്ടു പുത്രിമാരുടെ ഭര്‍ത്താവെന്ന നിലയില്‍ ‘ഇരട്ടപ്രകാശ’ത്തിന്‍റെ ഉടമയുമായ സയ്യിദുനാ ഉസ്മാന്‍ റ ന്‍റെ കാലം മുതല്‍ ‘കുടുംബബന്ധുവായ ആ ജേതാവ്’ ആകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ശാമിലെ അമീറായിരുന്ന, ‘സമാനതകളില്ലാത്ത വിജയങ്ങളുടെ തമ്പുരാന്‍’ എന്ന് വിശേഷിപ്പിക്കാവുന്ന, ‘വിശ്വാസികളുടെ മാമ’ മുആവിയ റ ന്‍റെ നേതൃത്വത്തില്‍, ഹി 653 ലായിരുന്നു ആദ്യ പടപ്പുറപ്പാട്. അത് ലക്ഷ്യത്തിലെത്തിയില്ല. മുആവിയ തന്നെ, തന്‍റെ ഭരണകാലത്ത്, 664 ല്‍, വീണ്ടുമൊരു ശ്രമം നടത്തി നോക്കി. അതും വിജയിച്ചില്ല. അഞ്ചുവര്‍ഷത്തിനു ശേഷം, മുന്നൊരുക്കങ്ങള്‍ വര്‍ദ്ധിപ്പിച്ച് വീണ്ടും സൈനികരെ സുഫ്യാന്‍ ബ്നു ഔഫിന്‍റെ നേത്രുത്വത്തില്‍ അയച്ചു. അബ്ദുല്ലാഹിബ്നുല്‍ അബ്ബാസ്, അബ്ദുല്ലാഹി ബ്നു അമ്ര്, അബ്ദുല്ലാഹിബ്നു സുബൈര്‍, അബൂ അയ്യൂബില്‍ അന്‍സ്വാരി റ തുടങ്ങിയ പ്രമുഖരായ പല മുഹാജിര്‍- അന്‍സ്വാരി സ്വഹാബികളും മകന്‍ യസീദും സൈന്യത്തില്‍ ഉണ്ടായിരുന്നു. ഖുസ്ത്വുന്ത്വീനിയ്യയിലേക്ക് മുന്നേറിയ മുസ്‌ലിം നാവിക സേന നഗരം വളഞ്ഞുവെങ്കിലും കീഴടക്കാനായില്ല; ഏഴുവര്‍ഷമെടുത്ത ആ സൈനിക നീക്കം ഫലപ്രദമാകാതെ തിരിച്ചുപോന്നു. അബൂ അയ്യൂബില്‍ അന്‍സ്വാരി റ അവിടെ മരണപ്പെട്ടു.
ഹി. 715 ല്‍, സുലൈമാന് ബ്നു അബ്ദില്‍ മലികിന്‍റെ കാലത്ത് മികച്ചൊരു മുന്നേറ്റം ഉണ്ടായി. സഹോദരന്‍ മുസ്ലിമത്ത് ബ്നു അബ്ദില്‍ മലികിന്‍റെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കുമ്പോള്‍, ഒന്നുകില്‍ വിജയം അല്ലെങ്കില്‍ മരണം എന്ന് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. അദ്ദേഹം പരമാവധി ചെയ്തു. റോമിലെ ഒട്ടേറെ നഗരങ്ങള്‍ കീഴടക്കുകയും ഖുസ്ത്വുന്ത്വീനിയ്യ വളയുകയും ചെയ്തു. ഉപരോധം തുടങ്ങി ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും, ഖലീഫയുടെ മരണ വാര്‍ത്തയും ശക്തമായ തണുപ്പ് സീസണും ആഗതമാകുകയായിരുന്നു. അവര്‍ സിറിയയിലേക്ക് തന്നെ തിരിച്ചുപോന്നു.

പിന്നീട്, മുസ്‌ലിം സൈന്യം പലപ്പോഴും സമീപത്തോളം വന്നു പോയെങ്കിലും ഖുസ്ത്വുന്ത്വീനിയ്യയില്‍ കയറാന്‍ സാധിച്ചില്ല. അബ്ബാസി ഖലീഫ മഹ്ദിയുടെ കാലത്ത്, ഹി. 783 ലെ വേനലില്‍, മകന്‍ ഹാറൂന്‍ റഷീദിനെ ഖുസ്ത്വുന്ത്വീനിയ്യയിലേക്ക് പറഞ്ഞയച്ചു. അന്നവിടെ ഖ്വൈസര്‍ രാജനായി ആറു വയസുള്ള കോണ്‍സ്റ്റന്‍റ്റയിന്‍ ആറാമനാണ് സ്ഥാനത്തുള്ളത്; അമ്മ റിനിയായിരുന്നു അധികാര നിര്‍വ്വഹണം നടത്തിയിരുന്നത്. മുസ്‌ലിം സേനയുടെ തള്ളിക്കയറ്റം പ്രതിരോധിക്കാന്‍ സാധിക്കാതെ രാജമ്മ സന്ധിക്ക് തയ്യാറായി. പ്രതിവര്‍ഷ ജിസ്യ അടക്കാമെന്ന സന്ധിയില്‍ സൈന്യം തിരിച്ചു പോന്നു.

ഒരു നിയോഗം പോലെ രാജ്യഭരണരംഗത്തേക്ക് കടന്നുവന്ന ഉസ്മാനികളുടെ സാമ്രാജ്യം അടിക്കടി വികസിച്ചു വരുന്ന ഘട്ടത്തില്‍, 1395 ല്‍, സുല്‍ത്ത്വാന്‍ ബാ യസീദ് ഖുസ്ത്വുന്ത്വീനിയ്യയിലേക്ക് മുന്നേറാനുള്ള ശ്രമം തുടങ്ങി. ഇതിനിടയില്‍, തൈമൂര്‍ ലങ്ക് രാജ്യാതിര്‍ത്തിയില്‍ തള്ളിക്കയറിയപ്പോള്‍, ശ്രമം ഉപേക്ഷിച്ചു. എങ്കിലും, ഖുസ്ത്വുന്ത്വീനിയ്യ കീഴടക്കുക ഒരു ലക്ഷ്യമായി/സ്വപ്നമായി ഉസ്മാനി ഭരണാധികാരികള്‍ കൊണ്ടുനടന്നിരുന്നു. മകന്‍ മുഹമ്മദിന്‍റെ മനസ്സില്‍ ആ മഹാസ്വപ്നം നട്ടതും പരിപാലിച്ചതും വലുതാക്കി വളര്‍ത്തിയതും മാതാവ് ഹോമാ ഖാത്തൂന്‍ ആയിരുന്നു.
കുഞ്ഞുപ്രായത്തിലേ ഉമ്മ ഉയര്‍ന്നപ്രദേശത്ത് മകനെ കൊണ്ടുപോയി, ദൂരെ കാണുന്ന മലനിരകളില്‍ പ്രതാപത്തോടെ തല ഉയര്‍ത്തിനില്‍ക്കുന്ന ഖുസ്ത്വുന്ത്വീനിയ്യയിലേക്ക് ചൂണ്ടി മകനോട്‌ പറയുമായിരുന്നു, “മകനേ, ആ കാണുന്ന ഖുസ്ത്വുന്ത്വീനിയ്യ നാം മുസ്‌ലിംകള്‍ പിടിച്ചടക്കുമെന്ന് നബി സ്വ സുവിശേഷിച്ചിട്ടുണ്ട്; അതിന്‍റെ നായകനെയും സൈന്യത്തെയും പ്രശംസിച്ചിട്ടുണ്ട്; ഖുസ്ത്വുന്ത്വീനിയ്യ പിടിച്ചടക്കുന്ന ആ ‘നിഅ്മല്‍അമീര്‍’ എന്‍റെ പൊന്നുമോന്‍ ആകണം; നീ ആ നാട് കീഴടക്കണം”. ഇരുപത്തിരണ്ടാം വയസ്സില്‍ പൊന്നുമോന്‍ ആ സ്വപ്നം സാക്ഷാല്‍ക്കരിച്ചു.

മുഹമ്മദിന്‍റെ ഉപ്പ മുറാദ് രണ്ടാമന്‍ ഉമ്മയെപ്പോലെത്തന്നെ മകനെ വലിയൊരു ഭാവിക്കുവേണ്ടി പാകപ്പെടുത്തുന്നുണ്ടായിരുന്നു. കിട്ടാവുന്നതില്‍ ഉത്തമരായ ഉസ്താദ്മാരെ മകന്‍റെ തര്‍ബിയത്തിന് ചുമതലപ്പെടുത്തിയതാണ് അതില്‍ പ്രധാനം. അല്ലാമാ ഇബ്നു തംജീദ്, മൌലാ സൈറക്, ഖോജാ സാദ, സിനാന്‍ പാഷ തുടങ്ങിയ പ്രഗല്ഭര്‍ക്ക് പുറമേ, രാജകുമാരന്മാര്‍ക്ക് ശിക്ഷണം നല്‍കുന്നതില്‍ പാടവം തെളിയിച്ചു പുകള്‍പെറ്റ ഇമാം ശിഹാബുദ്ധീന്‍ അല്‍കൌറാനിയും ആത്മീയതയുടെ താരകത്തിളക്കമായ ആഖ് ശംസുദ്ധീനും വളര്‍ത്തിയ മോനാണ് സുല്‍ത്വാന്‍ മുഹമ്മദ്‌. ബാല്യപ്രായത്തിലെ വാശി അസഹ്യമായപ്പോള്‍ ഇമാം കൌറാനിയെ വരുത്തി മകനെ ഏല്പിക്കുകയായിരുന്നു ഉപ്പ. അന്ന്‍ മോന് പത്ത്- പന്ത്രണ്ട് വയസ്സ്. പിടിച്ചാല്‍ നില്‍ക്കാത്ത ദുര്‍വാശിക്ക് ഉസ്താദ് നല്ലൊരു ചികിത്സ കൊടുത്തു: നല്ല ചുട്ട അടി. അടി യുടെ പാടുകള്‍ കണ്ട് ഉപ്പയുടെ മനസ്സ് പിടച്ചുവെങ്കിലും, ഉസ്താദ് വേണ്ടതേ ചെയ്യൂ എന്നറിയാവുന്നതിനാല്‍, പ്രതിഷേധിച്ചില്ല. അതോടെ മോന്‍ കീഴടങ്ങി. അനുസരണയുള്ള വിദ്യാര്‍ഥിയായി. പഠനത്തില്‍ മുന്നേറി. അടുത്ത ഘട്ടത്തില്‍ ആത്മീയ ശിക്ഷണത്തിന് ആഖ് ശംസുദ്ധീനുമായി ബന്ധപ്പെടുത്തി.

ഇരുപത്തിരണ്ടു വയസ്സുള്ളപ്പോള്‍ വലിയൊരു സാമ്രാജ്യം ചുമലില്‍ ഏല്പിച്ച് ഉപ്പ യാത്രയായി; ഉമ്മ താലോലിച്ചു വളര്‍ത്തിയ സ്വപ്നം വലുതായി വലുതായി മനസ്സിനകത്ത് വീര്‍പ്പുമുട്ടുന്നു, പുറത്തേക്ക് ചാടാന്‍ ആകാശം തിരയുന്നു. മറ്റൊന്നും ആലോചിച്ചില്ല. പടയൊരുക്കങ്ങള്‍ ആരംഭിച്ചു. ഖുസ്ത്വുന്ത്വീനിയ്യ കീഴടക്കുവാന്‍ പുറപ്പെടുമ്പോള്‍ ആശിര്‍വദിക്കുന്നതും പര്‍ണ്ണശാലയില്‍ അതിനുവേണ്ടി പ്രാര്‍ഥനാ നിരതനാകുന്നതും ആത്മീയ ഗുരു ആഖ്; കൂടെ ആയുധമെടുത്ത് ഇറങ്ങുന്നത് ഉസ്താദ് കൌറാനി; സാമ്രാജ്യത്തിലെ ഉന്നത മുഫ്തി.

സൈന്യത്തെ സംബോധന ചെയ്തുകൊണ്ട് സുല്‍ത്വാന്‍ തന്‍റെ സ്വപ്നം അവര്‍ക്ക് പങ്കുവെച്ചു: ‘നഗരം കീഴടങ്ങുകയാണെങ്കില്‍ തിരുനബിയുടെ സുവിശേഷം നമ്മളാല്‍ പുലരുകയായിരിക്കും. ആ സുവിശേഷത്തെ നാം മുഖവിലക്കെടുക്കണം. ഈ വിജയം ഇസ്ലാമിന്‍റെ ശക്തിയും കീര്‍ത്തിയും വര്‍ദ്ധിപ്പിക്കുമെന്ന സത്യം നിങ്ങളില്‍ ഓരോരുത്തരും തിരിച്ചറിയണം. എല്ലാവരും ദീനിന്‍റെ വിധിവിലക്കുകള്‍ ബഹുമാനപൂര്‍വ്വം കൈകൊള്ളുക. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തൊട്ടുപോകരുത്; യുദ്ധത്തില്‍ പങ്കെടുക്കാത്ത പുരോഹിതന്മാരെയും ദുര്‍ബ്ബല ജനങ്ങളെയും ഒഴിവാക്കുക..”

അമ്പത്തിനാല് ദിവസത്തെ ഉപരോധത്തിന് ശേഷം 1453 മെയ് 29 (ഹി.857 ജുമാദല്‍ ഉഖ്റാ 20) ന് പ്രഭാതത്തില്‍ ഇരച്ചു കയറിയ മുസ്‌ലിം സൈന്യം ഉച്ചയോടെ നഗരം കീഴടക്കി. ഉച്ചയ്ക്ക് ശേഷം, ജാംബൂലാത്ത് എന്ന് പേരുള്ള തന്‍റെ വെള്ളക്കുതിരപ്പുറത്ത് വിജുഗീഷുവായി നഗരത്തില്‍ കയറിയ സുല്‍ത്വാന്‍ നിലത്തിറങ്ങി ആദ്യമായി അല്ലാഹുവിന് നന്ദി അര്‍പ്പിച്ചു ആ നിലത്തു സുജൂദ് ചെയ്തു. തുടര്‍ന്ന് നേരെ ചെന്നത് ഭരണ സിരാ കേന്ദ്രമായ അയാ സോഫിയാ മന്ദിരത്തിലേക്കായിരുന്നു. പ്രമുഖരെല്ലാം അവിടെ അഭയം തേടി ഒത്തുകൂടിയിരുന്നു. ഭയന്നു വിറച്ച അവര്‍ പ്രാര്‍ഥിക്കാന്‍ അനുവാദം ചോദിച്ചു. സുല്‍ത്വാന്‍ അനുവദിച്ചു. ശേഷം അവര്‍ക്ക് മാപ്പ് നല്‍കി. അവിടെ അല്ലാഹു അക്ബര്‍ മുഴങ്ങി. കുരിശ് സൈന്യം ഖുദ്സ് നഗരം കീഴടക്കുമ്പോള്‍ കാണിച്ച ഭീകര നരഹത്യ അവിടെ ഉണ്ടായില്ല; കീഴടങ്ങാന്‍ വിസമ്മതിച്ച 4970 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു, അത്രമാത്രം.

ഫാരിസി കവിയുടെ പാട്ട് ഇങ്ങനെ: “ഖ്വൈസ്വര്‍ രാജന്‍റെ കോട്ടയില്‍ എട്ടുകാലി വലകെട്ടി; കിസ്രാ രാജാക്കന്മാരുടെ കുംഭഗോപുരങ്ങളില്‍ മൂങ്ങ ഉറക്കെ മൂളി”.

ഖുസ്ത്വുന്ത്വീനിയ്യ കീഴടങ്ങിയ സുവിശേഷവുമായി ദൂതന്മാര്‍ നാനാദിക്കിലേക്കും കുതിര പായിച്ചു. മംലൂകി രാജന്‍ അഷ്‌റഫ്‌ ഐനാലിനെ അറിയിക്കാന്‍ ഈജിപ്തിലേക്കും, ശരീഫിനെ അറിയിക്കാന്‍ മക്കയിലേക്കും, ശാഹിനെ അറിയിക്കാന്‍ പേര്‍ഷ്യയിലേക്കും അവരെത്തി. എല്ലാവര്ക്കും ഗനീമത്തില്‍ നിന്നുള്ള ഓഹരി നല്‍കി. ഈജിപ്തില്‍ മൂന്നു നാള്‍ ആഘോഷം പൊടിപാറി.

സുല്‍ത്വാന്‍ മുഹമ്മദ്‌ അല്‍ഫാത്തിഹിന്‍റെ സൈനിക നീക്കത്തെക്കുറിച്ച് ബാരന്‍ കാറാ ദെവോ (Baren Carra Devau) വിവരിക്കുന്നതിന്‍റെ ചുരുക്കം ഇതാണ്: ‘ജേതാവായ മുഹമ്മദിന്‍റെ വിജയം ഒരു ഭാഗ്യ സമ്മാനമോ പൗരസ്ത്യ സാമ്രാജ്യം ദുര്‍ബ്ബലമായതിന്‍റെ ഫലമോ ആയിരുന്നില്ല. സുല്‍ത്വാന്‍ അതിനുവേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം ലഭ്യമായ ശാസ്ത്രീയ വിജ്ഞാനം മുഴുവന്‍ ഉപയോഗപ്പെടുത്തി. പീരങ്കി അന്ന് കണ്ടുപിടിക്കപ്പെട്ടിട്ടേയുള്ളൂവെങ്കിലും ലോകത്തിലെ ഏറ്റവും വലിയ പീരങ്കി സജ്ജമാക്കുകയും അതിന്നായി ഒരു ഹംഗേറിയന്‍ എഞ്ചിനീയരുടെ (പേര് ഓറുബാന്‍) സേവനം ഉപയോഗപ്പെടുത്തുകയും ചെയ്തു. ആ വിദഗ്ധന്‍ ഉണ്ടാക്കുന്ന പീരങ്കിയില്‍ നിന്നും മുന്നൂറു കിലോ തൂക്കം വരുന്ന ഉണ്ട ഒരു മൈല്‍ ദൂരം എത്തുമായിരുന്നു. (എഴുന്നൂറ് ടണ്‍ ഭാരമുണ്ടായിരുന്ന) ആ ഒരു പീരങ്കി വലിക്കാന്‍ എഴുന്നൂറ് ആളുകള്‍((അല്ലെങ്കില്‍ അറുപതിലേറെ കാളകള്‍) വേണ്ടിവന്നിരുന്നുവെന്നും അതില്‍ ഉണ്ട നിറയ്ക്കാന്‍ രണ്ടുമണിക്കൂര്‍ എടുത്തിരുന്നുവെന്നും പറയുന്നു. സുല്‍ത്വാന്‍ മുഹമ്മദ്‌ മൂന്നുലക്ഷം പടയാളികള്‍ സജ്ജമായിരുന്നു. അതില്‍ അറുപതിനായിരം കുതിര പടയാളികളും ഇരുപതിനായിരം കാലാള്‍പടയും, ശക്തമായ ഒരു പീരങ്കിപ്പടയുമായി കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാര്‍ച്ചു ചെയ്തു. നൂറ്റി ഇരുപത് യുദ്ധക്കപ്പലുകള്‍ ഉള്ള നാവിക സേനയുടെ എഴുപത് കപ്പലുകള്‍ കടലില്‍ നഗരത്തെ വലയം ചെയ്തു…”.

നഗരം കീഴടങ്ങിയ ശേഷം മുസ്ലിംകള്‍ക്ക് ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. പ്രസിദ്ധമായ അയസോഫിയാ ഭരണ മന്ദിരവും നഗരത്തിലെ പകുതിയോളം ചര്‍ച്ചുകളും ബന്ധപ്പെട്ടവരില്‍ നിന്നും വിലകൊടുത്തു വാങ്ങി മസ്ജിദായി പരിവര്‍ത്തിപ്പിച്ചു. നഗരത്തില്‍ത്തന്നെ ജീവിക്കാന്‍ തീരുമാനിച്ച ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് വേണ്ടി ബാക്കി ചര്‍ച്ചുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. ആദ്യത്തെ ജുമുഅ അയസോഫിയയില്‍ നടന്നു. പ്രസിദ്ധനായ ഇമാം കൌറാനി ആദ്യത്തെ ജുമുഅക്ക് നേതൃത്വം നല്‍കി. എണ്ണൂരൂ വര്‍ഷങ്ങള്‍ക്കു മുമ്പ്, ഖുസ്ത്വുന്ത്വീനിയ്യ യില്‍ വന്ന് ശഹീദായ പ്രമുഖ സ്വഹാബി വര്യന്‍ അബൂ അയ്യൂബില്‍ അന്‍സ്വാരിയുടെ ഖബറിടം കണ്ടെത്തി, പരിസരത്ത് മസ്ജിദ് പണികഴിപ്പിച്ചു. പണ്ഡിതന്മാരെ നല്ലോണം ബഹുമാനിച്ചിരുന്ന സുല്‍ത്വാന്‍ അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി സന്തോഷിപ്പിച്ചു. ഈജിപ്തിലെ വൈയാകരണനും ചരിത്ര പണ്ഡിതനുമായ മുഹ്യിദ്ധീന്‍ അല്‍കാഫീജിക്കും ഇറാനിലെ പേര്‍ഷ്യന്‍ സ്വൂഫി കവി അബ്ദുറഹ്മാന്‍ ജാമിക്കും, ഇന്ത്യയിലെ പ്രസിദ്ധ കവി ഖോജാ ജഹാനും പ്രതിവര്‍ഷം സുല്‍ത്വാന്‍ സമ്മാനങ്ങള്‍ കൊടുത്തയച്ചു.

ഒരുമ്മയുടെയും മകന്‍റെയും രാജഭരണ വംശത്തിന്‍റെയും മാത്രം സ്വപ്നമായിരുന്നില്ല; ആയിരം വര്‍ഷങ്ങളായി ഓരോ മുസ്‌ലിമും താലോലിച്ചിരുന്ന അഭിലാഷമായിരുന്നു അത്; പ്രവാചക പ്രവചനത്തിലെ അമാനുഷികത വെളിപ്പെടുന്നത് അവര്‍ കണ്ണ് തുറന്നു കാണുകയായിരുന്നു. ‘ഈശ്വരന്‍ എനിക്ക് ഖൈസറിന്‍റെയും കിസ്രായുടെയും നിധികുംഭങ്ങളുടെ താക്കോലുകള്‍ നല്‍കിയിരിക്കുന്നു’ എന്ന പ്രവാചക പ്രസ്താവന അവിടെ പുലര്‍ന്നു. കിസ്രായും ഖൈസ്വറും കീഴടങ്ങുന്ന സുവിശേഷം, പ്രവാചകര്‍ ഭൂമിയില്‍ പിറന്നുവീഴുന്ന നിമിഷം പ്രിയ മാതാവിന് അല്ലാഹു കാണിച്ചുകൊടുത്തതായിരുന്നു. അറബി വേരുള്ള ഉസ്മാനി കുലത്തിലെ മുഹമ്മദ്‌ അങ്ങനെ ലോകമുസ്ലിംകള്‍ക്ക് ‘അല്‍ഫാത്തിഹ്’ ആയിത്തീര്‍ന്നു. റോമന്‍ സാമ്രാജ്യത്തിന്‍റെ കിഴക്കന്‍ തലസ്ഥാനമായ ഖുസ്ത്വുന്ത്വീനിയ്യ കീഴ്പ്പെടുത്തുക മൂലം ലോകരാഷ്ട്രീയത്തില്‍/മനുഷ്യചരിത്രത്തില്‍ ജ്വലിക്കുന്ന എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായി എന്ന് പഠിക്കുന്നവര്‍ക്ക് ഈ മഹത്തായ മുന്നേറ്റത്തിലെ ജേതാവിനെ ‘അല്‍ഫാത്തിഹ്’ എന്നുവിളിച്ച് ബഹുമാനിക്കാതിരിക്കാന്‍ കഴിയില്ല.

ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങള്‍, അത് വഹിച്ചു പറക്കാന്‍ കരുത്തുള്ള ചിറകുകള്‍.. ഇതുരണ്ടും സമ്മാനിച്ച ആ ഉമ്മാക്കും ഉപ്പാക്കും ഉസ്താദ്മാര്‍ക്കും സ്നേഹ പുഷ്പങ്ങള്‍! അനുയായികള്‍ക്ക് സ്വപ്നങ്ങള്‍ നല്‍കി എന്നും അവരെ ഉജ്ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാന നായകന് ആയിരമായിരം സ്വലാത്തുകള്‍.

1 Comment
  • Muhammedali Kacheriyil
    says:

    "ഏഷ്യാമൈനറിനെ യൂറോപ്പുമായും, മദ്ധ്യധരണ്യാഴിയെ കരിങ്കടലുമായും ബന്ധപ്പെടുത്തുന്ന ഒരു തന്ത്രപ്രധാനമായ സ്ഥാനമാണിത്. പുരാതന കാലത്തെ മഹാ ശക്തികള്‍ നഗരത്തിന്‍റെ സൈനികപ്രാധാന്യമുള്ള ഭൂമിശാസ്ത്രം തിരിച്ചറിഞ്ഞ്, അത് പിടിച്ചെടുക്കാന്‍ അത്യധികം കൊതിച്ചിരുന്നു" ഒന്ന് വിശദീകരിക്കാമോ ആ ഭൂമിശാസ്ത്ര പ്രാധാന്യം..

Leave a Reply